' ഈ കുഞ്ഞിനെ എവിടന്നു കിട്ടി, ആരുടെയാണ്?; അവളുടെ മുഖത്തെ ദയനീയ ഭാവം പൈശാചികമായത് പെട്ടെന്നാണ് '

malayalam-story-moshtikkapedunna-kunjumalakhamaar
Representative image. Photo Credit: Rickson Davi Liebano/Shutterstock.com
SHARE

മോഷ്ടിക്കപ്പെടുന്ന കുഞ്ഞുമാലാഖമാർ (കഥ)

മെട്രോവൽക്കരണത്തിന് മുമ്പുള്ള, തിരക്കേറിയ കൊച്ചി നഗരമധ്യത്തിലെ ഒരു ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയാണ് സുമിത്ര. അകത്തു തിങ്ങിനിറഞ്ഞ് യാത്രക്കാരുള്ളതിനാൽ ബസ്സുകൾ നിർത്തിയാലും ഓടിയടുത്ത് നിരാശയോടെ മടങ്ങേണ്ടി വന്നു പലപ്പോഴും. അടുത്ത ബസ്സിൽ ഉന്തിതള്ളി കയറുക തന്നെ.. വെയിൽ മൂത്തു തുടങ്ങി... ഇനിയും നിന്നാൽ എന്നത്തെയും പോലെ ഇന്നും ആ മാനേജരുടെ വായിലുള്ളതു മുഴുവൻ കേൾക്കേണ്ടി വരുമല്ലോ ഈശ്വരാ.. അവൾ പിറുപിറുത്തു.

അപ്പോളാണ് ഒരു കൈ തന്റെ നേർക്കു നീളുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. വല്ലതും താ എന്ന ആംഗ്യത്തോടെ ദയനീയമായി നോക്കി ഒരു സ്ത്രീ തന്റെ മുന്നിൽ നിൽക്കുന്നു. ദൂരെ നിന്നും ബസ്സുവരുന്നതു കണ്ടപ്പോൾ നാണയത്തുട്ടുകൾ തപ്പാനായി ബാഗിനകത്തേക്കിട്ട കൈ പിൻവലിച്ച് ആ സ്ത്രീയോട് മുന്നിൽ നിന്നും മാറാൻ ആംഗ്യം കാണിച്ചുകൊണ്ട് അവൾ റോഡിനു മുന്നിലേക്ക് നീങ്ങി.

ബസ് ബ്ലോക്കിൽ പെട്ടു നിൽക്കുകയാണ്. അവളുടെ മുന്നിൽ നിന്നും ആ സ്ത്രീ മാറിക്കൊടുത്തെങ്കിലും കൈ നീട്ടിതന്നെ നിന്നു. സുമിത്ര വീണ്ടും ബാഗ് തുറക്കാനൊരുങ്ങി... അപ്പോളാണ് അവൾക്കു മുന്നിലേക്ക് ഒരു കുഞ്ഞു കൈകൂടി നീണ്ടത്... നാണയത്തുട്ടുകൾ കയ്യിലെടുക്കുന്നതിനിടെ അവൾ ആ കയ്യിലേക്കു നോക്കി.... അതെ ഒരു കൊച്ചുകുഞ്ഞ്.

ആ സ്ത്രീ അവളുടെ തോളിൽ തൂക്കിയിട്ടിട്ടുള്ള വലിയ തുണിസഞ്ചിപോലുള്ള എന്തോ ഒന്നിൽ പറ്റിചേർന്നു കിടക്കുകയാണ്.. കണ്ടാൽ ഒരു വയസ്സ് പോലും തോന്നിക്കാത്ത ഒരു കുട്ടി. ശരീരത്തിൽ ഷഡ്ഡിയല്ലാതെ മറ്റു വസ്ത്രങ്ങൾ ഒന്നുമില്ല. മുടി കണ്ണിലേക്ക് നീണ്ടുകിടക്കുന്നു.. മുഖം കണ്ടിട്ട് പെൺകുഞ്ഞാണെന്ന് അവൾക്കു തോന്നി. കരഞ്ഞുതളർന്ന കണ്ണുകളിൽ പാതിമയക്കം... എങ്കിലും ഏങ്ങലടങ്ങിയിട്ടില്ല.

അവളുടെ കയ്യിലെ കാശിലേക്ക് ആ സ്ത്രീ കുഞ്ഞിന്റെ കൈപിടിച്ച് ഒന്നുകൂടി നീട്ടി. ഞെട്ടിയെണീറ്റ കുഞ്ഞ് കൈ വലിച്ചു. ആ സഞ്ചിയിൽ നിന്നും മുഖം തിരിച്ച് അവളുടെ നേർക്കുനോക്കി ഏങ്ങിയേങ്ങി കരഞ്ഞു. കരഞ്ഞു തളർന്നതിനാലാവാം കുഞ്ഞിന്റെ ഒച്ച പുറത്തേക്കു വരുന്നില്ല. അപ്പോളാണ് സുമിത്ര അത് ശ്രദ്ധിച്ചത്. കുഞ്ഞിന്റെ മുഖവും ഈ സ്ത്രീയുടെ മുഖവും തമ്മിൽ വല്ലാത്തൊരു ഭിന്നത! ഇത് എന്തായാലും ഇവളുടെ കുഞ്ഞല്ല..

"കൊളൈന്തക്ക് പസിക്ക്തമ്മാ.. കൊട് മാ ശീക്രം.." എന്നു പറഞ്ഞ് ആ സ്ത്രീ സുമിത്ര കയ്യിൽ പിടിച്ചുനിൽക്കുന്ന പത്തുരൂപാ നോട്ടിൽ പിടുത്തമിട്ടു.. കുഞ്ഞിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ അവൾ നോട്ട് വിട്ടുകൊടുത്തു. കാശുകിട്ടിയതും ആ സ്ത്രീ അടുത്ത ആൾക്കരികിലേക്ക് നീങ്ങി. സുമിത്ര അവളെതന്നെ നോക്കി നിന്നു. കരയുന്ന കുഞ്ഞിനെ കാണിച്ച് വിശന്നിട്ടാണ് പൈസ തരണം എന്ന ആംഗ്യത്തോടെ ആ സ്ത്രീ ഓരോരുത്തരുടെയും പക്കൽ നിന്നും കാശുവാങ്ങുന്നു... ബസ് വന്നു മുന്നിൽ നിന്നിട്ടും സുമിത്ര അറിഞ്ഞില്ല. അവളുടെ ദൃഷ്ടി കരഞ്ഞുതളർന്ന് വീണ്ടും മയക്കത്തിലേക്കുവീണ ആ കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന മുഖത്തിലായിരുന്നു. പുറകിൽ ആളുകൾ തിക്കിതിരക്കി ബസ്സിനകത്തേക്കു കയറുന്നു... അവൾ സംശയിച്ചു നിന്നു. വാച്ചിൽ സമയം നോക്കി. ഒൻപതുമണി കഴിഞ്ഞു.. ഇപ്പോഴേ ഒരുപാടു വൈകി. ഇനിയും നിന്നാൽ... അവളും ബസ്സിനകത്തു കയറാനൊരുങ്ങി.. ഒന്നുകൂടി ആ സ്ത്രീയെ തിരിഞ്ഞുനോക്കി. അവൾ ഉറങ്ങുന്ന കുഞ്ഞിന്റെ കൈപിടിച്ച് ആളുകൾക്കു മുന്നിലേക്ക് നീട്ടുന്നു ആ കുഞ്ഞ് പിടഞ്ഞെണീറ്റ് കരയുന്നു... ഇല്ല... തനിക്കിനിയും ഇത് കണ്ടുനിൽക്കാനാവുന്നില്ല.

ആളുകൾ കയറിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തിക്കിത്തിരക്കി അവൾ പുറത്തിറങ്ങി. പിറുപിറുപ്പും ഉന്തും തള്ളും ഒക്കെ കിട്ടിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൾ ആ സ്ത്രീയെ ലക്ഷ്യം വെച്ച് പാഞ്ഞു.ബസ്റ്റോപും കടന്ന് പോവുകയായിരുന്ന അവളുടെ അടുത്തേക്ക് സുമിത്ര ഓടിച്ചെന്നു. ആ സ്ത്രീ തിരിഞ്ഞുനോക്കിയ ഉടനെ കിതച്ചുകൊണ്ട് അവൾ ചോദിച്ചു "ഈ കുഞ്ഞിനെ എവിടന്നു കിട്ടി?"

'മനസ്സിലായില്ല' എന്ന് ആംഗ്യംകാണിച്ച് അവൾ പോകാനൊരുങ്ങി. സുമിത്ര വിട്ടില്ല.. അവൾ ആ സ്ത്രീയെ തടഞ്ഞു നിർത്തി. "ഈ കുഞ്ഞ് ആരുടെയാണ്?" എന്ന് ദേഷ്യത്തോടെ ആംഗ്യം കാണിച്ചു ചോദിച്ചു. ഇപ്രാവശ്യം ആ സ്ത്രീ ഒന്നു പകച്ചെങ്കിലും മനസ്സിലായില്ല എന്ന് കൈകൊണ്ട് കാണിച്ച് തിരിഞ്ഞു നടന്നു. അവളുടെ മുഖത്തെ ദയനീയ ഭാവം വെടിഞ്ഞ് പൈശാചികമായത് സുമിത്ര കണ്ടു.

അവളുടെ നടത്തം വേഗത്തിലാവുന്നതു കണ്ടപ്പോൾ സുമിത്ര ബസ്റ്റോപ്പിൽ നിൽക്കുന്നവരെ കയ്യടിച്ച് "പെട്ടന്നു വാ" എന്ന് മാടി വിളിച്ചു. അതുകണ്ട ചിലരെല്ലാം "എന്താ കാര്യം?" എന്ന ചോദ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.

അപ്പോഴും തിരിഞ്ഞുനോക്കാതെ നടന്നുകൊണ്ടിരുന്ന ആ സ്ത്രീയെ ചൂണ്ടിക്കാട്ടി  "ആ പോകുന്ന പെണ്ണിന്റെ കയ്യിലുള്ള കുഞ്ഞ് അവൾടെയല്ല... തട്ടികൊണ്ടുവന്നതാണ് നമുക്ക് ആ കുഞ്ഞിനെ രക്ഷിക്കണം.."  നിസ്സംശയം അവൾ പറഞ്ഞു.

ഇത് കേട്ടപാടെ ചിലരെല്ലാം ആ സ്ത്രീക്കു പിന്നാലെ പാഞ്ഞു.. അവളെ തടഞ്ഞു നിർത്തി. "ഇത് ഇവൾടെ കൊച്ചല്ലാന്ന് ഉറപ്പാണോ?"

ചിലർ ചോദിച്ചു.

"അല്ല ചേട്ടാ.. നിങ്ങൾ ആ കുഞ്ഞിനെ ഒന്നു ശരിക്ക് നോക്ക് അപ്പൊ മനസ്സിലാവും." സുമിത്ര പറഞ്ഞു. ആ സ്ത്രീയുടെ തോളിൽ ചാഞ്ഞ് പാതി അടഞ്ഞ കണ്ണുകളോടെ മയങ്ങിക്കിടക്കുന്ന കുഞ്ഞിനെ എല്ലാവരും ശ്രദ്ധിച്ചു നോക്കി.

"ശരിയാ.. ഈ കൊച്ച് ഈ അണ്ണാച്ചിപെണ്ണിന്റെയല്ല" ചിലർ പറഞ്ഞു.

"ടീ ഈ കൊച്ചിനെ എവിടന്നെടുത്തെടീ..?" ചിലർ ചോദ്യം ചെയ്യാനാരംഭിച്ചു.

ബഹളം കൂടുന്നതിനനുസരിച്ച് ആളുകളും കൂടാൻ തുടങ്ങി. ആ സ്ത്രീ ഒന്നും പറയാതെ തമിഴിൽ എന്തൊക്കെയോ എണ്ണിപെറുക്കി നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. ബഹളം കേട്ട് കുഞ്ഞ് എഴുനേറ്റു കരച്ചിൽ തുടങ്ങി.

"ആദ്യം ഈ കുട്ടിയെ ഇവൾടേന്ന് മാറ്റാം" എന്നുപറഞ്ഞ് കുഞ്ഞിനെ എടുക്കാനായി സുമിത്ര കൈനീട്ടിയതും ആ സ്ത്രീ അവളുടെ കൈകൾ തട്ടിമാറ്റി കുഞ്ഞിനെ ഒന്നുകൂടി ചേർത്തുപിടിച്ച് കരയാൻ തുടങ്ങി.

അമ്മാ അമ്മാ എന്ന് വാവിട്ടു കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ആരോ ബലംപ്രയോഗിച്ച് അവളുടെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി സുമിത്രയെ എൽപിച്ചു.

ക്ഷീണിച്ച് അവശതയിലായിരുന്ന കുഞ്ഞിനെ കയ്യിൽ കിട്ടിയതും അവൾ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു. ബാഗിൽ ഉണ്ടായിരുന്ന കുപ്പിയിലെ വെള്ളം കുറേശ്ശെയായി വായിലേക്ക് ഒഴിച്ചുകൊടുത്തു. കുഞ്ഞ് അവളുടെ കുപ്പിയിൽ നാക്കുചേർത്ത് ആർത്തിയോടെ വെള്ളം വായിലേക്ക് വലിച്ചെടുത്തു.

"പാവം അതിന് നല്ലോണം വിശക്കുന്നുണ്ട്" ആരോ പറഞ്ഞു.

പെട്ടന്ന് ഒരു ബിസ്കറ്റുപാക്കറ്റ് തന്റെ നേർക്കു നീട്ടി "ഇത് കൊടുക്ക് ചേച്ചീ.." ഒരു കുട്ടി പറഞ്ഞു.

അവൾ അതു വാങ്ങി ബസ്റ്റോപ്പിൽ കയറി ഇരുന്നു. അവിടെ ഇരുന്നവർ അവൾക്ക് ഇരിക്കാനായി മാറിക്കൊടുത്തു. എല്ലാവരും അവളെയും അവളുടെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കുഞ്ഞിനെയും നോക്കി നിന്നു. അവൾ കൈ കഴുകി ബിസ്ക്കറ്റ് പൊട്ടിച്ച് ചെറിയ തരികളായി ആ കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തു. വായിൽ കുറച്ചു പല്ലുകളേ വന്നിട്ടുള്ളു.. കുഞ്ഞ് അത് നുണഞ്ഞിറക്കി. അവൾ വീണ്ടും കൊടുത്തുകൊണ്ടിരുന്നു..

അതേസമയം ആ സ്ത്രീക്കുചുറ്റും ആളുകൾ വളഞ്ഞു. തമിഴിലും മലയാളത്തിലുമായി ചോദ്യംചെയ്യൽ മുറുകി. അവൾ ചോദിക്കുന്നതിനൊന്നും മറുപടി പറയാതെ വലിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ടിരുന്നു.

"ഇവളോടിനി ചോദിച്ചിട്ട് കാര്യമില്ല.. പോലീസിനെ വിളിക്കാം" ആരൊ പറഞ്ഞു. അതുകേട്ടപ്പോൾ അവളുടെ കരച്ചിൽ ഒന്നുകൂടി ഉച്ചത്തിലായി.

സുമിത്രയുടെ ബാഗിൽ കിടന്ന് മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തു. തന്നെ കാണാഞ്ഞ് ഓഫീസിൽ നിന്നും വിളിക്കുന്നതാവും എന്ന് അവൾക്കു മനസ്സിലായി. എങ്കിലും തന്നിൽ വിശ്വാസമർപ്പിച്ച് തന്നെ പറ്റിചേർന്നു കിടക്കുന്ന ഒരു കുഞ്ഞുമാലാഖയെ ആർക്കും കൈമാറി പോകാൻ അവൾക്ക് മനസ്സുവന്നില്ല. അവൾ കുഞ്ഞിനെ അവളുടെ ഷോളുകൊണ്ട് പുതച്ചു. നെറ്റിയിൽ ചിതറിക്കിടക്കുന്ന മുടിയിഴകളെ പിന്നിലേക്കാക്കി ചുംബിച്ചു. നെറ്റിയിൽ ചെറിയ ചൂട് അനുഭവപ്പെട്ടു. അവൾ കുഞ്ഞിനെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു.

ആരൊക്കെയോ പോലീസിനു ഫോൺ ചെയ്തു. കുറച്ചുദൂരെയായി ബ്ലോക്കിലെ ട്രാഫിക്ക് കണ്ട്രോൾ ചെയ്യാനായി ഒരു പോലീസുകാരൻ വന്നുനിൽക്കുന്നത് കണ്ട ചിലർ അങ്ങോട്ടോടി. അവർ അയാളെ കൂട്ടികൊണ്ടുവന്നു. അയാളെ കണ്ടതും കരഞ്ഞുകൊണ്ടിരുന്ന അവൾ തല കറങ്ങുന്നപോലെ തലയ്ക്കു കൈകൊടുത്ത് തറയിൽ ഇരുന്നു.

വന്നപാടെ അയാൾ കുട്ടി എവിടെ എന്നന്വേഷിച്ചു. എല്ലാവരും ബസ്റ്റോപ്പിലേക്ക് സുമിത്രക്കുനേരെ കൈചൂണ്ടി. വെയിൽ രൂക്ഷമായതിനാൽ അവൾ കുഞ്ഞിനെ ഷോളുകൊണ്ട് മൂടി അവർക്കരികിലേക്കു ചെന്നു. അയാൾ കുഞ്ഞിന്റെ മുഖം ഒന്നു നോക്കി. എന്നിട്ട് സുമിത്രയോടായി ചോദിച്ചു

"നിങ്ങൾ ഈ കുട്ടിയെ മുൻപ് കണ്ടിട്ടുണ്ടോ?"

"ഇല്ല സർ"

"പിന്നെങ്ങനെയാണ് കുട്ടി ഇവളുടേതല്ലെന്ന് മനസ്സിലായത്?"

"അത്.. ഇവൾക്ക് കുഞ്ഞിനോടുള്ള പെരുമാറ്റത്തിൽ നിന്നും മനസ്സിലായി. കരഞ്ഞ് അവശയായ ഈ കൊച്ചുകുഞ്ഞിനെകൊണ്ട് ഇവൾ ഭിക്ഷയെടുപ്പിക്കുകയായിരുന്നു.." ആ രംഗം മനസ്സിലേക്കു വന്നപ്പോൾ അവളുടെ മിഴികൾ ഈറനണിഞ്ഞു.

"സാറേ ഇവളെ ഇവിടെ പലയിടത്തും കുട്ടികളുമായി ഭിക്ഷയെടുക്കുന്നത് കണ്ടവരുണ്ട്." ഒരാൾ പറഞ്ഞു.

"ഇന്നലെ ടോൾ ജംഗ്ഷന്റെ പരിസരത്ത് കണ്ടായിരുന്നു. അപ്പോൾ വേറൊരു കുട്ടികൂടി ഉണ്ടായിരുന്നു.."

"സാറേ ഇത്രേം തിരക്കുള്ള റോഡുകളിൽ നടന്ന് തെണ്ടുമ്പൊ ഇവരുടെ കയ്യിലിരിക്കുന്ന കുട്ടികളെയൊന്നും പെട്ടന്നാരും ശ്രദ്ധിക്കില്ലല്ലോ... ഇതിപ്പൊ എന്തോ ഭാഗ്യത്തിന് ഈ കുട്ടിയുടെ ശ്രദ്ധയിൽ പെട്ടു.. ദൈവാധീനം..." ഒരു വൃദ്ധൻ പറഞ്ഞു.

അവർ പറയുന്നതൊക്കെ കേൾക്കുന്നതിനിടയിൽ അയാൾ തിരക്കിട്ട് ഫോണിൽ ആർകൊക്കെയോ വിളിച്ചുകൊണ്ടിരുന്നു.

"ആരെങ്കിലും സ്റ്റേഷനിലോട്ട് വിളിച്ചിരുന്നോ?" അയാൾ ചോദിച്ചു.

"വിളിച്ചു സർ. അവർ ഇപ്പൊ എത്താമെന്നു പറഞ്ഞു." കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു.

പെട്ടന്ന് അതുവഴി വരികയായിരുന്ന 'ഡെപ്യുട്ടി കമ്മീഷണർ ഓഫ് പോലീസ്' എന്നെഴുതിയിട്ടുള്ള കാറിന് അയാൾ കൈകാണിച്ചു നിർത്തി.

"എന്താ പ്രശ്നം?" എന്ന് അയാളോട് ചോദിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ ഇൻസ്പെക്ടർ കാറിൽ നിന്നും ഇറങ്ങി വന്നു. കൂടെ മറ്റൊരു ഇൻസ്പെക്ടറും. എസ്പിയും എഎസ്പിയുമായിരുന്നു അവർ.

അയാൾ അവരെ സല്യൂട്ട് ചെയ്തു. "സർ ഒരു എബ്ഡക്ഷൻ കേസാണ്. ദാ ഇവളെയാണ് സംശയം" എന്നു പറഞ്ഞ് ആ സ്ത്രീയെ കാണിച്ചു കൊടുത്തു.

"സംശയമോ.. എന്ത് സംശയം?"

"ഇവൾ ആ കുട്ടിയെ തട്ടികൊണ്ടുവന്നതാണെന്ന്." സുമിത്ര യുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു.

ഇൻസ്പെക്ടർ കണ്ണിൽ നിന്നും സൺഗ്ലാസ് മാറ്റി കുഞ്ഞിനുനേർക്ക് ദൃഷ്ടി പായിച്ചു.

"ലോക്കൽ പോലീസിനെ ഇൻഫോം ചെയ്തില്ലേ?"

"ഉവ്വ് സർ. ഞാൻ വിളിച്ചിരുന്നു. ഓൺ ദ വേ ആണ്.'

"ഉം.. അയാളൊന്ന് അമർത്തിമൂളി താഴെ നിലവിളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ നോക്കി. "നീ ഒറ്റയ്ക്കേ ഉള്ളു?" എന്ന് ചോദിച്ചു. അവനെ തലയുയർത്തി നോക്കി കൈകൂപ്പി രക്ഷിക്കാൻ പറഞ്ഞതല്ലാതെ മറ്റൊന്നും അവൾ പറഞ്ഞില്ല.

"സാറേ ഇവളിവിടെ ഭിക്ഷാടനത്തിനിറങ്ങുന്ന നാടോടി സ്ത്രീകളിലുള്ളതാ. തമിഴത്തിയാ.. ഞങ്ങൾ കാണുമ്പൊ ഇവൾ ആ കുഞ്ഞിനെയും തോളിലിട്ട് ഭിക്ഷതെണ്ടി നടക്കുവാര്ന്നു." കൂട്ടത്തിൽ നിന്നിരുന്ന ഒരാൾ പറഞ്ഞു.

"ഉങ്ക കൂടെ യാറാവദ് ഇറ്ക്കാ?" ഇൻസ്പെക്ടർ വീണ്ടും ചോദിച്ചു. എന്നിട്ടും കേൾക്കാത്ത ഭാവത്തിൽ തലയ്ക്കു കൈകൊടുത്ത് ഇരുന്നിരുന്ന അവൾക്കു നേരെ അവൻ അലറി "പ്പ്ഹ എഴുനേൽക്കെടീ.. നിന്നോട് ചോദിച്ചത് കേട്ടില്ലേ?"

അവന്റെ അലർച്ചയിൽ എല്ലാവരും ഒന്നു ഞെട്ടി. കൈകൂപ്പികൊണ്ട് അവൾ എഴുനേറ്റുനിന്ന് കരയാൻ തുടങ്ങി.

"ആ മതി മോങ്ങീത്. നീ മര്യാദക്ക് സത്യം പറഞ്ഞാൽ വനിതാ പോലീസിന്റെ തൊഴി കിട്ടാതെ രക്ഷപ്പെടാം.." അവന്റെ കൂടെ ഉണ്ടായിരുന്ന ഇൻസ്പെക്ടർ പറഞ്ഞു.

ഇതിനിടയിൽ ട്രാഫിക് പോലീസുകാരന്റെ ഫോണിലേക്ക് തുരുതുരാ ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു.

അയാൾ ചിലതെല്ലാം അറ്റന്റ് ചെയ്തു "വരാം വരാം" എന്നു പറയുന്നുണ്ടായിരുന്നു.

"താൻ ഡ്യൂട്ടിയിലായിരുന്നില്ലേ... സിവിലുകാർ വരുന്ന വരെ ഞങ്ങൾ നിന്നോളാം. പൊയ്ക്കോളൂ.. ഈ ഏരിയയിൽ ട്രാഫിക് അൺകൺട്രോളബിൾ ആണ്. ഹെക്റ്റിക്!" അവൻ പറഞ്ഞു.

"അതെ സർ. മെട്രോ വന്ന് ഓടിത്തുടങ്ങുന്ന വരെ ഞങ്ങൾക്ക് മെനക്കെടാണ്.... അപ്പൊ ഓകെ സർ ഞാൻ പോകുന്നു... താങ്ക്യു" അയാൾ അവനെ സല്യൂട്ട് ചെയ്തു.

അയാൾ പോയ ശേഷം എസ്പി വീണ്ടും ആ സ്ത്രീക്കു നേരെ തിരിഞ്ഞു.

"സാറേ ഇവൾടെ കൂടെ ഇവൾടെ കെട്ട്യോനും ഉണ്ടെന്നാ പറയണെ" ആരോ പറഞ്ഞു.

"നിന്റെ ഭർത്താവെവിടെ?"

"അന്തപക്കം ഇറ്ക്ക് സാർ" റോഡിനു എതിർവശത്തുള്ള ബിൽഡിംഗ് ഏരിയ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.

"എന്താടി അവന്റെ പേര്?" കൂടെയുള്ള ഇൻസ്പെക്ടർ ചോദിച്ചു.

"മുരുകൻ"

"എന്താ നിന്റെ പേര്?"

"വെണ്ണി"

"ഇവിടെ എന്താ പരിപാടി?''

അവൾ മിണ്ടാതെ തലതാഴ്ത്തി നിന്നു.

"എടീ ചോദിച്ചതു കേട്ടില്ലേ നിനക്കിവിടെ എന്താ പണീന്ന്?" എസ്പി ദേഷ്യത്തോടെ ചോദിച്ചതും അവൾ അവന്റെ കാലിൽവീണ് കാലിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. സാർ ഞാനല്ല സാർ എനിക്കൊന്നും അറിയില്ല സാർ.. എന്നെ വെറുതെ വിടണം.. എന്നൊക്കെ തമിഴിൽ കൂവിവിളിച്ച് അവൾ കരഞ്ഞു കൊണ്ടിരുന്നു.

കൂടി നിന്നവരിൽ ഉണ്ടായിരുന്ന രണ്ടുപേരും എഎസ്പിയും ചേർന്ന് എസ്പിയുടെ കാലിൽ പിടിമുറുക്കിയ അവളെ ബലമായി വലിച്ചു മാറ്റി.

"എടീ നാടകം മതിയാക്കി സത്യം പറയാൻ നോക്ക്.. ഈ കുട്ടിയെ എവിടുന്നു കിട്ടി? മര്യാദക്ക് പറയുന്നതാവും നിനക്ക് നല്ലത്.." എഎസ്പി അവളോട് സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു.

"മുരുകൻ കൊട്ത്തത്... എനക്ക് ഒന്നുമേ തെരിയാത്" ഏങ്ങലടിച്ചുകൊണ്ട് അവൾ പറഞ്ഞു.

അപ്പൊഴേക്കും ഒരു പൊലീസ് ജീപ്പ് അങ്ങോട്ട് വന്നു. എസ് പി യെ കണ്ടപാടെ അതിൽ നിന്നും രണ്ടു പോലീസുകാർ ഇറങ്ങി വന്നു സല്യൂട്ട് ചെയ്തു. ഒരു വനിതാ പോലീസുകാരിയും ഉണ്ടായിരുന്നു. അവൾ ഇറങ്ങി വന്ന് "ഇതാണോ കക്ഷി" എന്നു ചോദിച്ചുകൊണ്ട് ആ പെണ്ണിന്റെ അടുത്തുവന്നു.

"കുട്ടി എവിടെ?" അവൾ ചോദിച്ചു.

"ഇവിടുണ്ട് മാഡം.." സുമിത്ര കുഞ്ഞിനെ കാണിച്ചു. കുഞ്ഞ് അപ്പോഴും ഉറക്കമായിരുന്നു.

"കുട്ടിയെ ചൈൽഡ് സെന്ററിൽ ഏൽപിക്കാം.. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്." എസ്പി പറഞ്ഞു.

"ഇവൾ ഒറ്റക്കേ ഉള്ളോ?" ഒരു കോൺസ്റ്റബിൾ അവിടെ കൂടി നിന്നവരോട് ചോദിച്ചു.

"അല്ല സാറെ കെട്ട്യോനും ഉണ്ടെന്നാ പറയുന്നെ"

"എവിടെയാടീ അവൻ?"

"എനക്ക് തെരിയാത് സാറേ.. ഇങ്ക പക്കത്തില് എങ്കയാവതും.." അവൾ ചുറ്റും കണ്ണോടിച്ചു.

"സർ ആ പൈപ്പ്‌ലൈന്റെ ബാക്കിൽ ആക്രിസാധനങ്ങൾ കൂട്ടിവെച്ചിട്ടുണ്ട്... ആ ഭാഗത്ത് ഉണ്ടാവുമെന്നാ തോന്നുന്നത്." ആരോ പറഞ്ഞു.

"മുരുകൻ എന്നു തന്നാണോടീ അവന്റെ പേര്?" എഎസ്പി ചോദിച്ചു.

"ആ സാറെ... മുരുകേശൻ"

"അവന്റേൽ ഫോണുണ്ടോടി?"

"ഇല്ല സാറേ'

"സത്യം പറയെടീ" ആ വനിതാ പോലീസുകാരി അവളുടെ കൈയ്യിൽ തട്ടി.

"ഇല്ല സാറേ നിജമാ.." അവൾ വീണ്ടും കരച്ചിൽ ആരംഭിച്ചു.

എഎസ്പി ആ പോലീസുകാരോട് പോയി നോക്കാൻ ആംഗ്യം കാണിച്ചു.

അവർ രണ്ടുപേരും സ്പോട്ട് അറിയാവുന്ന വേറെ ഒരാളെയും കൂട്ടി റോഡ് ക്രോസ് ചെയ്തു നടന്നു.

എസ്പിക്ക് ഇടക്കിടെ ഫോൺ കോളുകൾ വന്നുകൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മെലിഞ്ഞു നീണ്ട നാൽപത് വയസിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാളെ ആ പോലീസുകാർ അവരുടെ നടുക്ക് ചേർത്തുപിടിച്ച് നടന്നുവന്നു.

"ഇതാണോ നിന്റെ ഭർത്താവ്?" അവർ നടന്നു വരുന്നതു കണ്ട എസ്പി ചോദിച്ചു.

അവൾ തലയുയർത്തി നോക്കി അതെ എന്ന് തലയാട്ടി.

"സർ ഇവനാണെന്നു തോന്നുന്നു.. ആ ഫൂട്പാത്തിന്റെ സൈടിൽ ഇരിപ്പുണ്ടായിരുന്നു.." അവർ പറഞ്ഞു.

"ഇതാണോടാ നീ പറഞ്ഞ പെണ്ണ്?" അവളെ കാണിച്ച് അയാളോട് ഒരു പോലീസുകാരൻ ചോദിച്ചു.

"ആമാ സാർ.. എന്ന സാർ.." അമിതമായ താഴ്മയോടെയുള്ള അവന്റെ സംസാരത്തിലും ഭാവത്തിലും തന്നെ ഉണ്ടായിരുന്നു അവനൊരു ഒന്നാംതരം ക്രിമിനലാണെന്നതിനു തെളിവ്.

"ഞങ്ങളെ കണ്ടപ്പൊ ഈ പുന്നാര മോൻ മുങ്ങാൻ തൊടങ്ങീതാ.. ഓടിച്ചിട്ട് പിടിച്ചു" പല്ലുകടിച്ചുകൊണ്ട് ഒരു പോലീസുകാരൻ പറഞ്ഞു.

"എന്തിനാടാ ഓടീത്?" എസ്പി കണ്ണടമാറ്റി അവനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചൊദിച്ചു.

"പേടിച്ചിട്ടാ സാർ.. യെനക്ക് പോലീസ്ന്നാ അവ്ളൊ ഭയം സാർ.."

ചുറ്റും കൂടി നിൽക്കുന്നവരിൽ ചിലർ അവനെയും അവളെയും മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. അതു കണ്ട സുമിത്ര വീഡിയോയിൽ പെടെണ്ട എന്നു കരുതി അവിടെ നിന്നും കുറച്ച് മാറി നിന്നു.

ഇതെല്ലാം ശ്രദ്ധിച്ച എസ്പി "ഉം.. മതി മതി ഇനി എല്ലാവരും പിരിഞ്ഞുപോണം...." എന്ന് ചുറ്റും കൂടി നിന്നവരോടായി പറഞ്ഞു. ആളുകൾ പോയിത്തുടങ്ങി.

"നിങ്ങളിവരെ കൊണ്ടുപൊയ്ക്കൊ... സ്റ്റേഷനിൽ എസ്ഐ ഇല്ലേ?"

"യെസ് സർ"

"എസ്ഐയെ വിളിച്ച് കൂടുതൽ ഫോഴ്സിനെ വിടാൻ പറ.. ഇവരുടെ ഗ്യാങ്ങിലുള്ള ഒന്നിനെയും വിടാതെ പൊക്കണം. ഇവന്മാരുടെ കസ്റ്റഡിയിൽ വേറെയും കുട്ടികളുണ്ടാവാൻ ചേൻസുണ്ട്" അവൻ എഎസ്പിയോടു പറഞ്ഞു.

"ചൈൾഡ്കാരെ നോക്കി നിന്നിട്ട് കാര്യമില്ല.. നമുക്ക് കുട്ടിയെ നിയർ ബൈ ഹോസ്പിറ്റലിൽ കൊണ്ടുപോയി മെഡിക്കൽ എടുക്കാം.. കണ്ടില്ലേ കുട്ടി ഇപ്പോഴും കോൺഷ്യസല്ല"

"യെസ് സർ.. അതാ നല്ലത്. ഇത്രേം ചെറിയ കുട്ടിയല്ലേ... ലെയ്റ്റാക്കണ്ട. പോകാം.." 

"എങ്കിൽ നിങ്ങൾ വിട്ടോളൂ.. ഞാൻ എസ്ഐയെ വിളിച്ചു പറയാം" എഎസ്പി പോലീസുകാരോട് പറഞ്ഞു.

"നിന്റെ പേടിയൊക്കെ ഞങ്ങൾ മാറ്റിതരാം... വണ്ടിയിലോട്ട് കേറടാ.. " എന്നുപറഞ്ഞ് അയാളെ ജീപ്പിനടുത്തേക്ക് തള്ളി. വനിതാ പോലീസ് ആ സ്ത്രീയെ ജീപ്പിനകത്തു കയറ്റിയിരുത്തി.

ജീപ്പിൽ കേറാൻ നേരം അവൻ ഒരു പോലീസുകാരനെ തള്ളിമാറ്റി ഓടാനൊരുങ്ങി.. അയാൾക്ക് അവന്റെ ഷർട്ടിൽ പിടുത്തം കിട്ടിയതിനാൽ അവന് ഓടാൻ കഴിഞ്ഞില്ല. ഇതു കണ്ട് ഡ്രൈവിങ്ങ് സീറ്റിൽ കയറാനൊരുങ്ങിയ മറ്റൊരു പോലീസുകാരൻ പുറകിലേക്ക് ഓടിയെത്തി അവനെ പിടിച്ചുനിർത്തി. അപ്പോൾ ഫോൺ ചെയ്തുകൊണ്ട് നിന്നിരുന്ന എസ്പി അങ്ങോട്ട് ഓടിചെന്ന് "പോലീസിനെ കൈ വെക്കുന്നോടാ.." എന്നലറികൊണ്ട് അവന്റെ കരണം നോക്കി ആഞ്ഞുവീശി.. പ്രഹരത്തിന്റെ ശക്തിയിൽ അവൻ താഴെവീണു. പോലീസുകാർ അവനെ പിടിച്ചെഴുനേൽപിച്ച് കയ്യാമം വെച്ചു. ജീപ്പിന്റെ കമ്പിചേർത്ത് ലോക്കുചെയ്ത് അകത്തു കയറ്റിയിരുത്തി. അവർ പോകുന്നതുവരെ എസ്പി ജീപ്പിനു പുറകിലായി അവനെ തന്നെ നോക്കി നിന്നു.

അവർ പോയ ശേഷം ആർക്കോ കോൾ ചെയ്തു വെച്ച ശേഷം അയാൾ സുമിത്രയുടെ അടുത്തു വന്നു.

"എന്താ നിങ്ങളുടെ പേര്?"

"സുമിത്ര"

"ഓകെ സുമിത്രാ, തക്ക സമയത്തുള്ള തന്റെ ഇടപെടലാണ് ഈ കുഞ്ഞിനെ രക്ഷിക്കാനിടയാക്കിയത് വെൽ ഡൺ.. ഇനിയും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായാൽ മടിച്ചുനിൽക്കാതെ പൊലീസിനെ വിവരം അറിയിക്കണം.."

"ശുവർ സർ"

"കുട്ടിയെ ഇവിടടുത്തുള്ള ചൈൽഡ് കെയർ സെന്ററിലേക്ക് മാറ്റി ഇമ്മിഡിയറ്റ് മെഡിക്കൽ ചെക്കപ്പ് എടുക്കണം. സോ.. ഇനി കുട്ടിയെ തന്നേക്കൂ.."

"സർ ഞാനും വന്നോട്ടെ?" അയാൾ പറഞ്ഞുതീരും മുൻപേ അവൾ ചോദിച്ചു.

"വൈ?"

"കുഞ്ഞിനെ അവിടെ ഏൽപിച്ച ശേഷം പൊയ്ക്കോളാം.. പ്ലീസ് സർ"

"ഇയാൾടെ കൂടെ ആരെങ്കിലും ഉണ്ടോ?" എഎസ്പി ചോദിച്ചു.

"ഇല്ല സർ"

എന്താ വേണ്ടത്? എന്ന ചോദ്യഭാവത്തിൽ എസ്പി അയാളെ നോക്കി..

"സർ, അവരും വന്നോട്ടെ.. കുഞ്ഞിനെ ഹാന്റോവർ ചെയ്യുമ്പോൾ ഒരു ഓട്ട്സൈടർ വിറ്റ്നസുള്ളത് നല്ലതാണ്" 

"നിങ്ങൾ വന്ന് കയറൂ" എസ്പി സുമിത്രയോട് പറഞ്ഞു.

അവൾ അകത്തുകയറിയിരുന്നു. എസ്പി മുൻസീറ്റിൽ കയറി. എഎസ്പി വണ്ടിയെടുത്തു. "ഹെവി ട്രാഫിക്കാണ്.. ബീക്കൺ ഇട്ടോളു" അവൻ പറഞ്ഞു.

ജീവിതത്തിലാദ്യമായി പോലീസ് വണ്ടിയിൽ ഊരും പേരും അറിയാത്ത ഒരു കുഞ്ഞിനെയും നെഞ്ചോടു ചേർത്ത് സുമിത്ര യാത്ര തുടങ്ങി..

അവൾ കുഞ്ഞിന്റെ മുഖത്തേക്കു നോക്കി.. നാക്ക് നുണഞ്ഞുകൊണ്ട് ഉറങ്ങുകയാണ്. മുലപ്പാൽ കുടിച്ചുകൊണ്ട് ഉറങ്ങുന്ന ശീലമുള്ള കുഞ്ഞാണതെന്ന് അവൾക്ക് മനസ്സിലായി. പാൽമണം പോലും മാറിയിട്ടില്ലാത്ത ഒരു കുഞ്ഞിനെ ആ ദുഷ്ടന്മാർ എന്തിനായിരിക്കും കടത്തിക്കൊണ്ട് വന്നത്! അവൾ ചിന്തിച്ചു.

"നിങ്ങൾ മാരീട് ആണോ?" എസ്പി ചോദിച്ചു.

"അല്ല." അവൾ ചിന്തകളിൽ നിന്നും ഉണർന്നു.

"നിങ്ങളിവിടെ എന്തു ചെയ്യുന്നു?"

"ഇവിടടുത്ത് ഒരു ഐറ്റി കമ്പനിയിൽ വെബ് ഡെവലപർ ആയി വർക്ക് ചെയ്യുകയാണ്"

"വീട്?"

"ഇവിടെതന്നെ.. കളമശ്ശേരിക്കടുത്ത്.."

"അപ്പോൾ ഇന്ന് ഓഫീസിൽ പോകുന്നില്ലേ?" എഎസ്പി ചോദിച്ചു.

"ഇല്ല സർ.. ഇന്നിനി ലീവെടുക്കണം"

എസ്പി ഡാഷ് ബോർഡ് തുറന്ന് ഒരു ചെറിയ ബ്രോഷർ എടുത്ത് സുമിത്രക്കുനേരെ നീട്ടി.

"ഇതിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും പൊലീസ് കണ്ട്രോൾ റൂമ്സിന്റെയും വുമൺ സെല്ലിന്റെയും ചൈൽഡ് ലൈന്റെയും എല്ലാം കോണ്ടാക്റ്റ് ഡീറ്റെയിൽസുണ്ട്..  എവെയ്ർനെസ് പ്രോഗ്രാമ്സിൽ ഡിസ്റ്റ്രിബ്യൂട്ട് ചെയ്യുന്നതാണ്. വെച്ചോളൂ യൂസ്ഫുൾ ആവും"

"താങ്ക്യൂ സർ.."

കാർ ഒരു മൾട്ടി സ്പെഷ്യാലിറ്റി ചിൽഡ്രൻസ് ക്ലിനിക്ക് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. അവർ ഇറങ്ങിയതും രണ്ട് സ്റ്റാഫുകൾ വന്നു. ഒരു സ്ത്രീ കുഞ്ഞിനെ വാങ്ങി.

"സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു.. വരൂ സർ" എന്നു പറഞ്ഞുകൊണ്ട് അതിൽ ഒരാൾ അവരെ ഓഫീസ് റൂമിൽ ഇരുത്തി. സുമിത്രയും കുഞ്ഞിനെ എടുത്ത സ്ത്രീയും ഒരു ക്ലിനിക്കിനകത്തു കടന്ന് വിസിറ്റേഴ്സ് സീറ്റിൽ ഇരുന്നു.

"കുഞ്ഞിന് നല്ല വിശപ്പുണ്ട്... തളർന്ന് ഉറങ്ങുകയാണ്" സുമിത്ര പറഞ്ഞു.

"കുഞ്ഞിനുള്ള പാൽ ഇപ്പോൾ കൊണ്ടുവരും.." പറഞ്ഞു കഴിഞ്ഞതും മറ്റൊരു സ്ത്രീ പാൽക്കുപ്പിയുമായി വന്നു.

ആ സ്ത്രീ അത് കുഞ്ഞിന്റെ ചുണ്ടോടടുപ്പിച്ചു. അവൾ അത് ചപ്പിനോക്കി തട്ടിമാറ്റി...

"ഫീഡിങ് ബോട്ടിൽ ശീലിച്ചിട്ടില്ലാത്ത കുഞ്ഞാണെന്നു തോന്നുന്നു.." അവർ പറഞ്ഞു.

ആ സ്ത്രീ ഉടനെ ഫില്ലർ കൊണ്ടുവന്ന് പാൽ കുറേശെയായി വായിലേക്ക് ഇറ്റിച്ചുകൊടുത്തു. കുഞ്ഞ് അത് വേഗം വേഗം ഇറക്കി... പാൽ പകുതിയോളം കുടിച്ച് തല തിരിച്ചുകിടന്നു.

"മതി. ഇനി ഒന്നു ക്ലീൻ ചെയ്യാം.." അവർ കുഞ്ഞിന്റെ അഴുക്കുപിടിച്ച ഷഡ്ഡി ഊരിമാറ്റി. മേലുമൊത്തം വെറ്റ് വൈപ്സ് വെച്ച് തുടച്ചശേഷം കോട്ടൻതുണി കൊണ്ടുള്ള നാപ്കിൻ ചുറ്റികൊടുത്ത് കുഞ്ഞിനെ ഒരു വ്രാപ്പിങ് ക്ലോത്തിൽ പൊതിഞ്ഞു.

"ചെക്കപ്പ് കഴിഞ്ഞിട്ടു ഡ്രസ് ഇട്ടുകൊടുത്താൽ മതി" അവർ കൂടെയുള്ള സ്ത്രീയോടു പറഞ്ഞു. കുട്ടിയെ എടുത്ത് ഓപി റൂമിലെ ബെഡിൽ കിടത്തി.

ഉടനെ ഡോക്ടർ വന്നു. കുഞ്ഞിന്റെ ശരീരം മുഴുവൻ പരിശോദിച്ചു.. കണ്ണും മൂക്കും നാക്കും ചെവിയും എല്ലാം. ഹൃദയമിടിപ്പും നോക്കി. മെഷീനിൽ കിടത്തി തൂക്കം നോക്കി.. ടെമ്പറേച്ചറും.

"ഡോക്ടർ, ഇവൾക്ക് ചെറിയ ചൂടുണ്ടായിരുന്നു.." സുമിത്ര പറഞ്ഞു.

"അത് സാരമില്ല.. ടെമ്പറേച്ചർ നോർമലാണ്."

"ട്രിപ് ഇട്ടോളൂ.." ഡോക്ടർ കൂടെയുള്ള നഴ്സിനോടു പറഞ്ഞു.

കയ്യിൽ സൂചി ആഴ്ന്നിറങ്ങിയപ്പോൾ അവൾ പിടഞ്ഞുകരഞ്ഞു. സുമിത്ര മുഖം തിരിച്ചു നിന്നു. അവളുടെ കണ്ണിലും നനവ് പടർന്നു.

കരച്ചിൽ ഒന്നടങ്ങിയപ്പോൾ ഡോക്ടർ കുഞ്ഞിന്റെ കയ്യിലിട്ട കാന്യൂലയിലൂടെ മരുന്ന് ഇറക്കി. നഴ്സുമാർ കൈ പിടിച്ചിരുന്നെങ്കിലും അവൾ ഇടക്കിടെ കൈ വലിച്ചു കരഞ്ഞു.

കുപ്പി മരുന്ന് തൂക്കിയിട്ടു.... റ്റ്യൂബിലൂടെ ഇറ്റിറ്റായി വീണുകൊണ്ടിരുന്നു...

"അവരോടു വരാൻ പറയൂ" ഡോക്ടർ പറഞ്ഞു.

എസ്പിയും എഎസ്പിയും അകത്തുകടന്നു.

"കുട്ടിക്ക് കാര്യമായി കുഴപ്പങ്ങളൊന്നുമില്ല.. നോർമലാണ്.." ഡോക്ടർ പറഞ്ഞുതുടങ്ങി..

അതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. 

"ബട്ട്... കൊണ്ടുനടക്കുമ്പോൾ മോഷ്യൻ പോയാലോ എന്നു പേടിച്ചിട്ടാവാം അവർ കുട്ടിക്ക് കാര്യമായി സോളിട് ഫൂട്സൊന്നും കൊടുത്തിട്ടില്ല.. ബ്രെസ്റ്റ് മിൽകോ സപ്ലിമെന്ററി ഫൂഡ്സോ കിട്ടിയില്ല... സോ കുട്ടി തളർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. തൂക്കം വളരെ കുറഞ്ഞിരിക്കുന്നു.."

"പാവം മോള് എന്തുമാത്രം വിശപ്പ് സഹിച്ചുകാണും..." സുമിത്ര കുഞ്ഞിനെ നോക്കി മനസ്സിലോർത്തു.

"പിന്നെ.. കുട്ടികൾ കരഞ്ഞ് ശല്യമാകാതിരിക്കാൻ സെഡേഷൻ കലർന്ന ദ്രാവകങ്ങൾ ഇത്തരക്കാർ കുടിപ്പിക്കാറുണ്ട്. ഈ കുട്ടിയുടെ കെയ്സിലും ആ ഡൗട്ടുണ്ട്.... മെഡിസിൻ കയറിക്കഴിഞ്ഞ ശേഷമേ ഫർദർ ഡീറ്റെയ്ൽസ് പറയാനാകൂ.. എനിവേ കുട്ടിക്ക് സീരിയസ് ഇശ്ശ്യൂസ് ഒന്നുമില്ല..."

"താങ്ക്യൂ ഡോക്ടർ... കുട്ടിയെ ഇന്നൊരു ദിവസം ഒബ്സർവേഷനിൽ വെക്കണോ?" എസ്പി ചോദിച്ചു.

"വേണമെന്നില്ല... ട്രിപ് തീർന്നു കുറച്ചു കഴിഞ്ഞാൽ കെയർ സെന്ററിലേക്കു മാറ്റാം... ഞാൻ അവരെ വിളിച്ച് ഇങ്ങോട്ടുവരാൻ പറയാം. അതുവരെ നിങ്ങൾ നിൽക്കണമെന്നില്ല... ഞങ്ങളുടെ സ്റ്റാഫ്സ് നോക്കിക്കോളും.."

"ഓകെ ദെൻ... നമുക്ക് ഇറങ്ങിയാലോ?" എസ്പി എഎസ്പിയെയും സുമിത്രയെയും നോക്കി ചോദിച്ചു.

"സർ... ഞാൻ കുഞ്ഞിനെ ഇവിടുന്ന് കൊണ്ടുപോകുന്ന വരെ ഇവിടെ നിന്നോട്ടെ?" അവൾ ഡോക്ടറെയും എസ്പിയേയും മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.

"ഇവരു വിറ്റ്നസാണെന്നല്ലേ പറഞ്ഞത്?"

"യെസ് ഡോക്ടർ.. ആക്ച്വലി ഈ കുട്ടിയെ കണ്ടുകിട്ടാൻ തന്നെ കാരണം ഇവരാണ്" എസ്പി പറഞ്ഞു.

"ഓ അങ്ങനെയാണോ... സോ കൈന്റ് ഓഫ് യൂ... " ഡോക്ടർ സുമിത്രയെ നോക്കി പറഞ്ഞു. "നിന്നോളൂ.. കുട്ടി ഉണരുമ്പോൾ ആദ്യം കാണേണ്ടത് നിങ്ങൾ തന്നെയാണ്"

"താങ്ക്യൂ ഡോക്ടർ..." സുമിത്ര സന്തോഷത്തോടെ പറഞ്ഞു.

എസ്പിയും എഎസ്പിയും അവരോട് യാത്ര പറഞ്ഞിറങ്ങി...

മരുന്ന് കഴിഞ്ഞപ്പോൾ നഴ്സ് വന്ന് കുഞ്ഞിനെ ഉണർത്തി. അവൾ മെല്ലെമെല്ലെ കണ്ണുകൾ തുറന്നു. സുമിത്രയെ കണ്ടതും ചിരിച്ചുകൊണ്ട് എഴുനേറ്റിരുന്നു. ഒരു കയ്യിൽ കാന്യുല ഉള്ളതിനാൽ അവൾ അത് പറിച്ചെടുക്കാൻ നോക്കി. സുമിത്ര അവളുടെ കൈപിടിച്ചുവെച്ചു. കുഞ്ഞ് അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. സുമിത്ര അവളെ എടുത്ത് മടിയിലിരുത്തി. ഡയപ്പർ നനഞ്ഞിരുന്നു.. ഒരു സ്ത്രീ വന്ന് അത് മാറ്റി വേറൊരെണ്ണം ഉടുപ്പിച്ചു. ഡ്രസ്സും ഇട്ടുകൊടുത്തു. കയ്യിൽ ഒരു കളിപ്പാട്ടവും കൊടുത്തു. കുഞ്ഞ് അത് കൗതുകത്തോടെ നോക്കി ഉറക്കെ ചിരിച്ചു. ആ കുഞ്ഞുമുഖത്ത് പുഞ്ചിരി വിടർന്നപ്പോൾ സുമിത്രയുടെ മനസ്സു നിറഞ്ഞു

"കുഞ്ഞുവാവ സുന്ദരിവാവയായല്ലോ.." അവൾ പറഞ്ഞു.

കുഞ്ഞ് പിന്നെയും അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. അവർ അതെല്ലാം ചിരിയോടെ കേട്ടിരുന്നു.

ഡോക്ടർ വന്നു. കുഞ്ഞിനെ ഒന്നുകൂടി പരിശോദിച്ചു. ടെമ്പറേച്ചർ വീണ്ടും നോക്കി.

"താങ്ക് ഗോഡ്.. നൗ ഷി ഈസ് പെർഫക്ട്ലി ഓൾറൈറ്റ്!" ഡോക്ടർ സന്തോഷത്തോടെ പറഞ്ഞു.

"ഇനി ബ്ലഡ് ടെസ്റ്റ് ഒന്നും വേണ്ടി വരില്ല. അല്ലേ സർ?" ഒരു നഴ്സ് ചോദിച്ചു.

"ഹെൽത്ത് കണ്ടീഷൻ സ്റ്റേബിൾ ആയ സ്ഥിതിക്ക് ഇപ്പോൾ കൂടുതൽ ടെസ്റ്റ്സ് ഒന്നും നടത്തണ്ട കാര്യമില്ല. ലെറ്റ് ഹെർ ഗെയ്ൻ സം വെയ്റ്റ് ഫസ്റ്റ്." ഡോക്ടർ കുഞ്ഞിനെ തലോടി പറഞ്ഞു. അവൾ ഡോക്ടറെ നോക്കി കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ചു.

"കാന്യുല റിമൂവ് ചെയ്തോളൂ.. പിന്നെ, ആ ചൈൽഡ് വെൽഫെയറിലെ ആളുകൾ ഇപ്പോൾ എത്തും.. ഇവളുടെ ഡീറ്റെയിൽട് ഹെൽത്ത് റിപ്പോർട്ട് തയ്യാറാക്കണം. ഡയറ്റ് ലിസ്ററും." നഴ്സിനോടു പറഞ്ഞ് ഡോക്ടർ പോയി.

സുമിത്ര വീണ്ടും കുഞ്ഞിനെ കളിപ്പിച്ചിരുന്നു.

നഴ്സ് കയ്യിലെ സൂചി ഊരിയെടുക്കുമ്പോൾ കൈവലിച്ചുകൊണ്ട് അവൾ ഉറക്കെ കരഞ്ഞു.. സൂചികയറ്റിയ സ്ഥലത്ത് പഞ്ഞികൊണ്ട് തടവി സുമിത്ര അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. അവൾ കരച്ചിൽ നിർത്തി വീണ്ടും കളി തുടങ്ങി.

അപ്പോഴേക്കും ഒരു സ്ത്രീ കുറുക്കുപോലുള്ള എന്തോ ഭക്ഷണം കുഞ്ഞിന് കൊണ്ടുവന്നു. ആദ്യം കഴിക്കാതെ തട്ടിമാറ്റിയെങ്കിലും സുമിത്രയും ആ സ്ത്രീയും ചേർന്ന് ഒരുവിധേന കുറച്ചൊക്കെ കഴിപ്പിച്ചു..

അപ്പോഴേക്കും കുട്ടിയെ കൊണ്ടുപോകാൻ ശിശുസംരക്ഷണ വകുപ്പിന്റെ ആളുകളെത്തി. ചില പേപ്പറുകൾ കൈമാറിയ ശേഷം അവർ കുഞ്ഞിനെ കൊണ്ടുപോകാനൊരുങ്ങി. അതിലുണ്ടായിരുന്ന ഒരു സ്ത്രീ സുമിത്രയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുവാനായി കൈനീട്ടി. കുഞ്ഞിന്റെ കവിളുകളിൽ മാറിമാറി ചുംബിച്ചശേഷം അവൾ കുഞ്ഞിനെ കൊടുത്തു. കുസൃതിചിരിയോടെ കുഞ്ഞ് അവളെ നോക്കി എടുക്കാൻ ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. ഇടക്കിടെ എന്തൊക്കെയോ പറയുന്നുമുണ്ട്.

എന്തായാലും അവൾക്ക് നല്ല മാറ്റമുണ്ട്... ക്ഷീണമെല്ലാം  മാറി കളിക്കാൻ തുടങ്ങിയിരിക്കുന്നു.. സുമിത്ര ആശ്വസിച്ചു.

ഡോക്ടറുടെ കയ്യൊപ്പോടുകൂടിയ ഒരു സർട്ടിഫിക്കറ്റും കുഞ്ഞിനു കൊടുക്കാനുള്ള സിറപ്പുകളും, ഭക്ഷണങ്ങളുടെ ചാർട്ടും നഴ്സ് അവരെ ഏൽപിച്ചു.

അവർ ഡോക്ടറോട് നന്ദി പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. അവരുടെ കാറുവരെ സുമിത്രയും കുഞ്ഞിനെ പരിചരിച്ചിരുന്ന സ്റ്റാഫും അനുഗമിച്ചു.

കാറിൽ കയറാൻ നേരം സുമിത്ര ഒരിക്കൽകൂടി കുഞ്ഞിനെ കൈനീട്ടി തലോടി "വാവേ.. റ്റാറ്റാ.." എന്നു പറഞ്ഞു. കുഞ്ഞിപ്പല്ലുകൾ കാട്ടി അവൾ കുടുകുടാ ചിരിച്ചു.

"മാഡം, എന്റെ നമ്പർ തരട്ടെ? ഈ കുഞ്ഞിന്റെ  ഉടമസ്ഥർ കോണ്ടാക്റ്റ് ചെയ്താൽ ഒന്നു വിളിച്ചു അറിയിക്കാമോ? ഇവൾക്ക്  പേരന്റ്സിനെ കിട്ടുന്നതുവരെ എനിക്കൊരു സമാധാനവുമുണ്ടാവില്ല.... അതുകൊണ്ടാണ്"

"അതിനെന്താ കുട്ടീ.. നമ്പർ തന്നോളൂ.. എസ്പി സർ പറഞ്ഞത് ഇന്നുതന്നെ കുട്ടിയുടെ ഫോട്ടോ മീഡിയക്കാർക്ക് അയക്കാനാണ്. സോ, ഇന്നുതന്നെ എൻക്വയറി സ്റ്റാർട്ട് ചെയ്യും. അവരുടെ കൂട്ടത്തിൽ കണ്ട മറ്റു കുട്ടികളെയും ഇന്ന് കൊണ്ടുവരും. എല്ലാ മക്കൾക്കും എത്രയും പെട്ടെന്ന് അവരുടെ രക്ഷകർത്താക്കളെ കിട്ടട്ടെ..."

"താങ്ക്യൂ മാഡം" സുമിത്ര പറഞ്ഞു. അവരുടെ കാർ ഗെയ്റ്റുകടന്ന് പോകുന്നതുവരെ സുമിത്ര നോക്കിനിന്നു. കുഞ്ഞ് തന്നെ വിട്ട് അകന്നതും പേരറിയാത്തൊരു വികാരം അവളെ മൂടി. പേറ്റുനോവ് അറിഞ്ഞിട്ടില്ലെങ്കിലും അവളിലെ മാതൃത്വം വിങ്ങി.. വെറും മണിക്കൂറുകൾ കൊണ്ട് ആ കുഞ്ഞുമായി ഇത്രയും ആത്മബന്ധം തനിക്ക് അനുഭവപ്പെടുന്നുവെങ്കിൽ, അവളെ പ്രസവിച്ച അമ്മക്ക് അവളുടെ വേർപാട് താങ്ങാനാവുന്നതെങ്ങിനെ!

എവിടെയോ ഒരു അച്ഛനുമമ്മയും തന്റെ കുഞ്ഞ് ജീവനോടെയുണ്ടോ എന്നുപോലുമറിയാതെ നീറിയുരുകുന്നുണ്ടാവാം.. അവൾ പലതും ഓർത്തുകൊണ്ട് നടന്നു.

അന്ന് രാത്രി വാർത്ത വെച്ചു നോക്കിയപ്പോൾ, തട്ടികൊണ്ടുപോയവരുടെ കയ്യിൽ നിന്നും നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചെടുത്ത കുട്ടിയെ ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്തു എന്ന വാർത്തയിൽ അവളുടെ മനസ്സുടക്കി. ഒരു വയസ്സു തോന്നിക്കുന്ന പെൺകുഞ്ഞാണെന്നു പറഞ്ഞ് ആ കുഞ്ഞുമുഖം സ്ക്രീനിൽ കാണിച്ചപ്പോൾ, അത് കുഞ്ഞിന്റെ കുടുംബവും കാണണേ എന്നവൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.

പിറ്റേന്ന് വൈകുന്നേരമാണ് അവൾക്ക് ഒരു കോൾ വന്നത്. സേവ് ചെയ്യാത്ത നമ്പർ കണ്ടപ്പോൾ അത് ശിശുക്ഷേമത്തിൽ നിന്നാവുമോ എന്ന ആകാംക്ഷയോടെ അവൾ ഹലോ പറഞ്ഞു.

"സുമിത്ര അല്ലെ?" സ്ത്രീ ശബ്ദം.

"അതെ.. ആരാ?"

"ഞാൻ അഞ്ജലി. വൈഷ്ണവിയുടെ അമ്മ."

"വൈഷ്ണവി?"

"അയ്യോ പേരു പറഞ്ഞാൽ അറിയില്ലല്ലേ സോറി. വൈഷ്ണവി.. ഞങ്ങടെ വൈശു. നിങ്ങൾ ഇന്നലെ ചൈൽഡ് കെയറിൽ ഏൽപിച്ച കുട്ടി"

അതുകേട്ടതും ആഹ്ലാദത്താൽ സുമിത്രക്ക് ശബ്ദിക്കാനായില്ല.

"മോളെ വാങ്ങാൻ ഇവിടെ വന്നപ്പോൾ ഇവിടത്തെ മേം തന്നതാണ് സുമിത്രയുടെ നമ്പർ.."

"മോളെ കൊണ്ടുപോയോ..? അവൾ സുഖമായി ഇരിക്കുന്നോ?" 

"ഇല്ല. ഇവിടെ കുറച്ചു ഫോർമാലിറ്റീസ് കൂടിയുണ്ട്. അതു കഴിഞ്ഞാൽ പോകാം.." അവളുടെ സ്വരത്തിൽതന്നെ ഉള്ളിലെ സന്തോഷം പ്രകടമായിരുന്നു... "നന്ദിയുണ്ട് ഒരുപാടു...." വിതുമ്പലോടെ അവൾ പറഞ്ഞു.

"അയ്യോ നന്ദി പറയാൻ മാത്രം ഞാനൊന്നും...."

"എസ്ഐ സർ ഉണ്ട് ഇവിടെ. എല്ലാം പറഞ്ഞു. നിങ്ങൾ കണ്ടില്ലാര്നെങ്കി എന്റെ മോള്...." പറഞ്ഞു മുഴുവിക്കാനാവാതെ അവൾ വിങ്ങിപ്പൊട്ടി. ഭർത്താവ് അവളെ ആശ്വസിപ്പിക്കുന്നതു കേൾക്കാം.. കൂടെ കൊച്ചുകാന്താരിയുടെ കലപില വർത്തമാനവും കൂക്കുവിളിയും

"അതൊന്നും ഇനി ഓർക്കണ്ട... മോളെ കിട്ടിയില്ലേ അതോർത്ത് സമാധാനിക്ക്.... അവൾ മിടുക്കിയാണ്. ഇനിയൊരിക്കലും കൈവിട്ടു കളയരുത്." സുമിത്ര പറഞ്ഞു.

"ഇല്ല... ഇനിയൊരിക്കലും...... കഴിഞ്ഞ മൂന്നാഴ്ചകൾ എങ്ങനെ തള്ളിനീക്കി എന്നു ഞങ്ങൾക്കറിയില്ലാ..... ഒന്നരവയസ്സ് കഴിഞ്ഞു ഇവൾക്ക്... ഇപ്പോൾ കണ്ടാൽ...... സാരമില്ല ഒത്തിരി ക്ഷീണിച്ചാലും ജീവന് ആപത്തില്ലാതെ ദൈവം തിരിച്ചുതന്നല്ലൊ" അവൾ കുഞ്ഞിനെ ചുംബനംകൊണ്ട് മൂടുന്ന ശബ്ദം സുമിത്രക്ക് കേൾക്കാമായിരുന്നു. കൂടെ കുഞ്ഞുവൈശൂന്റെ കുടുകുടാ ചിരിയും.

കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന അവളുടെ മുഖം സുമിത്ര മനസ്സിൽകണ്ടു. അവളുടെ മുഖത്തും പുഞ്ചിരി വിടർന്നു.

"നിങ്ങളുടെ വീട്?"

"ഞങ്ങൾ പാലക്കാട്ടുകാരാണ്. അവിടന്നിവിടം വരെയെത്തി ഞങ്ങടെ വൈശു..." അവളുടെ സ്വരമിടറി.

"ഹലോ സുമിത്രാ, ഞാൻ വൈഷ്ണവിയുടെ അച്ഛനാണ്. ഞങ്ങൾക്ക് നിങ്ങളെയൊന്ന് നേരിട്ട് കാണണമെന്നുണ്ട്. ഇപ്പോൾ എവിടെവിടെയാണെന്നു പറഞ്ഞാൽ.."

"അതിനെന്താ വരൂ. എനിക്ക് മോളെ ഒരിക്കൽകൂടി കാണാലോ" അവൻ ചോദിച്ചു മുഴുവിക്കുന്നതിനു മുൻപേ സുമിത്ര പറഞ്ഞു.

"ഇവിടന്നിറങ്ങിയാൽ ഒന്നുകൂടി വിളിക്കാം. അഡ്രസ് മെസജയച്ചിട്ടേക്ക്"

അവൾ ഓഫീസിനടുത്തുള്ള കഫെയുടെ അഡ്രസ് അയച്ചുകൊടുത്തു.

അന്നു വൈകുന്നേരം അവർ കണ്ടുമുട്ടി.

പിങ്ക് ഉടുപ്പിനാൽ മൂടിയ കുഞ്ഞുവൈശു ശരിക്കും മാലാഖയെപോലെ തോന്നിച്ചു. അമ്മയുടെ തോളിൽ തലചായ്ച്ചു കിടന്നിരുന്ന അവളെ സുമിത്രയെ കാണിച്ചതും ഉച്ചത്തിൽ ചിരിച്ചുകൊണ്ട് എടുക്കാനായി കയ്യെടുത്തിട്ടു.

സുമിത്ര അവളെയെടുത്ത് നെറുകിൽ ചുംബിച്ചു.

"ഇന്നലത്തെ പോലെയല്ല.. മോൾക്ക് നല്ല മാറ്റമുണ്ട്. സുന്ദരിമോള് മിടുമിടുക്കിയായി" അവൾ കുഞ്ഞിന്റെ മുഖത്ത് കവിൾ ചേർത്ത് പറഞ്ഞു.

"സുമിത്രയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല." നിറകണ്ണുകളോടെ അഞ്ചലി പറഞ്ഞു തുടങ്ങി..

"ജീവിതകാലം മുഴുവൻ ഈ നന്മക്കു മുന്പിൽ ഞങ്ങൾ കടപ്പെട്ടിരിക്കും." ഭാര്യയുടെ വാക്കുകൾ അവൻ പൂർത്തിയാക്കി.

"എന്തു തന്നാലും ഞങ്ങൾടെ മോളെ തിരിച്ചു കിട്ടിയതിനു പകരമാവില്ല. സത്യം പറഞ്ഞാൽ ഇവളെകൂടാതെ ഒരു ജീവിതം ഞങ്ങൾക്കിനി വേണ്ട എന്നുതന്നെ തീരുമാനിച്ച ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്." അവന്റെ സ്വരമിടറി.

"ഈ മൂന്നാഴ്ചകളും മൂന്നു വർഷം പോലെ തോന്നിച്ചു. മോളെ കിട്ടണേ എന്ന പ്രാർത്ഥനയിലും പ്രതീക്ഷയിലും തള്ളി നീക്കിയ ദിവസങ്ങൾ...” നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"വീടിന്റെ സിറ്റൗട്ടിലിരുന്ന് കളിക്കുന്ന ഇവൾക്ക് ചോറുവാരി കൊടുക്കുകയായിരുന്നു ഞാൻ. ഇടക്ക് വെള്ളം ചോദിച്ചപ്പോൾ മോൾടെ വെള്ളംകുപ്പി കാണാഞ്ഞ് അകത്തേക്ക് തിരഞ്ഞുപോയതാ.. ആ ഒരു മിനുറ്റിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു” അവൾക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല.

"വേണ്ട ഇനി കരയണ്ട. അതൊക്കെ മറന്നേക്കൂ.. ഒന്നും പറ്റാതെ മോളെ കിട്ടിയില്ലേ.. മഹാഭാഗ്യമാണത്" സുമിത്ര കണ്ണീർ തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.

"ഇതാ ഇതു വാങ്ങണം. ഞങ്ങൾടെ ഒരു സന്തോഷത്തിനാണ്. പ്ലീസ്.." ഒരു ബ്ലാങ്ക് ചെക്ക് സുമിത്രക്കുനേരെ നീട്ടി അവൻ പറഞ്ഞു.

സുമിത്ര എന്താണിത്? എന്ന ചോദ്യഭാവത്തിൽ അഞ്ചലിയെ നോക്കി.

"വാങ്ങൂ സുമിത്രാ.. ചെയ്ത പുണ്യത്തിന് വിലയിടാനാവില്ലെന്നറിയാം. എന്നാലും ഞങ്ങളുടെ ഒരു സന്തോഷത്തിന്.."

"നിങ്ങൾ വിളിച്ചപ്പോൾ ഞാൻ വന്നത് ഈ മോളെ ഒരിക്കൽകൂടി കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്. എനിക്കിത് സ്വീകരിക്കാനാവില്ല. ഇവളുടെ മുഖത്ത് ഇപ്പോഴുള്ള ഈ പുഞ്ചിരിതന്നെയാണ് നിങ്ങളെനിക്ക് തന്ന സമ്മാനം. അത് എന്നെന്നും കാത്തുസൂക്ഷിക്കണം. ഇനിയാരും കവർന്നെടുക്കാൻ ഇടവരുത്തരുത്" നിറഞ്ഞ മനസ്സോടെ അവൾ പറഞ്ഞു.

"ശരി.. പണം വേണ്ടെങ്കിൽ വേണ്ട. മറ്റെന്തെങ്കിലും സഹായം... ഞങ്ങളെകൊണ്ട് കഴിയുന്നതെന്തും ചെയ്തുതരാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ"

"അങ്ങനെയാണെങ്കിൽ നിങ്ങളെകൊണ്ട് കഴിയുന്ന ഒരു എമൗണ്ട് ആ ശിശുസംരക്ഷണ സംഘടനയിലേക്ക് സംഭാവന ചെയ്യണം. ഇതുപോലെ കണ്ടുകിട്ടുന്ന ഓരോ കുഞ്ഞിനെയും എത്രയോ കരുതലോടെയാണ് അവർ പരിപാലിക്കുന്നത്. നിങ്ങളെപോലുള്ള സുമനസുകളുടെ കാരുണ്യം അവിടെയുള്ള കുട്ടികൾക്ക് ഒരുപാടു സഹായമാകും."

"തീർച്ചയായും. ഇന്നുതന്നെ ചെയ്തേക്കാം." അവർ സന്തോഷത്തോടെ പറഞ്ഞു.

"ഇനിയെന്നെങ്കിലും നമുക്കു കാണാം കൊച്ചുമിടുക്കീ.." കുഞ്ഞിനെ ഒരിക്കൽകൂടി ചുംബിച്ചശേഷം അവൾ തിരികെനൽകി..

"ഇനിയും കാണാം.. ഞങ്ങൾ ഇടക്കിടെ വിളിക്കാം. കീപ് ഇൻ ടച്ച്" അഞ്ചലി സുമിത്രയുടെ കൈകൾ പിടിച്ചുകൊണ്ട് പറഞ്ഞു.

"ശുവർ." അവൾ പോകാനായി എഴുന്നേറ്റ് അവരോട് യാത്ര പറഞ്ഞു.

"മോളേ ആന്റിക്ക് റ്റാറ്റാ പറ" എന്ന് അമ്മ പറഞ്ഞപ്പോൾ "റ്റാറ്റാ മ്മാ റ്റാറ്റാ.." അവൾ ചിരിച്ചുകൊണ്ട് കുഞ്ഞികൈകൾ വീശിക്കാണിച്ച് പറഞ്ഞുകൊണ്ടിരുന്നു..

ആ കൈകൾ കൂട്ടിപിടിച്ച് ചുണ്ടോടടുപ്പിച്ച ശേഷം സുമിത്ര നടന്നകന്നു..

ഉള്ളിലെ ആത്മസംതൃപ്തി അവളുടെ മിഴികളും മനസ്സും ഒരുപോലെ നിറച്ചു. താൻ ജീവിതത്തിൽ ആദ്യമായി ചെയ്ത പുണ്യം! ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് അവൾ ദൈവത്തിനു നന്ദി പറഞ്ഞു.

പിറ്റേന്ന് പത്രത്തിലൂടെയാണ് കേസിന്റെ വിശദാംശങ്ങളെല്ലാം അവളറിയുന്നത്..

തമിഴ്നാട്ടിലെ തേനിയിലെ ഒരുൾഗ്രാമമാണ് മോഷണവും, കുട്ടികളെ തട്ടികൊണ്ടുപോവലും സ്ഥിരംതൊഴിലായി കൈകൊണ്ടുവരുന്ന അനേകം സംഘങ്ങളുടെ സ്ഥിരതാവളം. തട്ടികൊണ്ടുവരുന്ന കുട്ടികളെ വിദേശത്തേക്കു കയറ്റിയയക്കുന്ന മാഫിയയും ഇവരുടെ തലപ്പത്തുണ്ട്. വെണ്ണിയും മുരുകനുമെല്ലാം ഈ വമ്പൻ റാക്കറ്റിലെ ചെറിയ കണ്ണികൾ മാത്രം. തമിഴ്നാട് സർക്കാരുമായി കൂടിച്ചേർന്ന് വിപുലമായൊരു അന്വേഷണത്തിന് പദ്ധതിയിട്ടിരിക്കുകയാണ് കേരള പോലീസ്.

പാലക്കാടുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നര വയസുകാരിയുൾപെടെ മൂന്നു കുട്ടികളെയാണ് കൊച്ചിയിൽ വിവിധ ഇടങ്ങളിലായി ഇവരോടൊപ്പം കണ്ടുകിട്ടിയത്. ഇതിൽ ഒരു കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടമാക്കിയതുമൂലം ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടികളെയും പല ജില്ലകളിൽ നിന്നുമായാണ് കടത്തുന്നത്. കൊച്ചിയിലെ ചേരികൾ ആസ്പദമാക്കിയുള്ള അന്വേഷണത്തിനൊടുവിൽ കേരളത്തിലുള്ള ഇവരുടെ മുഴുവൻ സംഘത്തെയും അറസ്റ്റുചെയ്ത് ചോദ്യം ചെയ്ത് വരുന്നു. ആക്രിസാധനങ്ങൾ ശേഖരിക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളിലെത്തുന്നത്. വീട്ടുകാരുടെ അഭാവം ശ്രദ്ധയിൽ പെടുമ്പോളാണ് കുട്ടികളെ ക്ലൊറോഫോം മണപ്പിച്ചും കൗതുക വസ്തുക്കൾ കാണിച്ചും എടുത്തുകൊണ്ട് പോകുന്നത്. പ്രധാനമായും സ്ത്രീകളാണ് ഈ സംഘങ്ങളിലുള്ളത്. കുട്ടികളെയെടുത്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തുമ്പോൾ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിമാറ്റി ദേഹത്ത് കരി തേച്ചു രൂപമാറ്റങ്ങൾ വരുത്തും. അഴുക്കും ഭക്ഷ്യാവശിഷ്ടങ്ങളുമെല്ലാം കുട്ടികളുടെ ദേഹത്തു തേച്ച് വൃത്തിഹീനമാക്കിയാണ് ഇവർ കൊണ്ടുനടക്കുന്നത്. അതിനാൽതന്നെ ഇവരോടൊപ്പം കാണപ്പെടുന്ന കുട്ടികളെ ആളുകൾ ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. പകൽ സമയങ്ങളിൽ കുട്ടികൾക്ക് ഇവർ  ആഹാരം നൽകാറില്ല കള്ളോ ചാരായമോ കുടിപ്പിക്കും. അക്കാരണത്താൽ പാതിമയക്കത്തിൽ വീഴുന്ന കുട്ടികളെ കൊണ്ടുനടന്നാണ് ഭിക്ഷാടനവും ട്രാഫിക്കിൽ ചില്ലറ വില്പനകളും. കുഞ്ഞുങ്ങളെ കാണുമ്പോൾ സഹതാപം തോന്നുന്നതിനാൽ എല്ലാവരും കൂടുതൽ കാശ് കൊടുക്കുന്നു എന്നതാണ് ഇതിനു കാരണം. ഇങ്ങനെ കൊണ്ടുനടക്കുന്ന കുഞ്ഞുങ്ങൾ ചിലപ്പോൾ അമിതമായി ലഹരി അകത്തു ചെന്നതിനാൽ മരിച്ചുപോയിരിക്കാം..  ഉറങ്ങുകയാണെന്നേ കാണുന്നവർക്ക് തോന്നൂ. ഇത്തരത്തിൽ ജീവൻ പൊലിയുന്ന ശിശുക്കളെ ആളൊഴിഞ്ഞ പറമ്പുകളിൽ സംസ്കരിക്കും. ആ ഇടങ്ങൾ എവിടെയാണെന്നു പോലും അന്യസംസ്ഥാനക്കാരായ ഇവർക്ക് കൃത്യമായി നിശ്ചയമില്ലാത്തത് അന്വേഷണം ശ്രമകരമാക്കുന്നു.

മുതിർന്ന കുട്ടികളെ, പ്രത്യേകിച്ചും പെൺകുട്ടികളെ നാട്ടിലേക്ക് പോകുന്ന സംഘത്തോടൊപ്പം അയക്കുകയാണ് പതിവ്. ബാലവേലക്കായും ലൈംഗിക തൊഴിലിടങ്ങളിലേക്കുമെല്ലാം അവർ എത്തിപ്പെടുന്നു. ചെറിയ കുട്ടികളെ മുടി നീട്ടി വളർത്തിയും മൊട്ടയടിച്ചുമെല്ലാം രൂപമാറ്റം വരുത്തിയാൽ കുട്ടിയെ മുൻപ് കണ്ടിട്ടുള്ളവരാണെങ്കിൽ പോലും പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല എന്നത് ഇവർക്ക് ആത്മവിശ്വാസമേകുന്നു. ഭിക്ഷാടനത്തിനും മാലിന്യം ശേഖരിക്കാനുമെല്ലാം നടക്കുന്നവരുടെ കൂടെ സംശയാസ്പദമായ രീതികളിൽ കുട്ടികളെ കണ്ടാൽ ഉടൻ പൊലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുക. കുട്ടികൾ അവരുടേതാണെങ്കിൽ പോലും ചൈൽഡ് ലൈനിൽ അറിയിക്കുക.. കാരണം കുട്ടികളെകൊണ്ട് ഭിക്ഷാടനം, ബാലവേല മുതലായവ ചെയ്യിപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. ഇത്തരം സന്ദർഭങ്ങളിൽ മടിച്ചു നിൽക്കാതെ പ്രതികരിക്കുക. ഒരുപക്ഷെ നമ്മുടെ ചെറിയ ഒരു കരുതൽ മതി മറ്റൊരു ജീവനോ ജീവിതമോ രക്ഷപ്പെടാൻ…  മനുഷ്യത്വം, സാമൂഹിക പ്രതിബദ്ധത എന്നീ പദങ്ങളെല്ലാം അർത്ഥവത്താവുന്നത് അങ്ങനെയാണ്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ ചെറിയ കോളങ്ങളിൽ 'കാൺമാനില്ല' എന്ന തലക്കെട്ടോടെ ഒതുങ്ങിപോകുന്ന ഓരോ നിഷ്കളങ്ക മുഖങ്ങൾക്കു പിന്നിലും അവർക്കായി മരിച്ചുജീവിക്കുന്ന അച്ഛനമ്മമാരുടെ പ്രതീക്ഷയുണ്ട്. പ്രാർത്ഥനയുണ്ട്…

ഫീച്ചർ വായിച്ച് മുഴുവിക്കാനാവാതെ അവൾ ചിന്തയിലാണ്ടു.. തീരാനഷ്ടങ്ങൾ എന്ന ധാരണയിൽ താൻ വിശ്വസിച്ചുപോന്നതൊന്നും യഥാർത്ഥത്തിൽ നഷ്ടങ്ങളേ ആയിരുന്നില്ല എന്ന തിരിച്ചറിവ് അവളെ അസ്വസ്ഥയാക്കി. കുടുംബവും ബാല്യവുമെല്ലാം കവർന്നെടുക്കപ്പെട്ട കുറേ പിഞ്ചോമന മുഖങ്ങളായിരുന്നു അപ്പോൾ അവളുടെ മനസ്സുനിറയെ. 

നിത്യജീവിതത്തിൽ പലപ്പോഴും കണ്ടുമറയുന്ന കുഞ്ഞുമുഖങ്ങളിൽ ചിലത് ആ മാലാഖമാരുടെയാവാം.. മോഷ്ടിക്കപ്പെട്ട കുഞ്ഞുമാലാഖമാരുടെ. ജീവിതത്തിന്റെ വർണങ്ങൾ നഷ്ടമായ കുരുന്നുകളുടെ…

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}