ADVERTISEMENT

മരണശേഷം (കഥ)

 

രാവിലെ തന്നെ താമസ സ്ഥലത്തിന്റെ സൂക്ഷിപ്പ്കാരനായ മാലാഖ വർക്കിയെ വന്നു തട്ടി വിളിച്ചു ,,വർക്കി ഇന്നലെ ഞാൻ പറഞ്ഞതല്ലേ ഇന്ന് നിനക്ക് ഭൂമിയിലേക്ക് പോകേണ്ട ദിവസം അല്ലെ, നിന്റെ ഭാര്യയെയും ,മക്കളെയും കാണാനുള്ളതല്ലേ ,പെട്ടെന്ന് തന്നെ വരൂ, നിന്നെ കൊണ്ടുപോകാനുള്ള മാലാഖ വെളിയിൽ കാത്തിരിക്കുന്നു ,വർക്കി മനസ്സിൽ വിചാരിച്ചു എന്ത് കാണാനാണ്,കഴിഞ്ഞ വര്ഷം പോയപ്പോൾ മക്കൾ തമ്മിൽ സ്വത്തിനു വേണ്ടി  വഴക്കു ഇടുന്നതാണ് കണ്ടത് ,അന്ന് തന്നെ തീരുമാനിച്ചതാണ് ഇനി ഭൂമിയിലേക്ക്  വരില്ല എന്ന്,പിന്നെ ഇവിടെ സ്വന്തം തീരുമാനം നടപ്പാക്കാൻ  കഴിയില്ലല്ലോ,എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു അത് അനുസരിക്കുക മാത്രം . 

 

വർക്കിയെ പരിചയപെടുത്തിയില്ലല്ലോ,ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമ്മെപോലൊക്കെ വളരെ അധികം ധനം സമ്പാദിച്ച മനുഷ്യൻ ആയിരുന്നു ,ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും,കൈക്കൂലി മേടിച്ചും,പണം വട്ടി പലിശക്ക് കൊടുത്തും വളരെയധികം സമ്പത്തു ഉണ്ടാക്കിയിരുന്നു.നയാപൈസക്കു വിട്ടു വീഴ്ച മനോഭാവം ആരോടും കാണിച്ചിരുന്നില്ല,പലിശ മുടങ്ങിയാൽ ബലപ്രകാരം സ്ഥാവര ജംഗമ വസ്തുക്കൾ കൈക്കലാക്കിയിരുന്നു ,അങ്ങിനെ നാട്ടിലെ ഏറ്റവും പ്രമാണിയായ മനുഷ്യൻ ആയി മാറി. വർക്കിക്ക് മൂന്ന് ആൺമക്കൾ ആണ് ,വർക്കി പലരോടും പറയാറുണ്ടായിരുന്നു എന്റെ നാല്   തലമുറയ്ക്ക് കഴിയാനുള്ള വസ്തുവകകൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, എനിക്കിനി ഒന്നും പേടിക്കാനില്ല ,

അങ്ങിനെ മനസമാധാനത്തോടെ കഴിഞ്ഞു കൊണ്ടിരുന്ന സമയം,ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്ന നേരം അപരിചിതനായ ഒരു മനുഷ്യൻ അരികിൽ നില്കുന്നത് കണ്ടു ,നിങ്ങൾ ആരാണ് എന്ന് ചോദിക്കുന്നതിനു മുൻപേ വർക്കിയുടെ നേരെ അയാൾ കൈ നീട്ടി ,പിന്നെ വർക്കി കാണുന്നത് തന്റെ ശരീരം അനക്കമില്ലാതെ തറയിൽ കിടക്കുന്നതാണ് ,ആദ്യം വർക്കിക്കൊന്നും മനസിലായില്ല തനിക്കെങ്ങനെ തന്റെ ശരീരം വീണു കിടക്കുന്നതു കാണാൻ പറ്റുന്നു,വന്ന മനുഷ്യൻ പറഞ്ഞു വർക്കി ഞാൻ മരണത്തിന്റെ മാലാഖയാണ് ,നിന്റെ ഭൂമിയിലെ സമയം അവസാനിച്ചിരിക്കുന്നു,നിന്റെ ജീവനെ ഞാൻ എടുത്തിരിക്കുന്നു,നിനക്കിനി എന്നോടൊപ്പം വരാം,വർക്കി മാലാഖയോട് ചോദിച്ചു കുറച്ചു  നാൾ കൂടി എനിക്ക് ജീവിക്കാൻ അവസരം തരുമോ,മാലാഖ പറഞ്ഞു ഇനി നിനക്ക് തിരിച്ചുപോകുവാൻ പറ്റില്ല,പക്ഷെ നിനക്ക്   നിന്റെ ശവസംസ്‌കാരം കഴിയുന്നതുവരെ ഇവിടെ തന്നെ നിൽക്കാം,എന്ന് പറഞ്ഞു  മാലാഖ അവിടെ നിന്നും പോയി .

 

വർക്കി അങ്ങിനെ നിൽകുമ്പോൾ ഭാര്യാ അതാ വൈകുന്നേരത്തെ ചായയുമായി വരുന്നു ,തറയിൽ വീണുകിടക്കുന്ന വര്കിയെക്കണ്ടു ഓടി വന്നു തട്ടി വിളിക്കുന്നു ,മക്കളെയെല്ലാം ഉച്ചത്തിൽ വിളിക്കുന്നു,ഓടി വായോ ഇതാ അപ്പൻ താഴെ വീണു കിടക്കുന്നെ

പെട്ടന്ന് തന്നെ മക്കളെല്ലാം ഓടിവന്നു. വർക്കിയുടെ നെഞ്ചിൽ ശക്തിയായി അമർത്തുന്നു, കൃത്രിമശ്വാസോച്ഛാസം

കൊടുക്കുന്നു, അങ്ങിനെ പലതും അവർ ചെയുന്നു

പെട്ടെന്ന് തന്നെ ഇളയമകൻ വെളിയിലേക്കു പോയി അടുത്ത വീട്ടിൽ താമസിക്കുന്ന ഡോക്ടറിനെ വിളിച്ചു കൊണ്ടുവന്നു. ഡോക്ടർ വർക്കിയുടെ കൈ പിടിച്ചു നോക്കി മരിച്ചുപോയതായി പറയുന്നു.പെട്ടന്ന്

തന്നെ എല്ലായിടവും പലിശ വർക്കി മരിച്ചു പോയി വാർത്ത പരന്നു, പിന്നെയെല്ലാം തകൃതിയായി നടന്നു, ഇടവകപ്പള്ളിയിൽനിന്നും കുരിശും

മെഴുകുതിരിയും കൊണ്ടുവന്നു, വർക്കിയുടെ മൃതദേഹം വെള്ളപുതച്ചു

കട്ടിലിൽ കിടത്തി, ചുറ്റിനുമിരുന്നു ആൾകാർ പ്രാർത്ഥിക്കാൻ തുടങ്ങി... ഇടയ്ക്ക്  വികാരിഅച്ഛനും വന്നു വർക്കിയെ കുറിച്ച് നല്ലകാര്യങ്ങൾ പ്രസംഗിക്കാൻ തുടങ്ങി.. വർക്കി ഓർത്തു കഴിഞ്ഞ ആഴ്ച അച്ഛൻ അനാഥമന്ദിരത്തിനു വേണ്ടി പിരിവിനു

വന്നപ്പോഴും വെറും കൈയോടെ മടക്കിവിട്ടതാണ്.. ആ അച്ഛനാണ് എന്നെക്കുറിച്ചു ഇപ്പോൾ നല്ല വാക്കു

പറയുന്നത്. 

മക്കളെ നോക്കി അവിടെങ്ങും കണ്ടില്ല, മുറിയിൽ ചെന്നപ്പോൾ മൂവരും കൂടി

എപ്പോൾ അടക്കം നടത്തം എന്ന് ആലോചിക്കുന്നു. ഇളയമകൻ പറയുന്നുനാളെ തന്നെ നടത്തിയാലോ, ഇനി വെച്ചോണ്ടിരുന്നിട്ടു എന്ന ചെയ്യാനാ, പോയത് പോയി ഇനി മൊബൈൽ മോർച്ചറിയുടെ കൂടെ പൈസ കളയണോ ,രണ്ടാമത്തെ മകൻ പറയുന്നു അപ്പന്റെ അലമാര ഒന്ന് നോക്കിയേ കാശ് ഉണ്ടെങ്കിൽ നമുക്ക് അതെടുത്തു ചിലവാക്കാം,അങ്ങനെ വർക്കി ഒരിക്കൽ പോലും മറ്റൊരാളെ കാണിക്കാതിരുന്ന അലമാര അവർ തുറന്നു ,തലേ ദിവസം പലചരക്കുകാരൻ പുരുഷനിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയ മുതലും,പലിശയും അടങ്ങിയ രണ്ടുലക്ഷം രൂപ അവർ എടുത്തു ,എന്നിട്ടു തമ്മിൽ പറയുന്നു അപ്പൻ ചിലപ്പോൾ ശവസംസ്കാരത്തിനു വേണ്ടി കരുതിയ പണമായിരിക്കും ഇത് .അങ്ങെനെ വർക്കിയുടെ കാശുകൊണ്ട് സംസ്കാരം ഭംഗിയായി നടന്നു സംസ്കാരം കഴിഞ്ഞതും മാലാഖ വീണ്ടും മുൻപിൽ  വന്നു ,വരൂ വർക്കി  പോകാം ,,വർക്കി നോക്കിയപ്പോൾ ശവസംസ്കാരത്തിനു വന്നവരെല്ലാം  കാപ്പിയും വടയും തിന്നുന്ന തിരക്കിലാണ് .

 

വർക്കി പതിയെ മാലാഖയുടെ പുറകിൽ സഞ്ചരിക്കാൻ തുടങ്ങി ,എല്ലാം പുതുമയുള്ള കാഴ്ചകൾ ,ഭൂമിയെയും ,സൂര്യനെയും കടന്നു അവർ വേറൊരു സ്ഥലത്തെത്തി ,വലിയയൊരു കവാടത്തിന്റെ മുൻപിൽ എത്തി ,മാലാഖ അവനോടു പറഞ്ഞു ഇവിടം വരെയേ എനിക്ക് പ്രവേശനം ഉള്ളു ,ഇവിടെ ഇനി നിന്നെ കൂട്ടികൊണ്ടു പോകാൻ വേറൊരു മാലാഖ വരും ,അന്ത്യ ന്യായ വിചാരണ വരെ നിനക്കിവിടെ കഴിയാം,നീ ചെയ്ത കർമങ്ങൾക്കു അനുസരിച്ചു നിന്നെ ഇവിടെ താമസിപ്പിക്കാനാണ് എനിക്ക് കല്പന കിട്ടിയിരിക്കുന്നത് ,ഇനി നിനക്ക് വർഷത്തിൽ ഒരിക്കൽ  നിന്റെ ചരമദിനത്തിൽ ഭൂമിയിലേക്ക് പോകാം,നിന്റെ ബന്ധുജങ്ങളെയും,മക്കളെയും കാണാൻ ,അതും നിനക്കുള്ള ശിക്ഷയോ ,അനുഗ്രഹമോ ആകാം ,നിന്റെ കർമഫലം നിനക്കവിടെ കാണാൻ കഴിയും ,ഇത്രയ്മ് പറഞ്ഞു മാലാഖ അവനോടു യാത്ര പറഞ്ഞു പോയി 

വർക്കി അവിടെ നിൽകുമ്പോൾ കവാടം മലർക്കെ തുറന്നു വേറൊരു മാലാഖ അവിടേക്കു വന്നു ,വർക്കി ചോദിച്ചു ഭൂലോകത്തു നിന്നും മരണപെട്ടു വരുന്ന എല്ലാവര് ഇവിടെയാണോ താമസിക്കുന്നത് .മാലാഖ പറഞ്ഞു അല്ല ,നിങ്ങൾ ഭൂമിയിൽ ചെയ്‌യുന്ന നന്മകളുടെയും,,കരുണയുടെയും ,സ്നേഹത്തിന്റെയും ഫലം അനുസരിച്ചു ഓരോരോ സ്ഥലങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് ,അവിടേക്കു തന്നെ നിങ്ങൾ വന്നു ചേരും ,അതും അന്ത്യ ന്യായ വിധി വരെ അതിനു ശേഷം നിങ്ങൾക്കുള്ള നരകമോ,സ്വർഗ്ഗമോ നിശ്ചയിക്കപെടും ,അതുവരെ നിങ്ങള്ക്ക് അനുതാപത്തിനും ,മാപ്പിരക്കാനുമുള്ള അവസരം ഉണ്ട് ,,ഇവിടെയും നീ തോറ്റുപോയാൽ ഒരു പക്ഷെ നരകം  ആയിരിക്കും നിന്നെ കാത്തിരിക്കുന്നത് ,എല്ലാം നിനക്ക് വഴിയേ മനസിലാകും  ,അങ്ങനെ മാലാഖ വർക്കിയെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി ,അനേകം പാർപ്പിടങ്ങൾ ,അനേകം മനുഷ്യരെയും കണ്ടു വർക്കി അവിടെ , ആരുടെയോ മുഖത്തു സന്തോഷമോ ,ചിരിയോ ഒന്നും കാണാനില്ല എല്ലാവരും കരഞ്ഞുകൊണ്ടും ,നിലവിളിച്ചും ,ഭൂമിയിൽ ചെയ്തു പോയ പാപങ്ങൾ ഏറ്റു പറഞ്ഞും ഇരിക്കുന്നത് കണ്ടു ,വർക്കി വീണ്ടും മാലാഖയോട് ചോദിച്ചു എന്താണ് ആരുടേയും മുഖത്തു സന്തോഷം ഇല്ലാത്തതു ,ഇവിടെ ഉള്ളത് ഭൂജീവിതത്തിൽ വളരെയധികം തെറ്റുകൾ ചെയ്തവരാണ് അതിനനുസരിച്ചു അവർക്കുള്ള മനസികപീഡനം കൂടിയിരിക്കും ,ഒരു പക്ഷെ നീ ആർക്കും ഉപദ്രവം ചെയ്യാതെ നല്ലരീതിയിൽ ജീവിച്ചിരുന്നുവെങ്കിൽ സന്തോഷത്തിന്റെ സ്ഥലത്തേക്കു മാറ്റപെടുമായിരുന്നു.

എന്തായാലും വർക്കി അവിടം ഒന്ന് കറങ്ങി കാണാൻ തീരുമാനിച്ചു ,മാലാഖയുടെ അനുവാദത്തോടെ വർക്കി അവിടെ നടക്കുവാൻ തുടങ്ങി,പരിചയം ഉള്ള അനേകം ആൾക്കാരെ അവിടെ കണ്ടു ,പഞ്ചപാവങ്ങൾ എന്ന് വർക്കി ധരിച്ചിരുന്നവരെയും അവിടെ കണ്ടു ,അപ്പോൾ വർക്കിക്ക് മനസിലായി ചെറിയ തെറ്റുകൾ പോലും ഇവിടേയ്ക്ക് നയിക്കും എന്ന് ,ഒരാളുടെ മുഖത്തും ചിരിയില്ല ,എല്ലാവരും അവനവന്റെ  ചെയ്തുപോയ പാപത്തിൽ നീറിപ്പുകയുന്ന അവസ്ഥ എല്ലായിടവും ,വർക്കി പെട്ടന്ന് തന്നെ അവനു കൊടുത്ത ഭവനത്തിലേക്ക് വന്നു ,മാലാഖ ചോദിച്ചു നീ എല്ലാം കണ്ടുവോ ,വർക്കി പറഞ്ഞു കണ്ടു ,പക്ഷെ ഞാൻ വ്യഭിചാരം ചെയ്തിട്ടില്ല ,കൊലചെയ്തിട്ടില്ല പിന്നെന്തിനു എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നു ,മാലാഖ പറഞ്ഞു കൂട്ടുകാരനെ നിസാരൻ എന്ന് പറയുന്നത് പോലും ശിക്ഷാവിധിക്കു യോഗ്യതയാണ് എന്ന് നീ വായിച്ചിട്ടില്ലയോ . മാലാഖ അവന്റെ തലമേൽ കൈവെച്ചു ,പൊടുന്നനെ വർക്കിയുടെ ഉൾക്കണ്ണുകൾ തുറന്നു ,അറിവായ നിമിഷം മുതൽ മരിക്കുന്നതു വരെ ചെയ്ത തെറ്റുകൾ അവന്റെ മുൻപിൽ തെളിഞ്ഞുവന്നു .വർക്കി വാവിട്ടു കരയുവാൻ തുടങ്ങി ,തന്റെ പാപങ്ങൾ ഉറക്കെ വിളിച്ചു പറയുവാൻ തുടങ്ങി ,ചുറ്റിലുമുള്ളവർ അല്പസമയം അവനെ നോക്കി ആത്മഗതം ചെയ്തു ,ഭൂമിയിൽ തെറ്റുകൾ കൂടുന്നതല്ലാതെ കുറയുന്നില്ല ,അങ്ങെനെ ദിനരാത്രങ്ങൾ വർക്കി കഴിച്ചു കൂടി ,ഇപ്പോൾ വർക്കി ഭൂമിയിൽ നിന്നും വന്നിട്ടു അഞ്ചു വര്ഷം ആകുന്നു നാളെ അതിനു ഭൂമിയിൽ പോകുന്ന കാര്യം ആണ് ആദ്യം പറഞ്ഞത് 

 

വർക്കി രാവിലെതന്നെ കവാടത്തിനു വെളിയിലേക്കു വന്നു ,അന്നേ ദിവസം മരിച്ച അനേകർ അവിടെ നില്പുണ്ട് ഭൂമിയിലേക്ക് പോകുവാനായി ,ചിലരുടെ മുഖത്തു സന്തോഷം,ചില മുഖത്തു സങ്കടം ,ഭൂമിയിൽ അവർ ചെയ്ത പ്രവർത്തികളുടെ ഫലം കൂടി കാണാനാണ് ഈ യാത്ര ,വർക്കിയുടെ അടുത്തേക്ക് അവന്റെ മാലാഖ വന്നു അവനെ ഭൂമിയിലേക്ക് കൊണ്ട് വന്നു ,ആദ്യം അവനെ അവന്റെ വീട്ടിലേക്കു കൊണ്ട് വന്നു ,ആരെയും വെളിയിൽ കണ്ടില്ല ,വർക്കി പതിയെ അകത്തേക്ക് കയറി ,പരിചയം ഇല്ലാത്ത മുഖങ്ങൾ ,മാലാഖയോട് ചോദിച്ചു എവിടെ എന്റെ ഭാര്യയും മക്കളും ,മാലാഖ പറഞ്ഞു ,നിന്റെ ഈ ഭവനം മക്കൾ മറ്റൊരാൾക്ക് വിറ്റു അവരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത് ,ഈ ഭവനം നീ അനേകരുടെ കണ്ണുനീരിന്റെ  മുകളിലാണ് പണിതത്, ഒരു പക്ഷെ അതും ഒരു കാരണം ആയിത്തീർന്നുതുണ്ടാവാം, അവർ ഇവിടെനിന്നും പോയതിൽ, എന്റെ ഭാര്യ എവിടെ വർക്കി ചോദിച്ചു,മാലാഖ പറഞ്ഞു വരൂ ഞാൻ നിന്നെ നിന്റെ ഭാര്യയുടെ അടുത്തേക്ക് കൊണ്ട് പോകാം ,മാലാഖ അവന്റെ കൈ പിടിച്ചു വേറൊരു സ്ഥലത്തേക്കു കൊണ്ട് പോയി, അവിടേക്കു കയറി ചെന്നപ്പോൾ കണ്ട ബോർഡ് വർക്കി വായിച്ചു , അനാഥാലയം .... വർക്കിയുടെ ഉള്ളൊന്നു പിടഞ്ഞു, മക്കൾ എന്റെ ഭാര്യയെ ഇവിടെ കൊണ്ടുവന്നു തള്ളിയോ ,അമ്മയെ അവർ നോക്കുമെന്നുറപ്പുള്ളതുകൊണ്ടല്ലേ താൻ കാലശേഷം എല്ലാം മക്കളുടെ പേരിൽ എഴുതി വെച്ചത് ,വർക്കി പതിയെ ഭാര്യയുടെ അടുക്കലേക്കു ചെന്നു,അവൾ തന്റെ ഫോട്ടോയും കൈയിൽ വെച്ചു കരയുകയാണ് ,അവൾ വളരെയധികം അവശയായിരിക്കുന്നു ,വർക്കി പതിയെ അവളുടെ നെറുകയിൽ ഒന്ന് തലോടി ,അവൾ അറിഞ്ഞുവോ എന്തോ ,അറിയുമായിരിക്കും ,നിങ്ങൾ ഇനി ഇരു ശരീരം അല്ല ,ഒറ്റ ശരീരം ആണെന് പറഞ്ഞല്ലേ വിവാഹം നടത്തി വിടുന്നത് ,ഉള്ളിന്റെ ഉള്ളിൽ ഭർത്താവിന്റെ സാമിപ്യം അറിയാതിരിക്കില്ല ,മാലാഖ അവന്റെ അടുക്കൽ വന്നു നിനക്ക് മക്കളെ കാണേണ്ടായോ ,വർക്കി വളരെ വിഷമത്തോടെ ഭാര്യയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവിടെ നിന്നും നടന്നു നീങ്ങി ,മാലാഖ അവനെ മക്കളുടെ വീടുകളിലേക്ക് കൊണ്ടുപോയി ,വീടുകൾ കണ്ടു വർക്കി ഉള്ളിൽ പൊട്ടിക്കരഞ്ഞു ,തന്റെ പശുത്തൊഴുത്തിന്റെ വലുപ്പം പോലുമില്ലാത്ത വീടുകൾ ,അവർക്കു സുഖം ആയി കഴിയാനുള്ള സമ്പത്തു താൻ ഉണ്ടാക്കി കൊടുത്തതല്ലേ ,വർക്കിയുടെ ചിന്താഗതി മനസിലാക്കിയിട്ടെന്നവണ്ണം മാലാഖ പറഞ്ഞു ,നീ അവർക്കായി സമ്പാദിച്ചു കൊടുത്ത സമ്പത്തിൽ അന്യായം ആയി മേടിച്ചതും ,പലരുടെയും കണ്ണുനീരുകൾ വീണതുമായിരുന്നു ,അതെല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അതിന്റെ അവകാശികളിലേക്കു ചെന്നു ചേർന്നു,,,,നീ നേരായ മാർഗത്തിൽ എന്ത് സമ്പാദിച്ചോ അതിലാണ് നിന്റെ മക്കൾ ഇപ്പോൾ നില്കുന്നത് .ഇതൊക്കെ കാണുവാനും ,അറിയുവാനും ,ചെയ്തു പോയ പ്രവർത്തികളുടെ പ്രതിഫലം എന്തായിരുന്നു എന്നറിയിക്കാനുമാണ്  നിങ്ങളെ ഇടക്കിടക്ക് 

ഇങ്ങെനെ കൊണ്ടുവരുന്നത് ....

അവിടെനിന്നും മാലാഖയോടൊപ്പം തിരികെ പോകുമ്പോൾ വർക്കിയുടെ മനസ്സിൽ ചെറുപ്പത്തിൽ 'അമ്മ പറഞ്ഞു കൊടുത്ത ഒരു വേദഭാഗം തെളിഞ്ഞു വന്നു 

ദുഷ്ടതയാൽ സമ്പാദിച്ച ധനം നിലനിൽക്കുകയില്ല ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com