രാമർപാദം – ബിനു കെ. ബാലകൃഷ്ണൻ എഴുതിയ കഥ

malayalam-short-story-ramarpadam
Representative image. Photo Credit: Mahul Milan Mukherjee/Shutterstock.com
SHARE

അപ്പോൾ, ഈ കുന്നിൻ മുകളിൽ നിന്നാണോ രാമൻ ലങ്കാ യാത്രക്ക് വഴികൾ തേടിയത് ...?

അങ്ങ്..,വിദൂരതയിൽ.., നീലപുതച്ച മേഘങ്ങൾക്കു താഴെ നേർത്ത ഒരു വരപോലെ കാണപ്പെട്ട സാഗരത്തിലേക്ക് തന്നെ മിഴിനട്ടു കൊണ്ട് സീതാലക്ഷ്മി അതു ചോദിച്ചു.... അപ്പോൾ അവളുടെ വലിയ കണ്ണുകൾ കൂടുതൽ വിടർന്നു..

ദൂരെയെവിടെയോ, അശോകവനിയിൽ, ഏകയായിരുന്ന തന്റെ പ്രാണേശ്വരിയുടെ ചാരെയണയാൻ വ്യഗ്രത പൂണ്ടുവന്ന ശ്രീരാമന്റെ പാദസ്പർശം കൊണ്ട് ധന്യമായ ആ കുന്നിൻ മുകളിലാണ് അവർ നിന്നിരുന്നത്...  അവിടെ നിന്നും ദൂരെയല്ലാതെ, സ്വർണവർണത്താൽ അലംഘൃതമായ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം.... കഥകളിലൂടെ അറിഞ്ഞ് , ഭാവനയിൽ വരച്ച ചിത്രങ്ങൾ പലതും, നേരിൽ കാണുന്നതിന്റെ ആകാംക്ഷയിലാണ് അവൾ .... 

ആ കുന്നിൻ മുകളിലെ കൽമണ്ഡപത്തിൽ കളിമണ്ണിൽ തീർത്ത കാലടിപ്പാടുകൾ.. ഒരു കാലഘട്ടത്തിന്റെ സ്മരണയുടെ അവശേഷിപ്പ്. വീണ്ടും മണ്ഡപത്തിലേക്ക് കയറി ഭക്തിപൂർവ്വം, മിഴികൾ പൂട്ടി അവൾ തൊഴുതു ... ചുറ്റുപാടും കണ്ണോടിച്ച് അലസമായി, ചാരെ രഘുനന്ദനും നിന്നു .....

കത്തിച്ചു വെച്ച നിലവിളക്കിൽ നിന്നു താലത്തിലെ ചിരാതിലേക്ക് പുരോഹിതൻ തീ പകർന്നു... കിരീടാകൃതിയുള്ള ഒരു വെള്ളി ചഷകം രണ്ടു പേരുടേയും തലയിൽ  വെച്ച് ചില മന്ത്രങ്ങൾ ഉരുവിട്ടു .. പിന്നെ, താലത്തിൽ നിന്നും അൽപ്പം കുങ്കുമം നുള്ളിയെടുത്ത് അവരുടെ ശിരസ്സിലും തൊട്ടു  ...

നിലത്തു വെച്ച തളികയിൽ ദക്ഷിണ അർപ്പിച്ച് രഘുനന്ദൻ തിരിഞ്ഞു ... അപ്പോഴും, രാമപാദങ്ങളിൽ കൗതുകപൂർവ്വം, മിഴികൾ നീട്ടി നിൽക്കുകയാണ് സീതാലക്ഷി ....

സീതാലക്ഷ്മിക്ക്  ആ കാഴ്ചകൾ പുതിയ ഒരു ഉണർവ്വ് നൽകിയിരുന്നു..ഒരുപാടു നാളായുള്ള അവളുടെ ആഗ്രഹത്തിന്റെ ഒരു സാക്ഷാത്ക്കാരം പോലെ...

കുന്നിൻ മുകളിൽ നിന്നും കൽപ്പടവുകൾ ഇറങ്ങുമ്പോൾ അവൾ അയാളുടെ കൈകൾ തന്നോട് ചേർത്ത് പിടിച്ചു .. പുലർകാലം പെയ്ത മഴയിൽ നനഞ്ഞ പടികൾ അപ്പോഴും കുതിർന്നു കിടന്നിരുന്നു.  നനുത്ത കാറ്റും കുളിരും നിറഞ്ഞ ആ പ്രകൃതിയിൽ അവൾ ചെറുതായി തണുത്തു വിറച്ചു. 

പടികൾക്കു താഴെ, അവരെ കാത്ത് അക്ഷമനായി നിൽക്കുകയായിരുന്നു ഓട്ടോക്കാരൻ മാരിമുത്തു...

"പോകലാമ്മാ സാർ, നിറയെ സ്ഥലം ഇനിയും ഇറുക്ക് .." 

കാത്തിരിപ്പിന്റെ മുഷിപ്പ് പ്രകടമാക്കാതെ,അവർക്കായി തമിഴും മലയാളവും കലർന്ന ഭാഷയിൽ പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി...

"സാർ, ഇനി നമ്മ പോകണ ഇടം വന്ത് രാമസേതു.. അങ്കെ നിന്നു താനെ രാമൻ ലങ്കാവുക്ക് പാലം പണിന്തത്...."

ആരോ നീട്ടിയ പഴവും  തട്ടിപ്പറിച്ചോടുന്ന കുരങ്ങനിൽ ദൃഷ്ടികളൂന്നിയിരിക്കുകയായിരുന്നു രഘുനന്ദൻ അപ്പോൾ .... 

ആ കുന്നിനു താഴെ പടികൾക്കു വശത്തായി ഒരു വലിയ വട വൃക്ഷം നിന്നിരുന്നു. അതിന്റെ കൊമ്പിലിരുന്ന്  യാത്രികരുടെ ഓരോ ചലനവും സഃസൂക്ഷ്മം  നിരീക്ഷിക്കുകയാണ് ഒരു സംഘം വാനരന്മാർ ... കുരങ്ങൻമാർക്ക് തീറ്റ കൊടുക്കരുത് എന്ന് പല ഭാഷകളിൽ എഴുതിയ ബോർഡിനെ താഴെ നിന്ന് കൊണ്ട് ചിലർ അവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ചവിട്ടുപടികളിലേക്കു നീളുന്ന വഴിക്കരുകിലായി നാലഞ്ചു കടകൾ.  പച്ച ചോളം കനലിൽ ഇട്ട് തത്ക്ഷണം ചുട്ടു കൊടുക്കുന്ന തമിഴത്തി പെണ്ണുങ്ങളുടെ രണ്ടു മൂന്നു ഉന്തുവണ്ടികൾ വേറെയും. അതിൽ ഒന്നിന് മുന്നിലേക്ക് മാരിമുത്തു വണ്ടി നീക്കി നിർത്തി, രണ്ടു കമ്പ് ചോളം വാങ്ങി പുറകിലേക്ക് തിരിഞ്ഞ് അവർക്കു നീട്ടി. 

"ശാപ്പിട് സാർ... റൊമ്പ നല്ലാറുക്കും ..." 

മാരിമുത്തുവിനെ മുഷിപ്പിക്കാൻ അവർ നിന്നില്ല... അവർ അത് വാങ്ങി. വളരെ നേരത്തെ പ്രാതൽ കഴിച്ചത് കൊണ്ട് തന്നെ അവർക്ക് വിശക്കാനും തുടങ്ങിയിരുന്നു.. 

രാമനാഥ ക്ഷേത്രത്തിനു മുന്നിൽ നിന്ന് അവരുടെ കൂടെ കൂടിയതാണ് ഓട്ടോക്കാരൻ മാരിമുത്തു..

ക്ഷേത്രത്തിൽ നിന്നും ഇറങ്ങുമ്പോഴാണ്, മതിൽ കെട്ടിനരികിൽ വരിവരിയായി നിർത്തിയിരുന്ന വണ്ടികളൊന്നിൽ നിന്നും ഉയരം കുറഞ്ഞ് കറുത്തു തടിച്ച ഒരാൾ ഇറങ്ങി വന്ന് അവരോട് ചോദിച്ചത്......

"എങ്കെ പോകണം സർ , സൈറ്റ് സീയിങ്ങ് ക്ക് പോകലാമ്മാ.. തേർട്ടീൻ പ്ലേസസ് പോയിടും.. ധനുഷ് കോടി, രാമർപാദം, അബ്ദുൾ കലാം ഹൗസ്, ഹനുമാൻ കോവിൽ, ലക്ഷ്മൺ കോവിൽ....,പാത്തിഡിംഗോ സാർ.."

നാലായി മടക്കിയ, ചിത്രങ്ങൾ പതിച്ച കട്ടിയുള്ള ഒരു കടലാസ് അവൻ അവർക്കു നേരെ നീട്ടി..

"ഓക്കെ ഓക്കെ എവളോ ആവും..."

അറിയാവുന്ന തമിഴിൽ രഘുനന്ദൻ തിരിച്ചു ചോദിച്ചു...

"എണ്ണൂറു രൂപ മട്ടും സർ"

"എണ്ണൂറു രൂപാ വാ... അത് ജാസ്തി താനേ.."

തമിഴ് നാട്ടിൽ  ചെന്നാൽ എന്തിനും വിലപേശണം എന്ന പൊതു നിയമം ഓർത്ത് അയാൾ ചോദിച്ചു...

"ഏറിട് സർ, ഒരു സെവൻഫിഫ്ടി പോതും .."

കൂടുതൽ പേശാൻ നിൽക്കാതെ പിന്നെ തുടങ്ങിയതാണ്  അവർ ഈ യാത്ര ...

തിരക്കേറിയ നഗരവും പിന്നിട്ട് വിജനമായ റോഡിലൂടെ വണ്ടി മുന്നോട്ട് കുതിക്കാൻ തുടങ്ങി.... റോഡിന് ഇരുവശവും നിറഞ്ഞ മണൽ പരപ്പ് .... ചിലയിടങ്ങളിൽ മാത്രം, റോഡരികിൽ  ചെറിയ ഓല കുടിലുകളും പെട്ടി കടകളും.   കുടിലുകൾക്ക് മുന്നിൽ മുത്തുമാലകളും ശംഖും നിരത്തിവെച്ച് വിൽക്കാനിരിക്കുന്ന സ്ത്രീകളും കുട്ടികളും വണ്ടികളുടെ കാഴ്ചയിൽ കൈകൾ വീശി എല്ലാവരേയും ക്ഷണിച്ചിരുന്നു.... പുറം കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാതെ ആസ്വദിച്ച്‌ ഇരിക്കുകയാണ് സീതാലക്ഷ്മി....

കുടിലുകളെയെല്ലാം പിന്നിലാക്കി വണ്ടി കുറച്ചു നേരം കൂടി ഓടി.. പിന്നെ,  പ്രധാന പാതയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ചെറിയ ഒരു ടാർ റോഡിലേക്ക് പ്രവേശിച്ചു .... കോൾപാടങ്ങളെ അനുസ്മരിപ്പിക്കുമാറ് ഇരുവശവും വെള്ളം നിറഞ്ഞ് നിന്നതിന് മധ്യത്തിലെ ആ ചെറിയ വഴിയിലൂടെ  ഓടി.., പഴക്കം ചെന്ന ഒരു ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ,  പടികൾക്ക് താഴെ ഒഴിഞ്ഞ ഒരു സ്ഥലത്ത് മാരിമുത്തു വണ്ടി ഒതുക്കി നിർത്തി .....

ക്ഷേത്രത്തിന് ഒരു വശം കടൽത്തിരകൾ കയറി രൂപപെട്ട വിശാലമായ ജലസമൃദ്ധിയിൽ അങ്ങിങ്ങായി നടന്നുനീങ്ങുന്ന മനുഷ്യർ .... അങ്ങകലെ ദ്യശ്യമാകുന്ന നീലകടൽ.....   തെളിനീരായ, ആഴം കുറഞ്ഞ ആ ജലപരപ്പിലേക്ക് അവരും പതുക്കെ ഇറങ്ങി ... ഉച്ചിയിലേക്ക് ഇരച്ചു കയറുന്ന തണുപ്പ് വകവെയ്ക്കാതെ അവളുടെ കൈ പിടിച്ച് അയാൾ മെല്ലെ നടന്നു ... തീരത്ത്, ചെറിയ പാറക്കഷ്ണങ്ങൾ പെറുക്കി അടുക്കടുക്കാക്കി, ഏറ്റവും ഉയരത്തിൽ വെക്കാൻ മത്സരിക്കുന്നവർ ..... രാമസേതുവിനെ അനുസ്മരിക്കാൻ ആരോ തുടങ്ങി വെച്ചത് പിന്നീട് മറ്റുള്ളവരും പിന്തുടരുന്നതാവാം ....!! 

"സീതയെ രാമൻ ഉപേക്ഷിക്കേണ്ടിരുന്നില്ല ... അല്ലേ രഘുവേട്ടാ....?"

മുട്ടോളം ജലത്തിലും വ്യക്തമായി കാണുന്ന നഗ്നപാദങ്ങളിൽ മിഴികളൂന്നി നടക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ  സീതാലക്ഷ്മിയുടെ ചോദ്യം അയാളുടെ കാതുകളിൽ പതിച്ചത്....

"സീത എത്ര വിഷമിച്ചു കാണും ല്ലേ .... ആരുടൊക്കെയോ വാക്കുകേട്ടല്ലേ രാമൻ അവളെ ഉപേക്ഷിച്ചത് .....?"

സീതയോടുളള സഹതാപം  അവളുടെ മുഖത്തും കണ്ണുകളിലും നിറഞ്ഞു .... വിദൂരതയിലേക്ക് കണ്ണുംനട്ട് അല്പം സമയം അവൾ ചിന്തയിൽ മുഴുകി....

ചെറിയ കാര്യങ്ങളിൽ പോലും വല്ലാതെ അസ്വസ്ഥമാകുന്നതാണ് സീതാലക്ഷ്മിയുടെ പ്രകൃതം... അവളുടെ ആ സ്വഭാവത്തിനു മാത്രം പ്രായമായിട്ടും ഒരു മാറ്റവുമില്ലെന്ന് രഘുനന്ദനും അറിയാം  .....

വർഷങ്ങളായുള്ള സീതാലക്ഷ്മിയുടെ ആഗ്രഹമായിരുന്നു ഇവിടേക്കുള്ള ഈ യാത്ര ... കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ രഘുനന്ദനോട് അവൾ ആവശ്യപ്പെട്ടതും ആ ഒരു കാര്യം തന്നെയായിരുന്നു....

ഇതെന്താ ഇങ്ങനെ ഒരു ആഗ്രഹം തോന്നാൻ എന്ന്  ആദ്യമൊക്കെ അയാൾ ചിന്തിക്കുകയും ചെയ്തു  .....

"അതേ... നമ്മുടെ ജാതകത്തിൽ ദശാസന്ധി ഉണ്ടത്രേ .... ഇരുപതു വർഷങ്ങൾക്കപ്പുറം ....!!!."

"രാമേശ്വരം പോയി ദമ്പതി സ്നാനം നടത്താനാ പണിക്കർ പറഞ്ഞേ .... ഇല്ലേല് ദോഷാത്രേ ..... രണ്ടു പേരിൽ ആർക്കെങ്കിലും ...."

ഗൗരവത്തോടെ അന്നവൾ പറഞ്ഞു. അയാളെ വിശ്വസിപ്പിക്കാനായി പിന്നെയും അവൾ കുറെ വിവരണങ്ങൾ നടത്തി. 

"നോക്കാം .... കുറച്ചു കഴിയട്ടെ ......"

എതിർപ്പു പ്രകടിപ്പിക്കാതെ അന്ന് സമർത്ഥമായി സീതാലക്ഷ്മിയുടെ ആഗ്രഹത്തിന് അയാൾ  മറുപടി നൽകി..

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ അന്ന് നടത്താൻ കഴിയാതെ  പോയ അവളുടെ ആ ആഗ്രഹം .... അത് നിറവേറ്റാനാണ് വർഷങ്ങൾക്കു ശേഷം ഈ വൈകിയ വേളയിൽ അവർ  ഇവിടെ എത്തിച്ചേർന്നത്  ...

"സർ, റ്റെം ജാസ്തി ആച്ച് "

അകലെ നിന്നും മാരിമുത്തുവിന്റെ ഉച്ചത്തിലുള്ള വിളിയെത്തുമ്പോൾ , തീരത്ത്, മണലിൽ പാറക്കഷ്ണങ്ങൾ കൊണ്ട് നില കെട്ടാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും ... അടുക്കുകൾക്കു മുകളിൽ ചെറിയ ഒരു കല്ലു കൂടി കയറ്റി വച്ച്, രാമസേതുവിന്റെ സ്മരണകൾക്ക് തൽക്കാലത്തേക്ക് വിട നൽകി അവർ വണ്ടി ലക്ഷ്യമാക്കി നടന്നു .....

ആർത്തിരമ്പുന്ന തിരമാലകൾ തെറിച്ച്, നനവു പടർന്ന റോഡിലൂടെ വണ്ടി അതിവേഗം പാഞ്ഞു ...... ഭൂമി ഇവിടെ അവസാനിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം വഴി ഒരു നേർ രേഖയിലേക്ക് ഒതുങ്ങികൊണ്ടിരുന്നു .... റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം പരന്ന് കടൽ മാത്രം ..... റോഡരുകിലെ ഭിത്തിയിലടിച്ച തിരമാലകളുടെ ശകലങ്ങൾ വണ്ടിയിലേക്ക് പതിക്കാൻ തുടങ്ങിയപ്പോൾ സീതാലക്ഷ്മി പതുക്കെ രഘുനന്ദനോട് ചേർന്നിരുന്ന് കൈകൾ ചേർത്ത് മുറുകെ പിടിച്ചു ....അവളുടെ മുഖത്ത് വിയർപ്പ് കണങ്ങൾ അപ്പോൾ പൊടിയാൻ തുടങ്ങിയിരുന്നു. ....

"സാർ, ഇന്ത റൈറ്റ് സൈഡില് വന്ത് ഇന്ത്യൻ ഓഷ്യൻ .... ആൺ കടൽ എന്ന് സൊല്ലിടും .... ലെഫ്റ്റ് വന്ത് ബംഗാൾ ഓഷ്യൻ .... പെൺ കടൽ എന്നും സൊല്ലും ...."

യാത്രയിലുടനീളം അതിഥികൾക്ക് പൊതു വിജ്ഞാനം നൽകാൻ മാരിമുത്തു മറന്നിരുന്നില്ല ....

പേര് അന്വർത്ഥമാക്കുന്ന പോലെ ഒരു വശത്ത് തികച്ചും ശാന്തമായൊഴുകുന്ന പെൺ കടൽ..... മറുവശത്ത് കടൽ അതിന്റെ രൗദ്രഭാവം പൂണ്ട് വീശി അടിക്കുന്ന പ്രകൃതിയുടെ വിസ്മയ കാഴ്ച ..... കാഴ്ചയിൽ ശാന്തമാണ് എങ്കിലും ജ്വലിക്കാറായ അഗ്നിപർവതം പോലെ ചുഴികളും മർദ്ദവും ഉള്ളറകളിൽ ഒളിപ്പിച്ചു വെച്ച സമർത്ഥയാണ് പെൺ കടൽ എന്ന് എവിടെയോ വായിച്ചത് അയാൾ ഓർത്തു... 

അതിശയങ്ങളുടെ ഒരു കൂടാരമാണ് ഇവിടം എന്ന് ആദ്യമേ അവർക്ക് തോന്നിയിരുന്നു ..... രാവണ നിഗ്രഹ പാപം തീർക്കാൻ, ശ്രീരാമനാൽ പ്രതിഷ്ഠിതനായ ഭഗവാൻ പരമശിവൻ കുടികൊള്ളുന്ന ഇടം... കൊത്തുപണികളാൽ തീർത്ത  കടൽ തീരത്തെ മനോഹര ക്ഷേത്രം.... ചുറ്റും ഇരുപത്തിരണ്ട് മണി കിണറുകൾ .... ഉപ്പുരസം നിറഞ്ഞ കടൽ തീരത്തിനരികിലും, പല രുചികളിൽ നിറഞ്ഞ തീർത്ഥങ്ങൾ .... 

"എന്താ രസം ല്ലേ രഘുവേട്ടാ .... ഇത്രേം നേരം വെള്ളം തലയിൽ വീണിട്ടും ഒരു ബുദ്ധിമുട്ടും തോന്നണില്ലാലേ ....?"

ഓരോ തീർത്ഥഘട്ടത്തിലേയും ജലം കോരി ഒഴിച്ച് ഈറനോടെ അടുത്ത തീർത്ഥജലത്തിനായി കാത്തു നിൽക്കുമ്പോൾ അവൾ അയാളോട് ചോദിച്ചിരുന്നു ....

റോഡിന്  മുൻവശത്തും കടൽ ദ്യശ്യമായതോടെ വണ്ടി അതിന്റെ യാത്ര അവസാനിപ്പിച്ചു ....വണ്ടിയിൽ നിന്നിറങ്ങി കടലിലേക്ക് നീണ്ടു കിടക്കുന്ന ഭൂമിയുടെ ഏറ്റവും അറ്റത്തു ചെന്ന് തിരമാലകൾ ഉൾവലിഞ്ഞ മണൽ തരികളിൽ കാൽപ്പൂഴ്ത്തി അവർ നിന്നു ... വീര്യത്തോടെ വീണ്ടും പാഞ്ഞടുക്കുന്ന അടുത്ത തിരയ്ക്കായി.... 

തിരമാലകളുടെ മുഴക്കം മാത്രം നിറഞ്ഞു നിന്ന ആ അന്തരീക്ഷത്തിൽ, പരന്നുകിടക്കുന്ന കടലിന് ഒരു വശത്തേക്ക് വിരൽചൂണ്ടി അയാൾ പറഞ്ഞു ....

"അതാ .... ആ ഭാഗത്താണ് ലങ്ക .... സീതാദേവിയെ രാവണൻ പാർപ്പിച്ച ഇടം...."

ശക്തിയായടിച്ച ഒരു തിരമാല അവരുടെ കാൽ പാദങ്ങൾക്ക് മുകളിലൂടെ അപ്പോൾ കടന്നുപോയി ....

സീതയെപ്പറ്റിയുള്ള ചിന്തകൾ അവളുടെ മുഖത്ത് വീണ്ടും മ്ലാനത പടർത്തിയത് അയാൾ അറിഞ്ഞു... 

"നോക്കൂ .....രാമൻ അയോദ്ധ്യ രാജനാണ് ..... പ്രജകൾക്ക് നേർ വഴി കാട്ടാൻ ഒരു രാജധർമ്മം പുലർത്തുക മാത്രമാണ് രാമൻ ചെയ്തത് ..... പിന്നെ, സീതാരാമ ഭാവങ്ങൾ കേവലം അവതാരങ്ങൾ മാത്രമാണെന്ന അറിവും രാമനുണ്ടാകാം ...."

അവളുടെ മൂകതക്ക് ഒരു ആശ്വാസമെന്നോണം അയാൾ പറഞ്ഞു .....

ആ സാഗരസംഗമ ഭൂമിയിൽ ഇണയെ പുണരാൻ വ്യഗ്രത പൂണ്ട കാമുകനെപ്പോലെ ഒരു വശത്തു നിന്നും  ഉയർന്ന് പൊങ്ങിയ തിരമാലകൾ പതുക്കെ, മറുകടലുമായി ഇഴുകി ചേർന്ന് ഒന്നായി തീരുന്ന കാഴ്ചയിൽ ദ്യഷ്ടികൾ പതിപ്പിച്ചു നിൽക്കുകയാണ് അവർ ...... നിശബ്ദത തളം കെട്ടിയ ഇടവേളക്ക് വിരാമമിട്ട് അപ്പോൾ അവൾ ചോദിച്ചു ...

"എന്നെപ്പറ്റി ആരേലും പറഞ്ഞാൽ രഘുവേട്ടനും എന്നെ ഉപേക്ഷിക്ക്യോ ....?

പ്രതീക്ഷിക്കാതെ വന്ന ആ ചോദ്യത്തിന് മറുപടി ഇല്ലാതെ അയാൾ ഉഴറുമ്പോൾ, അവളുടെ മുഖത്ത് പക്ഷെ  പുഞ്ചിരി നിറഞ്ഞു  ....

"എന്നെ ഉപേക്ഷിക്കേണ്ട കാര്യൊന്നുല്ല്യാ ലേ  ...? ഞാനല്ലേ നിങ്ങളെ ഉപക്ഷിക്കാൻ പോണേ ....?"

വീണ്ടും ഒരു പുഞ്ചിരിയിൽ നിറഞ്ഞ ആ ചോദ്യത്തിനിടയിലും അവളുടെ കണ്ണുകളിൽ നിറഞ്ഞ ജലകണങ്ങൾ അയാൾ കണ്ടു  ....

ശക്തമായി വീശിയടിച്ച  കടൽ കാറ്റിൽ തല വഴി മൂടിയ സാരി തലപ്പ് അവളുടെ കൈകളിൽ നിന്ന് വഴുതിപ്പോയി.... തിടുക്കത്തിൽ അത് പൂർവ്വസ്ഥിതിയിലാക്കാൻ അവൾ ശ്രമിച്ചു ... എങ്കിലും, സുന്ദരമായ അവളുടെ മുഖത്തിന് ഒട്ടും ചേർച്ചയില്ലാതെ, മുടികൾ നഷ്ടപ്പട്ട അവളുടെ നെറ്റിയുടെ മുകൾ ഭാഗം അൽപ്പ സമയത്തേക്കെങ്കിലും ദ്യശ്യമായി ...

രണ്ടാം ഘട്ടത്തിലേക്കു കടന്ന ശാരീരിക അസ്വാസ്ഥ്യത്തിൽ നഷ്ടമായി തുടങ്ങിയ മുടികൾ പൂർണ്ണമായി ഇല്ലാതായത് മറയ്ക്കാൻ അവൾ ശ്രമിക്കുകയായിരുന്നു   ....

തിരക്കുകളുടെ പേരിൽ വർഷങ്ങളോളം മാറ്റിവച്ച ആ യാത്ര അവൾ പറയാതെ തന്നെ ഒരുനാൾ ഓർമ്മപ്പെടുത്താൻ അതുകൊണ്ട് തന്നെ രഘുനന്ദന് പ്രത്യേകിച്ച് കാരണവും ഉണ്ടായിരുന്നു ....

"നീ പറയാറില്ലേ.... ലങ്കേശനെ വധിച്ച് ജാനകിയെ വീണ്ടെടുത്ത വീരരാഘവന്റെ പാദുകങ്ങൾ കണ്ടു തൊഴണമെന്ന് .......? ആ പുണ്യ ഭൂമിയിൽ സ്നാനം നടത്തണമെന്ന് .....? നമുക്ക് ഇപ്പോൾ ആ യാത്ര പോകാം ... "

പ്രതീക്ഷിക്കാതെ കേട്ട ആ വാർത്തയിൽ അന്നവൾ സന്തോഷവതിയായി. 

ആ പുണ്യ ഭൂമിയിലെ ഓരോ തീർത്ഥജലവും ശിരസ്സിലേക്ക് പതിക്കുമ്പോൾ , അറിയാതെ വന്നുചേർന്ന ദശാസന്ധിയുടെ ദോഷമുക്തിക്കായി അയാളുടെ മനസ്സ് മന്ത്രിക്കുകയായിരുന്നു ....

"എനിക്ക് ഒരു ക്ഷീണം പോലെ തോന്നുന്നു .. നമുക്ക് തിരിച്ചു പോയാല്ലോ .... ?"

കാൽക്കീഴിലെ മണൽത്തരികളേയും വലിച്ച് തിരമാലകൾ പിന്നോട്ടു നീങ്ങുമ്പോൾ സീതാലക്ഷ്മി അയാളുടെ തോളിൽ ചാരി നിൽക്കുകയായിരുന്നു .....

"പോകാം .... ചിലപ്പോൾ ഉപ്പുരസം നിറഞ്ഞ ഈ കടൽ തീരം നിനക്ക് യോജിച്ചു കാണില്ല."

അവളെ ചേർത്ത് പിടിച്ച് തിരികെ വണ്ടിക്കരുകിലേക്ക് നടക്കുമ്പോൾ അയാൾ പറഞ്ഞു ...

"സാർ ... ഇന്ത ഇടത്തില് വന്ത് അഞ്ച് മണി വരെ മട്ടും താൻ നിൽക്ക മുടിയും ..... അതുക്കപ്പുറം, കടൽവന്ത് ഇന്ത ഇടമെല്ലാം ഏറിടും ......"

വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ  മണിമുത്തു ആവേശപൂർവ്വം പറഞ്ഞു .....

പിന്നിലേക്ക് ഓടി മറയുന്ന സംഗമ ഭൂമിയുടെ കാഴ്ചകളെ ഒരു വട്ടം കൂടി മനസ്സിൽ പതിപ്പിക്കാൻ അവസാനമായി ഒരു ശ്രമം നടത്തുകയായിരുന്നു അവർ അപ്പോൾ.....

വർഷങ്ങളായി മനസ്സിൽ പേറിയ ഒരു ഭാരം തീർത്തതിന്റെ ആശ്വാസത്തിൽ 7.30 ന്റെ രാമേശ്വരം  എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിനിലെ എസി കംപാർട്ട്മെന്റിൽ രഘുനന്ദന്റെ മാറിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു സീതാലക്ഷ്മി .... പകുതി ആലസ്യത്തിലേക്ക് വഴുതി വീണിരുന്ന അവൾ മുഖം ഉയർത്താതെ തന്നെ അയാളോട് പതിയെ ചോദിച്ചു .....

"എന്നാലും .... രാമൻ സീതയെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല ... അല്ലേ രഘുവേട്ടാ ..... ?"

വേണമെന്നോ വേണ്ടെന്നോ പറയാതെ, ചില്ലുജാലകത്തിലൂടെ പുറംകാഴ്ചകളിൽ മിഴികളൂന്നി നിശബ്ദനായിരിക്കുകയായിരുന്നു അയാൾ .... താഴെ,   ആൽത്തലച്ച തിരമാലകൾ വലിയ ശബ്ദത്തോടെ വീശി അടിക്കുന്ന പാമ്പൻ പാലത്തിനു മുകളിലേക്ക് ചൂളം വിളികളോടെ പതുക്കെ ഓടി കയറുകയായിരുന്നു  രാമേശ്വരം സ്പെഷൽ അപ്പോൾ ....

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}