നിനവുകൾ (കഥ)
മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിക്കുന്ന ഒരു തേൻ തുള്ളിയാണ് പ്രണയം എന്നാണ് എന്റെ സങ്കൽപം. ഇടക്കെല്ലാം വിരൽതുമ്പ് അതിലൊന്നു മുക്കി നാവിൻ തുമ്പിൽ വെച്ച് അലിയിച്ചെടുക്കണം. പിന്നെ... മെല്ലെ മെല്ലെ നുണഞ്ഞിറങ്ങണം...
എന്നാലോ ഇതിനൊന്നും കഴിയാതെ പോയ ഒരു പ്രണയത്തിന്റെ അസഹിഷ്ണുതയാണ് എന്റെ നിനവുകളിൽ...
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ഇൻലൻഡ് പ്രേമലേഖനം അച്ഛന്റെ കൈയ്യിൽ കിട്ടുന്നത്. ഈശ്വരാ പ്രേമലേഖനം പോയിട്ട് ഒരു പ്രണയകടാക്ഷം പോലും കൈമാറാനുള്ള അവകാശമില്ലാത്ത കാലം. വെറുമൊരു കുട്ടിക്കാലം.
അച്ഛന്റെ കണ്ണുകൾ ചുവന്നു കൈയിലിരുന്നു കത്ത് വിറച്ചു തുള്ളി...
"മോളെ..."
ആ വിളികേട്ട് ഞാനും തുള്ളി വിറച്ചു...
"ഈ കത്ത് ആരുടേതാടി "
ഹെന്ത്! എന്നെ അച്ഛൻ എടീന്ന് വിളിക്കുന്നു... ഇത് വരെ ഇങ്ങനെ ഒരു വിളി കേട്ടിട്ടില്ല. വിറക്കുന്ന കൈകളാൽ ഞാൻ കത്ത് വാങ്ങി നോക്കി.
"ഹെന്തായിത്?"
ഒരു പ്രേമലേഖനം
ഇതാരുചെയ്തു ഈ കൊലച്ചതി ഈശ്വരാ
എനിക്ക് ഒരു പരിചയവുമില്ലാത്ത കൈയ്യക്ഷരം.
"നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിൻ ഗാനമെന്നും "
പിന്നീടെന്താണ് അതിൽ എഴുതിയതൊന്നും ഞാൻ കണ്ടില്ല...
"എനിക്കറിയില്ല അച്ഛാ.. ആരാണാവോ "
ഇതിനിടെ ബഹളം കേട്ട് അമ്മയും അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.
"ഒന്നുമറിയാത്ത ആ കുട്ടിയോട് എന്തിനിങ്ങനെ അക്രോശിക്കുന്നു "
എന്നായി അമ്മ. അമ്മയെ കണ്ടതും ഞാൻ ഉറക്കെ കരഞ്ഞു എന്തായാലും എന്നെ അവിശ്വസിക്കാൻ അച്ഛനും കഴിയില്ല. അങ്ങനെ കത്ത് എവിടെ നിന്നും അയച്ചു എന്ന് നോക്കിയപ്പോൾ കോഴിക്കോട് നിന്നും എന്ന് മനസ്സിലായി. അച്ഛൻ പത്തി മടക്കി കത്ത് അലമാരയിൽ സൂക്ഷിച്ചു വെച്ചു.
ഇനിയാണ് രസം. മാസത്തിൽ ഒരിക്കൽ ഇങ്ങനെയുള്ള കത്തുകൾ സ്ഥിരമായി വരുവാൻ തുടങ്ങി. ഒരു പ്രാവശ്യം തിരുവനന്തപുരത്തു നിന്നും അയച്ചാൽ പിന്നീട് മദ്രാസ്സിൽ നിന്നുമായിരിക്കും. അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായിട്ടാണ് കത്ത് പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ അഡ്രസ് തിരഞ്ഞു പിടിക്കാനൊന്നും പറ്റുകയുമില്ല. ചിലപ്പോൾ പോയ സ്ഥലങ്ങളെ കുറിച്ചുള്ള മനോഹരമായ വിവരണങ്ങൾ ഉണ്ടാകും.
എന്തിനേറെ ഞാൻ പത്താം ക്ലാസ് കഴിഞ്ഞു പ്രീഡിഗ്രി കഴിഞ്ഞിട്ടും കത്ത് നിന്നിട്ടില്ല. എല്ലാ കത്തുകളും പൊളിച്ചു വായിക്കുവാനൊന്നും അച്ഛൻ മിനക്കെടില്ല. അലമാരയിൽ വെച്ചു പൂട്ടുമ്പോൾ കള്ളത്തിയെ പോലെ ഞാൻ തുറന്നു നോക്കും. ആരാണ് എന്നൊന്നറിയുവാൻ!
പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ടു ഒരിക്കലും അയാൾ പേരോ മറ്റു വിവരങ്ങളൊ എഴുതാറില്ല.
കാലചക്രം അവിരാമം കറങ്ങിക്കൊണ്ടിരുന്നപ്പോൾ ഞാൻ അറിയാതെ തന്നെ പലരൂപ ഭേദങ്ങളും എന്റെ ശരീരം സ്വീകരിച്ചു കഴിഞ്ഞു... ഇനിയും കണാമറയത്തിരുന്ന് പ്രേമശരങ്ങൾ എറിഞ്ഞു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനെ ഒരു നോക്ക് കാണുവാൻ കഴിഞ്ഞില്ലല്ലോ എന്ന് മനസ്സ് തേങ്ങി കത്തുകൾ എല്ലാം അച്ഛന്റെ കൈയ്യിൽ തന്നെ കിട്ടുമെന്നതിനാൽ ആയിരിക്കണം വാക്കുകൾ അളന്നു മുറിച്ചു തൂക്കിയാണ് എഴുതിയിരിക്കുന്നത്.
അടുത്ത കൂട്ടുകാരിയോട് വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ അവൾ പറഞ്ഞു
"ഇതെന്തൊരു പ്രേമം! അവൻ അവന്റെ പാട്ടിനു പോട്ടെ..."
അതാണ് ശരി എന്ന് എനിക്കും തോന്നി. പിന്നീട് ആ കത്തുകൾ അന്വേഷിച്ചു ഞാനും പോയില്ല.
അങ്ങനെ അവസാനത്തെ കത്തും വന്നു... എന്റെ വിവാഹത്തിന്റെ തലേന്നാൾ
ഇത് കൽക്കത്ത കാളീക്ഷേത്രത്തിലെ കുങ്കുമമാണ്... നെറ്റിയിൽ ചാർത്തണം!
ഹെന്റമ്മോ!
‘‘ഈ പ്രാന്തനെ സൂക്ഷിക്കണം’’
അമ്മ അതെടുത്തു അടുപ്പിലിട്ടു...
പിന്നീട് അങ്ങനെ ഒരു സംഭവം ഞങ്ങളൊക്കെ മറന്നു കഴിഞ്ഞു... പിന്നെയും കത്തുകൾ വന്നിരുന്നോ ആവോ? എന്തായാലും അമ്മ അതൊക്ക അടുപ്പിലിട്ടു കാണും.
മകൾ ജനിച്ചതിനു ശേഷമാണു ബാംഗളൂരിൽ B Ed ചെയ്യുവാൻ പോയത്. ഒരു ദിവസം കൂട്ടുകാരുമൊത്തു ഒരു സായന്തനത്തിൽ വെറുതെ ഒന്ന് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരാൾ പെട്ടെന്ന് തൊട്ടു മുൻപിൽ വന്നു നിന്നു.
‘‘സുജനയല്ലേ...’’
ആകപ്പാടെ എന്തൊക്കെയോ ഭാവഭേദങ്ങൾ ആ മുഖത്തു മിന്നിമറയുന്നു...
‘‘അതേലോ... ആരാ മനസ്സിലായില്ല’’
‘‘ഞാൻ ക്യാപ്റ്റൻ രാജേഷ് ഇന്ത്യൻ ആർമിയിൽ ’’
തൊട്ടടുത്ത് ആർമി പരിശീലന ക്യാമ്പ് ഉണ്ട് അവിടെ സാധാരണ പട്ടാളക്കാർ വരാറുണ്ട്.
‘‘ഞാൻ ഒരു ക്യാമ്പിൽ പങ്കെടുക്കുവാൻ വന്നതാണ്’’
‘‘ഓഹോ എന്നെ എങ്ങനെയറിയും?’’
നമ്മൾ ഒരുമിച്ചു സ്കൂളിൽ പഠിച്ചിട്ടുണ്ട് ഞാൻ പത്തിൽ പഠിക്കുമ്പോൾ നീ ഏഴിൽ. ഒട്ടും മുഖവുരയില്ലാതെ അയാൾ ആ മഹത്തായ സത്യം വെളിപ്പെടുത്തി
‘‘നീ അറിയാത്ത ആ പ്രണയകഥയിലെ നായകൻ ഞാനാണ്!’’
ഞാൻ പാടെ മറന്ന വിഷയം. പെട്ടെന്ന് ഓർമ്മയിൽ വന്നില്ല. ഞാൻ തപ്പി തടയുന്നത് കണ്ട് അയാൾ പറഞ്ഞു
‘‘നാലഞ്ച് വർഷത്തോളം കാണാമറയത്തിരുന്ന് നിന്നെ കിനാവ് കണ്ട ആ എഴുത്തിന്റെ ഉടമ ഞാനായിരുന്നു....’’
ഞാൻ തികച്ചും ഞെട്ടിപ്പോയി. പിന്നെ ഞാൻ അറിയാതെ അയാളെ അടിമുടിയൊന്നു നോക്കി ആണഴകുള്ള ഒരു ഒത്ത പുരുഷൻ! ഞാൻ അറിയാതെ ചോദിച്ചു പോയി
‘‘എന്നിട്ടെന്തേ...?’’ അദ്ദേഹം വലതു കാൽ പൊക്കി കാണിച്ചു
‘‘ഇതിപ്പോൾ പൊയ്‌ക്കാലാണ്. ശത്രുവിന്റെ വെടിയേറ്റ് വലതു കാൽ നഷ്ടപ്പെട്ടു. പിന്നെ ആ മോഹം ഞാൻ ഉപേക്ഷിച്ചു ’’
വീണ്ടും വിശ്വസിക്കാനാവാതെ ഞാൻ ആ മുഖത്തേക്ക് നോക്കി
‘‘അതെ... വിശ്വസിച്ചോളൂ അവസാനമായി കൽക്കത്ത കാളീക്ഷേത്രത്തിൽ പോയി പ്രാർത്ഥനയോടെ, നിനക്ക് സർവ്വ മംഗളങ്ങളും നേർന്നു കൊണ്ടു, ഞാൻ അയച്ചതാണ് ആ കുങ്കുമം ’’
കൂട്ടുകാരികൾ കൈകൊട്ടി വിളിക്കുന്നുണ്ട്... തിരികേ പോരുമ്പോൾ ഞാനോർത്തു എന്റെ പ്രണയമേ എന്നാലും ഈ കൊലച്ചതി നീ എന്നോട് ചെയ്തല്ലോ.. .മനസ്സ് വല്ലാതെ ത്രസിക്കുന്നു...
കശക്കിയെറിഞ്ഞ സ്വപ്നങ്ങളും ഞെരിച്ചു തകർത്ത ശരീരവും മാത്രമാണ് ഞാനിന്ന് എന്ന് താങ്കൾ അറിയുന്നുണ്ടോ?
ഒരു താലിച്ചരടു കൊണ്ടു കഴുത്തു മുറുകി ശ്വാസം മുട്ടി മരിക്കാറായപ്പോൾ അത് പൊട്ടിച്ചെറിയേണ്ടി വന്ന ഹതഭാഗ്യ!
ഇനിയും നിനവുകൾ പൂക്കും... തളിർക്കും... കായ്ക്കും... പ്രതീക്ഷയോടെ