ADVERTISEMENT

കാത്തിരിപ്പ് (കഥ)

           

എഴുത്തു വായിച്ച  ജാനകിയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടാർന്നു. ജീവിതത്തിൽ ഇന്നോളം ഓടിയതിന്റെ  ഒരു  ഫലമാണ് ഈ കത്ത്. 20 വർഷം മുൻപ് അവളെ വിട്ട് ഓടി പോയ സ്വന്തം മകൻ തിരിച്ചു വരുന്നു. എവിടെയെല്ലാം അന്വേഷിച്ചു, ആരെയെല്ലാം കണ്ടു, എത്ര ദൂരം നടന്നു  കണക്കില്ല, ശരിയ സ്നേഹത്തിന്റെ മുന്നിൽ ആരും കണക്കു പറയില്ലല്ലോ. മുന്നിലെ ജനാല ഇഴയിലൂടെ എന്നും സന്ധ്യയ്ക്കു വിളക്ക് കൊളുത്തിയതിനു ശേഷം അങ്ങ് അകലേക്ക് നോക്കി നിൽക്കാറുണ്ട് അവളുടെ ഉണ്ണിയെ കാത്ത്. പച്ചപ്പട്ടു വിരിച്ചു നിൽക്കുന്ന നിലങ്ങളോ, കാറ്റത്തു ഒരു യുക്മ നൃത്തം  വയ്ക്കുന്ന  മരങ്ങളോ, ആരെയും മാടിവിളിക്കുന്ന ചുവപ്പു താമരയിൽ നിറഞ്ഞു അഴകാർന്നു നിൽക്കുന്ന കുളമോ ഒന്നും തന്നെ അവളുടെ കണ്ണുകളിൽ ഇടം നേടിയിരുന്നില്ല. കണ്ണുകൾ ചക്രവാളങ്ങളിലേക്കാർന്നു  ഉണ്ണിയുടെ ചിരിക്കുന്ന മുഖം കാത്തു. ആ കാത്തിരിപ്പിനാണ് നാളെ ഒരു അറുതി വരാൻ പോകുന്നത്. ഏതു ദൈവത്തോട്  നന്ദി പറയേണ്ടത്  എന്ന് സംശയമാണ് , കാരണം വിളിക്കാത്ത ദൈവങ്ങൾ ഇല്ല , യാചിക്കാത്ത ദിവസങ്ങൾ ഇല്ല. 

 

കത്ത് വായിച്ചു നിർവൃതിയോടെ അവൾ മെല്ലെ മുറ്റത്തുകൂടെ നടന്നു. ചെടികളിൽ തഴുകി , കാക്കയോടും, കുയിലിനോടും, പൂക്കളോടും അവൾ പറഞ്ഞു ‘‘എന്റെ ഉണ്ണി നാളെ വരും. നിങ്ങൾ അവനുവേണ്ടി ഇവിടം മുഴുവൻ അലങ്കരിക്കണം’’. അകലെ നിന്നും രാമൻ ചേട്ടൻ വരുന്നത് കണ്ടു ജാനകി ഉറക്കെ വിളിച്ചു പറഞ്ഞു " രാമേട്ടാ ഉണ്ണി വരുന്നു, എന്റെ ഉണ്ണി വരുന്നു" മുഴുവൻ പറഞ്ഞു തീർന്നില്ല അതിനു മുൻപേ അവൾ കരഞ്ഞ് അവിടെ ഇരുന്നു. രാമേട്ടൻ അകലെ  നിന്നും ഓടി വന്നു അവളെ മടിയിൽ കിടത്തി " സത്യമാണോ ജാനു നമ്മുടെ ഉണ്ണി വരുന്നോ, എപ്പോഴാ, എപ്പോഴാ അവൻ വരണേ". ജാനകിക്കു സന്തോഷം അലതല്ലി ഒന്നും മിണ്ടാൻ പറ്റുന്നില്ല. അവൾ ആ കത്തു രാമന്റെ നേരെ  നീട്ടി, രാമൻ ആ വായിച്ചതും പൊട്ടി കരഞ്ഞു, ഒരു ചെറിയ കുഞ്ഞിനെ  പോലെ. " എന്റെ ദേവ്യയെ, ഞങ്ങളുടെ പ്രാർത്ഥന  നീ കേട്ടല്ലോ". ജാനകിയെ നെഞ്ചോടു ചേർത്ത് രാമനും ആകാശ വിതാനത്തിലേക്കു നോക്കി അവിടെ ഇരുന്നു .

 

നേരം വെള്ളുക്കുന്നേയുള്ളു. സൂര്യൻ തന്റെ പ്രണയിനിയെ ചുംബിക്കാൻ കൂടു വിട്ടു പുറത്തു വന്നിട്ടില്ല. ജാനകി അടുക്കളയിൽ തിരക്കിലാണ് . അമ്മയുണ്ടക്കുന്ന നെയ്യപ്പം ഉണ്ണിയുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ഉണ്ണി ഇറങ്ങി പോയേ പിന്നെ നെയ്യപ്പം അവിടെ ഉണ്ടാക്കിയിട്ടില്ല. അവൻ ഇറങ്ങി പോകുമ്പോഴും അടുപ്പിൽ പാതിവെന്ത നെയ്യപ്പം ഉണ്ടാർന്നു.

 

"അന്ന് ജോലിയില്ലാതെ നടന്ന വിഷമം കൊണ്ടല്ലേ രാമേട്ടനും ഞാനും  അങ്ങനെ പറഞ്ഞെ  അതിനു വീട് വിട്ടു പോകാ ഉണ്ണ്യേ. എല്ലാവരുടെയും ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം ഇല്ലാതെ വന്നപ്പോൾ അല്ലെ ഞങ്ങൾ അങ്ങനെ പറഞ്ഞെ, അതിനു ഇങ്ങനെ വിഷമിക്കാൻ പാടുണ്ടോ ഉണ്ണ്യേ. ഏതൊരു അച്ഛനും  അമ്മയ്ക്കും സ്വന്തം മകനെക്കുറിച്ചു ഒരു സ്വപ്നമൊക്കെ ഉണ്ടാകില്ലേ? ആ സ്വപ്നത്തെ കുറിച്ച് നിന്നോട് പറഞ്ഞതിനാണോ കുഞ്ഞേ ഇത്രയും വിഷമിച്ചതു. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി ഞങ്ങൾ നിന്നെ വിടില്ല. അല്ല നിന്റെ കല്യാണം കഴിഞ്ഞോ, കുട്ടികളൊക്കെ ആയിട്ടുണ്ടാവൂലെ അമ്മൂമ്മ എന്ന് വിളി കേൾക്കാൻ കൊത്തിയവണ്ട്. നിന്റെ ഭാര്യയുടെ പേര് എന്താണാവോ ? അവൾക്കു നെയ്യപ്പം ഒക്കെ ഇഷ്ടാവോ എന്തോ?" ജാനകിയുടെ മനസ്സിൽ അവൾ ഉണ്ണിയോട് മിണ്ടിയും പറഞ്ഞുമാണ് നെയ്യപ്പം തയാറാക്കുന്നത്. " എന്താ ജാനു നീ ഒറ്റയ്ക്ക് ഇങ്ങനെ സംസാരിക്കണേ"  കുളിച്ചു പൂജ കഴിഞ്ഞു താനിന്നുവരെ  പ്രാർത്ഥിച്ച ദൈവങ്ങളോട് നന്ദി പറഞ്ഞു രാമൻ വന്നു. നെയ്യപ്പത്തിന്റെ ഒരു മൊരിഞ്ഞ കഷ്ണം എടുക്കാൻ നോക്കുന്നതിന്റെ ഇടയിൽ ജാനകി കയ്യിൽ തട്ടി പറഞ്ഞു " എന്താ കാണിക്കണെ എന്റെ ഉണ്ണിക്കുള്ളതാ അത്. അവനു ഇതൊന്നും അവിടെ കിട്ടിയുണ്ടാകില്ല" രാമൻ ജാനുവിന്റെ മുഖത്തു നോക്കി പറഞ്ഞു  " ജാനു, .. ഒരുപാട് സന്തോഷം മനസിൽ ഉണ്ണി വരുന്നതുകൊണ്ട് മാത്രമല്ല നിന്റെ മുഖം കുറെ കാലങ്ങൾക്കു ശേഷം ഒന്ന് തെളിഞ്ഞു കണ്ടതിൽ. നമ്മൾ ഇത്രയും സന്തോഷിച്ചിട്ടു എത്ര കാലം ആയടോ. മക്കളുടെ നന്മക്കു വേണ്ടി ഓരോന്ന് പറയുമ്പോഴും ചിലപ്പോൾ നമ്മൾ  അവരുടെ ഹൃദയം കാണാൻ മറക്കും, അവരുടെ ഇഷ്ടങ്ങൾ അറിയാൻ മറക്കും . അത് ഒരുതരം സ്വാർത്ഥ സ്നേഹമുള്ളതുകൊണ്ടാണ് . ഏതൊരു അച്ഛന്റെയും അമ്മയുടെയും പോലെ തന്നെ നമ്മൾ അവനോടു അന്ന് പറഞ്ഞത്, പക്ഷെ നമ്മുടെ മോഹങ്ങളേക്കാൾ അവന്റെ ആഗ്രഹങ്ങൾക്ക് നാം പ്രാധാന്യം നൽകണമാർന്നു."  ജാനു രാമനെ ആശ്വസിപ്പിച്ചു   പറഞ്ഞു " എന്താ രാമേട്ടാ ഇത്,  കഴിഞ്ഞത് കഴിഞ്ഞില്ലേ, ഇപ്പൊ അവൻ തിരിച്ചു വരാൻ പോകുകയല്ലേ." " എങ്ങനെയാ വരണേ എന്നൊന്നും അതിൽ എഴുതിട്ടില്ലല്ലോ പഞ്ചാബിൽ നിന്നും ട്രെയിനിൽ ആണോ , അതോ അവൻ വണ്ടി ഓടിച്ചു വരികയാണോ ഒന്നും പറഞ്ഞിട്ടില്ല. കൊറോണ വൈറസ് ഒക്കെ ഉള്ള സമയമല്ലേ , ആപത്തൊന്നും ഇല്ലാതെ വന്ന മതിയാർന്നു."   വന്നു കഴിഞ്ഞ 14  ദിവസം ക്വാറന്റൈൻ ആണ് എന്നാണ് കേട്ടത് സേതു പറഞ്ഞതാ, ഇപ്പൊ അങ്ങനെയൊക്കെ ആണെന്ന് . നമ്മുക്ക് ചായ്പ്പിലേക്കു മാറാം അവൻ ഇവിടെ താമസിക്കട്ടെ."

 

"രാമേട്ടാ, രാമേട്ടാ" പുറത്തു നിന്നും ആരോ  വിളിക്കുന്നു. രാമൻ " അല്ല സേതുന്റെ ശബ്ദം അല്ലെ അത്. നൂറു ആയസാ ആ തോന്യവാസിക്ക്." ഇതും പറഞ്ഞു വീടിന്റെ പൂമുഖത്തേക്കു രാമൻ ചെല്ലുന്നു. സേതു " രാമേട്ടാ, അല്ല മുഖം ഒക്കെ കാണാൻ ഇപ്പൊ നല്ല ഐശ്വര്യം ഉണ്ടല്ലോ. പെയ്‌തു തോർന്ന ആകാശം പോലെ" രാമൻ " എങ്ങനെ തെളിയാതിരിക്കും ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളൊക്കെ നടക്കല്ലേ". രാമേട്ടൻ സേതുവുമായി തിണ്ണയിൽ ഇരുന്നു തന്റെ സന്തോഷം പങ്കു വയ്ക്കുന്നുണ്ടെങ്കിലും കണ്ണ് അപ്പോഴും  ദൂരെയിലേക്കാണ് ആ വരവും കാത്തു. 

 

അതാ പെട്ടന്ന് ഒരു വണ്ടിയുടെ വരവ് രാമൻ ചാടിയെഴുന്നേറ്റു " ജാനു ജാനു വായോ ദേ അവൻ എത്തി " സേതുവും എഴുനേറ്റു നോക്കി പക്ഷെ മുഖം അത്ര തെളിഞ്ഞില്ല , സേതു ചോദിച്ചു " അല്ല രാമേട്ടാ ഇതെന്താ ആംബുലൻസ് " രാമേട്ടൻ തെല്ലൊന്നു സ്തബ്തനായി " കൊറോണ ഒക്കെ അല്ലെ, പുറത്തു നിന്നും വരുന്നതല്ലേ സർക്കാരിന്റെ ഓരോ ചടങ്ങുകളായിരിക്കും." ജാനകി പൂമുഖത്തേക്കു ഓടി എത്തി . വണ്ടി മുറ്റത്തേക്കു കടന്നു ആ നാല് കണ്ണുകളും പ്രശോഭിതമായി  കാത്തിരിപ്പിനു അന്ത്യം വരാൻ  പോകുന്ന സന്തോഷം . ആംബുലൻസ് മാവിൻചോട്ടിൽ നിർത്തി ഉള്ളിൽ നിന്നും എന്തൊക്കെയോ വലിയ കുപ്പായം ധരിച്ചു ഒരാൾ ഇറങ്ങി വരുന്നു. ജാനകി ഉള്ളിലെ സന്തോഷകടൽ പൊട്ടി ഒഴുക്കി വിളിച്ചു "ഉണ്ണ്യേ ". നടന്നു വരുന്ന ആളുടെ മുഖഭാവം കാണാൻ പറ്റില്ലാലോ എല്ലാം മറച്ചിരിക്കുകയല്ലേ. മനുഷ്യന്റെ ഭാവപ്രകടനം ഇപ്പോൾ മനസ്സിൽ ആക്കാൻ ബുദ്ധിമുട്ടല്ലേ . കൊറോണ എല്ലാത്തിനും ഒരു മറ സൃഷ്ടിച്ചല്ലോ. രാമൻ സൂക്ഷിച്ചു നോക്കിയപ്പോൾ ആ മനുഷ്യന്റെ കയ്യിൽ എന്തോ ഉണ്ട്. അയ്യാളുടെ മുഖത്തേക്ക് വീണ്ടും നോക്കി അല്ല ഇത് ഉണ്ണി അല്ല എന്ന് അയ്യാൾ തിരിച്ചറിഞ്ഞു. അയാളുടെ കൈയിൽ ഒരു ചെറിയ കുടം. അത് ചുവപ്പു തുണിയിൽ  പൊതിഞ്ഞിരിക്കുന്നു. ആ മനുഷ്യൻ ആ കുടം രാമന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു ഉണ്ണികൃഷ്ണന്റെ ഭസ്മമമാണ് , കൊറോണ മൂലം ഗുജറാത്തിൽ വച്ച് മരണമടഞ്ഞു ശരീരം കൊണ്ട് വരാൻ സാധിക്കാത്തതുകൊണ്ടു ദഹിപ്പിച്ചു. ഉണ്ണിയുടെ പഴ്സിൽ  നിന്നുമാണ് അഡ്രസ് കിട്ടിയത്. നാട്ടിലേക്കു വരൻ ഒരുങ്ങുന്നതിന്റെ ഇടയിൽ നടത്തിയ ടെസ്റ്റിൽ ആണ് കണ്ടു പിടിച്ചത്. ന്യൂമോണിയ ആയി മാറി ഒന്നും ചെയ്യാൻ പറ്റിയില്ല. ആ ചിതാഭസ്മം നെഞ്ചോടു ചേർത്ത് രാമൻ അവിടെ ഇരുന്നു , കാലമിത്രയും കണ്ണുനീര് ഒഴികയ്‌തുകൊണ്ടു അത് വറ്റിയിരിക്കുന്നു. പക്ഷെ പുറകിൽ നിന്നും ആ വിളി ദുഃഖഭാരത്താൽ കനത്തു "ഉണ്ണ്യേ" എങ്ങും നിശബ്ദം. അപ്പോഴും അടുപ്പിൽ ഉണ്ണിയേയും കാത്തു പാതി വെന്ത നെയ്യപ്പം ഉണ്ടാർന്നു.

                                                                                                                   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com