ADVERTISEMENT

 പ്രാണനും പ്രണയത്തിനുമിടയിൽ (കഥ)

 

ശിശിരഋതു   ഇലകൾ നുള്ളിയെടുത്തു നഗ്നയാക്കിയ മരച്ചില്ലകൾക്ക്,  സ്വാന്തനം പകർന്ന മഞ്ഞിന്റെ നേർത്ത കരങ്ങളെ തഴുകി വന്ന  പുലർ കാറ്റ്,  ചിത്തിരത്തോടിന്റെ ഓരം ചേർന്നു നടക്കുന്ന ദേവികയെ പുണർന്നു സ്നേഹ സ്നിഗ്ദതയേകി. ഹൃദയഹാരിയായ കൈതപ്പൂമണവുമായി   വീണ്ടും  വന്ന കാറ്റ്  അവളിലെ   ഓർമ്മച്ചില്ലകളെ പതുക്കെ ഇളക്കി.

 

തോട്ടിൻ വരമ്പത്ത് വേരുകൾ ഊന്നി നിൽക്കുന്ന കൈതച്ചെടികളുടെ  ഇലകൾക്കിടയിൽ   വിടര്‍ന്നു  നിൽക്കുന്ന ഒരു കുല പൂക്കളെ  ശ്രദ്ധയോടെ,    അടർത്തിയെടുത്തു  മുന്നോട്ട് നീങ്ങിയതും  സാരിയിൽ ആരോ പിടിച്ചതു പോലെ തോന്നി ദേവികയ്ക്ക്.

 "അമ്മാ,  മുള്ളരികുകളുള്ള ഇലകളാൽ എത്ര കരുതലോടെയാണ് കൈതച്ചെടികൾ,  സുന്ദരി പൂക്കളെ ,   ആരും കാണാതെ പൊതിഞ്ഞു വെച്ചിരിക്കുന്നത് , അല്ലേ?"  വേദ മോളുടെ ശബ്ദം,

ദേവിക തിരിഞ്ഞു നോക്കി.  സങ്കടത്തോടെ കൈത മുള്ളുകളിൽ കുരുങ്ങിയിരിക്കുന്ന സാരിയെ അവൾ നിവർത്തിയെടുത്തു.

 

"കൈതയിലകൾ  സുവർണ്ണ പൂക്കളെ സംരക്ഷിക്കുന്നത് പോലെ എന്റെ സുന്ദരി കുട്ടിയെ സംരക്ഷിക്കാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ല"

 മനസ്സിൽ പറഞ്ഞു കൊണ്ട് കൈതപൂക്കളെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ നെഞ്ചോടമർത്തിപ്പിടിച്ചു.

 

ക്ഷേത്രപൂജകളിൽ അയിത്തം കല്പിച്ചകറ്റിയ  കൈതപ്പൂക്കളോട്  വേദ യ്ക്ക് വല്യ ഇഷ്ടമായിരുന്നു. അലമാരയിലെ വസ്ത്രങ്ങൾക്കിടയിൽ അവൾ കൈത പൂക്കൾ സൂക്ഷിച്ചു വെക്കുമായിരുന്നു. വേദ മോളുടെ ഓർമ്മ ഗന്ധത്തിൽ അലിഞ്ഞ് ദേവിക നടന്നു.

 

തോട്ട് വരമ്പിൽ നിന്നും ചെമ്മൺ പാത മുറിച്ചുകടന്ന് പച്ചപ്പ്  നിറഞ്ഞ നീണ്ട വയൽ വരമ്പിലൂടെ വേഗം  നടന്നു.  വരമ്പിലെ കാക്കപ്പൂക്കൾ  കുളിർക്കാറ്റിന്റെ ചുംബനത്തെ പേടിച്ച്  തലയിളക്കി കണ്ണുകളടച്ചു നിൽക്കുന്നുണ്ടായിരുന്നു.

 

ദേവിക അമ്പലനടയിലൂടെ ശ്രീകോവിലുനുള്ളിൽ കയറി. ദേവിയെ തൊഴുതു. പുഷ്പാഞ്ജലി ശീട്ട് ചന്ദനം  മണക്കുന്ന തൃപ്പടിയിൽ   വെച്ചു. 

നമ്പൂതിരി കൈ നീട്ടി ശീട്ട് എടുക്കാൻ നോക്കിയതും  പെട്ടെന്നു വന്ന കാറ്റിൽ അത് പറന്നു പോയി.ഭസ്മ തട്ടിൽ കത്തിനിന്ന കർപ്പൂരം   കണ്ണടച്ചു കറുത്ത  ധൂപങ്ങളെ നിശ്വസിച്ചു.

  അരുതാത്തതെന്തോ സംഭവിച്ചത് പോലെ ദേവികയുടെ മുഖം വിളറി. മച്ചിലെ കറങ്ങാൻ തുടങ്ങിയ ഫാനിൽ നോക്കി ചിരിച്ചു കൊണ്ട് നമ്പൂതിരി പറഞ്ഞു

 " ശീട്ട് ഒന്നും വേണ്ട. സനന്ദ്, . ഉത്രാടം നക്ഷത്രമല്ലേ.   ഏറെ പരിചയമായി  പേരും നക്ഷത്രവും. ഇന്ന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?"

വിളറിയ  ചിരി ഉത്തരമായി നൽകി  പ്രസാദവും വാങ്ങി അവൾ  തിരച്ചു നടന്നു 

 

അമ്പലത്തിനു മുകളിൽ   കാത്തു  നിന്ന നേർത്തു നരച്ച മേഘക്കൂട്ടങ്ങളോടെപ്പം  ദേവിക വീട്ടിലേക്ക് തിരിച്ചു നടന്നു.

                         *******

ദേവികയെ കണ്ടതും വീടിന്റെ ഉമ്മറത്തിണ്ണയിലിരുന്ന ആനന്ദൻ എഴുന്നേറ്റു .

" ഏട്ടത്തിയമ്മ വന്നിട്ടിറങ്ങാം എന്ന് കരുതിയതാണ്. അമ്മയും  കൂടെ വരുന്നുണ്ട്. "

ദേവിക  ഒന്നും പറയാതെ ,  ചന്ദനം ലക്ഷമി  അമ്മയുടെ നെറ്റിയിൽ തൊട്ടു കൊടുത്തു .

"അവനെ ഇങ്ങോട്ട് കൊണ്ടു വന്നു വാഴ്ത്തിക്കാനുള്ള  നിങ്ങളുടെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല എന്നറിയാം.  പക്ഷേ അമ്മയ്ക്ക് ഈ വീട്ടിൽ അവനോടൊപ്പം കഴിയാൻ ബുദ്ധിമുട്ടുണ്ട്."

ലക്ഷ്മി അമ്മ സങ്കടത്തോടെ ദേവികയെ നോക്കി.

"മോളെ ഇവിടുന്ന്  പോകുന്നതിൽ വിഷമമുണ്ട്. പക്ഷേ അവന്റെ കൂടെ,  അമ്മയ്ക്ക് ആവില്ല"

ആനന്ദൻ ബാഗുമായി മുറ്റത്തിറങ്ങി പിന്നാലെ കണ്ണുതുടച്ചു കൊണ്ട് ലക്ഷമി അമ്മയും.

 

ഭർത്താവിന്റെ അമ്മയും അനുജനും കണ്ണിൽ നിന്ന് മറഞ്ഞതിനു ശേഷം, വിഷാദത്തോടെ അവൾ

അടുക്കളയിലേക്ക് നടന്നു. കഞ്ഞിയും ചെറുപയറും വേഗത്തിൽ പാത്രത്തിലാക്കി  കിഴക്കേ മുറിയിലേക്ക് നടന്നു

 

 കിടക്കയിൽ കിടക്കുന്ന അശോകനെ താങ്ങി എഴുന്നേൽപ്പിച്ച്  ചുമരിൽ  ചാരിയിരുത്തി.   മുഖത്ത് ഊറിക്കൂടിയ വിയർപ്പു തുള്ളികൾ  സാരിത്തുമ്പ് കൊണ്ട് തുടച്ചു.  ശ്രദ്ധയോടെ കഞ്ഞി കോരി കൊടുത്തു. ചുണ്ടിലൂടെ പുറത്തേക്ക് തൂവിയ കഞ്ഞി ഇടുതു കൈ കൊണ്ട് തുടച്ചു.

 

"ചേട്ടാ, കിടക്കയിൽ കിടത്തട്ടെ , എത്ര നേരമാ ഇങ്ങിനെ ഇരിക്കാ? "

അശോകൻ വേണ്ട എന്ന തലയാട്ടി

" ഞാൻ പോയ് വരാം.  8 മണിക്കാണ് പാസ്സഞ്ചർ ട്രെയിൻ  " 

  സ്നേഹത്തോടെ  ഭർത്താവിനെ ഒന്നു കൂടി നോക്കി ദേവിക  വീട്ടിൽ നിന്നിറങ്ങി.

 

റെയിൽവേ സ്റ്റേഷനിൽ അന്ന് പതിവിലും വിപരീതമായി തിരക്കില്ലായിരുന്നു. 

 എൻഞ്ചിൻ  വന്നു നിൽക്കുന്ന ഭാഗത്തുള്ള  കാലിയായ കോൺക്രീറ്റ് ബെഞ്ചിൽ  പിന്നോട്ട് ചാരിയിരുന്നു കണ്ണുകളടച്ചു. 

 

 പാദസ്വര കിലുക്കം കേട്ടപ്പോഴാണ് കണ്ണു തുറന്നത്.  റെയിലിന് പടിഞ്ഞാറ് ഭാഗത്തുള്ള

ശാരദ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ആണ്. നീലയും വെള്ളയും യൂണിഫോമിൽ നടന്നു പോകുന്ന പെൺകുട്ടികളുടെ പാദസ്വരത്തെ പിൻതുടർന്നു പോയ ദേവികയുടെ കണ്ണുകൾ ഭൂതകാല ജാലകത്തിലൂടെ എട്ടു വർഷത്തിനു മുമ്പുള്ള ശാരദാ മെമ്മോറിയൽ സ്കൂളിന്റെ മുറ്റത്തെത്തി

 

എട്ടു വർഷം മുമ്പ് , ശരിക്കും പറഞ്ഞാൽ 24.3.2012 തിങ്കളാഴ്ച്ച  ആനന്ദനോടൊപ്പം സ്കൂൾ മുറ്റത്തെ ഗാർഡനിൽ പന്തലിച്ചു നിൽക്കുന്ന  അലസി മരച്ചോട്ടിലേക്ക് നടക്കുമ്പോൾ പ്രകൃതി നിശബ്ദമായിരുന്നു. 

കാലുകൾ മണ്ണിൽ ഒട്ടിപ്പോയ , നാവുകളറ്റു പോയ , കണ്ണുകൾ ചലിക്കാത്ത  കുറേ മനുഷ്യർ  മരച്ചോട്ടിൽ   നിൽക്കുന്നു.

ദേവികയെ കണ്ടതും  ആ നിശ്ചല  രൂപങ്ങൾ ഒരേ താളത്തിൽ മാറി നിന്നു .

 രക്തം പുരണ്ട അലസിപ്പൂ വിരിച്ച മെത്തയിൽ  വേദ  ഉറങ്ങുന്നു. വെളുത്ത ചുരിദാറിന്റ ടോപ്പിന്റെ  നിറത്തിന് പരിണാമം സംഭവിച്ചിരിക്കുന്നു ശുഭ്രതയിൽ നിന്ന് കടും ചുവപ്പിലേക്ക് .

 

ചുറ്റം കൂടി നിൽക്കുന്ന രൂപങ്ങളെ ദേവിക തിരിച്ചറിഞ്ഞില്ല.

വാവിട്ട് നിലവിളിക്കാനോ , വേദ മോളെ വാരിയെടുക്കുവാനോ ആവാതെ പാദത്തിൽ നിന്ന് തലയിലേക്ക് ഇരച്ചു കയറുന്ന മരവിപ്പ് ,  ഒരു തരം നിസ്സംഗത ദേവികയിൽ സൃഷ്ടിച്ചു.

കുനിഞ്ഞിരുന്നു  ദേവിക  വേദയോട് ചോദിച്ചു

"പോവാം മോളെ , അച്ഛന് മരുന്നു കൊടുക്കേണ്ടേ ? "

 

അപ്പോഴാണ് ദേവികയുടെ നോട്ടം  നാലഞ്ച് ആളുകൾ പിടിച്ചു നിൽക്കുന്ന ആ രൂപത്തിൽ പതിഞ്ഞത്.  കൈയ്യിൽ  ചോര ഉണങ്ങിയ കത്രികയും ചോരപൂക്കളം തീർത്ത ഷർട്ടുമായി അന്നു മനസ്സിൽ ഉറഞ്ഞു പോയ  ആ രൂപം വീണ്ടും

മനസ്സിന്റെ പാളിയിൽ   തെളിഞ്ഞു വരുമ്പോഴാണ് തീവണ്ടിയുടെ  ചൂളം വിളി അവളെ ഞെട്ടിച്ചത്.

 

ദേവിക ബെഞ്ചിൽ നിന്ന്  വേഗം എഴുന്നേറ്റു 

ട്രെയിനിനിറങ്ങി പകച്ചു നിൽക്കുന്ന ആളുടെ അടുത്തെത്തി.

"സനന്ദ് "

അയാൾ  മൂകതയോടെ ദേവികയുടെ മുഖത്തേക്ക് നോക്കി.

"നമുക്ക് പോകാം അല്ലേ "

ദേവികയുടെ പിന്നാലെ അവൻ നടന്നു.

 

ഞെരുക്കത്തോടെ ട്രെയിൻ നീങ്ങിയതിനു ശേഷം ട്രാക്കു കൾക്കപ്പുറം കാണുന്ന സ്കൂളിനെ നോക്കാതിരിക്കാൻ സനന്ദ് ശ്രമിക്കുന്നുണ്ടായിരുന്നു. 

 

സനന്ദിനെയും കൂട്ടി നിത്യ പരിചിതമായ ഇടവഴികളിലൂടെ നടക്കുമ്പോൾ അനുഭവിച്ച  അപരിചിതത്വത്തിൽ  ചോദിക്കാൻ കരുതി വെച്ച വാക്കുകൾ നഷ്ടമായി.

 

 വീട്ടിലേക്ക് കയറുമ്പോൾ ,  ദേവിക  അവന്റെ കൈയ്യിലുള്ള  ബാഗ് വാങ്ങി വെച്ചു.

 

ദേവിക, തെക്ക്  ഭാഗത്തുള്ള ചാരിയട്ടിരിക്കുന്ന മുറി  തുറന്നു കൊണ്ട് പറഞ്ഞു

" വേദ  മോളുടെ മുറിയാണ് .ആരും ഉപയോഗിക്കാറില്ല. ഞാൻ ദിവസവും തുടച്ച് വൃത്തിയാക്കി വെക്കും "

 

സനന്ദിന്റെ മുഖം വിവർണ്ണമായി അവൻ ഒന്നു പിറകോട്ട് നീങ്ങിനിന്നു

"മോൻ വിശ്രമിച്ചോളൂ. അപ്പോഴേക്കും അമ്മ  ഊണ് തയ്യാറാക്കാം"

 

അവൻ വീണ്ടും അവിശ്വസനീയതോടെ ദേവികയെ നോക്കി "അമ്മ" എന്നുള്ള വിളി അവനെ എവിടെയോ കുത്തി നോവിച്ചത് പോലെ.

 

സനന്ദ്  മുറിയിലേക്ക് കടന്നു. അടുക്കും ചിട്ടയോടും വെച്ചിരിക്കുന്ന ഒരു കൊച്ചു മുറി. കൈതപ്പൂവിന്റെ നറു ഗന്ധം മുറിയിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

 

മുറിയുടെ ഇടത് ഭാഗത്തുള്ള മരമേശയിൽ പുസ്തകങ്ങൾ  അടുക്കി വെച്ചിരുക്കുന്നു. ചുമരിൽ ഫിസിക്സ് സൂത്രവാക്യങ്ങളും രസതന്ത്രത്തിലെ ആവർത്തന പ്പട്ടികയും  വൃത്തിയിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. 

 

 അതിനു താഴെയായി ചുവന്ന മഷിയിൽ "ഡോ: വേദ അശോക്, M.B.B.S എന്ന്  എഴുതി വെച്ചത് വായിച്ചപ്പോൾ സനന്ദിന്റെ തൊണ്ടയിൽ  വാക്കുകൾ ഒച്ചയില്ലാതെ കുരുങ്ങി നിന്നു .

 

   തളർച്ചയോടെ അവൻ കട്ടിലിൽ വന്നിരുന്നു. പിന്നെ പതുക്കെ കണ്ണുകളടച്ചു കിടന്നു. മുറിയിലുള്ള  കാഴ്ചകൾ   അരിച്ചിറങ്ങി മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ അടയ്ക്കാൻ പറ്റുന്നില്ല. ഉറക്കം നഷ്ടമായ ജയിൽ ദിനങ്ങളിൽ ചെയ്യുന്നതു പോലെ ബലം പ്രയോഗിച്ച് കണ്ണുകൾ ഇറുകെ അടച്ചു.

 

കുറ്റബോധത്തിന്റെ നെരിപ്പോടിൽ ഉരുകിയൊലിച്ച ഓർമ്മയുടെ ഒഴുക്കിൽ,  മനസ്സിൽ തട്ടി നിന്ന കരിയിലകൾ    പതുക്കെ  പിന്നിലേക്ക് തെന്നി നീങ്ങി.

 

ഒന്നാം വർഷ പ്ലസ് ടു  രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ വായിച്ചതിനു ശേഷം പേപ്പർ ഡെസ്ക്കിനു മുകളിൽ നിരാശയോടെ നിക്ഷേപിച്ച്, പരീക്ഷ ഹാളിന്റെ  കുമ്മായപ്പാളികൾക്കിടയിലെ   മങ്ങിയ ചിത്രങ്ങളിൽ  കണ്ണുകളെ മേയാൻ വിടട്, സനന്ദ്  വെറുതെ ഇരുന്നു.  വലതു ഭാഗത്ത് പിന്നിലിരിക്കുന്ന ശരത്തും നിർമ്മലും അവന്റെ  നിസ്സംഗ ഭാവത്തോട് ഐക്യഭാവം പ്രകടിപ്പിച്ചു.

 

മുന്നിലെ  ബെഞ്ചിലിരുന്നു,  അഡീഷ്ണൽ ഷീറ്റ്  വാരിക്കൂട്ടുന്ന പത്രാസുകാരിയുടെ പേപ്പറിലേക്ക് ഒളികണ്ണിട്ടു നോക്കി. ഉത്തരങ്ങൾ വ്യക്തമായതോടെ  സനന്ദിന്റെ ഉത്തര ക്കടലാസിൽ മഷി പുരളാൻ തുടങ്ങി. 

ആവിശ്യത്തിനുള്ളത് വേഗം  നോക്കി എഴുതി  ഉത്തര പേപ്പർ ടീച്ചറിനെ ഏല്പിച്ച്  ഹാളിന് പുറത്തിറങ്ങി.

 

"അളിയാ,  നീ രക്ഷപ്പെട്ടു അല്ലേ?"

സനന്ദിന്റെ പിന്നിൽ തട്ടി ശരത്ത് ചോദിച്ചു.

" നിനക്കറിയാമോ,  വേദ ഉത്തരങ്ങൾ അങ്ങിനെ   ആർക്കും കാണിച്ചു കൊടുക്കില്ല. അവൾക്ക്

നിന്നോടെന്തോ ഒരു മമതയുണ്ട്  " 

 

നഗരത്തിലെ സ്കൂളിൽ ചില വികൃതികൾ ഒപ്പിച്ചു വെച്ചതിന്റെ ഫലമായിട്ടാണ് സനന്ദ് ഇവിടെ പുതിയ അഡ്മിഷൻ എടുത്തത്. ഒറ്റക്ക് താമസിക്കുന്ന  പേരമ്മക്ക് ഒരു കൂട്ടും. 

 

പിന്നീട്, ഒരു ദിവസം,  സ്കൂൾ വിട്ട സമയത്ത് മഴപ്പെരുക്കത്തോടെ, പെയ്തിറങ്ങിയ പെരുമഴയിൽ, 

പുസ്തകം  ഷർട്ടിനുള്ളിലാക്കി മാവിൻ ചുവട്ടിൽ നിൽക്കുമ്പോൾ, അതിലേ കടന്നുവന്ന വേദ,  അവളുടെ

കൊച്ചു കുടക്കീഴിൽ സനന്ദിന് ഇടം നൽകിയതും , അവളുടെ കൈതപ്പൂമണത്തിൽ വാക്കുകൾ നഷ്ടപ്പെട്ട്  നടന്ന് പോയതും

 അവന്റെ മനസ്സിലൂടെ കടന്നു പോയി .

 

 സ്കൂൾ യുവജനോത്സവ വേദിയിലെ

അനൗൺസ്മെന്റ് വർഷങ്ങൾക്കിപ്പുറം സനന്ദിന്റെ ചെവിയിൽ വീണ്ടും മുഴങ്ങി.

"ഇനി വേദയും കൂട്ടരും അവതരിപ്പിക്കുന്ന സംഘനൃത്തം" വൃന്ദാവനത്തിലെ രാധയായി   മോഹനരാഗത്തിൽ  ആടിത്തിമർത്ത് സ്റ്റേജിൽ നിന്നിറങ്ങി വന്ന അവളുടെ അരികിലേക്ക് അവൻ ഓടുകയായിരുന്നു. വാടിയിൽ നിന്നും പറിച്ചെടുത്ത മുല്ലമൊട്ടുകൾ അവളുടെ കൈകളിൽ വെച്ചു കൊടുത്തു.  പറയാൻ വാക്കുകൾ കിട്ടാതെ അവൻ കിതച്ചപ്പോൾ ചുവന്നു തുടുത്ത അവളുടെ മൂക്കിന്റെ മുകളിലുള്ള വിയർപ്പുതുള്ളികളിൽ ആയിരം പൂർണ്ണ ചന്ദ്രോദയം അവൻ കണ്ടു . മുല്ലമൊട്ടുകൾ നെഞ്ചോട് അടുക്കി വെച്ച് കാൽച്ചിലങ്ക കിലുക്കി ലാസ്യമായി അവൾ ഒഴുകുകയായിരുന്നു മറ്റു കാഴ്ചകൾ ഒന്നും അവൻ കണ്ടിരുന്നില്ല. അവളും അവനും മുല്ലമൊട്ടുകളും മാത്രം

 

പിന്നിൽ നിന്ന് ശരത്ത് തട്ടിയപ്പോഴാണ് സനന്ദ്  മായിക ലോകത്ത് നിന്ന് യാഥാർത്ഥ്യത്തിലേക്ക് ചിറകറ്റിറ ങ്ങിയത്.

"എടാ അവളെ നീ കണ്ടില്ലേ! എത്ര സന്തോഷത്തോടെയാണ് നിന്റെ സമ്മാനം അവൾ സ്വീകരിച്ചത് " 

 

നടന്നകലുന്നതിനിടെ അവൾ വീണ്ടും  തിരിഞ്ഞു നോക്കി,  

"കണ്ടോ നീ , അത്  ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും ഇനിയെന്തിനാ വൈകിക്കുന്നത്,  അവളോട് എല്ലാം തുറന്ന് പറയൂ."

 

അടുത്ത ദിവസം രാവിലെ സ്കൂൾ മൈതാനിയിലെ മൂവാണ്ടൻ മാവിന്റെ വേരിനു മുകളിൽ സനന്ദ്  ഇരിക്കുമ്പോഴായിരുന്നു നറുനിലാചന്ത മായി വേദ പിന്നിലുദിച്ചത്. 

 

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ,  അവളുടെ പിറകിൽ എത്തി  "വേദാ " എന്നു വിളിച്ചതും   അവൾ തിരിഞ്ഞു നിന്നപ്പോൾ   കണ്ണിൽ നോക്കാതെ ദൂരത്തേക്ക് നോക്കി പറഞ്ഞു

 

" വേദാ, എനിക്ക്  നിന്നെ  ഇഷ്ടം  ആണ്. ഇഷ്ടമാണെന്ന്  പറഞ്ഞാല്‍, ഒത്തിരി  ഇഷ്ടമാണ് "

 

അതു കേട്ടതും അവളൊന്നു ചിരിച്ചു,  ഒരു മുത്തശ്ശി ചിരി.ചിരിയുടെ  അര്‍ത്ഥത്തിൽ ശങ്ക പൂണ്ട്,  നെഞ്ചിടിപ്പോടെ  അവളോട് ചോദിച്ചു

"ഒന്നും  പറഞ്ഞില്ല" 

 

"സനന്ദേ , പഠനം മാത്രമാണ് എന്റെ ലക്ഷ്യം. പിന്നെ  അച്ഛന് കൊടുത്ത വാക്കും"

വീണ്ടും ചിരിച്ചു കൊണ്ട് , ഒരു ഭാവ വ്യത്യാസവും കൂടാതെ അവൾ നടന്ന കന്നു.

 

 അവളിൽ മാത്രം പൂത്തുലഞ്ഞ സ്കൂൾ ദിനങ്ങൾ പിന്നീട്  വിരസമായി തീർന്നു. നിരാശ  മനസ്സിൽ ആഴ്ന്നു തറച്ചപ്പോൾ  വാശിയുടെ  ഉറവകൾ പൊട്ടി. 

 

 മരച്ചോട്ടിലും, വഴി വക്കിലും, ലൈബ്രറിയിലും   ഒരു നിഴലായ് സനന്ദ് അവളെ പിൻതുടർന്നു,   മറ്റാര്‍ക്കും അവളെ വിട്ടുകൊടുക്കില്ല എന്ന വാശിയോടെ. 

 

"ഇഷ്ടമല്ല"  എന്ന് അവൾ ആയിരം വട്ടം പറഞ്ഞിട്ടും അവന്‍ പിന്‍മാറിയില്ല.

'' സ്നേഹിച്ചു പോയി.ഇനി മറക്കാന്‍ വയ്യ.'' സമകാലീന പ്രണയത്തിന്റെ പ്രണയപല്ലവി

 

വേദ  ആദ്യം സ്നേഹത്തോടും പിന്നെ അപേക്ഷയായും ഒടുവിൽ ദേഷ്യത്തോടും   അവളെ ബുദ്ധിമുട്ടിക്കരുതെന്ന് കേണു പറഞ്ഞു

 

വേദ  അവനിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്, സ്കൂളിലെ   സമർത്ഥനായ സിദ്ധാർത്ഥനു മായി അടുപ്പമുള്ളതു കൊണ്ടാണ് എന്ന് കൂട്ടുകാർ അറിയിച്ചത് അവനെ കൂടുതൽ പ്രകോപിതനാക്കിയിരുന്നു.

 

 പ്രശസ്തമായ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്റർ നടത്തിയ മോഡൽ  പരീക്ഷയിൽ സ്കോളർഷിപ്പോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേദയെ അസംബ്ലിയിൽ വെച്ച് അഭിനന്ദിച്ചപ്പോൾ

"അവളെ നീ ഡോക്ടർ ആവാൻ അനുവദിക്കരുത് അങ്ങിനെയെങ്കിൽ നിനക്ക് ഒരിക്കലും അവളെ കിട്ടാൻ പോകുന്നില്ല" വിശാൽ ഓതി ക്കൊടുത്ത  തന്ത്രം ചിന്തകളെ കടിഞ്ഞാണില്ലാതെ ഓടിപ്പിച്ചു.

അവൾ നഷ്ടപ്പെടുമോ എന്ന ഭീതി  അവളുടെ വ്യക്തി സ്വാതന്ത്ര്യങ്ങളിൽ നുഴഞ്ഞു കയറി ലക്ഷമണ രേഖ വരച്ചു.

"വേദാ, നീ എൻട്രൻസ് പരീക്ഷ എഴുതേണ്ട എനിക്കതിഷ്ടമല്ല"

തല വെട്ടിച്ചു കൊണ്ട്  അവൾ ചോദിച്ചു

"നീ ആരാ എന്റെ കാര്യം തീരുമാനിക്കാൻ?  നീ പോടാ ചെറുക്കാ"

അനുനയത്തിന്റെ വാക്കുകൾ പൊട്ടിച്ചിതറിയപ്പോൾ പ്രണയം നിരസിക്കാൻ പെണ്ണിന്  അവകാശമില്ല  എന്ന ആൺകരുത്തിന്റെ മുഷ്ടികത സനന്ദിലും അങ്കുരിച്ചു

 

പ്ലസ് ടു വിലെ  അവസാന പരീക്ഷ കഴിഞ്ഞ ദിവസം പ്രിൻസിപ്പാളിന്റെ റൂമിൽ നിന്നും സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുമായി നടന്നു വരുന്ന വേദയെ   സനന്ദ് വീണ്ടും തടഞ്ഞു നിർത്തി

"നീ കോഴ്സിൽ ചേരാൻ തന്നെ തീരുമാനിച്ചു, അല്ലേ?"

"ഓ, അല്ലാതെ പിന്നെ"  

 അവൾ ചിരിച്ചു കൊണ്ട് വരാന്തയിലൂടെ  നടന്നു പോകുന്ന സിദ്ധാർത്ഥിന്റെ അരികിലേക്ക് ഓടി പോയി. 

സനന്ദ് അവളുടെ പിന്നാലെ ഓടി കുറുകെ നിന്നു അല്പം ഒച്ചത്തിൽ പറഞ്ഞു

"വേദ നീ ആ കോഴ്സിനു ചേരേണ്ട "

"ഭീഷണിയാണോ . പലവട്ടം പറഞ്ഞിട്ടും നീ എന്താ ഇങ്ങിനെ മന്ദബുദ്ധിയായി പോയത് "

അവൾ പുച്ഛിച്ചു കൊണ്ട് സിദ്ധാർത്ഥിന്റെ പിന്നാലെ ഓടി

 മറഞ്ഞത് സനന്ദിന്റെ മനസ്സിൽ കനൽ കോരിയിട്ടു.

 

അപ്രതീക്ഷിത നിമിഷങ്ങളിൽ വികാരം ഒരു നിമിഷം വിചാരത്തിനുമേൽ ജയം നേടി. 

 സനന്ദ് വേദയുടെ പിന്നാലെ ഓടി അവളുടെ കൈയ്യിൽ നിന്ന് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് തട്ടിയെടുത്ത് പിച്ചിയെറിഞ്ഞു, ഒരു ഭ്രാന്തനെ പോലെ

അവളെ തള്ളി താഴെയിട്ടു. തടുക്കാൻ വന്ന സിദ്ധാർത്ഥിനെ ചവിട്ടി മാറ്റി.

 

"നിനക്ക് ഞാൻ കാണിച്ചു തരാം. എല്ലാം പ്രിൻസിപ്പാളിനോട് പറയും " എന്നു പറഞ്ഞ് എഴുന്നേറ്റ് ഓടിയ വേദയുടെ പിന്നാലെ അവനും ഓടി .

 

ഉപേക്ഷിക്കപ്പെടുന്നു എന്ന തോന്നലിൽ മുള പൊട്ടിയ നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാവാതെ,

സ്കൂൾ ഗാർഡന്റെ മുൻവശത്ത് വെച്ച് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു. ഓടി വന്ന സിദ്ധാർത്ഥനും  കുട്ടികളും  സനന്ദിനെ പിടിച്ചു മാറ്റുമ്പോൾ വേദ വീണ്ടും എഴുന്നേറ്റു  ഓടാനുള്ള ശ്രമമായിരുന്നു.

 

പെട്ടന്നാണ് ചെടി വെട്ടാൻ വെച്ച കത്രിക കൈയ്യിലെടുത്തു വേദയുടെ നെഞ്ചിൽ ആഞ്ഞു കുത്തിയതും 

 

മുഖത്ത് കടും ചോര തെറിച്ച് പൊള്ളിയപ്പോൾ സനന്ദ് കട്ടിലിൽ നിന്ന് ഞെട്ടിയുണർന്നു.

മുന്നിൽ ദേവിക നില്ക്കുന്നു

"മോൻ സ്വപ്നം കണ്ടോ?"

സനന്ദ്  മുഖം അമർത്തി തുടച്ചു അസ്വസ്ഥതയോടെ ഇരിക്കുന്നത്  കണ്ടപ്പോൾ ദേവിക ചോദിച്ചു.

"മോന് വിശക്കുന്നുണ്ടാവും അല്ലേ ?  ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് "

 

ദേവിക സനന്ദിനെ നിർബന്ധിച്ചു കൊണ്ട് പോയി  തീൻ മേശയുടെ മുമ്പിലിരുത്തി. മേശമേൽ തൂശനിലയിട്ട്   സദ്യ ഒരുക്കി വെച്ചിരിന്നു.

 ഭീതി നിഴലിച്ച മുഖവുമായി സനന്ദ്    കസേരയിൽ ഇരുന്നു.

"ഇതെന്താ  കഴിക്കാത്തത് ?"

ദേവിക എതിർ വശത്തുള്ള കസേരയിൽ ഇരുന്നു.

"തൂശനിലയിട്ട് സദ്യയുണ്ണാൻ വേദയ്ക്ക് വല്യ ഇഷ്ടമാ. അതുകൊണ്ടാ  സദ്യയൊരുക്കിയത്.  മോനിഷ്ടമല്ലേ ?"

 

ദേവികയുടെ ചോദ്യങ്ങളും സ്നേഹ വാക്കുകളും അവനെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. 

 

" ഞാൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പേടിയുണ്ടോ ?"

ദേവിക ചോദിച്ചു

ദേവികയെ ദയനീയതോടെ നോക്കിയതെല്ലാതെ അവൻ മറുപടി ഒന്നും പറഞ്ഞില്ല.

"മോൻ പേടിക്കേണ്ട . ഇതിൽ വിഷം ചേർത്ത് നിന്നെ കൊല്ലാനൊന്നും ഈ അമ്മയ്ക്ക് ആവില്ല .  മകളെ  നഷ്ടമായ അമ്മയുടെ വേദന ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ. നീ നഷ്ടമായാൽ  ഒരു അമ്മ കൂടി വേദനിക്കും. അത് എനിക്ക് ആവില്ല . ജയിലിൽ നിന്ന് നീ ഇങ്ങോട്ടാണ് വരുന്നതെന്ന് ഞാൻ നിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്. നീ വെറുക്കപെട്ടവനായി മാറുമ്പോൾ നിന്റെ അമ്മ  അനുഭവിക്കുന്ന വേദന  ചിന്തിച്ചിരുന്നോ" .

ദേവികയുടെ മുഖം  മുറുകി ചുവന്നിരുന്നു

"എന്റെ പൊന്നു മോളുടെ ജീവനുള്ള ശരീരത്തിൽ അവസാനമായി തൊട്ടത് നീയാണ് . അവളുടെ കണ്ണിലെ വികാരങ്ങളും അവൾ മൊഴിഞ്ഞ വാക്കുകളും  അവസാനമായി കേട്ടത് നീ ആണ് . അവൾ അവസാനമായി കെഞ്ചിയത് നിന്നോടാണ്.  ജീവന്റെ അവസാന തുടിപ്പും കണ്ടത് നീ ആണ്.

അതുകൊണ്ട് നിന്റെ കണ്ണുകളും കാതുകളും നീയും എനിക്ക് വേദയാണ് .

ഞാൻ നിന്നിൽ കാണുന്നത് എന്റെ മോളെയാണ് "

ദേവികയുടെ കണ്ണുകളിൽ നിന്ന് നിയന്ത്രണാധീതമായി കണ്ണുനീർ ഒലിചചിറങ്ങി കവിളുകളെ പൊള്ളിച്ചു.

 എട്ടു വർഷങ്ങളായി നിലച്ചുപോയ കണ്ണീരിന്റെ ഉറവ .

സനന്ദ് ദേവികയുടെ മുഖത്ത് നോക്കാനാവാതെ  തല കുമ്പിട്ടിരുന്നു. ബലമായി ഒരു ഉരുള ചോറ് വായിൽ വെച്ചുവെങ്കിലും അത് താഴ്ന്നിറങ്ങാൻ ബുദ്ധിമുട്ടി.

 

ദേവിക എഴുന്നേറ്റ് അലമാരയുടെ വലിപ്പ് തുറന്ന് ഒരു കെട്ട് കടലാസ് ശീട്ടുമായി അവന്റെ അരികിൽ വന്നു

"ഇതാ നോക്ക്. കഴിഞ്ഞ എട്ടു വർഷമായി വേദ മരിച്ച ദിനങ്ങളിലും മറ്റു ദിവസങ്ങളിലും മോന്റെ പേരിൽ അമ്പലങ്ങളിൽ നടത്തിയ വഴിപാട് ശീട്ടുകൾ ആണിവ. " 

ഉരുട്ടിയ ചോറ് സനന്ദ് വീണ്ടും ഇലയിൽ വെച്ചു. 

"മോൻ എഴുന്നേറ്റോ കുറച്ച് കഴിഞ്ഞ് കഴിക്കാം " ആലോചനയില്‍ മുഴുകി നിന്നതല്ലാതെ അവന്‍ ഒന്നും പറഞ്ഞില്ല.

" ഇതാ ഈ നെയ്യ് പായസമെങ്കിലും കഴിക്കൂ . വേദ മോൾക്ക് ഏറ്റവും ഇഷ്ടപെട്ട പായസം ആണ് ". 

ദേവിക പായസം അവന്റെ കൈയ്യിൽ വെച്ചു കൊടുത്തു

"മോനിത് കഴിക്കുമ്പോൾ അമ്മയ്ക്ക് വേദയുടെ  വയറു നിറഞ്ഞതു പോലെ തോന്നും "

ദേവികയുടെ ഓരോ വാക്കുകളും സ്നേഹ തലോടലുകളും സനന്ദിനെ ശിക്ഷിച്ചു  കൊണ്ടിരുന്നു.

അവന്റെ അന്നനാളത്തിലൂടെ ഇറങ്ങുന്ന പായസം എന്തോ ഒരു അനുഭൂതിയോടെ ദേവിക നോക്കി നിന്നു .

"മോനറിയാമോ, വേദ  നിന്റെ എല്ലാ കാര്യവും ഞങ്ങളോട് പറയുമായിരുന്നു. "

ദേവിക അവന്റെ അരികിൽ വന്നിരുന്നു

" അവൾക്ക് നിന്നോട് സ്നേഹമായിരുന്നു. ഒരു കൂടപ്പിറപ്പിനെ പോലെയോ കൂട്ടുകാരനെ പോലെയോ.

നീ അവളെ ഭീഷണിപ്പെടുത്തുന്നതും പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതും ശരിക്കും പറഞ്ഞാൽ അവൾക്ക് ഒരു കളിതമാശയായിരുന്നു.

നീ അവളെ കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോൾ ഞങ്ങൾ അവളോട് പറഞ്ഞതാ പോലീസിൽ പരാതിപ്പെടാം എന്ന് .

പക്ഷേ അവൾ ഞങ്ങളെ കളിയാക്കുകയായിരുന്നു ചെയ്ത് .

അവൻ പാവാമാ അമ്മേ എന്ന് എപ്പോഴും പറയുമായിരുന്നു.

ഞങ്ങളും അതു തന്നെയായിരുന്നു വിശ്വസിച്ചത് പക്ഷേ "

സനന്ദ് കണ്ണുകൾ ഇറുകെയടച്ചു.

 

"പിന്നെ അവളു പറയും നമ്മൾ പോലീസിലൊക്കെ പറഞ്ഞാൽ നാളെ എനിക്ക് അവനോട് പ്രണയം തോന്നിയാലോ. മോശമായിപ്പോവില്ലേ

 അതും പറഞ്ഞ് പൊട്ടിച്ചിരച്ചു കൊണ്ട് അവൾ ഓടിപ്പോകമായിരുന്നു"

സനന്ദ് അവിശ്വസനീയതോടെ ദേവികയെ നോക്കി.

" മോനറിയാമോ പ്രണയത്തിനും സ്വന്തം  ഇഷ്ടങ്ങൾക്കുമപ്പുറത്തായിരുന്നു , അവൾക്ക് അച്ഛനു കൊടുത്ത വാക്ക്. അവൾ നിന്നെ  പ്രണയിക്കുന്നില്ല പറഞ്ഞപ്പോൾ  അത് ഉൾക്കൊള്ളാൻ നിനക്ക് കഴിഞ്ഞിരുന്നുവെങ്കിൽ"

 

സനന്ദ് നിശബ്ദനായി ദേവികയെ നോക്കുമ്പോഴും അവന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ പെരുമ്പറ കൊട്ടുകയായിരുന്നു

"അവളുടെ ലക്ഷ്യത്തിനു പിന്നിൽ ഒരു കഥയുണ്ട് അകത്തെ മുറിയിൽ എഴുന്നേൽക്കാനാവാതെ  കിടക്കുന്ന അവളുടെ അച്ഛന്റെ ജീവിതം"

സനന്ദ് ദേവികയുടെ കണ്ണുകളിൽ നോക്കി അനങ്ങാതെ ഇരുന്നു

 

"അന്നവൾ അഞ്ചാം ക്ലാസിലായിരുന്നു. വൈകീട്ട് ഓട്ടോ ഓടിച്ച് തളർന്ന് വീട്ടിലെത്തിയതായിരുന്നു അവളുടെ അച്ഛൻ. എന്നാൽ അടുത്ത ദിവസത്തെ നൃത്തത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ മറന്നു പോയിരുന്നു. രാവിലെ സ്കൂളിൽ പോകുമ്പോൾ  വാടകക്ക് കൊടുക്കുന്ന കടയിൽ നിന്ന് വാങ്ങിക്കാം എന്നു പറഞ്ഞത് അവൾ ചെവിക്കൊണ്ടില്ല.  വാശി പിടിച്ചു കരഞ്ഞു. 

ഒടുവിൽ അദ്ദേഹം ഓട്ടോ ഓടിച്ച് ടൗണിൽ പോയി. അന്നത്തെ ആ യാത്രയിൽ  ബസ്സുമായി ഇടിച്ചുണ്ടായ അപകടത്തിനു ശേഷം അദ്ദേഹം കിടക്കയിൽ നിന്നു എഴുന്നേറ്റിട്ടില്ല"

ദേവി ക നെടുവീർപ്പിട്ടു കണ്ണുകൾ സനന്ദിന്റെ മുഖത്ത് പതിച്ചു.

"അറിവ് വെച്ചപ്പോൾ അവൾക്ക് മനസ്സിലായി അച്ഛന്റെ ഈ അവസ്ഥക്ക് കാരണം താനാണെന്ന് . ജീവിതകാലം മുഴവനും അച്ഛനെ ശുശ്രൂഷിക്കാനായി ഒരു ഡോക്ടറാകണം എന്ന അവളുടെ അഭിലാഷത്തിനു പിന്നിൽ അവൾക്ക് അച്ഛനോടുള്ള  കടപ്പാട് ആയിരുന്നു.  പ്രണയം അവൾക്ക്  അച്ഛനു കൊടുത്ത വാക്കുകളോടും  അവളുടെ ജീവിതാഭിലാഷത്തിനോടും ആയിരുന്നു"

 

ദേവിക പറഞ്ഞു നിർത്തിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ സനന്ദ് നിന്നു. അടുത്ത മുറിയിൽ നിന്ന് പാത്രം വീഴുന്ന ശബ്ദം കേട്ടതും ദേവിക അങ്ങോട്ട് ഓടി പിന്നാലെ സനന്ദും 

 

വികാരങ്ങൾ വിട പറഞ്ഞകന്ന അശോകന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

"ചേട്ടാ,  എന്താ വേണ്ടത് ? എന്നെ വിളിച്ചു കൂടെ?"

ദേവിക താഴെ വീണ പാത്രം എടുത്തു വെച്ചു കൊണ്ട് ചോദിച്ചു.

അശോകൻ   കൈകൾ ബലം പ്രയോഗിച്ച് പതുക്കെ ഇളക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

സനന്ദ്  ഒന്നും പറയാതെ   അശോകന്റെ കാലുകളിൽ കെട്ടിപ്പിടിച്ചിരുന്നു.  

"ചേട്ടാ, ഒന്നു കണ്ണു തുറന്നു നോക്ക് "

പലവട്ടം ദേവിക ആവിശ്യപ്പെട്ടപ്പോൾ അശോകൻ പതുക്െ കണ്ണു തുറന്നു

 ചലിക്കുന്ന കണ്ണുകളിൽ വായിച്ചെടുക്കാനാവാത്ത നൂറുകോടി വികാരങ്ങൾ എഴുതി വെച്ചിരുന്നു

 

 മുറിയിൽ, നീണ്ടു നിന്ന മൗനത്തിന്റെ പ്രഹരം താങ്ങാനാവാതെ സനന്ദ് എഴുന്നേറ്റ് ഉമ്മറത്ത് വന്നിരുന്നു.

"മോനെന്താ ഇവിടെ വന്നിരിക്കുന്നത് അകത്തോട്ട് വാ "

"ഞാനിവിടെ കുറച്ചുനേരം ഇരിക്കട്ടെ"

" വേദ എഴുതിയ ഓർമ്മക്കുറിപ്പുകൾ   കൊണ്ടുവരാം . മോന് വായിക്കേണ്ടേ?" 

ദേവിക അകത്തേക്ക് പോയി.

 

 ചിത്തിര തോടിന്റെ ഓരം ചേർന്നു വീശിയ കൈതപ്പൂമണമുള്ള കാറ്റ് സനന്ദിനെ ശ്വാസം മുട്ടിച്ചു.

തിണ്ണയിൽ ചാഞ്ഞു പതിഞ്ഞ ഇളംവെയിൽ  ശരീരത്തെ ചുട്ടുപൊള്ളിച്ചു.

 

അധിക നേരം അവന് അവിടെ ഇരിക്കാൻ ആയില്ല .  ഇറങ്ങി നടന്നു. കാലുകൾ   ചുട്ടുപൊള്ളിയപ്പോൾ   തോട്ട് വരമ്പിലൂടെ ഓടി .  ചൂട് സഹിക്കാൻ പറ്റാതായപ്പോൾ , 

ചിത്തിര തോട്ടിലേക്ക് എടുത്തു ചാടി . നീരൊഴുക്കിൽ അല്പം ആശ്വാസം കണ്ടു. ശരീരം വീണ്ടും ചുട്ടുപൊള്ളാൻ തുടങ്ങിയപ്പോൾ  കഴുത്തോളം മുങ്ങി നിന്നു . ചൂട്  വീണ്ടും ഇരച്ചുകയറിയപ്പോൾ  തല വെള്ളത്തിൽ ആഴ്ത്തി വെച്ചു , ചിത്തിരത്തോടിന്റെ ആഴം അളന്നു.

കൈതപ്പൂ മണമുള്ള കാറ്റ് ചൂളം വിളിച്ച് തെക്കോട്ട് ആഞ്ഞു വീശി.

 

ദേവിക വേദയുടെ  ഓർമ്മക്കുറിപ്പുകൾ തിണ്ണയുടെ മേൽ  വെച്ച് സനന്ദിനെ  അന്വേഷിച്ച് വീടിനു ചുറ്റം നടക്കുന്നുണ്ടായിരുന്നു.

 

ചിത്തിര തോട് കടന്നു വന്ന ഇളം കാറ്റ് ഉമ്മറത്തിണ്ണയിൽ വെച്ച ഡയറിയുടെ പേജുകൾ മറിച്ചു വായിച്ചു

"പ്രണയത്തിന് എതിർ പ്രവൃത്തികളില്ല. അതെന്നും  പ്രതീക്ഷയാണ് , പ്രകാശമാണ്, പ്രത്യാശയാണ് "

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com