ADVERTISEMENT

യോഷാലിലെ വിളക്കുകൾ (കഥ)

 

യോഷാൽ...

കോമാളികളുടെ നാട്. 

നഗരങ്ങളിൽ സർക്കസ് കാണിച്ചും... കൺകെട്ട് കാണിച്ചും,  ജീവിക്കുന്നവരുടെ മാത്രമായ, ഒരു കൊച്ചുനാട്. 

അവർക്ക് ഓരോ ദിവസവും ആഘോഷമാണ്...

അവരിലാരും കരയുന്നത് ഞാൻ കണ്ടിട്ടില്ല... ദു:ഖിക്കേണ്ട ദിനങ്ങളുണ്ടായാൽപ്പോലും അവർ മൗനത്തിലാണ്ടു പോവുകയേ ഉള്ളൂ. 

യോഷാൽ, അതീവ സുന്ദരിയായ നാടാണ്...

കടലിനോട് ചേർന്നൊരു കൽമതിലിനപ്പുറത്ത്, നിറയെ ദീപങ്ങളും, പലവർണ്ണങ്ങളുള്ള കൂടാരങ്ങളും നിറഞ്ഞ,  എപ്പോഴും ചിരിക്കുന്ന മനുഷ്യരുമുള്ള നാട്. കൂടാരങ്ങളിലൊക്കെയും വെളിച്ചം നിറഞ്ഞിരിക്കും. പാതിരാവിൽ അങ്ങകലെനിന്ന് നോക്കിയാൽ, കടലിലേക്ക് അലിഞ്ഞുവീഴുന്ന നിലാവിനിപ്പുറത്ത്, കുറേ സ്വർണ്ണനക്ഷത്രങ്ങൾ വീണുകിടക്കുന്നതുപോലെയാണ് യോഷാൽ. 

 

അവിടെയുള്ളവരുടെ വേഷങ്ങളും വ്യത്യസ്തമാണ്. ഒരുപാട് വർണ്ണങ്ങളുള്ള.... കൈനീളമുള്ള  ഫെറാനും ജുബ്ബയും പജാമയുമൊക്കെയാണ് ആണുങ്ങൾക്ക്....

ചിലരൊക്കെ, അതിനുചേർന്ന തൊപ്പിയും വച്ചിട്ടുണ്ട്. സ്ത്രീകൾക്ക്  ലഹംഗ ചോലിയും, ദുപ്പട്ടയും പോലെ പലവിധം വേഷങ്ങൾ. അതിനൊത്ത് അവർ ആഭരണങ്ങളും ധരിച്ചിരിക്കുന്നു. ഒന്നും സ്വർണ്ണമോ വെള്ളിയോ അല്ല. എല്ലാം വർണ്ണങ്ങൾത്തന്നെ. 

 

അവിടെ എല്ലാവരും വർണ്ണങ്ങളിൽ പൊതിഞ്ഞിരിക്കുന്നു. കുട്ടികൾക്കൊപ്പം കുറേ കുള്ളൻമാരും കുരങ്ങൻമാരും കളിക്കുന്നുണ്ട്. മൗത്ത് ഓർഗനും, ഡ്രമ്മും, ഹാർമോണിയവുമൊക്കെയായി അവർ അവരുടെ രാവ് പാടി ആഘോഷിക്കുകയാണ്.. 

 

തന്റെ നീളൻ മുടിയൊക്കെയൊതുക്കി, മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി അവൻ കൂടാരത്തിനു വെളിയിലേക്കോടിയിറങ്ങി. കുട്ടികളോടൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, അവന്റെ ചങ്ങാതി കുള്ളനായ അമീർ... അമീറിനെ പൊക്കിയെടുത്ത് തോളിൽ വെച്ച് അവൻ ചിരിച്ചുകൊണ്ട് ഓടി.

 

""വിട്... വിട്... ജോമീ.. നീ എങ്ങോട്ടാ ഈ പോകുന്നത്.. ഇപ്പോൾ വണ്ടി വരും, സർക്കസിന് പോകണ്ടേ..''

 

ജോമി അവനെ നിലത്ത് വച്ചു. അണച്ചുകൊണ്ടെങ്കിലും അവൻ ഉറക്കെ ചിരിച്ചു. അമീറിന്റെ തലയിലെ തൊപ്പി ശരിയാക്കിക്കൊടുത്ത ശേഷം അവൻ പറഞ്ഞു :

 

"ഞാൻ... ഞാനിന്നവളോട് പറയാൻ പോവാ...''

 

"ങേ... സത്യം ?''

 

"സത്യം.... നീ കണ്ടോ... അടുത്തതവണ ഞാനോട്ടണ കുതിരപ്പുറത്ത് അവളും കാണും...''

 

ആ നിമിഷം, അവന്റെ നീലക്കണ്ണുകളെ  തോൽപ്പിക്കാൻ, അന്ന് കടലിലേക്ക് വീണ നിലാവത്രയും പോരായിരുന്നു. 

 

"ദേ.. ദേ വരുന്നു അവൾ..'' അമീർ വിരൽചൂണ്ടി.

 

അവൻ തിരിഞ്ഞുനോക്കി. അവൾ ഒരു കൂടാരക്കടയ്ക്കുമുന്നിൽ വന്ന് നിൽക്കുന്നു.. അതിനുമുന്നിലെ ശോണവെളിച്ചത്തിൽ അവൾ ഒരു സ്വർണ്ണകന്യകയായിരിക്കുന്നു. 

ഇരുകൈകൊണ്ടും ഒരു ചെറിയ ചായഗ്ലാസ് മുറുക്കെപ്പിടിച്ച് അവൾ ഊതിക്കുടിക്കുകയാണ്.

 

""ഹും... രണ്ടിനും തലയ്ക്ക് വട്ടുള്ളോണ്ട്.. നന്നായിട്ട് ചേരും''

അമീർ കളിയാക്കി.

 

അവൻ ഓടി അവളുടെ മുന്നിലെത്തി. പക്ഷേ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കിനിന്നുപോയി. അവളുടെ കണ്ണുകളിൽ പതിയുന്ന മഞ്ഞ വെളിച്ചത്തെ, തിളങ്ങുന്ന മൂക്കുത്തിയെ, കവിളിലെ കൊച്ചുമറുകിനെ....

 

"എന്താ ജോമീ.. നീ ഇങ്ങനെ നോക്കണേ...?''

 

"അത്.... പറഞ്ഞ് കേട്ടിട്ടുണ്ട്.. കയറിൽ തൂങ്ങി അഭ്യാസം കാണിക്കാനിറങ്ങുന്ന കോമാളിക്ക് ഒരു നേരത്തെ ധൈര്യം പോയാല്, അവൻ സ്നേഹിക്കുന്നവരുടെയൊക്കെ മുഖം മനസ്സിൽ കണ്ടോണംന്ന്.. കാലും കൈയ്യും ഒന്നും പിഴയ്ക്കാണ്ടിരിക്കാൻ.. അതൊരു ധൈര്യാത്രേ... ഞാനാ കയറ് ചുറ്റിപ്പിടിക്കുമ്പൊഴൊക്കെ നിന്റെ മുഖാ കാണുന്നെ ശാരീ... ''

 

അവൾ സ്തബ്ധയായി നിന്നുപോയി. മറുപടികളൊന്നും നാവിലേക്ക് വരാതെ, അവൾ വിക്കി വിക്കി എന്തൊക്കെയോ അക്ഷരങ്ങൾ മാത്രം പറഞ്ഞു.

 

""വേണ്ട... നീ ആലോചിച്ച് പറഞ്ഞാൽ മതി. ഇന്നുകൊണ്ട് ലോകം അവസാനിക്കുവൊന്നും ഇല്ലാല്ലോ...''

 

ഒരു വാഹനത്തിന്റെ നീട്ടിയുള്ള ഹോൺ വിളി മുഴങ്ങി. അവർ അങ്ങോട്ടേക്ക് നോക്കി.

 

""ജോമീ.. വാ.. ദേ വണ്ടി വന്നു...''

അമീർ ഓടി.

 

അവൻ അവളെ നോക്കി ഒന്നു ചിരിച്ചു. 

പെട്ടന്ന് പോക്കറ്റിൽ തപ്പി, അഞ്ചാറ് നാണയങ്ങളെടുത്ത് അവിടെ മേശപ്പുറത്ത് വച്ചു. ഭരണിയിൽനിന്ന് കുറേ മിഠായികൾ പെറുക്കി അവളുടെ കൈയ്യിൽവച്ചു. അവൻ തിരികെയോടിപ്പോയി.

 

അവൾ കൈയ്യിലെ മിഠായികളെയും ഓടിപ്പോകുന്ന അവനെയും നോക്കി ചിരിച്ചുപോയി.

 

യോഷാലിലെ വിളക്കുകൾ രാത്രി അണയാറില്ല. 

പലയിടങ്ങളിലേക്ക് അഭ്യാസങ്ങളുമായി പോയവരൊക്കെ തിരിച്ചുവന്ന്, ഒരുമിച്ചിരുന്ന് ആഹാരവും കഴിച്ച്, അവരുടെ കഥകളും, വീമ്പുപറച്ചിലുകളുമെല്ലാം കേട്ടേ അവരുറങ്ങൂ..

സർക്കസുകാരന് നാളെകളില്ല.. ഇന്നുകൾ മാത്രമേയുള്ളു....

അവളും കാത്തിരുന്നു. ..

തിരികെയെത്തുമ്പോൾ, അവന്റെ ചെവിക്ക് പിടിക്കാനും, വഴക്കുപറയാനും..

പിന്നെ ഒരുപാടിഷ്ടമാണെന്ന് പറയാനും....

 

എന്നാൽ, പതിവില്ലാതെ, തിരികെവന്ന വണ്ടിയിൽ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലായിരുന്നു. 

കണ്ണുനിറഞ്ഞും മുഖം കുനിച്ചും ഇറങ്ങിവന്നവർക്കൊടുവിൽ, ജീവനറ്റ അവന്റെ ശരീരവുംകൊണ്ടാണ് ചിലർ ഇറങ്ങിവന്നത്.

യോഷാൽ മുഴുവനും വിലപിച്ചു.

ഉള്ളിൽ അലറിക്കരഞ്ഞുകൊണ്ട് , പാടേ തകർന്ന മനസ്സോടെ അവളും അവനെ നോക്കിനിന്നു. 

പാതിരാത്രിയിൽ, അനേകായിരം നക്ഷത്രദീപങ്ങൾക്കു ചുവട്ടിൽ, സാഗരത്തെയും സാക്ഷിനിർത്തി, അവന്റെ അന്ത്യകർമ്മങ്ങൾക്ക് അവർ ചിതയൊരുക്കാൻ തുടങ്ങി. 

സർക്കസുകാരന് നാളെകളില്ലല്ലോ... 

 

യോഷാൽ നിശ്ശബ്ദമായി. 

തിരമാലകളുടെ ശബ്ദം മാത്രം. 

അവന്റെ ശരീരം വെന്തെരിയുന്നിടത്തേക്ക് അവളൊന്നു നോക്കിയതുപോലുമില്ല. അതിനവൾക്കാവില്ലായിരുന്നു.

 

പിറ്റേന്ന്, ഇന്നലെയെന്നത് ഒരു കഥയായതുപോലെ. 

യോഷാൽ ആരെയും മറക്കുന്നതല്ല.... ഓരോ മനസ്സുകളിലും മുറിപ്പാടുകൾ സമ്മാനിച്ച് ഓരോ ജീവിതങ്ങളും പടിയിറങ്ങിപ്പോകുമ്പോൾ, അവൾ നിസ്സഹായയാവുന്നതാണ്...

 

പാട്ടും ചിരിയും മായാജാലങ്ങളുമൊക്കെയായി വീണ്ടുമൊരു രാത്രിയെത്തുമ്പോൾ, യോഷാലിലെ ഓരോ കൂടാരത്തിലും വെളിച്ചമുണ്ട്. 

 

 

എന്നാൽ, ഇന്നെനിക്ക് കാണാം, ശാരിയെയും അമീറിനെയുമൊക്കെപ്പോലെ...

പലകോണുകളിലും, പലകൂടാരങ്ങളിലും,

നഷ്ടപ്പെട്ടുപോയവരെയോർത്ത് മനം തകർന്ന് കരയുന്നവരെ... 

 

യോഷാലിലെ അണയാത്ത വിളക്കുകൾ, അവരുടേത്കൂടിയാണ്.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com