ADVERTISEMENT

ബ്ബ്ബ്ജബ്ബ്ജബ്ബ്ജബ്ബ്ജ (കഥ)

 

‘‘ബ്ജബ്ബ്ജബ്ബ്ജബ്ബ്ജ...’’ എന്തൊരു കാര്യം പറയുന്നതിന് മുൻപും അൻവർ പുറപ്പെടുവിക്കുന്ന ഒരു ശബ്ദമാണിത്. ഒരു പ്രത്യേക തരം വിക്കാണെന്നു പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്.

 

എന്റെ മാനേജരുടെ ഡ്രൈവർ ആയിരുന്നു അൻവർ. എന്റെ കരിയറിന്റെ ആദ്യവർഷങ്ങളിൽ, തിരുവനന്തപുരം എന്ന പുതിയ നഗരത്തിൽ കമ്പനിയുടെ ഓഫിസും ബിസിനസ്സും പച്ച പിടിപ്പിക്കാൻ നെട്ടോട്ടം വട്ടോട്ടം ഓടുന്നതിനിടയിൽ എന്നെ സഹായിക്കാനെന്ന വ്യാജേന വന്നിരുന്ന മാനേജർ, അവരുടെ ഡ്രൈവറെ വൈകുന്നേരം എന്റെ അടുത്തേക്ക് തള്ളി വിടും. ഒറ്റയ്ക്ക് താമസിക്കുന്ന എന്റെ വാടക വീട്ടിൽ റൂം വെറുതെ കിടക്കുമ്പോൾ എന്തിനു വെറുതെ ഡ്രൈവർക്കു ഹോട്ടൽ റൂം വാടകക്ക് എടുത്തു കാശ് കളയണം എന്നതായിരിക്കാം അവരുടെ ചിന്താഗതി. കുറ്റം പറയാൻ പറ്റില്ല. 

 

വൈകുന്നേരം വീട്ടിൽ വന്നു ഫ്രഷ് ആയ ഉടനെ അൻവർ ചോദിച്ചു: "ബ്ബ്ജബ്ബ്ജബ്ബ്ജ... എന്തിനാ ഇവിടെ ഇരുന്നു ബോറടിക്കുന്നത്? നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം. ചുമ്മാ."

 

കറങ്ങാൻ പോകുന്നത് കിറുങ്ങാനാണെന്നു പിന്നെയാണ് മനസ്സിലായത്. ശാസ്തമംഗലം റോഡിൽ വന്നു കയറിയപ്പോൾ ഹൈനെസ്സ് ബാർ മുന്നിൽ. പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫയെ തട്ടുകടയിലേക്കു തിരിക്കുന്ന ദിലീപിനെ പോലെ അൻവർ എന്നെ ബാറിലേക്ക് നയിച്ചു.

 

"ബ്ബ്ജബ്ബ്ജ... ടേബിളിൽ ഒന്നും പോണ്ട. എന്തിനാ കാശ് കളയുന്നത്. നമുക്ക് നിപ്പൻ മതി."

 

"അൻവാറിനെന്താ വേണ്ടത്?", ജോലിയുടെ തുടക്കകാലമാണ്. ഒരു ക്ലച്ച് പിടിച്ചിട്ടില്ല. കയ്യിൽ കാശ് തുലോം കമ്മി. 

 

"ബ്ബ്ജ.... ഹണി ബീ. അത് മതി. എന്തിനാ വെറുതെ കാശ് കളയുന്നത്?"

 

ബാർ ജീവനക്കാരൻ വെട്ടു ഗ്ലാസ് എടുത്തു മുന്നിൽ വച്ച്. ഒരു പെഗ് ഹണിബീ എടുത്തു ഒഴിച്ചു. അൻവറിനെ നോക്കി: "സോഡയാണോ അതോ വെള്ളം വേണോ?"

 

ചോദ്യത്തെ തൃണവൽഗണിച്ചു കൊണ്ട് അൻവർ പറഞ്ഞു: "ബ്ബ്ജബ്ബ്ജ... ഒരു പെഗ്ഗും കൂടെ ഒഴിച്ചോളി"

 

ഒന്ന് കൂടെ ഒഴിച്ചതും അൻവർ വീണ്ടും: "ഇനിയും ഒഴിച്ചോളീ"

 

ഞാൻ ഞെട്ടി. ഇന്ന് എന്റെ കളസം കീറിയത് തന്നെ. ക്രെഡിറ്റ് കാർഡ് മുതലായ കലാപരിപാടികൾ ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത കാലമാണ്. പാത്രം കഴുകേണ്ടി വരുമോ ഭഗവാനെ.

 

"ഹ വെള്ളം ഒഴിച്ചോളീ", ബാർ ജീവനക്കാരൻ എന്തോ തെറ്റ് ചെയ്‌തത്‌ പോലെ അൻവർ. നിറഞ്ഞു കവിയാറായ ഗ്ലാസ്സിൽ ഇനി എന്ത് വെള്ളം ഒഴിക്കാൻ എന്ന മട്ടിൽ അയാൾ കുറച്ചു വെള്ളം ഒഴിച്ചു. ഒഴിച്ചു തീർന്നതും, ഒരാഴ്ചയായി മരുഭൂമിയിൽ അകപ്പെട്ട് വെള്ളം കിട്ടാതെ വലഞ്ഞവന്റെ പോലെ അൻവർ ഗ്ളാസ്  ഒരു വലിക്കു കാലിയാക്കി. ഒഴിഞ്ഞ ഗ്ളാസ് കൗണ്ടറിൽ വച്ച്, ചിറി തുടച്ചു അൻവർ: "ബ്ബ്ജബ്ബ്ജ... ഒഴിച്ചോളീ"

 

9 പെഗ്ഗും എന്റെ കയ്യിലെ മുഴുവൻ കാശും തീർന്നതിനു ശേഷം അൻവർ ആരാഞ്ഞു: "ബ്ബ്ജബ്ബ്... അല്ലാ ഇങ്ങളൊന്നും അടിക്കണില്ലേ?" ആ നല്ല മനസ്സ് കാണാതെ പോയല്ലോ എന്നോർത്ത് കണ്ണ് നിറഞ്ഞു പോയി.

 

ബാറിന് വെളിയിലിറങ്ങിയ അൻവറിനു വീട്ടിലേക്കു ഫോൺ ചെയ്യണം. കാശ് വെറുതെ കളയാതിരിക്കാൻ എന്റെ മൊബൈലിൽ നിന്നും ഫോൺ ചെയ്‌താൽ മതിയെന്ന് സ്വയം തീരുമാനിക്കുകയും ചെയ്തു. 

 

മൊബൈൽ ഫോണുകൾ വന്നു തുടങ്ങിയ കാലമാണ്. ചിരവതടി പോലെയുള്ള നോക്കിയ ഫോണാണ് പതിനയ്യായിരം കൊടുത്തു മേടിച്ചതു. ഇങ്ങോട്ടു  കാൾ വന്നാൽ പോലും ആധാരം പണയം വച്ചാലേ ബിൽ അടക്കാൻ പറ്റുകയുള്ളൂ. അത് കൊണ്ട് അത്യാവശ്യം വിളികൾക്കു മാത്രം ഉപയോഗിച്ച് പൊന്നു പോലെ കൊണ്ട് നടക്കുകയാണ്. അക്കാലത്തു ജംഗ്ഷനിൽ ചെന്ന് മൊബൈൽ ഫോണിൽ സംസാരിച്ചാൽ സര്ക്കസ് കാണാനെന്ന പോലെ ചുറ്റും ആള് കൂടും. പെമ്പിള്ളേരുടെ മുൻപിൽ ചെന്ന് നിന്ന് ഫോൺ കാണിച്ചു നമ്പറിടാൻ പോലും സമയം കിട്ടിയിട്ടില്ല.

 

മനസ്സില്ലാമനസ്സോടെ അൻവറിനു ഫോൺ കൊടുത്തു. ഒന്ന് വിളിച്ചു അവരോടു ഞാൻ ഇവിടെ എത്തി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യും. അതാണ് മൂപ്പരുടെ പ്ലാൻ. പാലക്കാടുള്ള അൻവറിന്റെ വീട്ടിലേക്കു വിളിച്ചു. അങ്ങേത്തലക്കൽ വീട്ടിലെ ആരോ എടുത്തു. എടുത്ത വഴി അൻവർ അങ്ങോട്ട് ഒറ്റ ചോദ്യം: "ഹലോ ആരാ..?" ഇത് കേട്ട അവർ തിരിച്ചു: "ഇങ്ങളാരാ?" ദേഷ്യം വന്ന അൻവർ ഉറക്കെ: "ഇങ്ങളാരാ?" ഇതിനിടയിലൊരു തവണ പോലും തന്റെ സ്വതസിദ്ധമായ 'ബ്ബ്ജബ്ബ്ജ' സംസാരത്തിൽ വരുന്നുമില്ല. അടിച്ചു പാമ്പായാൽ വരില്ലായിരിക്കും. 

 

അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഒരു അമ്പതു പ്രാവശ്യം "ഇങ്ങളാരാ" എന്ന് ചോദിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ഒരു ആയിരം രൂപ കീറി. സന്താനഗോപാലം സിനിമ ഇറങ്ങിയ കാലഘട്ടം ആണ്. അതിൽ ഫോൺ ബൂത്ത് ഉദ്ഘാടിക്കാൻ വന്ന്‌ ഡൽഹിക്കു STD വിളിച്ചു 'നാറാണത്തു ഭ്രാന്തൻ' ചൊല്ലുന്ന ജഗതിയെ ഓര്മ വന്നു.

 

വെള്ളയമ്പലത്തു പോയി ചന്ദ്രണ്ണന്റെ തട്ടുകടയിൽ പോയി, കടം പറഞ്ഞു ദോശയും ഓംലെറ്റും ചെലുത്തുന്നതിന്റെ ഇടയിൽ അൻവർ തന്റെ കഥ പറഞ്ഞു. സൗദിയിലായിരുന്നു വളരെ വർഷങ്ങൾ. അവിടെ അറബിയുടെ അണ്ടർഗ്രൗണ്ട് ഗോഡൗണിൽ ചാരായം വാറ്റ് ആയിരുന്നു. പൈനാപ്പിൾ മുതലായ പഴങ്ങൾ ഇട്ടു വാറ്റും. അങ്ങനെയാണ് 'അടി' തുടങ്ങിയത്. ഏതായാലും കാശ് ഉണ്ടാക്കി. പോലീസ് പിടിച്ചു തല പോയില്ല. തിരിച്ചു നാട്ടിൽ വന്നു. നാല് കാർ വാങ്ങി വാടകയ്ക്ക് ഓടിക്കുകയാണ്. ഡ്രൈവർ പണി ഒരു നേരമ്പോക്കിനാണത്രെ.

 

പിറ്റേ ദിവസം സൗത്ത് പാർക്കിൽ പ്രസ് കോൺഫറൻസ് ഉണ്ടായിരുന്നു. അത് കഴിഞ്ഞുള്ള പാർട്ടിക്ക് വേണ്ടി മാനേജർ രണ്ടു ലിറ്ററിന്റെ Teachers സ്കോച്ച് കൊണ്ട് വന്നിരുന്നു. മീറ്റിംഗിന് വന്ന പത്രക്കാർ മിക്കവരും മറ്റൊരു പ്രസ് മീറ്റിനു പോകാനുള്ളത് കൊണ്ട് അടിച്ചില്ല. ഒരു നാല് പെഗ്ഗെ ചിലവായുള്ളു. കുപ്പി തിരിച്ചു കാറിൽ കൊണ്ട് വയ്ക്കാൻ അൻവറിനെ ഏൽപ്പിച്ചു. കാറിൽ കുപ്പിയുള്ളതിനാൽ ഇന്ന് എന്റെ വീട്ടിലേക്കു വരുന്നില്ലെന്ന് അൻവർ പറഞ്ഞു. വില പിടിച്ച മദ്യം അല്ലെ, അതിനു കാവലിന് ആരെങ്കിലും വേണമല്ലോ. അത് മാത്രമല്ല പിറ്റേ ദിവസം അതിരാവിലെ എണീറ്റിട്ടു തിരിച്ചു കൊച്ചിക്കു പോകാനുള്ളതാ.

 

അൻവർ പിറ്റേ ദിവസം എഴുന്നേറ്റു കല്ല് പോലെ ഇരുന്നു 220 കിലോമീറ്റര് വണ്ടി ഓടിച്ചു കൊച്ചിക്കു പോയി എന്ന് പിന്നീട് വിളിച്ചപ്പോൾ മാനേജർ പറഞ്ഞു. വീട്ടിലെത്തി Teachers എടുത്തപ്പോളായിരുന്നു ആന്റി ക്ലൈമാസ്. കുപ്പിയുടെ മൂട്ടിൽ ഒരു തുടം മാത്രം. കുപ്പിയുടെ അടപ്പു ലൂസായതിനാൽ മദ്യം ആവിയായിപ്പോയി എന്ന് അൻവർ പറഞ്ഞത്രേ. ഇനിയെങ്കിലും ഈക്കാര്യങ്ങളിൽ സൂക്ഷിക്കണം എന്ന് ഉപദേശവും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com