ADVERTISEMENT

ഒരു സിനിമ കഥ (കഥ)

 

എന്റെ അമ്മയുടെ ചില പ്രധാന നേരമ്പോക്കുകൾ ഇതൊക്കെയാണ് - കാലത്ത് നേരത്തെ എണീറ്റ് ചെടി നനക്കുക, പ്രഭാത പ്രാർഥനക്ക് മുൻപെ പള്ളിയിൽ കൃത്യമായി എത്തി രണ്ടാം നിരയിലെ സീറ്റിൽ ഒന്നാം സ്ഥാനം പിടിക്കുക, തിരിച്ച് വന്ന് വളരെ കൃത്യതയോടെ അടുക്കള പണികൾ കൃത്യ സമയത്ത് ചെയ്ത് തീർക്കുക, ഓരോ ദിവസത്തിനും അതാത് ദിവസത്തിന്റെ പേരിലുള്ള പ്രാർഥനകൾ സമയ നിഷ്ഠയോടെ ഓരോരുത്തരെയും സമർപ്പിച്ച് ചൊല്ലി തീർക്കുക, വീടും പരിസരവും നിറഞ്ഞു അയൽപക്കത്തെ ചേച്ചിയോട് വിശേഷങ്ങളും പറഞ്ഞ് ഓരോ വീട്ടുകാര്യങ്ങളിൽ സദാ മുഴുകികൊണ്ടിരിക്കുക, സ്മാർട്ട്ഫോൺ ഒരു തരത്തിൽ വഴങ്ങാൻ തുടങ്ങിയപ്പോൾ യു ടൂബിൽ എന്തെങ്കിലും ഒക്കെ കാണുക അത് കണ്ട് ചില പാചക പരീക്ഷണങ്ങൾ നടത്തുക. ഇതെല്ലാം കൂടാതെ ഇനിയും ചെറുതും വലുതുമായ ഒരുപാട് ഹോബീസ് ഇനിയും ഉണ്ട്. പക്ഷേ ഞാൻ പറയാൻ വരുന്നത് മറ്റൊരു കാര്യമാണ്. ഇത്രയൊക്കെ അമ്മയുടെ ഹോബീസിനെ ഞാൻ ലിസ്റ്റ് എഴുതിയല്ലോ ഇതിൽ ഒന്നുപോലും യാത്ര ചെയ്യുക, സിനിമ കാണുക, പാട്ട് കേൾക്കുക തുടങ്ങിയ ഒന്നിനോടും പുലബന്ധം ഇല്ലാത്തവയാണ്. അതിനിപ്പോ എന്താ എന്ന് ചോയ്ച്ചാ, ഇതൊക്കെ ഇങ്ങനെ വലിച്ചു വാരി എഴുതാൻ എനിക്ക് ഒരു കാരണണ്ട്.. ത്രന്നെ.

 

സിനിമ കാണാൻ താൽപര്യം ഇല്ലാത്ത, യാത്ര ചെയ്യാൻ ലവലേശം ആഗ്രഹമില്ലാത്ത എന്റമ്മ ഇപ്പൊ ചോദിച്ചാലും പറയും അമ്മയുടെ ഇഷ്ട്ട സിനിമ 1999 ൽ ഇറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, 2003 ൽ ഇറങ്ങിയ ബാലേട്ടനും ആണെന്ന്. യൂ സീ ദി ഐറണി, ഡോൺഡ് യൂ?. ഇവ രണ്ടും അമ്മ തിയറ്ററിൽ പോയി കണ്ട സിനിമകളാണ്!

 

ഇപ്പൊ ടെക്നിക് പിടികിട്ടി!. അമ്മയെ ഏതെങ്കിലും സിനിമ തിയറ്ററിൽ പോയി കാണിക്കുക, പിന്നെ കാലാകാലം അമ്മയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ഏതാണ് എന്ന് ആരു ചോദിച്ചാലും അത് എന്റെ പൊന്നുമോൻ കൊണ്ടുപോയി കാണിച്ച സിനിമയാണെന്ന് പറഞ്ഞോളും. ഇത് തന്നെ വഴി ഒന്നും നോക്കിയില്ല നാട്ടിലേക്ക് അവസാനം വന്ന രണ്ടു തവണയും അമ്മയെയും കൂട്ടി വീടിനടുത്തുള്ള ശോഭ മാളിൽ കറങ്ങാൻ പോയി, കുറച്ച് ഷോപ്പിംഗ് പിന്നെ കാത്തിരുന്ന പോലെ സിനിമയ്ക്കും പോയി. സിനിമ കഴിഞ്ഞ് പുറത്തേക്ക് ഫുഡ് കോർട്ടിലേക്ക് നടക്കുമ്പോൾ അമ്മയോട് ഞാൻ ആ ചോദ്യം ചോദിച്ചു. എങ്ങനുണ്ടാർന്ന് അമ്മെ സിനിമ? ഭക്ഷണം കഴിക്കാനുള്ള നടത്തത്തിന്റെ ഇടയ്ക്കും ഒട്ടും തീക്ഷ്ണത കുറയാതെ അമ്മ എല്ലാ നിസ്സാരതയും ഒരു ദാക്ഷിണ്യവും ഇല്ലാതെ എനിക്ക് നേരെ ഒരു മറുചോദ്യമായി വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു. എന്തോന്ന് സിനിമ? ഇതൊക്കെ വിജയിച്ച പടം തന്നെ ആണോ മോനെ?

 

ശെടാ!! ഇതെന്തു കൂത്ത്. ഇത്രയും സൂപ്പർ ഹിറ്റായ ഒരു സിനിമ കണ്ടിട്ട് ഇത്രയും പുച്ഛത്തോടെ ഇങ്ങനെ ഒന്ന് എങ്ങനെ ചോദിക്കാൻ സാധിക്കുന്നു എന്ന എന്റെ ഭാവം ഞാൻ ഒരു വിധത്തിൽ മറച്ചുവെച്ച് ഞാൻ അമ്മയെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു. അമ്മെ ഇത് സൂപ്പർ ഹിറ്റ് സിനിമയാണ്, സമകാലിക വിഷയങ്ങൾ വളരെ ശക്തമായി അവതരിപ്പിച്ച സിനിമയാണ് എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. എവടെ.. നോ രക്ഷ അറ്റ് ഓൾ!! "നമുക്കെ ഇവിടെ ഹണി ബിരിയാണി ഉണ്ടോന് ചോദിച്ചു നോക്കാം മോനെ, ആനി വല്ല്യമെടെ കൂടെ തൃശൂർ പൂരത്തിന്റെ അന്ന് പോയപ്പോൾ ജോജെട്ടൻ അങ്ങനെ ഒരു സാധനം ഓർഡർ ചെയ്തത് നല്ല ടേസ്റ്റ് ഉണ്ടാർന്ന്." ഇത് നല്ല കഥ. സ്വന്തം മോൻ ആറ്റ്നോറ്റ് ചെന്നൈയിൽ നിന്ന് വന്ന് ഒരു ഷോട പോലും കുടിക്കാണ്ട് വളരെ അഭിമാനത്തോടെ സ്വയം കാറോടിച്ച് സന്തോഷത്തോടെ അമ്മയെയും കൂട്ടി മാൾ മൊത്തം ഒന്ന് ചുറ്റി കറങ്ങി കാണിച്ചിട്ട് കുടിക്കാൻ മുന്തിയ ഇനം ഐറ്റംസ് മേടിച്ച് കൊടുത്തിട്ട് 20 വർഷങ്ങൾക്ക് ശേഷം ഒരു സിനിമാ തിയറ്ററിൽ മുതിർന്ന തണ്ടും തടിയും ഒക്കെ ആയ മകന്റെ ഒപ്പം സിനിമക്ക് വന്നിട്ട് അമ്മക്ക് സിനിമയെ കുറിച്ച് പരമ പുച്ഛവും, കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു ബിരിയാണിയെ കുറിച്ച് നൂറു നാവും. ഇയാള് ഇത് എന്തോന്ന് പിള്ളേരെ പോലെ. ഇഷ്ട്ടപ്പെട്ടോ എന്ന് മോൻ ചോദിച്ചാൽ ഇഷ്ട്ടപ്പെട്ടു എന്നങ്ങ് പറഞ്ഞാ പോരെ.

 

അടുത്ത മാസം നാട്ടിൽ വന്നപ്പോൾ അമ്മയെയും കൂട്ടി വീണ്ടും ശോഭയിൽ പോയിരുന്നു. കുറച്ചു ഷോപ്പിങ്ങിനും, ഫുഡ് അടിക്കും ശേഷം അന്ന് റിലീസ് ആയ ഒരു സിനിമ കാണാൻ കേറി. പടം കണ്ട് ഇറങ്ങുമ്പോൾ അഭിപ്രായം ചോദിയ്ക്കാൻ വല്യ ഉത്സാഹം ഒന്നും എനിക്ക് ഉണ്ടാർന്നില്ല. എന്തിനാ വടി കൊടുത്ത് അടി മേടിക്കുന്നത്. ഹല്ല പിന്നെ. പക്ഷേ അമ്മ ഒരു സിനിമ നിരൂപകയെ പോലെ അത് പോര, ഇത് ഇത്തിരി കൂടി പോയില്ലേ അങ്ങനെ ഒക്കെ സിനിമ വിലയിരുത്താൻ തുടങ്ങി. ശെടാ! ഒരു കാലത്ത് തിയറ്ററിൽ കണ്ട സിനിമകൾ മാത്രം ഇഷ്ടപ്പെട്ടിരുന്ന അമ്മ ഇന്ന് തിയറ്ററിൽ പോയി കണ്ട സിനിമയാണ് ലോകത്തിലെ ഏറ്റവും മോശം സിനിമ എന്ന് കീറി മുറിച്ച് നിരൂപിച്ചുകൊണ്ട് നടക്കുന്നു. ഫുഡ് കോർട്ട് അടുത്ത് തന്നെ ആയതുകൊണ്ട് ഞാൻ അതിൽ നിന്നും ഒരുവിധം രക്ഷപെട്ടു. അല്ല പറഞ്ഞിട്ട് കാര്യമില്ല, എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ. സിനിമ കാണാൻ താൽപര്യമില്ല എന്ന് പറഞ്ഞ ആളെ പിടിച്ച് സിനിമ കാട്ടിയാൽ സിനിമയും ഒരു പാരയാകുമെന്ന് ഞാനും ഓർക്കണമായിരുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

 

പക്ഷേ എന്നെ അത്ഭുതപെടുത്തുന്നത് മറ്റൊന്നാണ്. ഒരു ടൂർ പോയാലോ എന്ന് ചോദിച്ചാൽ ഇടം വലം നോക്കാതെ താൽപര്യം ഇല്ല എന്ന് പറഞ്ഞിരുന്ന ആൾ ഇപ്പൊൾ ഇതാ ഭാവിയിൽ എപ്പോഴെങ്കിലും ടൂർ പോകാണെങ്കിൽ ഇടാൻ ഒരു ഷൂസ്, ഒരു കുർത്ത, ഒരു ചുരിദാർ ലിസ്റ്റ് അങ്ങടു നിവർത്തിയില്ലേ. എല്ലാം ഇട്ടും മാറിയും സ്വയം ബോധിച്ചും എന്നോട് അഭിപ്രായം ചോദിച്ചും ഒക്കെ അവിടെ വെച്ച് തന്നെ നടപടിയാക്കി. യാത്രകൾ വെറുത്തിരുന്ന അമ്മ എങ്ങനെ ഭാവിയിൽ ഒരു യാത്ര മുൻകൂട്ടി കണ്ട് ഇതെല്ലാം മേടിക്കുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു. "ആന്റച്ചന്റേം ബെറ്റി ആന്റിടെം കൂടെ രണ്ടു മാസം മുൻപ് വേളാങ്കണ്ണി പോയപ്പോൾ ബെറ്റി ആന്റി പറഞ്ഞു, ജോയ്സി നീ യാത്ര ചെയ്യാൻ കംഫർട്ട് ആയ എന്തെങ്കിലും ഡ്രസ്സ് ഒക്കെ കരുതിവെക്കാൻ. ട്രെയിൻ യാത്രയിൽ പ്രത്യേകിച്ചും സാരി വല്ലാത്ത എടെങ്കെറ് പിടിച്ച പരിപാടി ആണെന്ന്." അതിനു അമ്മക്ക് ദൂര യാത്രകൾ ഇഷ്ടമില്ലല്ലോ? പിന്നെ എന്തിനാ അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പൊ ഇത് എടുക്കുന്നെ? "ശെരിയാണ്, പക്ഷേ ഇപ്പൊ എന്തോ ഒരു ഇഷ്ടം തോന്നുന്നു. ഇടക്കൊക്കെ പുറത്ത് ഒക്കെ ഒന്ന് പോയി വരുമ്പോൾ മനസ്സ് ഒന്ന് ഫ്രീ ആവുന്ന പോലെ." ഇതെന്ത് അത്ഭുതം! പ്രായം ആകുന്നതായി ഞാൻ ചിന്തിക്കാറില്ല, പക്ഷേ നമുക്കെല്ലാം പ്രായം കൂടുന്നത് ഓരോ മാറ്റങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളിൽ ഉണ്ടാക്കികൊണ്ടാണ്. വർഷങ്ങൾ കടന്നുപോകുമ്പോൾ ഒരിക്കലും മാറ്റാൻ പറ്റില്ല, തിരുത്താൻ സാധിക്കില്ല എന്ന് കരുതിയ പലതിലും വലിയ രൂപാന്തരണങ്ങൾ സംഭവിച്ച് പോകുന്നു. ഒരു കാലത്തെ ഇഷ്ടങ്ങളെല്ലാം ഇഷ്ടങ്ങളെ അല്ലാതാകുന്നു, വെറുത്തിരുന്ന പലതും ഇഷ്ടങ്ങളായി മാറുന്നു!

 

ടീവിയിൽ എന്തെങ്കിലും കാണാൻ ഇരുന്നാൽ പരസ്പരം എതിർപ്പുകൾ ഇല്ലാതെ അമ്മയും ഞാനും ഒരുമിച്ച് ഇരുന്ന് ഒരുപാട് തവണ കണ്ട സിനിമയാണ് ബാഹുബലി ഭാഗം1. സാധാരണ ഒരു തവണ കണ്ട സിനിമ വീണ്ടും കണ്ടോണ്ട് ഇരുന്നാൽ എന്തിനാടാ ഇത് തന്നെ കണ്ടോണ്ട് ഇരിക്കണെ, കഴിഞ്ഞ ദിവസം കൂടി കണ്ടെ ഉള്ളൂ എന്നൊക്കെ പറഞ്ഞ് എന്തിന് ഞാൻ ഈ പാതകം വീണ്ടും ചെയ്യുന്നു എന്ന കുറ്റബോധത്തിൽ ആയിരിക്കും ഞാൻ അത് തുടർന്ന് കാണുക, അതും അല്ലെങ്കിൽ ടിവിയും നിർത്തി വേറെ എന്തു ചെയ്യും എന്ന് തിരക്കി നടക്കേണ്ടി വരികയാണ് പതിവ്. എന്നാൽ ബാഹുബലിയോട് ആ തൽപര്യകുറവ് അമ്മക്കോ എനിക്കോ ഉണ്ടായിട്ടില്ല. പക്ഷേ മറ്റെന്തോ ആണ് കാണുന്നത് എന്ന് കരുതി ചാനൽ മാറ്റാനോ ടിവി നിർത്തി വേറെ എന്തെങ്കിലും ചെയ്യാം എന്നൊക്കെ പറഞ്ഞ് വന്നാൽ, അമ്മെ ഇതിൽ ബാഹുബലി ആണ് വേറെ ഒന്നും അല്ല എന്നൊക്കെ പറഞ്ഞാ അമ്മക്ക് അത് പലപ്പോഴും അത്ര എളുപ്പം മനസ്സിലാകില്ല. ബാഹുബലിയോ? ഏതു ബാഹുബലി എന്ന് ചോദിക്കും. കാരണം ബാഹുബലി കാണുബോഴെല്ലാം അമ്മയുടെ ശ്രദ്ധ മുഴുവൻ പല്ലാൾ ദേവന്റെ തടങ്കലിൽ കിടക്കുന്ന ദേവസേനയിൽ ആയിരുന്നിരിക്കും. ചാനൽ മാറ്റാനോ ടിവി നിർത്താനോ ഒക്കെ ഉള്ള അമ്മയുടെ ആവശ്യം ശക്തമാകുന്നതിന് മുൻപ് ഇത് അമ്മക്ക് അറിയാവുന്ന ബാഹുബലി ആണ് എന്ന് ബോധിപ്പിക്കാൻ പല കഥാസന്ദർഭങ്ങളും പലപ്പോഴും എനിക്ക് പറയേണ്ടി വരും. അമ്മേ ബാഹുബലി! പല്ലാൾ ദേവൻ പറ്റിച്ച് കൊന്ന ബാഹുബലി, കട്ടപ്പ കുത്തി കൊന്ന ബാഹുബലി, ദേവസേനയെ രക്ഷിക്കാൻ വന്ന ബാഹുബലി. ബാഹുബലിയെ പറ്റി ഒന്നും ഓർത്തില്ലെങ്കിലും ദേവസേനയെ നല്ല ഓർമ്മയുണ്ടാകും. ഇതെന്തു മറിമായം? 

 

ദേവസേന എന്ന് കേട്ടാൽ ബാക്കി കഥ അമ്മ ഇങ്ങോട്ട് പറയും. എടാ ഒരുത്തൻ പിടിച്ച് ചങ്ങലക്ക് ഇട്ട് 25 വർഷം വരെ കാത്തിരുന്ന് അവസാനം മോൻ രക്ഷിക്കാൻ വരുന്ന സ്ത്രീയുടെ സിനിമ ആണോട? ആ പഷ്ട്ട്.. ഇത്രേം അറിഞ്ഞു വെച്ചിട്ട് ആണോ ഇങ്ങനെ എന്റെ തൊണ്ട വറ്റിച്ചത്. ബാഹുബലി അമ്മക്ക് ദേവസേനയുടെ സിനിമ മാത്രം ആണെന്ന് തോന്നുന്നു. അവന്തികയുടെ വാക്കും കേട്ട് അവളുടെ ധൗത്യവും ഏറ്റെടുത്ത് അവൾടെ പുറകെ പ്രണയ പരവശ്യനായി നടന്ന ജൂനിയർ ബാഹുബലി നൂറ്റികോലടി പൊക്കമുള്ള മതിലിന്റെ മുകളിൽ നിന്ന് ചാടി കരിയിലയും പറപ്പിച്ച് മാസ്സ് ബിജിഎമ്മും ഇട്ട് ദേവസേനയുടെ നേരെ നടക്കുമ്പോൾ രോമാഞ്ചകഞ്ചുകമാകേണ്ട സമയത്ത് ഇതെല്ലാം കാണുന്ന അമ്മയുടെ മുഖത്ത് ഒരു വാൽസല്യം നിറയുന്ന ഒരു പുഞ്ചിരിയായിരിക്കും കാണാൻ പറ്റുക. ഇടിവെട്ട് ബിജിഎം കേൾക്കുമ്പോൾ അമ്മയുടെ മനസ്സിൽ "ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പഴയ ആ ഗാനം ആണെന്ന് തോന്നുന്നു ഒരു പൂ വിരിയുന്ന പോലെ മൃദുവായി മുഴങ്ങി കേൾക്കുന്നത്.

 

വർഷങ്ങൾ എത്ര കടന്നുപോയാലും, മാറ്റങ്ങൾ എന്തെല്ലാം സംഭവിച്ചാലും മനുഷ്യന്റെ കാലങ്ങളായി ഉള്ള ചില സഹജ വ്യക്തിത്വത്തിന്റെ അവശേഷിപ്പുകൾ കുറെയൊക്കെ അതുപോലെ ഒക്കെ തന്നെ ഉള്ളിൽ പിന്നെയും നിലകൊള്ളുന്നുണ്ടാകും. പ്രത്യേകിച്ചും അമ്മമാരുടെ സ്നേഹവായ്പ്പുകൾ മക്കൾ എത്ര മുതിർന്നെന്ന് പറഞ്ഞാലും, വർഷങ്ങൾ എത്ര കഴിഞ്ഞെന്നു തോന്നിയാലും! എങ്കിലും വർഷങ്ങളുടെ തപസ്സ്കൊണ്ട് ചില മാതാപിതാക്കന്മാർ സ്വായത്തമാക്കുന്ന കാർക്കശ്യ ബുദ്ധിയുടെയും, കഷ്ടപ്പെട്ട് സ്വയം ആർജിച്ച് എടുക്കുന്ന പിടിവാശിയുടെയും, നിലവാരം കൂടിയ പൊസസീവ്നെസ്സിന്റെയും ഇടയിൽ ഞെരിപിരികൊണ്ട് ഒന്ന് തലപൊക്കാൻ പോലും കഴിയാതെ പോകുന്ന, മക്കളാൽ തിരിച്ചറിയാതെ പോകുന്ന നിഷ്കളങ്കനായ ആ പാവം സ്നേഹവായ്പ്പുകൾ എന്തു അപരാധം ചെയ്തു എന്ന് ഓർത്ത് പലപ്പോഴും എനിക്ക് അതിനോടൊക്കെ അന്തർലീനമായി അടിച്ചമർത്തപ്പെടുന്ന ആ സ്നേഹവായ്പ്പുകളോട് സഹതപിക്കണം എന്ന് തോന്നിയിട്ടുണ്ട്. സഹതാപമല്ല സഹായമാണ് വേണ്ടത് എന്ന നിഷ്കളങ്കമായ ആ മുറവിളിക്ക് എന്റെ കുഞ്ഞു ബുദ്ധിയിൽ ഒരു കൊച്ചു ഐഡിയ വരുന്നുണ്ട്. കുഞ്ഞുങ്ങളെ പോലെ ആവാൻ പറ്റ്വോ സക്കീർ ഭായ്ക്ക്!

 

See the world through the eyes of your Muma's little naughty Unnikkutan, listen the words you hear through the ears of your Papa's talkative Ammukkutty. Whenever you are with them, forget how much you have grown, how long you have travelled, how many you have gained. It will make the difference. Be their child again!

 

അമ്മയുടെ ആഴത്തിലുള്ള വാത്സല്യവും സ്നേഹവും മുങ്ങിത്തപ്പിയെടുത്ത മോൻ മാസ്സാണ് മനസ്സാണ് എന്ന് സ്വയം തള്ളിമറിച്ച്കൊണ്ട് ഈ എഴുത്ത് ഇവിടെ അവസാനിപ്പിക്കാൻ എന്റെ എളിമ എന്നെ അനുവദിക്കാത്തത്കൊണ്ട്, എനിക്ക് നല്ലത് മാത്രം ഒരുക്കി വെച്ച് എന്നെ കാത്തിരിക്കുന്ന, എനിക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന, എന്റെ ഉള്ളിലെ നല്ലതിനെ വലിച്ചു പുറത്തിടാൻ എന്നെ ഏറെക്കുറെ സഹായിച്ചിട്ടുള്ള എന്റെ അമ്മയെ മനസ്സിൽ ധ്യാനിച്ച് പുലിമുരുകനിലെ ഒരു മാസ് ഡയലോഗ് ആവശ്യം വേണ്ടുന്ന ഭേദഗതികളോടെ ടെയ്ൽ എൻഡ് ആയി എഴുതി ചേർത്ത് അവസാനിപ്പിക്കാം എന്ന് തോന്നുകയാണ്.

 

വിട്ട് കളയരുത്!... ചേർത്ത് പിടിച്ചോ... ആയുസ്സിൽ ഒന്നെ കാണൂ ഇതുപോലൊരു ഐറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com