നന്മമരം (കഥ)
‘‘നല്ലൊരു കൊച്ചായിരുന്നു.’’ ഇവരിത് ആരെക്കുറിച്ചാ പറയുന്നെ. അവൾക്ക് ഒന്നും മനസ്സിലായില്ല. കാരണം പരദൂഷണ കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമായ നാണിയേട്ടത്തിയുടെയും ജാനകിയമ്മയുടെയും നാവിൽ നിന്ന് അങ്ങനെ വരാൻ മാത്രം പുണ്യം ചെയ്ത ജന്മം എതാണാവോ... ‘‘ആരെക്കുറിച്ചാ ജാനകിയേട്ടത്തി നിങ്ങൾ പറയുന്നേ.’’ അതിലൂടെ പോയ ശ്യാമളേച്ചി ചോദിച്ചു. ‘‘അപ്പൊ നീയൊന്നും അറിഞ്ഞില്ലേ. നമ്മടെ തെക്കേലെ ഗംഗാധരന്റെ മോളില്ലേ സ്മിത, അവളെക്കുറിച്ചാ.’’ പക്ഷെ ഇത്തവണ ഞെട്ടിയത് അവൾ തന്നെയായിരുന്നു. ഇവരല്ലേ ഇന്നലെ തൊഴിലുറപ്പിന് പോയ സ്ഥലത്ത് നിന്നും എന്റെ പേര് ചർച്ചയ്ക്ക് എടുത്തിട്ടത്. എന്നിട്ടിപ്പൊ...
അവൾ വീട്ടിലേക്കുള്ള നടത്തതിന് വേഗം കൂട്ടി. അല്ല, വീട്ടിലെത്തി അമ്മയോട് ഇത് പറഞ്ഞിട്ട് തന്നെ കാര്യം. അമ്മയും അറിയട്ടെ, പരദൂഷണ കമ്മറ്റി എന്നെക്കുറിച്ച് നല്ലത് പറയുന്നുണ്ട് എന്ന്..
അവൾ വേഗം പാടത്തേക്ക് ഓടി. അല്ല, ഈ അമ്മ ഇതിവിടെപ്പോയി? ഈ സമയത്ത് ഇവിടെ എന്തേലും ചെയ്തോണ്ട് നിക്കണ്ടതാണല്ലോ? അപ്പറത്തെ ശാരദേട്ടത്തി എങ്ങോട്ടോ തിരക്കിട്ട് പോവുന്നുണ്ട്. ‘‘ശാരദേട്ടത്തി അമ്മയെ കണ്ടോ?’’ അവൾ ഉറക്കെ ചോദിച്ചു. ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ശാരദേട്ടത്തിയുടെ പോക്ക് കണ്ടു അവൾക്ക് ഉള്ളിൽ ചിരി പൊട്ടി.. എവിടെ മിണ്ടാനാ സ്ഥിരം ഉപ്പ്, പഞ്ചസാര എന്നു പറഞ്ഞു വരുന്നതിന് നിങ്ങൾക്കൊന്നും കടയിൽ പോകാൻ വഴി അറിയില്ലെയെന്ന് പറഞ്ഞു വിട്ടതാ ഇന്നലെ. പിന്നെ എവിടെ ഉത്തരം പറയാനാ.....
ഇനി നേരെ വീട്ടിൽ പോയി നോക്കാം എന്ന് കരുതി അവൾ നടത്തതിന് വേഗം കൂട്ടി... ഇതെന്താ വീട്ടിൽ ഇത്രയും ആൾക്കാർ. ഇനി അച്ഛമ്മയ്ക്ക് ആസ്മ വല്ലതും കൂടിയോ? അയ്യോ! ഇറയത്ത് ആരെയോ കിടത്തിയിരിക്കുന്നല്ലോ! അമ്മയും അച്ഛമ്മയും അതിനരികെ ഇരുന്ന് കരയുന്നു. അപ്പൊ അച്ഛൻ? അവൾ വേവലാതി പൂണ്ട് ചുറ്റും നോക്കി. ഹോ, ആശ്വാസം. അച്ഛൻ ഇറയത്തെ കസേരയിൽ തോർത്തിൽ മുഖമമർത്തി ഇരിക്കുന്നു..
അവൾ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഈശ്വരാ, ആ കിടത്തിയിരിക്കുന്നതിന് തന്റെ ഛായ ആണല്ലോ. അമ്മേ.. അവൾ ഉറക്കെ വിളിക്കാൻ ശ്രമിച്ചു. അവളുടെ കൈകാലുകളെ ആരെക്കൊയോ ചേർന്ന് മണ്ണിലുറപ്പിക്കുന്നതായി അവൾക്ക് തോന്നി...
അവസാന വേരും ഭൂമിയിലേക്ക് ആഴ്ത്തപ്പെടും മുൻപേ ഒരു അശരീരി പോലെ അവൾ കേട്ടു ‘‘നല്ലൊരു കൊച്ചായിരുന്നു അതിനെന്തോ ഉറക്കത്തിൽ എഴുന്നേറ്റ് പോവുന്ന സ്വഭാവവും.’’
പിറ്റേന്ന് പ്രഭാതം മുതൽ സന്ദർശക പ്രവാഹങ്ങളിൽ സന്തോഷം കൊണ്ടാണോ എന്നറിയില്ല, ഇന്നലെ മുളച്ച ആ നന്മമരത്തിന്റെ ചില്ലയിൽ നിന്നും ഒരു പച്ചില അടർന്നു വീണു.