ADVERTISEMENT

കൊലയാളി ഞാൻ തന്നെ (കഥ)

 

ഉമ്മറകോലായിൽ ചിതറികിടക്കുന്ന പത്രത്താളുകൾ പെറുക്കി ക്രമം തെറ്റിച്ചു മേശവിരിപ്പിൻ മുകളിലേക്ക് അലസമായി വലിച്ചെറിഞ്ഞു പുറത്ത് ആർത്തിരമ്പി പെയ്യും ഇരുണ്ട പേമാരി നോക്കി ചവിട്ടുപടിയുടെ ഓരം പറ്റി അരഭിത്തിയിൽ തലചായ്ച്ചു കിടന്നു അയാൾ!

 

ഉറഞ്ഞു തുള്ളിപ്പെയ്യും പേമാരിയേക്കാൾ, ശക്തിയിൽ കുറ്റബോധത്തിന്റെ കനലുകൾപോലെ നീറി ചുട്ടു പൊള്ളിക്കയായിരുന്നു ഓർമകളായാളേ..

 

ആഞ്ഞു വീശിയ കാറ്റിലും ശക്തമായ മഴക്കു മുന്നിലും പിടിച്ചു നിൽക്കാൻ കഴിയാതെ ആടി ഉലഞ്ഞ മൂപ്പെത്താത്ത കിളിച്ചുണ്ടൻ മാങ്ങയും പഴുത്തു തുടുത്ത മൂവാണ്ടനും ചറ പറ തലങ്ങും വിലങ്ങും, ഞെട്ടറ്റു വീണു! തൊടിയിലെ അതിരിൽ അവൾ ഓമനിച്ചു വളർത്തിയ തേൻ വരിക്ക പ്ലാവിൽ സൂചികുത്താൻ ഇടമില്ലെന്ന കണക്കേ തിങ്ങി നിറഞ്ഞ വരിക്കച്ചക്കക്കിടയിൽ, കുഞ്ഞണ്ണാനും വവ്വാലും കാക്കയും കൊത്തിയും കരണ്ടും ബാക്കി വെച്ചു നിന്നവയിൽ ചീഞ്ഞളിഞ്ഞ ചിലത് ഞെട്ടിൽ നിന്നും അടർന്നു ചിന്നിച്ചിതറി നിലം പതിച്ചു.

 

അവൾ ഉള്ളപ്പോൾ മുറ്റത്തു ഒരില പോലും അലസമായി കിടക്കാറില്ല! ചുക്കിളി പിടിച്ച മോന്തായം, പുറത്തേക്കാൾ കൂരിരുട്ടു പകർന്നു പിടിച്ച അകത്തളം...അവൾ നിറച്ച ശൂന്യതയുടെ പ്രതിരൂപങ്ങളായി. അവൾ ഏഴുതിരിയിട്ട നിലവിളക്കായിരുന്നു. എന്റെ ജീവിതത്തിലെ പ്രകാശമായിരുന്നു. എന്നിട്ടും എന്തേ ഞാൻ മാത്രം അവളെ കരിതിരിയായി കണ്ടു അവഗണനയാൽ നോവിച്ചു? കാലമേ, എനിക്കായി ഒരു അവസരം തന്നു കൂടെ, എന്നെ അവളുടെ ലോകത്തേക്ക് പറിച്ചു നട്ടുകൂടെ? സ്വയം പിറുപിറുത്തുകൊണ്ടയാൾ തേങ്ങി കരഞ്ഞു.

 

ശ്രീയേട്ടാ.....

അകത്തളത്തിൽ നിന്നും പുറത്തെ  മഴയും ഇടിയുടെയും കോലാഹലങ്ങളെ ഭേദിച്ചു കാതുകളിൽ മുഴുകി കേട്ട നനുത്ത ശബ്ദം...

സ്വപ്‌നത്തിലെന്ന പോലെ ഞെട്ടി പിടഞ്ഞെഴുന്നേറ്റു അകത്തെ ഇരുളിലേക്ക് ഓടി കയറി ചുറ്റും പരതി.

ശാലു...

ശാലു.. എവിടെയാ നീ?

എന്നെ പറ്റിക്കാൻ നോക്കണ്ടട്ടോ! ഒളിച്ചു കളി നിർത്തു ട്ടോ! എനിക്കു നീയില്ലാതെ പറ്റില്ല! എന്നോട് ഒരു തവണ ക്ഷമിച്ചു കൂടെ നിനക്ക്? സ്ഥലകാല ബോധത്തെ മറച്ച ആ ശബ്ദം അശരീരിയായ് ഇടക്കിടെ അയാളുടെ സ്വബോധത്തെ മറച്ചു പിടിച്ചിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് കഴിഞ്ഞു. ചിത്തഭ്രമം ബാധിച്ചവനെ പോലെ ഇരുളിനെ പ്രണയിച്ചു പിടികൊടുക്കാതെ ഓടുന്ന മനസ്സിനെ കടിഞ്ഞാണിടാൻ കഴിയാതെ കഴിച്ചാൽ കഴിച്ചു ഉറങ്ങിയാൽ ഉറങ്ങി... രാവും പകലും ഒരു പോലെ കടന്നു പോകുന്നതു പോലും അറിയാതെ തികഞ്ഞ ഏകാന്തതയിൽ മുങ്ങിയ ദിനങ്ങൾ...

 

ശ്രീക്കുട്ടാ...

ഇതെന്താ സന്ധ്യയായിട്ടും വെട്ടം കത്തിക്കാതെ...എന്തു ഇരിപ്പാ കുട്ട്യേ!

എങ്ങനെ കുത്തി ഇരിക്കാതെ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങിക്കൂടെ? മുറിയിലെ  ഇലക്ട്രിക് സ്വിച്ച് ഓൺ ആക്കിക്കൊണ്ട് തങ്കച്ചൻ ചോദിച്ചു.

അല്ല..

വല്യച്ഛൻ വന്നോ..

 

ഉം..

സാധനങ്ങൾ അടുക്കളയിലേക്ക് വെച്ചോളൂ.

അമ്മയുടെ ചേട്ടനാണ് തങ്കച്ചൻ വല്യച്ഛൻ. വടക്കേതിലെ ശ്രീനി വിളിക്കുന്ന കേട്ട് വിളിച്ചു തുടങ്ങിയതാ വല്യച്ഛാന്ന്.

ചെറുതിലെ അച്ഛൻ ഇട്ടേച്ചു പോയതിൽ പിന്നെ അമ്മക്ക് കൂട്ടായി എന്നും ഓടി എത്തിയിരുന്നത് വല്യച്ഛനായിരുന്നു. അപ്രതീക്ഷമായി കടന്നു വന്ന വാഹന അപകടത്തിൽ വിധി അമ്മയേയും തട്ടിപ്പറിച്ചു പോയി. ആ ഏകാന്തതയിൽ തുണയായിരുന്നത് വല്യച്ഛൻ ആയിരുന്നു. എളേമ്മക്ക് ഇഷ്ടം കുറഞ്ഞു വന്നതോടെ, ആ വരവും കുറഞ്ഞു.

പിന്നെ വല്യച്ഛൻ തന്നെ മുൻ കൈ എടുത്തു ഉപരിപഠനത്തിന് സിറ്റിയിലേക്ക് പറിച്ചു നട്ടു. നാട്ടിലേക്കുള്ള വരവ് പോലും എപ്പോഴെങ്കിലും ഒക്കെയായി ഒതുങ്ങി. ആ നിമിഷങ്ങൾക്കിടയിലാണ്,ശാലു തന്റെ ജീവിതത്തിലേക്ക്അപ്രതീക്ഷമായി കടന്നു വരുന്നത്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ താൽക്കാലിക തസ്തികയിൽ നേഴ്സ് ആയി കയറിയ ആദ്യദിനങ്ങൾ. അവസാന വർഷ പരീക്ഷ കഴിഞ്ഞുള്ള ആഹ്ലാദനിമിഷങ്ങൾക്കിടയിൽ മറിഞ്ഞു കൈ തണ്ടമേൽ വീണു.

 

ഡസ്ക് പറ്റിച്ച പണിയേ...

എല്ലു പൊട്ടി.

പിന്നത്തെ കഥ പറയണ്ടലോ?

ഹോസ്പിറ്റൽ, പ്ലാസ്റ്റർ, സൗഹൃദം, പ്രണയം... ഒടുവിൽ വിവാഹം.

 

ശാലു ഇല്ലാതെ പറ്റില്ലെന്നു തോന്നിയ ദിനം കൂടെ വരുമോ എന്നേക്കുമായി

എന്നൊരു ചോദ്യം?

കേട്ട പാടെ മറ്റൊന്നും പറയാതെ തന്റെ ഒപ്പം എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്നവൾ!

 

അവൾ തന്റെ കൂടെ ഇറങ്ങി വന്നതിന്റെ തൊട്ടു പുറകെയാണ് ടെക്‌നോപാർക്കിൽ നിന്നും കോൾ ലെറ്റർ വരുന്നത്. അങ്ങനെ ഞാനും തിരക്കുള്ള ജോലിക്കാരനായി മാറി. ഭർത്താവിന്റെ അധികാരകോട്ട് എടുത്തണിഞ്ഞു ആദ്യമേ അവളുടെ ജോലിയിൽ തുരങ്കം വെച്ചു. എന്നേക്കുമായി അവളെ അകത്തളത്തിലെ ദാസിയാക്കി അടച്ചിടാൻ ശ്രമിച്ചു.

ആ നിഷേധവും പരാതി പറയാതെ ഉൾക്കൊണ്ടു തന്നെ ലോകമായി കണ്ടു പ്രണയിച്ചു കൊണ്ടേയിരുന്നവൾ.

 

24 മണിക്കൂറും ജോലിയിലും സാമൂഹ്യ മാധ്യമങ്ങളിലും തരുണീ മണികൾ തൻ സൗഹൃദ വലയത്തിൽ ചുറ്റി തിരിഞ്ഞ തനിക്ക് ശാലുവിനെ ശ്ദ്ധിക്കാൻ സമയം ഇല്ലാതെ പോയി. ഏകാന്തതയുടെ ചുഴിയിൽ അവൾ എത്ര ദിനങ്ങൾ....

ഈശ്വരാ! പാപിയാണ് ഞാൻ, മനുഷ്യത്വം നശിച്ച പാപി!

 

എല്ലാ സ്വപ്നങ്ങളും തനിക്കായി ത്യജിച്ചു ഒരിക്കലും പരിഭവം പറയാതെ തന്നിലേക്കൊതുങ്ങി പോയവൾ!

പല രാത്രികളിലും തന്റെ കൈ വള്ളയിൽ ബലിമൃഗമായവൾ. വേദനകൊണ്ടു പുളയുമ്പോഴും തന്നെ സംതൃപ്തിപെടുത്താൻ ശ്രമിച്ചവൾ.

 

ഓർക്കുന്നു ഒരിക്കൽ അവളുടെ മാറിടം ഞെരിച്ചു താൻ ഉല്ലസിച്ചപ്പോൾ വേദനിക്കുന്നെന്ന് പറഞ്ഞു പൊട്ടി കരഞ്ഞു പിടഞ്ഞെഴുന്നേറ്റ ദിനം.

 

തന്റെ ഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥ, കത്തിക്കയറി വന്ന രോഷത്തിൽ പ്രഹരിച്ചു ഒന്നിനും കൊള്ളാത്തവൾ എന്നാക്ഷേപിച്ചു നിലത്തേക്ക് നിഷ്കരുണം തള്ളി വീഴ്ത്തി, അതിന്റെ പേരിൽ ദിനവും അവളെ നിത്യരോഗിയാക്കി ആക്ഷേപിച്ചു പരിഹസിച്ചു.

 

പിന്നീട് ഒരിക്കൽ പോലും എനിക്കു വേദനിക്കുന്നു എന്നവൾ പറഞ്ഞതും ഇല്ല. എന്റെ സന്തോഷങ്ങൾക്കു വേണ്ടി അവൾ സ്വയം എരിഞ്ഞടങ്ങിയപ്പോഴും, അതു കാണുവാൻ തിമിരം പിടിച്ച തന്റെ നേത്രങ്ങൾക്ക് അന്ന് കഴിഞ്ഞില്ല.

 

വിധി വില്ലനായി വളരുന്നത് അറിയാൻ വൈകി. എല്ലാത്തിനും കാരണം തനിക്കു നേരം ഉണ്ടായിരുന്നില്ല അവളെ ശ്രദ്ധിക്കാൻ, ഒരല്പനേരം അവൾക്കായി മാറ്റിവെക്കാൻ, എന്തിന് അവളുടെ വാക്കുകൾക്ക് ഒരിത്തിരി നേരം ശ്രദ്ധകൊടുത്തിരുന്നെങ്കിൽ!

 

ഒരു കുറവും അറിയിക്കാതെ തന്നെ ഊട്ടി, തന്റെ ചെറിയ നോവിന് പോലും ഉറക്കമൊഴിച്ചു കൂട്ടിരുന്നു, അമ്മയെ പോലെ മാറോട് തന്റെ ശിരസ്സു ചേർത്തുറക്കിയ ആ മാറിൽ വളർന്ന വില്ലനേ എന്തേ അറിയുവാൻ തനിക്കായില്ല?

 

ഓർക്കുന്നു ഇപ്പോഴും മൂന്നാറിൽ കമ്പിനി വക സുഖവാസ ക്യാമ്പിന്റെ പേരും പറഞ്ഞു സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു രസിച്ച രണ്ടു ദിനം. ഒരു വിളിപ്പുറത്ത് അവൾ തന്റെ ഫോണിനായി കാത്തിരിക്കുമെന്നറിഞ്ഞു വിളിക്കാതെ അവളെ മനപ്പൂർവം മറവിക്കു വിട്ടു കൊടുത്തു താൻ.

 

തന്റെ എല്ലാ ഇഷ്ടങ്ങളെയും സംതൃപ്തിപ്പെടുത്തി തിരിച്ചു വീട്ടിലെത്തിയ മൂന്നാം ദിനം പുലർച്ചേ പുറത്തേ വിളക്കുകൾ കത്തി നിൽക്കുന്ന കാഴ്ച്ച തന്നെ ഒത്തിരി ചൊടിപ്പിച്ചു.

അശ്രീകരം!

ഇതെവിടെ പോയി കിടക്കാണാവോ, കറണ്ടിന്റെ ബിൽ വരുമ്പോൾ കൈയിൽ കൊണ്ട് തന്നാൽ മതിയല്ലോ ശവത്തിന്...

 

പിറുപിറുത്തു അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച്ച തറയിൽ അശ്രദ്ധമായി കിടക്കുന്ന അവളെയാണ്. നെഞ്ചിൽ കൂടി ഒരു ഇടിവാൾ കടന്നു പോയപോലെ തോന്നി ഒരു നിമിഷം.

പിന്നെ അവളെ വാരിയെടുത്തു ഹോസ്പിറ്റലിലേക്കുള്ള ഓട്ടമായിരുന്നു. അന്ന് അവളെ പൊക്കി എടുത്തപ്പോഴാണ് ആദ്യത്തെക്കാൾ അവളുടെ ഭാരം കുറഞ്ഞു പോയ പ്രതീതി അനുഭവിച്ചറിഞ്ഞത്.

 

ഹോസ്പിറ്റലിലെ പരിശോധനകൾക്കൊടുവിൽ ഡോക്ടർ പേർസണലായി തന്നെ വിളിച്ചു പറഞ്ഞതു കേട്ട നിമിഷം ഭൂമി പിളർന്നു പോയെങ്കിൽ ഒരു നിമിഷം എന്നു തോന്നി പോയി.

 

ബ്രസ്റ്റ് കാൻസർ മൂന്നാം സ്റ്റേജ് കഴിഞ്ഞു. കാര്യങ്ങൾ കൈ വിട്ടു തുടങ്ങി! തിരുവനന്തപ്പുരം, ആർ സി സിയിൽ നല്ല ട്രീറ്റ്മെന്റ് ഉണ്ട് ഡോക്ടർമ്മാരും. ഇവിടെ ഇനി ഒന്നും ചെയ്യുവാൻ ഇല്ല! തല്ക്കാലം വേദനക്ക് മെഡിസിൻ കുറിച്ച് തരാം! അതു ശ്വാശ്വതമല്ല. എത്രയും പെട്ടെന്ന് അവിടെ പോയി ട്രീറ്റ്മെന്റ് എടുക്കാൻ ശ്രമിക്കുക!

ഡോക്ടർ ഞാൻ ഇതെങ്ങനെ അവളോട്?

 

അതോർത്തു വിഷമിക്കണ്ട! ശാലിനി ഇതേ കുറിച്ചു സംശയം പ്രകടിപ്പിച്ചിരുന്നു. ആൾക്ക് ഈ അവസ്ഥയെ കുറിച്ച് നല്ല ബോധം ഉണ്ട്. അതാണ്, ഇത്ര പെട്ടെന്ന് തന്നെ മാമോഗ്രാം ചെയ്തു നോക്കിയതിന്റ കാരണം.

 

ഡോക്ടർ....

എന്തു മറുപടി പറയണമെന്നറിയാതെ വാക്കുകൾക്കായി ഒരു നിമിഷം പതറി നിന്നുപോയി.

 

വിഷമിച്ചിട്ടു കാര്യം ഇല്ല. പത്തിൽ എട്ടുപേർ ക്യാൻസർ കോശങ്ങളുടെ പിടിയിയിലേക്ക് തള്ളപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ജങ്ക്ഫുഡ്‌, കളർ പ്രിസർവേറ്റിവ്സ്, മെന്റൽ സ്‌ട്രെസ്, ഹോർമോൺ വ്യതിയാനം ഒക്കെ കാരണമായി വരാറുണ്ട്. അതു കൊണ്ട് ഭയമല്ല വേണ്ടത് കെയർ, മനോബലം ഒപ്പം നല്ല ചികിത്സയാണ് പ്രാധാന്യം.

 

അറിയാത്തവരെങ്കിൽ പോട്ടെ എന്നു വിചാരിക്കാം പക്ഷേ അറിവു നേടിയവർ തന്നെ സൂചനകൾ അവഗണിക്കുന്നതാണ് പ്രശ്നത്തെ ഗുരുതരമാക്കുന്നത്. തുടക്കത്തിൽ കണ്ടു മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...

 

ആഹ്...ഇനി എന്തായാലും എത്രയും പെട്ടെന്ന് ആർ സി സി യിലേക്ക് പോകുവാൻ നോക്കൂ.

 

പ്രിസ്ക്രിപ്ഷൻ വാങ്ങി പുറത്തിറങ്ങുമ്പോൾ, വരാന്തയിൽ ഭാവമാറ്റങ്ങൾ ഇല്ലാതെ നിൽക്കുന്ന ശാലു ആദ്യം പറഞ്ഞത് പോകാം എന്നായിരുന്നു.

 

മെഡിസിൻ!

ഡോക്ടർ എഴുതിയ മരുന്നിന്റെ കുറുപ്പടി നീട്ടി. പറഞ്ഞു മുഴുപ്പിക്കും മുൻപേ അവൾ പറഞ്ഞു.

 

ഓ... അതു കൊണ്ടൊന്നും കാര്യമില്ല! പോകാം.

 

മരുന്ന് വാങ്ങി വീട്ടിലെത്തി സമാധാനപരമായി ആർ സി സി പോകേണ്ട കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ പറഞ്ഞു.

 

വേണ്ട! അതു കൊണ്ടൊന്നും ഇനി കാര്യം ഇല്ല. വെറുതെ കടം വരുത്തിക്കൂട്ടാം എന്നല്ലാതെ, പോരാത്തതിന് ശ്രീയുടെ ജോലി...എന്തിനാ വെറുതെ ഒരു പരീക്ഷണം?

 

വേണ്ട!

 

ഇതു കേട്ടതും കുറ്റബോധത്താൽ പൊട്ടി കരഞ്ഞു അവളെ ചേർത്തു പിടിച്ചപ്പോൾ, ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ആ കണ്ണുനീർതുള്ളികൾ എന്നെ ചുട്ടുപൊള്ളിച്ചു!

 

ശാലു...

 

ഉം...

 

jimcy-johnson
ജിംസി ജോൺസൺ

എന്നെ വെറുക്കരുത് നീ.

 

വെറുക്കാനോ ഞാനോ?

 

എന്നോട് ദേഷ്യം തോന്നുന്നുണ്ടോ നിനക്ക്?

 

എനിക്കതിനു കഴിയുമെന്ന് ശ്രീക്ക്, തോന്നുണ്ടോ?

 

പരിഭവങ്ങളും സങ്കടങ്ങളാൽ വിങ്ങി പൊട്ടി കരഞ്ഞും ചേർത്തു പിടിച്ചും ആ ദിനം ഇണപ്രാവുകളെ പോലെ പരസ്പരം കുറുങ്ങി!

 

അന്നും പിന്നീടുള്ള രാവുകളും അവൾ തനിക്കു കുഞ്ഞായിരുന്നു. മാറോടു ചേർത്തുറങ്ങിയ അവളെ നോക്കിയിരുന്ന ദിനങ്ങൾ. പലപ്പോഴും തന്നെ ജോലിക്ക് തള്ളിവിടാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു. അവളെ വിട്ടു പോകാൻ കഴിയാതെ ഞാനും.

 

ഒടുവിൽ എന്റെ നിർബന്ധത്തിന് വഴങ്ങി ട്രീറ്റ്മെന്റ്ന്നു പോകാൻ തയ്യാറായി. പോകും മുൻപ് അവൾ ചോദിച്ചത് എനിക്കു എന്തെങ്കിലും പറ്റിയാൽ ശ്രീക്ക്, വിഷമം ആകുമോ?

എന്റെ ഓർമ്മയിൽ ശ്രീ ജീവിക്കുമോ?

അന്ന് അതിനവളോട് കയർത്തു ഇത്തിരി പിണങ്ങിയിരുന്നു.

 

പക്ഷേ അവൾ എല്ലാം മുൻക്കൂട്ടി കണ്ടിരുന്നു. ആ യാത്രയിൽ പാതി വഴിയിൽ എന്നെ തനിച്ചാക്കി എന്റെ ചുണ്ടിൽ ചൂടുമുത്തമേകി അവൾ പറഞ്ഞ അവസാന മൊഴി "ഐ ലവ് യു ശ്രീ, കാത്തിരിക്കും ഇനി വരും..."

പൂർത്തിയാക്കാൻ കഴിയാതെ...എന്റെ...

 

പൊട്ടികരഞ്ഞു ഈശ്വരൻമാരോട് ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത എന്റെ ശാലുവിനെ എന്തിനാ നേരത്തെ കൊണ്ടു പോയെ? ഈ പാപിയെ അല്ലേ ശിക്ഷിക്കേണ്ടത്!

 

ശ്രീ...

ശ്രീ കുട്ടാ!

തങ്കച്ചൻ വല്യയച്ഛന്റെ ശബ്ദം കേട്ടു സ്വപ്നത്തിലെന്ന പോലെ ഞെട്ടിയുണർന്നു.

 

ശ്രീ,

എന്താടാ ഇതൊക്കെ? ചെറിയ കുട്ടികളെ പോലെ, മനുഷ്യ സഹജമല്ലേ ഇതൊക്കെ..

അവൾ, പോയി! അത്രയേ ഈശ്വരൻമാർ ആയുസ്സ് നിശ്ചയിച്ചിട്ടുള്ളൂ എന്ന് വിചാരിച്ചാൽ മതി. നാളെ ഞാനും നീയും ഒക്കെ പോകേണ്ടവർ തന്നെയാ. അതു വിചാരിച്ചു ഉള്ള ജീവിതം സ്വയം ശിക്ഷിച്ചു കഴിയണോ കുട്ടീ!

 

വല്യച്ഛാ...

ഞാൻ...

 

നീ ഒന്നും പറയണ്ട ആദ്യം പോയി ആ കാട് ഇറക്ക്! എന്നിട്ട് പുറത്തൊക്കെ പോയി കൂട്ടുകാരെ കാണ്!

 

ഉം!

 

എന്നാൽ ഞാൻ പോയി അടുത്ത ആഴ്ച്ച വരാം. നിന്റെ ഒപ്പം നിൽക്കണമെന്നുണ്ട്. പക്ഷേ, അമ്മാളുന്റെ  സ്വഭാവം അറിയാലോ? ഇത്തിരി വൈകിയാൽ തുടങ്ങും.

ഹാ...അത് അങ്ങനെ ഒരു ജന്മം! പറഞ്ഞിട്ട് കാര്യം ഇല്ല, എന്റെ യോഗം!

 

ഇറങ്ങട്ടെ ശ്രീ!

 

ഉം...

 

പടിപ്പുര കടന്ന്, വല്യച്ഛൻ പോകുന്നത് നോക്കി നിൽക്കുമ്പോൾ, മനസ്സിൽ സ്വയം പറഞ്ഞു.

 

കഴിയില്ല!

കഴിയുമോ?

ഇല്ല!

ഞാൻ ഞാൻ ആണ് അവളെ മരണത്തിലേക്ക് തള്ളി വിട്ടത്!

ഞാൻ ആണ് കൊലയാളി!

അവൾ ആയിരുന്നു തന്റെ സ്വർഗ്ഗം! തിരിച്ചറിയാൻ വൈകി.

പരിഗണന, സ്നേഹം, ഒരല്പം ശ്രദ്ധ താൻ കൊടുത്തിരുന്നെങ്കിൽ?

എന്റെ ശാലു....

 

ഈശ്വരാ...

 

വിങ്ങി പൊട്ടികരഞ്ഞു കൊണ്ടയാൾ, ഇരുളിലേക്ക് വീണ്ടും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com