ADVERTISEMENT

ഭാഷ എന്ന പ്രതിഭാസം എന്താണ്? മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഏറ്റവും ആദ്യത്തെയും ഏറ്റവും മഹത്തായതുമായ കണ്ടുപിടിത്തം അല്ലെങ്കില്‍ ആവിഷ്കാരം എന്നു പറയാം. പൂര്‍വ്വ മനുഷ്യര്‍ സൃഷ്ടിച്ച ഭാഷകളുടെ വൈവിധ്യം വിസ്മയകരമാണ്. ഇന്ത്യയില്‍ തന്നെ 22 അംഗീകൃത ഭാഷകള്‍ നിലവിലുണ്ടല്ലോ, ലോകത്തെമ്പാടുമായി 7000 ഭാഷകളുള്ളതായി കണക്കാക്കപ്പെടുന്നു. ഇവ ഓരോന്നും അനന്യവും അവയില്‍ തന്നെ പൂര്‍ണ്ണതയുള്ളതുമായി കണക്കാക്കാം.

 

ഓരോ ഭാഷയിലും ചില വാക്കുകള്‍ക്ക് മറ്റു ഭാഷകളില്‍ നിന്നും പകരം വയ്ക്കാനുണ്ടാവില്ല. മലയാളത്തില്‍ നിന്നും രണ്ടു വാക്കുകള്‍ ഉദാഹരിക്കാം, 'നമ്മൾ' എന്നും 'ഞങ്ങള്‍' എന്നുമുള്ള വാക്കുകള്‍ പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയില്‍ ഇവയ്ക്ക് രണ്ടും ഒരേ പരിഭാഷയാണ്: 'WE' എന്ന വാക്ക്. ഇംഗ്ലീഷ് പ്രസക്തമാകുന്നത്. മലയാളത്തിലെ 'ഞങ്ങള്‍' 'നമ്മള്‍' എന്നീ വാക്കുകളും 'WE' എന്ന വാക്കും വ്യത്യസ്തമായ അർഥങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യം മനസ്സിലാക്കിയത് അമ്മയില്‍ നിന്നായിരുന്നു.

 

എന്‍റെ ബാല്യം: പത്തുമക്കളില്‍ ആറാമനായിട്ടാണ് ഞാന്‍ ജനിച്ചത്. എന്‍റെ പിതാവിന്‍റെ ജ്യേഷ്ഠന്‍ ചെറുപ്പത്തിലെ മരണമടഞ്ഞതിനാല്‍ അദ്ദേഹത്തിന്‍റെ ആറുമക്കളടങ്ങിയ കുടുംബവും ഞങ്ങളോടൊപ്പമായിരുന്നു താമസം. കൂടാതെ അടുത്ത കോണ്‍വന്‍റ് സ്കൂളില്‍ പഠിക്കുവാനുള്ള സൗകര്യാര്‍ഥം പിതൃസഹോദരിമാരുടെ മൂന്നു പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. ഇപ്രകാരം എന്‍റെ വീട്ടില്‍ 20 കുട്ടികള്‍ ഒരേ കൂരയ്ക്കു കീഴില്‍ കഴിഞ്ഞിരുന്നു എന്നര്‍ഥം. ഞങ്ങള്‍ ഒറ്റ കുടുംബമായി വളര്‍ന്നു. ഞങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന ഇളയവര്‍ക്ക് ഗുരുസ്ഥാനികളായി എന്നു പറയാം. ഞങ്ങളാരെങ്കിലും 'ഞങ്ങള്‍' എന്ന വാക്കു പറഞ്ഞാല്‍ ഞങ്ങളെ തിരുത്തി 'നമ്മള്‍' എന്നു പറയിക്കുമായിരുന്നു അമ്മ ഇതു നിര്‍ബന്ധമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു വലിയ കുടുംബമായി വളര്‍ന്നു വന്ന ഞങ്ങള്‍ക്കിടയില്‍ ചേരിതിരിഞ്ഞുള്ള കശപിശകള്‍ തീരെ ഇല്ലായിരുന്നു. ഒരു കാര്യം ഓര്‍ക്കുന്നു, പ്രായപൂര്‍ത്തി കഴിഞ്ഞാണ് ഒരിക്കല്‍ ഞാന്‍ എന്‍റെ മച്ചുനനെ 'കസിന്‍' എന്നു പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം എന്നെ തിരുത്തി 'അല്ല നമ്മള്‍ സഹോദരന്‍മാര്‍'. ഞങ്ങളെയെല്ലാം സഹോദരങ്ങളായി (നമ്മൾ) വളര്‍ത്താൻ പരിശ്രമിച്ച എന്‍റെ അമ്മയുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ പ്രണാമം. വ്യത്യസ്ഥ കുടുംബങ്ങളില്‍ നിന്നും വന്ന ഞങ്ങളെല്ലാം 'നമ്മള്‍' ആയി വളര്‍ന്നു. വളരുന്ന പ്രായത്തില്‍ നാം വാക്കുകള്‍ അവയുടെ പൂര്‍ണ്ണമായ നാനാര്‍ഥം അറിഞ്ഞുകൊണ്ടല്ല പഠിച്ചെടുക്കുന്നതും പ്രയോഗിക്കുന്നതും. ജീവിതാരംഭത്തില്‍ നാം പരിശീലിക്കുന്ന ഭാഷ സ്വാഭാവികവും അബോധത്തില്‍ കുറിക്കപ്പെടുന്നതുമായതുകൊണ്ടല്ലേ അതിനെ നാം മാതൃഭാഷ എന്നു പറയുന്നത്? (അമ്മയില്‍ നിന്നും സ്വീകരിക്കുന്ന ഭാഷ!)

 

we-writersblog

ഭാഷാ ശാസ്ത്രം പറയുമ്പോള്‍

മേല്‍ പറഞ്ഞ വാക്കുകളുടെ സൂഷ്മതലാര്‍ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ ചില സങ്കീര്‍ണതകള്‍ തെളിഞ്ഞു വരുന്നു. രണ്ടു വാക്കുകളും ('നമ്മൾ' 'ഞങ്ങൾ') 'ഉത്തമ പുരുഷ ബഹുവചനം' (first person plural) എന്നാണ് വിവക്ഷിക്കപ്പെടുക. 'നമ്മൾ' എന്നത് സംബോധകനെയും ശ്രോതാവിനെയും ഉള്‍പ്പെടുത്തുന്ന പ്രയോഗമാണ്. എന്നാല്‍ 'ഞങ്ങൾ' എന്നത് സംബോധകനും അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് മാത്രം സൂചകമാണ്. ശ്രോതാവ് 'അപരനാണ്' അതായത് സൂചിതത്തില്‍ ബാഹ്യമാണ്. ഇംഗ്ലീഷില്‍ 'WE' എന്ന പ്രയോഗം മലയാളത്തിലെ 'ഞങ്ങള്‍' 'നമ്മള്‍' എന്നീ പ്രയോഗങ്ങളുടെ സൂചിതങ്ങളെ രണ്ടിനെയും ചേര്‍ത്തു വയ്ക്കുന്നു. 'ഞങ്ങള്‍' എന്നു പറയുമ്പോള്‍ അവിടെ 'നിങ്ങള്‍' എന്ന അപരനെ ധ്വനിപ്പിക്കുന്നുണ്ട്. 'ഞങ്ങൾ', 'നിങ്ങൾ' എന്ന ഈ ദ്വന്ദ്വം 'WE' എന്ന ഇംഗ്ലീഷ് പ്രയോഗത്തില്‍ ഇല്ല എന്നു സാരം.

 

ഗണിതശാസ്ത്രത്തിലെ 'സെറ്റ്' സിദ്ധാന്തം (Set Theory) തരുന്ന ഒരു ആശയം ഇവിടെ വിശകലനത്തിനുള്ള ഒരു രൂപകമായി ഉപയോഗിക്കാം. നമ്മള്‍ എന്നത് ഒരു 'Universal Set' അഥവാ സാര്‍വത്രിക ഗണം എന്നു പറയാം. അവിടെ ഞങ്ങള്‍ എന്നത് ഒരു Subset അഥവാ ഉപഗണം എന്നു പറയാം. സാർവത്രിക ഗണത്തില്‍ സമാനസ്വഭാവികളായ എല്ലാ പ്രതിഭാസങ്ങളെയും ഉള്‍പ്പെടുത്തുന്നുവെങ്കില്‍ ഉപഗണം അവയില്‍ നിന്നുതന്നെയുള്ള പ്രത്യേകമായ ഒരു ചെറുഗണത്തെയാണ് സൂചിപ്പിക്കുക. 

 

റോബര്‍ട്ട് കാള്‍ഡ്വല്‍ (1875) എന്ന മിഷനറി തന്‍റെ ദ്രാവിഡ ഭാഷാ പഠനങ്ങളില്‍ പറയുന്നതിന്‍ പ്രകാരം തമിഴ്, മലയാളം, തെലുങ്ക്, തുളു എന്നീ ആധുനിക ദ്രാവിഡ ഭാഷകള്‍ മേല്‍പറഞ്ഞ 'ഞങ്ങള്‍' 'നിങ്ങള്‍' ദ്വന്ദ്വം ഉപയോഗിച്ചുപോരുന്നു. ജിം ചെന്‍ (2006) തന്‍റെ ഒരു ഗവേഷണ പ്രബന്ധത്തില്‍ മേല്‍പറഞ്ഞ പ്രയോഗം സൂക്ഷിക്കുന്ന ഭാഷയാണ് മാറാത്തി എന്നു നിരീക്ഷിച്ചിട്ടുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ഞങ്ങള്‍' 'നമ്മള്‍' ദ്വന്ദ്വം സൂചന ദ്രാവിഡ ഭാഷകളില്‍ മാത്രമല്ല എന്നു കരുതാം. എന്നാല്‍ അദ്ദേഹം തറപ്പിച്ചു പറയുന്നത് ഈ ദ്വന്ദ്വ സൂചന യൂറോപ്യന്‍ ഭാഷകളിലൊന്നും നിലവിലില്ല എന്നാണ്. 

 

ഒരു വീണ്ടുവിചാരം

മേല്‍ പറഞ്ഞ ആശയം നമ്മെ ഒരു വീണ്ടുവിചാരത്തിലേയ്ക്കെത്തിക്കുകയാണ്. നാം ജീവിക്കുന്ന സംസ്കാരത്തിന്‍റെ പൗരാണിക സ്വഭാവവും അതു പ്രതിഫലിപ്പിക്കുന്ന ഭാഷകളുടെ പ്രത്യേകതകളുമാണ് ഇവിടെ പ്രതിപാദ്യം. ഭാഷ നമ്മുടെ ജീവിത ദര്‍ശനത്തിന്‍റെ സ്വഭാവം വെളിവാക്കുന്നു. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതും എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതുമായ ഒന്നായി നമുക്ക് നമ്മുടെ സംസ്കാരത്തെ കാണേണ്ടതുണ്ട്. ഇവിടെ കൂട്ടുകുടുംബങ്ങള്‍ സാധാരണമായിരുന്നു. അവിടെ 'ഞങ്ങൾ' എന്നാൽ 'നമ്മൾ' ആണ്. നവയുഗത്തിന്‍റെ സ്വഭാവമായ അണുകുടുംബങ്ങള്‍ സാധാരണമാകുമ്പോള്‍, മത്സരങ്ങളും ജീവിത വിജയത്തിനും സമ്പല്‍സമൃദ്ധിക്കും, ജനായത്തഭരണ വ്യവസ്ഥയില്‍ അധികാരം നേടാനുമുള്ള തത്വമായി മത്സരബുദ്ധി ആവശ്യമെന്നും നിരന്തരം പഠിപ്പിക്കപ്പെടുന്ന ലോകത്ത് 'ഞങ്ങളും' നിങ്ങളുമുണ്ടെന്നല്ല ഈ ദ്വത്വങ്ങള്‍ക്കിടയില്‍ മത്സരം ചിലപ്പോള്‍ ശത്രുതയും വളര്‍ന്നു വരുന്നു. മാധ്യമങ്ങളുടെ പെരുക്കം പ്രത്യേകിച്ച് സമൂഹ്യമാധ്യമങ്ങൾ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇന്ന് മത്സരത്തിന്‍റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള അപരത്വവല്‍ക്കരണത്തിന്‍റെയും ഗോത്രസംസ്കൃതിയുടെ സങ്കുചിതത്വത്തിന്‍റെയും പ്രത്യയശീലങ്ങളെ പൊതുബോധത്തില്‍ നിറയ്ക്കുന്നു. ഏതു വ്യക്തിക്കും ഇന്ന് ഏതൊരു വ്യക്തിയെയോ, സംഭവങ്ങളെയോ, സ്ഥാപനങ്ങളെയോ വേണ്ടത്ര അറിവോ വീണ്ടു വിചാരമോ ഇല്ലാതെ വിമര്‍ശിക്കുവാനും വിധിക്കുവാനും സാധിക്കും. എല്ലാവര്‍ക്കും വാര്‍ത്താവതാരകരും, വിമര്‍ശകരും, ഉപദേശകരുമാകാം അവരുടെ മുന്‍വിധികള്‍ പ്രചരിപ്പിക്കാം. അപരനെ വെറും അന്യനല്ല ശത്രുവായി തന്നെ നിര്‍മ്മിച്ചെടുക്കാം. നമ്മുടെ ആശയങ്ങള്‍ സത്യവും വിയോജിക്കുന്നവന്‍റെ ആശയം പ്രതിലോമകരവുമെന്നു പ്രചരിപ്പിക്കാം. ഇത്തരം പ്രവണതകള്‍ വ്യക്തി, കുടുംബം, സമൂഹങ്ങള്‍, രാജ്യം എന്നിവയെ എത്ര വ്യാപകമായി ബാധിക്കുന്നു എന്നത് സൂഷ്മതയോടെ പഠിക്കേണ്ടതാണ്. നമ്മള്‍ എന്ന പ്രയോഗത്തിനുമേല്‍ ഞങ്ങള്‍ നിങ്ങള്‍ ഒടുവില്‍ ഞാന്‍ എന്നീ പദങ്ങള്‍ ചേര്‍ത്തുവച്ചിട്ട് ഇവയില്‍ ഏതു വാക്കാണ് നാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് എന്നു ചിന്തിക്കുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനോഭാവത്തില്‍ നിന്നും പിന്തിരിഞ്ഞ് വ്യക്തിവാദം അഥവാ Individualism എന്ന ചിന്താധാരയിലേയ്ക്കാണോ ഇന്നത്തെ ലോകം സഞ്ചരിക്കുന്നത്?

 

(ചങ്ങനാശ്ശേരി സെന്‍റ്. ബെര്‍ക്കുമാന്‍സ് കോളേജിലെ മുൻ പ്രിൻസിപ്പലാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com