ADVERTISEMENT

അന്തരം (കഥ)

 

അമ്മ ഇന്നലെയും വിളിച്ചിരുന്നു . ബസ്സിൽ വിൻഡോസീറ്റിലിരുന്ന് ബസ്സിനെക്കാൾ വേഗത്തിലോടിക്കൊണ്ടിരിക്കെയാണ് അവളോർത്തത്  .

തുടരെ തുടരെയുള്ള വിളികൾ പണ്ടും അരോചകമായിരുന്നു. ഇതേക്കുറിച്ച് പലതവണ സംസാരം ഉണ്ടായിട്ടുമുണ്ട് . നിന്നെയെല്ലാതെ ഞാനാരെ  വിളിക്കാനാ എന്ന പതിവ് മറുപടിയിൽ അല്ലെങ്കിൽ  ഒരു കരച്ചിലിൽ അതവസാനിക്കാറാ പതിവ് . ഇത്രയ്ക്ക് തൊട്ടാവാടിയായ അമ്മയ്ക്ക് എങ്ങനെയാ വലിയ വലിയ ഡിസിഷൻസ് എടുക്കാൻ പറ്റുന്നതെന്നോർത്ത് അത്ഭുതത്തോടെ ഇരിക്കാനേ പലപ്പോളും പറ്റാറുള്ളൂ.

 

ഏതാണ്ട് പത്ത്  വർഷങ്ങൾക്ക് മുൻപാണ് അച്ഛൻ ഇനി കൂടെയുണ്ടാവില്ല എന്ന കാര്യം അമ്മ  ധരിപ്പിക്കുന്നത്. എന്തുകൊണ്ടെന്ന് കൂടെ ചോദിക്കാതെ താൻ അക്കാര്യം  ഉൾക്കൊള്ളുകയും ചെയ്തിരുന്നു . അച്ഛനോട് അമ്മയേക്കാൾ ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ കൂടെയും !! സ്വമേധയാ തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കും അമ്മയ്ക്കുമിടയിൽ ഉണ്ടെന്നുള്ള വിശ്വാസത്തിന് അടിത്തറയിടുക കൂടിയായിരുന്നു ആ സംഭവം .

 

എന്നാൽ പത്തുവർഷത്തിനിപ്പുറം താനൊരു ലെസ്ബിയൻ ആണെന്ന തിരിച്ചറിവ് കോലായിലെ ഉറപ്പില്ലാത്ത ഒരു തൂണിൽ ആടിനിൽക്കുന്ന ആ വലിയ തറവാട്ടുപുരയുടെ മാനത്തെ പിടിച്ചുലച്ചു. കല്യാണത്തിനും അടിയന്തിരത്തിനും മാത്രം കണ്ടോർമ്മയുള്ള കുടുംബക്കോടതി അത് ഐക്യകണ്ഡേന തീരുമാനിക്കുകയും വിധി എന്നെ വായിച്ചുകേൾപ്പിക്കുകയും ചെയ്തിരുന്നു .

 

പ്രഥമദൃഷ്ട്യാ കുറ്റക്കാരിയെന്ന് കണ്ടെത്തിയതുകൊണ്ട് കൂട്ട വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു ലക്ഷ്യം . അമ്മ ഒരിക്കൽ ‘ചാടി’ പോയതുകൊണ്ടും ആ ബന്ധം അവരുടെ എല്ലാം ഇഷ്ടപ്രകാരം വിജയിക്കാഞ്ഞതും കൂടെ ഈ കേസിൽ അവരെഴുതി ചേർക്കയുണ്ടായി .അമ്മയെ കൂട്ടുപ്രതിയുമാക്കി 

 

'റ' ഷേപ്പിൽ വെട്ടിയ മൂടിയുടെ  മറവിൽ  തല താഴ്ത്തി നിൽക്കായിരുന്ന ഞാൻ തനിച്ചായിട്ടും എന്നെ കഷ്ടപ്പെട്ടുവളർത്തുന്ന അമ്മയുടെ വളർത്തുദോഷത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴാണ് പ്രതികരിച്ചത് .

ഇതുകേട്ട് കൊള്ളി മുറിച്ചിട്ട കുടുംബപ്രമാണിമാർ അമ്മയെ ഇടയ്ക്കിടെ കുത്തിനോവിക്കുവാനും മറന്നില്ല . 

 

“നീ പുറപ്പെട്ടോ ??” മലയാളത്തിലുള്ള വാട്സാപ്പ് മെസ്സേജ് സ്‌ക്രീനിൽ പൊങ്ങിവന്നു .

 

“ മ് “

അത് സീൻ ആക്കി അമ്മ തിരിച്ചൊന്നും പറയുക കൂടിയുണ്ടായില്ല . ഞങ്ങൾക്കിടയിൽ  ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ കൂടെ  പ്രസക്തിയില്ലാതായി .

 

കുടുംബക്കാർ ഒന്നടങ്കം കുറ്റപ്പെടുത്തിയപ്പോഴും കുട്ടീനെ നല്ലൊരു സൈക്ക്യാട്രിസ്റ്റിനെ കാട്ടാൻ ഉപദേശിച്ചപ്പോഴും അമ്മ എന്റെ വ്യക്തി താത്പര്യങ്ങളിൽ കൈ കടത്തിയില്ല . കുറ്റം പറയുന്നവരുടെ വാ മൂടികെട്ടാൻ മുടി മാടിക്കെട്ടി ഇറങ്ങിയതുമില്ല .എന്തിന് എന്റെ സെക്ഷ്വൽ താൽപ്പര്യങ്ങളെ കൊത്തി മാന്താനോ ചിക്കിചികയാനോ കൂടി വന്നില്ല. 

 

“ അമ്മയുടെ കല്യാണമാണല്ലേ ? “

നാട്ടുകാരനായ   ശരത് ചോദിച്ചത് കുറച്ചു ഉറക്കെയായിരുന്നു . ലഞ്ച് ടൈം കഴിഞ്ഞ് എല്ലാവരും സൊറ പറഞ്ഞിരിക്കുകയായിരുന്നു . എന്റെ മുഖത്തുണ്ടായിരുന്ന അങ്കലാപ്പ് അവന്റെ വയറ്റിലെ ചോറുംകറിയും പെട്ടെന്ന് ദഹിപ്പിച്ചുകാണും .

 

അതുവരെ ആരോടും പറയാതിരുന്ന എന്തിന് ഏതുനേരവും ഒരുമിച്ചുള്ള അച്ചുവിനോട് പോലും പറയാതിരുന്ന കാര്യം ഫ്ലാഷ് ആയ ചമ്മലിൽ പെട്ടെന്ന് തന്നെ ആ അവിടെ നിന്ന് വലിഞ്ഞു .

 

ഛെ !! എന്തൊരു ഔക്കേഡ് ആയിട്ടാ ഞാൻ പെരുമാറിയത് !!

 

അച്ചുവിനും അത് വിശ്വസിക്കാനായില്ല. അവളെന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. അവർ തമ്മിൽ നല്ല കൂട്ടായിരുന്നു. ഞാൻ ഫോണെടുക്കാത്തതുകൊണ്ടോ അച്ചുവിനോടുള്ള താല്പര്യകൂടുതൽകൊണ്ടോ എന്തോ 'അമ്മ അവളെ പലപ്പോളും വിളിക്കാറുണ്ടായിരുന്നു.

 

കൈ മ്യൂസിക് പ്ലെയറിലെ അടുത്ത സോങിലേക്ക് നീണ്ടു. 

കുൻഫായ പാടി മുഴുമിപ്പിക്കും മുന്നേ അച്ചുവിന്റെ ഫോൺ വന്നു.

' പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ?? ആന്റിയെ വിഷമിപ്പിക്കരുത് ! 

ഹലോ കൂടെ പറയാതെ അച്ചു ആദ്യം പറഞ്ഞോർമ്മിപ്പിച്ചത് അമ്മയുടെ കാര്യമാണ് . എന്തൊക്കെയോ സംസാരിച്ചു വെക്കുകയും ചെയ്തു. 

അവൾക്കായിരുന്നു നിർബന്ധം താൻ കല്യാണത്തിന് പോകണമെന്നും. അമ്മ പ്രതീക്ഷിച്ചില്ലെങ്കിൽ കൂടെയും !

എപ്പോൾ തൊട്ടാണ് അമ്മ തനിക്ക് അന്യയായത് ?? 

തോമസ്അങ്കിളിനെ ഇഷ്ടപ്പെട്ടത് മുതലാണോ ?

അതോ അങ്കിളിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചതുമുതലോ ??

അറിയില്ല.!! 

പത്തുവയസ്സിനു ശേഷം ഒരു മുറിയിലുറങ്ങിയില്ലെങ്കിലും മനസ്സെന്നും അമ്മയുടെ മടിയിലുറങ്ങാൻ കൊതിച്ചിരുന്നു . അതറിയാം .

അച്ചു അടുത്തുണ്ടായിരുന്നെങ്കിൽ.....

മീനച്ചൂടിനെവെല്ലുന്ന ഉൾ ചൂടിനെ അവളാറ്റി തണുപ്പിച്ചേനെ . കാറ്റ് മുടിയിഴകൾക്കിടയിലൂടെ ചെവിയിലേക്ക് ഓടിക്കയറിയപ്പോൾ അച്ചുവിനെ ഓർമ്മവന്നു. ബാംഗ്ലൂരിലെ ഒട്ടി നിന്ന വൈകുന്നേരങ്ങളും. 

ഇടയ്ക്കെപ്പോഴോ ഒറ്റയ്ക്കിരുന്ന് ഏങ്ങിക്കരഞ്ഞിരുന്ന അമ്മയുടെ മുഖം ഓവർടെയ്ക്ക് ചെയ്ത് കയറിപ്പോയ ആംബുലന്സിനെക്കാൾ വേഗത്തിൽ മിന്നിമറഞ്ഞു.

ഒരു കൂട്ടുവേണമെന്ന് അമ്മയ്ക്കും തോന്നിക്കാണില്ലേ ??

തനിക്ക് അച്ചുവെന്നപോലെ !! 

ഒറ്റയ്കാവുക എന്നതിന് കൂട്ടില്ലാതെയാവുക എന്നുകൂടെ അർത്ഥമില്ലേ ?? 

ഒന്നുരണ്ട് മണിക്കൂർ സുഖായിട്ട് ഉറങ്ങാനാണ് സെമി സ്ലീപ്പറെടുത്തത് .ഒരു തുള്ളി കൂടെ ഉറങ്ങാനായില്ല .

ബസ് സ്റ്റാൻഡിലേക്ക് അമ്മ കാറയച്ചിരുന്നു. തോമസ് അങ്കിളിന്റെ കാർ . ചുവന്ന ഇന്ഡിക. പണ്ട് ആ കാർ മുറ്റത്തുകാണുമ്പോഴൊക്കെയും ചോക്ലേറ്റ് വാങ്ങാനോടിചെല്ലുമായിരുന്നു. ഇന്നെന്തോ കാറിനടുത്തേക്ക് നടന്നുചെല്ലുമ്പോൾ ഒരുപാട് ദൂരം തോന്നി. മനസ്സ് ആകെ ആടിയുലയുന്ന പോലെ .

 

അമ്മുവിന് എന്നെ മനസ്സിലായോ ?? 

കാറിന്റെ മുന്സീറ്റിലിരുന്ന് ആദ്യം കൈയും പിന്നെ തലയും പുറത്തിട്ട രൂപത്തിൽനിന്നാണ് ആ ചോദ്യം കേട്ടത്. മനു ! 

അൽപ്പം തടിച്ചെങ്കിലും ആളെ മനസ്സിലാവാണ്ടില്ല. തോമസ് അങ്കിളിന്റെ രണ്ടാമത്തെ മോനാണ്. ഇവൻ അമേരിക്കയിലായിരുന്നില്ലേ ? അപ്പൊ എല്ലാരും കൂടെ പ്ലാൻ ചെയ്തിട്ടാണ് ! ആ ചോദ്യങ്ങൾക്കിടയിലും  തീരെ താല്പര്യമില്ലാഞ്ഞിട്ട് കൂടെയും ചിരിക്കേണ്ടതായി വന്നു.

വീട്ടിലെത്തുമ്പോൾ അമ്മ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇറങ്ങാൻ മടിച്ചു നിന്നപ്പോൾ തോമസ് അങ്കിൾ 

തന്നെ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് ക്ഷണിച്ചു. ചടങ്ങൊക്കെ കഴിഞ്ഞിരുന്നു. 

'അമ്മ ഒന്നും പറഞ്ഞില്ല . മുഖത്ത് ഒന്ന് നോക്കി കണ്ണീര് സാരിത്തുമ്പുനീളുന്നതും നോക്കി നിൽപ്പുണ്ടായിരുന്നു........... '

 

അത്രയും എഴുതി അമ്മു ഡയറി അടച്ചുവച്ചു. ലൈറ്റ് ഓഫ് ചെയത് അമ്മയ്ക്കരികിൽ പോയിക്കിടന്നു.

" ഹേയ് ഹൌ വാസ് യുവർ ഡേ ?? " അച്ചുവാണ് .

ഗാലറിയിൽ അമ്മയുടെ മടിയിൽകിടന്ന് പപ്പ എടുത്ത ഫോട്ടോ ഫോർവേഡ് ചെയ്യുമ്പോൾ അവളുടെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു. ഫോട്ടോയ്ക്കടിയിലായി ഇത്രമാത്രം എഴുതി  " ഗ്രെയ്റ്റ് !! " മറുപടിക്കായി കാക്കാതെ അവൾ അമ്മയ്ക്കരികിലേക്ക് ചുരുണ്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT