ADVERTISEMENT

ഒരു വാക്കിലെല്ലാമിരിക്കുന്നു മിത്രമേ

എന്നു നിന്നധരങ്ങൾ മൊഴിഞ്ഞതും

പതിയെ ഞാൻ തിരിഞ്ഞു നടന്നതും

കരളു തുളച്ചൊരു മൂർച്ചയെൻ പിറകിലൂടാഴ്‌ന്നതും

ഒരു മഴയിരമ്പത്തിലെൻ്റെ ഞരക്കങ്ങൾ ശലഭങ്ങളായി ചിറകറ്റമർന്നതും

ചിതറിത്തെറിച്ച ചുടുനിണതുള്ളികൾ

തറയിലെമ്പാടും വരച്ച ചിത്രങ്ങളെ

മഴ തന്റെ കണ്ണീരാലൊപ്പിയെടുത്തതും 

ഇന്നലെയെന്ന പോലോർക്കുന്നു മിത്രമേ.

 

എത്ര നാൾ...

അർദ്ധ ബോധം തുളച്ചരിയ രാക്കിളി തന്റെ കൂർത്ത നാദം പോലെ, 

ഓർമ്മകൾ നോവിൻ ചുരുൾ നിവർത്തുമ്പോഴീ

 പേക്കിനാവിൻ കടൽച്ചുഴികൾ ചൂഴുന്ന ശയ്യയിലമരുന്നനേരത്ത്, 

വാതിൽക്കലെത്തി നിൽക്കുന്നു നീ, സഹതപിച്ചൊരു നോട്ടമെയ്തു മാറുന്നുവോ, 

ചലനം നിലച്ചൊരൻ ഞരമ്പുകൾ പിടയുന്നു, 

വാക്കുകളിൽ നാവു വഴുതി വീഴുന്നു. 

നിസ്സഹായം നീർ മുത്തുകൾ ചിതറുന്നു.

 

ഒരു വാക്കിൽ ഹൃദയം തകർക്കുന്ന മിത്രമേ, മറുവാക്കിൽ ജീവനെടുക്കുന്നു നീ, എന്നതോർക്കാതിരിക്കവേ ഞാനറിയുന്നിന്ന്, 

നമ്മളൊന്നിച്ചു വരഞ്ഞ ചിത്രങ്ങളിൽ വർണ്ണങ്ങൾ വേറെയാണെന്ന്.

 

 വാക്കുകൾ തമ്മിൽ കൊരുക്കുന്നു , മൂർച്ചയാൽ ചിതറിത്തെറിക്കുന്നു പിന്നെയും മൗനത്തിൻ കൂട്ടിലേക്കല്ലോ മടങ്ങുന്നു. 

ഒരു വാക്കിലെന്തിരിക്കുന്നുവെiന്നോർത്തു ചിരിക്കുന്നു കാലം. 

മറുവാക്കിൽ നോവിൻ കവിത കുറിക്കുന്നു ഞാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com