ADVERTISEMENT

ദൂരയാത്രകൾ (കഥ)

 

ശൂന്യതയിൽ നിന്ന് ശൂന്യതയിലേക്ക് അയാൾ നടന്നുകൊണ്ടിരുന്നു. അതെല്ലാം അയാളുടെ പതിവ് നടത്തങ്ങൾ ആണ്‌.  അടഞ്ഞു കിടക്കുന്ന  കെട്ടിടങ്ങൾ. വെളിച്ചംപോലും അകത്തുകടക്കാത്ത അത്രയും  വലുതും പൂർണ്ണമായും മറച്ചതുമായ വലിയ വലിയ വാതിലുകൾ ചിലപ്പോഴൊക്കെ അയാൾ സൂക്ഷമതയോടെ നോക്കാറുണ്ട്, ആ വാതിലുകൾക്ക് തൻറെ മുഖമാണോ എന്ന് അയാൾ സംശയിച്ചിട്ടുമുണ്ട്. 

 

ആ വലിയ കെട്ടിടങ്ങൾ താൻ തന്നെയാണോ? അടച്ചിട്ട തൻറെ മനസ്സും ചിന്തകളുമാണോ ഓരോ മുറികളും?  ജനാലകൾ തുറന്ന് ശുദ്ധവായുവിനുപോലും താൻ  ഇടം കൊടുക്കാറില്ല. 

 

ഒന്നിനെയും താൻ തിരസ്കരിക്കുന്നതല്ല സ്വീകരിക്കാതിരിക്കുന്നതാണ്. 

 

ജീവിതത്തോടുള്ള ഭയമാണോ തന്നെ മഥിക്കുന്ന വികാരം? ഓരോരുത്തരും മറ്റെന്തിനേക്കാളും ഭയപ്പെടുന്നത് അവനവനെത്തന്നെയാണ്. 

 

കണ്ണാടിയിൽ നോക്കാൻ തന്നെ ഇഷ്ടമല്ല. അഥവാ നോക്കിയാൽ ഒരു കണ്ണ് മറുകണ്ണിനോട് കൂടി ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങളില്ലാതെ കവിളുകൾ വലിഞ്ഞുമുറുകുമ്പോൾപോലും അത് താൻ തന്നെയാണ് എന്ന് വിശ്വസിക്കാൻ അയാൾ പലപ്പോഴും പാട്പെട്ടിരുന്നു. 

 

ജീവിതം അഴിച്ചിട്ട വഴികളിലൂടെയാണ് താൻ നടക്കുന്നത്. നിങ്ങളുടെ മുന്നിലൂടെ നടന്നുപോകുന്നത് ഒരു മനുഷ്യ രൂപമാകാം എന്നാൽ അയാളിലെ ചിന്തകൾ മറ്റാർക്കും അറിയില്ല. 

 

ജീവിതത്തിൻറെ എല്ലാ ജീർണ്ണതകളും വേദനകളും അമർഷങ്ങളും അയാൾ ഒരേ അളവിലോ, പല അളവുകളിലോ അയാളിലേക്ക് ചേർക്കുന്ന നിമിഷങ്ങൾ ആകാം. അവയെല്ലാം തലച്ചോറിലേക്ക് ഇരച്ചിറങ്ങുന്ന തണ്ടുതുരപ്പൻ വണ്ടുകളെപ്പോലെ നിർത്താതെ മൂളിയും തലച്ചോറിലേക്ക് തുരന്നിറങ്ങി ഭക്ഷിച്ചും തലച്ചോറില്ലാതാക്കാൻ ശ്രമിക്കുന്ന നിമിഷങ്ങൾ ആണ്. 

 

തലച്ചോറില്ലാതെയും നിങ്ങൾക്ക്  ചിന്തിക്കാനാവുമോ? ആവില്ല, അതിനാൽ ജീവനുള്ള കാലം തലച്ചോറും നിലനിർത്തണം. 

 

ഓർമ്മകളിൽ അവശേഷിക്കുന്നത് തന്നെ കൂടെ നിർത്താൻ പാടുപെടുകയാണ്. അതിനാൽ തന്നെ മറവികളെ കുറിച്ച് അയാൾ പരാതിപ്പെടാറുമില്ല. 

 

പേരുകൾ മറന്നുപോവുക സ്വാഭാവികമായിരുന്നു. സത്യത്തിൽ അതല്ല, ആരെയും  ഓർമ്മിക്കുവാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. പഴയ പരിചയക്കാർ മുന്നിൽ വന്നു എന്തെങ്കിലും ചോദിച്ചാൽ ക്ഷമിക്കുക, ഓർമ്മിക്കുന്നില്ല എന്നാവും പതിവ് മറുപടികൾ. ചിലർ ചിരിച്ചുകൊണ്ട്  നടന്നുപോകും, ചിലർ രൂക്ഷമായി നോക്കും, രണ്ടും അയാളെ  ബാധിച്ചിരുന്നില്ല. അയാൾ അയാളുടെ ലക്ഷ്യമില്ലാത്ത യാത്രയെക്കുറിച്ചു മാത്രം ചിന്തിച്ചു. 

 

അയാളുടെ റോഡ് റെയിൽവേ ലൈനിന് അടുത്ത് തീരുന്നു. അത് മുറിച്ചു കടന്ന് അയാൾ പോകാറില്ല. 

 

എന്നാൽ അയാളുടെ ഉള്ളിലെ  ആശകളിൽ ഒന്നാണ് യാത്രകൾ. ഒരിക്കൽ ആ പാളത്തിലൂടെ പോകുന്ന തീവണ്ടിയിൽ താൻ കയറുമെന്നും തന്നെ തളച്ചിട്ടിരിക്കുന്ന വലിയ കെട്ടിടങ്ങളിൽ നിന്നും താൻ രക്ഷപ്പെടുമെന്നും അയാൾ വിശ്വസിക്കുന്നു. 

 

തീവണ്ടിയുടെ തച്ചുടക്കുന്ന ശബ്ദത്തിൽ തൻറെ തലയിലുള്ള വലിയ കെട്ടിടങ്ങൾ തകർന്നടിയുന്നത് അയാൾ അറിഞ്ഞു. 

 

തന്നിൽ നിന്നുള്ള ദൂരയാത്രകളിലൂടെ മാത്രമേ തനിക്ക് രക്ഷപ്പെടാനാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com