ADVERTISEMENT

ഈ കഥ യഥാർഥസംഭവങ്ങളെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ്‌. കഥയിലേയ്ക്കു കടക്കുന്നതിനു മുൻപ് ആമുഖമായി കുറച്ചു കാര്യങ്ങൾ പറയാതെ മുന്നോട്ടുപോകാനാകില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പോൾ പോലും ഭൂമി നേരിടുന്ന വലിയ പ്രശ്നങ്ങൾക്കുള്ള ശരിയായ പോംവഴി കണ്ടെത്തിയിട്ടില്ല. ജനസംഖ്യ 980കോടിയിലെത്തുകയും ചെയ്തു. ഇനിയും അതു വർധിക്കും. അൻപതു വർഷം കൂടി കഴിയുമ്പോൾ 1100 കോടിയാകും ജനസംഖ്യ. ഇപ്പോൾ എവിടെ നോക്കിയാലും കെട്ടിടങ്ങൾ, വാഹനങ്ങൾ, റോഡുകൾ തുടങ്ങിയവ മാത്രം . മിക്കയിടത്തും പച്ചപ്പ് കാണാനേയില്ല. വായുവിൽ മാലിന്യം നിറഞ്ഞ് ശ്വാസത്തിനു കട്ടികൂടുകയും ഒന്നാഞ്ഞു ശ്വസിച്ചാൽ ചുമയ്ക്കുകയും ചെയ്യുന്ന അവസ്ഥകൾ നഗരങ്ങളിൽ മാത്രമല്ല ഉൾനാടുകളിലുമുണ്ട്. എന്നാൽ തീരദേശത്തുള്ള ഈ ചെറിയ ഗ്രാമത്തെ  പ്രശ്നങ്ങളൊന്നും കടന്നുകൂടാതെ സംരക്ഷിക്കുന്നത് ഇവിടുത്തെ സാധാരണ ജനങ്ങളാണ്‌. കുറേ നൂറ്റാണ്ടുകൾക്കു മുൻപ് കായൽ ഉൾവലിഞ്ഞാണത്രെ ഈ പ്രദേശമുണ്ടായത്. അതിനാൽ പുത്തങ്കര എന്ന പേരുകിട്ടി. നഗരത്തിലെ പ്രശ്നങ്ങൾ  ഒട്ടുംതന്നെ ഇവിടെ കടന്നുകയറാതെ നാട്ടുകാർ നോക്കുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇവിടെ ആരും സ്ഥലം വിറ്റിട്ടില്ല. ഉള്ള കെട്ടിടങ്ങൾ പരമാവധി സംരക്ഷിച്ചു നിലനിർത്തുന്നു. പാടങ്ങളും നീർച്ചാലുകളും ആറും എല്ലാം നല്ല വൃത്തിയായി കാത്തുസൂക്ഷിച്ചിരിക്കുന്നു. കടപ്പുറത്തു നിന്നും വെറും മൂന്നു കിലോമീറ്റർ ദൂരത്തിൽ കായലും ഒരു ഭാഗത്ത് നല്ല തെളിനീരുള്ള ആറും ഉണ്ട്. ഈ നാടിന്റെ ഒരു വശം നിറയെ പാടങ്ങളാണ്‌. അത് ആറ്റിന്റെ തീരം വരെ പരന്നു നിലകൊള്ളുന്നു. ഒരു തുരുത്തുപോലെയാണ്‌ ഈ പ്രദേശം. മറ്റു ദേശങ്ങളുമായി കരമാർഗ്ഗം ബന്ധപ്പെടാൻ വേണ്ടി ഉള്ളത് ചെറിയൊരു പാലം മാത്രം. കാറുകൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന പാലം ഇടയ്ക്കിടെ നന്നാക്കി സൂക്ഷിക്കുന്നു. പുതിയ പാലം വേണമെന്ന ആവശ്യം നാട്ടുകാർക്കില്ല. അധികം വാഹനങ്ങൾ ഓടാത്തതിനാൽ ഇവിടുത്തെ റോഡുകളെല്ലാം വലിയ കുഴപ്പമില്ലാതെയുണ്ട്. മഴ കഴിയുമ്പോൾ  നിസ്സാരമായ അറ്റകുറ്റപ്പണികൾ മാത്രമേ വേണ്ടിവരുന്നുള്ളു. റിസോർട്ടുകാരും മറ്റും സ്ഥലം കൈക്കലാക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം ഇവിടുത്തുകാർ പരാജയപ്പെടുത്തി. ചെറുതും വലുതുമായ എഞ്ചിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾ ഉപയോഗിച്ച് മറ്റു കരകളിലെത്താം. വിനോദസഞ്ചാരികൾ, വിദേശികളുൾപ്പെടെ, വള്ളംകയറി ഇവിടെ വരാറുണ്ട്. ലോൺലി പ്ളാനറ്റ് എന്ന ട്രാവൽ ഗൈഡിലും മറ്റും വലിയ പ്രാധാന്യത്തോടെ ഈ നാടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. 

 

പഞ്ചായത്തിന്‌ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളുൾപ്പെടെ. ഐക്യരാഷ്ട്ര സംഘടനയുടെ പൈതൃക ലിസ്റ്റിൽ ഈ ഗ്രാമത്തെ ഉൾപ്പെടുത്താൻ പോകുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കവലയിൽ കടകൾ  അത്യാവശ്യത്തിനു മാത്രമേയുള്ളു. ബാഹുലേയന്റെ ചായക്കടയിലെ വിഭവങ്ങൾ പ്രശസ്തമാണ്‌. ഗോപിയുടെ  പലചരക്കു കട, പലവ്യഞ്ജനങ്ങൾ വില്ക്കുന്ന ആശാന്റെ കട, ഗോപിയുടെ മരുമകൻ ധനഞ്ജയൻ നടത്തുന്ന റേഷൻ കട, പുഷ്പകുമാറിന്റെ ബാർബർ ഷോപ്പ്, അരവിന്ദഘോഷിന്റെ അങ്ങാടിക്കടയും വൈദ്യശാലയും പിന്നെ അവിടവിടായി മുറുക്കാൻ കടകളും ഉണ്ട്. കള്ളുഷാപ്പിൽ ഈ നാട്ടിൽ നിന്നു ചെത്തിയ നാടൻ കള്ളു മാത്രം വില്ക്കുന്നു. അടുത്ത കരയിലാണ്‌ പ്രൈമറി ഹെൽത്ത് സെന്ററും പോസ്റ്റോഫീസും. ഇവിടുത്തെ പാടങ്ങളിൽ നിന്നും കൊയ്തെടുക്കുന്ന നെല്ല് കുറേ നാളത്തേയ്ക്ക് മതിയാകും, ചെറിയ പച്ചക്കറിത്തോട്ടങ്ങൾ മിക്ക വീടുകളിലുമുണ്ട്. നാടൻ പശുവിൻ പാലും കോഴിമുട്ടയും താറാമുട്ടയും ആവശ്യത്തിനുണ്ട്. എന്തെങ്കിലും വിശേഷങ്ങൾ ഉള്ളപ്പോൾ  മാത്രം പുറത്തുനിന്നും സാധനങ്ങൾ വരുത്തും. ചടങ്ങുകൾക്കും മറ്റും കുറച്ചുപേരെ മാത്രമേ ഇവിടുള്ളവർ ക്ഷണിക്കാറുള്ളു. ഇവിടുത്തെ രീതികൾക്ക് ഭംഗമുണ്ടാകുമോ എന്ന ഭയമാണ്‌ അതിനു പിന്നിൽ. ഈ നാട് ഇത്തരത്തിൽ നിലനിൽക്കുന്നതു കൊണ്ട് മൂന്നു പതിറ്റാണ്ടിനു മുമ്പത്തെ കൊവിഡ് മഹാമാരി ആരെയും വലുതായി ബാധിച്ചില്ല. ഈ പ്രത്യേകതയെക്കുറിച്ച്  പഠനം നടത്താനായി വന്നവർ പ്രധാനമായും  ഇവിടുത്തെ ജനങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം കണ്ട് വിസ്മയിച്ചു. ഹിമാലയത്തിലെയും ആമസോണിലെയും ആളുകളുടെ അതേ ആരോഗ്യമാണത്രെ ഇവിടുത്തെ  ജനങ്ങളുടെ ശ്വാസകോശത്തിനും. ശുദ്ധവായു തന്നെ ഇതിനു പിന്നിൽ. കഥ തുടങ്ങട്ടെ...... 

 

…കാലം നിശ്ചലമായി നിൽക്കുന്നു എന്ന തോന്നൽ ശക്തമാകുന്ന അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ സൂചകമെന്തെന്നാൽ സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള ബോധം ചിന്തയിൽ നിന്നും ഇല്ലാതാകുക എന്നതാണ്‌. ഈ അനുഭവം ഉണ്ടാകുന്ന വേളയിൽ ഞാൻ വളരെ സ്വതന്ത്രനായിരിക്കും. എവിടെയും പോകാം, എന്തും ചെയ്യാം , അപാരമായ ശക്തിയുണ്ട് എന്നൊക്കെ തോന്നും. ഗാലക്സിയിൽ സൗരയൂഥവും അതെച്ചുറ്റുന്ന ഗ്രഹങ്ങളും ഉൾപ്പെടുന്ന വ്യൂഹത്തിലെ ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിൽക്കുന്നു എന്ന തോന്നലും, പ്രത്യേകിച്ച് സ്പേസിലെ ഭൂമിയുടെ സ്ഥാനത്തെക്കുറിച്ചുള്ള തിരിച്ചറിവും ഉൾക്കിടിലത്തിൽ കലാശിക്കും. ആ തോന്നൽ എന്നിക്കിഷ്ടമാണ്‌. അതൊരു പ്രത്യേക അനുഭവം നൽകുന്നു. ആ അനുഭവം ഉണ്ടായാലുടൻ എന്റെ പ്രയാസങ്ങൾ ഒന്നുമല്ലാതാകും. എനിക്കു ചുറ്റുമുള്ള മനുഷ്യർ മൂലം ഉണ്ടാകുന്ന മനോവിഷമങ്ങളും ചിലപ്പോൾ അവരുടെ പ്രവൃത്തികളാൽ  എന്നെ ബാധിക്കുന്ന പ്രശ്നങ്ങളും ഇല്ലാതാകുന്നതായി തോന്നും. വരിഞ്ഞു മുറുക്കിയിരിക്കുന്ന ചങ്ങല ശരീരത്തിൽ നിന്ന് വലിച്ചുപൊട്ടിച്ച് സ്വതന്ത്രനാകുന്നതുപോലെയും എന്തോ വലിയ ഒന്നിൽ നിന്നും മോചനം ലഭിക്കുന്നതുപോലെയും തോന്നും. വലിയ ഒരു വാതിൽ തുറന്ന് അതിലൂടെ സമാധാനം നിറഞ്ഞ മറ്റൊരു ലോകത്തിൽ പ്രവേശിക്കുന്നതു പോലെയുള്ള അനുഭവം. മനുഷ്യനും ഭൂമിയും മറ്റു ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും എല്ലാമെല്ലാം ഓർമ്മയിലേയ്ക്കോടിയെത്തും. എന്നാണ്‌ ഇത്തരം ചിന്തകൾ എനിക്കാശ്വാസം തന്നു തുടങ്ങിയതെന്ന് ഓർമ്മയില്ല. 

 

എനിക്കു മുൻപേ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയവർ എഴുതിവച്ച കാര്യങ്ങൾ  ചിന്തിക്കാൻ പ്രേരിപ്പിച്ചു. മുനിസിപ്പൽ ലൈബ്രറിയിലെ ഒഴിഞ്ഞകോണിലുള്ള ഷെൽഫിൽ ആരും തൊടാതെ അനേകം നാളുകളായി ഇരിക്കുന്ന ചില പുസ്തകങ്ങളിലെ വിവരങ്ങൾ വഴികാട്ടിയായി. ആ പുസ്തകങ്ങൾ ആദ്യമായി എടുക്കുന്നത് ഞാനാണെന്ന് അതിലെ സബ്സ്ക്രിപ്ഷൻ സ്ലിപ്പ് പറയുന്നു.  പഴയ എഡിഷനുകളാണെങ്കിലും അധികമാരും എടുക്കാത്തതു കൊണ്ട് അല്പം പുതുമ പുസ്തകങ്ങളിൽ നിലനില്ക്കുന്നു. നഗരത്തിലാണ്‌   ലൈബ്രറി. പുത്തങ്കരയിലെ പഞ്ചായത്ത് വക ലൈബ്രറിയിൽ ഇത്രയും ഗഹനമായ വിഷയങ്ങളുള്ള പുസ്തകങ്ങൾ ഒരെണ്ണം പോലുമില്ല.  പുസ്തകങ്ങളിലെ വിവരങ്ങൾ വിപുലമായി ചർച്ചചെയ്യണമെന്നും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയതിന്റെ ആഹ്ളാദം പങ്കുവയ്ക്കണമെന്നും കരുതിയിരുന്ന എനിക്ക് നിരാശയാണുണ്ടായത്. എന്തുകൊണ്ടെന്നാൽ ഞാൻ ഇതെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ ആളുകൾക്കൊന്നും ആ വിഷയങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു എന്നതുതന്നെ. അവർ അതെക്കുറിച്ചറിയാൻ ഒട്ടും താത്പര്യം കാണിച്ചതുമില്ല. കോളജ് അധ്യാപകനായ സുബ്രഹ്മണ്യം, അയാളുടെ അനുജനായ വൈത്തി, ടൗണിൽ തുണിക്കട  നടത്തുന്ന രാജുവിന്റെ  മകൻ ശങ്കരൻ കുട്ടി, കുഞ്ഞമ്മയുടെ മൂത്തമകൾ പിജിക്കു പഠിക്കുന്ന അക്ഷര തുടങ്ങിയവരോട് ഈ വിവരങ്ങൾ സംസാരിക്കാൻ ശ്രമിച്ചത് ഫലപ്രാപ്തിയിലെത്തിയില്ല.‘വേറെ വല്ല പണിയും നോക്ക്’ എന്ന് അമ്മാവൻ ശബ്ദമുയർത്തിയതോടെ ഈ വിഷയത്തെക്കുറിച്ചുള്ള സംസാരങ്ങൾക്ക് വിരാമമായി. നഗരത്തിലുള്ള എന്റെ സുഹൃത്തുക്കൾക്ക് ഇതൊന്നും കേൾക്കാൻ പോലും താത്പര്യമില്ലായിരുന്നു.  പുസ്തകങ്ങളിൽ  നിന്നറിഞ്ഞ  കാര്യങ്ങളും സ്ഥിരം ആകാശക്കാഴ്ച്ചകൾക്കിടയിൽ ഉണ്ടാകുന്ന വേറിട്ട അനുഭവങ്ങളും ആരോടും പറയാനാകാതെ വിഷമിച്ചു. 

 

രാത്രിയിൽ ആകാശം നോക്കി മലർന്നങ്ങനെ കിടക്കുന്നത് എനിക്കേറ്റവും ഇഷ്ടപ്പെട്ട വിനോദമാണ്‌. തണുപ്പടിച്ച് ജലദോഷം പിടിക്കാനിടയുണ്ടെന്നാലും ആ കൃത്യം ഞാൻ മുടക്കാറില്ല. ചന്ദ്രനില്ലാത്ത രാത്രികളിലെ ആകാശദൃശ്യങ്ങൾ അപാരം തന്നെ. പാതിരാത്രികഴിഞ്ഞാൽ ആകാശം കുറച്ചുകൂടി തെളിയും. അപ്പോൾ മുത്തുകൾ വാരിവിതറിയതുപോലെ ആകാശമാകെ നക്ഷത്രങ്ങൾ കാണാം. നീലയും ചുവപ്പും മഞ്ഞയും വെള്ളയും നിറങ്ങളുള്ള ആയിരക്കണക്കിനെണ്ണം കാണാം. എന്തൊക്കെ സംഭവങ്ങളാണ്‌ ദിനവും ആകാശത്തു കാണുന്നത്. ആരെങ്കിലും ഇതൊക്കെ കാണുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ വിചിത്രമായ പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്.ഉൽക്കകൾ സ്ഥിരമായി കാണാറുണ്ട്. പ്രത്യേകിച്ച് കിഴക്കുപടിഞ്ഞാറായി പെട്ടെന്നു പ്രത്യക്ഷപ്പെട്ട് പാഞ്ഞുപോയി പൊലിയുന്ന നീലനിറമുള്ളവ. കടലിൽ പോകുന്നവർക്ക് അത്തരം കാഴ്ച്ചകൾ സ്ഥിരമായി കാണാനാകും . പക്ഷെ അവർ ഇതൊന്നും വലുതായി ശ്രദ്ധിക്കാറില്ല എന്ന് അവരുമായുള്ള സംസാരത്തിൽ നിന്നും വ്യക്തമായി. നഗരത്തിലെ കോളജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലായിരുന്നു വാസം. നഗരത്തിലെ വിളക്കുകൾ ഒരിക്കലും അണയാത്തതു കൊണ്ട്    ഇരുട്ടിൽ വെള്ളനിറം കലർന്നതുപോലെയുള്ള രാത്രികളായിരുന്നു. ശരിയായ  ഇരുട്ട്  അനുഭവിക്കാനാകില്ല. ആകാശം മങ്ങി കാണപ്പെടും. ഇടയ്ക്ക് കോളജ് ഗ്രൗണ്ടിൽ പോയി മലർന്നുകിടന്ന് ആകാശം നോക്കും. എന്നാൽ അവിടെയും കൂരിരുട്ടില്ല. എന്നാൽ നാട്ടിലെ രാത്രികൾക്ക് കട്ടികൂടുതലാണ്‌.   നിലാവില്ലാത്ത രാത്രിയിൽ  പാടത്തു ചെന്നാൽ ചുറ്റിനും ഇരുട്ടിന്റെ കടൽ  എന്നപോലെ തോന്നും .  

 

സ്കൂൾ ലാബിലെ ഉപകരണങ്ങൾ വില്ക്കുന്ന കടയിൽ നിന്നും പഴയ ഒരു ടെലിസ്കോപ്പ് വാങ്ങിയതും ആവേശത്തോടെ അന്നു വൈകുന്നേരം ആകാശം നോക്കി വിസ്മയിച്ചതും ഓർക്കുന്നു. ആദ്യമായി ടെലിസ്കോപ്പിലൂടെ വാനം നോക്കിയ ഗലീലിയോയുടെ അനുഭവം തന്നെയായിരുന്നു എനിക്കും എന്ന് ഉറപ്പിച്ചുപറയാം. ആ ടെലിസ്കോപ്പിലൂടെ ജൂപ്പിറ്ററിന്റെ ഉപഗ്രഹങ്ങളും സാറ്റേണിന്റെ വലയവും കാട്ടിക്കൊടുത്തപ്പോൾ ഹെഡ്മിസ്ട്രസ്സ് കുട്ടികളെപ്പോലെ വിസ്മയിച്ചതും കണ്ടു. പിന്നീട് വലിയ ടെലിസ്കോപ്പും ബൈനോക്കുലറുമൊക്കെ വാങ്ങിയെങ്കിലും ഉപകരണങ്ങളില്ലാതെ നേരിട്ടുള്ള വാനനിരീക്ഷണമാണ്‌ എനിക്കിഷ്ടം. വിശാലമായ ആകാശപ്പരപ്പിൽ തെളിയുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും തിരിച്ചറിയുക എന്നതും.…………

………………….

 

പതിവുപോലെ ആകാശത്തിലെ കാഴ്ച്ചകൾ കാണാനിറങ്ങി. രാത്രിയിലെ ഏറ്റവും ഒടുവിലത്തെ ട്രെയിനും കടന്നുപോയി. ചുറ്റും നല്ല ഇരുട്ടുപരന്നിരുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടന്നിരുന്ന  പാടങ്ങൾ കടൽ പോലെ തോന്നിച്ചു. കടപ്പുറത്ത് തിരമാലകൾ വന്നടിക്കുന്നതിന്റെ ശബ്ദം കേൾക്കാം. അങ്ങ് ഉയരത്തിൽ പൊട്ടുപോലെ ഒരു വിമാനം കടന്നുപോകുന്നു. കിഴക്കൻ ചക്രവാളത്തിൽ നല്ല  തെളിച്ചമുള്ള സിറിയസ് ഉദിച്ചുയർന്നു. ആ നക്ഷത്രത്തിനു പിറകേയായി ടോറസും ഓറിയണും പതിയെ കടന്നുവന്നു. ഓറിയണിന്റെ അരപ്പട്ടയിലെ മൂന്നു നക്ഷത്രങ്ങൾ വജ്രം പോലെ തിളങ്ങി…

 

വരമ്പിലൂടെ നടക്കുമ്പോൾ കുപ്പിച്ചില്ലുകൊണ്ടതുപോലെ തോന്നി.ചെരുപ്പിന്റെ വശത്തുകൂടി കൂർത്ത എന്തോ ഒന്ന് കുത്തിക്കയറിയതുപോലെ.  നടക്കുമ്പോൾ നല്ല നീറ്റൽ . രക്തം പൊടിഞ്ഞുവോ..സാരമില്ല, ഇതൊക്കെ സ്ഥിരമായി സംഭവിക്കുന്നതു തന്നെ. പിന്നെ നോക്കാമെന്നുറച്ച് ഞാൻ നടന്നു.……………

കലുങ്കിലിരുന്നാൽ ചക്രവാളം കാണാം. ഇരുന്നു മുഷിയുമ്പോൾ മലർന്നങ്ങനെ കിടക്കും. ഈ നാടും ഇത്തരം കാഴ്ച്ചകളും വിട്ട് എങ്ങോട്ടേയ്ക്കും പോകുന്നില്ല എന്ന് വീണ്ടും ഉറപ്പിച്ചു.…..ചെറുപ്രാണികളുടെ നിലയ്ക്കാത്ത ശബ്ദമായിരുന്നു ചുറ്റിനും. 

എവിടെനിന്നോ കൈതപ്പൂവിന്റെ മാസ്മരികഗന്ധം പടരുന്നു.. തലയ്ക്കു മത്തുപിടിക്കുന്നതുപോലെ ...……..

അകലെന്നിന്നും നല്ല ഉയരമുള്ള ഒരാൾ നടന്നടുക്കുന്നതു പോലെ തോന്നി..... പെട്ടെന്നു തന്നെ അയാൾ അടുത്തെത്തി…വലിയ കോളറുള്ള ഇളംനിറത്തിലുള്ള ഷർട്ട് ധരിച്ച  അയാൾ ഇരുകൈകളും വശങ്ങളിലേയ്ക്കു വിടർത്തി മുഖമല്പം ഉയർത്തി ആകാശത്തെ നോക്കിനിന്നു….നിലാവുറയ്ക്കാത്ത  രാത്രിയിലും ആ മുഖം കാണാൻ കഴിഞ്ഞു.  എവിടെയോ കണ്ടുമറന്ന മുഖം. നല്ല പരിചയം തോന്നുന്നു. 

‘വീ ആർ മെയ്ഡ് ഓഫ് സ്റ്റാർഡസ്റ്റ്….’ എന്ന് പ്രകാശം പൊഴിക്കുന്ന സിറിയസ് നക്ഷത്രത്തെ നോക്കി അയാൾ പറഞ്ഞു.  ഇതെവിടെയോ  വായിച്ചു പരിചയിച്ചതാണല്ലോ.    നല്ല പരിചയമുള്ള മുഖം...

‘നമ്മൾ നക്ഷത്രധൂളിയല്ലേ’ .........എന്ന്  അശരീരി പോലെ കേട്ടു...

പെട്ടെന്നെനിക്കോർമ്മ വന്നു... ‘ഓ, കാൾ സാഗൻ അല്ലേ.. എങ്ങനെ ... ഇവിടെ’ഞാൻ   ആശയക്കുഴപ്പത്തിലായി....

‘ഞാൻ സ്വപ്നത്തിൽ കണ്ടതു പോലെ.. തൊട്ടടുത്ത് കാൾ സാഗൻ’

 കുറച്ചു ദിവസം മുൻപ്  കാൾ സാഗനുമായി സംസാരിക്കുന്നതായി  സ്വപ്നം കണ്ടിരുന്നു.  സ്വപ്നത്തിൽ കാൾ സാഗൻ വളരെ നാളത്തെ പരിചയമുള്ളതുപോലെയാണ്‌ സംസാരിച്ചത്. പൊതുവേ ഉറക്കമെണീക്കുമ്പോൾ സ്വപ്നങ്ങൾ ഓർക്കാറില്ലെങ്കിലും ആ സ്വപ്നം നല്ല തെളിമയോടെ ഓർക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇപ്പോൾ ഇതാ കാൾ സാഗൻ തന്നെ മുൻപിലെത്തിയിരിക്കുന്നു.

‘ഓ ..പിന്നെന്തൊക്കെയായിരുന്നു സ്വപ്നത്തിലെ വിശേഷങ്ങൾ..’

 ‘കടപ്പുറത്തായിരുന്നു നമ്മൾ കണ്ടത്. പക്ഷെ അന്നു നല്ല നിലാവുള്ള രാത്രിയായിരുന്നു. ഉൽക്കകൾ പാഞ്ഞതും ഒന്നു കത്തി കടലിലേയ്ക്കു വീണതും കണ്ടതല്ലേ…ചന്ദനനിറത്തിലുള്ള ഷർട്ടായിരുന്നു…...‘

‘എന്താണ്‌ ചന്ദന നിറം’

‘അതായത് ഒരുതരം ക്രീം നിറം.’

‘മനോഹരമായ ഈ ദേശം കാണാനാണ്‌ ഞാൻ വന്നത്. ഒപ്പം ധരന്‌ ചില സൂചനകൾ നൽകാനും’

‘എന്തു സൂചനകളാണ്‌ എന്ന് പറയാമോ’

‘അതൊക്കെ താമസിയാതെ ബോധ്യമാകും’

 ‘  വരട്ടെ,ഇത് കാൾ സാഗൻ തന്നെയോ എന്നെനിക്ക് ഉറപ്പിക്കണമല്ലോ...’ കാൾ സാഗന്റെ ജീവിതകഥയും പുസ്തകങ്ങളും സംഭാഷണങ്ങളും എനിക്ക് കാണാപ്പാഠമാണ്‌. ഞാൻ വരമ്പിനടുത്തേക്ക് നടന്നു.

‘ശരി, ഉറപ്പിച്ചോളൂ ,ഞാൻ തയ്യാർ...’ കാൾ സാഗൻ വരമ്പിലെ വൃത്തിയുള്ള ഒരിടം നോക്കി അമർന്ന് ഇരുന്നു. അല്പം മാറി ഞാനും ഇരിപ്പുറപ്പിച്ചു. അദ്ദേഹത്തിന്റെ  കോസ്മോസ് എന്ന കൃതി പലയാവർത്തി വായിച്ചിട്ടുണ്ട്. ആവേശത്തോടെയാണ്‌ അതേപേരിലുള്ള അര നൂറ്റാണ്ടു മുൻപത്തെ  ടെലിവിഷൻ പരമ്പര കണ്ടുതീർത്തത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും അഭിമുഖങ്ങളും എന്റെ ക്ളൗഡ് ശേഖരത്തിലുണ്ട്.  

‘കോണ്ടാക്റ്റ് എന്ന കൃതിക്കുള്ള പ്രചോദനം എന്തെന്ന് എന്നോട് പറഞ്ഞിരുന്നു, സ്വപ്നത്തിൽ.... അതെന്തായിരുന്നു എന്ന് പറയാനാകുമോ’ കോണ്ടാക്റ്റ് എന്നത് കാൾ സാഗൻ രചിച്ച ഒരേയൊരു ശാസ്ത്രനോവലാണ്‌.  

‘എച്ച് ജി വെൽസ് തന്നെ.. എന്താണിത്ര സംശയം..’

‘രണ്ടാമത്തെ ചോദ്യം. തെക്കേ ഇന്ത്യയിലെ ഒരു ആചാരത്തിന്‌ മറ്റൊരു ദേശത്തെ പ്രാചീന ആചാരവുമായി സാമ്യതയുണ്ടെന്നു പറഞ്ഞല്ലോ. ഏതാണാ  ദേശം, എന്താണ്‌ ആ ആചാരം’

‘ശരി. സായാഹ്നത്തിൽ കിഴക്ക് ടോറസ് ഉദിക്കുമ്പോൾ ഉത്സവങ്ങൾ. മെസൊപ്പോട്ടേമിയ തന്നെ. കാളയെ അലങ്കരിക്കലും മറ്റും അല്ലേ’

‘തമിഴിൽ ഊര്‌ എന്നാൽ നാട് എന്നർഥം.   ഊർ എന്നൊരു ദേശം തന്നെയുണ്ടായിരുന്നു മെസൊപ്പൊട്ടേമിയയ്ക്കടുത്ത്.രണ്ടുംതമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ’

‘ഉണ്ടാകും’

‘മായൻ ജ്യോതിശാസ്ത്രം വളരെ സങ്കീർണമെന്നു പറയാൻ കാരണം?’

‘സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഗാലക്സിയുടെയും കൃത്യമായ സ്ഥാനങ്ങൾ വച്ചുള്ള നിർമ്മിതികൾ തന്നെ’

 ഇത് യഥാർഥ കാൾ സാഗൻ തന്നെ.

‘ സിറിയസിനോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണമെന്താണ്‌. ?’

‘ധരൻ, എല്ലാം എനിക്കിഷ്ടമാണ്‌, ഒന്നിനോടും ഇഷ്ടക്കേടില്ല..പക്ഷെ എല്ലാം നമുക്കു കുഴപ്പമില്ലാത്ത രീതിയിലാകണമെന്നു മാത്രം’

‘എന്താണത്, മനസ്സിലായില്ലല്ലൊ’

‘ സൂര്യനെപ്പോലെ സിറിയസ്, അവയെപ്പോലെ മറ്റു നക്ഷത്രങ്ങൾ. അല്പം വലുതോ ചെറുതോ ആകാം. പക്ഷെ അവയുടെ പ്രവൃത്തി പലതായാൽ പ്രശ്നമാകും എന്ന്’

‘അതെന്താ അങ്ങനെ’

‘കുറേ കാലം കഴിയുമ്പോൾ സൂര്യൻ ചുവന്ന് വലുതായി ഭൂമിയെ വിഴുങ്ങും, ചില നക്ഷത്രങ്ങൾ  സൂപ്പർനോവയായി പൊട്ടിത്തെറിക്കും. സൂപ്പർനോവ ഉണ്ടായാൽ അത് ഭൂമിയെ ബാധിക്കും. ഇത്തരം കുഴപ്പങ്ങളിൽ കലാശിക്കാൻ പോകുന്ന കുറേ നക്ഷത്രങ്ങൾ  ഭീഷണിയായി നിലനില്ക്കുന്നുണ്ട്. അതൊന്നും എനിക്ക് ഇഷ്ടമല്ല. നമ്മളെ ബാധിക്കുന്ന ഒന്നും എനിക്ക് ഇഷ്ടമല്ല. കഷ്ടപ്പെട്ടുണ്ടാക്കിയ എല്ലാം പെട്ടെന്ന് അവസാനിക്കുന്നത് ചിന്തിക്കാനേ കഴിയുന്നില്ല. അങ്ങനെ ഇല്ലാതാകേണ്ടവരല്ല നമ്മൾ’ 

‘ബീറ്റൽഗ്യൂസായിരിക്കും അല്ലേ’ ആ നക്ഷത്രം താമസിയാതെ പൊട്ടിത്തെറിക്കും എന്നു വായിച്ചത് ഓർമ്മവന്നു.

‘അല്ല. ആ നക്ഷത്രത്തിന്റെ സൂപ്പർനോവ നമ്മളെ ബാധിക്കില്ല, വളരെ ദൂരെയായതിനാൽ’

 ‘താങ്കളെ കാണുമ്പോൾ ഒരു കാര്യം ചോദിക്കാൻ കരുതിവച്ചിരുന്നു’

‘തീർച്ചയായും, ധരന്‌ പറയാനുള്ളതെന്താണ്‌, കേൾക്കട്ടെ..ധരന്റെ നാടിനെ അഭൗമം എന്നു വിളിക്കുന്നതായിരിക്കും നല്ലത്. ശാന്തവും ഒപ്പം മനോഹരവുമായ ഇടം. ഭൂമിയിൽ ഇത്തരം പ്രദേശങ്ങൾ വളരെ കുറച്ചുമാത്രമാണ്‌ അവശേഷിക്കുന്നത്’…‘അലൗകികം തന്നെ’ എന്നു കൂടി കാൾ സാഗൻ പതിയെ പറഞ്ഞു. 

‘അതെ, അതുതന്നെ..അങ്ങെന്റെ മനസ്സുവായിച്ചതുപോലെ..അലൗകികമായ അനുഭവങ്ങൾ താങ്കൾക്ക് പുതിയതല്ലല്ലോ. പലയാവർത്തി അങ്ങ് അതെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.അതു പറയുമ്പോൾ താങ്കളുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. മുഖത്തെ അപാരമായ ശാന്തതയും..’

‘ ധരൻ പറഞ്ഞത് അക്ഷരംപ്രതി ശരിതന്നെ. ഭൗതികമായ അനുഭവങ്ങൾക്ക് അതീതമായുള്ള അവസ്ഥകൾ അനുഭവിക്കാനാകുന്നത് എനിക്കു മാത്രമല്ല.കാര്യങ്ങളെക്കുറിച്ചറിയാൻ നടത്തുന്ന എളിയ  ശ്രമം പോലും അതിവിപുലമായ ഈ മഹാപ്രപഞ്ചവുമായുള്ള ഒത്തുചേരലിന്റെയും അതുമായി ലയിക്കുന്നതിന്റെയും ആഘോഷമാണ്‌...’

‘എന്നുവച്ചാലെന്തെന്ന് വിശദീകരിച്ചാലും...’

കാൾ സാഗനിപ്പോൾ   പാടത്തേയ്ക്കിറങ്ങി നില്ക്കുകയാണ്‌. എന്റെ വളരെ അടുത്തായി. ആ ഇടത്ത്   വെള്ളവും ചെളിയുമില്ല . നീളമുള്ള മുടി നെറ്റിയിലേയ്ക്കു വീണുകിടക്കുന്നു. എന്തോ ആലോചിക്കുകയാണ്‌.അല്പം കഴിഞ്ഞ് ദീർഘനിശ്വാസത്തോടെ സാഗൻ തുടങ്ങി.

‘നമുക്കു മനസ്സിലാക്കാനാകുന്നതും അല്ലാത്തതുമായ മേഖലകളുണ്ട്. ഇവയെ വേർതിരിച്ചറിയുക എന്നത് പ്രധാനം തന്നെ. അല്പം ശ്രമമുണ്ടെങ്കിൽ അതു സാധിക്കും . പക്ഷെ അക്ഷീണപ്രയത്നമുണ്ടെങ്കിൽ മാത്രമേ ആദ്യം എത്തിച്ചേരുന്നയിടത്തു നിന്നും മുന്നോട്ടുപോകാനാകുകയുള്ളു. പിന്നെയൊരു തിരിച്ചുപോക്കില്ല എന്നതാണ്‌  ഇതിന്റെ പ്രത്യേകത’

എന്താണ്‌ സാഗൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായില്ലെങ്കിലും എല്ലാം മനസ്സിലായതുപോലെ ഞാൻ തലയാട്ടി. ഇത്തരം ജീനിയസ്സുകളുടെ സംസാരരീതി ഇതായിരിക്കും. 

‘എല്ലാം ഒന്നാണ്‌ എന്ന തോന്നലുണ്ടായാൽ വിജയിച്ചു. ആ തോന്നലുണ്ടാകാൻ കഠിനമായ പരിശ്രമം വേണ്ടിവരും. എല്ലാം ഒരു തുടർച്ചയുമാണ്‌.അതു പോട്ടെ. മറ്റൊരു കാര്യം പറയാം.എൻസെലാഡസിൽ ബാക്ടീരിയകളും കെപ്ളർ 6338 ബിയിൽ ഇഴജന്തുക്കളും പറക്കുന്നവയുമുണ്ട്.’

‘ഓ എൻസെലാഡസ്, സാറ്റേണിന്റെ ആറാമത്തെ വലിയ ഉപഗ്രഹം. ഗ്രീക്ക് പുരാണങ്ങളിൽ ഗായയ്ക്കും യുറാനസിനും ജനിച്ച യോദ്ധാവ്. പ്രപഞ്ചത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ സ്യൂസിനോടും ഒളിമ്പ്യൻ ദൈവങ്ങളോടും പോരിനു തുനിഞ്ഞ ധീരൻ. അല്ലേ.എൻസെലാഡസിൽ ജീവികളുണ്ടെന്ന് എങ്ങനെ കണ്ടുപിടിച്ചു’

‘ബാക്ടീരിയകൾ മാത്രം.ഞാനവിടെപോയി നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്‌’

‘അവിടെപ്പോയെന്നോ…നേരിട്ടു കണ്ടെന്നോ...ഹോ.. ഹോ..എന്തൊരു ബഡായി..’

‘ധരന്‌ വിശ്വാസമായില്ലെങ്കിൽ നമുക്കൊന്നു നോക്കാം..അല്ലേ’

കാൾ സാഗൻ പതിയെ ചിരിച്ചു…

പെട്ടെന്ന്  പാടത്തിനുതൊട്ടു മുകളിലായി നേരിയ ഇളം നീലനിറത്തിലുള്ള സുതാര്യമായ അനേകം രൂപങ്ങൾ പ്രത്യക്ഷമായി.ആ രൂപങ്ങൾ അങ്ങുമിങ്ങും തത്തിക്കളിക്കുകയും പിന്നീട് ഒരുമിച്ചു ചേർന്ന് ഭൂമിയുടെ ഉപരിതലം പോലെ തോന്നിക്കുകയും ചെയ്തു. സുതാര്യമായ വലിയ വെള്ളിത്തിരയിൽ ചലചിത്രം കാണുന്നതുപോലെ.

‘എൻസെലാഡസിൽ   കാണാനൊന്നുമില്ല. കുണ്ടും കുഴിയും മാത്രം. ഇതാണ്‌ കെപ്ളർ 6338 ബിയുടെ ഹോളോഗ്രാം’

മലയും പുഴയും കാറ്റും ഒക്കെയുളള ഒരു പ്രദേശത്തുകൂടി ഡ്രോൺ ഉപയോഗിച്ച് പകർത്തിയ തുടർചിത്രങ്ങൾ പോലെ തോന്നിച്ചു. ഇടയ്ക്കിടെ ഉയർന്നു പൊങ്ങിയും പിന്നെ താഴ്ന്നും ആ പ്രദേശത്തിന്റെ ഒരു വിശദമായ ചിത്രം മുന്നിൽ തെളിഞ്ഞു. ഒരിടത്ത് വിചിത്രമായ രൂപങ്ങൾ ചലിക്കുന്നു. വലിയ കരയാമ, നീർനായ,  പറക്കുന്ന തിരണ്ടി, മുതല, പെരുമ്പാമ്പ് എന്നിവയെപ്പോലെയുള്ള ജീവികളെ

 വ്യക്തമായി കണ്ടു. 

‘ഹോ.. ഭയങ്കരം തന്നെ..’

‘അതേ.. ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഭൂമിയിലെ ഏതോ ഒരിടമെന്ന്’

‘പക്ഷെ...അവിടെ...’

‘ചോദിക്കാൻ പോകുന്നതെന്തെന്ന് മനസ്സിലായി..അവിടെ മനുഷ്യരുണ്ടാകുമോ  എന്നല്ലേ..’എന്റെ മനസ്സിലെ സംശയം കാൾ സാഗൻ എങ്ങനെയോ മനസ്സിലാക്കിയിരിക്കുന്നു.

‘മനുഷ്യരില്ല. പക്ഷെ അതുപോലെയുള്ളവ  കാണാനിടയുണ്ട് എന്ന് എനിക്കുറപ്പിച്ചു പറയാനാകും..’

‘അതെങ്ങനെ..’

‘അത്തരം ജീവികളെ ഞാൻ നേരിട്ട് കണ്ടില്ല. പക്ഷെ അവിടെയെല്ലാം മനുഷ്യനു സമാനമായവ ഉണ്ടെന്ന് കൃത്യമായി പറയാനാകും. അതാണ്‌ എന്റെ ഉൾക്കാഴ്ച്ച നല്കുന്ന വിവരം. അവിടെ പലേടങ്ങളിലും കാടും മേടുമൊക്കെ നാനാവിധമാക്കിയിരിക്കുന്നു. അതുതന്നെ കാരണം...’ കാൾ സാഗൻ ഉറക്കെ ചിരിച്ചു.

‘അതിപ്പോ മറ്റു ചില ജന്തുക്കളുണ്ടെങ്കിലും അങ്ങനെയല്ലേ..’

‘അതിനൊക്കെ ഒരു പരിധിയുണ്ട്.. ഇതങ്ങനെയല്ല. ഇതുപോലെ വേറെയും ഇടങ്ങൾ ഞാൻ കണ്ടുവച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വലിയ ദൂരത്തിലാണ്‌. പെട്ടെന്ന് ചെന്നെത്താൻ കഴിയുകയുമില്ല’

തുടർന്ന് താൻ കണ്ടിട്ടുള്ള മറ്റ് ജീവലോകങ്ങളെക്കുറിച്ച് കാൾ സാഗൻ വിവരിച്ചു. കൗതുകമുണ്ടാക്കുന്നതായിരുന്നു ആ വിവരങ്ങളേറെയും. ഭൂമിയിൽ കാണാത്തതരം ജീവികൾ മറ്റനേകം നക്ഷത്രയൂഥങ്ങളിലുണ്ട് എന്നത് വിശ്വസിച്ചേ മതിയാകൂ. കാരണം അതെക്കുറിച്ച് ഇത്രയും വിശദീകരിക്കുന്നത് കാൾ സാഗനാണ്‌. താൻ കാണാത്ത കാര്യം അദ്ദേഹം പറയാനിടയില്ല. അപ്രകാരം പറയുന്നതു കൊണ്ട് അദ്ദേഹത്തിന്‌  പ്രയോജനവുമില്ല. ഇരുകാലികളും നാൽക്കാലികളും ഇഴജന്തുക്കളും പറക്കുന്നവയും അനേകം ജീവികൾ ഒത്തുചേർന്നുള്ള സ്ലൈം മോൾഡ് പോലെയുള്ളവയും സർവ്വസാധാരണമാണ്‌ ഈ ഗാലക്സിയിൽ. ഏതായാലും അവയിലൊന്നിനും ഇത്രയും സാങ്കേതിക ഉപകരണങ്ങൾ സ്വന്തമായി ഇല്ല എന്നത് ആശ്വാസം തന്നെ. അവയൊന്നും നമ്മുടേതുപോലെയുള്ള യാനങ്ങളിൽ കയറി എത്താനിടയില്ല എന്നതും ആശ്വാസം തന്നെ. 

‘ പക്ഷെ , താങ്കൾക്കറിയാത്ത മറ്റു ലോകങ്ങളുണ്ടാകാനിടയില്ലേ,ഇത്രയും വലിയ ഗാലക്സിയിലും മറ്റു ഗാലക്സികളിലും?’ എന്റെ സംശയം പ്രതീക്ഷിച്ചതു തന്നെ എന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായി.

‘ ഉണ്ട്. മറ്റനേകമുണ്ട്. പക്ഷെ അവിടൊന്നും എത്തിപ്പെടാൻ തത്കാലം എനിക്കുമാകുന്നില്ല. കാരണം അവയൊക്കെ നൂറുകണക്കിന്‌, ആയിരക്കണക്കിന്‌ പ്രകാശവർഷം അകലെയാണ്‌. ഈ ഗാലക്സിയിലെ കാര്യമാണ്‌ പറഞ്ഞത്. തൊട്ടടുത്ത ഗാലക്സിയിൽ എത്തണമെങ്കിൽ എനിക്കുപോലും സാധ്യമല്ല’

‘ പക്ഷെ , വളരെ ദൂരെയുള്ള സാറ്റേണിന്റെ ഉപഗ്രഹത്തിലും അന്യഗ്രഹത്തിലും എങ്ങനെ പോകാൻ സാധിച്ചു?’

കാൾ സാഗൻ എന്റെ ചോദ്യം കേൾക്കാത്ത മട്ടിലിരുന്നു.

‘അകലേയ്ക്ക് യാത്ര ചെയ്തപ്പോൾ ‘മങ്ങിയ നീല പൊട്ട്’ എന്ന പോലെ ഭൂമിയെ കണ്ടുവോ?’ കാൾ സാഗന്റെ പുസ്തകങ്ങളിലൊന്നിന്റെ പേരുതന്നെ അതാണ്‌.

‘പിന്നെ, തീർച്ചയായും ഞാൻ കണ്ടു. എൻസെലാഡസിൽ നിന്നു നോക്കിയാൽ ഈ ഗ്രഹത്തിന്റെ നീലനിറം കാണാം’ സാറ്റേൺ ഇപ്പോൾ ഉള്ള ദിശ ചൂണ്ടിക്കൊണ്ട് സാഗൻ പറഞ്ഞു. വലയങ്ങളുള്ള  ആ ഗ്രഹം മങ്ങിയാണ്‌ കാണപ്പെടുന്നത്. സ്ഥിരമായി നിരീക്ഷിക്കുന്നവർക്ക് അതെവിടെയുണ്ടെന്ന് വ്യക്തമായി അറിയാനാകും. എനിക്കും അറിയാം ഗ്രഹങ്ങളുടെ സ്ഥാനവും മറ്റും. സ്കൈമാപ്പ് നോക്കി നെപ്റ്റ്യൂണ്ണും യുറാനസും ഉള്ള ഇടങ്ങൾ തിരിച്ചറിയാനുമാകും. 

മറ്റൊരു ഹോളോഗ്രാം പ്രത്യക്ഷമായി. വലിയൊരു കല്ല് പാഞ്ഞു പോകുന്നു. അതിന്റെ പിന്നിൽ നേരിയ ധൂളീ പടലവുമുണ്ട്.

‘ ഇതെന്താണെന്ന് മനസ്സിലായോ?’ കാൾ സാഗൻ ഹോളോഗ്രാമിലേയ്ക്ക് കയ്യിറക്കിക്കൊണ്ട് കല്ലിനെ തൊട്ടുകൊണ്ട് ചോദിച്ചു.

‘വാൽ നക്ഷത്രമോ മറ്റോ ആണോ?’

‘ഏകദേശം ശരി തന്നെ. ഇതൊരു ആസ്റ്ററോയ്ഡാണ്‌. പേര്‌ 2709 സാഗൻ. ഇതുമായി മറ്റൊരെണ്ണം  കൂട്ടിയിടിച്ച് ഒരു കഷ്ണം ഭൂമിക്കുനേരെ വരുന്നുണ്ട്’

‘മാഴ്സിനപ്പുറത്തെ ആസ്റ്ററോയ്ഡ് ബെൽറ്റിൽ നിന്നായിരിക്കും വരവ് അല്ലേ’ ആ പ്രദേശത്തെക്കുറിച്ച് വായിച്ചറിഞ്ഞതാണത്.

‘അതേയതെ. അത് ജനവാസമുള്ളയിടത്ത് വീണാൽ കുഴപ്പമാകും.ആറ്റംബോംബ് വീണതുപോലെ…പണ്ട് സൈബീരിയയിൽ വീണത് അറിയാമല്ലോ അല്ലേ.’………‘ തുംഗുസ്ക, ചെല്യാബിൻസ്ക് ...   വീണ്ടും സൈബീരിയ  ... എല്ലാം 50 ഡിഗ്രി മുതൽ 62 ഡിഗ്രി വരെയുള്ള ലാറ്റിറ്റ്യൂഡിൽ... വീണ്ടും സൈബീരിയ തന്നെ….  ’  കാൾ സാഗൻ പെട്ടെന്നാണ്‌ ഇതു പറഞ്ഞുതീർത്തത്. അദ്ദേഹത്തിന്‌ പോകാൻ ധൃതിയായി എന്ന് തോന്നുന്നു….. 

അപ്പോൾ മാത്രമാണ്‌ ഞാനതു കണ്ടത്. കാൾ സാഗന്റെ കാലുകൾ നിലത്തു തൊടുന്നില്ല…. വായുവിൽ ഒന്നരയടിയോളം ഉയരത്തിൽ അദ്ദേഹം നില്ക്കുന്നു. നേരത്തേ പാടത്തേയ്ക്ക് ഇറങ്ങി നിന്നപ്പോൾ ഉയരം കുറഞ്ഞതായി തോന്നാത്തതിനു കാരണമതായിരിക്കും. സംശയം തീർക്കാൻ ഞാൻ നല്ലതുപോലെ നോക്കി. വായുവിൽ നിൽക്കുന്ന കാൾ സാഗൻ….പെട്ടെന്ന് ആ രൂപം മങ്ങാൻ തുടങ്ങി. മുഖവും ഉടലും വ്യക്തമാകാതായി…..  പതിയെ അത് ഇരുട്ടിൽ അലിഞ്ഞ് ഇല്ലാതായി.…………………

അകലെ നിന്ന് ആരോ സംസാരിക്കുന്നതു പോലെ തോന്നി. ഞാൻ ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചു. ആരോ അടുത്തേയ്ക്ക് വരുന്നതു പോലെ .. കാലിൽ തൊട്ടു നോക്കുകയും ചെയ്യുന്നു. കൺപോളകൾ ആരോ വിടർത്തി നോക്കുന്നു. കണ്ണിൽ വെളിച്ചം തെളിക്കുന്നുമുണ്ട്.ആകെയൊരു മൂടൽ പോലെ. ഒന്നും വ്യക്തമായി കാണാനാകുന്നില്ല. അടുത്തു നിന്നയാൾ പറയുന്നത് ചെറുതായി കേൾക്കാം...

‘ ബോധം തിരിച്ചുകിട്ടിയത് ഭാഗ്യം. കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ പിന്നെ..’

‘ശരിയാണ്‌ ഡോക്ടർ. മൂർഖൻ കടിച്ചാൽ ഇത്രയും നേരം കഴിഞ്ഞ് ആളെ തിരിച്ചുകിട്ടുന്നതു വലിയ ഭാഗ്യം തന്നെ. ചായക്കടക്കാരൻ ബാഹുലേയനാണ്‌ കണ്ടത്, കടയടച്ചു വരുന്ന വഴി. പാടവരമ്പിൽ കിടക്കുകയായിരുന്നു’

‘കാല്പത്തിയിൽ കടിയേറ്റതുകൊണ്ട് രക്ഷപ്പെട്ടു’..

നല്ല തണുത്ത മൃദുവായ  കൈ എന്റെ പൾസ് നോക്കാൻ തുടങ്ങി.   വെള്ളവസ്ത്രമണിഞ്ഞ മങ്ങിയ രൂപം.... 

‘ എനിക്കല്പം വെള്ളം വേണം. ഞാനെങ്ങനെ ഇവിടെയെത്തി. ഇത് ആശുപത്രിയാണോ?’

‘ നാരങ്ങാവെള്ളം തരാം. ഇത്   ബെൻസിഗർ ഹോസ്പിറ്റൽ. ഇവിടെ വന്നിട്ട്  ഒരാഴ്ച്ച കഴിഞ്ഞു. ബോധമില്ലായിരുന്നു’ നഴ്സിന്റെ മുഖം മങ്ങിയ നിലയിൽ കാണാം.

ഞാൻ ആയാസപ്പെട്ട് ചിരിച്ചു. 

‘കടി കൊണ്ടത് അറിഞ്ഞില്ലേ. വേദന തോന്നിയില്ല..?’

‘കാലിൽ കുപ്പിച്ചില്ലു കൊണ്ടെന്നാണ്‌ തോന്നിയത്. പിന്നെ വീട്ടിച്ചെന്ന് നോക്കാമെന്ന് കരുതി..’

‘ഇനി അധികം കണ്ണടച്ച് കിടക്കണ്ട. പതുക്കെ കാഴ്ച്ച മുഴുവനായും തിരിച്ചുകിട്ടും. പക്ഷെ  സമയമെടുക്കും അതിന്‌.   റിക്കവറിക്ക് അതാണ്‌ നല്ലത്. ഞാൻ ടി വി വയ്ക്കാം ’ മുറിയിലെ ടിവി ഓൺ ചെയ്തെന്ന് മനസ്സിലാക്കി.

അതിൽ വാർത്ത വായിക്കുന്നയാളുടെ ശബ്ദം പരിചിതമാണ്‌.

... ഇനി ലോകവാർത്തകൾ ഞങ്ങളുടെ ഇന്റർനാഷനൽ ഡെസ്ക്കിൽ നിന്ന്...

‘സൈബീരിയയിലെ നോവോസിബിർസ്കിൽ കഴിഞ്ഞയാഴ്ച്ച പതിച്ചത് ഒരു ആസ്റ്ററോയ്ഡിന്റെ ഭാഗമാണെന്ന്  വ്യക്തമായിരിക്കുന്നു.ഒരു  വലിയ ആസ്റ്ററോയ്ഡ് മറ്റൊരെണ്ണവുമായി കൂട്ടിയിടിച്ച് ഭൂമിയുടെ ഭ്രമണപഥത്തിലെത്തുകയും അന്തരീക്ഷത്തിൽ പൂർണമായും കത്തിത്തീരാതെ പതിക്കുകയുമായിരുന്നു. ജനവാസം കുറഞ്ഞ മേഖലയിൽ പതിച്ചതു കൊണ്ട് ആളപായം കുറയുകയും ചെയ്തു. ഈ ആസ്റ്ററോയ്ഡിന്റെ ഭാഗങ്ങൾ  പതിച്ച് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും   കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നൂറുവർഷം മുൻപ് സൈബീരിയയിൽ തന്നെയുള്ള തുംഗുസ്ക പ്രവിശ്യയിലെ വനമേഖലയിലും   2013ൽ ചെല്യാബിൻസ്കിലും പതിച്ചവയുടെ അതേ ഘടനയാണ്‌   ഇപ്പോൾ നോവോസിബിർസ്കിൽ  പതിച്ചതിന്‌... ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് സൈബീരിയയിൽ കേന്ദ്രീകരിക്കുന്നു എന്നത് വ്യക്തമല്ല…’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com