മലയാളമാണെന്റെ മാതൃഭാഷ
മാധുര്യമൂറുന്ന തേന്മൊഴികൾ
അമ്മയാംമലയാളം നന്മയാം മലയാളം
അമ്മിഞ്ഞപ്പാൽപോൽ മധുരം മലയാളം .
വാക്കാണു സത്യമെന്നോതുമ്പോഴും
നാക്കിൽ വരുന്നൊരി മാതൃഭാഷ.
മലയാള ദേശത്തിൻ മഹിമകൾ പാടുവാൻ
അലകളായൊഴുകുന്നു മധുരം മലയാളം.
കളകളമൊഴുകുന്ന പുഴകളിൽ ഒളി പകരും
കളങ്കമില്ലാത്തൊരെന്റെ ഭാഷ
മൊഴിയിലും പൊരുളിലും ഹൃത്തിൽ പതിയുന്ന,
മൊഴിമുത്തായ് തീരുന്നെൻ മധുരം മലയാളം.
പൂവിന്റെ മാധുര്യം എൻ മലയാളം .
പുഴയുടെ ഓളങ്ങളെൻ മലയാളം
മലയുടെ , കാട്ടിന്റെ കാട്ടാറിൻ ചിലമ്പിന്റെ ,
കാനനച്ചോലയിലൊഴുകും മലയാളം.
വയലിൻ വരമ്പിന്റെ സൗന്ദര്യധോരണിയാൽ
വയലേല പച്ചപ്പട്ടു വിരിക്കുമ്പോൾ
കാണാമറയത്തുന്നോടിയെത്തുന്ന
കിളികൾ തൻ മൊഴിയുമെൻ മധുരം മലയാളം.
ആടാം പാടാം കാളികളോടൊത്തു പാടാം
മാധുര്യമൂറുന്ന മാതൃഭാഷ.
ഹൃദയത്തിൽ നിന്നും ഉയർന്നു വരുന്നൊരു
മധുരമാം ഭാഷയാണെന്റെ ഭാഷ
മധുരമാം മലയാളമെന്റെ ഭാഷ