ഒറ്റികൊണ്ടെയ്തു വീഴ്ത്തുന്നപോലെ
ഒറ്റിക്കൊടുത്തു വീഴ്ത്തുന്നു ചിലരെന്തിനോ
ഇരുളിൽ ചലിക്കുന്നു നിഴലുകൾ
ഇരുണ്ട മനസ്സു വഹിച്ചു നടപ്പവർ
പാലു പോലെ വെളുക്കെ ചിരിക്കുന്നു
പാത്തും പതുങ്ങിയും വിഷമൊഴുക്കുന്നു
അപരന്റെ നന്മയിൽ അസൂയ
ചുരത്തുന്നു
ഏഷണികൊണ്ടൊരു ഏഴയെ വെല്ലുന്നു
നീചബുദ്ധിക്കു ഓശാന പാടുന്നു
നേരറിഞ്ഞിട്ടും ഒറ്റികൊടുക്കുന്നു
നേരിന്റെ വാതിലടച്ചിട്ടിട്ടെന്തിനോ
നേർത്ത ഇരുളിന്റെ കൂടെ ചരിക്കുന്നു
സ്വാർത്ഥതകൊണ്ടോ അസൂയകൊണ്ടോ തമ്മിൽ
ഒറ്റിക്കൊടുക്കുന്നു ഒട്ടിനിന്നിട്ടവർ
കണ്ണിൽ പാഷാണതിമിരവും പേറി
ചുണ്ടിൽ ചതിയുടെ പുഞ്ചിരി പടർത്തി
ഒട്ടിച്ചേർന്നു നിൽക്കുന്നു ഒറ്റുകാർ
ഓർത്തു ചുവടുവെക്കുക നാമിനി