ADVERTISEMENT

പുതിയൊരു ലോകം (കഥ)

 

"അത് പറ്റില്ല.. ആദ്യത്തെ രണ്ടു മാസം എന്റെ കൂടെ തന്നെ... "

 

"ശ്ശ്.. ദേ അമ്മ കുളി കഴിഞ്ഞെത്തി... പതുക്കെ പറ... "

 

സ്വീകരണ മുറിയിൽ ഇരിക്കുന്നവർക്കിടയിൽ ഒരു സുഗന്ധം പരന്നു. അമ്പത്തിരണ്ടിലും ചെറുപ്പത്തിന്റെ ചുറുചുറുക്ക് കാത്തു സൂക്ഷിക്കുന്ന മീനാക്ഷി, നാല് മക്കളുടെ അമ്മ, 28 വർഷത്തെ സർവീസിന് ശേഷം  വിആർഎസ് എടുത്തു വിശ്രമ ജീവിതം തുടങ്ങാൻ പോകുന്ന ദിനം. 

 

( വിശ്രമിക്കാൻ മക്കൾ സമ്മതിക്കുമോ? അതോ മീനാക്ഷി സ്വയം വിശ്രമം വേണ്ടെന്നു വെക്കുമോ? നോക്കാം. )

 

"ആഹാ ഇന്നെന്താ പതിവില്ലാതെ രണ്ടു  മക്കളും മരുമക്കളും  ഉണ്ടല്ലോ.....എന്താ കാര്യം?"

 

"രണ്ടല്ല മൂന്ന്... ദാ മധു ചേച്ചി   യൂക്കെയിൽ നിന്നും സ്കൈപ്പിൽ ഉണ്ട്... "

 

മായ ലാപ്ടോപ്പ് തനിക്കു മുന്നിൽ നിന്നും അമ്മയുടെ നേർക്ക് തിരിച്ചു വെച്ചു.

 

"ഹലോ അമ്മെ... വിഷ് യു എ ഹാപ്പി റിട്ടയർമെന്റ്  ലൈഫ്..."

 

"താങ്ക്യൂ മോളെ.... അവിടെ തണുപ്പൊക്കെ എങ്ങനെ..." 

 

"മീനാക്ഷി ദാ നിന്റെ ഇളയ പുത്രനുണ്ട് വീഡിയോ കോളിൽ..."

 

മീനാക്ഷി മൂത്ത മകളോട് സംസാരിച്ചു തുടങ്ങുമ്പോഴേക്കും പ്രിയതമൻ തന്റെ  മൊബൈൽ തിരിച്ചു കാണിച്ചു വന്നിരുന്നു. 

 

"ഇന്നെന്താ ഈ കുടുംബ സംഗമം... വേഗം പറഞ്ഞാട്ടെ... " മീനാക്ഷി അദ്‌ഭുതം പ്രകടിപ്പിച്ചു. 

 

"അത് പിന്നെ അമ്മെ.... ഞാൻ പറയാം..."

മീനാക്ഷിയുടെ രണ്ടാമത്തെ മരുമകൻ സംസാരിച്ചു തുടങ്ങി.  

"അമ്മ കുറച്ചു നാൾ ഇനി ഞങ്ങളുടെ കൂടെ വന്നു നിൽക്കണം.. ഇത് മായയുടെ ഏഴാം മാസം അല്ലെ...നാട്ടു നടപ്പൊന്നും ഞങ്ങൾ നോക്കുന്നില്ല... അവിടെ തന്നെ  ഡെലിവറി ആക്കാം എന്നാണ്...

പിന്നെ പ്രസവം, പ്രസവ ശുശ്രൂഷ അതൊക്കെ സ്വന്തം അമ്മയെ പോലെ നോക്കുന്നവർ വേറെയാരുണ്ടാകാനാ..." 

 

"ഓ അത് ശരിയാണല്ലോ... പക്ഷെ അമ്മ കുറച്ചു നാൾ ടൂറിനു പോകുവാ മക്കളെ... വണ്ടർ വുമൺ ഗ്രൂപ്പിലെ കൂട്ടുകാരികളോടൊത്തു... ഒരു ഭാരത പര്യടനം... സ്ഥലങ്ങളൊക്കെ കണ്ടതാ... എന്നാലും പണ്ട് നിങ്ങളെ കൊണ്ട് കറങ്ങുമ്പോൾ ഒക്കെ നിങ്ങളുടെ കാര്യങ്ങൾ നോക്കി എനിക്കങ്ങു എന്ജോയ് ചെയ്യാനേ  പറ്റിയിരുന്നില്ല... ഇനി എനിക്ക് മാത്രമായി യാത്ര ആകാം എന്നു കരുതി...."

 

"അല്ല അവിടെ മോളുടെ അമ്മായിഅമ്മ ഇല്ലേ.... സ്വന്തം മോളെ പോലെയല്ലേ കരുതുന്നത്... നിന്‍റെ കാര്യം അവർ നന്നായി നോക്കും എന്നു എനിക്ക് ഉറപ്പുണ്ട്.. "

 

മായയ്ക്കും ഭർത്താവിനും ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. 

 

"അമ്മെ... അമ്മ ഇങ്ങോട്ടു പോന്നോളൂ.. എനിക്ക് വർക്ക് ഫ്രം ഹോം തുടങ്ങണം  .. അമ്മക്ക് ഇവിടെ ടൂറിനു പോകുകയും ചെയ്യാം, കാണാത്ത കുറെ സ്ഥലങ്ങൾ കാണാം..."

 

സ്കൈപ്പിൽ നിന്നും മൂത്ത മകൾ ഉച്ചത്തിൽ പറഞ്ഞു. 

 

"ഒ... നിനക്കവിടെ കൊച്ചിനെ നോക്കാൻ ബേബി സിറ്ററിനു മണിക്കൂറിനാ  ചാർജ് അല്ലയോ... പക്ഷെ മോളെ എനിക്കവിടെ കാലാവസ്ഥ, ഭക്ഷണം വീട്ടിൽ അടച്ചുപൂട്ടി യുള്ള ഇരിപ്പു ഇതൊന്നും പിടിക്കില്ലെന്ന്. അത് കൊണ്ട് മോൾ ആ പ്ലാൻ ക്യാൻസൽ ചെയ്‌തേക്കൂ ...."

 

"പിന്നെ വിദേശത്തു ജീവിക്കുവാൻ തീരുമാനിച്ച സ്ഥിതിക്ക് അവിടുത്തെ രീതികൾക്കനുസരിച്ചു അങ്ങനെ തന്നെ പോകുകയല്ലേ നല്ലതു? ...."

 

മധു ദേഷ്യം വന്നു വീഡിയോ ഓഫ് ആക്കി. 

 

"ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മക്ക് നാട്ടിൽ തന്നെ നിൽക്കാനാ ഇഷ്ടമെന്ന്... അമ്മെ അമ്മ യാത്ര കഴിഞ്ഞു നേരെ ഞങ്ങളുടെ വീട്ടിൽ വന്നോളൂ..." 

 

മൂന്നാമത്തെ മകൾ മോഹിനിയുടെ ഭർത്താവു പറഞ്ഞു. 

 

"മോനെ..." മീനാക്ഷി മരുമകന്റെ അടുത്ത് വന്നു.  "നിനക്ക് ബിസിനസിന് പണം ആവശ്യമുണ്ടെന്നു മോൾ പറഞ്ഞിരുന്നു...ബിസിനസ് തുടങ്ങുന്നത് നല്ലതു തന്നെ.. എന്നാൽ അത്  അമ്മായിയമ്മയുടെ റിട്ടയർമെന്റ് ഫണ്ട് നോക്കിയാവരുത്... "

 

 "പിന്നെ അമ്മയുടെ ആജീവന സമ്പാദ്യമല്ലേ... തല്ക്കാലം ഒരു ഫിനാൻഷ്യൽ അഡ്വൈസർ വരുന്നുണ്ട്..    എന്ത് ചെയ്യണമെന്ന് അയാളോട് ആലോചിച്ചു ഞാനും അച്ഛനും കൂടി തീരുമാനിക്കാൻ പോകുവാ... മോൻ ബാങ്ക് ലോൺ തന്നെ ആശ്രയിക്കൂ, ഞാൻ റെക്കമെൻഡ് ചെയ്യാം...."

 

തീരെ പ്രതീക്ഷിക്കാത്ത മറുപടി കേട്ട് മോഹിനിയും ഭർത്താവും മുഖം തിരിച്ചു മൊബൈലിലേക്ക് നോക്കി കൊണ്ടിരുന്നു. 

 

"അമ്മെ... " അതരയും നേരം സൈലന്റ് ആയി നിന്ന പുത്രൻ വിളിച്ചു. 

"ഞാൻ അമ്മയുടെ ഇളയ മോനല്ലേ... യുവർ വൺ ആൻഡ് ഒൺലി വൺ പുത്രൻ... സൊ... അമ്മ ഞാൻ പറയുന്നത് കേൾക്കും... "

 

"ആണെടാ... ... നിനക്ക് അവിടെ എൻജിനിയറിങ് കോളേജ്  ഹോസ്റ്റലിലെ  ഫുഡ് തീരെ പിടിക്കുന്നില്ല അല്ലെ... സാരമില്ല... അത് കൊണ്ട് തന്നെ... ഞാൻ എന്റെ യൂട്യൂബ് ചാനൽ തുടങ്ങി... മീനാക്ഷിസ്‌ കിച്ചൻ....നീ അതിൽ നോക്കി പാചകം ചെയ്ത പഠിക്കൂ...പാചകത്തിന്റെ കാര്യത്തിലും സ്വയം പര്യാപ്തത നല്ലതാ.. .ങേ ഇവൻ കാൾ ഓഫാക്കി പോയല്ലോ..."

 

മീനാക്ഷി തിരിഞ്ഞു എല്ലാവരെയും നോക്കി പറഞ്ഞു. 

 

"എല്ലാവരോടും കൂടിയാ  പറയുന്നത്.. ഇത്രയും കാലം ഞാൻ ജോലിക്കും പോയി നിങ്ങളുടെ കാര്യങ്ങളും ഭംഗിയായി തന്നെ തീർത്തു... ഇപ്പൊ വിആർഎസ് എടുത്തത് ജീവിക്കാൻ വേണ്ടിയാ... ആസ്വദിച്ചു ജീവിക്കാൻ...യാത്ര ചെയ്യാൻ.. 

 

പിന്നെയും ഉണ്ട് കുറെയധികം കാര്യങ്ങൾ... ആർട്ട് വർക്ക്... വായിക്കാനെടുത്തു പകുതിക്കു ഉപേക്ഷിച്ച നൂറു കണക്കിന് പുസ്‌തകങ്ങൾ... അച്ഛൻ എഴുതുന്ന പാട്ടുകളൊക്കെ പാടി റെക്കോർഡ് ചെയ്യണം... എന്തോരം ജോലിയാ  മക്കളെ... 

 

മക്കൾ ഇനിയങ്ങോട്ട് എല്ലാറ്റിനും സ്വന്തം  അറേഞ്ച്മെന്റ്സ്  ചെയ്താട്ടെ..."

 

ഒന്ന് നിർത്തിയിട്ടു മീനാക്ഷി തുടർന്നു. 

 "പിന്നൊരു  കാര്യം കൂടി...അമ്മ നോക്കാൻ ഉണ്ടാകും എന്ന് കരുതി ആരും ഒന്നും ഒണ്ടാക്കാൻ നിൽക്കണ്ട ....മനസ്സിലായല്ലോ?"

 

ഇത് കേട്ട് പ്രെഗ്‌ന്യൂസ് കിറ്റ് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോകാൻ നിന്ന ഇളയ മരുമകൻ ഭാര്യയെ നോക്കി. രണ്ടു പേരുടെയും മുഖം വിളറിയിരുന്നു. 

 

പത്രം തുറന്നു പിടിച്ചു, അതിന്റെ മറയിൽ ഗംഗാധരൻ ഊറി ചിരിച്ചു. "ഇപ്പോഴാ അവൾ ശരിക്കും സൂപ്പറിന്റെണ്ടെന്റ് ആയതു." അദ്ദേഹം മനസ്സിൽ പറഞ്ഞു. 

 

 "ഞാൻ റെഡി ആകട്ടെ... ആ ഫിനാൻഷ്യൽ അഡ്വൈസർ ഇപ്പൊ വരും... പിന്നെ പാക്കിങ്ങും ചെയ്യാനുണ്ട്."

 

ഇതും പറഞ്ഞു മീനാക്ഷി തിരിഞ്ഞു മുറിയിലേക്ക് നടന്നു... ഒരു സിനിമാറ്റിക് മൊമെന്റ് കുറിക്കാനെന്നോണം ഇളയ മരുമകന്റെ ഫോൺ റിങ്ടോൺ മുഴങ്ങി... "പുതിയൊരു ലോകം... "

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com