‘എന്തായിരുന്നു ആ നീലവെളിച്ചം? ഭൂമി പോലെ മറ്റൊരു ഗ്രഹമോ?’

earth-galaxy
Representative Image. Photo Credit : Triff / Shutterstock.com
SHARE

നീലവെളിച്ചം (കഥ)

സ്പേസ് റിസർച്ച് ലാബിന്റെ മുന്നിൽ വച്ചാണ്‌ വിനയയെ ആദ്യം കാണുന്നത്. മുഴുവൻ പേര്‌ വിനയാ ഗോസ്വാമി. ഡീപ്പ് ഫീൽഡ് റിസർച്ചിന്റെ ചുമതലക്കാരിയായി ഈയിടെ ചാർജ്ജെടുത്ത നല്ല ചുറുചുറുക്കുള്ള യുവതി. കഴിഞ്ഞ കുറച്ചുദിവസമായി ഈ കാമ്പസിൽ ഞാൻ ചുറ്റിത്തിരിയുന്നു. കേരളത്തിൽ നിന്നാണ്‌ വരുന്നതെന്നറിഞ്ഞപ്പോൾ പച്ചവെള്ളം പോലെ മലയാളം പറഞ്ഞ് വിനയയെന്നെ വിസ്മയിപ്പിച്ചു. പി എഫിൽ ഉയർന്ന ഉദ്യോഗസ്ഥനായ പിതാവിനൊപ്പം     എത്തിയ  വിനയയുടെ കോളജ് കാലം മുഴുവനും കേരളത്തിലായിരുന്നു. ജീവശാസ്ത്രത്തിൽ ഗവേഷണം കഴിഞ്ഞ് നേരെ സ്പേസ് ബയോളജിയിലേയ്ക്ക്. ഇവിടുത്തെ ഗവേഷണത്തിൽ മുഖ്യപങ്കാളി. അന്യലോകങ്ങളിൽ ജീവൻ നിലനില്ക്കാനുള്ള സാധ്യത അന്വേഷിക്കുക എന്നത് പ്രധാനദൗത്യം. മറ്റൊരു ലാബിൽ പ്രവർത്തിക്കുന്ന എന്റെ സുഹൃത്ത് സിദ്ധാർഥ് പറഞ്ഞതാണ്‌ ഇതെല്ലാം.

ഏതായാലും ഞാനിവിടെ വന്നതിന്റെ ഉദ്ദേശ്യം വിനയയെ ധരിപ്പിക്കാമെന്നു തീരുമാനിച്ചു. സിദ്ധാർഥിനോടു മാത്രം പറഞ്ഞ ആ കാര്യം വിനയയോട് ചർച്ച ചെയ്താൽ എന്തെങ്കിലും പോംവഴി കാണാനാകും എന്നൊരു പ്രതീക്ഷതോന്നി.

കഴിഞ്ഞദിവസത്തെ പരിചയം വച്ച് വിനയയുടെ ഓഫീസിൽ ചെന്ന് കാണാമെന്നുറച്ചു.

വളരെനേരം കാത്തിരുന്നിട്ടും കാണാത്തതിനാൽ അന്വേഷിച്ചപ്പോൾ മിനി സ്ട്രിയിൽ നിന്നും ഫണ്ട് കരസ്ഥമാക്കാനുള്ള പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുകയാണ്‌ വിനയയുടെ സംഘത്തിലെ എല്ലാവരും എന്ന വിവരം ലഭിച്ചു. 

സിദ്ധാർഥ് വഴി താമസിക്കാൻ അനുവാദം ലഭിച്ച ആ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിൽത്തന്നെയാണ്‌ വിനയയും ഉള്ളതെന്ന വിവരവും ലഭിച്ചു. 

‘ഫ്രീയാകുമ്പോൾ ദയവായി ഫോണിൽ ഒരു സന്ദേശം തരിക. സ്പേസുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഒരു കാര്യം ചർച്ചചെയ്യാനുണ്ട്’ എന്ന കുറിപ്പ്  വിനയയുടെ മേശപ്പുറത്തുവയ്ക്കാൻ ഏല്പ്പിച്ചു.

രണ്ടുദിവസം കഴിഞ്ഞാൽ എനിക്കു തിരികേ പോകണം. ഇവിടെ ചെലവഴിച്ച ഒരാഴ്ച്ചക്കാലം കൊണ്ട് എന്റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. പരിഹാസം കലർന്ന പ്രതികരണങ്ങളാണ്‌ പലരിൽ നിന്നും ലഭിച്ചത്. സിദ്ധാർഥിനും താത്പര്യക്കുറവു ണ്ടെന്ന് തോന്നിത്തുടങ്ങിയിരുന്നു. എന്നാൽ എനിക്കറിയാം എന്റെ ശ്രമം വൃ ഥാവിലാകില്ല എന്ന്. 

സ്പേസ്ബയോളജിയിലെ വിനയയുടെ പ്രബന്ധങ്ങൾക്ക് ധാരാളം സൈറ്റേഷനുകൾ ലഭിച്ചിട്ടുണ്ട്. വികസിതരാജ്യങ്ങളിലുള്ള ഗവേഷണശാലകളിലെ സൗകര്യങ്ങൾ ലഭിക്കുമായിരുന്നിട്ടും അവയെല്ലാം വേണ്ടെന്നു വച്ച് ഇവിടെ ഒതുങ്ങിക്കൂടാൻ നിശ്ചയിച്ചതിന്റെ പിന്നിൽ എന്തായിരിക്കും.

സന്ദേശമൊന്നും ലഭിക്കാത്തതിനാൽ ഗസ്റ്റ് ഹൗസിന്റെ ലോബിയിൽ വിനയയുടെ വരവുകാത്ത് ഇരുന്നു.  ഏഴരയോടെ വിനയയെത്തി. അകമ്പടിക്ക് രണ്ട് പൊലീസുകാരുമുണ്ടായിരുന്നു.

‘ സോറി, ജെംസ്, ഞാൻ വളരെ തിരക്കിലായിരുന്നു. ഫോൺ വളരെക്കുറച്ചു മാത്രമാണ്‌ ഉപയോഗിക്കാറ്‌.  ഇവിടെ  ഡിന്നറിനു കാണാമെന്നു കരുതി. ഇവിടുണ്ടാകുമെന്ന് സിദ്ധാർഥ് പറഞ്ഞു’

‘ ഏതായാലും നന്നായി. കാര്യങ്ങൾ വിശദമായിത്തന്നെ സംസാരിക്കാമല്ലോ’

സുഹൃത്തുക്കൾ മാത്രം എന്നെ വിളിക്കുന്ന പേര്‌ വിനയയ്ക്കു പറഞ്ഞു കൊടുത്തതിനു പിന്നിൽ സിദ്ധാർഥ് തന്നെ. വിനയയുടെ സംസാരത്തിൽ നിന്നും എന്റെ വിഷയത്തിലുള്ള താത്പര്യം പ്രകടമായിരുന്നു. സിദ്ധാർഥ് ധരിപ്പിച്ചിട്ടുണ്ടാകും. ഏതായാലും എന്റെ വരവ് ഫലപ്രാപ്തിയിലെത്തുമെന്ന് തോന്നുന്നു. 

വിനയ ധൃതിയിൽ മുറിയിലേയ്ക്കു പോയതിനു പിന്നാലെ ഒരു പൊലീസ് ഇൻസ്പെക്ടർ അടുത്തുവന്ന് ഇരുന്നു.ഗസ്റ്റ് ഹൗസ് കെയർടേക്കറോട് അവർ വിവരങ്ങൾ ആരായുന്നത് കണ്ടിരുന്നു.

ഇവിടെ വന്നതിന്റെ കാരണവും, സ്വദേശവും, ജോലിയും ഒക്കെ അവർ വിശദമായി ചോദിച്ചു. സംരക്ഷണയ്ക്ക് രണ്ടുപേർ ഗസ്റ്റ് ഹൗസിൽ ഉണ്ടാകും എന്നും അവർ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഗേറ്റിനരികിൽ ആരോ ബോംബെറിഞ്ഞ വേളയായതിനാൽ സുരക്ഷ വർധിപ്പിച്ചു. സ്ഥാപനങ്ങളും അവിടുത്തെ പ്രധാന ഉദ്യോഗസ്ഥരും പൊലീസ് സംരക്ഷണയിലായി. 

ജെം സ്വാമിനാഥൻ എന്ന പേര്‌ മറ്റാർക്കും കാണാനിടയില്ല. കോളജിന്റെ ചുവരിൽ ജെംസ് ചോക്കലേറ്റിന്റെ കവറുമായി ഞാൻ നില്ക്കുന്ന ചിത്രം പതിപ്പിച്ചത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പു വേളയിലാണ്‌. സിദ്ധാർഥും  ആ സംഘത്തിലുണ്ടായിരുന്നു.

‘മധുരമുള്ള ദിനങ്ങൾ സമ്മാനിക്കാൻ ജെംസിനെ ആർട്ട്സ് ക്ളബ്ബ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കൂ’ എന്നായിരുന്നു സ്ലോഗൻ.

‘ഹായ് ജെംസ് , ഞാൻ റെഡി’

കോളജ് ദിനങ്ങളെക്കുറിച്ചു ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. സോഫയിൽ ഇരിപ്പുറപ്പിച്ച വിനയയ്ക്ക്  വളരെ ചെറുപ്പം തോന്നിച്ചു.

‘എസ്സെൻ കോളജിലാണ്‌ പഠിച്ചത്. അവിടെനിന്നു കിട്ടിയതാണ്‌ ജെംസ്.പേര്‌ യുണീക്ക് ആകണമെന്നത് അച്ഛന്റെ താത്പര്യമായിരുന്നു’. 

‘ ഞാൻ വിമൻസിലാണ്‌ പഠിച്ചത്. താമസിച്ചിരുന്നത് സദനം ഹോസ്റ്റലിലും.’

‘അറിയാം, പക്ഷെ ഹോസ്റ്റലിൽ’

‘ അത് പഠനത്തിന്റെ ആവശ്യത്തിനു വേണ്ടിയാണ്‌. എന്റെ ശാഠ്യം തന്നെ. പ്രീഡിഗ്രിക്കാലത്തെ ഉഴപ്പ് ഡിഗ്രിക്ക് വേണ്ടെന്നു കരുതി. പിന്നെ അച്ഛന്‌ സ്ഥലം മാറ്റമാകുകയും ചെയ്തു. അവിടുന്ന് പിന്നെ നേരെ ഇവിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ’

‘ അറിയാം. പേപ്പറുകളെല്ലാം ഞാൻ വായിച്ചു. തീസീസുൾപ്പെടെ’.

വിനയയുടെ കവിളുകൾ ചുവന്നു. അന്യലോകങ്ങളിലെ ജീവന്റെ സാധ്യതയെക്കുറിച്ചുള്ളവയാണ്‌  വിനയയുടെ പ്രബന്ധങ്ങൾ.

‘പത്തുപ്രകാശവർഷം വരെ ദൂരത്തുള്ള നക്ഷത്രയൂഥങ്ങളിൽ ജീവൻ കാണാനുള്ള സാധ്യത’ എന്ന വിനയയുടെ തീസീസ് മുഴുവൻ ഞാൻ വായിച്ചിരുന്നു.

‘ഞാനിവിടെ ഒറ്റയ്ക്കായതിനാൽ വാടകവീട് വേണ്ടെന്നു കരുതി. കുക്കിങ്ങിനും മറ്റും സമയമില്ല. ഞായറാഴ്ച്ച ചിലപ്പോൾ ഇവിടുത്തെ അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കും. ബാക്കിയെല്ലാം പുറത്തു നിന്ന്. മിക്കവാറും ഭക്ഷണം അവിടുന്നു തന്നെയായിരിക്കും’

കാമ്പസിൽ എല്ലാസമയവും പ്രവർത്തിക്കുന്ന കഫെറ്റേരിയ ഉണ്ട്. വിദേശത്തു നിന്നുള്ള ഗവേഷകർ സദാസമയ വും അവിടെയുണ്ടാകും.

 ‘ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നിറങ്ങിയ കാലം മുതൽ തിരക്കാണ്‌. ഓരോ ദിവസവും പുത്തൻ അനുഭവങ്ങൾ. ഹാൻലെയിലെ പുതിയ ടെലിസ്കോപ്പിൽ നിന്നുള്ള വിവരങ്ങൾ വേർതിരിച്ചെടുക്കാൻ തന്നെ വലിയൊരു ടീമിന്റെ സഹായം വേണ്ടിവരുന്നു’ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഒരു പങ്കാളിയെ കണ്ടെത്താനും വിനയ മറന്നുവെന്ന് തോന്നുന്നു.

‘സിദ്ധാർഥ് എനിക്കൊരു ഐഡിയ തന്നിരുന്നു. പക്ഷെ നേരിട്ട് കേൾക്കട്ടെ’

കഥകേൾക്കാൻ വെമ്പി നില്ക്കുന്ന കുട്ടിയുടെ മുഖമായിരുന്നു വിനയയ്ക്കപ്പോൾ.

‘യെസ് , പറയാം. ആദ്യം തന്നെ ഇക്കാര്യം കേൾക്കാൻ സന്മനസ്സു കാണിച്ചതിനു നന്ദി പറയട്ടെ’ 

‘ ഫോർമാലിറ്റിയൊന്നും വേണ്ട ജെംസ്’

‘ഓക്കെ. ഒരു സായാഹ്നത്തിൽ ഞാൻ ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു. ഇടയ്ക്ക് തണ്ണീർമുക്കം ബണ്ടിനരികിൽ നടുവ് നിവർക്കാൻ  കാർ നിർത്തി പുറത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടുള്ള സമയമായിരുന്നു അത്. ഏകദേശം ഒമ്പതരയായിട്ടുണ്ടാകും. ചന്ദ്രനില്ലാത്ത രാത്രി. പെട്ടെന്ന് ചക്രവാളത്തിനു അല്പം മുകളിൽ ആകാശത്തു നിന്ന് നേരിയ ഒരു വെളിച്ചം എന്റെ കണ്ണിലടിച്ചു. ചെറിയൊരു ഫ്ളാഷ് ലൈറ്റ് മിന്നിച്ചാലെന്നപോലെ.

ഇത്തരം സംഭവങ്ങൾ ധാരളാമായി കണ്ടിട്ടുണ്ട്. അതിനൽ വിമാനമോ ഉൽക്കയോ ആയിരിക്കുമെന്ന് കരുതി. അപ്പോളതാ വീണ്ടും . തുടർച്ചയായി നാലഞ്ചു തവണ ഇതാവർത്തിച്ചു. എന്തോ ഒരു സിഗ്നൽ പോലെ. വിമാനമല്ല അത്. വാൽനക്ഷത്രങ്ങൾ കാണപ്പെടുന്നതിനെക്കാൾ വളരെ ഉയരത്തിലായിരുന്നു അത്. ഉൽക്കയല്ല എന്നു പറഞ്ഞത് അത് വന്ന പ്രദേശം ചലിക്കാത്തതിനാലാണ്‌. ’

‘നീലനിറമെന്നല്ലേ പറഞ്ഞത്. എന്തുതരം നീലയാണെന്ന് പറയാമോ’

‘ നീല നക്ഷത്രങ്ങൾ അവയുടെ പ്രകാശം കൂട്ടിയാലെന്നപോലെ. ഇളം നീലയല്ല. വെള്ളകലർന്ന നീല’

‘ തുമ്പയിൽ നിന്നും അന്നു റോക്കറ്റ് വിക്ഷേപിച്ചിട്ടില്ല, നേവൽ ബേസിൽ അന്വേഷിച്ചതിൽ നിന്നും അവരുടെ എക്സെർസൈസ് ഒന്നും നടന്നിട്ടില്ല എന്നറിഞ്ഞു, 

ഉൽക്കയാണെങ്കിൽ പെട്ടെന്ന് പാഞ്ഞ് ഇല്ലാതാകും, വാൽനക്ഷത്രത്തിന്‌ ഇത്തരം പ്രകാശമില്ല. സ്പേസ് ഡെബ്രിയല്ല, കാരണം ഇത് ഒരു പ്രത്യേക ഇടത്തു നിന്നു മാത്രമാണ്‌ കണ്ടത്’

‘വിശദീകരണമൊന്നുമില്ലാത്ത പ്രകാശം അല്ലേ’

‘അതെയതെ. ജെറ്റ് പ്രൊപ്പൽഷൻ ലാബിലുള്ള അഭിനവ് അതൊരു സൂപ്പർനോവയല്ല എന്ന് തറപ്പിച്ചു പറഞ്ഞു. ഒരു ടെലിസ്കോപ്പുകളും ഇതു കണ്ടില്ല. ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനും ഇതു രേഖപ്പെടുത്തിയിട്ടില്ല’.

‘ഓ, അപ്പോൾ വിശദമായ അന്വേഷണം നടത്തി അല്ലേ’

‘ അത് എന്റെ ഒരു രീതിയാണ്‌. ഒരു ഡിറ്റക്ടീവിനെപ്പോലെ’ 

‘ശരിതന്നെ. സയൻസിലെ പ്രവർത്തനവും ഡിറ്റക്ടീവിനെപ്പോലെ തന്നെ. സൂചനകളിൽ നിന്നും കാര്യങ്ങൾ കണ്ടെത്തുക എന്നത്’

‘എ സയൻസ് ഡിറ്റക്ടീവ്’

‘എച്ച് എം എസ് ഡിഫൻഡർ എന്ന യുദ്ധക്കപ്പലിൽ അറബിക്കടലിലെവിടെയോ  ഇന്ത്യൻ നേവിയുമായി ച്ചേർന്ന് അന്ന് അഭ്യാസങ്ങൾ നടന്നിരുന്നു. പക്ഷെ മിസൈലുകളോ ഫ്ളെയറോ ഉപയോഗിച്ചിട്ടില്ല എന്നുറപ്പ്. അതിനുള്ള അനുവാദം അവർക്കില്ലല്ലോ’

‘മറ്റാരെങ്കിലും ഇതു കണ്ടതായി അറിയാമോ’

‘ ഇല്ല. തണ്ണീർമുക്കം ബണ്ടിനരികിലുള്ള പല വീടുകളിലും ഞാനന്വേഷിച്ചു. അന്നു രാത്രി  വള്ളത്തിൽ മീൻ പിടിക്കാൻ പോയവരെയും തിരഞ്ഞുപിടിച്ച് ചോദിച്ചു. അവരും കണ്ടിട്ടില്ല’

‘ജെംസിനു മാത്രമായി ഒരു സന്ദേശമായിരിക്കുമൊ’

‘ആയിരുന്നാൽ മതിയായിരുന്നു. അങ്ങനെയെങ്കിൽ എന്തുരസമാകുമായിരുന്നു’

‘എറിഡാനസ് എന്ന കോൺസ്റ്റലേഷന്റെ ഭാഗത്തു നിന്നാണ്‌ ഈ പ്രകാശം വന്നിട്ടുള്ളത്. ആ ഭാഗത്ത് പത്തുഡിഗ്രിക്കുള്ളിൽ മറ്റു സ്രോതസ്സുകളില്ല’

‘അതുശരി. അപ്പോൾ വളരെ അഡ്വാൻസ്ഡായി. അല്ലേ’

‘ വിനയാജി, കൊല്ലത്തുള്ള  എന്റെ വീട്ടിൽ നിന്നും ബീച്ചിലേയ്ക്ക് കുറച്ചു ദൂരം മാത്രമേയു​ള്ളു. മിക്ക ദിവസവും വൈകുന്നേരം കുറച്ചുസമയം ബീച്ചിൽപ്പോയിരിക്കും. ആകാശം കാണാൻ’

‘ശരിയാണ്‌ ആ നഗരംവളരെ ചെറുതാണ്‌. അപ്പുറം അറബിക്കടലും ഇപ്പുറത്ത് അഷ്ടമുടിക്കായലും. ആകാശം വ്യക്തമായി കാണാൻ സൃഷ്ടിച്ച ഒരിടം പോലെ’

‘കായലും കടൽ പോലെ പരന്നു കിടക്കുകയാണ്‌. അപ്പുറത്തെ കരകാണാൻ കഴിയാത്തത്ര പരപ്പുണ്ടതിന്‌’

‘പാലത്തിനടിയിലൂടെ രാത്രികാലത്ത് യാത്രാബോട്ടുകൾ കടന്നുപോകുമ്പോൾ, അലകൾ പാലത്തിന്റെ തൂണിന്റെ തിട്ടകളിൽത്തട്ടി  വൈരക്കല്ലുകൾ പാകിയാലെന്നപോലെ തിളങ്ങും’.

‘ഗംഭീര ഭാവന തന്നെ’

‘ ഈ സൈറ്റിങ്ങിന്റെ വിവരം ഇന്റർനാഷൻൽ അസ്ടോണമിക്കൽ യൂണിയനെ അറിയിച്ചു. മറുപടിയൊന്നും ഇതുവരെ കിട്ടിയില്ല’

‘ ജെംസിന്റെ താത്പര്യം അത്ഭുതപ്പെടുത്തുന്നു. സാധാരണ ആളുകൾ മുകളിലേയ്ക്ക് നോക്കാറുപോലുമില്ല. മനുഷ്യനെ സൃഷ്ടിച്ചത്  മുകളിൽ നോക്കാനല്ല എന്നാണവരുടെ ഭാവം. കണ്ണുകൾ നേരെയല്ലേ നോക്കൂ. മുക ളിലേയ്ക്കു നോക്കണമെങ്കിൽ തലയുയർത്തണം .അല്പം കഴിയുമ്പോൾ കഴുത്തു വേദനിക്കുകയും ചെയ്യും’

‘പണ്ടത്തെ വാനംനോക്കികളാണല്ലോ സയൻസ് സൃഷ്ടിച്ചത്. ഇന്നുള്ളവർ അതൊക്കെ വിസ്മരിക്കുന്നു’

‘ഗാലക്സിയിലെ തികച്ചും അപ്രധാനമായ ഒരിടത്തെ ഇടത്തരം  നക്ഷത്രത്തിനു ചുറ്റുമുള്ള വലിയൊരു കല്ലിൽ ജീവിക്കുന്നു എന്ന് എത്രപേർ ഓർക്കുന്നുണ്ടാകും അല്ലേ’

‘വിനയാജി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്‌. ദൈനംദിന ജീവിതത്തിന്റെ രൂക്ഷമായ അവസ്ഥകളിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കാണ്‌ സമയം’

‘ഭൂമി സൂര്യനെചുറ്റുകയാണെങ്കിലും , സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണെങ്കിലും അവർക്കൊന്നുമില്ല. കാരണം അതൊന്നും അവരെ ഒരുതരത്തിലും ബാധിക്കാൻ പോകുന്നില്ല എന്നവർക്ക് വ്യക്തമായി അറിയാം’

അത്താഴത്തിനുള്ള സമയമായി എന്ന് കെയർടേക്കർ അറിയിച്ചു. 

ആഹാരം കഴിക്കുന്ന വേളയിൽ വിനയ ചിന്തയിൽ മുഴുകിയിരുന്നു. തുടർച്ചയായ ജോലിയുടെ ആഘാതം വിനയയുടെ മുഖത്ത് വ്യക്തമായിരുന്നു. കണ്ണുകൾക്കു ചുറ്റിനും ഇരുണ്ടനിറം . 

‘ നാളെ നമുക്ക് അല്പം ദൂരെ പോകാനുണ്ട്. രാവിലെതന്നെപോകാം. എട്ടുമണിക്ക്’

‘എങ്ങോട്ടേയ്ക്കാണ്‌’

‘ അഡ്വാൻസ്ഡ് ഫസിലിറ്റി ഫോർ ഡീപ്പ് ഫീൽഡ് നെറ്റ് വർക്ക്. പുറത്താർക്കും അറിയില്ല. പരസ്യമാക്കാനാകില്ല. ഡിഫൻസ് റസ്ട്രിക്ഷൻസ് ഉണ്ട്.ഞാൻ അനുവാദം വാങ്ങിക്കാം’

എനിക്ക് ഉത്സാഹമായി.ഇതൊക്കെത്തന്നെയാണ്‌ എനിക്കു വേണ്ടിയിരുന്നത്.

……….

പാടങ്ങളും വെളിമ്പ്രദേശങ്ങളും നിറഞ്ഞ ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. ഇത്ര ദൂരത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കാരണം അനുയോജ്യമായ  ആ ലൊക്കേഷൻ തന്നെ.

‘ലുക്ക് വിനയ, ഇതുപോലെയുള്ള ക്ലെയിമുമായി ധാരാളം പേർ എത്തുന്നുണ്ട്. അവരെയെല്ലാം നമുക്ക് തൃപ്തിപ്പെടുത്താനാവില്ല. എല്ലായ്പ്പോഴും വെറുതെ പടച്ചുണ്ടാക്കുന്നു എന്നാണ്‌ കാണുന്നത്. എന്തെങ്കിലുമൊക്കെ കണ്ടിരുന്നുവെങ്കിൽ ഇവിടെ അറിയേണ്ടതല്ലേ. അതൊന്നുമില്ലല്ലോ പിന്നെന്തിനാണ്‌ ’

സെന്റർ ഡയറക്ടർ പറഞ്ഞത് പുറത്തുനിന്നു ഞാൻ കേട്ടു.സാരമില്ല ഇതൊക്കെത്തന്നെയാണ്‌ പ്രതീക്ഷിച്ചിരുന്നത്.

 സൂപ്പർ കമ്പ്യൂട്ടർ അല്പനേരത്തേയ്ക്കുപോലും മാറ്റിവയ്ക്കാനാവില്ല. പക്ഷെ വിനയയെ ഒഴിവാക്കാ നുമാകുന്നില്ല. ഏതായാലും വിജയം വിനയയ്ക്കു തന്നെ. 

ആദ്യമായാണ്‌ സൂപ്പർ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതു കാണുന്നത്. വലിയൊരു ഉപകരണവ്യൂഹം. ഡേറ്റ നല്കുന്നതിനു മുൻപായി ധാരാളം പേപ്പറുകൾ ഒപ്പിടുകയുമൊക്കെ വേണം. അതൊക്കെ വിനയ എളുപ്പത്തിൽ സാധിച്ചു. എന്നെപ്പോലെ വിനയയ്ക്കും തിടുക്കമായി എന്നുതോന്നുന്നു.

വെളിച്ചം കണ്ട തീയതി, സമയം, കൃത്യമായ ഇടം എന്നിവ വിനയയ്ക്കു നല്കി. വലിയ ഒരു ഹാളിൽ അനേകം മോണിറ്ററുകൾ. അവയിലൊന്നും ആളുകളില്ല. ചില മോണിറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്തൊക്കെയോ മിന്നിമറയുന്നു.

മോഡ്യൂളിൽ ഡേറ്റ നല്കുന്നവേളയിൽ വിനയ നഖം കടിച്ചുകൊണ്ടിരുന്നു. 

അവൾ വളരെ അസ്വസ്ഥയായിരുന്നു.. 

‘സൂപ്പർകമ്പ്യൂട്ടറിൽ നിന്നും എന്തെങ്കിലും വിവരം  കിട്ടാൻ നാല്പതു മിനിറ്റ് സമയം വേണം. 

ലോകത്തെ വിവിധയിടങ്ങളിലുള്ള നിരീക്ഷണ സംവിധാനങ്ങളുമായി ആശയവിനിമയം നടത്തി ഡേറ്റാ ശേഖരിക്കും. സ്പേസ് ടെലിസ്കോപ്പുകളിൽ നിന്നുള്ള ഡേറ്റയും ലഭിക്കും. റേഡിയോ തരംഗങ്ങൾ, മൈക്രോ വേവ്, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, എക്സ് റേ, ഗാമാറേ, ന്യൂട്രിനോ പിന്നെ ദൃശ്യപ്രകാശം എന്നിങ്ങനെയുള്ള തരംഗദൈർഘ്യങ്ങൾ നിരീക്ഷിക്കുന്ന സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കും. ഒരുകൈ നോക്കാം, അല്ലേ’

ഞാൻ വിസ്മയത്തോടെ വിനയയെ നോക്കി. എന്റെ അന്വേഷണത്വരയ്ക്ക് ഞാൻ നന്ദിപറഞ്ഞു. അല്ലെങ്കിൽ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് അറിയാനും പ്രമുഖഗവേഷകരെ പരിചയപ്പെടാനും കഴിയുമായിരുന്നില്ല. സൂപർകമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങൾ വിനയ സൂക്ഷ്മതയോടെ രേഖപ്പെടുത്തി. ഓരോ തരംഗദൈർഘ്യവും പരിശോധിക്കാൻ സമയം വേണം. ഉച്ചഭക്ഷണവേളയിൽ വിനയ നിശബ്ദയായിരുന്നു. എന്തൊക്കെയൊ ചിന്തിച്ചുകൂട്ടുന്നു. അവിടെ പല മേശകളിലും ആളുകളുണ്ടായിരുന്നു. ബഹളമൊട്ടുമില്ല. പ്ളേറ്റുകളുടെ ശബ്ദം പോലും കേൾക്കാനില്ല.

സൂപ്പർ കമ്പ്യൂട്ടറിലെ വിവരങ്ങൾ കാന്റീനിലെ മോണിറ്ററിൽ തൽസമയം തെളിഞ്ഞിരുന്നു. ആഹാരം കഴിക്കുമ്പോൾപോലും ഫലങ്ങൾ ശ്രദ്ധിക്കാൻ

വേണ്ടിയാകണം അത്.

‘ഞാൻ അങ്ങോട്ടേയ്ക്ക് പോകുന്നു. താങ്കൾ പതിയെ വന്നാൽ മതി’വിനയ ആഹാരം പൂർണമായും കഴിച്ചില്ല.

തിരികെ ഡേറ്റാസെന്ററിൽ ചെന്നപ്പോൾ വിനയ എല്ലാം മതിയാക്കി കാത്തിരിക്കുന്നതാണ്‌ കണ്ടത്.

‘ എന്തായി, എന്തെങ്കിലും വിവരം കിട്ടിയോ’

‘ഡേറ്റയെല്ലാം  ദേ ഇതിനകത്തുണ്ട്’.

 വിനയ ഒരു ഫ്ളാഷ്ഡ്രൈവ് ഉയർത്തിക്കാണിച്ചു.

‘ഇനി അതെല്ലാം ഒന്നൊന്നായി പരിശോധിക്കണം. തിരികെ പോകാം. പിന്നീട് പതിയെ നോക്കാം, അല്ലേ’

തിരികേയുള്ള യാത്രയിൽ വിനയ അധികം സംസാരിച്ചില്ല.  ഇടയ്ക്കെപ്പോഴോ അവൾ എന്റെ ചുമലിൽ ശിരസ്സുവച്ച് മയങ്ങി. അവളെ ഉണർത്താതിരിക്കാൻ ആവതു ശ്രമിച്ചു.

……………….

പിറ്റേദിവസം ഞാൻ ആ ഗവേഷണ സ്ഥാപനത്തോട് വിടപറഞ്ഞു.  വിനയ രാവിലെ തന്നെ പൊയിക്കഴിഞ്ഞിരുന്നു. ഇന്നലെ രാത്രിയിൽ വിനയയോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. യാത്ര കഴിഞ്ഞെത്തിയപാടെ വിനയ മുറിയിലേയ്ക്കു കയറി. ‘നല്ല തലവേദനയുണ്ട്. ഒന്നു കിടക്കട്ടെ’ എന്നു പറഞ്ഞ് അവൾ അത്താഴത്തിനു കൂടാതെ മുറിയിലേയ്ക്കുപോയി.

………

എനിക്കിന്നു പോയേ തീരൂ. ജോലിസ്ഥലത്ത് അത്യാവശ്യമായി റിപ്പോർട്ട് ചെയ്യണം.സിദ്ധാർഥിനോട് വിവരങ്ങൾ ധരിപ്പിക്കാൻ ഏൽപ്പിച്ച് മടങ്ങി.

ട്രെയിൻ നാട്ടിലെത്തിയപ്പോൾ നേരം വൈകി. റയിൽവേ സ്റ്റേഷനിൽ നിന്നുള്ള ബസ്സ് തികച്ചും ശൂന്യമായിരുന്നു.ബസ്സിറങ്ങി അല്പം  നടക്കണം…

കവലയിലെ ഹോട്ടലിൽ നിന്ന് ചൂടുചായയ്ക്ക് ഓർഡർ ചെയ്ത് ബഞ്ചിലിരുന്നു. മൊബൈലിൽ അന്നത്തെ വാർത്തകൾ…

ഒരു വാർത്ത ഞാൻ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു. 

‘ ഭൗമസമാനമായ ഗ്രഹം കണ്ടെത്തിയിരിക്കുന്നു’.

‘സ്പേസ് റിസർച്ച് ലാബിലെ ഗവേഷകയായ വിനയ ഗോസ്വാമി ഭൂമിക്കു സമാനമായ അവസ്ഥകളുള്ള ഒരു ഗ്രഹം കണ്ടെത്തിയിരിക്കുന്നു. അനേക വർഷത്തെ ഗവേഷണത്തിനൊടുവിൽ സ്ഥിരീകരിച്ച ഈ വിവരം ശാസ്ത്രലോകത്തിനൊരു മുതൽക്കൂട്ടാണ്‌. എറിഡാനസ് എന്ന നക്ഷത്രസമൂഹത്തിലാണ്‌  ഈ ഗ്രഹമുള്ളത്. എറിഡാനസ് 231ബി എന്നു പേരിട്ട ഈ ഗ്രഹത്തിൽ ജീവൻ നിലനില്ക്കാനുള്ള സാഹചര്യങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിനയ ഗോസ്വാമി അഭിപ്രായപ്പെട്ടു. മറ്റുവികസിത രാജ്യങ്ങളിലെ പ്രധാനപ്പെട്ട ഗവേഷണ ഏജൻസികൾക്കുപോലും ലഭിക്കാത്ത ഈ പഠനവിവരം നല്കിയ വിനയയെ പ്രധാനമന്ത്രി വിളിച്ച് അഭിനന്ദിച്ചു.... തുടർന്നുള്ള ഗവേഷണങ്ങൾക്ക് ആവശ്യമായ ഫണ്ട് നല്കാമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു…..’

സമ്മിശ്രവികാരങ്ങളോടെ ചൂടുചായ ഞാൻ ഊതിക്കുടിച്ചു.

……..

തിരികെ നടക്കുമ്പോൾ ഞാനാലോചിച്ചത് ആ നീലവെളിച്ചം കണ്ടതുമുതൽ എനിക്കു ലഭിച്ചു തുടങ്ങിയ എങ്ങുനിന്നെന്നില്ലാത്ത ശബ്ദങ്ങളും സന്ദേശങ്ങളുമാണ്‌. ഉണർന്നിരിക്കുന്നവേളയിൽ പോലും ശിരസ്സിനുള്ളിൽ ആരൊക്കെയൊ സംസാരിക്കുന്നതുപോലെയുള്ള അനുഭവങ്ങൾ. ആരോ ബന്ധപ്പെടാൻ ശ്രമിക്കുന്നതായും എന്തോ പറയാൻ ശ്രമിക്കുന്നതായും തോന്നിയിരുന്നു. ഇതുവരെ കാണാത്ത തരം ഒരു ലോകം സ്വപ്നങ്ങളിൽ നിറഞ്ഞതായും എനിക്കനുഭവപ്പെട്ടിരുന്നു…

ഇനി അതിൽ ശ്രദ്ധിക്കണം. എനിക്ക് ഒരുതരം ഉൾക്കിടിലം അനുഭവപ്പെട്ടു.

എന്റെ ഈ അനുഭവങ്ങൾ സിദ്ധാർഥിനോടോ വിനയയോടൊ പറഞ്ഞിരുന്നില്ല. ഇനി ഞാനാരോടും പറയുകയുമില്ല.....

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}