ലസ്സിയും ലിസിയും പിന്നെ ഗോകുലബാലനെ കൊതിപ്പിച്ച അതേ സ്വാദും

Mail This Article
ലസ്സിയും ലിസിയും (കഥ)
മറുനാടൻ ബാച്ചിലേഴ്‌സ് ജീവിതത്തിലെ ആദ്യ നാളുകളിലെ ഒരു ഞായറാഴ്ച ദിവസം. വാങ്ങുന്നതെന്തും മെസ്സ് കണക്കിൽ ഉൾപ്പെടുത്തുന്ന റൂമിലെ സാമ്പത്തിക സംവിധാനത്തിൽ അടുക്കളയിൽ പാചകം ചെയ്യപ്പെടുന്നതും അല്ലാത്തതുമായ പ്രത്യേക പലഹാരങ്ങളെല്ലാം തുല്യമായി പങ്കിടുന്നത് കണ്ടപ്പോൾ കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കുന്നതിന്റെ സങ്കടങ്ങൾക്ക് നേരിയ അയവു വന്നു.
പൂവൻ പഴവും മൈസൂർ പഴവും മാത്രം പുട്ടിനൊപ്പം കഴിച്ചിരുന്നവന് പച്ചനിറത്തിൽ തന്നെ പഴുത്തിരിക്കുന്ന നീളൻപ്പഴം കണ്ടപ്പോൾ അത്ഭുതമായിരുന്നു. ചരിത്ര സിനിമകളിലെ ബ്രിട്ടീഷുകാരനായ വൈസ്രോയിയുടെ പേരിനെ ഓർമ്മപ്പെടുത്തും വിധം ‘റോബെസ്ററ്’ എന്നാണ് പഴത്തിന്റെ പേര് എന്നറിഞ്ഞപ്പോൾ അറിയാതെ ആ പഴത്തിനോട് ഒരു ബഹുമാനം തോന്നിപ്പോയി. പതിവിലേറെ ശ്രദ്ധയോടെ ആ പഴത്തിന്റെ പച്ചത്തൊലി വിടർത്തും നേരം അവന്റെയുള്ളിലും ഒരു പച്ചച്ചിരി വിടർന്നു.
പഴുത്തതെങ്കിലും കടിക്കുമ്പോൾ യാതൊരു "വികാരവും " തോന്നിപ്പിക്കാത്ത ആ പഴം പേരിലും ആകാരത്തിലും മാത്രമാണ് നാട്ടിലെ "പൂവനെ " തോൽപ്പിക്കുകയുള്ളൂവെന്നും സ്വാദിൽ " പൂവനെ " തോൽപ്പിക്കാൻ "നാടൻ "ആയി പിറന്ന മറ്റൊരു പഴത്തിനു മാത്രമേ കഴിയുകയുള്ളൂയെന്ന് അന്നേരമുറപ്പായി.
ഒരു 'കുറ്റി 'എന്ന കണക്കിന് നാളികേരം കൊണ്ട് അതിർത്തി തിരിച്ച മൂന്ന് വീതം കഷ്ണങ്ങൾ എല്ലാവരുടേയും പാത്രത്തിൽ ചൂടോടെ കുത്തിയിറക്കപ്പെട്ടു.
പ്രതീക്ഷിച്ച മധുരം പഴത്തിൽ നിന്നും ലഭിക്കാതെ പോയപ്പോൾ അവൻ ഒരു കഷ്ണം റൂമിലെ ഭക്ഷണപ്രിയന് കൈമാറി. പകരം ആളിൽ നിന്നും പുട്ടിനൊപ്പം വെന്ത നാളികേരം തിരിച്ചു വാങ്ങികൊണ്ട് കൊടുക്കൽ വാങ്ങലിന്റെ ഗണിതം സന്തുലനമാക്കി.
കാലത്തുള്ള ആ കഴിക്കൽ നേരമാണ് റൂമിലെ കാരണവർ ഞായറാഴ്ച സ്പെഷ്യലായി എന്തെങ്കിലുമൊക്കെ വാങ്ങുന്ന പതിവ് പ്രഖ്യാപനം നടത്താറ്. പ്രമേയം ശബ്ദ വോട്ടോടെ ഭൂരിപക്ഷം പാസ്സാക്കിയാൽ പിന്നെ ചെലവായ തുക ഏവർക്കും തുല്യമായി ഭരമേൽക്കപ്പെടുന്ന ഭരണസംവിധാനത്തിൽ ഒറ്റപ്പെട്ട എതിർപ്പുകൾക്ക് വിലക്കില്ലെങ്കിലും വിലയില്ലായിരുന്നു.
ഇന്ന് എന്തായിരിക്കും എന്ന ആകാംഷയുടെ കാത്തിരിപ്പിലാണ് ആ പേര് കാതിൽ പതിക്കുന്നത്.
ഇന്ന് നമ്മൾക്ക് "ലസ്സി " വാങ്ങാല്ലേ...?
.... ലസ്സി.....? ഹായ്......'ഇകാര'ത്തിൽ അവസാനിക്കുന്ന ആ സ്ത്രീലിംഗ പേര് മോഹൻലാൽ ചിത്രമായ "ചിത്രത്തിലെ " നായികയുടെ പേരിനോട് തീർത്തും സാമ്യമുള്ളതും അതിലേറെ സൗമ്യമുള്ളതും ആയിരുന്നു.
കേൾവിയിൽ പേര് ഇഷ്ടമായി. കാണാനും ചന്തമുണ്ടാകുമെന്ന് അന്നേരം വെറുതെ ഒരു വിശ്വാസം തോന്നി..... ഇനിയുള്ളത് അനുഭവിച്ചാൽ മാത്രം അറിയുന്ന ഒന്നാണ്. സിനിമയിലെ പോലെ കഥാന്ത്യം ദുഃഖമയമാകരുതെന്ന് മാത്രം പ്രാർത്ഥിച്ചു...
എന്ത് വന്നാലും കഴിക്കുമെന്ന് മനസ്സിലുറപ്പിച്ചു. കഴിച്ചാലും ഇല്ലെങ്കിലും മെസ്സിന്റെ പൈസ ഏവർക്കും തുല്യമാക്കുന്ന 'സോഷ്യലിസം ' മനസ്സിലായപ്പോൾ മുതൽ വീട്ടിൽ നാളതുവരെ കഴിക്കാതിരുന്ന വഴുവഴുപ്പുള്ള വെണ്ടക്കായയും കനകനപ്പുള്ള കയ്പ്പക്കയും കഴിക്കുന്നത് ശീലമാക്കാൻ തുടങ്ങിയിരുന്നു.
പ്രാതൽ കഴിഞ്ഞതും സ്പെഷ്യൽ കഴിക്കുന്ന ഉച്ചഭക്ഷണത്തിനുള്ള സമയമാകാൻ കൊതിയോടെ കാത്തിരുന്നു .
ഒടുവിൽ സുറുമയിടാത്തവർ വെച്ച വെള്ളം കൂടിപ്പോയ "സുറുമക്കറി' കൂട്ടി നിരാശയോടെ നാട്ടിലെ മീൻകറി സ്വദിന്റെ ഓർമ്മകൾ തികട്ടി വരുന്നേരം "ലസ്സി " വാങ്ങാൻ രണ്ടാളുകൾ പുറത്തേക്ക് പോയി.
അന്നേരം കാലാട്ടി കിടക്കുമ്പോൾ കാലുകളാടുന്ന പട്ടാളപ്പച്ചയാർന്ന ഇരുമ്പുകട്ടിലിൽ കിടന്നുകൊണ്ട് പോയ കാലത്തിന്റെ ഓർമ്മകളിലേക്ക് അവൻ വെറുതെ മനസ്സുകൊണ്ടൊരു യാത്ര നടത്തി.....
സ്കൂളിലേതുപോലെ തിങ്ങി നിറയാത്ത ഞായറാഴ്ച വേദോപദേശ ക്ലാസിൽ പിശുക്കില്ലാതെ ചിരിക്കാറുള്ള പെൺകുട്ടി. ക്ലാസ് കഴിഞ്ഞ് പള്ളിയിൽ പോകുന്നേരം അതുവരെ കഴുത്തിൽ കിടന്ന തട്ടം പിന്നീട് തലയിൽ ചുറ്റുമ്പോൾ, വട്ടം ചുറ്റിയ തുണിശ്ശീലയ്ക്കുള്ളിൽ ആ വട്ട മുഖത്തിന് എന്തൊരു ഭംഗിയായിരുന്നു.
വെള്ളിക്കൊലുസ്സിട്ട കിങ്ങിണി കൂട്ടങ്ങൾ അവളെ ലിസിയെന്ന് പേര് ചൊല്ലി വിളിക്കുമ്പോൾ അത് കേൾക്കാൻ അതിലേറെ രസമായിരുന്നു........
""ലസ്സി" എത്തീട്ടാ......! അത് കേട്ടതും അവൻ സ്വപ്നത്തിൽ നിന്നുണർന്നു.
മദ്യനിരോധനം നിലവിലുള്ള നാട്ടിൽ മദ്യം ലഭ്യമായിരുന്ന നേർത്ത പ്ലാസ്റ്റിക് കവറിനുള്ളിൽ മരുന്നുക്കിഴി കെട്ടുന്നതു പോലെ ചുറ്റിക്കെട്ടിയ ജലത്തിന്റെ നിറമുള്ള ആ നേർത്ത കവർ അവരുടെ കൈയിൽ കണ്ടപ്പോഴാണ് ഈ ലസ്സിയെന്ന സാധനം ദ്രാവക രൂപമാണെന്ന് തിരിച്ചറിയുന്നത്.
ഇനിയും അലിഞ്ഞിട്ടില്ലാത്ത സ്ഫടിക സമാനമായ ഐസ്സുക്കട്ടകൾ നിറഞ്ഞ പാൽവെള്ളനിറത്തിലെ പാനീയം സ്റ്റീൽഡവറയിലേക്ക് ഒഴിക്കും നേരമാണ് ആദ്യമായ് 'ലസ്സി ' കാണുന്നത്.
പാലല്ലാതെ മറ്റൊന്നും പാലിനോളം വെളുത്തുകണ്ടിട്ടില്ലാത്ത അവന് അതിനാൽതന്നെ ആ പാൽ വെള്ളയാർന്ന മധുരദ്രാവകം കാഴ്ചയിൽ ഒത്തിരി ഇഷ്ടമായി. കല്യാണവീട്ടിലെ ആദ്യരണ്ട് പന്തിയിലിരിക്കുന്നവർക്ക് കട്ടിയോടെ കിട്ടുന്നതും പിന്നീട് വരുന്നവർക്ക് കട്ടി കുറഞ്ഞു കിട്ടുന്നതുമായ സലാഡിന്റെ രൂപത്തിൽ മാത്രം പാലിന്റെ തൈരിലേക്കുള്ള രാസമാറ്റം കണ്ടിട്ടുള്ളവന്, അതിലേറെ കട്ടിയുള്ള ഐസ് കട്ടകൾ കടിക്കുന്ന മധുര പാനീയം ഒത്തിരി ഇഷ്ടമായി.
കുടിച്ചു കഴിഞ്ഞിട്ടും ഗ്ലാസ്സിൽ നിന്നും പൂർണമായി പിടി തരാതെ പഞ്ചസാരയുമായി പഞ്ചാര അടിച്ചു നിന്ന അവസാന തുള്ളികളെ കൈവിരൽകൊണ്ട് കൈയോടെ പിടി കൂടി വായിലേക്ക് നുണഞ്ഞിറക്കിയപ്പോൾ...... ഹോ.... നാട്ടിലെ പാലൈസ് തിന്നുമ്പോൾ അനുഭവിച്ച അതേ ആനന്ദം.......
ഇതുപോലെ രസമുള്ളതൊക്കെ കുടിക്കാൻ കിട്ടുമെങ്കിൽ ഈ പ്രവാസം പ്രയാസമുള്ളതാകില്ലെന്ന് അന്നേരമവൻ ആശ്വസിച്ചു .
പാലിൽ നിന്നും ഉൽപ്പാദിക്കപ്പെടുന്നതെന്തും കിട്ടുന്ന സൂറത്തിലെ " ഗോകുലം ഡയറിയെന്ന " ആ കട അന്നുമുതൽ അവന്റെ ഇഷ്ടപ്പെട്ട കടയായി മാറി. അവിടെ നിന്നും വാങ്ങുന്ന തൈരിനു പോലും പുളിയേക്കാൾ സ്വാദുളള മധുരമായിരുന്നു.
മറ്റൊരിടത്തു നിന്നും കഴിച്ച ലസ്സിക്ക് കലർപ്പില്ലാത്ത ആ സ്വാദിനെ കടത്തി വെട്ടാൻ ഇന്നോളം കഴിഞ്ഞിട്ടില്ല. ആ നഗരത്തിലൂടെ യാത്ര ചെയ്യാനവസരം കിട്ടുമ്പോഴെല്ലാം, മേൽഭാഗം 'മലായിയിട്ട് ' അലങ്കരിച്ച ആ ലസ്സി കുടിക്കാനവൻ ഓടിയണയും. 'ഗോകുലം ഡയറി 'യിൽ നിന്നും വാങ്ങുന്നതെന്തിനും വെണ്ണക്കലത്തിൽ കൈയിട്ട് തിന്നാൻ കൊതിപ്പിക്കുന്ന സ്വാദായിരുന്നു..... ഗോകുലബാലനെ കൊതിപ്പിച്ച അതേ സ്വാദ്.... ആ ഓർമ്മകൾക്കാകട്ടെ ഞായറാഴ്ച ക്ലാസ്സിന്റെ ഗന്ധവും.......