ADVERTISEMENT

ഓൺലൈൻ ഫ്രണ്ട് (കഥ)

 

സോഷ്യൽ മീഡിയയിലെ ചാറ്റ് ബോക്സിൽ നിന്നും അവൻ കോൾ ചെയ്തു. പക്ഷേ ഓഫ് ലൈൻ ആയത് കാരണം അവൾ അറിഞ്ഞില്ല.

 

ഇനി എങ്ങനെ അവളുടെ വീട് കണ്ടെത്തും. ഒരു സർപ്രൈസ് ആയി മുന്നിൽ നിന്നാൽ അവൾക്കത് വലിയ സന്തോഷമാകും എന്ന് കരുതി ഇറങ്ങി പുറപ്പെട്ടതാണവൻ.

 

ഇപ്പൊ പെരുവഴിയായി. കവലയിൽ നിന്നും ആളുകൾ അവനെ നോക്കുന്നുണ്ട്. പരിചിതമല്ലാത്ത മുഖമായത് കൊണ്ട് അവരുടെ സിസിടിവി കണ്ണുകളിൽ അവൻ നന്നായി പതിഞ്ഞു. വഴി ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥ.

 

അവൻ മുന്നോട്ട് തന്നെ പോയി. അപ്പോഴാണ് ആ കാഴ്ച അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു മാവ്. നല്ല തടിയുള്ള തണലുള്ള മുത്തശ്ശൻ മാവ്. പലപ്പോഴും അവളുടെ ഫോട്ടോയിലും പറച്ചിലിലും ഈ മാവ് വന്നിട്ടുണ്ട്.

 

അവന് ആശ്വാസമായി. ഇവിടെ അടുത്ത് എവിടെയെങ്കിലും ആവും അവളുടെ വീട്. അവന്റെ കണ്ണ് മാവിന് ചുറ്റും പാഞ്ഞു. അങ്ങനെ കുറച്ച് വീടുകൾ ഉള്ള ഭാഗത്തേക്ക് അവൻ നടന്നു.

 

എല്ലാവരും അവനെ നോക്കുന്നുണ്ട്. ഒരു ചെറു പുഞ്ചിരിയും നൽകി അവൻ മുന്നോട്ട് നടന്നു. ഉള്ളിൽ മൊത്തം പേടിയാണെങ്കിലും

ഒന്നും പുറത്ത് കാണിച്ചില്ല. എങ്ങാനും പേടി വന്നാൽ ആളുകളുടെ മട്ടും ഭാവവും മാറുമെന്ന് അവനറിയാമായിരുന്നു.

 

പെട്ടെന്ന് അവൻ നടത്തം നിർത്തി. ഒരു ചെറിയ ഓടിട്ട കുഞ്ഞു വീടിന് മുന്നിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ തിളങ്ങി.

 

പക്ഷേ അവനെ കണ്ട മാത്രയിൽ അവൾ തലയിൽ കൈ വെച്ചു. ‘‘എന്റെ ഈശ്വരാ ഇവനെന്താ ഇവിടെ’’ അവളുടെ മനസ്സ് പറഞ്ഞു.

 

എന്നിരുന്നാലും അത്രയും ദൂരം അവൻ വന്നത് കൊണ്ട് അവൾ അവനെ അകത്തേക്ക് വിളിച്ചു.

‘‘ആരാ മോളേ ഇത്?’’ അമ്മ ചോദിച്ചു.

അത് പിന്നെ.. എന്റെ ഫ്രണ്ടാ കുറേ ആയി കണ്ടിട്ട് .

‘‘നീയൊന്നിങ്ങ് വന്നേ’’

അമ്മ അവളെ അകത്തേക്ക് കൊണ്ടുപോയി.

‘‘ഏതവനാടീ ... ഇവൻ .. ഞാനിത് വരെ കണ്ടിട്ടില്ലോ.. അഛനിങ്ങ് വരട്ടെ.. ഞാൻ ശരിയാക്കിത്തരാം’’

 

‘‘അമ്മേ അങ്ങനെ ഒന്നും അല്ല കാര്യങ്ങൾ, ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. അല്ലാതെ ഒന്നും ഇല്ല’’

 

‘‘മോനിരിക്ക്ട്ടോ ഞാൻ ചായ എടുക്കാം’’ അമ്മ ചിരിയോടെ അവനോടു വന്ന് പറഞ്ഞു.

 

അടുക്കളയിൽ മാത്രം അമ്മയുടെ ഭാവം ഇരുളുകയും അവന് മുന്നിൽ തെളിയുകയും ചെയ്തു.

 

‘‘എടോ നിന്നെ ഒന്ന് കാണണം എന്ന് തോന്നി. ചുമ്മാ വെറുതെ ഇരുന്നപ്പോൾ പോന്നതാ. പുതിയ നാടും ആളുകളെയുമൊക്കെ കാണാലോ.’’

അവൻ പറഞ്ഞു.

 

അവളുടെ ആധി മാറിയിരുന്നില്ല. അവൻ യാത്ര പറഞ്ഞ് ഇറങ്ങി. പക്ഷേ അവനും അവളും നാട്ടുകാരുടെ സിസിടിവി കണ്ണിൽ 

മായ്ക്കപ്പെടാത്ത ഡാറ്റയായി കിടന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com