ADVERTISEMENT

ഡൽഹി ഓർമ്മകൾ… (കഥ)

 

രണ്ടുമുറി വാടകക്കെട്ടിടത്തിൽ ടീവീയും കണ്ടിരിക്കുബോൾ ഫ്രെഡി ഇടയ്‌ക്കിടെ അടുക്കളയിലേക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. നെറ്റിയിലേക്ക് ചാടികിടക്കുന്ന നീണ്ട മുടി തലവെട്ടിച്ച് പൂർവസ്ഥിതിയിലാക്കിയും വെട്ടി ഒതുക്കിയ താടിയിൽ ചൊറിഞ്ഞും തൊട്ടടുത്തു കിടന്ന മാഗസിൻ എടുത്ത് വീശിയും അയാൾ അക്ഷമനായി ചടഞ്ഞിരുന്നു. 

 

സിസിലി അടുക്കളയിൽ അത്യാവശ്യ പണികളൊക്കെ കഴിഞ്ഞ് കുളിക്കാനായി കുളിമുറിയിലേക്ക് കയറി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഫ്രെഡി പതുങ്ങിച്ചെന്ന് ഫ്രിഡ്ജിനടിയിലെ ട്രെയ്‌നേജ് ടാങ്കിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന അരക്കുപ്പി റം എടുത്ത് അലമാരയുടെ മുകളിൽ കമത്തിവച്ചിരുന്ന സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് പൈപ്പിൽ നിന്ന് വെള്ളവും ചേർത്ത് രണ്ടു പെഗ്ഗ് നിമിഷനേരം കൊണ്ട് അകത്താക്കി. ഒന്ന് രണ്ട് ഏലക്കായും, ജീരകവും അലമാരിയിലെ ചെറിയ കുപ്പിയിൽനിന്ന് എടുത്ത് വായിലിട്ട് ചവച്ചു. തൊട്ടടുത്ത് കിടന്ന കസേരയിൽ കാലും കയറ്റിവച്ച് പൂർവ്വസ്ഥിതിയിലിരുന്ന് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ടിവിയിലേക്ക് നോക്കി റിമോട്ടിൽ ഞെക്കികൊണ്ടിരുന്നു. അയാളുടെ മുഖത്ത് എന്തോന്നില്ലാത്ത സന്തോഷവും സമാധാനവും ഒരു ചെറു പുഞ്ചിരിയായി വിടർന്നുനിന്നു.

 

കഴിഞ്ഞ ആഴ്ചയാണ് UK-ലേക്കുപോകാനുള്ള അവസാനത്തെ പേപ്പറും സബ്മിറ്റ് ചെയ്തത്. ഇനി വിസ സ്റ്റാമ്പ് ചെയ്തു കിട്ടാൻ മാത്രമാണ് ബാക്കി. ഒരു മനുഷ്യന് ഈ ലോകത്തിൽ ജീവിക്കാൻ ഇത്രമാത്രം സർട്ടിഫിക്കറ്റുകളും സാക്ഷ്യ പത്രങ്ങളും, രേഖകളും വേണമെന്ന് അറിയാൻ അങ്ങനെയാണ് അവസരമുണ്ടായത്. കഴിഞ്ഞ ഒരു വർഷമായി നടത്തിയ അഹോരപ്രയ്തനത്തിന്റെ അവസാനം നനച്ചു വളർത്തിയ ഒരായിരം വാഴകൾ ഒന്നിച്ച് കുലച്ചപ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തിയും ആശ്വാസവും അയാളിൽ നിഴലിച്ചു കാണാമായിരുന്നു.

 

ഇനി ഡൽഹിയിലുള്ള ഓരോ ദിവസവും വിലയേറിയതാണ്. ജീവിതഭാരങ്ങളൊക്കെ ഒന്നിറക്കി വച്ച് ആഘോഷമാക്കണം. ലോകത്തിലെവിടെ ജീവിച്ചാലും ഇനിയുള്ള ഡൽഹി ദിനങ്ങൾ ഒരു സുഖമുള്ള ഓർമ്മയായി നീറിപ്പുകയണം, അയാളുടെ മനസ്സിൽ സന്തോഷത്തിന്റെ തിരമാലകൾ ആഞ്ഞടിച്ചു.

 

സിസിലിയെ വിവാഹം കഴിച്ച് അവളുടെ കൂടത്തിൽ ആദ്യമായി ഡൽഹിയിൽ വന്നിറങ്ങിയപ്പോൾ തുടങ്ങിയ പ്രശ്നങ്ങളാണ്… അനുഭവിച്ചിട്ടില്ലാത്ത കൊടും തണുപ്പും ചൂടും, അറിയാൻ പാടില്ലാത്ത ഭാഷയും, പരിചയക്കാരോ സുഹൃത്തുക്കളോ ഇല്ലാത്ത നാട്. എന്തിനാണ് ഇവിടെ വന്നതെന്നോർത്തുപോയ നിമിഷങ്ങൾ… സിസിലോയോടുപോലും പറയാതെ തിരിച്ചുപോകാൻ പദ്ധതിയിട്ടിരുന്നതാണ്. ജീവിതം മടുത്തുപോയ അവസ്ഥ.

 

പക്ഷെ… എങ്ങനെയോക്കെയോ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു പിടിച്ചു നിന്നു. വർഷം മൂന്നാല് കഴിഞ്ഞതോടെ അയാൾ തനി ഡൽഹിക്കാരൻ ആയി മാറിയിരുന്നു. മസിഘട്ടിൽ കേരളാ സ്റ്റോർ നടത്തിയിരുന്ന മണിയണ്ണനുമായിട്ടായിരുന്നു ആദ്യത്തെ സഹൃദം. രണ്ടുപേരും തങ്കശ്ശേരിക്കാർ. ജോലിയൊന്നും ശരിയാകാതെ വന്നപ്പോൾ സമയം കളയാനായി കേരളാസ്റ്റോറിൽ സഹായിയായി കൂടി. സ്റ്റോക്ക് എടുക്കാനും സാധങ്ങൾ എടുത്തുകൊടുക്കാനും ഫ്രീയായി ഒരാളെ കിട്ടിയതിൽ മണിയണ്ണനും ഒരു ആശ്വാസമായിരുന്നു. കടയിൽ വരുന്നവരുടെ ചരിത്രവും അതിൽ അല്പം ഭാവനയും കടത്തി മറ്റുള്ളവരോട് പറയുന്നതിൽ മണിയണ്ണൻ തല്പരനായതുകൊണ്ട് കേൾവിക്കാരനാകാൻ  ഫ്രെഡിയും ഒരുക്കമായിരുന്നു.

 

അണ്ണന്റെ ആക്ടിവാ സ്‌കൂട്ടറിന്റെ പുറകിലിരുന്നാണ് ഡൽഹിയിലെ ചാവടി ബസാറിലും, ഓഖല സബ്ജി മണ്ടിയിലും, ഭോഗൽ, ലജ്‌പത്‌ നഗർ തുടങ്ങിയ മാർക്കറ്റുകളിലും പോയി പരിചിതമാകുന്നത്. ക്രിസ്തുമസിന് കേരളാ സ്റ്റോറിനോട് ചേർന്ന് റോഡ് സൈഡിൽ ഇട്ടിരുന്ന കേക്ക് സ്റ്റാളിന്റെ ലാഭ വിഹിതം ചോദിച്ചു അണ്ണനുമായി ചെറിയതോതിൽ അടിപിടിയിൽ കലാശിക്കുന്നതുവരെ ഏകദേശം ഒരു കൊല്ലത്തോളം അവിടെ തന്നെയായിരുന്നു. 

 

അങ്ങനെ പതിയെ പതിയെ ഡൽഹി ഒരു വികാരമായി സുഗന്ധം പരത്തുന്ന ധാരാളം ശിഖരങ്ങളുള്ള  വൻ വൃക്ഷമായി പടർന്നുനിന്നു. ഡിസംബറിലെ തണുപ്പാസ്വദിച്ചു ഇന്ത്യഗേറ്ററിലെ പുൽത്തകിടിയിൽ ഇരുന്ന് പുല്ലുകളെ മാറോടുചേർത്തു പിടിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആ നഗരത്തോടാണ് ഇനി യാത്ര പറയേണ്ടത്…  

 

                                   **********   **********   **********   

 

"എന്താണ് ഭായി ന്യൂ ഇയർ പ്ലാൻ?" ഞാൻ ജോലിയും കഴിഞ്ഞു ഫ്ലാറ്റിന്റെ രണ്ടാമത്തെ നിലയുടെ പടികൾ കയറുബോഴാണ് ചെറു പുഞ്ചിരിയുമായി വാതിലുകൾ പാതി തുറന്ന് പിടിച്ച് തലയും ശരീരത്തിന്റെ കുറച്ചു ഭാഗങ്ങളും പുറത്തുകാണിച്ചുകൊണ്ട് ഫ്രെഡി ഭായി ചോദിച്ചത്.

"മാസാവസാനമായില്ലേ ആരുടെ കൈയിലും കാശില്ല" ഞാൻ പറഞ്ഞു. "2000 രൂപ ഞാൻ ഇട്ടു. ബാക്കി നിങ്ങളുണ്ടാക്ക്” അത്രെയും പറഞ്ഞിട്ട് അയാൾ അകത്തേക്ക് വലിഞ്ഞു. ന്യൂ ഇയറിനു ഒരാഴ്ച മാത്രം ഉള്ളപ്പോഴാണ് ഇങ്ങനെയൊരു ഓഫർ കിട്ടിയത്.

 

എന്റെ റൂമിൽ 6 പേരുണ്ട്, കുടിയൻമാരായി ആരും തന്നെയില്ല, മാസാദ്യമോ വല്ലപ്പോഴും കിട്ടുന്ന ബാച്ചിലേഴ്‌സ് പാർട്ടിയും മാത്രമാണ് ആകെയുള്ള ഞങ്ങളുടെ ആഘോഷം. അയാളുടെ ഓഫർ ഞാൻ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ജോണി ചേട്ടനോടും സഹമുറിയന്മാരോടും പറഞ്ഞു. അവർക്കൊന്നും അതത്ര വിശ്വാസമായില്ല. ഞാനൊഴികെ ബാക്കിയാർക്കും ഫ്രെഡി ഭായിയോട് അത്ര മതിപ്പുണ്ടായിരുന്നില്ല.

 

മുന്നൊരിക്കൽ ആരുടെയോ ബർത്തഡേ പാർട്ടിക്ക് വന്ന് നാലെണ്ണം വീശികഴിഞ്ഞപ്പോൾ, "നിനക്ക് ഹോട്ടലിൽ എന്താണ് ഭായി പണി? ഇതുമാത്രം ടിപ്പൊക്കെ എങ്ങനെ ഒപ്പിക്കുന്നെടാ?"  സ്റ്റാർ ഹോട്ടൽ ജീവനക്കാരനായിരുന്ന സുഹൃത്തിനോട് ഫ്രെഡി ഭായി സ്വായസിദ്ധമായ പുച്ഛത്തോടെ ചോദിച്ചു. "ഫൈവ് സ്റ്റാർ ഹോട്ടൽ ആണ് എന്തിനും ഏതിനും ടിപ്പ് കിട്ടും" കൂട്ടത്തിൽ ആജാനുബാഹുവായ മറ്റൊരു സുഹൃത്ത് മറുപടി പറഞ്ഞു. 

“ആര് എന്ത് തന്നാലും നീ മേടിക്കുമോ?"  ഫ്രെഡി ഭായി വിടുന്ന മട്ടില്ല. 

“പിച്ചക്കാരനല്ലാത്ത  ആര് തന്നാലും ഞാൻ മേടിക്കും” 

“എന്നാപ്പിന്നെ എന്റെ വക ഈ ടിപ്പുകൂടി നീ വച്ചോ" ഒരു പത്തുരൂപ എടുത്തുനീട്ടി ഫ്രെഡി ഭായി പറഞ്ഞു. 

“അത് ഭായി കൊണ്ടുപോയി നിങ്ങളുടെ തന്തപ്പടിക്ക് കൊടുത്താൽ മതി” ഹോട്ടലുകാരൻ സുഹൃത്ത് ദേഷ്യത്തോടെ തിരിച്ചടിച്ചു. കേട്ടുനിന്ന എല്ലാവരും അത് കൈയടിച്ചും കൂകിവിളിച്ചും സപ്പോർട്ട് ചെയ്തു. 

 

മറുപടി കേട്ട് അയാളൊന്നു ചൂളിപ്പോയി. അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. അത് അയാളുടെ മനസ്സിലെ നേർത്ത ധമനികളൽ എവിടെയോ ചെന്ന് തറച്ചു. അതൊരു വേദനയായി പതുക്കെ മറ്റു സിരകളിലേക്ക് പടർന്നു. 

"തന്തയ്ക്ക് പറഞ്ഞാണോടാ നീയൊക്കെ ആളാകാൻ നോക്കുന്നത്. ഒന്നുമല്ലെങ്കിലും ഞാനൊരു MBA-ക്കാരനല്ലേ. ഒരു മൾട്ടി നാഷണൽ കമ്പനിയിലെ മാനേജരാണ് ഞാൻ. പഠിപ്പും വിവരവും ഇല്ലാത്ത കിഴങ്ങൻ ചെറ്റകൾ, ഇനി നിങ്ങളുമായി ഒരിടപാടിനും ഞാനില്ല... തുഭൂ..." ആട്ടി തുപ്പിയിട്ട് ആടിയാടി അയാൾ ഇറങ്ങിപ്പോയി.

ആ സംഭവത്തിന് ശേഷമാണ് അയാൾ MBA ഭായി എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

 

പിന്നെ ഈസ്റ്റർ വന്നു, ഓണം വന്നു, പല Birthday പാർട്ടികൾ വന്നു, അയാളെ ആരും ക്ഷണിച്ചില്ല.

എന്നോടൊരിഷ്ടം കൂടതലുള്ളതുകൊണ്ടാകാം ഇടക്ക് ആ വിവരമില്ലാത്ത കിഴങ്ങൻമാരിൽ നിന്ന് എന്നെ രക്ഷിക്കാൻ അയാളൊരു ശ്രമം നടത്തിയിരുന്നു. "താൻ ഇങ്ങനെ നടന്നാൽ പോരാ, കുറച്ചുകൂടി പഠിച്ച് ഒരു MBA ഡിഗ്രി ഒക്കെ എടുക്കണം. തന്റെ ജീവിതവും ചിന്താ രീതികൾപോലും മാറും. ഞാൻ എന്റെ കമ്പനിയിൽ തന്നെ നിനക്ക് ജോലി മേടിച്ചു തരാം പോരെ.... താൻ പഠിക്ക്". 

 

ഫ്ലാറ്റിൽ ഒറ്റപ്പെട്ടുപോയതിന്റെ വിഷമങ്ങൾ അയാളെ അലട്ടുന്നുണ്ടായിരുന്നെങ്കിലും എന്റെ സഹമുറിയന്മാരോടുള്ള അമർഷം ആയിരുന്നു മുന്നിൽ നിന്നിരുന്നത്. 

 

തന്റെ ബുദ്ധികൂർമതയിൽ അടിപതറി പോയ അയാളുടെ ഡിപ്പാർട്മെന്റ് ഹെഡ് ആയ സർദാറിന്റെയും, മറ്റൊരു ഡിപ്പാർട്ടുമെന്റിൽ മാനേജരായ ഗോവക്കാരന്റെയും കഥകൾ പറഞ്ഞ് എന്നെ ഇടക്കിടക്ക് മോട്ടിവേറ്റ്‌ ചെയ്യാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. MBA പഠിച്ചാൽ ജീവിതത്തെ ഒരു ബിസിനസ്സ് വീക്ഷണത്തോടെ കാണാൻ സാധിക്കുമെന്നും അതുമൂലം ഉണ്ടാകുന്ന സാബത്തിക ലാഭവും മറ്റ് ഗുണങ്ങളും ചില അനുഭവങ്ങൾ സഹിതം അയാൾ വിവരിച്ചു.  

 

ഫ്രെഡി ഭായിയുടെ ഭാര്യക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ചില ദിവസങ്ങളിൽ ഞങ്ങൾ രഹസ്യമായി അയാളുടെ അടുക്കളയിൽ സമ്മേളിക്കും.

“നീ ജോലിയുള്ള ഒരു പെണ്ണിനെ കണ്ടുപിടിക്കണം, പിന്നെ അവൾ മറ്റാരേക്കാളും ബുദ്ധിമതിയാണെന്നും അവളില്ലാതെ നിനക്ക് ജീവിക്കാൻ പറ്റില്ലെന്നും അവളെ ബോധ്യപ്പെടുത്താൻ അവസരം കിട്ടുമ്പോഴൊക്കെ ശ്രമിച്ചുകൊണ്ടിരിക്കണം, അത് വിജയിച്ചാൽപ്പിന്നെ പണിയെടുക്കാൻ സാധിക്കുന്ന കാലത്തോളം നിന്നെയും പിള്ളാരെയും അവളു  നോക്കിക്കൊള്ളും” ജീരകമിട്ട് ഉലർത്തിയ വൻപയറു തോരനും കൂട്ടി ഓൾഡ് മങ്ക് നുരയുന്നതിനിടയിൽ നിഗുഢമാർന്ന ചിരിയോടെ എനിക്ക് ജീവിതവിജയത്തിന്റെ നുറുങ്ങുകൾ അയാൾ പകർന്നു തന്നു.

 

“എഡോ… എന്റെ ലക്ഷ്യമെന്ന് പറയുന്നത്, സിസിലിയെ എങ്ങനെയെങ്കിലും UKലേക്ക് കയറ്റി വിടണം, അവൾ രാത്രിയും പകലും പണിയെടുക്കും, വീട് മേടിക്കും അവിടെ സെറ്റിൽ ആകും. ഞാൻ വല്ല part time ജോലിയോ, ഫുഡ് ഡെലിവറിയോ ഒക്കെ ചെയ്ത് കഴിഞ്ഞു കൂടും… വൈകുന്നേരങ്ങളിൽ സാൽമൺ ഫിഷിന്റെ വറുത്ത ഒരു കഷ്ണവും ഒരു ബെകാഡി വൈറ്റ് ബോട്ടിലും കിട്ടിയാൽ എന്റെ ജീവിതം ധന്യമാകും, കൂടത്തിൽ UKയിലെ ഇളം തണുത്ത കാറ്റുകൂടിയുണ്ടെങ്കിൽ പിന്നെ സ്വർഗ്ഗമല്ലേ.” അയാൾ വല്ലാത്തൊരു ഉന്മാദത്തോടെ കണ്ണുകളടച്ച് ചെറിയ ശബ്ദത്തോടെ ചുണ്ടുകൾക്കിടയിലൂടെ വായു അകത്തേക്ക് വലിച്ചുകയറ്റി തല ഉയർത്തിപിടിച്ചു കുലിക്കി കൊണ്ട് പറഞ്ഞു.

   

തന്റെ തന്തക്കുവിളിച്ചതിന്റെ വിഷമം പ്രതികാരാഗ്നിയായി അയാളുടെ നെഞ്ചിനുള്ളിൽ നെരിപ്പോടുപോലെ കത്തുന്ന വിവരം വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. ഒരു അടുക്കളസമ്മേളനത്തിൽ ഫ്രെഡി ഭായി അടിച്ചു പൂസായപ്പോഴാണ് എന്റെ ഒരു സഹമുറിയന്റെ കാമുകിയായ നഴ്സിന്റെ അടുത്ത് ചില അപവാദ പ്രചരണങ്ങൾ ഭാര്യ സിസിലി മുഖാന്തരം നടത്തിയതും, മറ്റൊരു സുഹൃത്തിന്റെ ബാങ്കിൽ നിന്ന് വന്ന ക്രെഡിറ്റ് കാർഡിന്റെ കൊറിയർ ആള് സ്‌ഥലത്തില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതും, ഏകദേശം ഉറപ്പിച്ച ഒരു സുഹൃത്തിന്റെ  കല്യാണം മുടക്കാൻ എടുക്കേണ്ടി വന്ന ബുദ്ധിപരമായ നീക്കങ്ങൾ ഒരു സിനിമാകഥപോലെ വളരെ രഹസ്യമായി അയാൾ എന്നോട് പറഞ്ഞു. 

ആ ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവരെ വഴിയിൽ വാച്ചുകണ്ടാൽ പോലും അയാൾ മൊബൈലിൽ സംസാരിക്കുന്ന രീതിയിൽ ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്.

   

കുറേ ദിവസങ്ങൾക്ക് ശേഷം, ഒരു ദിവസം രാവിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്തുള്ള പാർക്കിൽ ഇന്നർവെയർ മാത്രമിട്ട് ഓടുന്ന ഹിന്ദിക്കാരു പെണ്ണുങ്ങളുടെ അഗലാവണ്യം ഞങ്ങൾ കട്ടൻ ചായയും കുടിച്ച് ടെറസിൽ നിന്നസ്വാദിക്കുമ്പോഴാണ് ഒരു ബക്കറ്റ് അലക്കിയ തുണിയുമായി MBA ഭായി ടെറസിലേക്ക് വരുന്നത്. തുണികൾ വിരിക്കുന്നതിനിടയിൽ ഞങ്ങളുടെ കൂടത്തിൽ ഉള്ള ആരോ ചോദിച്ചു, “ഭായി പാർക്കിലേക്കൊന്നും നോക്കാറില്ലേ?.” എന്താണ് ഞാൻ കണ്ടിട്ടില്ലല്ലോ എന്ന മട്ടിൽ പാതി തുണിയും ബക്കറ്റിൽ തന്നെയിട്ട് ഞങ്ങളുടെ കൂടെ കൂടി ഞങ്ങളിൽ ഒരുവനായി മാറി. അങ്ങനെയാണ് വളരെകാലമായി ഉറഞ്ഞുകിടന്നിരുന്ന മഞ്ഞുരുകിയത്.

 

                                          **********   **********   **********   

 

MBA ഭായി എന്നെ കാണുബോഴൊക്കെ പാർട്ടിയുടെ കാര്യം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാത്രിയിൽ ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് പാർട്ടിക്കാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എത്രരൂപ ആകുമെന്നും നോക്കി ലിസ്റ്റ് ഉണ്ടാക്കി. ബഡ്ജറ്റ് ഇട്ടതിൽ 500 രൂപ കുറവായിരുന്നത് ഭായി സന്തോഷത്തോടെ കൈയിൽ നിന്നും വീണ്ടും ഇട്ട് നികത്തി.

 

പുതുവർഷത്തിന് ഒരു മണിക്കൂർ ബാക്കിയുള്ളപ്പോളാണ് ഞങ്ങളുടെ ഫ്ലാറ്റിൽ പാർട്ടി തുടങ്ങിത്. MBA ഭായി ഒരോ ഗ്ലാസ്സുമെടുത്ത് ഓൾഡ് മങ്ക് ഒഴിച്ച് അളവ് കൃത്യമാണോയെന്ന് ഗ്ലാസ്സുകൾ ചേർത്തുവച്ച് നോക്കി. മൊത്തം 9 ഗ്ലാസ്സുകൾ ഉണ്ട് "സോഡാ വേണ്ടാത്തവർ ഇപ്പൊ പറയണട്ടോ". മേശയിൽനിന്ന് കണ്ണുപറിക്കാതെ ഉറക്കെ എല്ലാവരോടുമായി പറഞ്ഞു. അന്നയാൾ പതിവില്ലാതെ എല്ലാവരുമായി ഇടപഴുകി ഉച്ചത്തിൽ  ചിരിച്ചും ചിരിപ്പിച്ചും വളരെ ഊർജ്ജസ്വലനായി കാണപ്പെട്ടു.

 

“ന്യൂ ഇയർ അല്ലെ ഈ ഫ്ലാറ്റിലുള്ള എല്ലാവരെയും ഉറക്കം കളഞ്ഞേക്കാം” ജോണി ചേട്ടൻ വന്യമായി ചിരിച്ചുകൊണ്ട് ഒരു പായ്ക്കറ്റ് നീല വർണകടലാസ്സിൽ പൊതിഞ്ഞ സാമാന്യം വലുപ്പമുള്ള പടക്കവുമായി വന്നു ടേബിളിൽ വച്ചുകൊണ്ട് പറഞ്ഞു. നിറച്ചു വച്ചിരുന്ന ഒരു ഗ്ലാസുമെടുത്ത് അല്പം മാറി ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു.

 

രണ്ടുമൂന്ന് പെഗ്ഗ് വീശികഴിഞ്ഞപ്പോൾ MBA ഭായിയുടെ ഉള്ളിൽ സമാദാനത്തിന്റെ വെള്ളിരിപ്രാവുകൾ പറന്നുപൊങ്ങി. മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. എല്ലാവരും തന്റെ സ്വന്തം കൂടപ്പിറപ്പുകളെപോലെയാണെന്ന് അയാൾക്ക് തോന്നി.

“ഭായിയോം നമ്മൾ എല്ലാവരും ജീവിക്കാനായി ജോലി ചെയ്യുന്നു, നമ്മൾ ഈ കെട്ടിടത്തിൽ ഒരുമിച്ച് താമസിക്കുന്നു. നമ്മൾ ഇപ്പോൾ ഒരുമിച്ച് കുടിക്കുന്നു. നമ്മൾ എല്ലാവരും ഒരു വിധത്തിൽ സമൻമാരാണ്”. MBA ഭായി ഒഴിഞ്ഞ ഗ്ലാസും കൈയിൽ പിടിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു. 

 

കൈകൾ മരവിച്ചു പോകുന്ന തണുപ്പാണ് പുറത്ത്. ഇടക്ക് ഐസ് ഫാക്ടറിയിൽ കയറിയിറങ്ങി വരുന്നതുപോലെയുള്ള കാറ്റും വീശുന്നുണ്ട്. തണുപ്പുകയറാതെ ജനലുകളും വാതിലുകളെല്ലാം അടച്ചിട്ിരിക്കുകയാണ്. തണുത്ത മാർബിൾ തറയിൽ നിന്ന് തണുപ്പ് കാലിലൂടെ അരിച്ചു മുകളിലേക്ക് കേറി മേലാസകലം തണുപ്പിച്ചുകൊണ്ടിരുന്നു. അഞ്ചാമത്തെ പെഗ്ഗും അകത്താക്കി മുണ്ടും പൊക്കിയുടുത്ത് മറ്റുള്ളവർക്ക് മിച്ചറും കടലയും വിതരണം ചെയ്‌ത്  കുശലന്വേഷണവുമായി MBA ഭായി കാല് ഉറപ്പിക്കാൻ പാടുപെട്ടുകൊണ്ട് നടക്കുകയാണ്. 

അതിടയിൽ ആരോ മൊബൈലിൽ പാട്ടുവച്ചു. ‘പൂങ്കാറ്റേ പോയി ചൊല്ലാമോ… എല്ലാവരും അതേറ്റുപാടി. ഒരു കൂട്ട സമൂഹഗാനമായി അതുമാറി.

 

12 മണിയാകാൻ 5 മിനിറ്റുള്ളപ്പോഴാണ് പെട്ടെന്ന് കറന്റ് പോയത്. ചിലർ മൊബൈലിൽ ഫ്ലാഷ് ഓണാക്കി അവരവരുടെ ഗ്ലാസ് തിരഞ്ഞു.

ആരോ ഒരു പടക്കമെടുത്ത് തീ കൊളുത്തി MBA ഭായിയുടെ കാലിനടിയിലേക്ക് ഇട്ടു. ഭയങ്കരമായ ശബ്‌ദത്തോടെ പടക്കം പൊട്ടി, ഞങ്ങളെല്ലാം ഒരു നിമിഷം സ്തംഭിച്ചു പോയി. ഒരു പടക്കം കൂടി MBA ഭായിയുടെ മുണ്ടിന്റെ മടികുത്തിൽ വന്ന് വീണ് വീണ്ടും പൊട്ടി. മുറി മുഴുവൻ പുകകൊണ്ട് നിറഞ്ഞു. കണ്ണിലെല്ലാം വെടിമരുന്നിന്റെ നീറ്റൽ. പുക കാരണം ശ്വാസം പോലും കിട്ടാത്ത അവസ്ഥ. ചെവി രണ്ടും അടഞ്ഞുപോയിരുന്നു. മേശയിൽ നിന്ന് ഒരു ഗ്ലാസ് നിലത്തുവീണ് പൊട്ടി. ആരോ മൊബൈലിന്റെ ഫ്ലാഷ് തെളിച്ചു. ഞാൻ ഒഴിഞ്ഞ ഒരുമൂലയിൽ  ഇരിക്കാൻ തുടങ്ങുബോൾ തൊട്ടടുത്ത് MBA ഭായി മിച്ചറിന്റെ പായ്ക്കറ്റും കടിച്ചുപിടിച്ചുകൊണ്ട് നിലത്തു വീണ് കിടന്ന് തന്റെ തീ പിടിച്ച മുണ്ട് തല്ലി കെടുത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിൽ ഇരുട്ടത്ത് ആരൊക്കെയോ ഹാപ്പി ന്യൂ ഇയർ പറയുന്നത് കേൾക്കാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com