ADVERTISEMENT

രാജകുമാരനെ നഷ്ടപ്പെട്ട രാജകുമാരിയെ പോലെ ഏറ്റവും തീവ്രമായി കരഞ്ഞത് എന്നാണെന്നോ...

 

ഇടയ്ക്കിടെ ഞാൻ ഭൂതകാലം മറന്നുപോകാറുണ്ട്. എങ്കിലും ഇന്ന് ചിലതൊക്കെ ഓർത്തു. 

 

അത് എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോൾ ആയിരുന്നു... ജീവിതത്തിൽ ആദ്യമായി ഞങ്ങൾ പിണങ്ങി പിരിഞ്ഞ നിമിഷങ്ങൾ. ഇന്ന് ഞങ്ങൾ അതോർത്ത് ചിരിക്കാറുണ്ടെങ്കിലും ഓർക്കുമ്പോൾ ഒരു ഭയം തലച്ചോറിനെയും ഹൃദയത്തെയും ഒരുമിച്ച് ഇറുക്കാറുണ്ട്. 

 

അന്ന് ഞാൻ തനിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ബാഗും എടുത്ത് ഇറങ്ങുന്നത്. അല്പം നടന്നു കഴിയുമ്പോൾ ബസ് വരും മുമ്പേ ഓടി വന്ന് തിരിച്ചുകൊണ്ടു പോകും എന്ന പ്രതീക്ഷയിൽ, അദ്ദേഹം എന്നെ പറ്റിക്കുകയാണെന്ന ഉറപ്പിൽ കുസൃതിയോടെ ബസ് സ്റ്റോപ്പിൽ അലസമായി നിൽക്കുകയായിരുന്നു. പിന്നെ എപ്പോഴോ നിന്ന് മടുത്തപ്പോൾ മനസിലായി. വരില്ല. 

 

അന്നെനിക്ക് തനിച്ച് എന്റെ വീടുവരെ രണ്ട് മൂന്ന് ബസ്, കയറിഇറങ്ങി പോകാനൊന്നും അറിയില്ലായിരുന്നു. നിന്നു മടുത്തപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ബസിൽ കയറി. ഒരുമണിക്കൂറ് കഴിഞ്ഞ് ബസ് കൊട്ടാരക്കര സ്റ്റാന്റിൽ നിർത്തി. വീട്ടിലേക്ക് പോകാൻ പേടി ആയിരുന്നു. എന്ത് പറയും. നുണ പറഞ്ഞാൽ അമ്മയ്ക്ക് വേഗം മനസിലാകും. ഞാൻ വെയ്റ്റിംഗ് റൂമിൽ ഇരുന്ന് വിങ്ങുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അമ്മ വിളിച്ചു. ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ കരഞ്ഞു പോയി. അങ്ങോട്ട് വരുന്നില്ല വന്നു കഴിഞ്ഞാൽ അദ്ദേഹം എന്നെ വിളിക്കാൻ വരില്ല. എല്ലാക്കാലവും ഞാനവിടെ നിൽക്കേണ്ടി വരും എന്നൊക്കെയുള്ള ആശങ്കയിൽ ഒരു തീരുമാനം എടുക്കാൻ നന്നേ പ്രയാസപ്പെട്ടു. ഒടുവിൽ വീട്ടിലെത്തി.  ചിന്തിച്ച പോലെ അദ്ദേഹം എന്നെ വിളിക്കാൻ വന്നതേയില്ല. 

 

ഇടയ്ക്ക് വാട്സ് ആപിൽ മെസേജ് വന്നുകൊണ്ടിരിക്കും. അപ്പോൾ മാത്രമാണ് അദ്ദേഹം ഫോൺ ഓൺ ചെയ്തിരുന്നത്. എന്റെ കോൾ എടുക്കാതിരിക്കാൻ മണിക്കൂറുകളോളം ഫോൺ ഓഫ് ചെയ്ത് വച്ചിരുന്നു. മെസേജ് കണ്ടതും  കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു. പോകാനായി തയാറെടുക്കാം എന്ന് കരുതി.

 

‘‘നീ കഴിച്ചോ.. വിശന്നിരിക്കരുത് കേട്ടോ’’

 

പക്ഷേ എന്റെ ചോദ്യം ഇത് മാത്രമായിരുന്നു. 

 

''ഞാൻ അങ്ങോട്ട് വന്നോട്ടെ  പ്ലീസ്..''

 

''Nooo... നമുക്ക് നല്ല സുഹൃത്തുക്കൾ ആയി ഇരിക്കാം. ഞാൻ നിന്നെ തുടർന്ന് പഠിപ്പിക്കാം. നല്ലൊരാളെ കണ്ടെത്തി നിന്റെ വിവാഹം നടത്താം....''

 

അതുകൂടി കേട്ടപ്പോൾ എനിക്കുറപ്പായി അദ്ദേഹം എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് എന്നെ പറഞ്ഞയച്ചത്. ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടായിട്ടില്ല. സംശയങ്ങൾ ഉണ്ടായിട്ടില്ല. കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടില്ല. എന്നിട്ടും പിരിയേണ്ടി വന്നവരാണ്. അതുകൊണ്ടു തന്നെ എനിക്കത് അംഗീകരിക്കാനേ കഴിയുമായിരുന്നില്ല. 

 

ഒരു പക്ഷെ ഞാൻ ഒരാളുമായി പ്രണയത്തിൽ ആയി ആ പ്രണയം നഷ്ടപ്പെടുമ്പോൾ പോലും അത്രത്തോളം തകരില്ല.

 

അന്ന് ഞാൻ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ മുറിയിൽ തന്നെയിരുന്നു. ആരോടും സംസാരമില്ല. ചിരിയില്ല. ഉറക്കമില്ല. അമ്മയ്ക്ക് വളരെ എളുപ്പമായി ചിന്തിക്കാൻ കഴിഞ്ഞു. ഡിവോഴ്സ് ചെയ്ത് മറ്റൊരു വിവാഹം നടത്തുന്നതിനെ കുറിച്ച്. ഞാൻ അതിന് അമ്മയുമായി വഴക്കുണ്ടാക്കി. 

 

അപ്പോഴും അദ്ദേഹത്തിന്റെ മെസേജ് വന്നുകൊണ്ടിരുന്നു. വിഷമിച്ചിരിക്കരുത്.. ആഹാരം കഴിക്കണം.. അന്നാണ് അദ്ദേഹം എന്നെ എത്രമാത്രം കെയർ ചെയ്യുന്നുണ്ട് എന്ന് ഞാൻ ശ്രദ്ധിക്കുന്നത്. എന്നിട്ടു പോലും എന്നെ വേദനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തി. ഞങ്ങൾ പിരിയാൻ തീരുമാനിച്ചതിനു പിന്നിലെ കാരണം അമ്മയോട് ഞാൻ പറഞ്ഞതേയില്ല. അങ്ങനെ എങ്കിൽ ചിലപ്പോൾ അത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകൾക്ക് കാരണമാകും. അത് ഞങ്ങൾക്കിടയിൽ മാത്രം ഒതുങ്ങേണ്ട കാര്യമാണെന്ന് ഞാൻ വിശ്വസിച്ചു. 

 

കുറേ ദിവസത്തിനു ശേഷം ഞാൻ മുറിയിൽ നിന്നും സിറ്റൗട്ടിലേക്ക് ഇറങ്ങി. അന്ന് പകൽ അദ്ദേഹത്തെ കാണാനായി  ഓട്ടോയിൽ അവിടം വരെ ചെന്നു. പക്ഷേ അദ്ദേഹം  അവിടെ ഉണ്ടായിരുന്നില്ല. കുറേ സമയം കാത്തു നിന്ന ശേഷം തിരിച്ച് വീട്ടിൽ എത്തി.  മുറിയിൽ കയറി ഇരുപ്പ് തുടർന്നു. അമ്മയ്ക്ക് പേടി തോന്നി. അദ്ദേഹം വീട്ടിലെത്തി എന്ന് അറിഞ്ഞപ്പോൾ  അമ്മ എന്നെ കാറിൽ കയറ്റി ഒരുമണിക്കൂറിലധികം  യാത്ര ചെയ്ത് വീണ്ടും അങ്ങോട്ട് പോയി. എന്നെ കണ്ടതും മുറ്റത്തു വച്ചു തന്നെ അദ്ദേഹം എന്നെ കുറേ ഉപദേശിച്ച് പറഞ്ഞയക്കാൻ നോക്കി...

 

നിനക്കൊരു നല്ല ജീവിതമുണ്ട്. അതുകൊണ്ടാ പോകാൻ പറയുന്നത് എന്ന് എന്നോട് പറഞ്ഞുകൊണ്ടേ ഇരുന്നു. എന്റെ നല്ല ജീവിതത്തിനു വേണ്ടി അദ്ദേഹം ചെയ്യുന്നതൊക്കെ എന്നെ തകർത്തു കളയുന്ന കാര്യങ്ങളാണെന്ന് മനസിലാക്കാത്തത് എന്തുകൊണ്ടാണ്. എന്റെ സമനില തെറ്റുന്ന അവസ്ഥ ആയിരുന്നു അത്. എന്നെ വീണ്ടും തിരിച്ചയച്ചു.

 

ഞാൻ തിരിച്ച് എന്റെ വീട്ടിലെത്തി.  അകത്തേക്ക് കയറാൻ മടിച്ച് സിറ്റൗട്ടിൽ തന്നെ നിന്നു. ഫോണിലെ ഗാലറിയിൽ ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. ഞങ്ങൾ 

ചിരിക്കുന്നത്, കവിളിൽ കടിക്കുന്നത്, ചേർന്നു നിൽക്കുന്നത്... ഓരോ ചിത്രങ്ങളായി വാട്സ് ആപിൽ അദ്ദേഹത്തിന് അയച്ചുകൊടുത്തു. എന്നിട്ട് ഞാൻ ഇങ്ങനെ പറഞ്ഞു.. നമ്മുടെ മാത്രം ലോകത്ത് നമ്മളെപ്പോഴും സന്തോഷിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. 

 

അദ്ദേഹം ആ ചിത്രങ്ങൾ കണ്ട് കുറച്ചുനേരം മറുപടിയൊന്നും പറഞ്ഞില്ല. എന്റെ ഹൃദയം പടപട മിടിക്കാൻ തുടങ്ങി. തലചുറ്റും പോലെ തോന്നി. അവിടെ നിന്ന് മുറ്റത്തേക്ക് നടന്നതും സങ്കടം സഹിക്കവയ്യാതെ വിങ്ങികരഞ്ഞുകൊണ്ട് ഞാൻ തറയിൽ വീണു. അന്നാണ് എന്റെ സഹോദരൻ ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന് അറിയുന്നത്. എന്റെ കരച്ചിൽ അവന് സഹിക്കാൻ കഴിഞ്ഞില്ല. അവനപ്പോൾ ഒരു യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്റെ കോലം കണ്ട് അവൻ ഭയന്നു പോയി. ഞാൻ കരഞ്ഞ് കരഞ്ഞ് മരിച്ചു പോകുമെന്ന് അവന് തോന്നിക്കാണണം. 

 

ആ രാത്രി  തന്നെ എന്നെയും കാറിലാക്കി വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. ആ യാത്രയ്ക്കിടയിൽ ഫോണിലേക്കൊരു മെസേജ് വന്നു. 

 

''നീ തിരിച്ച് വാ... ഞാൻ വിളിക്കാൻ വരാം രാവിലെ...''

 

''വേണ്ട ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്.''

 

ഒരു വഴക്കോ സംസാരമോ ഒന്നും ഉണ്ടായില്ല. കാർ നിർത്തി എന്റെ സഹോദരൻ പറഞ്ഞു.

 

''നീ അകത്തേക്ക് ചെല്ലൂ. പേടിക്കണ്ട....''

 

ഞാൻ അകത്തേക്ക് ചെന്നു.

 

അന്ന് രാത്രി മുഴുവൻ ദുഃസ്വപ്നം കണ്ടപോലെ ഉറക്കത്തിൽ ഞാൻ വിങ്ങുന്നുണ്ടായിരുന്നു. 

 

പിന്നീട് ഞങ്ങൾ അകന്നില്ല. പിണങ്ങിയിട്ടില്ല. ഒരു പക്ഷേ എനിക്കൊരിക്കലും വിട്ടുപോകാൻ കഴിയില്ലെന്ന് തോന്നിയാകാം അന്ന് മുതൽ അദ്ദേഹമെന്നെ വേദനിപ്പിച്ചിട്ടും ഇല്ല. 

 

ഇടയ്ക്കിടെ മറന്നു പോകുമെങ്കിലും എനിക്കറിയാം അന്ന് അനുഭവിച്ചതിലും വലിയ നഷ്ടത്തിന്റെ നോവൊന്നും മറ്റൊരു നഷ്ടങ്ങളിലും ഞാൻ അനുഭവിച്ചിട്ടില്ല........

 

അദ്ദേഹം തന്ന വേദനയേക്കാൾ വലിയ നോവും ആ സ്നേഹത്തേക്കാൾ വലിയ സ്നേഹവും മറ്റാർക്കും നൽകാനും കഴിയില്ല. 

 

ഈ ബന്ധത്തിന് ഒരു പേര് കണ്ടെത്താനായാട്ടില്ല...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com