ADVERTISEMENT

വിടരാ മൊട്ടുകൾ (കഥ)

 

മണി 11 ആയി. 

മനസ്സ് ഉറങ്ങാതെ ഈ സന്തോഷാവസ്ഥയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു. 

വീട്ടിലെ തൊട്ടാവാടിയായ അമ്മുവിൽ നിന്നും എന്നെ ഇന്നത്തെ ഗൈനക്കോളജിസ്റ്റ് ഡോ.ഗീത ആക്കിയതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്. 

അമ്മയുടെ മരണം വരെ ഇത്തരം ദിനങ്ങളൊക്കെ അമ്മയോടാണ് പങ്കിടാറുള്ളത്. അതിൽ പിന്നെ അമ്മയ്ക്ക് വായിക്കാനെന്നപോലെ ഡയറിയിൽ കുറിച്ചിടലായി. 

അപ്പോഴൊക്കെ അമ്മയുടെ സാമിപ്യവും ഞാനറിഞ്ഞിരുന്നു. 

അമ്മയുടെ ശകാരങ്ങളും അഭിനന്ദനങ്ങളുമൊക്കെ എഴുതി തീരുമ്പോഴേക്കും കിട്ടിയിരിക്കും. 

അതൊക്കെ ഏറ്റുവാങ്ങാൻ തയ്യാറായി അതിൽ കുറിച്ചിട്ടു.

           

"" എന്റെ ജീവിതത്തിലെ നല്ലൊരു ദിനം ആണ്. എന്നും നിരാശകൾ നിറഞ്ഞ ഒരുപാട് ദമ്പതികളാണ് എന്നിൽ പ്രതീക്ഷ അർപ്പിച്ച് ചികിത്സയ്ക് വരുന്നത്. 

ഓരോരുത്തർ വരുമ്പോഴും അവരുടെ നോവിന്റെ ഭാവം ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവരുടെ സന്തോഷം എന്റെ സന്തോഷമായി മാറുന്നു. 

ഇന്ന് രണ്ട് ദമ്പതിമാരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് രണ്ട് പുതുജീവൻ നാമ്പിട്ടിരിക്കുന്നു. അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 

എങ്കിലും അതുപോലെ ഞാനും ആത്മ സംതൃപ്തിയാൽ നിറയുന്നു. പണ്ട് ഞാൻ അമ്മക്ക് തന്ന വാക്ക് പാലിച്ചുകൊണ്ടിരിക്കുന്നു എന്ന നിർവൃതിയോടെ................... ""

 

ഇത്രയും എഴുതി ഡയറി അടച്ചുവെച്ചു കിടന്നെങ്കിലും ഉറങ്ങാൻ പറ്റുന്നില്ല.        

അമ്മയ്ക്ക് കൊടുത്ത വാക്കിൽ തട്ടി മനസ് നിന്നു. 

 

ഏതാണ്ട് ഡോക്ടർ ജീവിതകാലാരംഭത്തിൽ ഞാൻ ഇങ്ങനെ അല്ലായിരുന്നു. ആ കാലത്ത് ഏറെ പേരും എന്നെ സമീപിച്ചത് അബോർഷൻ ചെയ്യാനായിരുന്നു. അന്നെന്തോ ഗർഭ നിരോധന മാർഗ്ഗങ്ങൾ ഇന്നത്തെ പോലെ പ്രചാരത്തിൽ ഇല്ലാത്തത്കൊണ്ടാണോ അതോ ഒരു ജീവൻ എത്ര വിലപ്പെട്ടതാണ് അറിയാത്തത് കൊണ്ടോ എന്ന് അറിയില്ല, അവിവാഹിതർക്ക് അവരുടെ മാനത്തിന്റെ വിലയാണ് അബോർഷൻ എങ്കിൽ വിവാഹിതർക്ക് അവരുടെ സുഖ ജീവിതത്തിന്റെ തടസ്സമാണെന് തോന്നി കാണും. 

എത്രയെത്ര ജീവന്റെ മൊട്ടുകളെയാണ് ഈ കൈകൊണ്ട് അടർത്തി മാറ്റിയത്. 

അന്ന് പ്രായത്തിന്റെ ആവേശത്തിൽ ഇതൊന്നും തെറ്റായി കണ്ടില്ല. അത് പുതുതലമുറയാണെന്ന് കണ്ട് കൂടെ നിന്നു. പലപ്പോഴും അമ്മയുടെ ശകാരം കേട്ട് നിന്നു. 

പിന്നീട് ഞാനും വിവാഹിതയായി അമ്മയാകാൻ വൈകിയപ്പോഴാണ് പുതിയ ചില വേദനകൾ തിരിച്ചറിഞ്ഞത്. 

ആ വേദനയിൽ കാലം എനിക്ക് തന്ന ശിക്ഷയാണോ ഇതെന്നും ചോദിച്ചുകൊണ്ട് അമ്മയുടെ മുൻപിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്. 

അന്ന് അമ്മ കുറെ ആശ്വസിപ്പിച്ചു. 

 

അന്ന് അമ്മ പറഞ്ഞു . 

""ഓരോ ജീവനും നശിപ്പിക്കുവാൻ എളുപ്പമാണ്. കൊടുക്കാൻ നമുക്ക് ആവില്ലല്ലോ.... കൊടുക്കാൻ പറ്റുമെങ്കിൽ അതൊരു പുണ്ണ്യമാണ്. അതിന് മോൾക്ക് ശ്രമിച്ചൂടെ? 

 

അന്നും ഞാൻ ഉറങ്ങിയിരുന്നില്ല. 

ഞാൻ ഇല്ലായ്മ ചെയ്ത് കുഞ്ഞു മൊട്ടുകൾ എന്ത് തെറ്റ് ചെയ്തു? 

ഈ ഭൂമിയിൽ ജീവിക്കാൻ അവർക്കും അവകാശമില്ലേ?? 

അമ്മയുടെ ആരോഗ്യത്തിന് കുഴപ്പമുണ്ടെങ്കിൽ മാത്രം ചെയ്യേണ്ടത് പലപ്പോഴും തെറ്റായി ഉപയോഗിച്ചില്ലേ? 

നിഷ്കളങ്കമായ ഒരുപാട് കുഞ്ഞുമുഖങ്ങൾ എന്നെ നോക്കി ചിരിക്കുന്നുവോ ? 

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. 

അന്ന് പുലരും മുൻപ് ഞാൻ ഈ വിഷയത്തിൽ കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. 

അങ്ങനെയാണ് ഇന്ന് ഐ. വി. എഫ് ന്റെ സ്പെഷ്യലിസ്റ്റായി ഞാൻ മാറിയത്.  

 

വൈകിയാണെങ്കിലും ഞാനും ഇന്നൊരു അമ്മയാണ്.

 

കാലത്തിന്റെ കൂടെ നടക്കുകയല്ലേ മോൾ അന്നും ഇന്നും ചെയ്തുള്ളു, അതുകൊണ്ട് പഴയതൊന്നും ഓർക്കാതെ ഉറങ്ങിക്കോ എന്ന് അമ്മ പറഞ്ഞപ്പോൾ ഞാനും അറിയാതെ കണ്ണടച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com