ADVERTISEMENT

ഇഞ്ചിയും കൽക്കണ്ടവും (അനുഭവക്കുറിപ്പ്)

അന്നു ഞാൻ തിലാന്നൂർ യുപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. കൂട്ടം കൂട്ടമായി ഒരുമിച്ച് ഇടവഴി തോറും സല്ലപിച്ച് .. വഴിയിൽ കണ്ട പൂക്കളും.. സ്ലേറ്റ് മായിക്കാൻ വെള്ളം കുടിയൻ ചെടി പൊട്ടിച്ചും.. പാപ്പാത്തിയെ (പൂമ്പാറ്റ ) പിടിച്ചും തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചും സ്കൂളിൽ പോയിരുന്ന കാലം.. വെറും കാലമല്ല... ജീവിതത്തിന്റെ സുവർണ്ണകാലഘട്ടം..

അന്നൊക്കെ ചെറിയ കുട്ടികളെ സ്കൂളിലേക്ക് അയക്കുമ്പോൾ മുതിർന്ന കുട്ടികളെ ഏൽപ്പിക്കുന്നൊരു പരിപാടി നമ്മുടെ അമ്മമാരുടെ ഇടയിലുണ്ടായിരുന്നു.. (ഇന്ന് മുറ്റം വരെ സ്കൂൾ ബസ്സും ഓട്ടോയും വരുന്നു ..) ആ സമയത്ത് ഞങ്ങളെ ഞങ്ങളുടെ അമ്മ ഏൽപ്പിച്ചിരുന്നത് എന്റെ വീടിന്റെ തൊട്ട് അയൽവക്കത്തുള്ള കുഞ്ഞിരാമേട്ടന്റെ മകൾ ദീപേച്ചി.. പോലീസ് ബാലേട്ടന്റ മകൻ പ്രകാശേട്ടൻ.. അങ്ങനെയുള്ള കുറച്ച് മുതിർന്ന ചേച്ചിമാരെയും ചേട്ടൻമാരേയും.. അവരാണെങ്കിൽ അത്രയും ഉത്തരവാദിത്വത്തോട് കൂടി കൊണ്ടുപോവുകയും തിരിച്ച് സ്കൂൾ വിട്ട് കൂട്ടി വീട്ടിൽ കൊണ്ടേൽപ്പിക്കുകയും ചെയ്തിരുന്നു..ഒരു വീട്ടിലെ ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞിരുന്ന ഒരിക്കലും തിരിച്ചുവരാത്ത കുഞ്ഞു ബാല്യകാലം. രാവിലെ ഒരുമിച്ച് സ്കൂളിൽ പോകാനും വരാനും കളിക്കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു..വിനോദ് , പ്രമോദ്, പ്രീത, പ്രകാശേട്ടൻ, സതീശൻ ,ബിന്ദു, ദീപേച്ചി, ദീപേച്ചിയുടെ അനുജത്തി ഷീബ,  കാർത്തിയേച്ചിയുടെ മകൾ സവിത ..സാവിയേച്ചിയുടെ മകൾ ഉഷേച്ചി, ഞങ്ങൾ സ്നേഹപൂർവ്വം ചാലു എന്ന് വിളിക്കുന്ന ഇരട്ടകളായ സനേഷ്, സന്തീപ് അങ്ങനെ.. അങ്ങനെ.. ഒരുപാട് ഒരുപാട് കൂട്ടുകാർ..പോകുന്ന വഴിയിൽ ഒരു ബഹളം തന്നെയായിരുന്നു..

പറഞ്ഞ് പറഞ്ഞ് കൊല്ലപ്പരീക്ഷയിങ്ങെത്തി. പരീക്ഷക്ക് പോകുമ്പോൾ കൂടുതൽ കൂട്ടുകാർ കാണില്ല..കാരണം രണ്ടു ഷിഫ്റ്റായിട്ടാണ് പരീക്ഷ ..രാവിലെ മുതൽ ഉച്ചവരെയും ഉച്ചമുതൽ വൈകുന്നേരം വരേയും..അങ്ങനെ  ആ വർഷത്തെ അവസാന ദിന പരീക്ഷ.. ഏഴാം ക്ലാസിനും രണ്ടാം ക്ലാസിനും ഒരേ ഷിഫ്റ്റായിരുന്നു.. രാവിലെ മുതൽ ഉച്ചവരെ..

അശോകൻ മാഷുടെ ക്ലാസ് അന്നത്തെ രീതിയിൽ ചോദ്യപ്പേപ്പറിൽ തന്നെ ഉത്തരം കുറിക്കുന്ന പരീക്ഷക്കടലാസിൽ ഉത്തരങ്ങൾ എഴുതാൻ തുടങ്ങി..

സമയം പത്ത് പതിനൊന്നു മണിയായി.. അന്നേ ദിവസം രാവിലെ മുതലേ എനിക്ക് ശ്വാസം മുകളിലോട്ട് എടുക്കുമ്പോൾ നെഞ്ചിനകത്ത്  ഒരു വേദന  പോലെയുണ്ടായിരുന്നു.. പത്ത് പതിനൊന്നര മണിയാകുമ്പഴേക്കും വേദന കൂടിക്കൂടി വന്നു.. സഹിക്കാൻ പറ്റാത്ത വേദന പോലെ.. ശ്വാസം മുകളിലോട് എടുക്കാൻ പറ്റുന്നില്ല...

അശോകൻ മാഷ് ക്ലാസിൽ ഒരു ചൂരലും പിടിച്ച് പരീക്ഷ നിയന്ത്രിച്ച് കൊണ്ട് അങ്ങനെ പഴയ സ്റ്റൈലൻ ഇരുമ്പു കസേരയിൽ ഇരിക്കുന്നു..

ശ്വാസം കിട്ടാൻ പ്രയാസപ്പെടുന്ന എനിക്ക് മാഷോട് പറയാൻ എന്തോ അഭിമാനം അനുവദിച്ചില്ല.. കൂട്ടുകാർ കളിയാക്കിച്ചിരിക്കുമെന്ന കുട്ടിത്തപരമായ വ്യർത്ഥ ചിന്ത. ഞാൻ ഇരിക്കുന്നിടത്ത്‌ നിന്ന് നോക്കിയാൽ ഏഴാം ക്ലാസുകാർ പരീക്ഷയെഴുതുന്നത് വ്യക്തമായി കാണാം...,

തൊട്ടു താഴെയുള്ള ഏഴാം ക്ലാസിൽ പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന ദീപേച്ചിയെ ഇടക്കിടക്ക് ഞാൻ നോക്കുന്നുണ്ട്.. ഒന്ന് കണ്ണു കൊണ്ടെങ്കിലും കാര്യം പറയാൻ.. പക്ഷേ മൂപ്പർ പരീക്ഷ തകർത്ത് എഴുതിക്കൊണ്ടിരിക്കുന്നു.

എന്നെക്കൊണ്ട് കഴിയുംവിധം കിട്ടാത്ത ശ്വാസം മെല്ലെ മെല്ലെ എടുത്ത് വേദന സഹിച്ച് സമയം പന്ത്രണ്ടു മണിയാക്കി ..

സ്കൂൾ പ്യൂൺ വാസുവേട്ടന്റെ ലോങ്ങ് ബെൽ.. പരീക്ഷ കഴിഞ്ഞു.. എല്ലാവരുടെയും മുഖത്ത് സന്തോഷം.. ഇനി രണ്ടു മാസം അവധി.. അടിച്ചു തിമിർത്ത് ഉല്ലസിച്ച് നടക്കാൻ..പക്ഷേ മേലോട്ടും കീഴ്പോട്ടും ശ്വാസമെടുക്കാൻ കഴിയാതെ മെല്ലെ മെല്ലെ.. നടന്ന് നടന്ന് ഞാൻ ദീപേച്ചിയുടെ അരികിൽ എത്തി..

ഇതൊന്നും അറിയാതെ പാവം ദീപേച്ചി പറഞ്ഞു, "വാ.. പോകാ മോനേ ഉദയൻ കുട്ടാ.."  ( സ്നേഹത്തോടെ ദീപേച്ചി വിളിച്ചിരുനനത് )

ഞാൻ തലയാട്ടിയതല്ലാതെ ഒരക്ഷരം പറഞ്ഞില്ല.. എന്തോ മടി പോലെ.... പറയാൻ മനസ്സു വന്നില്ല..

അപ്പോഴേക്കും നമ്മുടെ വഴിയിലേക്ക് പോകേണ്ട കൂട്ടുകാർ എല്ലാവരും റെഡിയായി വന്നു.. എല്ലാവരുടെയും മുഖത്ത്   സ്കൂൾ അടക്കുന്നതിന്റെ സന്തോഷം ...

സ്കൂളിന്റെ പിന്നിലൂടെയുള്ള ഒരു ഇടവഴി ..അതിലൂടെ കയറിയാൽ തങ്കേക്കുന്നു മുതൽ തിലാന്നൂർ പാതയിലെ വൈദ്യർ കണ്ടി സ്റ്റോപ്പും ബന്ധിപ്പിക്കുന്ന റോഡിൽ എത്താനുള്ള ഒരു കുറുക്കുവഴിയായിരുന്നു ആ ഇടവഴി..

സ്കൂളിന് പിന്നിലൂടെ ടവഴിയിലേക്ക് കയറി നാലടി നടന്നതും ശ്വാസമെടുക്കാൻ നന്നേ പാടുപെട്ട ഞാൻ നിന്ന് കരയാൻ പോലും കഴിയാതെ കണ്ണിൽ നിന്നും അണപൊട്ടിയൊഴുകുന്ന വെള്ളവുമായി ഏങ്ങലടിക്കാൻ തുടങ്ങി.. മരണം മുന്നിൽ കണ്ട അവസ്ഥ.. ശ്വാസം നിൽക്കുന്നത് പോലെ..

ഏങ്ങിയേങ്ങിക്കരയുന്ന എന്നെ നോക്കി കാര്യം മനസ്സിലാകാതെ ദീപേച്ചി ചോദിച്ചു...

" എന്നാടാ... എന്നാ വേണ്ടേ... മോന്.."   ?.......

"ശ്വാ.... ശ്വാ...... ശ്വാ...... സം എട്ക്കാൻ കഴിയ്നില്ല..... "

ഇതു കേട്ടതും ദീപേച്ചി ഉച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു..

"ഉയി..... അന്റെ 

മോനന്നാ... പറ്റിയേ... അന്റെ പൊന്നു മോനന്നാ പറ്റിയേ..?

ഉയി... എണേ ഉഷേ... ഒന്നിങ്ങ് വാണേ.... ഇതും പറഞ്ഞ് ദീപേച്ചി എന്നെ വാരിയെടുത്തു അവരുടെ മാറിലേക്കിട് ഉച്ചത്തിൽ കരഞ്ഞുകൊണ്ട് എന്നേയും എടുത്ത് ഓടാൻ തുടങ്ങി.. ദീപേച്ചിയുടെ കരച്ചിലും എന്റെ അവസ്ഥയും കണ്ട് കൂടെയുള്ള എല്ലാവരും കരയാൻ തുടങ്ങി..

എന്നെയും എടുത്ത് ഓടുന്ന ഓട്ടത്തിൽ ദീപേച്ചി കരഞ്ഞുകൊണ്ട് ഉഷേച്ചിയോടായി പറഞ്ഞു..

" എണേ നീ വേഗം ഓടിപ്പോയി പ്രസന്നേച്ചീനോട് പറ..."

എന്റെ അമ്മയോട് പറയാൻ ഉഷേച്ചിക്ക് നിർദ്ദേശം നൽകി , എന്നേയും എടുത്ത് ഓടുന്ന ദീപേച്ചിയുടെയും കൂട്ടുകാരുടെയും ബഹളം കേട്ട് ഇടവഴി അവസാനിക്കുന്നിടത്തുള്ള വീട്ടിലെ കാർത്തിയേച്ചി ഓടി വന്നു..

" ഉയി എന്നാ മക്കളേ... എന്നാ പറ്റിയെ.... പറ.. "

കരഞ്ഞുകൊണ്ട് ദീപേച്ചിയാണ് മറുപടി പറഞ്ഞത്

"മോന് ശ്വാസം കിട്ടന്നില്ല പോലും കാർത്തിയേച്ചീ... അനക്ക് പേടിയാക്ന്ന്.. "

ദീപേച്ചി കരച്ചിലിനിടയിൽ ഇത്രയും പറഞ്ഞ് തീർത്തു..

ഞാൻ ശ്വാസം കിട്ടാതെ കണ്ണും മിഴിച്ച് എല്ലാവരേയും നോക്കുന്നു..

"മോന ഇങ്ങ് കൊണ്ടാ.. ഞാനൊന്ന് നോക്കട്ട്.. "

ദീപേച്ചിയുടെ കയ്യിൽ നിന്നും എന്നെ വാങ്ങി കാർത്തിയേച്ചി എന്നെ അവരുടെ മാറിലേക്കിട്ടു..

"എടാ  രചീ....നീ ലേശം ചൂട് കഞ്ഞീന്റെ വെള്ളമിങ്ങ് എടത്താ... ആ... കഞ്ഞിക്കലത്ത്ന്ന്..."

മേൽക്കൂര ഓല മേഞ്ഞ ആ കുഞ്ഞു കട്ടപ്പുരയുടെ ഉള്ളിലേക്ക് നോക്കി കാർത്തിയേച്ചിയുടെ കൽപ്പന..

കാർത്തിയേച്ചിക്കും രാമകൃഷ്ണേട്ടനും രണ്ട് ആൺമക്കളാണ് രചിത്രേട്ടനും വിപിനേട്ടനും..

ഒരു സ്റ്റീൽ കപ്പിൽ  ചൂട് കഞ്ഞിവെള്ളവുമായി രചിത്രേട്ടൻ പുറത്തേക്ക് വന്നു ..

കാർത്തിയേച്ചി തന്നെ അത് ഊതിയൂതിത്തന്ന്  എന്നോട് കുടിക്കാൻ പറഞ്ഞു.. നല്ല പാൽ മണമുള്ള കഞ്ഞി വെള്ളം.. ഇപ്പോഴും അതിന്റെ മണവും രുചിയും നാവിൻതുമ്പിൽ തങ്ങിനിൽക്കുന്നു...

ഊതിയൂതി തന്ന് പൊള്ളുന്ന കഞ്ഞി വെള്ളം കുടിച്ച് കഴിയുമ്പഴേക്കും ഈ നേരം കൊണട് ഉഷേച്ചി വീട്ടിലെത്തി അച്ഛനോട് വിവരം പറഞ്ഞഞ്ഞതും കേട്ടയുടനെ കയ്യിൽ കിട്ടിയ ഷർട്ടുമെടുത്തിട്ട് അച്ഛനും ഉഷേച്ചിയും കാർത്തിയേച്ചിയുടെ വീട്ടുമുറ്റത്തെത്തിയത്തും നിമിഷങ്ങളുടെ അന്തരം മത്രം...( ഭാഗ്യവശാൽ അച്ഛനന്ന്  പണിക്ക് പോകാതെ വീട്ടിലുണ്ടായിരുന്നു... )

" ഉയി... അന്റെ മോനന്നാ പറ്റിയെ കാർത്തിയേച്ചീ... എന്നാ മോളേ ദീപേ.. മോന് പറ്റിയെ...? " ....

" അറീല ഉത്തമാട്ടാ.. മോന് ശ്വാസം കിട്ട്ന്നില്ല പോലും..."

ഇതു കേട്ടതും അച്ഛന് വേവലാതിയായി...

കാർത്തിയേച്ചിയുടെ ഉക്കത്തിരുന്ന് (ഇടുപ്പിൽ ) ചൂടു കഞ്ഞി വെള്ളം കുടിച്ച എനിക്ക് തെല്ലൊരു ആശ്വാസം പോലെ..

ഞാൻ വിക്കി വിക്കി... കുഞ്ഞു ശബ്ദത്തിൽ പറഞ്ഞു..

"ഇപ്പം കൊറച്ച് ശ്വാസം കിട്ട്ന്ന്..ണ്ട് .... '''

" ഇത് കേട്ട എല്ലാവരും കാർത്തിയേച്ചിയുടെ മുഖത്തേക്ക് നോക്കിയത് ഒരു വൈദ്യരുടെ ബഹുമാനത്തോടെയായിരുന്നു..

"ഇല്ലപ്പാ.... അന്റ മോന് ഒന്നു ഇല്ല.. കേട്ടാ... പേടിക്കണ്ടേ... അതിപ്പം പോകും.. കേട്ടാ..."

ഇല്ലാത്ത ശ്വാസം പോലും ഉണ്ടായിപ്പോകുന്ന കാർത്തിയേച്ചിയുടെ ആശ്വാസവാക്കുകൾ...

"ഉത്തമാട്ടാ... നിങ്ങള് ഒര് കാര്യം ചെയ്യ്... മോന ആസ്പത്രീ കൊണ്ടോയി ഒന്ന് കാണിച്ചാള... ആ പോന വയിക്ക്  ഗോയിന്നൻ ബൈശറട്ത്ത് ഒന്ന് കേരിക്കോ.... മൂപ്പറൊന്ന് നോക്കിക്കോട്ട്....

ഇത് കേൾക്കേണ്ട താമസം

അച്ഛന്റെ മറുപടി..

" ആ അത് ശെരിയാ കാർത്തിയേച്ചീ.... എന്നാ ഞാനിപ്പം തെന്നെ  പോവ്വേ ന്ന്..... മക്കളെല്ലം വീട്ടിലേക്ക് പോയ്ക്കോ..."

"എന്നാ ഞാൻ വെര്ന്ന്  കാർത്തിയേച്ചീ... ബാക്കിയെല്ലം വന്നിറ്റ് പറയ.."

കാർത്തിയേച്ചിയോടുള്ള നന്ദി മുഴുവൻ കണ്ണുകളിലും അംഗചലനങങളിലും  കാട്ടി എന്നേയും തോളിലേറ്റി അച്ഛൻ അവിടെ നിന്നും നാലഞ്ചു മിനുട്ട് മാത്രം ദൂരമുള്ള ഗോവിന്ദൻ വൈദ്യരുടെ വീട് ലക്ഷ്യമാക്കി നടന്നു.....

താഴെചൊവ്വ തിലാന്നൂർ അഞ്ചരക്കണ്ടി ദേശീയപാതക്കരികിൽ തങ്കേക്കുന്ന് റോഡ് അവസാനിക്കുന്നിടത്തുള്ള വലിയ മുറ്റവും ചുറ്റും മരങ്ങളും ഔഷധസസ്യങ്ങളും കൊണ്ട് നിറഞ്ഞ ഒരു വലിയ തറവാട് വീട്...

ഒരു പക്ഷേ തിലാന്നൂരെന്ന സ്ഥലപ്പേര് പോലും പ്രശസ്തിയാർജിച്ചത് ഈ വൈദ്യരുടെ പേരിലാകാം .. പത്തമ്പത് കിലോമീറ്റർ ദൂര പ്രദേശത്ത് നിന്നു പോലും വൈദ്യരെ കാണാൻ ആളുകൾ എത്താറുണ്ട്, വാതരോഗ ചികിത്സക്ക് അത്ര പ്രശസ്തനായിരുന്നു ഗോവിന്ദൻ വൈദ്യർ... അതും എത്ര പഴകിയതായാൽ പോലും ഏത് തരത്തിലുള്ള വാതമായാൽ പോലും...... അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ ഇന്നും ഞാൻ മുമ്പ് സൂചിപ്പിച്ച "വൈദ്യര കണ്ടി " എന്നറിയപ്പെടുന്ന ഒരു ബസ് സ്റ്റോപ്പ് തന്നെയുണ്ട് ..

ഏത് സമയത്തും വീട്ടിലും വീട്ടുവളപ്പിലുമായി ഒരു പാട് ആളുകൾ തങ്ങിനിൽപ്പുണ്ടാവും.. വൈദ്യരെ കാണാൻ...

അച്ഛൻ എന്നേയും തോളിലിട്ട് വൈദ്യരുടെ വീട്ടുപടിക്കലെത്തി .,

കണ്ടു നിന്നവർ വേഗം വഴിമാറിത്തന്നു... കണ്ട് പ്പോൾ തന്നെ എന്തോ അത്യാഹിതമെന്ന് കാണുന്നവർക്ക് തോന്നി..

നട്ടുച്ച സമയം..വൈദ്യരുടെ ചെറിയ ശബ്ദത്തിലുള്ള ചോദ്യം..

" എന്നാ.. മോന്  പറ്റിയെ "...?

"മോനെന്തോ ശ്വാസം കിട്ട്ന്നില്ലാന്നാ പറയ്‌ന്ന്... വൈദ്യരേ.. കൊറച്ച് നേരത്ത കുട്ട്യളാന് എട്ത്തിറ്റ് വീട്ടിലേക്ക് വെര്ന്ന വഴിക്ക് കാർത്തിയേച്ചീന്റട്ത്ത് ആക്കിയെ..കാർത്തിയേച്ചി കൊറച്ച് ചൂട് കഞ്ഞീന്റ വെള്ളം കൊട്ത്ത് ..അത് കുടിച്ചേരം കൊറച്ച് ആശ്വാസം ഇണ്ടന്നാ മോൻ പറയ്ന്ന്..."

ഒറ്റ ശ്വാസത്തിൽ അച്ഛൻ ഇത്രയും പറഞ്ഞ് നിർത്തി...

ഇതു കേട്ടതും വൈദ്യർ വീട്ടിനകത്തേക്ക് നോക്കി ആരോടോ എന്ന പോലെ വിളിച്ചു പറഞ്ഞു..

"ഏയ്... നീ ലേശം ഇഞ്ചി കുത്തിയാ..... കൊറച്ച് കൽക്കണ്ടിയും ഇട്ടോ... വേഗം.. "

മൂന്നു നാലു മിനുട്ടുകൾക്കു ശേഷം ഒരു കുഞ്ഞു കോപ്പയിൽ നല്ല ഊറിയ കൽക്കണ്ടം ചാലിച്ച എരിവും മധുരവും കലർന്ന ഇഞ്ചിനീരുമായി വൈദ്യർ എൻറടുത്തു വന്നു..

അച്ഛന്റെ മടിയിലിരുന്ന് ഞാനത് മെല്ലെ മെല്ലെ കുടിച്ചിറക്കിയതും നെഞ്ചിനുള്ളിലെ ശ്വാസനാളത്തിനുള്ളിൽ നിന്നും ഒരു കിരി കിരിപ്പ് അനുഭവപ്പെട്ടതും.. ഞാൻ മുകളിലേക്കും താഴേക്കും സ്വതന്ത്ര്യമായി ശ്വാസം വലിച്ചതും.. എന്റെ മുഖത്തും അച്ഛന്റെ മുഖത്തും വൈദ്യരുടെ മുഖത്തും പുഞ്ചിരി വിടർന്നതും ഒരുമിച്ചായിരുന്നു...

" കഫം കെട്ടിയതാ.." അച്ഛന്റെ മുഖത്തു നോക്കി ചെറുചിരിയോടെ വൈദ്യർ പറഞ്ഞു..

"ഹൊ... അതെ... എല്ലേ...?അന്റെ മോൻ വല്ലാണ്ട് വെഷമിച്ച് പോയി വൈദ്യരേ... ഞാനു അങ്ങ് പേടിച്ച് പോയി.. "

"പേടിക്കാനൊന്നും ഇല്ലപ്പോ... നെഞ്ഞിന് വന്ന് കഫം കെട്ടിക്കളഞ്ഞ്.. അതാന് മോന് ശ്വാസം മുട്ടിപ്പോയെ..."

കഫക്കെട്ടിനു പരിഹാരമായ നിർദ്ദേശങ്ങളും പൊടിക്കൈ മരുന്നുകളും നൽകുന്നതിനിടയിൽ അച്ഛൻ കീശയിൽ നിന്നും എന്തോ എടുത്ത് വൈദ്യരുടെ നേർക്കു നീട്ടി..

ഇങ്ങള് പോട് ആശാരീ.... അതൊന്നും വേണ്ട... നിങ്ങള് പോട്...

നിറകണ്ണുകളോടെ അച്ഛൻ വൈദ്യരുടെ കൈ പിടിച്ച് കുലുക്കിയതിൽ ഉണ്ടായിരുന്നു..വൈദ്യരോടുള്ള നന്ദി മുഴുവൻ..

അങ്ങനെ പൂർണ തൃപ്തിയോടെയാണ് അച്ഛൻ എന്നെയും തോളിലേറ്റി അവിടെ നിന്നും മടങ്ങിയത്...

വൈദ്യരുടെ കൈപ്പുണ്യമോ.. പിതൃക്കൻമാരുടെ പ്രാർത്ഥനയോ.. ഈശ്വര കടാക്ഷമോ.. പിന്നീട് അങ്ങനെയൊരു ദുരനുഭവം എന്റെ ജീവിതത്തിൽ ഇന്നു വരെയുണ്ടായിട്ടില്ല..

വർഷം ഒരുപാട് കഴിഞ്ഞെങ്കിലും .. ഇതിൽ ആരെയാണ്  എനിക്ക് മറക്കാനാവുക....?

കിളികളോടും പാപ്പാത്തികളോടും തുമ്പികളോടും സല്ലപിച്ച് ഒരുമിച്ച് സ്കൂളിലേക്ക് പോയ എന്റെ കളിക്കൂട്ടുകാരെയോ..?

ശ്വാസം കിട്ടാതെ പിടയുന്ന എന്നെ ഒരു ചേച്ചിയേക്കാൾ ഉപരി ഒരമ്മയെപ്പോലെ എന്നെ മാറത്തെടുത്തിട്ട് കരഞ്ഞുകൊണ്ട് വീട്ടിലേക്കോടിയെത്തിക്കാൻ ശ്രമിച്ച എന്റെ ദീപേച്ചിയേയോ...?

സംഭവം വീട്ടിലറിയിക്കാൻ നിമിഷ നേരം കൊണ്ട് ഒന്നൊന്നര കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കിതച്ചെത്തിയ ഉഷേച്ചിയേയോ...?

പ്രാഥമിക ശുശ്രൂഷയെന്നോണം മാറിലിട്ട് സ്നേഹത്തിന്റെ പാൽ മണമുള്ള ചൂടു കഞ്ഞിവെളളം ഊതിയൂതിത്തന്ന് എന്നെ കുടിപ്പിച്ച... കിട്ടാതെ പോയ ശ്വാസത്തിന് ഒരൽപ്പമെങ്കിലും ആശ്വാസമേകിയ കാലയവനികക്കുള്ളിൽ മറഞ്ഞു പോയ എന്റെ കാർത്തിയേച്ചിയേയോ...?

അച്ഛൻ ഒന്നു മൂളുമ്പഴേക്കും രോഗകാരണം തിരിച്ചറിഞ്ഞ് സ്നേഹത്തിന്റെ കൽക്കണ്ടം ചാലിച്ച് ഇഞ്ചിനീര് മരുന്നായി തന്ന് ഒരു തരി പോലും പ്രതിഫലം വാങ്ങാതെ എന്റെ ശ്വാസഗതി നിയന്ത്രണത്തിലാക്കിതതന്ന  ഗോവിന്ദൻ വൈദ്യരേയോ...?

കേട്ട പാടെ കാലിൽ ചെരുപ്പു പോലും ഇടാൻ മറന്ന്  ഇട്ട വസ്ത്രത്താലെ  എന്റടുത്ത് പാഞ്ഞെത്തിയ എന്റെ അച്ഛനേയോ...?

ഞാൻ വീട്ടിലെത്തും വരെ കരഞ്ഞുകൊണ്ട് എന്നെ കാത്തിരുന്ന  എന്റെ പെറ്റമ്മയേയോ....?

ഗോവിന്ദൻ വൈദ്യരുടെ അടുത്തെത്തിക്കാൻ കാർത്തിയേച്ചിയുടെ മനസ്സിൽ തോന്നിപ്പിച്ച ഈശ്വരനേയോ...?

ആരെയാണ് എനിക്ക് മറക്കാനാവുക...?

നിന്നു പോയെന്ന് ഞാൻ കരുതിയ..സ്നേഹത്തിന്റെ കൽക്കണ്ടം ചാലിച്ച് ഗോവിന്ദൻ വൈദ്യർ നേരെയാക്കിത്തന്ന എന്റെ ശ്വാസം ഈ കണ്ഡനാളത്തിൽ നിന്നും നിൽക്കുവോളം ഇതിൽ ആരെയാണ് എനിക്ക് മറക്കാനാവുക.....?

" ജീവിതം പലപ്പോഴും അങ്ങനെയാണ് ഇഞ്ചിനീരു പോലെ എരിയുന്ന അനുഭവങ്ങൾ.. ചിലപ്പോൾ കൽക്കണ്ടം പോലെ മധുരിക്കുന്നവ.. ഇതു രണ്ടും കൂടിച്ചേരുമ്പോഴല്ലേ... സുഖമമായ ദീർഘശ്വാസം പോലെ ജീവിതവും പരിപൂർണമാകുന്നത്... അല്ലേ..." ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com