ADVERTISEMENT

അനുപമ കണ്ണുകളടച്ചു് കിടക്കയിൽ ഉറക്കം കാത്തുകിടന്നു. അവൾ കഴിഞ്ഞുപോയ ആ ദിവസത്തെക്കുറിച്ചോർത്തു. ഇന്ന് തന്റെ വിവാഹമായിരുന്നു. രണ്ടാമത്തെ വിവാഹം. ഇത് ആദ്യ രാത്രിയാണ്. രണ്ടാമത്തെ ആദ്യ രാത്രി.   അനുപമ അവളുടെ ആദ്യത്തെ ആദ്യരാത്രിയെക്കുറിച്ചോർത്തു. രാത്രിയിൽ മണിയറയിൽ ചെന്നപ്പോൽ മദ്യത്തിന്റെ രൂക്ഷഗന്ധമാണ്  അവളെ വരവേറ്റത്.  ഒരു സ്നേഹവാക്കുപോലും അയാൾ പറഞ്ഞില്ല. ആകെ പരുക്കനായ പെരുമാറ്റം. നാശം വിതച്ചു വേഗത്തിൽ കടന്നുപോയ ഒരു കൊടുങ്കാറ്റു പോലെയായിരുന്നു അയാൾ. എല്ലാം വേഗം കഴിഞ്ഞു. പിന്നെ അയാൾ തിരിഞ്ഞുകിടന്നുറങ്ങി. എവിടെയൊക്കെയോ വേദനയും നീറ്റലും. മനസ്സു വിങ്ങിപ്പൊട്ടി. സ്വപ്നങ്ങളിലെ ആദ്യ രാത്രി ഇങ്ങനെയായിരുന്നില്ല. ഒരു മാസം കഴിഞ്ഞു അയാൾ ജോലി സ്ഥലത്തേക്ക് മടങ്ങി. ആദ്യമൊക്കെ വല്ലപ്പോഴും വിളിക്കുമായിരുന്നു. പിന്നെ അതും നിലച്ചു. അന്വേഷിച്ചപ്പോൾ അയാൾക്കവിടെ വേറെ ഭാര്യയും മക്കളും ഉണ്ടന്നറിഞ്ഞു. ചതിവുപറ്റിയത് അപ്പോഴാണറിയുന്നത്. ഗർഭിണി കൂടിയാണന്നറിഞ്ഞപ്പോൾ ആകെ തളർന്നുപോയി. മോൾക്കുവേണ്ടിയായിരുന്നു പിന്നെ ഇതുവരെയുള്ള ജീവിതം. ആദ്യത്തെ ആദ്യരാത്രിയുടെ വേദനിപ്പിക്കുന്ന ഓർമ്മകളുമായാണ് ഇന്ന് മണിയറയിലേക്കു വന്നത്. കുറെ നേരം സംസാരിച്ചിരുന്നു. തൻറെ മുഖത്തെ ക്ഷീണവും ഇടക്കിടെ അടഞ്ഞുപോകുന്ന കണ്ണുകളും കണ്ടിട്ടാവണം രാജീവ് പറഞ്ഞു: “അനുപമക്ക് ഒത്തിരി ക്ഷീണമുണ്ടാവില്ലേ? ഇന്ന് ഇനി നമുക്കുറങ്ങാം. നമ്മൾ എപ്പോഴും ഇനി ഒരുമിച്ചല്ലേ? എല്ലാറ്റിനും സമയമുണ്ടല്ലോ”. ഭർത്താവിൻറെ സ്നേഹം നിറഞ്ഞ സംസാരവും പെരുമാറ്റവും അനുപമക്കിഷ്‌ടമായി.  

  

അനുപമയുടെയരുകിൽ രാജീവ് ഉറക്കം വരാതെ ഇരുട്ടിലേക്കുനോക്കി കിടന്നു.  മനസ്സിലൂടെ ഒരായിരം ചിന്തകൾ ഒഴുകി നടക്കുന്നു. ഒടുവിൽ അറിയാതെ ഓർമ്മകൾ ആദ്യഭാര്യയിൽ യിൽ ചെന്നു നിന്നു. വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്നതിനുമുമ്പ് അവൾ പഴയ കാമുകനോടൊപ്പം പോയി. തികച്ചും അപ്രതീക്ഷിതമായിരുന്നു. അനുപമയുടെ ആദ്യവിവാഹവും ദുഖത്തിലാണവസാനിച്ചതെന്നറിയാം. എന്തായിരിക്കും അനുപമയുടെ മനസ്സിൽ ഇപ്പോൾ? അവൾ ആദ്യഭർത്താവിനെക്കുറിച്ചു് ഓർക്കുന്നുണ്ടാവുമോ?   

 

വിവാഹമോചിതനായ ഒരാണും വിവാഹമോചിതയായ ഒരു പെണ്ണും തമ്മിൽ വിവാഹം കഴിച്ചാൽ ആ ദാമ്പത്യ കിടക്കയിൽ നാലു പേരുണ്ടാവും എന്ന ഇറ്റാലിയൻ ചൊല്ല് ഓർമ്മയിൽ വന്നു. എത്ര ശെരിയാണത്. അല്ലങ്കിൽ ദുഃഖം നിറഞ്ഞ  ഓർമ്മകളിലെ ആദ്യ ഭാര്യയെ ഇപ്പോൾ എന്തിനാണ് ഓർമ്മിച്ചത്? ആ ഓർമ്മകളെ മനസ്സിൽനിന്ന് ആട്ടിയോടിക്കാൻ ശ്രമിച്ചു. ഇതൊരു പുതിയ തുടക്കമാണ്. നാളത്തെ പുലരി പ്രത്യാശയുടെ പുതുവെളിച്ചമാണ്‌ കൊണ്ടുവരുന്നത്. കൊഴിഞ്ഞു വീണ ഇന്നലെകളെ ഓർത്തു ദുഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല. മുപ്പത്തിയഞ്ചാം വയസ്സിൽ ജീവിതം അവസാനിക്കുന്നില്ല. ഇനിയും ഏറെ ജീവിതം ബാക്കിയുണ്ട്. അനുപമയെ അയാൾക്കിഷ്‌ടമായി. സൗമ്യമായ  പെരുമാറ്റം. മൃദുവായ സംസാരം. നാലുവയസ്സുകാരി മാളുവിനെയും അയാൾക്കിഷ്ടമായി. ഓമനത്വമുള്ള കുട്ടി. ഇന്നുമുതൽ താനൊരച്ഛനാണെന്ന കാര്യം മനസ്സിൽ തെളിഞ്ഞു. ഇന്നുമുതൽ തനിക്കൊരു കുടുംബമുണ്ട്. രാജീവ് ചെരിഞ്ഞു കിടന്നു. അനുപമയെ ഉണർത്താതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ച്, അവളെ പതിയെ അണച്ചു പിടിച്ചു.  ഉറക്കത്തിലെന്നപോലെ അനുപമ കുറേക്കൂടി രാജീവിനോട് ചേർന്നുകിടന്നു. അയാളുടെ മനസ്സ് പറഞ്ഞു: ഇനി മുതൽ ഈ കിടക്കയിൽ നാലു പേരുണ്ടാവില്ല. രണ്ടുപേരേയുണ്ടാവുള്ളു. രണ്ടു പേർ മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com