മഴയിൽ ഒരാൾ – കാവല്ലൂർ മുരളീധരൻ എഴുതിയ കഥ

Short-Story-Mazhayil-Oraal
Representative image. Photo Credit: BAGAS ANANTA/Shutterstock.com
SHARE

തൃശൂർ റെയിൽവേ സ്റ്റേഷനിൽ അയാളുടെ വണ്ടി കാത്തു കിടന്നു. കനത്ത മഴ കാരണം തീവണ്ടി രണ്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. വണ്ടി ഇനിയും വൈകാനേ തരമുള്ളൂ. മഴയോട് വല്ലാത്തൊരു കൊതിയാണെങ്കിലും, അപ്പോഴത്തെ ആ പെരുമഴയോട് അയാൾക്കത്ര ആവേശമൊന്നും തോന്നിയില്ല. 

അയാൾ ഇടയ്ക്കിടെ വാച്ചിലേക്കും ഫോണിലേക്കും നോക്കികൊണ്ടിരുന്നു. 

ഞാനിതാ എത്തി, കണ്ടാൽ തിരിച്ചറിയുമല്ലോ അല്ലെ. എട്ടാമത്തെ ബോഗിയാണ്. നേരിൽ കാണാനുള്ള ആവേശത്തിലായിരുന്നു അവർ രണ്ടു പേരും. 

നേരിൽ കണ്ടതും അവർക്കു ആവേശം അടക്കാനായില്ല. കൈകൾചേർത്തുപിടിച്ചു നിന്നപ്പോൾ രണ്ടുപേർക്കുമിടയിൽ പറയാനായി ബാക്കിവെച്ചിരുന്ന ആശയങ്ങൾ, ആഗ്രഹങ്ങൾ ഒരു പ്രളയം പോലെ അവർക്കിടയിൽ ഒഴുകുന്നതായി തോന്നി. 

അങ്ങനത്തന്നെ നിന്നാൽ ശരിയാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ നിന്ന് തന്നെ പ്രാതലും ചായയും കുടിച്ചു. 

കാറിൽ തൊട്ടടുത്തിരിക്കുമ്പോൾ അവർ കൈകൾ തലോടിക്കൊണ്ടിരുന്നു. മുമ്പ് വിചാരിച്ചപോലെ കാറിൻറെ ഗ്ലാസ്സുകളെല്ലാം തുറന്നിട്ട് ഗ്രാമത്തിൻറെ കാറ്റും സുഗന്ധവും ആസ്വദിക്കാനാവില്ല. കനത്ത മഴയും, ശീതനടിക്കുന്ന കാറ്റും കാറിൻറെ ഗ്ലാസ്സുകൾ എപ്പോഴും ഉയർത്തിവെക്കാൻ തന്നെ നിർബന്ധിച്ചു. 

യാത്രയിൽ മുഴുവൻ അവർ സംസാരിച്ചുകൊണ്ടേയിരുന്നു. കൂടുതലും കാണാൻ പോകുന്ന സ്ഥലത്തെ കുറിച്ചും അവിടെയെത്തിയാൽ എന്തൊക്കെയാവും കാണുകയെന്നും അതെങ്ങനെയാണ് അവർ രണ്ടു പേരെയും ബാധിക്കുകയെന്നും അവർ പറഞ്ഞു കൊണ്ടിരുന്നു. 

ഭാഷയിലെ പ്രവാചകന്റെ സ്മാരകങ്ങൾ തേടിപ്പോകാൻ എത്രയോനാളായി കൊതിക്കുന്നതാണ്. അവസാനം ഇപ്പോഴാണ് സാധിക്കുന്നത്. മഴയാണെങ്കിലും മാറ്റിവെക്കാതെ പോകുന്നതും അതുകൊണ്ടാണ്. 

മാറ്റിവെച്ചു മാറ്റിവെച്ചു തമ്മിൽ കാണാനായി രണ്ടു വർഷം കാത്തിരുന്നു അവർ. 

മഴ, കാഴ്ചകൾ മറച്ചുകൊണ്ടിരുന്നു. എങ്കിലും ഗൂഗിൾ കാണിക്കുന്ന വഴിയിലൂടെ അവർ മുന്നോട്ട് പോയി. 

വഴിയമ്പലം എത്തിയപ്പോൾ അയാൾ വണ്ടി നിർത്തി, അവർ ചോദിച്ചു, എന്തെ നിർത്തിയത്? ഒന്ന് പുറത്തിറങ്ങി വരാം. കുട നിവർത്തി അയാൾ മഴയിലേക്കിറങ്ങി. അടുത്ത് കണ്ട കടയിലേക്കയാൾ നടന്നു. തിരിച്ചു വരുമ്പോൾ മഴയുടെ ഇരുട്ടിൽ ഒരു മെലിഞ്ഞ നിഴൽ രൂപം; ആ നിഴലിലേക്ക് നോക്കി അയാൾ ചോദിച്ചു, രവിയല്ലേ?

പെട്ടെന്ന് വീശിയ കാറ്റിൽ ആ നിഴൽ മറഞ്ഞു പോയി. 

കാറിൽ കയറി അയാൾ കടയിൽ നിന്ന് വാങ്ങിയ നാരങ്ങ മിട്ടായി അവർക്കു കൊടുത്തു. 

നാരങ്ങ മിട്ടായി നുണഞ്ഞു അവർ ചോദിച്ചു, കടയിൽ നിങ്ങൾ മൈമുനയെ കണ്ടോ?

ചിരിച്ചു കൊണ്ടയാൾ പറഞ്ഞു, ഇല്ല, വയസ്സായ ഒരാൾ ആയിരുന്നു, അള്ളാപിച്ച മൊല്ലാക്കയുടെ ആരോ ആയിരിക്കണം. തിരിച്ചു വരുമ്പോൾ കാറ്റിന്റെ പിറകിൽ രവിയെ ഒരു നിഴലായി കണ്ടപോലെ തോന്നി എന്നാൽ ആ നിഴൽ അടുത്ത നിമിഷം കാറ്റെടുത്തു. 

ആ നീണ്ട യാത്ര ഭാഷയുടെ പ്രവാചകൻറെ സ്മാരക മുറ്റത്ത് അവസാനിച്ചു. 

കുടകൾ നിവർത്തി നടക്കുമ്പോൾ അവർ രണ്ടുപേരും രവിയും മൈമുനയുമായി, ബാക്കിയുള്ളവരെല്ലാം നിഴലുകളായി അവർക്കു ചുറ്റും നിറയുന്നതായി തോന്നി. 

വെള്ളായിയപ്പൻ കാക്കകൾക്ക് ചോറ് വിതറുന്നത് അവർക്ക്‌ കാണാമായിരുന്നു. ചെങ്ങന്നൂർ വണ്ടിയുടെ ഇരമ്പം മഴയിലും മുഴങ്ങി. തലമുറകൾ താണ്ടി മധുരംഗായതി നിറയുന്നു. മഴക്കൊപ്പം ഭാഷാ പ്രവാചകൻറെ അക്ഷരങ്ങൾ അവരിലേക്ക്‌ പെയ്യുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. കുടകൾ മാറ്റിവെച്ചു അവർ കൈകൾ വിടർത്തി അക്ഷരങ്ങളെ മുറുകെ പുണർന്നു. 

ഉയർന്നു കേട്ട തീവണ്ടിയുടെ ഹോൺ ശബ്ദത്തിൽ സ്റ്റെല്ല ഞെട്ടിയുണർന്നു. മുരനായി വാങ്ങി വെച്ച ചാരുകസേരയിൽ മഴയുടെ തണുപ്പിൽ സ്റ്റെല്ല മയങ്ങിപോയതാണ്. 

മടിയിലിൽ വീണുകിടന്നിരുന്ന പുസ്തകം സ്റ്റെല്ല കൈകളിൽ എടുത്തു, ഖസാക്കിൻറെ ഇതിഹാസം. 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA