ADVERTISEMENT

അനിവാര്യമായൊരു മടക്കയാത്രയെക്കുറിച്ച്

നീയെന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു..

കടലിന്റെ കാണാമറയത്തേക്ക്

ഒഴുകിപ്പോയതൊക്കെയും 

ഒടുവിൽ തീരത്തേക്കടിയുന്നതു പോലെ

നിന്നിലേക്ക് തന്നെ ഞാൻ തിരിച്ചുവരും....

നിഗൂഢമായ ചില പ്രണയങ്ങൾ പോലെ

നിന്നിൽ ഞാൻ ഉന്മത്തയാകും.

സ്വപ്നങ്ങളുടെ 

ഭാരങ്ങളിറക്കി വെള്ളത്തിലിട്ടൊരു

പൊങ്ങുതടിയായി ഞാൻ ഒഴുകി നടക്കും.

എന്റെ കണ്ണുകൾ സുതാര്യമാകും.

വേർതിരിവില്ലാത്തൊരു ഒറ്റനിറത്താൽ

മനസ്സ് പരിശുദ്ധമാകും..

നിരർഥകമായൊരു പുഞ്ചിരി

ചുണ്ടിൽ ബാക്കി വെക്കും.

ഒരുനാൾ,

ഉറഞ്ഞു പോയൊരു ശിശിരത്തെ

കൈകളിലാഴ്ത്തി

നീയെന്നെ ഗാഢമായി പുണരും..

നിന്റെ ചുംബനത്തിൽ 

ഞാനീ ലോകത്തെ മറന്നുവെയ്ക്കും

ഏകാകിയായ് നിന്നിലേക്ക് ഇറങ്ങി വരും.

ഓർമ്മകളെ ഇറക്കിവിട്ട ഹൃദയം

സ്വച്ഛമായൊരു മൗനത്തെ ചേർത്തു പിടിക്കും

ഈർപ്പമുള്ള ഉടൽ വേരുകളിൽ നിന്ന്

എണ്ണിയാലൊടുങ്ങാത്തത്ര

ശവംനാറിപ്പൂക്കൾ വിരിയും..

മറവിയുടെ മഴനനഞ്ഞ്

പലരും ആ വഴികടന്നു പോയേക്കാം.

ജനിമൃതികളുടെ പുറംചട്ടയുള്ളൊരു

കാവ്യപുസ്തകത്തിലേക്ക്

മാഞ്ഞു പോയേക്കാവുന്നൊരു

വാങ്മയ ചിത്രം

കാലം കോറിയിട്ടുണ്ടാകുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com