ADVERTISEMENT

പിരാന്തൻ (കഥ)

 

'പാട്ടും പാടി തോടേ പോകുമ്പോൾ പാട്ടേലിച്ചിരി തോട്ടിൽ പോയി,

പാട്ടേലിച്ചിരി തപ്പിയെടുക്കാൻ 

ചൂട്ടേൽ ഇച്ചിരി തരുമോ തള്ളേ?'

 

തെയ്യാമ്മയുടെ, കുന്നും മണ്ടയിലെ കുടിലിലേയ്ക്കുള്ള മണ്ണ് കുഴഞ്ഞ് കിടക്കുന്ന വഴിയേ പാട്ടുംപാടിക്കൊണ്ട് സഞ്ചിയും തൂക്കി കയറി പോകുകയാണ് സഹോദരൻ.  കാണുന്നവരെയൊക്കെ സഹോദരാ എന്ന് മാത്രം വിളിക്കുന്ന ഗംഗാധരന് നാട്ടുകാർ ചാർത്തിക്കൊടുത്ത പേരാണ് സഹോദരൻ. ഇരുനിറവും ഉറച്ച ശരീരവുമുള്ള ഒരുവൻ. മഴ പെയ്ത് കുഴഞ്ഞ് കിടക്കുന്ന മണ്ണിൽ അയാളുടെ ദൃഢമായ കാൽപാദങ്ങൾ പാടുകൾ തീർത്തുകൊണ്ടേയിരുന്നു.

 

'ചൂട്ടും വെട്ടവുമൊക്കെ ഞാൻ തരാമെടാ കൊച്ചേ..നീയിങ്ങ് കേറിവാ' 

 

കുന്നും മണ്ടയ്ക്ക് നിന്നുള്ള തെയ്യാമ്മയുടെ മറുപടി കേട്ട് അട്ടഹസിച്ചു കൊണ്ട് അയാൾ  പതിയെ കയറിപ്പോയി. 

 

'ഇന്ന് വല്ലതും കിട്ടിയോടാ?' 

പ്രായത്തിന്റെ അവശത കാരണം എഴുന്നേറ്റ് നടക്കാൻ കൂടി ത്രാണിയില്ലെങ്കിലും സഹോദരന്റെ ഒച്ച കേട്ടാൽ തെയ്യാമ്മ എഴുന്നേറ്റ് വടിയും കുത്തി പുറത്ത് വരും.

 

'ആ ഇന്ന് ഇച്ചിരി കാശ് കിട്ടി.കള്ള് കുടിച്ചതിന്റെ ബാക്കി കാശ് ഇന്നാ നിങ്ങൾ വെച്ചോ..'

 

വായിലുണ്ടായിരുന്ന പുകല ചവച്ചത് ഒന്ന് നീട്ടിത്തുപ്പിയ ശേഷം മുണ്ടിന്റെ കോന്തല അഴിച്ച് ആ കാശ് വാങ്ങിച്ച് അവിടെ തിരുകി വച്ചു തെയ്യാമ്മ. 

 

'നീ നാളെ ഇച്ചിരി പൊകല കൂടി വാങ്ങിയേരേ കൊച്ചേ..'

 

അവരുടെ ആവശ്യം തലകുലുക്കി കേട്ട് സഹോദരൻ അവിടെ തിണ്ണയടിയിൽ ഇരുന്നു. 

 

ഇരുട്ടത്ത് കത്തുന്ന മണ്ണെണ്ണ വിളക്കിനെ ലക്ഷ്യം വച്ച് വന്ന ഈയലുകൾ ഓരോന്നായി അവിടെ പിടഞ്ഞ് വീണ് ചത്തു. ചിലതൊക്കെ പല്ലിയുടെ ആഹാരമായി മാറുകയും ചെയ്തു.  കയ്യിലുണ്ടായിരുന്ന തോർത്ത് നിലത്ത് വിരിച്ച് 

മാനത്തോട്ടും നോക്കി അയാൾ അവിടെ കിടന്നു. ആരോടെന്ന് ഇല്ലാതെ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു.

 

'എനിക്ക് വയ്യെടാ കൊച്ചേ..ഞാൻ കിടക്കാൻ പോവാ..ആ നീ അവിടെ കിടക്കുന്നത് കൊള്ളാം, തിണ്ണയുടെ പൊത്തിൽ എലി കേറിയിട്ടുണ്ട്. അത് കടിക്കാതെ നോക്കണം. അല്ല, ഞാനിത് ആരോടാ പറയുന്നത്, ഏത് പൊത്തിൽ ഒളിച്ച എലിയേയും പുകച്ച് പുറത്ത് ചാടിക്കുന്ന വിരുതനോടോ..' 

 

അതും പറഞ്ഞ് തെയ്യാമ്മ കിടക്കാൻ പോയി.

 

നേരം പുലർന്നപ്പോൾ തന്നെ സഞ്ചിയും തൂക്കി സഹോദരൻ കുന്നിറങ്ങി. നേരെ എരുത്വാപ്പുഴ ഷാപ്പിലേക്കാണ് നടത്തം.

 

ഷാപ്പിലെത്തി പതിവ് കള്ള് കുടി കഴിഞ്ഞാൽ പിന്നെ അയാൾക്ക് പിരാന്ത് മൂക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അവരെയും കുറ്റം പറയാൻ പറ്റില്ല. കാരണം കള്ളിന്റെ അവസാന തുള്ളിയും അകത്ത് ചെന്നാൽ പിന്നെ സഹോദരൻ അയാൾക്ക് മാത്രം അറിയാവുന്ന ഭാഷയിൽ നാട്ടുകാരോട് സംസാരം തുടങ്ങും. 

 

'അത്തിണ്ട വരിച്ചനാര്

ഒക്കലും കൂടി എന്നെയിങ്ങനെ വരിത്തനാൽ.

ഞാനപ്പോൾ ആ തിണ്ടയിൽ ഇടയിൽ കുത്തി. ഞാനേ ഒരു സംഭാവന വാങ്ങിച്ചിട്ട് എന്റെ സംസാരം കൊടുത്തവേൻ..'

 

അയാള് എലിയെ പിടിക്കാൻ പോയ കഥയാണതെന്നാണ് നാട്ടുകാരുടെ ഒരു ഊഹം. 

 

'പോടാ പിരാന്താ..പോയി മാളം തോണ്ടെടാ..'

 

എന്നിങ്ങനെയുള്ള കളിയാക്കലുകൾ ഉയർന്ന് വരവേ അയാൾ വീടുകൾ കേറാൻ തുടങ്ങി. എലിയുള്ള മാളം മണത്ത് അറിയാൻ പ്രത്യേക കഴിവുണ്ട് അയാൾക്ക്. അങ്ങനെയുള്ള വീടുകളിലേ കയറിച്ചെല്ലൂ. കൃഷി  നശിപ്പിക്കുന്ന തുരപ്പനെലിയെ പുകച്ച് പുറത്ത് ചാടിച്ച് തല്ലിക്കൊല്ലുന്നതിന് വീട്ടുകാർ കൊടുക്കുന്ന കാശും വാങ്ങിച്ച് തന്റെ സ്ഥിരം പാട്ട് പാടി അയാൾ നടക്കും.

 

"കള്ളുലകത്തിൽ ജീവനെടാ..

കള്ളില്ലാത്ത നാടുണ്ടോടാ..

ദൈവം തന്ന കള്ളാണുള്ളിൽ

ഓളം തല്ലണ്..

തല പമ്പിരിയായ്

തല പമ്പിരിയായ്

തല പമ്പിരിയാ...യ്'

 

'തെയ്യാമ്മോ ആ പിരാന്തൻ ചെറുക്കൻ പോയോടിയേ?..' 

 

ഒരേയൊരു അയൽപക്കംകാരിയാണ്.

 

'പിരാന്തൻ നിന്റെ കണവൻ ആണെടീ കുട്ടേ. അവന് പിരാന്ത് ഒന്നും ഇല്ല'

 

സഹോദരൻ അല്ലാതെ ആ വീട്ടിലേയ്ക്ക് ക്ഷേമാന്വേഷണത്തിന് ഇടയ്ക്ക് വരുന്ന ഒരേ ഒരാൾ കുട്ടയാണ്.

 

'അല്ലെടി അവന് പിന്നെ പിരാന്ത് അല്ലാതെ എന്ത് വിശേഷമാണ് ഉള്ളത്. തലയ്ക്ക് വെളിവില്ലാത്ത നടപ്പല്ലേ എപ്പോഴും. ഞാൻ പറഞ്ഞതാ കുറ്റം, ഇത് നല്ല ശേല്'. കുട്ട തന്റെ ഭാഗം ന്യായീകരിച്ചു.

 

'നീ അതിന് എന്നാടീ ഈ കുന്ന് കയറി വന്നത്, നിനക്ക് എന്തറിയാം' വേച്ച് വേച്ച് വന്ന് തിണ്ണയടിയിൽ ഇരുന്ന് തെയ്യാമ്മ ഗദ്ഗദത്തോടെ പറഞ്ഞ് നിർത്തി. 

 

'എനിക്കവൻ എന്റെ മകനെപ്പോലെ തന്നെ ആണെടീ. തന്തയും തള്ളയുമൊക്കെ കൊച്ചിലേ ചത്ത് പോയതാ. എന്റെ കൊച്ചിന്റെ കയ്യും പിടിച്ച് നടന്നവൻ. വള്ളി നിക്കറിട്ട കാലം മുതലേ അവർക്ക് അവർ മാത്രമേ ഒള്ളായിരുന്നു. എന്തിനും ഏതിനും അവർ ഒന്നിച്ചായിരുന്നു. പക്ഷെ, ഒരു കാര്യത്തിന് മാത്രം എന്റെ മകൻ അവനെ കൂട്ടിയില്ലെടീ, പറങ്കി മാവിന്റെ കൊമ്പത്ത് കെട്ടിതൂങ്ങാൻ മാത്രം. അതിന് മാത്രം എന്റെ കൊച്ചിന്റെ മനസ്സിലെ വെഷമം എന്നായിരുന്നു എന്ന് ഒടേതമ്പുരാന് മാത്രമേ അറിയൂ. തൂങ്ങി നിന്ന കൂടെപിറപ്പിനെ കണ്ട അന്ന് മുതൽ തുടങ്ങിയതാ അവന്റെ മനസ്സിന് എന്തോ ഏനക്കേട്  . അന്ന് മുതലാണെടീ അവൻ നാട്ടുകാർക്ക് പിരാന്തൻ ആയത്. ഇന്നും ഞാൻ കഞ്ഞി കുടിച്ചോ എന്ന് അന്വേഷിക്കാൻ അവനേയുള്ളു. എന്റെ മുന്നിൽ അവന് ഒരു പിരാന്തും ഇല്ലെടീ..'

 

തെയ്യാമ്മയുടെ മുഖത്ത് നോക്കി കൂടുതൽ സംസാരിക്കാൻ ധൈര്യമില്ലാതെ കുട്ട തിരിച്ച് വീട്ടിലേക്ക് നടന്നു. 

 

സന്ധ്യ മയങ്ങിയ നേരത്ത് തെയ്യാമ്മ തിണ്ണയടിയിൽ പുകലയും മുറുക്കി ഇരിക്കുമ്പോഴാണ് താഴെ നിന്നും ചൂട്ടുകറ്റയുടെ വെട്ടം കണ്ടത്. 

 

'ഇന്നെന്നാടാ നിന്റെ പാട്ടൊന്നും കേൾക്കുന്നില്ലല്ലോടാ കൊച്ചേ, പാട്ടൊക്കെ തീർന്ന് പോയോ.. അതോ നിനക്കും വല്ല വെഷമോമുണ്ടോ?'

 

പതിവ് അന്തിക്കള്ളും മോന്തി ഒച്ചയും ബഹളവും ഒന്നുമില്ലാതെ കയറിച്ചെല്ലുന്ന സഹോദരനെ നോക്കി തെയ്യാമ്മ ചോദിച്ചു.

 

ചിലപ്പോൾ അയാൾ അങ്ങനെയാണ്. മൂകനായിരിക്കും. നടവഴിയുടെ വശത്ത് നിൽക്കുന്ന പറങ്കി മാവിന്റെ മുകളിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ച് നിൽക്കും. 

 

'നീയും കൂടി മരത്തേൽ കായ്ച്ചാൽ ഈ വയസ്സിക്ക് പിന്നെ ആരാണെടാ ഉള്ളത്. എനിക്കാണേൽ ഓരോ ദെവസവും വയ്യാഴിക കൂടി വരുവാ. നിന്റെ കൂടെ  നടന്നിട്ടും അവൻ നിന്നോട് ഒന്നും പറയാതെ പോയതല്ലേ, പിന്നെ നിനക്ക് എന്തിനാടാ ഇത്ര ദെണ്ണം, എന്തിനാ അതിന്റെ കുടുന്തേലും നോക്കി നിക്കുന്നത്? നീ വന്ന് ഇവിടെയെങ്ങാനും കെടക്കാൻ നോക്ക്'.

തെയ്യാമ്മ പറഞ്ഞു. 

 

'എനിക്ക് അങ്ങനെ ദെണ്ണമൊന്നുമില്ല തള്ളേ. ഇന്നാ നിങ്ങൾക്ക് പൊകല വാങ്ങിച്ചിട്ടൊണ്ട്'. മൗനം വെടിഞ്ഞു കൊണ്ട് സഹോദരൻ പറഞ്ഞു. 

 

വീശിയടിച്ച കാറ്റിൽ തിണ്ണയടിയിൽ വച്ചിരുന്ന മണ്ണെണ്ണ വിളക്ക് കെട്ടുപോയി. മാനത്ത് നോക്കി കിടന്ന് സഹോദരനും ഉറങ്ങിപ്പോയി.

 

പതിവ് പോലെ കോഴി കൂവിയ നേരത്ത് ഇറങ്ങി നടക്കാൻ തുനിഞ്ഞ സഹോദരൻ തെയ്യാമ്മയെ കാണാഞ്ഞ് എന്തോ ഒരു ഉൾവിളി പോലെ ആ കുടിലിന് അകത്തേയ്ക്ക് കയറി ചെന്നു. തീർത്തും അവശയായ നിലയിൽ കട്ടിലിൽ കിടക്കുന്ന തെയ്യാമ്മയെയാണ് അയാൾ കണ്ടത്. 

 

'കുട്ടേ..എന്റെ തള്ള ദേ പോകാൻ തുടങ്ങുന്നേ..ഓടിവായോ' എന്ന അയാളുടെ നിലവിളി കേട്ടാണ് കുട്ട അങ്ങോട്ടേക്ക് ഓടിച്ചെന്നത്. 

 

അവര് ചെന്നപ്പോൾ കണ്ട കാഴ്ച്ച തെയ്യാമ്മ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുന്നതാണ്.

 

'എടാ പിരാന്ത് പിടിച്ചവനെ, നോക്കി ഇരിക്കാതെ അവരെ എവിടെയെങ്കിലും അശൂത്രീ കൊണ്ട് പോടാ..' കുട്ട സഹോദരനെ നോക്കി ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു. 

 

'ഇവരെ ആരും എങ്ങും കൊണ്ടു പോകണ്ടാ. എന്റെ പാട്ട് കേട്ടില്ലെന്ന് ഇന്നലെയും പരാതി പറഞ്ഞതാ. ഞാൻ ഇവിടെ കൂടെയിരുന്ന് പാട്ട് പാടികൊടുക്കാം. അത് കേട്ട് സന്തോഷത്തോടെ അവരങ്ങ് തമ്പുരാന്റെ അടുത്തോട്ട് പൊക്കോളും.'

 

കുട്ട മറുത്ത് ഒന്നും പറഞ്ഞില്ല. കാര്യം പെറ്റ തള്ളയല്ലെങ്കിലും അയാൾക്ക് അറിയുന്ന  പോലെ തെയ്യാമ്മയുടെ മനസ്സ് ഇന്നേ വരെ കുട്ടയ്ക്ക് പോലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ അതായിരിക്കും അവരുടെ അവസാന ആഗ്രഹമെന്ന് കുട്ട മനസ്സിൽ ചിന്തിച്ചു. സഹോദരന്റെ കൂടെ കുട്ടയും തെയ്യാമ്മയുടെ വശത്തായിട്ട് കട്ടിലിൽ ഒരരുക് പറ്റി ഇരുന്നു. 

 

ഈണവും താളവുമൊന്നും ഇല്ലാത്ത ആ പാട്ട് കേട്ട് തെയ്യാമ്മ നിറമിഴികളോടെ അയാളെ നോക്കി കിടന്നു. വൈകാതെ തന്നെ അവരെ പൊതിഞ്ഞ തണുപ്പിന്റെ സാനിദ്ധ്യം മനസ്സിലാക്കിയ കുട്ട ഉള്ളിലെ വിഷമം ആരോട് പറയുമെന്ന് അറിയാതെ അവിടെ നിന്നും ഇറങ്ങി നടന്നു.

 

'ഈ ഉലകത്തിൽ ജീവനെടാ..

കള്ളില്ലാത്ത നാടുണ്ടോടാ..

ദൈവം തന്ന കള്ളാണുള്ളിൽ

ഓളം തല്ലണ്...

തല പമ്പിരിയായ്

തല പമ്പിരിയായ്

തല പമ്പിരിയാ...യ്'

 

പറങ്കി മാവിനെയും കുടിലിനെയും ചുറ്റി കുന്നിറങ്ങി പോയ കാറ്റിൽ സഹോദരനൊപ്പം അയാളുടെ ശബ്ദവും ദൂരേയ്ക്ക് പോയി മറഞ്ഞു. സ്വന്തമെന്ന് പറയാൻ ഒന്നും ഇനി ഈ ഭൂമിയിൽ അവശേഷിക്കാത്ത ഒരു പിരാന്തന്റെ പാട്ട് പതിയെ പതിയെ ആ കാറ്റിൽ അലിഞ്ഞ് ഇല്ലാതായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com