ADVERTISEMENT

പ്രാവുകളുടെ കൂട്ടുകാരി (കഥ)

 

“വേഗം ഇങ്ങ് വരു! എന്റെ കൂട്ടുകാർ ദാ തിരിച്ചെത്തിയിരിക്കുന്നു. ഇത്രയും നാൾ കാണാഞ്ഞത് കൊണ്ട് അവർ എന്നെ മറന്നിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ട്.”

 

സഹധർമ്മിണി അടുക്കളയിൽ കയറിയതിന്റെ ബഹളമാണ്. ജനാലയുടെ തൊട്ട് താഴെയാണ് എയർ കണ്ടീഷണർ വച്ചിരിക്കുന്നത്. എസി ബ്ലോക്കിന്റെ മുകൾ ഭാഗത്താണ് പ്രാവുകളുടെ താവളം. പണ്ട് ചെയ്യാറുള്ള പോലെ പ്രാവുകൾക്ക് ചോറിട്ട് കൊടുക്കുകയാണ് ജയശ്രീ. കുറേ നാളുകൾ കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയതിന്റെ ഉത്സാഹത്തിലാണ്.

 

അടുക്കളയിൽ ജോലികൾ ചെയ്യുന്നതിനിടയിൽ പ്രാവുകൾക്ക് തീറ്റി കൊടുക്കുകയും അവയോട് സംസാരിക്കുകയും ചെയ്യും. പ്രാവുകളോടുള്ള നിരന്തര സഹവർത്തിത്വം മൂലം അവയ്ക്ക് താൻ പറയുന്നത് മനസ്സിലാവുന്നുണ്ടെന്നും അവയെ തനിയ്ക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നുമായിരുന്നു ജയശ്രീയുടെ വിശ്വാസം. ഇയാൾക്കെന്താണ് ഈ പ്രാവുകളോടിത്ര പ്രതിപത്തിയെന്ന് ഞാൻ ആലോചിക്കാറുണ്ട്.

 

“ആ വെള്ളക്കോത ഇപ്പോഴും ഇവിടുണ്ട്. അവളുടെ കൂട്ടുകാരൻ ആ മടിയൻ ചെമ്പനും അവളുടെ കൂടെ തന്നെയുണ്ട്. പണ്ടത്തെ പോലെ അവർ ഇപ്പോഴും ഒന്നിച്ചാണ് വരവ്.” ജയശ്രീ എന്നോടുള്ള സംസാരം തുടർന്നു.

 

“തനിയ്ക്ക് തനി വട്ടാണ്.” ഞാൻ പഴയപോലെ അയാളുടെ കൂടെ വഴക്കിടാൻ തുടങ്ങി. ഇന്ന് രാവിലെയാണ് ജയശ്രീയും മോളും നാട്ടിൽ നിന്നും വന്നത്. വീട്ടിൽ വന്ന് കയറിയ ഉടനെ ജയശ്രീ അടുക്കളയിലേയ്ക്കാണ് ചെന്നത്. ഭർത്താവിന്റെ പാചകവൈഭവം മൂലം അയാളുടെ അടുക്കളയ്ക്ക് എന്തെല്ലാം നാശനഷ്ടങ്ങൾ പറ്റിയിട്ടുണ്ടെന്നുള്ള കണക്കെടുപ്പായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, അയാൾ നേരെ തന്റെ പഴയ കൂട്ടുകാരെ കാണുകയാണുണ്ടായത്. എന്നേക്കാളേറെ ആ പ്രാവുകളെ കാണാനായിരുന്നു ജയശ്രീയ്ക്ക് തിടുക്കം. 

 

മോളുടെ പത്താംക്ലാസ് കഴിയുന്നത് വരെ ജയശ്രീയും മോളും എന്റെ കൂടെ സൊഹാറിൽ തന്നെയായിരുന്നു. അപ്പോൾ പലപ്പോഴും ജയശ്രീ ഈ പ്രാവുകളുടെ പല കഥകളും എന്നോട് പറയാറുണ്ട്. വെള്ളക്കോതയും ചെമ്പനും നർമ്മസല്ലാപം നടത്തുന്നതിനിടയിൽ വേറൊരുത്തൻ കയറിവന്നതും ചെമ്പൻ അവനെ കൊത്തിയോടിച്ചതും അയാളുടെ കഥകളിൽ ഇടം പിടിച്ചു. ആ വരത്തൻ പിന്നെയങ്ങോട്ട് വന്നിട്ടേയില്ല. ജയശ്രീയുടെ അതിഥികൾ അയാൾ കൊടുക്കുന്ന ആഹാരവും വെള്ളവും കഴിക്കാനായി ദിവസേനയെന്നോണം വരുമായിരുന്നു. ജയശ്രീയ്ക്ക് അതൊരു ഹരമായിരുന്നു.

 

ഈ പ്രാവുകൾ പലപ്പോഴും അടുക്കളയിലേയ്ക്ക് തുറിച്ച് നോക്കിയിരിക്കാറുണ്ടെന്ന് ഒരിക്കൽ ജയശ്രീ എന്നോട് പറയുകയുണ്ടായി. “അവ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. ഉച്ചത്തിലുള്ള സംസാരം കേട്ടാൽ അവയുടെ മുഖഭാവം മാറും.”

 

ജയശ്രീയുടെ തിയറി പരീക്ഷിക്കാനായി ഒരു ദിവസം ഞാൻ ജനലിനരികിൽ നിന്ന് പ്രാവുകളെ നോക്കി വിസിലടിച്ചു. അവ ഉത്സാഹത്തോടെ എന്റെ നേരെ നോക്കുന്നു. പിന്നൊരിക്കൽ ഞാൻ പൂച്ചയെ പോലെ ‘മ്യാവൂ’ ശബ്ദമുണ്ടാക്കി. പ്രാവുകളുടെ ഭാവമാറ്റം ഞാൻ കണ്ടു. അവ ഭയപ്പാടോടെ ചുറ്റിനും നോക്കി പറക്കാൻ തയ്യാറായി. പൂച്ചയുടെ ശബ്ദം നിർത്തിയതോടെ അവ പഴയ പടി കുറുകാൻ തുടങ്ങി. പക്ഷേ, ജനലിനടുത്ത് നിന്നും അവ ദൂരെ മാറിയിരുന്നു.

 

അതോടെ ജയശ്രീ പറഞ്ഞതിനോട് ഞാനനുകൂലിച്ചു. അവ നമ്മെ ശ്രദ്ധിക്കുന്നുണ്ട്.

 

പക്ഷേ, എന്റെ ഭാര്യ അതിലും ഒരു പടി മുന്നിലായിരുന്നു. എന്നും പ്രാവുകളോട് സംസാരിക്കും. സ്വന്തം കുട്ടികൾക്ക് ആഹാരം കൊടുത്തിരുന്ന പോലെ അവയ്ക്ക് തീറ്റി കൊടുക്കുമ്പോൾ അവയോട് പല കഥകളും പറഞ്ഞിരുന്നു. പ്രാവുകളാണെങ്കിൽ ജയശ്രീ പറയുന്നത് കേൾക്കുന്ന പോലെ അയാളെ മാറി മാറി നോക്കിക്കൊണ്ട് ആഹാരം കൊത്തിത്തിന്നു.

 

അങ്ങനെയുള്ള ജയശ്രീ കുറേ നാളുകൾക്ക് ശേഷം തന്റെ കൂട്ടുകാരെ കണ്ടപ്പോൾ ഉന്മേഷവതിയായതിൽ അത്ഭുതമില്ല.

 

ദിവസങ്ങൾ വളരെ വേഗം കടന്നുപോയി. അല്ലെങ്കിലും അവധിക്കാലം എപ്പോഴും അങ്ങനെയാണല്ലോ. അവധിദിനങ്ങൾ അടുത്തെത്താൻ സമയം എടുക്കും. പക്ഷേ, വന്നാൽ പിന്നെ കണ്ണ് ചിമ്മിത്തുറക്കുമ്പോഴേയ്ക്കും അത് തീർന്നിട്ടുണ്ടാകും. ഏതോ ദ്രുതകർമ്മസേനയുടെ ശക്തിയിലാണ് ധൃതിയിൽ തീരുന്ന അവധിക്കാലവും സാവധാനം ചലിക്കുന്ന ജോലിസമയവും പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പോവും.

 

പെട്ടെന്നൊരു ദിവസം ജയശ്രീ എന്നോടാരാഞ്ഞു, അയാളില്ലാത്തപ്പോൾ ഞങ്ങളുടെ വീട്ടിൽ ആരൊക്കെയാണ് വരാറുള്ളതെന്ന്. എന്റെ അതിഥികളുടെ വിവരം അറിയാനുള്ള അയാളുടെ താല്പര്യം എന്നെ രസിപ്പിച്ചു. 

 

“എനിയ്ക്കറിയാം ഏതോ ഒരു സ്ത്രീ വന്ന് നമ്മുടെ അടുക്കളയിൽ പാചകം ചെയ്തിട്ടുണ്ട്.” എന്നെ നോക്കി ജയശ്രീ പറഞ്ഞു.

 

ഭാര്യയുടെ സംശയരീതിയിലുള്ള ഈ പ്രസ്താവന എന്നെ അമ്പരപ്പിച്ചു. “അത് തനിയ്ക്കെങ്ങനെ മനസ്സിലായി? താനെന്താ ഡിറ്റക്ടീവ് കളിക്കുകയാണോ താനില്ലാത്തപ്പോൾ ഇവിടെ വന്നിരുന്ന പെണ്ണുങ്ങളുടെ കണക്കെടുക്കാൻ?”

 

“അതിനെനിയ്ക്ക് ഡിറ്റക്ടീവാകേണ്ട ആവശ്യമില്ല. ഞാനെന്റെ വെള്ളക്കോതയോട് ചോദിച്ചു. അവളാണ് പറഞ്ഞത് ഒരു സ്ത്രീ അടുക്കളയിൽ വന്ന് എന്തൊക്കെയോ ഉണ്ടാക്കിയെന്ന്.” ജയശ്രീ സ്വരം കനപ്പിച്ചു.

 

ജയശ്രീയുടെ മറുപടി എന്നെ ശരിയ്ക്കും കുഴപ്പിച്ചു. “അതെങ്ങനെ സാധിക്കും? അടുക്കളയിൽ നടന്ന കാര്യങ്ങൾ ഒരു പ്രാവിന് എങ്ങനെയാണ് പറയാൻ കഴിയുന്നത്? ഞാനത് വിശ്വസിക്കാൻ തയ്യാറല്ല.”

 

ജയശ്രീയ്ക്ക് എന്നെ വെറുതെ വിടാനുള്ള ഭാവമില്ലായിരുന്നു. “നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിയ്ക്കൊരു ചുക്കുമില്ല. വെള്ളക്കോത പറഞ്ഞു, വന്നത് കുറച്ച് വണ്ണമുള്ള ഒരു സ്ത്രീയായിരുന്നെന്ന്. വെളുത്ത് സാരി ചുറ്റിയ സ്ത്രീ. നിങ്ങളുടെ ഏതെങ്കിലും കൂട്ടുകാരുടെ ഭാര്യയായിരിക്കുമെന്ന് ഞാൻ കരുതി. അവരിവിടെ വന്ന് അടുക്കളയിൽ പെരുമാറിയെന്ന് നിങ്ങൾക്ക് സമ്മതിക്കാൻ എന്താ ഇത്ര വിമുഖത? സത്യത്തിൽ അതിൽ പ്രശ്നമൊന്നുമില്ലല്ലോ!”

 

അയാളോട് എന്താണ് പറയേണ്ടതെന്ന് എനിയ്ക്കൊരു രൂപവുമില്ലായിരുന്നു. അയാൾ പറയുന്നത് സത്യം തന്നെ. എന്റെ കൂട്ടുകാരൻ ബാലനും അയാളുടെ ഭാര്യ ഷീബയും ഇവിടെ വന്ന് താമസിക്കുകയുണ്ടായി. വെള്ളക്കോത പറഞ്ഞ അതേ മട്ടായിരുന്നു ഷീബയ്ക്ക്. ഷീബ അടുക്കളയിൽ കയറി കാപ്പിയും രാത്രിയിലെ ഭക്ഷണവും ഉണ്ടാക്കുകയുണ്ടായി. പക്ഷേ, ഈ മിണ്ടാപ്രാണികളായ പ്രാവുകൾ അതെങ്ങനെ ജയശ്രീയോട് പറഞ്ഞു?

 

ഈ പ്രാവുകൾ മിക്കസമയവും എസി ബ്ലോക്കിന്റെ മുകളിൽ ഉണ്ടാകുമായിരുന്നു. അടുക്കളയിൽ നടക്കുന്ന കാര്യങ്ങൾ അവയ്ക്ക് കാണാൻ കഴിയും. പക്ഷേ, അവയ്ക്കെങ്ങനെ ജയശ്രീയോട് പറയാൻ പറ്റും? 

 

ചിലപ്പോൾ പ്രാവുകൾ അവയുടെ ഭാഷയിൽ സംസാരിക്കുമായിരിക്കും. എന്നാലും ജയശ്രീയ്ക്ക് അത് മനസ്സിലാക്കാൻ സാധിക്കേണ്ടെ? ജയശ്രീ പക്ഷിഭാഷയിൽ പ്രാവീണ്യം നേടിയിട്ടൊന്നുമില്ലല്ലോ. അയാളെന്നെ വിഡ്ഢിയാക്കാൻ നോക്കുന്നതാവും. അതോ ഇനി ശരിയ്ക്കും അയാൾക്ക് പക്ഷിഭാഷ വശമുണ്ടോ? 

 

“താൻ പറയുന്നത് ശരിയാണ്. നമ്മുടെ ബാലനും ഷീബയും വന്നിരുന്നു. തന്റെ വെള്ളക്കോത അവരെ അടുക്കളയിൽ കണ്ടിട്ടുണ്ടാകണം. പക്ഷേ, തന്നോടെങ്ങനെയാണ് അവ ഇതെല്ലാം പറയുന്നത്?”

 

ജയശ്രീ വിജയഭേരി മുഴക്കി. “നിങ്ങളേക്കാൾ കൂടുതലായി പലതും എനിയ്ക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ പറയാറുള്ളത് അതുകൊണ്ടാണ്. നിങ്ങൾ ആണുങ്ങൾ ഞങ്ങളേക്കാളൊക്കെ ബുദ്ധിയുള്ളവരാണെന്ന് ഇടയ്ക്കിടെ പൊങ്ങച്ചം പറയുമ്പോൾ ആലോചിക്കണം. ഇനിയിപ്പോൾ സമ്മതിക്കാലോ എന്റത്രയും സാമർത്ഥ്യം നിങ്ങൾക്കില്ലെന്ന്?”

 

“ഞാൻ സമ്മതിച്ചിരിക്കുന്നു. താനൊരു സംഭവം തന്നെ. തനിയ്ക്ക് പ്രാവുകളോടൊപ്പം അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. ഇനിയിപ്പോൾ തന്നേയും തന്റെ പ്രാവുകളേയും കുറിച്ചറിഞ്ഞ സ്ഥിതിയ്ക്ക് അടുക്കളയിൽ കയറുമ്പോൾ ഞാൻ സൂക്ഷിച്ചോളാം. വെള്ളക്കോത തന്നോട് വേറെ എന്തെങ്കിലും പറഞ്ഞിരുന്നോ?”

 

“നിങ്ങൾക്കെന്താ ഇത്ര പേടി? ഞാനില്ലാത്തപ്പോൾ എന്തെങ്കിലും സൂത്രങ്ങൾ ഒപ്പിച്ചിട്ടുണ്ടോ? ആര് വന്ന് അടുക്കള ഉപയോഗിച്ചാലും ഒരു കുഴപ്പവുമില്ല. വെള്ളക്കോത എന്നോടെപ്പോഴും സത്യം മാത്രമേ പറയു. നിങ്ങളും എന്നോട് സത്യമേ പറയു എന്നെനിയ്ക്കറിയാം. അപ്പോൾ പിന്നെ പ്രശ്നം തീർന്നില്ലേ?”

 

ഞങ്ങളുടെ സംസാരം അവിടെ അവസാനിച്ചു. എന്റെ മനസ്സിൽ ‘ഇവിടെ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക’ എന്ന സംശയം നിലനിന്നു. എന്റെ ഭാര്യ എങ്ങനെയായിരിക്കും പ്രാവുകളോട് സംസാരിക്കുന്നത്? അവയെങ്ങനെ ചുറ്റിനും നടക്കുന്ന കാര്യങ്ങൾ പറയും? ഈ പ്രായത്തിൽ എന്റെ തലച്ചോറ് തുരുമ്പെടുത്തിട്ടുണ്ടാകണം. ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എങ്ങനെ?

 

പിറ്റേന്ന് ഞാൻ കുളി കഴിഞ്ഞ് അന്നത്തെ പത്രം എടുക്കാൻ ചെല്ലുമ്പോഴാണ് ഇരിപ്പ് മുറിയിൽ നിന്നും അമ്മയും മകളും സംസാരിക്കുന്നത് കേട്ടത്.

 

“ഈയിടെയായി നിന്റെ അച്ഛൻ പലതും മറക്കുന്നുണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കുകയേയില്ല. ഇപ്പോഴും സ്വന്തം തലയും മനസ്സും പഴയ പോലെ പെർഫെക്റ്റ് ആണെന്നാണ് വാദം. ഇപ്പോൾ കണ്ടില്ലേ, നമ്മളോട് പറഞ്ഞത് തന്നെ ഓർമ്മയില്ല. ഞാനത് പറയുമ്പോൾ വെറുതെ എന്നോട് ചൂടാകും.”

 

അതിന് മറുപടിയായി മോൾ സംസാരിക്കുന്നത് കേട്ടു. “അച്ഛന് അത്രയ്ക്ക് മറവിയുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. പറഞ്ഞത് തന്നെ വീണ്ടും പറയുന്ന പതിവൊന്നും അച്ഛനില്ല. പിന്നെ അമ്മയ്ക്കെന്താ അങ്ങനെ തോന്നാൻ കാരണം?”

 

“ഞാൻ വെറുതെ പറയുന്നതല്ല. നിനക്കോർമ്മയില്ലേ, ബാലനങ്കിളും ഷീബാന്റിയും മസ്ക്കറ്റിൽ നിന്ന് ഇവിടെ വന്ന് താമസിച്ച കാര്യം അച്ഛൻ നമ്മളോട് പറഞ്ഞത്? ആന്റിയുടെ പാചകത്തിനെ പറ്റിയും അച്ഛൻ പറഞ്ഞിരുന്നു. പറഞ്ഞതെല്ലാം അച്ഛൻ മറന്നുപോയിരിക്കുന്നു. ഒരു സാരിയുടുത്ത സ്ത്രീ അടുക്കളയിൽ കയറി കാപ്പിയുണ്ടാക്കിയ കാര്യം ആ വെള്ളക്കോത പ്രാവാണ് എന്നോട് പറഞ്ഞതെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അതും വിശ്വസിച്ചിരിക്കയാണിപ്പോൾ. പ്രാവുകളെങ്ങനെയാണ് എന്നോട് സംസാരിക്കുന്നതെന്ന് തല പുകഞ്ഞാലോചിക്കയാണ് അച്ഛൻ!”

 

“അമ്മാ, ഇത്രയ്ക്ക് ദുഷ്ടത്തരം വേണ്ടായിരുന്നു. എന്റെ പാവം അച്ഛനെ എന്തിനാ വെറുതെ കളിയാക്കുന്നത്?”

 

“ഞാൻ കളിയാക്കിയതൊന്നുമല്ല. ഈ പ്രായത്തിൽ മനസ്സ് ഏകാഗ്രമാക്കി വച്ചില്ലെങ്കിൽ മറവി വന്ന് പെടുമെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി ചെയ്തതാണ്.”

 

ഞാനൊരു പൊട്ടനാണെന്നെനിയ്ക്ക് തോന്നി. എന്റെ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഭാര്യ പറയുന്ന കാര്യങ്ങൾ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുകയാണ് വേണ്ടത്. ഞാനാണ് എപ്പോഴും ശരിയെന്ന അഹംഭാവം കളഞ്ഞാൽ എനിയ്ക്ക് നല്ലത്.

 

അഹങ്കാരത്തിന് കീഴ്പെടുന്നതിന് പകരം അതിനെ നമ്മുടെ വരുതിയിൽ നിർത്താൻ കഴിയുന്നതാണ് ഉത്തമം. അല്ലെങ്കിൽ ചിലപ്പോൾ ഡോക്റ്റർമാരുടെ ഭാഷയിൽ ആ പഴയ ശ്രീ അൽഷീമർ സായിപ്പിന് വഴങ്ങേണ്ടി വരും!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com