ഭൂമിയാമമ്മക്ക് ആകാശദേവനിൽ
നീതിതൻ ദേവതയായി പിറന്നവൾ
ദേവാനാം ദേവൻ സീയുസ്സിന്റെ
പാതി മെയ്യായവൾ നീ .. തെമിസ്
കറുപ്പിന്റെ കണികകൾ പോലും
നിന്നിൽ പടരാതെ ഇരിക്കുവാൻ
വെളുപ്പാൽ, വെളുത്ത തുണികളാൽ
നിന്നെ അണിയിച്ചു നിർത്തി
നീതി തേടുന്നവനുടെ കണ്ണീരും
തിന്മയുടെ വിഷങ്ങളും തുലാസിൽ
ഭേദമില്ലാതളക്കുവാൻ നൽകി
നന്മക്ക് വേണ്ടി നിനക്കായി
രക്തം പടരാത്ത ഉടവാളും നൽകി
എങ്കിലും
അന്ധയായെന്തേ നീ ?
തിരുത്തുവാനാകാത്ത നീതികേടുകൾ
ബാല്യം മാറാത്ത സ്റ്റീനി
അഭയം ഇല്ലാത്തവൾ അഭയ
ആനയായിട്ടു കൂടി മേരി
ജിഷക്കും സൗമ്യക്കുമപ്പുറം
പേരറിയാത്ത മുഖങ്ങൾ
ഇനിയും നീളുന്ന പേരുകൾ
ഊഴവും കാത്തു ഇനിയൊരു മധു
നിനക്ക് മുന്നിലെ പിഴവുകൾ
നിന്മുന്നിലൊഴുകിയ മിഴിനീരെല്ലാം
ചേർന്നൊരു മഹാസാഗരമായേനേം
അല്ലെങ്കിലാളുന്നൊരാഗ്നിയായി മാറി
ലോകമതിൻ പശിക്ക് പാഥേയമായേനേം
കറുത്ത ശീലയിൽ കണ്ണുകൾ
എന്നേ കെട്ടി മൂടപ്പെട്ടവൾ നീ
അല്ലായിരുന്നെങ്കിൽ കൺമുന്നിലെ
നീതി നിഷേധം കണ്ടു നിൻ
ഹൃദയം നീറി മരിച്ചേനേം
ഇനിയും നിന്നിൽ ആരോ കെട്ടിയ
കറുത്ത ശീലതൻ കെട്ടഴിക്കു
തിന്മയുടെ ഗ്രഹണത്തിലാണ്ടു പോയ
നീതിയെ നിൻ വാളാൽ തിരിച്ചെടുക്കു
നിൻ പടി വാതിലുകളിൽ ഇനിയും
കണ്ണുനീരിൻ നനവുണ്ട്,നോവുണ്ട്
ഇടമുറിയും നേരത്തു നിന്നിലവർ
പ്രതീക്ഷകളുടെ നാളങ്ങൾ തേടും
അഭയമായി സത്യത്തെ കരുത്തും
ഒടുവിൽ കാലചക്രത്തിൽ നിയതിയിൽ
പരിതപിച്ചകലും ശാപവാക്കുകളാൽ
ഇനിയും നിൻ കണ്ണുകൾ മൂടിയ
കറുത്ത ശീലകൾ പറിച്ചെറിയു
കണ്മുന്നിലെ നീതി നിഷേധത്തിന്
കാപട്യശീലങ്ങൾ നിൻ വാളിനിരയാക്കൂ
ഇനിയൊരു പ്രഭാതം ഉണ്ടയേക്കാം
നീതി സുവർണ്ണ ശോഭയാൽ ഉദിക്കും
അന്ന് തിന്മയുടെ തിരമാലകൾക്ക്
എത്താൻ കഴിയാത്ത ഉയരത്തിൽ
നീതി പീഠം ഒരുങ്ങിയിരിക്കും
സൂര്യ ശോഭയാൽ തെമിസ്
നീ പുനർജനിക്കും
മൂടിയ കണ്ണുകൾ ഇല്ലാതെ