ADVERTISEMENT

മിന്നാമിനുങ്ങേ ഇത്തിരിപ്പൊന്നേ (കഥ)

 

1. അഞ്ചു സിയുടെ ആ ക്ലാസ്സ് മുറി ഞാൻ വിലയ്ക്കു വാങ്ങിയെന്നറിഞ്ഞപ്പോൾ പലരുമെന്നെ കളിയാക്കി. എനിക്കു ഭ്രാന്താണെന്നും ഞാൻ കഞ്ചാവാണെന്നുംവരെ പറഞ്ഞു. നിർമ്മലയൊഴിച്ച്. കാരണം ഞാനോർമ്മകളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഒരുപക്ഷേ അതറിയാവുന്ന, എന്നെ മനസ്സിലാക്കുന്ന ഒരേയൊരാൾ അവളാണ്. ഒരുദിവസം അടിച്ചുവാരാൻ മുറിയിൽ കയറിയപ്പോൾ കട്ടിലിന്റെ തലയ്ക്കൽ, ക്രാസിയിൽ രണ്ടു പൂക്കൾക്കുനടുവിൽ ‘ആയിഷ’ എന്നു കോമ്പസുകൊണ്ടു കുത്തിവരഞ്ഞു വെച്ചിരിക്കുന്നതവൾ കണ്ടു. സാധാരണഗതിയിൽ ആരായാലും തെറ്റിദ്ധരിക്കേണ്ടതാണ്. കുടുംബകലഹത്തിലേക്കു വഴിതെളിക്കാൻ വേറൊന്നും വേണ്ടല്ലോ. എന്നാൽ നിർമ്മല അതിനെക്കുറിച്ച് എന്നോടൊരക്ഷരംപോലും സംസാരിച്ചില്ല. ആയിഷ ഞാൻ പഠിച്ച എൽപി സ്കൂളിന്റെ പേരാണെന്നവൾക്കറിയാമായിരുന്നു. ഞങ്ങളുടെ മോനിപ്പോൾ ആയിഷയിലാണു പഠിക്കുന്നത്.

 

ഞങ്ങളുടെ കിടപ്പുമുറിയിലെ കബോർഡിൽ അധികം അലങ്കാരങ്ങളൊന്നുമില്ല. താഴത്തെ തട്ടിൽ ഒന്നുമുതൽ പത്തുവരെ ഞാൻ പഠിച്ച എല്ലാക്ലാസ്സിലെയും മലയാളത്തിന്റെ പുസ്തകങ്ങൾ വൃത്തിയായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. (കഴിഞ്ഞദിവസമാണ് അതിലൊന്നിന്റെയുള്ളിൽ നിന്നുമൊരു മയിൽപ്പീലിയെ ഞാൻ കണ്ടെടുത്തത്. ഇപ്പോഴും പെറ്റിട്ടില്ല. മച്ചി!) നടുവിലെ വൃത്താകൃതിയിലുള്ള അറയിൽ നാലാംക്ലാസ്സിൽവെച്ച് ആദ്യകുർബാനസ്വീകരണം നടത്തിയപ്പോൾ ലഭിച്ച തിരുമുടിയും കൈക്കൊന്തയും ബൈബിളിന്റെ പുതിയനിയമവും വെച്ചിരിക്കുന്നു. ഏറ്റവും മുകളിലെ മൂന്നറകൾ അത്യാവശ്യം വലിപ്പമുള്ളവയാണ്. അവയിൽ വേദപാഠക്ലാസ്സുകളിൽവെച്ചു നടത്തിയ 'ക്രിസ്മസ്ഫ്രണ്ടിന്' എനിക്കു ലഭിച്ച സമ്മാനങ്ങൾ ഭംഗിയായി അടുങ്ങിയിരുന്നു. കഴിഞ്ഞദിവസം അതിലൊരു കപ്പും സോസറും അബദ്ധത്തിൽ കൈതട്ടി താഴെവീഴുകയും അതിലെ കപ്പിന്റെ സ്ഫടികപ്പിടി പൊട്ടിപ്പോവുകയും ചെയ്തു. എന്തു കഷ്ടമണല്ലേ. ഈ കപ്പ് ആറാംക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സ്മേറ്റ് ജീസണെനിക്കു സമ്മാനമായിത്തന്നതാണ്. ചില രാത്രികളിൽ ലൈറ്റണഞ്ഞു കഴിയുമ്പോൾ ഉറക്കത്തിന്റെ ആദ്യപടവുകളിൽ ഞാൻ മനോഹരമായ ഒരു സ്വപ്നത്തിൽ മുഴുകാറുണ്ട്. സ്വപ്നത്തിൽ എട്ടാം ക്ലാസ്സിൽവെച്ച് എന്റെ കൂട്ടുകാരി ജോമോളെനിക്കു സമ്മാനിച്ച ചിറകുകളുള്ള കരടിയുടെ പാവകുട്ടി മുറിയിലൂടെ പറന്നുനടന്നു. ഇരുട്ടിലതിന്റെ നീലനിറമുള്ള കണ്ണുകൾ രണ്ടു കുഞ്ഞു മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങി. അപ്പോഴെനിക്കു ഞാൻ തീരെ ചെറുതായിരുന്നപ്പോൾ അമ്മ പാടിത്തന്നിരുന്ന ഒരു പാട്ടോർമ്മ വന്നു.

 

"മിന്നാമിന്നീ ഇത്തിരിപ്പൊന്നേ... മിന്നണതെല്ലാം പൊന്നല്ല. കണ്ണാംതുമ്പീ കാഞ്ചനത്തുമ്പീ കാതിൽ കേട്ടതു പാട്ടല്ല.." ഞാൻ പതിയെ പാടി. നീലനിറമുള്ള സാരിയും അതിന്റെ മൂഞ്ചാണിയിലെ കുട്ടിക്കൂറപൗഡറിന്റെ മണവും മൂക്കിലേക്കടിച്ചു കയറുന്നു. സ്നേഹത്തിൽ പൊതിഞ്ഞ ഓർമ്മകളുടെ- ബാർസോപ്പിന്റെ കടുത്തഗന്ധം മുറിയിൽ നിറയുന്നതു പോലെ. അറിയാതെ കണ്ണുകൾ നിറഞ്ഞു. അമ്മ അപ്പനോടൊപ്പം മേഘങ്ങളിൽ താമസിക്കാൻ പോയിട്ടു രണ്ടുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

 

എന്റെ മോൻ നാലാംക്ലാസ്സുകാരൻ നന്നായി പടം വരയ്ക്കും. ഒരിക്കലവനെന്നെ 'ആറ്' എന്ന അക്കത്തിൽനിന്നും വരച്ചെടുത്തയൊരു മയിലിനെ കാണിച്ചിട്ടു ചോദിച്ചു.

 

"എങ്ങനെയുണ്ട് പപ്പാ.."

 

"കൊള്ളാം നന്നായിരിക്കുന്നു. ഔട്ട്‌ സ്റ്റാൻഡിങ്." ഞാനവന്റെ തോളിൽ തട്ടി.

 

"പപ്പായ്ക്കറിയാമോ എന്റെ ക്ലാസ്സ്മുറിയിൽ നിറയെ ചിത്രങ്ങളാ.."

 

"ങാഹാ.. അതു കൊള്ളാലോ.. എന്തൊക്കെയുണ്ട്? പറ കേക്കട്ടെ."

 

"വെള്ളം കുടിക്കുന്ന ഒരു മാൻകുട്ടിയുടെ. ക്യാരറ്റു തിന്നുന്ന മുയൽകുട്ടൻമാരുടെ... പിന്നെ ആകാശത്തിലൂടെ പറക്കുന്ന ഒൻപതു കാക്കച്ചികൾ. അല്ല അല്ലാ.. അവർ പതിനൊന്നു പേരുണ്ട്." കാക്കകളുടെയെണ്ണം അവനെ കൺഫ്യൂഷനിലാക്കി. അവൻ വിരലിലെണ്ണാൻ തുടങ്ങി. അവനെ ഈ കൊല്ലം അഞ്ചാംക്ലാസ്സിൽ ചേർക്കണം. ആയിഷയിൽ അപ്പർപ്രൈമറിയില്ല.

 

സെന്റ് സെബാസ്റ്റ്യാനോസിന്റെ നാമധേയത്തിലുള്ള വെളിമാനംസ്കൂൾ.

സ്‌കൂളിപ്പോൾ പുതിയ കെട്ടിടത്തിലാണ്. നീലനിറമുള്ള മൂന്നുനിലകളിലായി ഹൈടെക് ക്ലാസ്സ്മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അവിടെ നിന്നപ്പോഴാണു കുറച്ചുമാറി പഴയ സ്കൂൾക്കെട്ടിടം പാതി പൊളിച്ച നിലയിൽ കണ്ടത്. ഇനിയൊരു ചെറിയ ലൈൻ കൂടിയേ പൊളിച്ചു നീക്കാനുള്ളൂ. എന്റെ പഴയ അഞ്ചാംക്ലാസ്സും അരിഗോഡൗണും കുടുസ്സുമുറിയും ചേർന്നയൊരു ബിൽഡിംഗ്. അഡ്മിഷനുശേഷം പതിയെ അങ്ങോട്ടു നടന്നു. പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ അടിത്തറയിൽ സിമന്റു വിണ്ടുകീറിയ ഇടങ്ങളിൽ തൊട്ടാവാടികൾ കൂട്ടമായി പൂവിട്ടു നിന്നു.  അവയ്ക്കിടയിലെന്തോ കിടക്കുന്നതു കണ്ട് സൂക്ഷിച്ചുനോക്കി. അതൊരു പന്തായിരുന്നു. ചുവന്നനിറമുള്ളയൊരു റബ്ബർപ്പന്ത്. പച്ചപ്പായൽ പിടിച്ചു കയറി വഴുക്കുന്ന കൂറ്റൻ സ്റ്റെപ്പുകളിലൂടെ ചരൽവിരിച്ച മുറ്റത്തേക്കിറങ്ങി നടന്നു.

 

 

2. മാറാല കെട്ടിയ പൊടി പിടിച്ച ആ പഴയ ക്ലാസ്സ്മുറി എനിക്കൊരുപാടുനാളത്തെ മാനസ്സികപ്രയാസമാണു സമ്മാനിച്ചത്. ഒരുപക്ഷേ ആ കാഴ്ച കണ്ടില്ലായിരുന്നുവെങ്കിൽ എന്നിലിത്രമാത്രം വേദന കുമിഞ്ഞു കൂടില്ലായിരുന്നു. അന്നുവൈകുന്നേരം മോനു വാങ്ങിയ ബുക്കുകൾക്കൊന്നിൽനിന്നും വരയിടാത്തയൊരു താളു പിഴുതെടുത്തു ഞാനാ ക്ലാസ്സ്മുറി വരയ്ക്കുവാൻ തുടങ്ങി. അതിന്റെ പഴയ രൂപം. മിനുസമുള്ള തടിഡെസ്ക്കുകൾ, മേശവിരിയുടെ തുഞ്ചത്തു തൂങ്ങിയാടുന്ന മുന്തിരിക്കുലകൾ. മഞ്ഞനിറമുള്ള ഭിത്തികൾ, ചെമ്പരത്തിയുടെ ഇതളുകൾ തേച്ചുരച്ചു നിറം പിടിപ്പിച്ച ബ്ലാക്ക്ബോർഡ്. ആണിയിൽ തൂങ്ങുന്ന റോസ്നിറമുള്ള ഡെസ്റ്റർ...  ഓർമ്മകൾക്കൊണ്ടു മനം നിറഞ്ഞു. പക്ഷേ ഞാൻ വരച്ചത് ഒരു ജെസിബിയാണ്. അതിന്റെ കറുത്തനിറം പൂശിയ കൈകൾ ഒരു പൂമൊട്ടിനുനേരെ നീളുകയാണ്. 

 

എന്റെ സമാധാനം നഷ്ടമായി. ജോലി ചെയ്യുമ്പോഴും വീട്ടിലായിരിക്കുമ്പോഴും ആ ക്ലാസ്സ്മുറിയെന്നെ വിടാതെ പിന്തുടർന്നു.  ഒടുവിൽ രണ്ടുംകല്പിച്ച് ഒരുദിവസം ജോലി കഴിഞ്ഞു വരുന്ന വഴി പള്ളിമുറിയിൽ കയറി.

 

"സീ മിസ്റ്റർ മാർട്ടിൻ. സ്കൂളിപ്പോൾ നല്ല രീതിയിലാണു പ്രവർത്തിക്കുന്നത്. താങ്കൾ കണ്ടു കാണുമല്ലോ.. ഹൈടെക് ക്ലാസ്സ്മുറികൾ. എ. സി. പിന്നെയാ പഴയ കെട്ടിടം. അതുടനെ പൊളിച്ചു നീക്കും. കുട്ടികൾക്കു ഷട്ടിൽകോർട്ട്, പിന്നെ ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്..."

 

ഞാൻ വീണ്ടുമാ ജെസിബിയെ സ്വപ്നം കാണുന്നു. പുതിയ സ്കൂൾ മാനേജർ. അദ്ദേഹം വാക്കുകൾക്കായി പരതുകയാണ്. അല്ലെങ്കിലും പൂർവ്വവിദ്യാർത്ഥിയാണെന്നും പഴയ സ്കൂളിലെ ബാക്കിയായ പ്രേതഭവനം പോലെയുള്ളയൊരു ക്ലാസ്സ്മുറി പൊളിച്ചു നീക്കരുതെന്നും വന്നു പറയുന്നയൊരു ചെറുപ്പക്കാരനോടു പുള്ളിയെന്തു പറയാൻ. വട്ടാണല്ലേ എന്നു കിലുക്കത്തിലെ മോഹൻലാലിനെ ഓർമ്മിപ്പിച്ചുകൊണ്ടു ചോദിക്കാതിരുന്നത് എന്റെ മുഖത്തെ സീരിയസ്നെസ്സ് കണ്ടിട്ടായിരിക്കാം. എങ്കിലും ഇടയ്ക്കദ്ദേഹം മൂക്കുവിടർത്തുന്നതു കണ്ടപ്പോഴെനിക്കു ചിരി വന്നു. ഇതു മദ്യലഹരിയല്ല പ്രിയ ഫാദർ.

 

"പ്ലീസ് ഫാദർ. ആ ക്ലാസ്സ്മുറി..  അതു പൊളിച്ചു നീക്കരുത്. പ്ലേ ഗ്രൗണ്ടു നിർമ്മിക്കാൻ വേറെയും ധാരാളം സ്ഥലമുണ്ടല്ലോ. പിന്നെ പഴയസ്കൂളിന്റെ വലിയ ഗ്രൗണ്ടും. ആ മൂന്നു മുറികളുള്ള ബിൽഡിംഗ് റിപ്പെയർ ചെയ്തെടുക്കാം. അതിന്റെ ഫണ്ട് എത്രയാണെങ്കിലും ഞാൻ വഹിച്ചുകൊള്ളാം. അറ്റ്ലീസ്റ്റ് ആ ക്ലാസ്സ്മുറിയെങ്കിലും. കുട്ടികൾക്കൊരു റെസ്റ്റിംഗ് റൂം.. അല്ലെങ്കിൽ ലൈബ്രറി. നമുക്കതൊരു പബ്ലിക് ലൈബ്രറിയാക്കിക്കൂടേ?"

 

പുസ്തകങ്ങളുടെയാ ചൂണ്ടയിൽ അച്ചൻ കൊത്തുമെന്ന് എനിക്കുറപ്പായിരുന്നു. ഇളംറോസ്നിറമുള്ള മുറിയുടെ ഭിത്തിയിൽ  മുട്ടുകുത്തി പ്രാർത്ഥിക്കുന്ന യേശുവിന്റെ ചിത്രം. ആ ചുണ്ടിലൊരു ചിരി വിരിഞ്ഞുവോ?

 

"വളരെ നല്ല ആശയമാണു മാർട്ടിൻ പറയുന്നത്. പക്ഷേ എനിക്കൊന്നാലോചിക്കണം." ഒട്ടൊരു നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അച്ചൻ പറഞ്ഞു. പള്ളിമുറിയിൽനിന്നും ഇറങ്ങിനടക്കുമ്പോൾ ഞാൻ അകാരണമായൊരു സന്തോഷത്തിലായിരുന്നു. ഒരായിരം പൂമ്പാറ്റകൾ നെഞ്ചിൽ ചിറകടിക്കുകയാണ്. മനസ്സൊരു അഞ്ചാംക്ലാസ്സുകാരന്റെ കുപ്പായമെടുത്തണിഞ്ഞതു പോലെ.

 

3. അച്ചൻ എന്നെ വിളിക്കുമെന്നെനിക്കുറപ്പായിരുന്നു. സത്യം പറഞ്ഞാൽ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഞാനാ ഉറപ്പിനെയങ്ങ് എടുത്തണിയുകയായിരുന്നു. എന്റെ ജീവിതം ആരോ വഴിയിലുപേക്ഷിച്ചു പോയ മിട്ടായിക്കടലാസുപോലെ കൂടുതൽ തിളക്കമുള്ളതായി. എല്ലാത്തിലും ഒരു ഉത്സാഹം കൈവന്നു.

കൃത്യം മൂന്നാംനാൾ എനിക്കച്ചന്റെ കോൾ വന്നു.

 

"നമുക്കതൊരു ലൈബ്രറിയാക്കാം. പക്ഷേ.."

 

ആ പക്ഷേയെന്താണെന്ന് എനിക്കു നന്നായി അറിയാമായിരുന്നു. ഒരു വൈകുന്നേരം ഓഫീസ് കഴിഞ്ഞിറങ്ങിയ ഞാൻ പുസ്തകങ്ങൾ വിൽക്കുന്നയൊരു ബുക്ക്‌സ്റ്റാൾ ലക്ഷ്യമാക്കി നടന്നു. അങ്ങനെ ബുക്ക്‌സ്റ്റാളെന്നൊന്നും പറയാൻ കഴിയില്ല. ബസ്സ്സ്റ്റോപ്പിന്റെ വെളിച്ചം കുറഞ്ഞ മൂലയിൽ മൂത്രഗന്ധം മണക്കുന്ന കമ്മ്യൂണിസ്റ്റുപച്ചകളോടു ചേർന്നൊരു ഇരുണ്ട മുറി. ആരെയോ തേടുന്നപോലെ അലമാരയിൽ ക്രമരഹിതമായി ചിതറിക്കിടക്കുന്ന അക്ഷരങ്ങൾ. അവയ്ക്കു കീഴിൽ മുനിഞ്ഞു കത്തുന്നയൊരു സീറോവാൾട്ടിന്റെ ചുവട്ടിൽ കടക്കാരൻ മയങ്ങിക്കിടന്നു. കിഴവൻ എന്റെയൊരു പരിചയക്കാരൻ കൂടിയാണ്. കുട്ടികൾക്കു പറ്റിയ പുസ്തകങ്ങൾ. ഒപ്പം നിറം കൊടുക്കാൻ പറ്റിയ അക്ഷരങ്ങളും അക്കങ്ങളും പടങ്ങളും നിറഞ്ഞവ. ഒരു പത്തുവയസ്സുകാരൻ വീട്ടിലുള്ളതുകൊണ്ട് എനിക്കു സെലക്ഷന്റെ കാര്യത്തിൽ  സംശയങ്ങളൊന്നും വന്നില്ല.  പുസ്തകങ്ങളുടെ വലിയൊരു കെട്ടുകൊണ്ടു കാറിന്റെ ഡിക്കിയും ബാക്സീറ്റും നിറഞ്ഞു.

 

അന്നുതന്നെ എന്റെ പരിചയത്തിലുള്ള ഒരു പെയിന്ററെ വിളിച്ചാ ക്ലാസ്സ്മുറി പുതുക്കാൻ കരാറേൽപ്പിച്ചു. 

"ഏതു നിറം വേണം സാർ?"

ഞാൻ ആലോചിക്കുകയായിരുന്നു. മറവിയുടെ പുഴുക്കുത്തിൽ ഓർമ്മയുടെ അടരുകൾ അടയാളപ്പെടുത്തിയ ആ പഴയ താളുകൾ.

 

വീട്ടിലുമുണ്ടായിരുന്നു കുറേ പുസ്തകങ്ങൾ. ചില്ലലമാരയിൽ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ പോലെ പുറംചട്ട കീറിയ ചിലവയെ തട്ടിക്കുടയുന്നതിനിടയിൽ എന്റെ കൈകളിലേക്കു രണ്ടു ബാലരമകൾ കൂടി ചാടിക്കയറി.

 

ഓഫീസിൽ തിരക്കുകളുണ്ടായിരുന്നതിനാൽ എനിക്കു പിന്നെയാ ദിവസങ്ങളിൽ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. എങ്കിലും എന്റെയൊരു പരിചയക്കാരൻ വഴി ഞാൻ പുസ്തകങ്ങൾ സ്കൂളിലെത്തിച്ചിരുന്നു. രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു പെയിന്ററുടെ മെസ്സേജു വന്നു. Work finished എന്ന ടൈപ്പിന്റെ കൂടെ ആ ക്ലാസ്സ്മുറിയുടെ പുതിയ രൂപവും അയാളെനിക്കയച്ചു തന്നു. മഞ്ഞ പെയിന്റടിച്ചു വൃത്തിയാക്കിയ ചുമരുകൾ.  കറുത്ത പെയിന്റിൽ തിളങ്ങുന്ന ബ്ലാക്ക്ബോർഡ്. നീലനിറമുള്ള സ്വപ്നംപോലെ അടുങ്ങികിടക്കുന്ന ബെഞ്ചുകളും ഡെസ്ക്കുകളും. ഭിത്തിയിലെ കബോർഡിൽ അടുങ്ങിയിരിക്കുന്ന പുസ്തകങ്ങൾ. എന്റെ മനസ്സു നിറഞ്ഞു. ഒരു തംപ്സപ്പ് മെസ്സേജയച്ചു ഞാനയാളുടെ ബാക്കി എമൗണ്ട് ജി.പെ ചെയ്തു കൊടുത്തു.

 

ഉച്ചകഴിഞ്ഞുള്ള ഓഫീസ്ടൈമിൽ എന്റെ മനസ്സു പണ്ടത്തെ ജോൺസൺമാഷിന്റെ സാമൂഹ്യപാഠം ക്ലാസ്സുകളിലെപ്പോലെ ദൂരങ്ങളിലേക്കു പറക്കുകയായിരുന്നു. ക്ലാസ്സിൽ കുരുത്തക്കേടു കാണിച്ചതിനു കുറച്ചുപേരെ കൈപൊക്കി  നിർത്തിയിരിക്കുന്ന സിൽവിടീച്ചർ. കൂട്ടത്തിലുള്ള എന്റെ പത്തുവിരലുകളിലും തിളങ്ങുന്ന സ്വർണ്ണമോതിരങ്ങൾ കണ്ടമ്പരക്കുന്ന ടീച്ചർ പേരും വീട്ടുപേരും ചോദിക്കുന്നു. ഒരു ക്ലാസ്സ്മുറിയുടെ മുഴുവൻ കൗതുകങ്ങൾക്കുമേൽ ആരുമറിയാത്ത എന്റെ പൂർവ്വചരിത്രം വെളിപ്പെടുകയാണ്. കർണ്ണാടകയിലെ ഏക്കറു കണക്കിനുള്ള എന്റെ ജമന്തിപ്പാടങ്ങൾ പെൺകുട്ടികളുടെ കണ്ണുകളിലേക്കു മഞ്ഞസ്വപ്നങ്ങളായി പൂത്തിറങ്ങി. എന്നെ ഭാവിഭർത്താവായി കിട്ടാൻ അവർ പരസ്പരം പോരു തുടങ്ങി. മനോഹരമായ സ്വപ്നത്തിനിടയിൽ സിൽവിടീച്ചറുടെ ചോക്കറു കിട്ടിയിട്ടെന്നപോലെ ഞെട്ടിയുണർന്നു ഞാൻ ക്ലോക്കിലേക്കു നോക്കി.

 

4. സ്കൂളിലെത്തിയപ്പോൾ രാത്രിയായിരുന്നു. പഴയ സ്കൂളിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതിന്റെ താഴിനു മുകളിൽ ഇരുട്ടിന്റെ മക്കൾ കറുത്തു കിടന്നു. പുതിയ സ്കൂൾ കെട്ടിടത്തിനു മുൻപിൽ കാറൊതുക്കി ഞാനാ ക്ലാസ്സ്മുറി ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ തൊട്ടാവാടിക്കൂട്ടങ്ങൾക്കിടയിൽ ഏതോ ഓർമ്മയെ പരതുന്നതു പോലെ കൈയിട്ടു ചുവന്ന റബ്ബർപ്പന്തിനെ കൈക്കലാക്കി.

 

ക്ലാസ്സ്മുറിയിൽ നേർത്ത നിലാവുണ്ടായിരുന്നു. പഴകിയ മരജനലഴികളിൽക്കൂടി നിലാവു പെറ്റ കുഞ്ഞുങ്ങൾ മഞ്ഞഭിത്തിയിൽ തട്ടിച്ചിതറി. ഓരോ ബെഞ്ചുകളും ഓരോ ഓർമ്മയുടെ ബാക്കിപത്രങ്ങളാണ്.

ഇവിടെ.. ഈ മുൻപിൽ നിന്നുള്ള മൂന്നാമത്തെ ബെഞ്ചിൽ ഭിത്തിയുടെ സൈഡിൽ നിന്നും രണ്ടാമതായിരുന്നു ഞാൻ ഇരുന്നിരുന്നത്. അരികിൽ ഭിത്തിയിൽ ചാരി എന്റെ കൂട്ടുകാരൻ ജോമിൻ. തൊട്ടു മുൻപിലെ ബെഞ്ചിൽ അനീഷും അഭിനന്ദും. ജിസ്പിനും. പിന്നെ? വലതു വശത്ത്... എന്റെ വലതു വശത്താരായിരുന്നു?

 

ക്ലാസ്സ്റൂമിന് എന്തൊക്കെയോ കുറവുകളുണ്ടെന്ന് എനിക്കു തോന്നി. ഒരു മേശവിരി വേണം. പച്ചനിറത്തിലുള്ള ഒരെണ്ണം. അതു നാളെ വാങ്ങാം. അറ്റത്തു മുന്തിരിക്കുലയുള്ളത്. പിന്നെയൊരു ടെസ്റ്റർ. 'ടെസ്റ്ററില്ലേ ഈ ക്ലാസ്സിൽ?' മനസ്സു സിൽവി ടീച്ചറുടെ സ്വരത്തിൽ ദേഷ്യപ്പെടുന്നു. ടെസ്റ്റർ, ഒരു ചൂരൽ, കലണ്ടർ, ചോക്കു കഷ്ണങ്ങൾ, അടിച്ചുവാരി, ചൂൽ, വേസ്റ്റു ബാസ്ക്കറ്റ്..

ഹോ ഇനിയും കുറേ സാധനങ്ങൾ വേണല്ലോ. ഞാൻ തലകുടഞ്ഞു.  

 

നിലാവിന്റെയലകൾ കാബോർഡിലേക്കു നുഴഞ്ഞു കയറുന്നു. കൈനീട്ടിയൊരു പുസ്തകം വലിച്ചെടുത്തു. അതൊരു ബാലരമയായിരുന്നു. അതു വായിച്ചു കൊണ്ടിരിക്കേ എനിക്കു വീണ്ടുമാ പാട്ടോർമ്മ വന്നു.

 

"മിന്നാമിന്നീ ഇത്തിരിപ്പൊന്നേ.. മിന്നണതെല്ലാം പൊന്നല്ല. കണ്ണാം തുമ്പീ.. കാഞ്ചനത്തുമ്പീ.. കാതിൽ കേട്ടതു പാട്ടല്ല.

ഒന്നാമത്തെ തോണീലേറി പൊന്നാരമ്പിളി വന്നിറങ്ങുമ്പോൾ തന്നീടാമൊരു പൊന്നോല.. തന്നീടാമൊരു പൊന്നോല."

ഞാൻ പതിയെ പാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com