ADVERTISEMENT

കനത്ത   മഞ്ഞുള്ള    ആ    ദിവസം തണുപ്പിനെ  വക വെക്കാതെ അതിരാവിലെ തന്നെ ചാടിയെണീറ്റ് സോനു അടുപ്പിൻ പാതകത്തിനരുകിലേക്ക് ചെന്നു..

ഇന്ന് പട്ടം കോളനിയിലെ ഞായറാഴ്ച ചന്ത ദിവസമാണ്…

അവന് ഇന്ന് പള്ളിക്കുടമില്ലല്ലോ…

ശനിയും ഞായറും അവധിയാണ് ....

            

അമ്മ  ചൂട്ട് അടുപ്പിനകത്തു തിരുകി  തീ  കത്തിക്കാനുള്ള തത്രപ്പാടിലാണ്......

വീടിന്റെ  പിന്നാമ്പുറത്തെ  ഇറമ്പടിയിലിരുന്ന്  വലിയേച്ചി ചാരമുപയോഗിച്ച്  പാത്രങ്ങൾ വൃത്തിയാക്കുന്നു....

                  

അച്ഛന്റെ കൂടെ  ഇന്ന് ചന്തക്ക്   പോകേണ്ടതുണ്ട് . ആഴ്ചയിൽ ഒരു ദിവസമേ  പട്ടം കോളനിയിൽ ചന്തയുള്ളു... അത്  ഞായറാഴ്ചയാണ്.

അന്ന്  തമിഴ് നാട്ടിൽ  നിന്നും  മറ്റു പല ഭാഗങ്ങയിൽ   നിന്നുമായി  ഒരു പാട്  വാണിഭക്കാർ  അവരവരുടെ ഉല്പന്നങ്ങളുമായി എത്തുകയായി...

ഇന്നൊരു   പ്രത്യേകത  കൂടിയുണ്ട് ...

ഇന്ന്   വീട്ടിലെ     കുഞ്ഞമ്മിണിയെ   വിൽക്കുന്ന    ദിവസമാണ് ....

അത്    സോനുവിന്റെ   വീട്ടിലെ  തള്ളയാടാണ്...കുഞ്ഞുങ്ങളും അവരുടെ    കുഞ്ഞുങ്ങളുമായി    കുറെ    ആടുകളുണ്ട് ....

ഇതിനെ   വിറ്റിട്ട്    വേണം    അടുത്ത   ഒരു   മാസം   ചിലവിനും  പിന്നെ 

കോളേജിൽ  പഠിക്കുന്ന  വലിയേച്ചിക്ക്   ഫീസ്  കൊടുക്കാനും ……

                   

മുറ്റത്തെ   ആഴമേറിയ  കിണറ്റിൽ  നിന്നും   തൊട്ടിയും  കയറുമുപയോഗിച്ചു    തണുത്ത    വെള്ളം  കോരി   കാലും  കയ്യും  കഴുകി  നിക്കറും  ഉടുപ്പുമിട്ടു ....പിന്നെ    അച്ഛന്റെ പിറകെ യാത്ര തിരിച്ചു   പട്ടം  കോളനിയിലെ ഞായറാഴ്ച ചന്തയിലേക്ക്.....

                 

അമ്മ  ദോശ ചുടാനുള്ള   ഒരുക്കത്തിലാണ്...ചന്തയിൽ   നിന്നും  തിരികെ   വരുമ്പോൾ ദോശയും  സാമ്പാറും    കാലമാകും ....

ദോശ , ഇഡലി ,  പുട്ട്   ഇവയിൽ  എതെകിലുമൊന്നു   ഞായറാഴ്ചയുണ്ടാകും ...ബാക്കി  ഒരു  ദിവസവും ഇതൊന്നും ഉണ്ടാക്കാറില്ല ...

                  

അച്ഛൻ   അതിവേഗതയിൽ നടക്കും ... അപ്പോൾ   വള്ളിച്ചെരുപ്പിന്റെ   ‘കട …കട’   ശബ്ദം   കേൾക്കും …...അതിനൊരു    താളമുണ്ട്.....

അമ്മിണിയാടിന്റെ    കഴുത്തിലെ    കയർ   അച്ഛനാണ്  പിടിക്കുന്നത് ...ചിലപ്പോൾ  നടക്കുന്ന വഴിയിൽ   അത്    നിൽക്കും   …. സോനു ,  അപ്പോൾ ഒരു മയത്തിലൊക്കെ    ചെറിയ  ഒരു   ചുള്ളിക്കമ്പു    കൊണ്ട്   ആടിന്   നോവാത്ത  തരത്തിൽ  മൃദുവായി  പിന്നിൽ   നിന്നും  തല്ലും..

എവിടെ….,  അതവിടെ   തന്നെ      നിൽക്കും...

മുൻപോട്ടുപോകാൻ   തീരെ മനസ്സില്ലാതെ   പിന്നിലോട്ടു  നോക്കി  അത് നിൽക്കും...അതിന്റെ     കുഞ്ഞുങ്ങളെ    ഉപേക്ഷിച്ചിട്ടല്ലേ    പോകുന്നത് അതിനു   വിഷമം    കാണാതിരിക്കുമോ....?

സോനുവിന്    വല്ലാത്ത    വിഷമം    തോന്നി...

ഇതിനെ  വാങ്ങുന്ന    ദയയില്ലാത്ത    പാണ്ടിക്കാരൻ   ചിലപ്പോൾ    അന്ന് തന്നെ   വല്ല   ഹോട്ടലുകാർക്കും  ഇറച്ചിക്ക്   വേണ്ടി   ഇതിനെ   അറക്കാൻ   കൊടുക്കുമായിരിക്കുമെന്ന   സാധ്യത തന്നെ അവനെ    വല്ലാതെ വേദനിപ്പിച്ചു...

അച്ഛന്റെ   പിടുത്തത്തിൽ     നിന്നും   കയർ   ഊരി   ആട് എങ്ങോട്ടെങ്കിലും  ഓടിയൊളിക്കുവാൻ   അവൻ  പ്രാർത്ഥിച്ചു...

അപ്പൊ     അച്ഛന്റെ    പരുക്കൻ   സ്വരം ...

"-നീ   എന്തോ   വിഴുങ്ങിക്കൊണ്ടു  നിൽക്കുവാ .. ആടിനെ  വേഗം  അടിച്ചു വിടേണ്ടെന് പകരം ...."-

അച്ഛന്റെ   കയ്യിലിരുന്ന   കട്ടി മൂടിയ   പ്ലാസ്റ്റിക്   കയർ അന്തരീക്ഷത്തിൽ   പലയാവർത്തി  ഉയർന്നു   താണു... തള്ളയാട്  പുളഞ്ഞു  ഉറക്കെ     നിലവിളിച്ചു ....സോനുവിന്റെ    ഹൃദയത്തിന്റെ  ആഴത്തിൽ   മുറിവുകളായി   അവ  അലയടികൾ   സൃഷ്ട്ടിച്ചു കൊണ്ടിരുന്നു ... ആടിനേറ്റ   ഓരോ   അടിയിലും അവനും    പുളഞ്ഞു ....ദേഹമെല്ലാം     നീറുന്ന     വേദന ... മിണ്ടാപ്രാണിയെ    ഇങ്ങനെ ഉപദ്രവിക്കരുതെന്ന്  പറയണമെന്നുണ്ടവന്   പക്ഷെ ... സോനുവിന്റെ ശബ്ദം തൊടണ്ടയിൽ കുരുങ്ങി നിന്നു 

 

അഞ്ചാറ്    കിലോമീറ്റർ   താണ്ടി    വേണമായിരുന്നു ചന്തയിലെത്താൻ..

ആദ്യം  ഒരു   ഇടവഴി ...അത്   നിറയെ കൊന്തൻകാടും കണ്ടോനെകുത്തിയും   ഉള്ള   കഷ്ട്ടിച്ചു നടക്കാൻ പറ്റുന്ന ഇടവഴി

പിന്നെ  അൽപ്പം   വീതിയുള്ള   മണ്ണ് വഴി ...കയറ്റം   കയറിച്ചെല്ലുന്നതു കുറച്ചു   കൂടി   വീതിയുള്ള ..ഒരു   ജീപ്പിനൊക്കെ   കഷ്ട്ടിച്ചു    കടന്നു പോകാവുന്ന   തരത്തിലുള്ള    മണ്ണ് വഴിയിലേക്കാണ് ..

മണ്ണുവഴിയിൽ    മഴ പെയ്തൊലിച്ചു   പോയ   വലിയ    പാതാളക്കുഴികൾ ...ആ    കുഴികളുടെ   ഇടയിലൂടെയുള്ള    നൂൽ   വഴിയിലൂടെ    ഒരു സർക്കസ് കാരനെപ്പോലെ    സോനു   നടന്നു... പാതാളക്കുഴിയുടെ   അപ്പുറം  പകച്ചു  നിന്ന  അമ്മിണിയാട്   അച്ഛന്റെ    കൈയിലിരുന്ന കട്ടിയുള്ള  പ്‌ളാസ്റ്റിക്    ചരടിന്റെ   പ്രയോഗത്താൽ   കുതിച്ചു   ചാടി നിമിഷ  നേരം കൊണ്ട്   മറുപുറമെത്തി……

അച്ഛൻ   ഇടക്ക്     ഒന്ന്   നിന്ന്   ഒരു   ബീഡി കത്തിച്ചു...പിന്നെയും   വേഗം നടക്കാൻ   തുടങ്ങി ...

തീവണ്ടി  പോലെ   പുക   ചുരുളുകൾ .....

ആ   തീ   വണ്ടിയിലെ   ഡ്രൈവർ   ആയി  അച്ഛൻ   മുൻപേ ...

തൊട്ടു  പിറകെ  നടക്കാൻ   മടിച്ചു   ആട് ...ഏറ്റവും പിന്നാലെ ...സോനുവും....

ഇടയ്ക്കിടെ   തീവണ്ടിയുടെ   ചൂളം   വിളിപോലെ    ആടിന്റെ നിലവിളികളും ...

അച്ഛന്റെ    ആക്രോശവും    ചന്തയിലേക്ക്   ഇനിയും    ദൂരമുണ്ട് ..... 

 

ആട്ടിൻ   ചന്തയിൽ  നല്ല    തിരക്കായിരുന്നു ....

കുട്ടിയാടുകളും    മുട്ടനാടുകളും    തള്ള ആടുകളും...

അവയെ   വിൽക്കാനായി   വരുന്നവരുടെ   തിക്കും    തിരക്കുകളും...

ആട്ടിൻ പുഴുക്കകളുടെയും മൂത്രത്തിന്റെയും സമ്മിശ്ര ഗന്ധം അവന്  മനം   പുരട്ടലുണ്ടാക്കി…. വയറും കാലിയാണല്ലോ….!

കാലത്തേ  വീട്ടിൽ  നിന്നും   ഇറങ്ങിയത് കൊണ്ട്   വയർ വിശന്നു കാളുന്നു.... ഒൻപതു മണിയായപ്പോഴേക്കും കത്തുന്ന ചൂട് ...വിയർപ്പു ചാലിട്ടൊഴുകി...ഒരിറ്റു    തണലിനു   വേണ്ടി   സോനു   ദാഹിച്ചു ...

തൊണ്ട    കത്തുന്നു ...

തുറന്ന    ചന്തയിലെവിടെ     തണൽ .....

ആടുകളുടെ വിശപ്പിന്റെ നിലവിളികളിൽ വിശപ്പും ദാഹവും കൊണ്ടുള്ള   പരവേശം  അവൻ  പാടെ  മറന്നു   പോയിരുന്നു....

തമിഴൻ  അടുത്ത് നിന്ന ഒരു മുട്ടനാടിന്റെ   തുടയിൽ പിടിച്ചു  ഞെരിച്ചു ഇറച്ചിയുണ്ടോന്ന്   നോക്കുന്നു...

മുട്ടനാട്   ഉറക്കെ    നിലവിളിച്ചു ...

ആ   പാണ്ടിയെ   ഇടിവെട്ടണെയെന്നവൻ    ശപിച്ചു ...

ചുറ്റുവട്ടത്തും   ആടുകൾ  വിശന്നു  നിലവിളിച്ചു ....

ദല്ലാളൻമാർ    അടുത്ത്   കൂടി .....

അവൻ   ഒരു   വില    പറഞ്ഞുറപ്പിക്കുന്നു ...

പിന്നീടത്    അവിടെ  വെച്ച്   തന്നെ   മറിച്ചു    വിൽക്കുന്നു ....

വാങ്ങുന്നവനിൽ    നിന്നും   വിൽക്കുന്നവനിൽ   നിന്നും   ലാഭം ....

കച്ചവടം    മറ്റാരും   കാണാതെ   വില പറഞ്ഞുറപ്പിക്കുന്ന   ഒരു തന്ത്രം   കൂടി അവൻ   അവിടെ    കണ്ടു .....

ദല്ലാളും   വിൽക്കുന്ന   ആളും     വലം   കൈകൾ     പിടിച്ചു  അതിനു  മുകളിൽ  ഒരു തോർത്തിട്ടു മൂടും .....രണ്ടു വിരലുകളെയാണ് പിടിക്കുന്നതെങ്കിൽ   ഇരുന്നൂറു  രൂപാ , മൂന്ന് വിരൽ കൂട്ടിപ്പിടിച്ചാൽ മുന്നൂറു രൂപ ....അതവർക്ക്   മാത്രമേ   അറിയാൻ    കഴിയൂ 

ദല്ലാളന്മാരുടെ   ഓരോ   തന്ത്രങ്ങൾ ...!!

ഒടുവിൽ  വില   പേശി കച്ചവടമുറപ്പിച്ചു ....ആടിനെയുമായി  വലിയ   കപ്പടാ  മീശ   വെച്ച   പാണ്ടി   പോയി....

ആട് ഒരുടമസ്ഥനിൽ നിന്നും മറ്റൊരാളിലേക്ക് ..അയാൾക്ക്‌ ഇനി വേണമെങ്കിൽ  കൊല്ലാൻ  കൊടുക്കാം ...വളർത്താം ...ആടിനെ കൊല്ലാൻ കൊടുത്തക്കാൻ   പാണ്ടിക്കാരന്   മനസ്   വരല്ലേയെന്നവൻ  ഉള്ളുരുകി   പ്രാർത്ഥിച്ചു ...

ആട്ടിൻ ചന്തയുടെ  മൂലയിൽ   ഒരു    ചെറുപ്പക്കാരൻ കക്ഷത്തിൽ  ഒരു ക്യാഷ്  ബാഗുമായി    നിൽപ്പുണ്ടായിരുന്നു .. ടോൾ പിരിവിനായി….

ആടിനും മറ്റ് കന്നുകാലികളും വഴക്കുലകൾക്കും ചന്തയിൽ കച്ചവടം   നടത്തുന്നതിനും   വെവ്വേറെ    തുകയാണ്    ഈടാക്കിയിരുന്നത് .

അവിടെച്ചെന്നു 'ടോൾ'- കൊടുത്തു അവർ വീണ്ടും ചന്തയിലേക്ക്   പ്രവേശിച്ചു ....

ടോൾ വാങ്ങിയ ചെറുപ്പക്കാരന്റെ ബാഗിലെ നിറയെ നോട്ടുകെട്ടു കണ്ടവൻ ആർത്തിയോടെ നോക്കി നിന്നു.. അവന്റെ മനസ് മന്ത്രിച്ചു………….’പണക്കാരൻ’ ....!

 

ചന്തയിലേക്ക്   കയറുന്നതിനു   മുൻപ് തന്നെ   വഴി വാണിഭക്കാര്  ടാറിട്ട റോഡിന്റെ ഇരു വശങ്ങളും കയ്യടക്കിയിരിക്കും ... അവിടെ പലതരം കച്ചവടമാണ് ..വലിയ  കൂടയിൽ  കമ്പത്തു നിന്നും  കൊണ്ടുവരുന്ന കറുത്ത മുന്തിരികൾ , ഓറഞ്ച് ,  ഏത്തപ്പഴം ,  നെല്ലിക്ക .... പച്ചക്കപ്പ  പിന്നെ  നല്ല  നാടൻ വെറ്റിലയും   അടക്കയും,   ചുണ്ണാമ്പ്  പാളയിൽ   പൊതിഞ്ഞതും ...വെറ്റില    ചവക്കുന്നവർക്ക്   ഇതിൽ പരം എന്ത്  വേണം ....

ഇരുമ്പു  പിച്ചാത്തികൾ  വിൽക്കുന്നത് കണ്ടപ്പോൾ കുറെ നാൾ മുൻപ് നടന്ന   ആ   സംഭവം   സോനുവിന്റെ   മനസിലേക്ക്      ഓടിയെത്തി  ....

അന്നൊരു  ഞായറാഴ്ച ദിവസം  അച്ചന്റെ  കൂടെ   അവനും ചന്തയിലെത്തിയിരുന്നു...

വിവിധ  തരത്തിലുള്ള  ഇരുമ്പ്  കത്തികൾ വിൽക്കുന്നിടം …...പലരും    വില    പേശുന്നു...

  

കത്തികളുടെ  മൂർച്ചയുള്ള വശങ്ങൾ സൂര്യ പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു.....

അച്ഛൻ   ഒരു   കത്തി   വാങ്ങി  നല്ല   മൂർച്ചയുള്ളത്....

വീട്ടിൽ വന്നു പാറപ്പൊടി  വിതറിയ  പട്ടിക കഷണത്തിൽ ഉരച്ചു മൂർച്ച കൂട്ടി...

                     

പതിവായി  മുടങ്ങാതെ വെളുപ്പിനെ  തങ്ങളെ   കൂകിയുണർത്തുന്ന  പൂവൻ   കോഴിയെ അമ്മ പിടിച്ചു മുറ്റത്തെ  ഒരു  കോണിൽ  ഈറ്റകൊട്ട  കൊണ്ട് അടച്ചിടുന്നത്   അവൻ   കണ്ടു ...കുറെ അരിയും  വിതറിയിട്ടുണ്ട് ... പിന്നീടാണ്  മനസിലായത്  അന്ന്   ഉച്ചയ്ക്ക്  ഊണിനുള്ള  കോഴിക്കറിക്ക് അതിനെ കൊല്ലാനാണെന്ന്.... അതിന്റെ അന്ത്യാഹാരമാണ്  അവിടെ വിതറിയിരിക്കുന്നത്...

അവന് വലിയ സങ്കടം തോന്നി...കൊട്ട തുറന്നു വിട്ടു അതിനെ ഓടിച്ചാലോ...

തല്ല്   കിട്ടിയാൽ   കിട്ടട്ടെ ...!

അവൻ   പല   പ്രാവശ്യം     ശ്രമിച്ചതുമാണ് ...

പക്ഷെ    ചിലപ്പോൾ വലിയേച്ചി , അല്ലെങ്കിൽ അച്ഛൻ  അതുമല്ലെങ്കിൽ അമ്മ ആരെങ്കിലും ആ  ഭാഗത്തുണ്ടാകും....

അവന്റെ   പദ്ധതി    നടന്നില്ല ....

തിളപ്പിച്ച  ഒരു   ചരുവം  വെള്ളം   അമ്മ   മുറ്റത്തെ    ഓരത്തു കൊണ്ട്   വെച്ച് കഴിഞ്ഞു ...അച്ഛൻ   കത്തിയുടെ വായ്ത്തല രാകി  വീണ്ടും മൂർച്ച കൂട്ടി....

പിന്നെ  കൊട്ട പതുക്കെ മാറ്റി കോഴിയെപ്പിടിച്ചു പിന്നാമ്പുറത്തുള്ള വരിക്ക പ്ലാവിന്റെ  ചുവട്ടിലേക്ക് ....

അവനും  കൂടെ   ചെന്നു... കുറച്ചു മാറി   നോക്കി    നിന്നു.

കോഴിയെ നിലത്തു വെച്ച് ചിറകുകൾ ചവിട്ടിപ്പിടിച്ചു ...പിന്നെ മൂർച്ചയേറിയ കത്തികൊണ്ട് അതിന്റെ കഴുത്ത്‌ സാവധാനം കരവിരുതോടെ   അച്ഛൻ   അറുത്തു...

പൂക്കുറ്റിപോലെ   ചുടു ചോര  ചീറ്റിത്തെറിച്ചു ..... 

കോഴി   പ്രാണൻ  പോകുന്ന വേദനയാൽ ചിറകിട്ടടിച്ചു കുതറി....... നിലവിളിച്ചു ...

കഴുത്തു വേർപെട്ട പൂവൻ കോഴി പിടഞ്ഞു കൊണ്ടിരിന്നു...സോനു പേടിച്ചു    നിലവിളിച്ചു    കൊണ്ട്    തിരിഞ്ഞോടി ....

ഉച്ചയ്ക്ക് ചോറിന്റെ കൂടെ പൂവൻ കോഴിയുടെ ഇറച്ചി കൊണ്ട് വെച്ചപ്പോൾ പിടയുന്ന കോഴിയുടെ രൂപമായിരുന്നു അവന്റെ മനസ്സിൽ…...അവൻ ചോറും ഇറച്ചിയും കഴിച്ചില്ല... പറഞ്ഞറിയിക്കാൻ പറ്റാത്ത   ഒരു   വിഷമം    അവനെ    അലട്ടിക്കൊണ്ടിരുന്നു ………

കോഴിയിറച്ചിക്ക് നല്ല  രുചിയായിരുന്നു എന്ന് വലിയേച്ചി പറഞ്ഞു..തേങ്ങാപ്പാലിന്റെ   മണവുമുണ്ടായിരുന്നു എന്ന്.....പക്ഷെ അവനു   തോന്നിയത്   ചോരയുടെ മണമായിരുന്നു …… അവന്   മനം    പിരട്ടി…..

അന്ന്     രാത്രി   സോനുവിന്    കടുത്ത   പനി   പിടിച്ചു ...

അവൻ    ഞെട്ടിയുണർന്നു ...പിച്ചും   പേയും   പറഞ്ഞു ...

ഭൂമിയാകെ   കറങ്ങുന്നതുപോലെ   അവനു   തോന്നി...

ഉള്ളിൽ നിന്നും   എന്തൊക്കെയോ ഉരുണ്ടു കയറി വരുന്നതുപോലെ ....കാൽ വെക്കുന്നിടം നിലയില്ലാക്കയങ്ങളിലേക്കാഴ്ന്നു പോകുന്നതുപോലെ .....

രാത്രിയിൽ പലപ്രാവശ്യം ഞെട്ടിയുണർന്നു...തലക്ക് മുകളിലൂടെ നിലവിളിച്ചു നടക്കുന്ന പൂവൻ കോഴി....അതിന്റെ ചിറകടി ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി ....നിലവിളികൾ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി  ......തൂവലുകൾ ചിതറി പറന്നു....ചുടു ചോര കൊണ്ട് ചുവരുകളിൽ ചിത്രം വരഞ്ഞു.....

കത്തിയുടെ   മൂർച്ചയുള്ള  പ്രതലത്തിലുള്ള ഭാഗത്തെ വെള്ളി വെള്ളിവെളിച്ചം അവന്റെ കണ്ണുകളിലേക്കടിച്ചു കൊണ്ടിരുന്നു ……......പിന്നീടൊരിക്കലും   അവൻ   കോഴിയിറച്ചി      കഴിച്ചിട്ടില്ല .....

 

കളറുള്ള   വലിയ   കളങ്ങളുള്ള   ‘ ആമ ‘ മാർക്ക്   ലുങ്കികൾ  വിൽക്കുന്ന ആൾ  പട്ടം കോളനി   ചന്തയുടെ   ഇടതു  വശത്ത്‌…..

നിലക്കടല ...., സ്വന്തം   വീട്ടിൽ   നിന്നും    പിഴുതുകൊണ്ടു   വരുന്ന   ചുവപ്പൻ ചീര  , കാന്താരി , പഴുക്കാ , നാടൻ പാവക്ക  അങ്ങനെ കച്ചവടങ്ങൾ  ചന്തയുടെ വലതു വശത്ത്‌   പൊടിപൊടിക്കുന്നു....

ചന്ത...ഒരു   ഉത്സവസ്ഥലം   പോലെയാണ് ...

നിറയെ   ആളുകൾ …….

ബഹളങ്ങൾ....

അതിലൂടെ    നടന്നാൽ   സമയം     പോകുന്നതുമറിയില്ല... വിശപ്പും…!!

അച്ഛൻ നേരെ പോയത് തേങ്ങാ വിൽക്കുന്നയാളുടെ അടുത്തേക്കായിരുന്നു....

നാലഞ്ചു    കച്ചവടക്കാർ   മത്സരിച്ചു   വിൽക്കുന്നു...

മൂന്നു   പെരുമ്പാവൂർ   തേങ്ങാ   മുപ്പത്  രൂപ ......ഒരാൾ 

ഇത് കേട്ട് മറ്റൊരാൾ ....ആലുവാ  തേങ്ങാ   നാലെണ്ണം   ഇരുപതു രൂപ....

കച്ചവടം കൊഴുക്കുന്നു ....

അച്ഛൻ വാങ്ങുന്നത് മൂന്ന് തേങ്ങയാണ്.... ഒൻപത് അംഗങ്ങളുള്ള വീട്ടിലേക്ക്    ഒരാഴ്ചത്തെ   റേഷൻ   ആണ്   മൂന്ന്    തേങ്ങാ.... 

സമീറിക്കയുടെ റേഷൻ കടയിൽ നിന്നും ആ മാസത്തേക്കുള്ള നല്ല മണമുള്ള അരിയും വാങ്ങും ...അത് ചുമന്നു കൊണ്ടുപോയി വീട്ടിലെത്തിയാൽ   തല    രണ്ടു  ദിവസം അടുപ്പിച്ചു    കഴുകിയാലേ    ആ നാറ്റം മാറുകയുള്ളൂ.....എല്ലിൻ    പൊടിയുടെ    മണമുള്ള    റേഷൻ       അരി ....

പിന്നെ    അടുത്ത   സ്ഥലമായ   ഉണക്ക മീൻ കച്ചവടക്കാരന്റെ അടുത്തേക്ക് ....

അവിടെ  മുങ്ങിയ  മത്സ്യത്തിന്റെ  മുഴുവൻ ഉണക്ക മത്സ്യത്തിന്റെ മടുപ്പിക്കുന്ന    മണം....

വയറു വിശന്നു കാളുന്നുമുണ്ട്...കുറച്ചപ്പുറത്തു ഒരു കളത്തിൽ പായസസകച്ചവടം നടത്തുന്ന ആൾ ...ചെറിയ വെള്ളഗ്ലാസ്സിൽ ശർക്കര  പ്പായസം വാങ്ങിക്കുടിക്കുന്നതു കണ്ടവന്റെ വായിൽ വെള്ളം നിറഞ്ഞു...പക്ഷെ   അച്ഛനോട്   പറയാൻ    പേടി .....

ദേഷ്യപ്പെട്ടാലോ...

ചിലപ്പോൾ   വഴക്കു    പറഞ്ഞെന്നിരിക്കും....

അച്ഛൻ   മീൻ    വാങ്ങുന്നതിരക്കിലാണ്...കുറിച്ചി, വറ്റ, ഉണക്ക മത്തി  അങ്ങനെ കുറെ മീനുകളുണ്ട്...   വലിയ വിലയില്ലാത്ത  കുട്ടൻ മീൻ   ഒരു കിലോ വാങ്ങി ...ഇനി   അടുത്ത   സ്ഥലം   പച്ച മീൻ    വിൽക്കുന്ന       ഇടമാണ് 

പായസം   കുടിക്കുന്ന ചേട്ടനെ ഊന്നു കൂടി തിരിഞ്ഞു നോക്കി അവൻ മിടയിറക്കി ....

ചാകര വന്നതുപോലെയായിരുന്നു ഞായറാഴ്ച്ച ചന്തയിലെ പച്ചമീൻ വിൽപ്പന ...

അയല……..അൻപതേ ..

ചാള ……..മുപ്പതേ....

കൊഴുവ ……...ഇരുപതേ.........

പിടക്കുന്ന മീൻ ...വില   നെയ്മീൻ അറുപതേ....വരൂ ...വരൂ...

പിടക്കുന്ന മീൻ ......പച്ചമീൻ കച്ചവടം തകർക്കുകയാണ് .......

നന്നേ വിലക്കുറവുള്ള ചാള   ഒരു കിലോ      അച്ഛൻ   വാങ്ങിച്ചു....

ഇനി   വീട്ടിൽ   പച്ച മീൻ വാങ്ങണമെങ്കിൽ അടുത്ത ഞായറാഴ്ച യാകണം …!!!

ഈ ആഴ്ച്ച ആടിനെ വിറ്റു കിട്ടിയതുണ്ടായിരുന്നു….....അടുത്തയാഴ്ച പതിവുപോലെ    വല്യച്ഛന്റെ    അടുത്ത് പോയി    കടം വാങ്ങേണ്ടി വരും ....

അമ്പതു രൂപ കടം വാങ്ങാൻ  അച്ഛൻ സോനുവിനെയാണ് പറഞ്ഞു വിടുന്നത്....

വല്യച്ഛന്റെ  മേശയ്ക്കത്തുള്ള  ഡയറിയിൽ ഇഷ്ട്ടം പോലെ    അമ്പതിന്റെയും  നൂറിന്റെയും  നോട്ടുകൾ  വെച്ചിരിക്കുന്നത് അവൻ പലപ്പോഴും കണ്ടിട്ടുണ്ട്....

ആദ്യം  വലിയച്ഛൻ   ചോദിക്കുന്നത്   എന്ന്   തിരികെ ത്തരുമെന്നായിരുന്നു...

പിന്നെ അമ്പതു രൂപയ്ക്കു വേണ്ടി അഞ്ഞൂറ് രൂപയുടെ ചോദ്യങ്ങളുണ്ടാകും ....

പിന്നെ മടിച്ചു മടിച്ചു മേശയുടെ വലിപ്പു തുറന്നു....... അതിലെ   താളുകളിൽ   നിന്നും   ഒരു   പുതിയ നോട്ടെടുത്തു പത്തു പ്രാവശ്യം തിരുമ്മി അതിന്റെ കൂടി ഒന്നുകൂടി  ഇല്ലെന്നുറപ്പിച്ച ശേഷം   അവന്റെ കൈയിൽ    കൊടുക്കും  ……..

ചന്തയിൽ  നിന്നും   പുറത്തേക്കിറങ്ങിയപ്പോൾ പൊതുവെയുള്ള ബഹളത്തിൽ വീണ്ടും കൂടുതൽ ശബ്ദമുഖരിതമാക്കി ഒരു കറുത്ത അംബാസിഡർ കാറിൽ കെട്ടി വെട്ടിച്ചിരുന്ന ചെറു കോളാമ്പിയിൽ നിന്നും    അനൗൺസ് മെന്റ്     ഉയർന്നു.......

കടന്നു വരൂ ..കടന്നു വരൂ..കടന്നു വരൂ........

നാളെയാണ് ...നാളെയാണ് ..നാളെയാണ്...

മടിച്ചു നിൽക്കാതെ കടന്നു വരൂ....

ഭാഗ്യ ദേവതയിതാ   നിങ്ങളെ   മാടി     വിളിക്കുന്നു....

കേരളാ ലോട്ടറി ...കേരളാ ലോട്ടറി........കേരളാ ലോട്ടറി......

ഒന്നാം സമ്മാനം    ഒരു ലക്ഷം രൂപയും    ഒരു    പുത്തൻ  മാരുതി     കാറും .....

നല്ല    ചേലായി....ലോട്ടറി ടിക്കറ്റെടുക്കാനോ ....

അതുണ്ടെങ്കിൽ   അപ്പുറത്തു   വിൽക്കാൻ    വെച്ചിരിക്കുന്ന പഴുത്ത ഓറഞ്ചു ഒരു കിലോ വാങ്ങിക്കാം .....

അത് തന്നെയുമല്ല,  അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ  മുൻപൊരിക്കൽ ഇവിടെ നിന്നൊന്നും വാങ്ങുന്ന ടിക്കറ്റിനു സമ്മാനം അടിക്കില്ലെന്ന്..അതൊക്കെ  'തിരുവനന്തോരത്തു ' നിന്നൊക്കെയെടുക്കുന്ന     ടിക്കറ്റിനെ   കിട്ടൂന്ന് .......

ലോട്ടറി അടിച്ചാൽ കൊള്ളാം...ഒരു ലക്ഷം രൂപ.....ഒരു പുത്തൻ മാരുതിക്കാർ ....

അൽപ്പ സമയം അവന്റെ മനസ് കാറിൽ  സഞ്ചരിക്കുന്നതായിട്ടു സങ്കൽപ്പിച്ചു അവിടെത്തന്നെ നിന്നു......

പക്ഷെ ,  ആ   സാങ്കൽപ്പിക   യാത്രയെ  തച്ചുടച്ചു കൊണ്ട്   അച്ഛൻ വിളിച്ചു ...

"വേഗം വാടാ.........നീ എന്ത് നോക്കി നിൽക്കുവാ ...

"-ഒരിക്കലും നടക്കാത്ത......സ്വപ്നം കാണാൻ   പോലും   അവകാശമില്ലാതാവാനായി അവൻ വെറുതെ ടിക്കറ്റ് വിൽക്കുന്നത് വിൽക്കുന്നിടത്തു  നിന്നും വീണ്ടും നടന്നു.

കുറച്ചു കൂടിയ നടന്നു കഴിഞ്ഞപ്പോൾ   ഒരു സൈക്കിളിൽ അടുത്തത്...പൊട്ടൻ ചുക്കാദി കുഴമ്പ്...ഒടിവിനും ...ചതവിനും.....

അച്ഛൻ  വീണ്ടും  ഒരു   പുകയൂതുന്ന തീവണ്ടിയായി ...പുകച്ചുരുളുകൾ ആകാശത്തേക്കുയർന്നു ...അതിൽ പുകയിലയുടെ മണം പരന്നു...ആ പുക വണ്ടിയുടെ അറ്റത്തെ യാത്രക്കാരനായി അവനും.....

ചന്തയിൽ നിന്നും വീട്ടിലേക്ക്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com