ADVERTISEMENT

സമയം വൈകുന്നേരം 4.30. ഇന്ന് പതിവിലും നേരത്തെയാണ്. ട്രെയിനിൽ ആരുമില്ലാത്തതു പോലെ. ചില ബോഗികളില്‍ കോളേജ് കമിതാക്കള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. എങ്കിലും വിരലില്‍ എണ്ണാവുന്ന ജോഡികള്‍ മാത്രമേ ഉള്ളൂ. കമിതാക്കള്‍ കൂടുതലും “ചെയര്‍ കാര്‍ ബോഗിയിൽ" ആണ് കയറുന്നത്; പ്രൈവസിക്ക് അതാവും നല്ലത്. ചങ്ങാതിക്കൂട്ടം ആണങ്കില്‍ സാധാരണ ബോഗിയിലും; അങ്ങനെ ആവുമ്പോള്‍ സംസാരവും ബഹളവുമൊക്കെയായി അങ്ങു പോകാം.

 

എന്നത്തേയും പോലെ ട്രെയിനിന്‍റെ അവസാന ബോഗിയ്ക് മുമ്പുള്ള ബോഗിയില്‍ കയറി. സീറ്റുകള്‍ എല്ലാംഒഴിഞ്ഞുകിടക്കുന്നു. സാധാരണ ഇങ്ങനെ കാണാറില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് പത്തോ പതിനഞ്ചോ മിനിറ്റ് മുന്‍പാണ് വരാറുള്ളത്. അപ്പോഴേക്കും ഒരുവിധം എല്ലാ സീറ്റിലും ആളായിരിക്കും. എങ്കിലും എന്നും തനിക്കുള്ള സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടാകും. ഇന്നു എന്തായാലും ധാരാളം സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. എവിടെ വേണേലും ഇരിക്കാം. സിംഗിള്‍ സീറ്റില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. ഒരു പുസ്തകം എടുത്ത ശേഷം ബാഗ് കൊളുത്തില്‍ തൂക്കിയിട്ടു.

 

വേണു  ഇങ്ങനെയാണ്. ട്രെയിനില്‍ പ്രത്യേകിച്ച് സുഹൃത്ബന്ധങ്ങളൊന്നുമില്ല.  സ്ഥിരം കൂടെ യാത്ര ചെയ്യുന്നവരെ കണ്ടാല്‍ അറിയും, ഒരു ചെറുപുഞ്ചിരി സമ്മാനിക്കും. പിന്നേയും കയ്യിലുള്ള പുസ്തകത്തിലേക്ക് ആഴ്ന്നിറങ്ങും. ഉറക്കം വരുമ്പോള്‍ പതിയെ ഒരു വശത്തേക്ക് ചരിഞ്ഞു,തല ജനാലയിലേക്ക് ചായ്ച്ച് പതിയെ ഉറങ്ങും.

 

പലരും വേണുവിന്റെ ഉറക്കത്തെ അസൂയയോടെ നോക്കാറുണ്ട്. അത്രയക്ക് സുഖനിദ്രയിലായിരിക്കും. ചുറ്റും നടക്കുന്ന ബഹളമോ ട്രെയിനിന്‍റെ കുലുക്കമോ ഒന്നും വേണുവിന്റെ ബാധിക്കാറേയില്ല. കൃത്യം എറണാകുളം എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപ് കണ്ണു തുറന്നിരിക്കും. അതുപോലെ തന്നെ രാവിലെ തിരുവനന്തപുരം എത്തുന്നതിന് മുൻപും. പ്രത്യേകിച്ച് അലാറം ആവശ്യമില്ല. വര്‍ഷങ്ങളായുള്ള ട്രെയിന്‍ യാത്രാനുഭവം വേണുവിന്‍റെ മനസ്സിനേയും ശരീരത്തെയും അത്രത്തോളം പാകപ്പെടുത്തിയിരുന്നു.

 

ഇന്ന് എന്നത്തേയും പോലെ അല്ല. മാര്‍ച്ച് 31 വ്യാഴാഴ്ച്ച; താന്‍ ജോലിക്ക് കേറിയിട്ടു 32 വര്‍ഷങ്ങള്‍ ആയിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച അത്താഴം കഴിഞ്ഞ് രശ്മി ഒരു ഗ്ലാസ്സ് പായസം കൂടി മുന്നില്‍  കൊണ്ടുവെച്ചു. ഇന്ന് എന്താ പ്രത്യേകത എന്നു ആലോചിക്കുമ്പോഴാണ് ഇളയ മകള്‍ ദേവി “ഹാപ്പി ബര്‍ത്ഡേ അച്ഛാ ” എന്നും പറഞ്ഞു അവളുടെ റൂമിലേക്ക് പോയത്. മോള് വലുതായിരിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ സംസാരിക്കാറില്ല.....അതോ എന്നോടു സംസാരിക്കാത്തതാണോ?  മൂത്തമകന്‍,അരുണ്‍...അവന്‍ എന്നാണ് എന്നോടു അവസാനമായി സംസാരിച്ചത്? ഓര്‍മ്മയില്ല. മക്കള്‍ എല്ലാം വലുതായിരിക്കുന്നു. മോന്റെ ഡിഗ്രീ പഠനം പൂര്‍ത്തിയാവാറായി. മോള് പ്ലസ് വണ്ണിനും...അതോ പ്ലസ് ടൂ ആയോ? നാളെ മുതല്‍ അവള്‍ക്കും സ്കൂള്‍ വെക്കേഷന്‍ ആയിരിക്കില്ലെ ???

സമ്മര്‍ വെക്കേഷനില്‍ ഫാമിലി ട്രിപ് പോകുന്നതിനെക്കുറിച്ച് ഓഫീസില്‍ ആരോ പറയുന്നതു കേട്ടിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് വേണുവിനോടു ആരും ഡിസ്കസ് ചെയ്യാറില്ല.

 

രശ്മിയാണ് മക്കളുടെ കാര്യങ്ങള്‍ തന്നോടു പറഞ്ഞിരുന്നത്. പാതി മയക്കത്തില്‍ എല്ലാം മൂളി കേള്‍ക്കും. മുപ്പത്തിനാലാം വയസ്സില്‍ ആയിരുന്നു വിവാഹം. അപ്പോഴും  മാനസികമായി തയ്യാറല്ലായിരുന്നു എന്നാണ് വേണുവിന്‍റെ വാദം. ഇരുപത്തിനാലാം വയസ്സില്‍ ജോലിക്ക് കയറി. കുടുംബക്കാരും നാട്ടുകാരും വളരെ ബഹുമാനത്തോടെയാണ് വേണുവിനെ കണ്ടിരുന്നത്. സ്വന്തമായി വീടുവെച്ചു , ഇളയ സഹോദരിയെ കെട്ടിച്ചയച്ചു,  എല്ലാം കഴിഞ്ഞായിരുന്നു വേണുവിന്‍റെ വിവാഹം. അതും തന്നെക്കാള്‍ പത്തു വയസ്സു ഇളയ രശ്മിയുമായി. തന്റെ മുപ്പത്തിനാല് വയസു മൂപ്പ് ആർക്കുമൊരു വിഷയമേ അല്ലായിരുന്നു. കാരണം താന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണല്ലോ....!

 

വിവാഹം കഴിഞ്ഞ് പലരും ഉപദേശിച്ചു, തിരുവനന്തപുരത്തൊരു വാടക വീട് എടുക്കാന്‍. പക്ഷേ വേണുവിന് താല്‍പര്യമില്ലായിരുന്നു.  ട്രെയിന്‍ യാത്ര വേണുവിന് ഒരു കഷ്ടപ്പാടായി തോന്നീട്ടേയില്ല. അല്ലെങ്കില്‍ തന്നെ വേണുവിന് എന്തു കഷ്ടപ്പാട്?  രാവിലെ അഞ്ച് ഇരുപതിനാണ് ട്രെയിന്‍,നാല് മണിക്ക് എണീക്കും, രശ്മി രാവിലെത്തെയും ഉച്ചക്കത്തെയും ഭക്ഷണം പ്രത്യേകം പൊതിഞ്ഞുനൽകും. കല്യാണത്തിന് മുൻപ് ഇതൊക്കെ അമ്മയുടെ പണിയായിരുന്നു. ട്രെയിനില്‍ ആ സമയത്ത് വലിയ തിരക്ക് കാണാറില്ല. ആലപ്പുഴ എത്തും മുൻപ് രാവിലെത്തെ ഭക്ഷണം കഴിക്കും. പിന്നെ ഏതെങ്കിലും സീറ്റിന്‍റെ മുകളിലെ ലഗേജ് സ്പേസില്‍ കയറും,ന്യൂസ് പേപ്പര്‍ വിരിച്ച്,ബാഗ് തലയണയാക്കി കിടക്കും. നിമിഷങ്ങൾക്കുള്ളില്‍ സുഖനിദ്രയിലേക്ക് ആണ്ടിറങ്ങും. പിന്നെ കണ്ണു തുറക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപ് ആണ്. നല്ലൊരു ഉറക്കവും കഴിഞ്ഞു ഉന്‍മേഷത്തോടെ നേരെ ഓഫീസിലേക്ക്. വൈകിട്ടും അതേ ട്രെയിന്‍ . രാത്രി പത്തോടുകൂടി വീട്ടില്‍ എത്തിയാല്‍ തല തണുക്കെ ഒരു കുളി. അത്താഴം കഴിഞ്ഞു കുറച്ചു നേരം വായന, ഉറക്കം വരാനുള്ള വഴിയാണ് വായന. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ഉറക്കത്തിലേക്ക്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ രശ്മിക്ക് എന്നും പരിഭവം പറച്ചില്‍ ആയിരുന്നു. പിന്നെ പിന്നെ അത് കുറഞ്ഞു. രശ്മിയും വേണുവിന്‍റെ  ജീവിത ചക്രത്തോടൊപ്പം സഞ്ചരിക്കാന്‍  തുടങ്ങിയിരുന്നു.

 

കല്യാണം കഴിഞ്ഞയിടയ്ക്കു രശ്മിയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മൂന്നാര്‍ ടൂര്‍ പോയി. രശ്മി നല്ല ഉല്‍സാഹത്തില്‍ ആയിരുന്നു, എന്നാല്‍ വേണുവിന് ബസ് യാത്ര അത്രക്ക് ഇഷ്ടമല്ല. മൂന്നാറിലേക്ക് ട്രെയിന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് വേണു ആഗ്രഹിച്ചത്. ഇരുപത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ആകെപോയിട്ടുള്ള ഒരേയൊരു യാത്രയാണ് മൂന്നാർ ട്രിപ്പ്. പിന്നെ ഓർത്തെടുത്താൽ അഞ്ചോ ആറോ ബന്ധുക്കളുടെ കല്യാണങ്ങൾക്കും രശ്മിയുമൊന്നിച്ചു പോയിട്ടുണ്ട്. കല്യാണം, പാലുകാച്ച്, നൂലുകെട്ട്, അടിയന്തിരം അങ്ങനെ പിന്നെയെല്ലാത്തിനും രശ്മി ഒറ്റയ്ക്കാണ് പോയിരുന്നത്. സാലറി കിട്ടിയാൽ ഒരു വിഹിതം വീട്ടിലെ കാര്യങ്ങൾക്കായി രശ്മിയുടെ കൈയിൽ ഏല്പിക്കും. അമ്മയ്ക്കും അച്ഛനും ഒരു വിഹിതം, ബാക്കി വരുന്നത് ബാങ്കിലും. തന്റെ യാത്ര ചിലവിനും മറ്റുമായി കുറച്ചു കാശ് കയ്യിൽ കരുതും. രശ്മി വളരെ സമർത്ഥമായാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്, അനാവശ്യമായി ഒരു രൂപ കൂടി ചിലവാക്കാറില്ല. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എന്തൊക്കെയോ ആവശ്യങ്ങൾ പറയുമായിരുന്നു. താൻ വരുമ്പോൾ പ്രതീക്ഷയുടെ കണ്ണുകൾ പടിവാതിലിൽ ഉണ്ടാകും. രശ്മിയുടെ ആവശ്യങ്ങൾ താൻ മറക്കാറാണ് പതിവ്. പതിയെ പതിയെ ആ കണ്ണുകളിലെ പ്രതീക്ഷ മങ്ങി. ഒന്നിനും പരിഭവം പറയാതെയായി. രശ്മി നന്നായി പാചകം ചെയ്യും. അച്ചാറും മറ്റു പലഹാരങ്ങളും ഉണ്ടാക്കി അയൽക്കൂട്ടത്തിലും ജങ്ഷനിലെ ബേക്കറിയിലും കൊടുക്കുന്നുണ്ടത്രേ! ഈ വിവരം താൻ അറിയുന്നത് നാട്ടുകാരനായ ഒരാൾ ട്രെയിനിൽ വെച്ച് 'രണ്ടു കുപ്പി അച്ഛാറിന്റെ പൈസ തരാം ഒന്നു കൊണ്ട് വരാമോ?' എന്ന് ചോദിച്ചപ്പോഴാണ്. അയാളെ ഒഴിവാക്കാനായി ഒരു മാസത്തോളം പാടുപെട്ടാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.

 

ഞായറാഴ്ചകളും അവധികളുമാണ് വേണുവിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ദിവസങ്ങൾ. എന്തോ ഒരു വിരക്തിയാണ്. ട്രെയിനിന്റെ ഒച്ചയില്ലാതെ, കുലുക്കമില്ലാതെ കഴിയുന്നത് എന്തോ ഒരു അസ്വസ്ഥതയാണ്. ജോലി കിട്ടി ആദ്യ ദിനങ്ങളിൽ ട്രെയിൻ യാത്ര കുറച്ചു ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എങ്കിലും രാവിലെ എണീറ്റ് തിരുവനന്തപുരത്തിനു പോകുമ്പോൾ വല്ലാത്തൊരു നെഞ്ചിടിപ്പ് ആയിരുന്നു. നഗര ഹൃദയത്തിലൂടെയുള്ള ഓരോ യാത്രയിലും ആ കണ്ണുകളെ പരതി നടന്നിട്ടുണ്ട്.

 

മഹാരാജാസ് കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോഴാണ് ആദ്യമായി അവളെ കാണുന്നത്... ശ്രീദേവി. വ്യത്യസ്ത ക്ളാസുകളിൽ ആയിരുന്നിട്ടും ദിവസവും 'യാദൃശ്ചികമായി' ശ്രീദേവിയെ കാണാറുണ്ടായിരുന്നു. ലൈബ്രറിയിൽ, കാന്റീനിൽ... കണ്ട് പരിചയം പിന്നെ സൗഹൃദവും പ്രണയവുമായി. വളരെ പതിയെയാണ് സംസാരം. എപ്പോഴും ആരെയോ പേടിക്കുന്നത് പോലെ ചുറ്റും നോക്കും. ഒരു പാവം നിഷ്കളങ്ക. പ്രണയം മൊട്ടിട്ട സമയത്താണ് ശ്രീദേവി കോളേജ് മാറുന്നത്, അച്ഛന് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ. ഇരുപത് വയസുകാരന്റെ ഉള്ളിലെ വിരഹ വേദന അവനിൽ തന്നെ കടിച്ചമർത്തി. ഒരു കുടുംബം മുഴുവനും അവനിലാണ് പ്രതീക്ഷ പുലർത്തുന്നത്. അത് തകർക്കാൻ മനസ് അനുവദിച്ചില്ല. പലതും വിചാരിച്ച് മനസിനെ ആശ്വസിപ്പിച്ചു. ചെന്നെത്തിപ്പെടാൻ പറ്റുന്ന സ്ഥലം തന്നെയാണല്ലോ തിരുവനന്തപുരം!

 

ക്വിസ് മത്സരങ്ങൾക്കും മറ്റുമായി തിരുവനന്തപുരത്ത് പോകുമ്പോഴെല്ലാം ശ്രീദേവിയെ തേടി അലഞ്ഞിട്ടുണ്ട്. വുമൺസ് കോളേജിന്റെയും യൂണിവേഴ്സിറ്റി കോളേജിന്റെയുമൊക്കെ മുന്നിൽ ഒരു പൂവാലനെ പോലെ നിന്നിട്ടുണ്ട്. ശ്രീദേവിയെ മാത്രം കണ്ടില്ല. നല്ല മാർക്കോടെ ഡിഗ്രിയും പി ജി യും കഴിഞ്ഞു. ഒരു ജോലിയായിരുന്നു ആദ്യ ലക്ഷ്യം, പിന്നെ ശ്രീദേവിയും. അത്യാവശ്യം പൊതു വിജ്ഞാനം ഉള്ളതുകൊണ്ട് സർക്കാർ ജോലിക്കായി ശ്രമിച്ചു. അഡ്വൈസ് മെമോ വന്നപ്പോൾ മാത്രമാണ് വീട്ടുകാർ പോലും അറിഞ്ഞത് തനിക്ക് തിരുവനന്തപുരത്താണ് ജോലി ലഭിച്ചതെന്ന്.

 

വേണുവിന് തിരുവനന്തപുരം ശ്രീദേവിയിലേക്കുള്ള വഴിയായിരുന്നു. കുറെ അന്വേഷിച്ചു. ജോലി ഉണ്ടെന്നു കള്ളം പറഞ്ഞ് ഞായറാഴ്ചകളിലും വീട്ടിൽ നിന്നിറങ്ങും. കളഞ്ഞുപോയ എന്തോ തേടി നടക്കുംപോലെ തിരുവനന്തപുരം നഗരം മുഴുവൻ അലഞ്ഞിട്ടുണ്ട്. വർഷങ്ങൾ പറന്നകന്നു. ശ്രീദേവിയെ പിന്നെയൊരിക്കലും കണ്ടിട്ടില്ല. അവളോടുള്ള പ്രണയം പതിയെ ട്രെയിനിനോടായി.

 

പതിവിലും വിപരീതമായി ഇന്ന് വേണുവിന്  ഉറങ്ങാൻ കഴിഞ്ഞില്ല. കയ്യിലെ പുസ്തകം ഒന്നു തുറന്നു നോക്കിയതുകൂടി ഇല്ല. മനസിന്‌ വല്ലാത്തൊരു വെപ്രാളം. ഇന്ന് ഓഫീസിൽ എന്തൊക്കെയായിരുന്നു?? വേണു ഓരോന്നായി ഓർത്തെടുത്തു. അതെ, ഇന്ന് തന്റെ സെന്റ് ഓഫ് പാർട്ടിയായിരുന്നു. താൻ ഒട്ടും പ്രതീക്ഷിക്കാത്ത, ഇഷ്ടപെടാത്ത ദിനം. ആരൊക്കെയോ എന്തൊക്കെയോ പ്രസംഗിച്ചു... ഉപഹാരങ്ങൾ തന്നു. അവയെല്ലാം അവിടെ തന്നെ ഉപേക്ഷിച്ചാണ് ഇറങ്ങിയത്. ഇനി നാളെ മുതൽ ??? 

ഞാൻ എന്താണ് ചെയ്യേണ്ടത്???

എന്റെ ജോലി അവസാനിച്ചിരിക്കുന്നു... റിട്ടയെർഡ് ആയിരിക്കുന്നു! നാളുകളായി ഞായറാഴ്ച ദിവസങ്ങളിൽ അനുഭവിക്കുന്ന അപരിചിതത്വം ഇനി എന്നും സഹിക്കണമോ?

മോനും മോളും എന്നോട് സംസാരിക്കാറില്ല. അതോ താനാണോ അവരോട് സംസാരിക്കാത്തത്?

രശ്മിയും ഒരുപാട് മാറി. എപ്പോഴും തിരക്കിലാണ്. പാചക ബിസിനസ് പുരോഗമിച്ചു. തന്റെ സാലറി ഇല്ലെങ്കിലും ജീവിക്കാനുള്ള വക രശ്മി സാമ്പാദിക്കുന്നുണ്ട്. അവൾ മിടുക്കിയാണ്. എന്റെ വൈരുധ്യങ്ങളെ മുഴുവനും സഹിച്ചവൾ!!

 

എതിർവശത്തിരുന്ന നാട്ടുകാരൻ തൊട്ടുവിളിച്ചപ്പോഴാണ് ഏതോ സ്വപ്നലോകത്തുനിന്നെന്നപോലെ ഞെട്ടിയുണർന്നത്. എറണാകുളം സ്റ്റേഷൻ എത്തിയിരിക്കുന്നു! ബാഗും കയ്യിലെടുത്ത് വീട്ടിലേക്ക് നടന്നു. വീട്ടിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. മകൾ പഠിക്കുന്നു, മകൻ...? എവിടെയോ ഉണ്ട്. രശ്മി അടുക്കളയിൽ തിരക്കിലാണ്. നേരെ പോയി കുളിച്ചു. കഴിക്കാനായി വന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അരുണും ദേവിയും രശ്മിയുമെല്ലാം കഴിക്കാനായി വന്നിരിക്കുന്നു. എന്തോ ഒരു അസ്വസ്ഥത  ഉള്ളിൽകിടന്നു പിടയുന്നു. എന്തിനാണിപ്പോൾ എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്നത്? ആരുടേയും മുഖത്തു നോക്കാൻ പറ്റുന്നില്ല. എന്തോ കുറ്റം ചെയ്തപോലെ, പരാജിതനായപോലെ...

 

ഏതോ ഒരു നിമിഷത്തിൽ എല്ലാവരുടെയും മുഖത്തേക്ക് ഒന്നു പാളി നോക്കി. സന്തോഷം നിറഞ്ഞ മുഖങ്ങൾ. രശ്മിയും ദേവിയും അടുത്തടുത്തിരുന്ന് കളി പറയുന്നു. അരുൺ അതുകേട്ട് പൊട്ടിച്ചിരിക്കുന്നു. താൻ... താൻ മാത്രം അവരുടെ ലോകത്ത് ഇല്ലാത്തതു പോലെ. ഒരുപക്ഷെ അവർ തന്നെ കളിയാക്കുകയാണോ?

കഴിച്ചു മുഴുവിക്കും മുൻപേ വേണു എണീറ്റ് കൈ കഴുകി. നാളെ എന്ത്?

താനിനി ഇവിടെയൊരു അധികപ്പറ്റാവുമോ? ചിന്തകളുടെ കടന്നൽകൂട് ഇളകിയിരുന്നു.

 

ഏപ്രിൽ 1, വെള്ളിയാഴ്ച. പതിവുപോലെ രാവിലെ 4 മണിക്ക് എഴുന്നേറ്റു. കുളിച്ച് ബാഗുമായി പുറത്തേക്കിറങ്ങി.  അപ്പോഴാണ് രശ്മി പുറകെനിന്നു വിളിക്കുന്നത്. " എവിടേക്കാ പോകുന്നെ?". ആദ്യമായാണ് രശ്മിയുടെ ഉള്ളിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം. ബോധോദയം വന്ന പോലെ വേണു ഒന്നു ഞെട്ടി. താനെവിടേക്കാണ് പോകുന്നത്?

സ്വയം ചോദിച്ചുകൊണ്ട് ഒന്നും മിണ്ടാതെ സ്റ്റേഷനിലേക്ക് നടന്നു. കൃത്യസമയത്ത് ട്രെയിൻ വന്നു. പതിവുപോലെ ആൾക്കാർ കുറവാണ്. തലേന്നൊട്ടും ഉറങ്ങിയിട്ടില്ല. ചിന്തകളുടെ കടന്നൽകുത്തേറ്റു വേദനിച്ചു കിടക്കുകയായിരുന്നു. നല്ലൊരു ബെർത്ത്‌ നോക്കി മുകളിൽ കയറി, പേപ്പർ വിരിച്ചു കിടന്നു. അമ്മയുടെ നെഞ്ചോടു ചേർന്ന് സുരക്ഷിതമായി കിടക്കുന്ന കുഞ്ഞിനെപ്പോലെ വേണു ചുരുണ്ടുകിടന്നു. പതിയെയുള്ള തലോടൽ, ചെറിയ കുലുക്കം, ട്രെയിനിന്റെ താരാട്ട്. ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ വേണു സുഖ നിദ്രയിലാണ്ടു.

 

തിരുവനന്തപുരം സെൻട്രൽ എത്തി... യാത്രക്കാർ എല്ലാം ഇറങ്ങി, ട്രെയിൻ ഒഴിഞ്ഞു. ട്രെയിൻ വൃത്തിയാക്കാൻ വന്ന ക്‌ളീനേഴ്സാണ് ബെർത്തിൽ കിടന്നുറങ്ങുന്ന വേണുവിനെ ശ്രദ്ധിച്ചത്. വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനാൽ റെയിൽവേ പോലീസിനെ അറിയിച്ചു.

 

പരിശോധനയിൽ പോലീസിന് ലഭിച്ചത് അമ്പത് രൂപയും ഏപ്രിൽ 1ന് കാലാവധി തീരുന്ന എറണാകുളം ജങ്ഷൻ - തിരുവനന്തപുരം സെൻട്രൽ സീസൺ ടിക്കറ്റും മാത്രമാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com