ADVERTISEMENT

ഒരുമ – ചെറുകഥ

അച്ഛനെ ഉള്ളുവെന്തു സ്നേഹിച്ച, കൂട്ടത്തിലൊരു അമ്മാവനിൽ തുടങ്ങാം.

അമ്മാവനെന്നാൽ അമ്മയുടെ ബന്ധത്തിലൊരു മൂത്തമ്മാവനാണ്. പ്രതാപിയായ കാരണവർ. ഉഗ്രതേജസ്സാർന്ന, സാക്ഷാൽ വിഷ്ണുഭഗവാനെ ഓർമിപ്പിക്കുന്ന മുഖം. ആരു കണ്ടാലും ഒന്നു കുനിഞ്ഞു തൊഴുതുപോകും. ചോദിക്കാതെ തന്നെ ആരുടെയും ബഹുമാനവും ആദരവും പിടിച്ചുപറ്റുന്ന പ്രകൃതം. നാട്ടിലെ എന്തു കാര്യത്തിനും തീരുമാനത്തിന്റെ അവസാനവാക്ക്. സത്യവും നീതിയും ആർക്കും നിഷേധിക്കാത്ത ഉത്തരവ്. ആരോടും സ്നേഹത്തോടെയും വിനയത്തോടെയുമുള്ള പെരുമാറ്റം തന്നെ മഹാത്മാവിന്റെ ലക്ഷണം. ഭഗവാന്റെ പേര് അച്ഛനും അമ്മയും അറിഞ്ഞിട്ടതോയെന്നുതോന്നും.- നാരായണൻ. സ്നേഹത്തോടെയും ബഹുമാനത്തോടെയും ആളുകൾ വിളിച്ചുവിളിച്ചു പേരു ചുരുങ്ങിപ്പോയി നാറണേട്ടൻ എന്നും നാറണമ്മാൻ എന്നുമായി. ഉഗ്രപ്രതാപിയായ നാറണമ്മാവന്റെ തലയെടുപ്പുള്ളത് ആ നാട്ടിൽ മറ്റൊരാൾക്കു മാത്രമാണ്. അമ്മാവന്റെ വിശാലമായ വീട്ടുമുറ്റത്ത്, ആരും ഒന്നു നോക്കിപ്പോകുന്ന കേശവൻ എന്ന കൊമ്പനാനയ്ക്ക്. അന്ന് ബിഹാറിൽനിന്നു കൊണ്ടുവന്നതാണ് ഈ കുട്ടിക്കൊമ്പനെ. ഇന്നവൻ വളർന്ന് പെരപ്പൊക്കോളമായി. ഇന്നെന്നു പറഞ്ഞാൽ, ഈ മൂത്തമ്മാവന്റെ പ്രതാപകാലത്ത്.

നാറണമ്മാവന്റെ അച്ഛൻ ഇതിലും പ്രതാപിയായിരുന്നു. ഉഗ്രമൂർത്തി. ആരും ഭയക്കുന്ന പ്രകൃതം. കേശു അങ്ങുന്ന്. നാട്ടുകാർ അങ്ങനെയാണ് ഭയബഹുമാനത്തോടെ വിളിക്കുന്നത്. കേശു അങ്ങുന്ന് അറിയാതെ ആ നാട്ടിൽ ഒരു ഈച്ച പോലും പറക്കില്ലെന്ന് നാട്ടിൽ പാട്ട്. പോരാത്തതിന് കേശു അങ്ങുന്ന് പോലും അറിയാത്ത, ഇല്ലാത്ത കഴിവുകളുടെ ഒരു വാഴ്ത്തലും. ശിങ്കിടികളുടെയും അഭ്യുദയകാംക്ഷികളുടെയും പണി. ചുരുക്കിപ്പറഞ്ഞാൽ നാട്ടിലെ ഒരു ഒന്നൊന്നര ദൈവമായിരുന്നു കേശു അങ്ങുന്ന്. ഈ വാഴ്ത്തലെല്ലാം അങ്ങുന്നറിഞ്ഞുതന്നെ, പല കാര്യലാഭം പ്രതീക്ഷിക്കുന്നവരുടെ പണിയാണെന്നാണ് ചില ദോഷൈകദൃക്കുകൾ ഉള്ളാലെ പറഞ്ഞു നടക്കുന്നത്. എന്നാൽ അവരും കേശു അങ്ങുന്നിനെ നേരിൽക്കണ്ടാൽ കൂമ്പി വാടിപ്പോകും. സംസാരിക്കുമ്പോൾ അവരുടെ വായിൽ തേനിറ്റും. ഇത്തരക്കാരെയാണ് സൂക്ഷിക്കേണ്ടതെന്ന് കേശു അങ്ങുന്നിനും അറിയാം. അന്ന് നാട്ടിൽ ആകെയുണ്ടായിരുന്ന ബാങ്കായ തെന്നിക്കര സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റ്, മൂലംകര പഞ്ചായത്തു പ്രസിഡന്റ്.. പിന്നെ കേശു അങ്ങുന്നിനുപോലും അറിയാത്ത അതിന്റേം ഇതിന്റേം ഒക്കെ പ്രസിഡന്റും രക്ഷാധികാരിയുമൊക്കെയായിരുന്നു. അധികാരത്തിന്റെ കിലുക്കമുള്ളൊരു താക്കോൽക്കൂട്ടം അദ്ദേഹത്തിന്റെ മുണ്ടിൻതുമ്പിൽ തൂങ്ങിക്കിടന്നാടി. കഴുത്തിൽ ചുറ്റിയ രണ്ടാംമുണ്ടിന്റെ കസവിന്റെ തിളക്കം നാടിന്റെ ഓരോ മൂലയിലും ഒളിവീശി. കേശു അങ്ങുന്ന് നടന്നു വരുമ്പോൾത്തന്നെ നാട് ഒതുങ്ങിനിന്ന് താണു. എൺപത്തിരണ്ടാം വയസ്സിലും കാളക്കൂറ്റന്റെ മെയ്യഴകോടെയും പ്രസരിപ്പോടെയും വരുന്ന കേശു അങ്ങുന്നിന്റെ കയ്യിൽ സ്വർണം കെട്ടിയ ഒരു ഊന്നുവടി അനാവശ്യമായി പണ്ടുമുതലേ ആളുകൾ കാണുന്നുണ്ടായിരുന്നു. ഒരിക്കൽപോലും ആ വടി നിലത്തുകുത്തി കണ്ടിട്ടില്ല. ഇടതുചെവിയിൽ തിളങ്ങുന്നൊരു സ്വർണക്കടുക്കൻ.

ഒരിക്കൽ സൊസൈറ്റിക്കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോൾ രാഘവൻ പതിവുപോലെ ചായയുമായി വന്നു. സൊസൈറ്റിക്കടുത്ത് ചായക്കട നടത്തുകയാണ് രാഘവൻ. എല്ലാവർക്കും ചായ നൽകി രാഘവൻ തിരിഞ്ഞുപോകുംമുമ്പേ “ചായയ്ക്ക് മധുരം പോരല്ലോ രാഘവാ”യെന്ന് കേശു അങ്ങുന്ന് രാഘവനെ നോക്കി. രാഘവൻ ഒന്നന്ധാളിച്ച് ഭയത്തോടെ തിരിഞ്ഞുനിന്നു. രാഘവന്റെ വായിൽനിന്ന് എന്തെങ്കിലും വീഴുന്നതിനുമുമ്പേ കേശു അങ്ങുന്നിന്റെ അടുത്ത ശിങ്കിടി കുടുമ്മി കുട്ടപ്പൻപിള്ള “ഹും... എന്തോരു ചായ്യ്യാഹേയിത്...” എന്ന് അരിശംകൊണ്ട്, ഒന്നു മൊത്തി ബാക്കിയുള്ള ചായ മുഴുവനും പുറത്തേക്കു വലിച്ചൊഴിച്ചു. എന്നിട്ട് ഗ്ലാസ് മേശപ്പുറത്ത് വലിയ ശബ്ദത്തോടെ ആഞ്ഞുവച്ചു. ഇതുകണ്ട് രാഘവൻ കിലുകിലാ വിറച്ചു. സ്വത്തുതർക്കത്തിൽ സ്വന്തം അമ്മാവനെ കുത്തിക്കൊന്ന് ജയിൽശിക്ഷ അനുഭവിച്ചയാളാണ് രാഘവനെങ്കിലും കേശു അങ്ങുന്നിന്റെ മുന്നിൽ വെറും പൂച്ചയാണ് രാഘവൻ. 

എന്തുപറയണം, ചെയ്യണം എന്നറിയാതെ നിന്ന രാഘവനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കേശു അങ്ങുന്ന് ചായ മുഴുവനും ഒറ്റവലിക്കു കുടിച്ചുതീർത്ത് ഗ്ലാസ് രാഘവന്റെ കയ്യിൽ കൊടുത്തു. 

ഇതുകണ്ടപ്പോൾ അന്ധാളിച്ചത് കുട്ടപ്പൻപിള്ളയാണ്. കേശു അങ്ങുന്നിനെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി ചെയ്ത പണി കുട്ടപ്പൻപിള്ളയ്ക്ക് ഒരു ചായ നഷ്ടപ്പെടുത്തി. മറ്റുള്ളവർ പൊന്തിവന്ന ചിരി പൊത്തിപ്പിടിച്ച് ഉള്ളിൽ കൂട്ടച്ചിരി ചിരിച്ചു.

ഏകമകനായ നാറണമ്മാന്റെ രണ്ടാമത്തെ മകൾ രാധ എസ്എസ്എൽസി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത് അറിഞ്ഞ ദിവസമാണ് കേശു അങ്ങുന്നിൽ എന്തോ ഒരേനക്കേടു കണ്ടതായി കുടുമ്മി കുട്ടപ്പൻപിള്ളയ്ക്കു തോന്നിയത്. എങ്ങോ പോകാൻ തിടുക്കപ്പെട്ട് ഇറയത്തുനിന്ന് മുറ്റത്തേക്ക് പടികളിറങ്ങിയ അച്ഛാച്ഛന്റടുത്തേക്ക് പടി കടന്നോടിയെത്തിയ രാധ, നാലാമത്തെ പടിയിൽ വച്ച് കേശു അങ്ങുന്നിനെ തടഞ്ഞുനിർത്തുകയും കാലിൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതിനു ശേഷം കെട്ടിപ്പിടിച്ചു – ‘‘അച്ഛാച്ഛാ ഞാൻ എസ്എസ്എൽസി ഫസ്റ്റ്ക്ലാസ്സിൽ പാസ്സായി’’ – എന്നു പറഞ്ഞു. സന്തോഷത്തോടെ കേശു അങ്ങുന്ന് കൊച്ചുമകളെ അനുഗ്രഹിക്കുന്നതും ഉമ്മ വയ്ക്കുന്നതും വീട്ടുകാരെല്ലാം കൺകുളിർക്കെ കണ്ടുനിന്നു. ചെറുവിരലിൽ കിടന്നൊരു മോതിരം ഊരി അവളുടെ വിരലിൽ അണിയിക്കുകയും ചെയ്തു. രാധയുടെ വിരലിൽ അത് വളപോലെ അയഞ്ഞുകിടന്നു. വിരൽ താഴ്ത്തിയാൽ നിലത്തുവീഴുമെന്ന മട്ടിൽ. അതുകൊണ്ട് രാധ അത് അച്ഛാച്ഛൻ പുറത്തേക്കുപോയേപ്പിന്നെ അമ്മയുടെ കയ്യിലേക്ക് ഊരിക്കൊടുത്തു.

കേശു അങ്ങുന്ന് അന്നേരം പുറത്തിറങ്ങിയതിൽപിന്നെ, എന്തൊക്കെയോ അത്യാവശ്യ കാര്യങ്ങൾ നടത്തി വളരെ വൈകിയാണ് വയസ്സൻ ക്ലബ്ബിലെത്തിയത്. വയസ്സൻ ക്ലബ്ബെന്നാൽ ക്ലബ്ബൊന്നുമല്ല ഒരു ബഞ്ചാണ്. അബ്ദുവിന്റെ പലചരക്കു കടയുടെ മുമ്പിലുള്ള പഴയ ബഞ്ച്. അതെങ്ങനെ കടയുടെ മുമ്പിൽ വന്നുപെട്ടുവെന്ന് അബ്ദുവിനുപോലും ഓർമയില്ല. ഏതായാലും ആ ബഞ്ചിൽ നാട്ടിലെ പ്രമുഖരായ വയസ്സന്മാർ ഇരിക്കാൻ തുടങ്ങിയതിൽപിന്നെ വയസ്സൻക്ലബ്ബെന്ന് ഏതോ ഒരു വിരുതൻ പേരിട്ടു. അത് വയസ്സൻന്മാരുടെ ചെവിയിൽവീഴാതെ അലഞ്ഞു നടന്നു. വൈകിട്ട് ഏകദേശം നാലു മണി മുതൽ ഇരുട്ടുന്നതു വരെയാണ് ക്ലബ്ബ് സജീവമാകുക. കേശു അങ്ങുന്ന് വരുന്നതുവരെ പരദൂഷണം പറച്ചിലും മസാല പറച്ചിലും പൊടിപൊടിക്കും. കേശു അങ്ങുന്ന് വന്നു കഴിഞ്ഞാൽ പിന്നെ ചർച്ച ഗൗരവമായി. ഇത്രേം നേരോം പുളുപറഞ്ഞും വളിപ്പടിച്ചും ഇരുന്നവരാണോ ഈ ഗൗരവക്കാർ എന്ന് പലരും അതിശയിക്കും. കടയിൽ വന്നുപോകുന്ന പെണ്ണുങ്ങളെപ്പോലും വെറുതെ വിടുന്ന സ്വഭാവം ഇവർക്കില്ലായിരുന്നു, അവർ അന്യരാണെങ്കിൽ.

മെയിൻ റോഡിൽനിന്ന് ഇടതുവശത്ത് കുറച്ചു ചവിട്ടുപടികളിറങ്ങി ഇത്തിരി അകലെയായിട്ടാണ് ഈ കടയെന്നതിനാൽ റോഡിലൂടെ പോകുന്നവർക്ക് അവിടെ എന്താണു സംസാരിക്കുന്നതെന്ന് കേൾക്കാൻ വയ്യായിരുന്നു. പിന്നെ ഇതെല്ലാം പകർത്തിയെടുക്കുന്നത് അബ്ദുവിന്റെ കടയ്ക്കപ്പുറം ചെറിയൊരു മുറിയിൽ തയ്യൽക്കടയിട്ടിരിക്കുന്ന പരശുവേട്ടനാണ്. അതിനോടു ചേർന്ന് ഒരു ചെറിയ സിമന്റുതിണ്ണയുണ്ടെങ്കിലും അവിടെയാരും ഇരിക്കാറില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നാസർ എന്നൊരു ചെറുപ്പക്കാരൻ പരശുവേട്ടന്റെ സഹായിയായി വന്നു. നാസറാണ് അവിടെ നടക്കുന്ന കാര്യങ്ങൾ മുഴുവനും ചെറുപ്പക്കാരായ കൂട്ടുകാരിലുടെ രഹസ്യമായി പുറത്തുവിട്ടത്. പ്രവൃത്തിയിലൊന്നുമില്ല വാക്കുകൾകൊണ്ടുള്ള ചെറിയ അശ്ലീലങ്ങളേ അവിടെ നടന്നിട്ടുള്ളൂ. ഇതിൽ കുറച്ചു പൊടിപ്പും തൊങ്ങലും കേറ്റി രസകരമാക്കിയാണ് നാസർ പുറത്തുവിട്ടത്. ഇതൊന്നും കാർന്നോന്മാർ അറിഞ്ഞിരുന്നേയില്ല.

കേശു അങ്ങുന്ന് വൈകിവന്ന ദിവസം അവിടെ നടന്നൊരു സംഭവം ഇതാണ്. ദൂരെനിന്നൊരു സ്ത്രീ നടന്നുവരുന്നതു കണ്ട് കുടുമ്മി കുട്ടപ്പൻപിള്ള നെറുകയിൽ സവാള പോലെ കെട്ടിവച്ച കുടുമയിൽ തലോടി –“ദേ.. യൊരു സാധനം വരുന്നു” എന്നു പറഞ്ഞു. അവളുടെ വരവു കാണാൻ എന്തൊരു ഭംഗിയെന്നു കുഴഞ്ഞാടി. അതുകേട്ട് മറ്റുവയസ്സന്മാരും ആർത്തിയോടെ കണ്ണയച്ചു. സുന്ദരിയായ അവൾ നടന്ന് അബ്ദുവിന്റെ കടയിലെത്തിയപ്പോൾ കുട്ടപ്പൻപിള്ളയുടെ കണ്ണു പൊട്ടിപ്പോയി. ചങ്ക് തകർന്നുപോയി. നാണക്കേടു കൊണ്ട് തല താഴ്ന്നുപോയി. മറ്റുള്ളവരുടെ ഉള്ളിലാകട്ടെ ചിരി പൊട്ടിപ്പോയി. അവർ അടക്കിപ്പിടിച്ച് ഉള്ളിൽ കുടുകുടാ ചിരിച്ചു. കാരണം ആ വന്ന സ്ത്രീ കുട്ടപ്പൻപിള്ളയുടെ മരുമകളായിരുന്നു. ദൈവമേ ഇവളെ എനിക്കു ദൂരേന്ന് മനസ്സിലായില്ലല്ലോയെന്ന് കുട്ടപ്പൻപിള്ള നെഞ്ചിലടിച്ചു. മകന്റെ ഭാര്യയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്നവനാണ് കുട്ടപ്പൻപിള്ള. പറ്റിയ അബദ്ധം കൂടുതലാരും അറിയരുതേയെന്നു പ്രാർഥിച്ചു. എന്നാൽ നാസർ അത് കുറച്ചുകൂടി മസാല ചേർത്ത് ചേറുപ്പക്കാർക്കിടയിൽ വിളമ്പി ചിരിപ്പിച്ചു. 

ഈ സംഭവത്തിന്റെ ചിരിയലകൾ അവിടെയിരുന്നവരുടെ മനസ്സിൽ അലയടിച്ചുകൊണ്ടിരിക്കെയാണ് കേശു അങ്ങുന്ന് കയറി വന്നതും മോത്തം സഭ ഗൗരവത്തിലായതും.

 

പിരിയാൻനേരത്താണ് കേശു അങ്ങുന്ന് കുട്ടപ്പൻപിള്ളയോട് ആ കാര്യം പറയുന്നത്. എല്ലാരും കൊഴിഞ്ഞുപോയി കേശു അങ്ങുന്നുമൊത്ത് കുറേ നേരം നടന്നതിനുശേഷം കുട്ടപ്പൻപിള്ള വീട്ടുവഴിയിലേക്കിറങ്ങാൻ നേരത്താണ് കേശു അങ്ങുന്ന് പറഞ്ഞത്.- “തന്റെ മോൾടെ മോള് കുരുത്തോള്ളോളാ. ഇന്നെന്റെ വീട്ടിൽ വന്ന് ജയിച്ച വിവരം അറിയിച്ചു. ഞനെന്റെ മോതിരം ഊരിക്കൊടുക്കേം ചെയ്തു.”.

അതുകേട്ട് കുട്ടപ്പൻപിള്ള സ്തംഭിച്ചുനിന്നു.

കുട്ടപ്പൻപിള്ളയ്ക്ക് അങ്ങനെയൊരു മോളോ, ആ മോൾക്കൊരു മോളോ ഇല്ല. ഒമ്പത് ആൺമക്കളാ. അവരൊന്നും നാട്ടിലില്ലതാനും. ഇതൊന്നും അറിയാത്ത ആളല്ല കേശു അങ്ങുന്ന്. പിന്നെ ഈ പെണ്ണെവിടുന്നു വന്നു.

“ഏതുപെണ്ണ്ന്യാ അങ്ങുന്ന് പറയുന്നേ..” 

“തന്റെ രണ്ടാമത്തെ മോൾക്കടെ മോളില്ലേ, ഇന്ന് പരീക്ഷാഫലമറിഞ്ഞവള്..”

അങ്ങനെയൊരു മോളില്ലല്ലോ അങ്ങുന്നേയെന്നു പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. എന്തോ ഒരു തരക്കേട് കുട്ടപ്പൻപിള്ള അതിൽ കണ്ടു. ഇനി കൂടുതൽ പറഞ്ഞ് അങ്ങുന്നിനെ ദേഷ്യം പിടിപ്പിക്കണ്ടായെന്നു കരുതി സൂത്രത്തിൽ രക്ഷപ്പെട്ടു.

എന്നാൽ ഉള്ളിലതങ്ങനെ കിടന്നു. പിറ്റേന്ന് നേരം വെളുക്കെ കേശു അങ്ങുന്നിന്റെ മകൻ നാരായണനോടതു പറയുംവരെ കുട്ടപ്പൻപിള്ളയ്ക്ക് സമാധാനോണ്ടായില്ല.

നാരായണൻ അതുകേട്ട് തറഞ്ഞുനിന്നു.

തറവാട്ടിലെ അകത്തളങ്ങളിൽ അതിനിടെ ചിലചില കുശുകുശുപ്പുകളുണ്ടായി. പെണ്ണുങ്ങൾ ആണുങ്ങളോടെങ്ങനെ പറയുംന്ന് ശങ്കിച്ചു. ആണുങ്ങളാകട്ടെ, അറിഞ്ഞ കാര്യം എങ്ങനെ നാറണമ്മാനോടു പറയണമെന്നു പേടിച്ചു. നാട്ടുകരും അതേ ധർമസങ്കടത്തിൽ പെട്ടു. ചിലർക്കൊക്കെ ഓരോന്ന് പറയാനുണ്ടായിരുന്നു. അവരെല്ലാം അത് ഉള്ളിൽ വച്ചു. മറ്റൊന്നും കൊണ്ടല്ല, പെട്ടെന്നൊരു പന്തിയില്ലാത്ത കാര്യമങ്ങട് ചെന്നു പറഞ്ഞാൽ എന്താവുംന്നൊരു ശങ്ക.

 

കുട്ടപ്പൻപിള്ള തുടങ്ങിവച്ചപ്പോൾ ഓരോരുത്തരായി ചിലത് പറയാൻ തുടങ്ങി.

നാറാണമ്മാവന്റെ അമ്മായി, അതായത് കേശു അങ്ങുന്നിന്റെ മൂന്നാമത്തെ പെങ്ങൾ കനകമ്മ അവരുടെ മകൾ പുഷ്പവല്ലിയുമൊത്ത് കേശു മൂത്തമ്മാനെ കാണാനെത്തിയ സമയം അദ്ദേഹം സ്വന്തം കിടപ്പുമുറിയിലായിരുന്നു. “ഓപ്പേ “എന്നു സ്നേഹത്തോടെ വിളിച്ച് കയറിച്ചെന്നതാണ് കനകം. പുറകിൽ വല്ല്യമ്മാന്റെ അനുഗ്രഹം വാങ്ങാൻ പുഷ്പവല്ലിയും. അതുകണ്ട് ഞെട്ടിത്തരിച്ച് കേശുമ്മാൻ മുറിയുടെ വാതിൽക്കലേക്ക് ഓടി വന്നു. അരിശം കൊണ്ടു തുള്ളുകയായിരുന്നു കേശുമ്മാൻ. 

“പുറംപണിക്കാരിത്തി മെയ്യ പുറത്തുനിന്നോളണം. നിന്നോടാരു പറഞ്ഞു എന്റെ മുറിയിലേക്കു വരാൻ,,,”

കേശു മൂത്തമ്മാന്റെ അരിശം കണ്ട് പുഷ്പവല്ലി പൂങ്കുലപോലെ വിറച്ചുനിന്നു.

കേശു ഓപ്പയുടെ ഇന്നേവരെയില്ലാത്ത ദേഷ്യം കണ്ട് കനകം മുറിയിലേക്കെടുത്തു വച്ച കാൽ അങ്ങനെതന്നെ പൊക്കി സ്തംഭിച്ചു നിന്നു.

അമ്മായിയുടെ പുറകേ അകമ്പടി സേവിച്ച്ചെന്ന നാറാണമ്മാന്റെ ഭാര്യ സുമതിയാകട്ടെ ഒന്നും പിടികിട്ടാതെ പകച്ചു.

കലിതുള്ളിനിന്ന ആങ്ങളയുടെ അടുത്തുനിന്നു കരഞ്ഞുകൊണ്ട് കൊടുങ്കാറ്റുപോലെ പുറത്തേക്കു കുതിച്ചു കനകമ്മ. പുറകേ പുഷ്പവല്ലിയും.

അവരെ തടുക്കാനാകാതെ തൂണുപോലെനിന്നു സുമതിയമ്മ. 

ഇതൊന്നുമറിയാതെ പുറംപണിക്കാരി മെയ്യ തകൃതിയായി പുറംപണിചെയ്തുകൊണ്ടിരുന്നു.

വൈകിട്ട് പതിവുപോലെ കേശു അങ്ങുന്ന് വയസ്സൻക്ലബ്ബിലേക്കു നടന്നു. പ്രൗഢിക്കൊരു കുറവുമുണ്ടായില്ല.

പതിവില്ലാതെ, വയസ്സൻ ക്ലബ്ബിനും സൊസൈറ്റിക്കും ഇടയിലുള്ള രാഘവന്റെ കടയിലേക്കു കയറി. രാഘവനപ്പോൾ അവിടെയുണ്ടായിരുന്നില്ല. രാഘവന്റെ ഭാര്യ നാണിയാണപ്പോൾ എല്ലാവർക്കും ചായയെടുത്തു കൊടുത്തുകൊണ്ടിരുന്നത്. കേശു അങ്ങുന്നിനെ കണ്ടതും ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല പൊക്കി ബ്ലൌസിന്റെ മേലെ ഉള്ളിലേക്കിറക്കി വച്ച് ഭവ്യതയോടെ ഓടിവന്നു നാണി.

“അങ്ങുന്നിന് ഒരു ചായയെടുക്കട്ടൊ”

ങ്ങും..

ചായയുമായി നിമിഷനേരം കൊണ്ട് ഓടിയെത്തി.

ചായ ഒറ്റവലിക്കു കുടിച്ച് ഗ്ലാസ് മേശയിൽവച്ച് ധൃതിപ്പെട്ടിറങ്ങി കാറ്റുപോലെ പുറത്തേക്കുപോയി അങ്ങുന്ന്. പൈസയുടെ കാര്യം ചോദിച്ചില്ല. കൊടുത്താലും നാണി മേടിക്കില്ലായിരുന്നു. 

വയസ്സൻക്ലബ്ബിന്റെ മുന്നിലെത്തിയപ്പോൾ പടികളിറങ്ങി വരുന്നതും നോക്കി കുട്ടപ്പൻപിള്ളയും കൂട്ടരും കാത്തിരുന്നു. എന്നാൽ അവിടെ അങ്ങനെയൊന്നുണ്ടെന്നറിയാത്തപോലെ കേശു അങ്ങുന്ന് നേരെ നടന്നുപോയി. അതിലന്തോ പിശകു കണ്ട കുട്ടപ്പൻപിള്ള, പിറകേചെല്ലാൻ നാസറിനെ ശട്ടംകെട്ടി. പണികൾ ധാരാളംകിടന്നിട്ടും, അതവിടെയിട്ട് പുറകേ ചെന്ന് നോക്കെന്ന് പരശുവേട്ടനും നാസറിനോടു പറഞ്ഞു.

നാസർ മിടുക്കനും ചൂഴ്ന്ന ബുദ്ധിയുള്ളവനുമായതുകൊണ്ട്, അങ്ങേയറ്റംവരെ കേശു അങ്ങുന്നിനെ, അങ്ങുന്നറിയാതെ അനുഗമിച്ചു.

നടത്തത്തിനിടയിൽ ചിലരെല്ലാം കൈകൂപ്പുകയും ചിലരെല്ലാം ഭവ്യതയോടെ ഒഴിഞ്ഞുമാറുകയും ചെയ്തത് നാസർ ബഹുമാനത്തോടെ ശ്രദ്ധിച്ചു.

നടന്നുനടന്ന് ഇടറോഡിലേക്കിറങ്ങി.

പിന്നെ ആൾസഞ്ചാരം കുറവുള്ള ഇടവഴി കടന്ന് പിളർന്നു പോകുന്ന കനാലിന്റെ കുറുകേയുള്ള പാലം കടന്ന്, വിളഞ്ഞുനിൽക്കുന്ന നെൽവരമ്പിലൂടെ ഒരഭ്യാസിയെപ്പോലെ നടന്ന്, വീണ്ടും ചെറിയ ഇടവഴിയിലേക്കും പിന്നെ പഞ്ചായത്തു റോഡിലേക്കും കടന്ന് ഒന്നു സംശയിച്ചുനിന്നു. ഇരുട്ടപ്പോഴേക്കും പരന്നു.

ഇനി വൈകിക്കേണ്ടെന്നു കരുതി നാസർ അങ്ങുനിന്റെ വട്ടം നിന്നു.

“നീയേതാ.”.. – ആരെയോ കാണുവാൻ ആഗ്രഹിച്ചപോലെ അങ്ങുന്ന് ചോദിച്ചു.

‘‘ഞാൻ കണിച്ചിറെ മോയ്തൂന്റെ മോന്റെ മോനാ...’’

അങ്ങുന്നിന്റെ മുഖത്തൊരു പ്രകാശം തെളിഞ്ഞു.

“നിനക്കെന്റെ വീടറിയ്യോ... ഒന്നു കാണിച്ചുതര്വോ.. കുറേ നേരായി ഞാൻ നടക്കണു.”

 

അതിനുശേഷം കേശു അങ്ങുന്നിനെ പുറത്തേക്കു പോകാൻ മകൻ നാറണമ്മാൻ അനുവദിച്ചില്ല. അതിന് നാടുമുഴുവൻ നാറാണേട്ടന് കൂട്ടുനിന്നു. 

അങ്ങനെ കേശു അങ്ങുന്ന് പ്രതാപകാലം കൊഴിഞ്ഞുവീണ് കഷ്ടകാലത്തിലേക്ക് കാലെടുത്തു വച്ചു. മറവി കേശു അങ്ങുന്നിനെ ഇരുട്ടിലേക്ക് വലിച്ചിഴച്ചു. വീടിനുചുറ്റും വലിയ മതിലുയർന്നു. മതിലിനുള്ളിൽ, വീടിനുചുറ്റും കേശു അങ്ങുന്ന് പാറാവുകാരനെപ്പോലെ ഉലാത്തി.

അകത്തേക്കു കടക്കാൻ ആരെയും അനുവദിച്ചില്ല. ആരെങ്കിലും വന്നാൽ അവരെ കല്ലെറിഞ്ഞോടിച്ചു. പലവട്ടം മതിൽ ചാടിക്കടക്കാൻ ശ്രമം നടത്തി.

 

പുറത്തുള്ള പാഴ്‌വസ്തുക്കളൊക്കെ അകത്തുകൊണ്ടുപോയി ഭദ്രമായി സൂക്ഷിക്കുന്ന പണി പിന്നെ തുടങ്ങി. വീടിനുള്ളിൽ പലതും ചീഞ്ഞുനാറുകയും അത് വല്ലാത്തൊരു ശല്യമാവുകയും ചെയ്തപ്പോൾ നാറണമ്മാൻ എല്ലാവരുടെയും അഭിപ്രായപ്രകാരം, മനംനൊന്ത് അച്ഛനെ അകത്തടച്ചു. ഉള്ളിൽ വിശാലമായ മുറികളിലെല്ലാം കേശു അങ്ങുന്ന് ഓടിനടന്നു. പുറത്തേക്കു വിടാത്തതിൽ കലിതുള്ളി ഒച്ചയിട്ടു.

പിന്നെ പരിസരം നോക്കാതെ അവിടവിടെ മൂത്രമൊഴിക്കാൻ തുടങ്ങിയപ്പോൾ, വീടാകെ നാറി മൂത്രപ്പുരയായപ്പോൾ ഗത്യന്തരമില്ലാതെ അച്ഛനെ വേദനയോടെ നാറാണമ്മാൻ ഒരു മുറിയിലടച്ചു. മുറിയോടുചേർന്ന് ഒരു കക്കൂസ് പണിയിച്ചെങ്കിലും അച്ഛൻ മുറിയിൽ തുപ്പാനും തൂറാനും തുടങ്ങി. നാറാണമ്മാൻ അതെല്ലാം കഴുകി, എപ്പോഴും മുറി വൃത്തിയാക്കിക്കൊണ്ടിരുന്നു.

 

അതൊരു സമർപ്പണംപോലെയാണ് നാറണമ്മാൻ ചെയ്തത്. സന്നദ്ധയായ സ്വന്തം ഭാര്യ സുമതിയെപ്പോലും അങ്ങൊട്ടടുക്കാൻ സമ്മതിച്ചില്ല.

‘‘ഞാൻ ചെയ്തോള്ളാം, നിങ്ങൾ ഇതൊക്കെ ചെയ്യുന്നതു കണ്ടുകൊണ്ട് ഞാനെങ്ങനെയിവിടെ വെറുതെയിരിക്കും’’ എന്നാണ് സുമതിയമ്മ പരിഭവിച്ചത്.

ആ വലിയ മനസ്സിനെ ഉള്ളാലെ നമിച്ചു നാറാണമ്മാനെങ്കിലും, ‘‘വേണ്ട, ഞാൻ ചെയ്തോളാം’’ എന്ന് അവരെ പിന്തിരിപ്പിക്കാൻ മൂർച്ചയേറി പറഞ്ഞു.

‘‘അല്ലെങ്കിൽ ധാരാളം വേലക്കാരികളുണ്ടല്ലോയിവിടെ, അവർ ചെയ്യില്ലേ’’ എന്നും സുമതിയമ്മ കേണു.

 

അതൊന്നും കാര്യാക്കീല്ല, നാറണമ്മാൻ. അച്ഛനെ നോക്കുന്നത് ആത്മസമർപ്പണമാണെന്ന് മനസ്സിലുറച്ചു അങ്ങട്. അത് ചെയ്യാൻ മറ്റാരെയും അനുവദിക്കേണ്ട കാര്യമില്ല.

ചില നേരത്ത് നാറാണേട്ടൻ മാറിയിരുന്ന് കരയുന്നത് പല തവണ സുമതിയമ്മ കണ്ണീരോടെ കണ്ടു. ആശ്വസിപ്പിക്കാൻ അവരുടെ കയ്യിൽ വാക്കുകളൊന്നുമില്ലായിരുന്നു.

കേശു അങ്ങുന്ന് വിസർജ്ജിച്ച മലം, ചുരുട്ടി ഉണ്ടയാക്കി സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി, പിന്നെ. എത്ര പറഞ്ഞിട്ടും അച്ഛന് മനസ്സിലായില്ല. അച്ഛന്റെ ആ അവസ്ഥ നാറാണേട്ടനെ തളർത്തി. വീടുമുഴുവൻ നാറി. നാറാണേട്ടൻ മുറിയിൽനിന്നിറങ്ങാതെ വൃത്തിയാക്കാൻ തുടങ്ങി. സുമതിയമ്മ അതുകണ്ട് കരഞ്ഞുകലങ്ങി.

 

ഊണും ഉറക്കവുമില്ലാതെ അച്ഛനോടൊപ്പം നിന്നു, നാറണമ്മാൻ. സ്വന്തം മകനാണെന്നറിയാതെ കേശു അങ്ങുന്ന് നാറണമ്മാനെ തെറിവിളിച്ച് ഓടിക്കാൻ നോക്കി, പലതവണ. നിന്നനിൽപിൽ പൊട്ടിത്തെറിക്കുന്ന തെറികൊണ്ട് അഭിഷേകം ചെയ്തു.

എത്രയോ മാന്യനായിരുന്ന അച്ഛന്റെ വായിൽനിന്നാണോ ഇതു വരുന്നതെന്ന് അന്തിച്ചു നാറണമ്മാൻ.

ഇടിച്ചും അടിച്ചും ഒഴിവാക്കാൻ നോക്കി നാറാണമ്മാനെ.

അച്ഛന്റെ അടിയുടെയും ഇടിയുടെയും വേദന മധുരം പോലെ നാറണമ്മാൻ ഉൾക്കൊണ്ടു.

കണ്ണൊന്നു തെറ്റിയപ്പോൾ, വിസർജ്ജിച്ച മലം കഴിക്കാൻതുടങ്ങി കേശു അങ്ങുന്ന്. അതൊഴിവാക്കാൻ ഹൃദയം വെന്തുള്ള പിടിയും വലിയും അവിടെ നടന്നു. ആദ്യമായി നാറാണമ്മാൻ അച്ഛനെതിരെ ഒച്ചയിട്ടു. കഴിക്കുന്നതൊഴിവാക്കാൻ അച്ഛനിൽ ബലം പ്രയോഗിച്ചു.

അതിന്റെ ഹൃദയവേദന സഹിക്കാൻ വയ്യാതെ നാറാണേട്ടൻ കുറേനേരം ഒറ്റയ്ക്കിരുന്നു കരഞ്ഞു. അതുകണ്ട് സുമതിയമ്മയുടെ ഹൃദയം പൊട്ടി. പിന്നീട് നാറാണേട്ടൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. കാൽക്കൽവീണ് മാപ്പേപക്ഷിച്ചു. അതൊന്നും മനസ്സിലാക്കാൻ കേശു അങ്ങുന്നിന് കഴിഞ്ഞില്ല.

 

ഒടുവിൽ, വളരെ ആലോചനയ്ക്കുശേഷം നാറണമ്മാൻ ഒരു തിരുമാനമെടുത്തു.

അങ്ങനെയാണ്, എല്ലാവരും ഉറങ്ങിയതിനുശേഷം, മുറിയിൽക്കയറി കുറ്റിയിട്ട്, അർധരാത്രിയായിട്ടും ഉറക്കമില്ലാതെ പ്രാഞ്ചി നടന്നിരുന്ന അച്ഛനെ, അതിരറ്റ സ്നേഹത്തോടെയും അതിലേറെ സങ്കടത്തോടെയും കെട്ടിപ്പിടിച്ച്, ഉള്ളുപൊള്ളി ഉമ്മ വച്ച്, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഒരുമിച്ച് മരിച്ചത്.

ഇന്ന് തകർന്നുതരിപ്പണമായി കാടുപിടിച്ചു പ്രേതാലയം പോലെ കിടക്കുന്ന ആ തറവാടിന്റെയുള്ളിൽ നാറാണമ്മാന്റെയും കേശു മൂത്തമ്മാന്റെയും ആത്മാവുകൾ അലഞ്ഞുനടക്കുന്നുണ്ടാകാം. അങ്ങോട്ടു നോക്കുവാൻതന്നെ പേടിയാണ്, വീട്ടുകാരും നാട്ടുകാരുമായ ഞങ്ങൾക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com