ADVERTISEMENT

മണിയന്റെ ആദ്യ ഓണം (കഥ)

 

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ശക്തിയോടെ മഴ വീണ്ടും പെയ്യാൻ തുടങ്ങി. രാത്രിയിലെപ്പൊഴോ തുടങ്ങിയ മഴ പുലർച്ചയോടെ ഒന്ന് ശമിച്ചതാണ്. ഇടമുറിയാതെ പെയ്തിറങ്ങിയ കനത്തമഴയിൽ ഭൂമി കുതിർന്ന് ജലം പുറത്തേക്കൊഴുകി. വീശിയടിച്ച കാറ്റിൽ തെങ്ങിൻ തലപ്പുകൾ ആടിയുലഞ്ഞു. ആദിത്യന് മിഴി തുറക്കാൻ പോലുമാകാത്തവണ്ണം കറുത്ത മേഘങ്ങൾ ആകാശത്ത് ഉരുണ്ടു കൂടി. ചരൽ കണക്കെ പതിച്ച ജലകണങ്ങളുടെ ശബ്ദവും കാറ്റിന്റെ ശീൽക്കാരവും അന്തരീക്ഷത്തിൽ മുഴങ്ങി നിന്നു. കോലായിലെ ചാരുകസേരയിൽ മണിയൻ എന്ന മണികണ്ഠൻ മഴകാഴ്ചകൾ കണ്ട് ചടഞ്ഞു കൂടിയിരുന്നു. നഗ്ന പാദങ്ങളിലൂടെ തണുപ്പ് ഉച്ചിയിലേക്ക് കയറുന്നത് തടയാനെന്നോണം കാലുകൾ കസേരയിൽ കയറ്റി വെച്ച്,  കൈകൾ മുറുക്കി കെട്ടി ഇരിക്കുമ്പോഴും പല്ലുകൾ കൂട്ടിമുട്ടുന്നത് നിയന്ത്രിക്കാൻ അവൻ നന്നേ പാടുപെട്ടു.

 

'ഒരു കട്ടൻ നല്ലചൂടോടെ കിട്ടിയാൽ അൽപ്പം ആശ്വാസമാകും.' എന്ന ചിന്തയോടെ ഇരുന്നിടത്തു നിന്ന് തല ഒന്ന് തിരിച്ച് മണിയൻ അകത്തേക്കു ഏന്തി വലിഞ്ഞു നോക്കി. അകത്തുനിന്ന് ആരുടേയും ഒച്ചയും അനക്കവുമില്ല. വിളിച്ചു ചോദിച്ചാലോ എന്ന് അവൻ ഒരു വട്ടം ആലോചിച്ചു. 'വേണ്ട. ഓപ്പോളെങ്ങാനും കേട്ടാൽ അത് മതി അവർക്ക്. അവരുടെ വായിൽ നിന്ന് ചിലപ്പോൾ പുറത്ത് വരുന്നത് എന്താണെന്നത് പറയാനാകില്ല.' ഓപ്പോളെ മണിയന് പേടിയാണ്. തരം കിട്ടിയാലൊക്കെ സിംഹത്തെ പോലെ അവർ ചാടി വീഴും. "ഇവിടെ, എവിടെ വെച്ചിരിക്കുന്നു ഇതെല്ലാം ഉണ്ടാക്കിത്തരാൻ. എല്ലാം ആ പാവം മനുഷ്യൻ, ഒറ്റ ഒരാൾ വേണ്ടേ കൊണ്ടെത്തരാൻ." പോലീസുകാരനായ ഭർത്താവ് ഭാര്യ വീട്ടിൽ സംബന്ധം കൂടിയതാണെങ്കിലും, വീട്ടിലെ കാര്യങ്ങൾ മുടക്കമില്ലാതെ നടക്കുന്നത് അതുകൊണ്ടാണ് എന്ന ഭാവമായിരുന്നു അവർക്ക്. സംബന്ധക്കാരൻ കോങ്ങാട്ടുകാരൻ ഭാസ്ക്കരൻ നായർ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. അടുത്ത കാലത്താണ് പ്രൊമോഷൻ കിട്ടി സീനിയർ ആവുന്നത്. കല്യാണം കഴിഞ്ഞ സമയത്ത്, ജോലി സ്ഥലത്തിന്  അടുത്തെന്ന നിലയിൽ തുടങ്ങിയതാണ് ഭാര്യവീട്ടിലെ താമസം. "മക്കളെ എപ്പോഴും സ്ക്കൂളു മാറ്റാൻ പാടാ. ഇനി ഇപ്പോ ദാക്ഷായണിം മക്കളും ഇവിടെ നിക്കട്ടെ. എനിക്ക് ഇടക്ക് വന്നു പോവ്വാലോ." സ്ഥലമാറ്റങ്ങൾ മുടക്കമില്ലാതെ നടക്കുമ്പോൾ ഭാസ്ക്കരൻ നായർ ന്യായം പറഞ്ഞു. മകളുടെ വീരവാദം പറച്ചിൽ അതുകൊണ്ടു തന്നെ അമ്മയായ സാവിത്രിയ്ക്ക് ഇടയ്ക്ക് ഇഷ്ടപ്പെടില്ല. "നിന്റെ കെട്ടിയോൻ കൊണ്ടുവന്നില്ലേലും പട്ടിണി കിടക്കാതെ കഴിയാൻ ഉള്ളതൊക്കെ ഇവിടുണ്ട്" എന്ന് സാവിത്രിയമ്മയും തിരിച്ചടിക്കും. 

 

താഴ്ന്ന് വീശിയ കാറ്റിൽ മഴത്തുള്ളികൾ ഉമ്മറത്തേക്ക് ചിതറി വീണു. ദേഹത്ത് ശീതളടിയ്ക്കാൻ തുടങ്ങിയപ്പോൾ മണിയൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. കൈകൊണ്ട് വെള്ളത്തുള്ളികൾ തുടച്ച്, കസേര പുറകിലേയ്ക്ക് വലിച്ചിട്ട് വീണ്ടും കൂനികൂടി ഇരുന്നു. "ഡാ ... മണ്യാ .... ഒന്നിങ്ങട്ട് ന്നേ." അകത്തു നിന്ന് സാവിത്രിയമ്മയുടെ നീട്ടിയുള്ള വിളി. അതു കേട്ടുവെങ്കിലും ഗൗനിക്കാതെ, മഴകാഴ്ചകളിലേക്കു തന്നെ മിഴി നീട്ടി അവൻ ഇരുപ്പു തുടർന്നു. മറുപടിയൊന്നും കേൾക്കാത്തതു കൊണ്ടാകണം അൽപ്പം കഴിഞ്ഞ് ഉച്ചത്തിൽ സാവിത്രിയമ്മ വീണ്ടും വിളിച്ചു. "ഈ ചെക്കൻ എവടെപ്പോയി കെടക്കണ്... ഡാ മണ്യാ." സാവിത്രിയമ്മയുടെ സ്വരം ഒന്നുകൂടി കനത്തു. 'ഇത് വല്യ ശല്യമായല്ലോ' എന്ന് മനസ്സിൽ പറഞ്ഞ് ഇരുന്നിടത്തു നിന്ന് മുഷിച്ചിലോടെ മണിയൻ എഴുന്നേറ്റു. ഇനിയും ചെന്നില്ലെങ്കിൽ കലി തുള്ളി പുറത്തേക്ക് വരുന്ന അവരുടെ രൂപം ഒരു നിമിഷം അവന്റെ മനസ്സിലൂടെ പാഞ്ഞു.

 

"ഹാ... ന്തേ വിളിച്ചേ...." "നീ ആ കുമാരന്റെ കടേന്ന് നൂറൂപ്പ്യക്ക് വെളിച്ചെണ്ണ വാങ്ങി വന്നാ...." "ഇക്കൊന്നും വയ്യ ഈ മഴേത്ത് പോവ്വാൻ ..." അവൻ നിഷേധ സ്വരത്തിൽ തല ഒന്നു വെട്ടിച്ച് വീണ്ടും പുറത്തേക്കിറങ്ങി. "ന്നാ ന്നാരും ഉച്ചക്ക് ഒന്നും കൂട്ടണ്ട. പച്ച ചോറ് വാരി തിന്നാം." സാവിത്രിയമ്മ ദേഷ്യപ്പെട്ടു. മണിയൻ ഒന്നു പതറി. ഭക്ഷണകാര്യമാണ്. ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും. അവൻ മുഖമൊന്ന് കോട്ടി. 'സ്വസ്ഥായി ഇരിക്കാനും സമ്മതിക്കില്ല' എന്ന് പിറുപിറുത്തു. നീരസത്തിൽ പറഞ്ഞു. "ന്നാ എന്താച്ചാ തന്നാ." മനസ്സില്ലാമനസ്സോടെ, അമ്മ നീട്ടിയ വെളിച്ചെണ്ണ കുപ്പിയും കാശും വാങ്ങി അവൻ പുറത്തിറങ്ങി. കുപ്പി കക്ഷത്ത് തിരുകി, മുണ്ട് മുറുക്കി ചുറ്റി കുട നിവർത്തി. നിവർന്ന കുടയിലെ ഒരു വില്ല്, മാളത്തിൽ നിന്ന് തല നീട്ടിയ അരണയെ പോലെ മഴ കാഴ്ചകളിലേക്ക് മിഴിതുറന്നു. തേഞ്ഞുതീരാറായ ചെരുപ്പ് കാലിൽ ഉറപ്പിച്ച് ചെളി നിറഞ്ഞ മുറ്റത്തേക്ക് മടിച്ചു മടിച്ചു അവൻ ഇറങ്ങി. ഇടവഴിയിലൂടെ കുത്തിയൊലിച്ച തണുത്ത ചെളിവെള്ളം പാദത്തിനു മുകളിലൂടെ ഒഴുകി നീങ്ങുമ്പോൾ അവന് കുളിര് കോരി. ഒഴുക്കിനോടൊപ്പം പാദങ്ങൾ വലിച്ചു വെച്ച്, ഓളങ്ങളിൽ മിഴികളൂന്നി അലസമായി അവൻ നടന്നു. ഇടയ്ക്ക്, പാടവരമ്പുകളിൽ നിന്നുമുയരുന്ന പോക്രാച്ചി തവളകളുടെ തൊണ്ടപൊട്ടുമാറുള്ള ശബ്ദം കേട്ട് നിന്ന്, അതിനു മറുപടിയായി, തിരിച്ചും അതേ ശബ്ദത്തിൽ ഉച്ചത്തിൽ കൂവി അനുകരിച്ച് അവൻ കാതോർത്തു.

 

ഇടവഴി കഴിഞ്ഞാൽ മനക്കലെ പറമ്പാണ്. വേലിക്കരികിൽ വലിയ ഒരു ഏഴിലം പാല കാണാം. ഇരുട്ട് വീണാൽ മണിയൻ ആ വഴി പോകാറേ ഇല്ല. രാത്രികളിലാണ് യക്ഷികൾ ഇറങ്ങുന്നതെന്നാണ് കുട്ടിക്കാലം മുതലേ അവൻ കേട്ടിട്ടുള്ളത്. മനക്കലെ വഴിയിൽ യക്ഷിയെ കണ്ടവർ പലരുണ്ട്. വടക്കേതിലെ നാണു നായർ പണ്ട് യക്ഷിയെ കണ്ട കഥ പ്രസിദ്ധവുമാണ്. ഒരിക്കൽ നാണു നായർ സംബന്ധ വീട്ടിലേക്ക് വരുന്ന സമയം. നേരം ഏതാണ്ട് അർദ്ധരാത്രിയോടടുത്തായി. മനക്കലെ പറമ്പിനടുത്തെത്തിയപ്പോൾ നാണു നായർ കണ്ടു, പാലച്ചുവട്ടിൽ സുന്ദരിയായ ഒരു യുവതി. അരണ്ട വെളിച്ചത്തിൽ അവളുടെ തിളങ്ങുന്ന കണ്ണുകളും, കടഞ്ഞെടുത്ത ശരീരവും കണ്ട് നാണു നായർ മയങ്ങിപ്പോയി. സംബന്ധം മറന്നു. പിറ്റേന്ന്, കറവക്കാരൻ അച്യുതനാണ് വഴിയരികിൽ ബോധരഹിതനായി കിടന്ന നാണുനായരെ ആദ്യം കാണുന്നത്. ബോധം ഉണർന്ന നായർ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു. താമസിയാതെ, നായരെ ചിത്തഭ്രമം ബാധിച്ച് ചങ്ങലക്കിടേണ്ടിയും വന്നു. മനക്കലെ പറമ്പ് എത്തിയാൽ ഓടുക എന്നുള്ളത് ചെറുപ്പം മുതലേയുള്ള മണിയന്റെ ശീലമാണ്. മനക്കലെ യക്ഷിയെ പിന്നീട് ചേന്ദംകുളം ഭവത്രാതൻ തിരുമേനി ഏഴിലം പാലയിൽ തളച്ചുവെങ്കിലും, ഓടുന്നതിനിടയിൽ  മനക്കലെ പറമ്പിലേക്ക് അവൻ നോക്കാറേ ഇല്ല. 'യക്ഷി എങ്ങാൻ ബന്ധനത്തിൽ നിന്ന് പുറത്തു ചാടിയാലോ.' യക്ഷിയുമായുള്ള ഒരു മത്സരത്തിന് മണിയൻ തയ്യാറായിരുന്നില്ല. മനക്കലെ പറമ്പു കഴിഞ്ഞു കയറുന്നത് മേലേക്കാവ് ഭഗവതിയുടെ ക്ഷേത്ര മൈതാനത്തേക്കാണ്. മൈതാനത്തിനു ഒരു വശത്തായി വലിയ മതിൽകെട്ടിനുള്ളിൽ ക്ഷേത്രം. കിഴക്കുഭാഗത്തായി ക്ഷേത്രക്കുളം. കുളത്തിൽ സമൃദ്ധിയോടെ നിറഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കൾ. 

 

അന്നും, മഴ വകവെയ്ക്കാതെ മണിയൻ ഓടി. ക്ഷേത്ര മൈതാനത്തേക്കുള്ള ചവിട്ടുപടികൾ കയറി, കൈകൾ എളിയിൽ തിരുകി അൽപ്പ സമയം നിന്നവൻ കിതച്ചു. പിന്നെ, ശ്വാസം സാധാരണ ഗതിയിലായപ്പോൾ കുത്തഴിയാറായ ഉടുമുണ്ട് ഒന്നു മുറുക്കി ചുറ്റി, നടന്നു. മതിൽക്കെട്ട് ചുറ്റി മൈതാനം മുറിച്ചു കടക്കുമ്പോഴേക്കും മഴ അൽപ്പം ശമിച്ചിരുന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ, മഴമേഘങ്ങൾ മാറി, ചമഞ്ഞൊരുങ്ങിയ യുവതിയേപ്പോലെ ആകാശം തെളിഞ്ഞു. ക്ഷേത്രമൈതാനം കടന്നാൽ പിന്നേയും, അര കിലോമീറ്റർ ദൂരം കാണും കുമാരന്റെ പലചരക്കു കടയിലേക്ക്. പലചരക്കും ചായക്കടയും ചേർന്നതാണ് കുമാരന്റെ കട. നാട്ടിലെ പ്രധാന കച്ചവട കേന്ദ്രമായ ആ കവലയിൽ, ചായക്കടയോട് ചേർന്നുള്ള മുറികളിൽ ഒരു ബാർബർ ഷോപ്പും, തയ്യൽ കടയും, പിന്നെ ഒരു പച്ചക്കറി കടയും കാണാം.

 

ഒരു വശം പനമ്പായയും, മറുവശം ടാർപ്പായ കൊണ്ടും മറച്ച് കെട്ടിയ കുമാരന്റെ ചായക്കടയുടെ ഓല മേഞ്ഞ മേൽക്കൂരയിലൂടെ പുക പടലങ്ങൾ വായുവിലേക്കുയരുന്നത് കാണാറായി. കുമാരനും ഭാര്യ രാധയും ചേർന്നുള്ള പങ്കാളിത്ത സ്ഥാപനമാണ് നാട്ടുകാരുടെ ഏക ആശ്രയമായ ആ കട. കുമാരൻ ദോശ ചുടുമ്പോൾ രാധ ചമ്മന്തി അരയ്ക്കും. കുമാരൻ ചായ അടിക്കുമ്പോൾ രാധ അടുപ്പിൽ പഴം പൊരിക്കും. അങ്ങിനെ ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായുള്ള അവരുടെ ജീവിതം കാണുമ്പോൾ നാട്ടുകാർ പറയും 'കുമാരേട്ടനു വേണ്ടിത്തന്നെ ജനിച്ചതാ രാധേച്ചി' എന്ന്. മണിയൻ നടന്നു ചെല്ലുമ്പോൾ വെന്ത പഴത്തിന്റെ ഗന്ധം വായുവിൽ നിറഞ്ഞു നിന്നു. ഇളകിയാടുന്ന ബെഞ്ചിൽ കൈവെച്ച് സൊറ പറഞ്ഞിരിക്കുന്ന നാലഞ്ചു പേർ. കാലിയായതും പാതി നിറഞ്ഞതുമായ ഗ്ലാസ്സുകൾ മുന്നിൽ. പ്രാദേശികവും അന്തർദേശീയവുമായ എല്ലാ വാർത്തകളുടേയും വിശകലന കേന്ദ്രം കൂടിയാണ് കുമാരന്റെ ചായക്കട. പ്രസവം മുതൽ മരണം വരെയുള്ള നാട്ടിലെ ഏതു കാര്യവും ആദ്യം അറിയുന്നത് അവിടെയാണ്. ആശാരി പ്രകാശന്റെ മകൾ, ചാവക്കാട്ടുകാരൻ ഒരു മാപ്പിളയുടെ കൂടെ ഓടി പോയതിന്റെ വരുംവരായ്കകൾ ചർച്ച ചെയ്യുകയായിരുന്നു ആ സമയം അവർ.

 

"എന്താ നായരുട്ട്യേ ഈ മഴയത്ത് ? അനക്ക് ഒരു പൊരി കഴിക്കണാ" കേളത്ത് മാധവൻ കയ്യിലിരുന്ന പഴംപൊരി ഒന്നു കടിച്ചു വലിച്ചു, അവനെ ഒന്ന് നോക്കി പുരികം മുകളിലേക്ക് ഉയർത്തി. മാധവന് ഒരു കാലിന് സ്വാധീനം കുറവാണ്. ഞൊണ്ടി ഞൊണ്ടിയാണ് നടത്തം. എങ്കിലും കുമാരന്റെ കടയിലെ സ്ഥിരം സാന്നിധ്യമാണ് മാധവൻ."ഇത് എന്തു ചോദ്യാ മാധവേട്ടാ. അവൻ മഴയത്ത് നടക്കട്ടെന്നേ. ചെറുപ്പക്കാര് പിള്ളേരല്ലേ." നേരം വെളുക്കും മുതൽ അന്തിവരെ, ചായ പീടികയും ചീട്ടുകളിയിലുമായി നേരം കളയുന്ന സോമു എന്ന സുന്ദരൻ അതു പറയുമ്പോൾ ഒന്നു കുലുങ്ങി ചിരിച്ചു."കുമാരേട്ടാ ഒരു നൂറുപ്പ്യക്ക് വെളിച്ചെണ്ണ" രണ്ടാളുടേയും വാക്കുകളെ കേൾക്കാത്ത പോലെ അവൻ നിന്നു. അല്ലെങ്കിലും ഇതുപോലെ എന്തൊക്കെ അവൻ കേട്ടിരിക്കുന്നു. "അല്ല മണ്യേ. നിനക്ക് പെണ്ണ് കെട്ടണ്ടെടോ ? നിന്റെ ഒപ്പം പഠിച്ച ശേഖരത്തെ മഹേഷിനും, വെട്ടിക്കാട്ടെ ദിനേശനും രണ്ടു കുട്ട്യോളായല്ലാ." അവന്റെ നിശബ്ദത സോമുവിനെ ഹരം പിടിപ്പിച്ചു. അവനെ വെറുതെ വിടാൻ ഭാവമില്ലാത്തപോലെ അയാൾ ചോദിച്ചു. "കല്യാണം കഴിച്ചാലും അനക്ക് കുട്ട്യോള് ഉണ്ടാവില്ലെന്നാണല്ലാ ല്ലാരും പറേണേ. സത്യാണോടാ. നീ ആണനല്ലേ." സോമുവിന്റെ ആ പറച്ചിൽ അവിടെ കൂടിയവർക്ക് രസം പകർന്നു. അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ ചിരി മണിയന് അസഹ്യമായി. അവൻ വിരലുകൾ ഉള്ളം കയ്യിലിട്ട് തിരുമ്മി. വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയേപ്പോലെ ഒരു മറയ്ക്കായി അവൻ തേടി. "ങ്ങള് ഒന്ന് മിണ്ടാണ്ടിരിക്കിണ്ടാ, ആ വയ്യാത്ത ചെക്കനെ വെറുതെ. നീ പൊയ്ക്കോടാ മണിയാ." വെളിച്ചെണ്ണ നിറച്ച കുപ്പി തിരിച്ചു കൊടുക്കുമ്പോൾ കുമാരൻ അവനെ ആശ്വസിപ്പിച്ചു. മണിയന് പക്ഷേ എന്തൊക്കെയോ പറയണം എന്ന് തോന്നി. എല്ലാവർക്കും തന്നെ കാണുമ്പോൾ ഒരു പരിഹാസമാണ്. താൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നാ എല്ലാവരുടേയും വിചാരം. "ന്നെ.. കളിയാക്കാനൊന്നും നിക്കണ്ട... ന്നോട് കളിച്ചാണ്ടല്ലാ..." മണിയന്റെ മുഖം തുടുത്തു. കവിൾ വിറച്ചു. അവൻ ദേഷ്യത്തോടെ വിക്കി വിക്കി പറഞ്ഞു. 

 

മണിയൻ അങ്ങിനെയാണ്. ദേഷ്യം വന്നാൽപിന്നെ ഒന്നും പറയാൻ കിട്ടില്ല. സ്വരം വിറക്കും. നെഞ്ചിടിപ്പ് കൂടും. വീണ്ടും എന്തോ പറയാനായി അവൻ കൈ ഉയർത്തി മുന്നോട്ടാഞ്ഞു. പക്ഷെ, വാക്കുകൾ പുറത്തു വരാതെ ഒരു നിമിഷം അവൻ വിറങ്ങലിച്ചു നിന്നു. അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി, കാഴ്ചകൾ മങ്ങി. നാഡികളിലൂടെ വൈദ്യുതി തരംഗങ്ങൾ പാഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതിനു മുന്നേ, ശരീരം ഒന്നു വിറച്ച് കടയുടെ തൂണുകളിൽ തട്ടി വേച്ചു വേച്ച് അവൻ താഴേക്ക് പതിച്ചു. വെളിച്ചെണ്ണ കുപ്പി നിലത്തുവീണ് ചിതറി. കൂടിയവർ ആ കാഴ്ചയിൽ സ്തബ്ദരായി. തിടുക്കത്തിൽ അവർ ചാടി എഴുന്നേറ്റു. ആരോ അവനെ താങ്ങി നിവർത്തി കിടത്തി. ശരീരം വിറക്കുന്നതിനോടൊപ്പം, അവന്റെ ചുണ്ടുകൾക്കിടയിലൂടെ നുരയും പതയും താഴേക്ക് ഒഴുകിയിറങ്ങി. "ആരേലും താക്കോലെടുത്തേ....'' ആരോ വിളിച്ചു പറഞ്ഞു. ആരൊക്കെയോ അവന് വീശി കൊടുത്തു. കൈകാലുകൾ തിരുമ്മി. കൂടി നിന്നവർ പരസ്പരം എന്തൊക്കെയോ അടക്കം പറഞ്ഞു, ചിലർ മുഖത്തോടു മുഖം നോക്കി 'കഷ്ടന്നെ ചെക്കന്റെ ഒരു കാര്യം' എന്ന മട്ടിൽ മുഖം കോട്ടി. വീണ്ടും മഴയ്ക്ക് സൂചന നൽകി അപ്പോൾ  മാനം കറുത്തു.

 

കുറച്ചു സമയം ആ സിമന്റു തറയിൽ  മണിയൻ കിടന്നു. പതിയെ , അവന്റെ വിറയൽ കുറഞ്ഞു. ശരീരം ശാന്തമായി.. "മണിയാ... ഡാ ... മണിയാ ...." കുമാരൻ അവനെ കുലുക്കി വിളിച്ചു. അവൻ ഒന്നു ഞരങ്ങി. മിഴികൾ പതുക്കെ  തുറന്നു. "ഡാ... മണ്യാ.... എഴുന്നേറ്റേ.... പ്പോ എങ്ങനെ ണ്ട്.... എണീക്കാൻ പറ്റ്വോ...." കുമാരൻ മണിയന്റെ കൈ പിടിച്ചു. ഒരു കൈകൊണ്ട് അവനെ താങ്ങി. "ദാസാ... നീ ഇവനെ ഒന്ന് വീട്ടിൽ കൊണ്ടാക്ക്യേ ...." ഒരു വെള്ളകുപ്പി മൂടി തുറന്ന്, അവന്റെ ചുണ്ടുകൾക്കിടയിലേക്ക് വെച്ച് പകർന്നു കൊടുക്കുന്നതിനിടയിൽ കുമാരൻ അകത്തേക്ക് നോക്കി മകനെ വിളിച്ചു. പിന്നെ, കൂടി നിന്നവരോട് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു. "ഞാൻ അപ്പഴേ പറഞ്ഞതാ.... ആ ചെക്കനെ വെറുതെ മെക്കാറാക്കണ്ടാന്ന്." കൂടി നിന്നവർ തല താഴ്ത്തി. ആരും ഒന്നും പറഞ്ഞില്ല. മണിയനെ മെല്ലെ താങ്ങി അയാൾ എഴുന്നേൽപ്പിച്ചു. വസ്ത്രം നേരെയാക്കി ഇട്ട്, ചെളി തട്ടിക്കൊടുത്തു. ദാസൻ അവനെ ചേർത്ത് പിടിച്ചു. അവർ നടന്നു നീങ്ങുമ്പോൾ കൂടിയവർ സഹതാപപൂർവ്വം അവനെ നോക്കി.

 

പുറത്തു പോയ മകൻ ഒരുപാടു നേരം കഴിഞ്ഞും വരാത്തതു കൊണ്ടാകും, സാവിത്രിയമ്മ അസ്വസ്ഥയായി കോലായിൽ നിൽക്കുകയായിരുന്നു. ചെളി പുരണ്ട വസ്ത്രവുമായി നടന്നു വരുന്ന മകനെ ദൂരെ നിന്ന് തന്നെ അവർ കണ്ടു, മുറ്റത്തേക്കിറങ്ങിവന്ന് ആധിയോടെ ചോദിച്ചു. "എന്താടാ... എന്താ പറ്റിയേ ...." അവർ മകന്റെ തോളത്ത് പിടിച്ചു. ആ കൈ തട്ടിമാറ്റി മണിയൻ അകത്തേക്ക് നടന്നു. "മണിയേട്ടൻ ഒന്നു വീണു... കൊഴപ്പൊന്നുണ്ടായില്ല......പ്പോ.... മരുന്നു കഴിക്കാറില്ലേ...." ദാസൻ ഒന്നു പരുങ്ങി, അൽപം സംശയത്തോടെ അവൻ ആരാഞ്ഞു. "ന്റെ ശ്വരാ.... കുറച്ചു കാലായി ണ്ടാവത്തതാ ... എന്തു പറ്റി ന്റെ കുട്ടിക്കാണാവോ .....എന്താ ഞാൻ അവനെ ചെയ്യാ .... ങ്ങനെ ആണ് ച്ചാ ...." അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. മുണ്ടിന്റെ കോന്തലുകൊണ്ട് അവർ മൂക്കു പിഴിഞ്ഞു.

 

"എന്താ അമ്മ കണ്ടേക്കണേ. ഈ ചെക്കനെ എന്തു ചെയ്യാനാ പ്ലാൻ. അമ്മേടെ കാലശേഷം ആരു നോക്കുംന്നു വെച്ചാ." ഉമ്മറത്തേക്ക് വന്ന മകളുടെ ആ ചോദ്യം പക്ഷെ സാവിത്രിയമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ മുഖം ചുവന്നു. "നിന്നേം നിന്റെ നായരേം ബുദ്ധിമുട്ടിപ്പിക്കില്യാ... നിക്ക് വയ്യാണ്ടാവുമ്പോ വല്ല വെഷോം കൊടുത്ത് ഞാൻ അവനെ കൊന്നോളാം." "ഞാൻ പറയുന്നതിനേ ഇവിടെ ല്ലാവർക്കും ദേഷ്യള്ളു. എന്തു ചെയ്യുംന്നുമാത്രം ആർക്കും അറീല്ല. കെട്ടാൻ തയ്യാറായി ഒരു പെണ്ണു വരണില്ല. അതെങ്ങനാ... ഒരു പണിക്ക് പോകാൻ ഒക്കില്ല. എപ്പോ നോക്കിയാലും ഒരേ ഇരിപ്പ ന്നെ. അതിന് പുറമേ എടക്ക് എളക്കോം. നാട്ടാർക്ക് പറഞ്ഞ് മുടക്കാൻ കാരണം വേറെ വല്ലതും വേണോ. ന്നാള് ആ ഡ്രൈവർടെ മോളായി ഏകദേശം ഒത്തു വന്നതാ. ചെക്കൻ അസുഖക്കാരനാന്ന് പറഞ്ഞ് അതും മുടങ്ങി. കാശ് അങ്ങോട്ടു കൊടുക്കാം ന്നു പറഞ്ഞാലും ആർക്കും വേണ്ടാ." വാദപ്രതിവാദങ്ങൾ പുറത്ത് പുരോഗമിച്ചു. മണിയൻ ഒന്നും അറിഞ്ഞില്ല. തളർച്ചയിൽ പാതി മയക്കത്തിലേക്ക് അവൻ വീണു പോയി. കർക്കടകം അന്ന് നിർത്താതെ പെയ്തു. ഭൂമിയുടെ ഉള്ളറകൾ നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകി. കുതിർന്ന മണ്ണിൽ പുതഞ്ഞ പുൽനാമ്പുകൾ ആദിത്യ കിരണങ്ങളെ പ്രതീക്ഷിച്ച് ഒളികണ്ണിട്ട് നോക്കി.

 

പൂവൻകോഴി കൂകി ഉണർത്തിയ ഒരു തെളിഞ്ഞ പ്രഭാതത്തിൽ മണിയൻ പുറത്തേക്കിറങ്ങി. ഇടവഴിയും പിന്നിട്ട് ക്ഷേത്ര മൈതാനത്തേക്ക് ഓടിക്കയറി. ക്ഷേത്ര ഗോപുരം കടന്ന് കൃഷ്ണശില പാകിയ നടപ്പാതയിലേക്ക് ഇറങ്ങുമ്പോൾ സരസ്വതി വാരസ്യാർ തുളസിക്കാടിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. "ഹാ.... എന്തേ മണ്യേ... പതിവില്ലാതെ....നെന്റെ പെറന്നാളാ..." "അല്ല ... " മണിയന് ശുണ്ഠി വന്നു. 'എന്തൊക്കെ അറിയണം ഈ തള്ളക്ക്' ശ്രീകോവിലിനു മുന്നിൽ കണ്ണടച്ചു നിന്നുവെങ്കിലും അവന്റെ മനസ്സിൽ ഒന്നും തെളിഞ്ഞു വന്നില്ല. കർക്കടകക്കാറു പോലെ മനസ്സിൽ മഴമേഘങ്ങൾ കറുത്തിരുണ്ട് നിറഞ്ഞു. "എന്തോടോ... നന്നായി പ്രാർഥിച്ചുവോ താൻ ...." ഒരു കയ്യിൽ കിണ്ടിയും മറുകൈയിൽ, ഇലച്ചീന്തിൽ പ്രസാദവുമായി വാസുദേവൻ തിരുമേനി അവന് മുന്നിൽ ചിരിച്ചു നിന്നു. അവൻ കണ്ണുതുറക്കാൻ കാത്ത്. മണിയൻ ഒന്നു പുഞ്ചിരിച്ചു. തീർഥം കൈക്കുമ്പിളിലേയ്ക്ക് പകരുമ്പോൾ തിരുമേനിയുടെ അടുത്ത ചോദ്യം. "പ്പൊ ... കൊഴപ്പോന്നും ഇല്ലാല്ലോ...." "വയ്യാ തിരുമേനി .... മനസ്സിൽ വല്ലാത്ത മൂടി കെട്ടല് .... ഒന്നിനും ഒരു ഉഷാറ് വരണില്ല ....എപ്പോഴും  ഒരു പരിഭ്രമം ....ആരും ഇല്ലാന്ന ഒരു തോന്നലും." "ദേവ്യല്ലേ കൂടേള്ളേ.... നന്നായി പ്രാർഥിച്ചോളൂ... പതിവായി കുളിച്ച് തൊഴാ.... ദേവിക്ക് പൂക്കളും നടക്കില് വക്ക്യാ.... ല്ലാം ശരിയാകും..."

 

തൊഴുത് ഇറങ്ങി അവൻ കിഴക്കോട്ട് നടന്നു. ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഇറങ്ങിയാൽ ക്ഷേത്രക്കുളമാണ്. കുട്ടിക്കാലത്ത്, മണിയൻ കുളത്തിൽ നീന്താൻ പോയിരുന്നതാണ്. ഒരിക്കൽ കുളക്കടവിൽ വെച്ച് അവന് ഇളക്കം വന്നു. അന്ന് ഭാഗ്യം കൊണ്ടാണ് വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ടത്. അതിനു ശേഷം അവനെ കുളത്തിലേക്ക് വിടാറില്ല. അവൻ വെള്ളത്തിൽ ഇറങ്ങാറും ഇല്ല. വല്ലപ്പോഴും പോയി പടവുകളിൽ ചെന്നിരിക്കും. ആ വലിയ പൊയ്കയുടെ പടവുകൾ അവൻ ഇറങ്ങിചെന്നു. ശൂന്യമായിരുന്ന പൊയ്കയിൽ, ആരോ അൽപ്പം മുൻപ് കുളിച്ച് പോയതിനെ സൂചിപ്പിച്ച് പടവുകളിൽ നനവ് പടർന്നിരുന്നു. കൂമ്പിയടഞ്ഞ ആമ്പൽ മൊട്ടുകൾ തലയാട്ടി നിന്നു. വണ്ടുകൾ മൂളിപ്പാട്ടു പാടി അവയ്ക്കു മുകളിൽ വട്ടമിട്ടു പറന്നു. എവിടെ നിന്നോ പറന്നു വന്ന ഒരു കൊറ്റി, വെള്ളത്തിലേക്ക് ചുണ്ടുകൾ ചേർത്തിറങ്ങി നിമിഷ നേരം കൊണ്ട് പറന്നകന്നു.

 

"എന്താ മണിയാ... കാഴ്ചകൾ കാണാ ...." മണിയൻ തിരിഞ്ഞു. 'അരവിന്ദൻ മാഷ്' അവൻ ആത്മഗതം നടത്തി. "നിനക്കും വണ്ടിനേപ്പോലെ പറക്കണോ .... പൂവുകൾ തോറും." "നിക്കിനി പറക്കാനൊന്നും പറ്റുന്ന് തോന്നണില്ലാ മാഷേ." അവൻ തല കുമ്പിട്ടു. "അങ്ങനെ ഒന്നും ഇല്ലെടോ .... പ്പോ ന്തേണ്ടായേ ....?" മാഷ് അവന്റെ തോളിൽ കൈ വെച്ചു. അരികിൽ കൽപ്പടവുകളിൽ ഇരുന്നു. "മാഷേ ... ഞാൻ എല്ലാവർക്കും ഒരു ഭാരം ആവ്വാണ് ..... വീട്ടുകാർക്കും നാട്ടുകാർക്കും .... പൊട്ടൻ മണിയൻ എന്ന വിളി കേട്ടുമടുത്തു." അവൻ വിദൂരതയിലേക്ക് നോക്കി. "മനസ്സിൽ ഒരു മൂടികെട്ടലാ. വല്ലാത്ത അസ്വസ്ഥത. കളിയാക്കുന്നവരും പരിഹസിക്കുന്നവരും അറിയുന്നില്ല ഞാൻ അനുഭവിക്കണ വേദന. ഞാൻ ആയി ണ്ടാക്കീത് ഒന്നും അല്ലാല്ലോ. ന്നാലും പരിഹാസം കേട്ട് കേട്ട് മടുത്തു… ഇവിടെ ആർക്കും ആരുടേം വേദന കാണണ്ട മാഷേ. അന്യന്റെ കുറ്റവും കുറവും തിരയലാ എല്ലാര്ക്കും പണി. എല്ലാം തികഞ്ഞവർ ആണെന്നാ എല്ലാരുടേം ചിന്ത." അരവിന്ദൻ മാഷ് അവന്റെ മുഖത്തു തന്നെ നോക്കി നിശബ്ദനായിരുന്നു. അവന്റെ മനസ്സ് വായിക്കുന്നപോലെ.

 

വർഷങ്ങൾക്ക് മുൻപ് ഒരു കർക്കടക സന്ധ്യയിലാണ് മാഷ് ആദ്യമായി മണിയനെ കാണുന്നത്. അന്ന്, പതിവു പോലെ മാഷ് സ്ക്കൂളുവിട്ടു വരുന്ന സമയം. ക്ലാസ്സ് കഴിഞ്ഞപാടെ ഇറങ്ങിയതുകൊണ്ട് അൽപ്പം നേരത്തെ കവലയിൽ ബസ്സ് ഇറങ്ങി. ക്ഷേത്ര മൈതാനത്തേക്ക് നീളുന്ന ഇടവഴിയിലേയ്ക്ക് കടക്കുമ്പോൾ കണ്ടു, അൽപ്പം ദൂരെയായി ഒരു കൂട്ടം. ധൃതിയിൽ നടന്നു ചെന്ന് കൂടിനിന്ന കുട്ടികളെ വകഞ്ഞുമാറ്റി നോക്കി. മഴ പെയ്തു കുതിർന്ന നിലത്ത് അപസ്മാരം ബാധിച്ച് നുരയും പതയുമായി ഒരു ബാലൻ. ചെളിയിൽ നിന്ന് മാറ്റി, തല അൽപ്പം ഉയർത്തി ഒരു ടവൽ വിരിച്ച് വെച്ച്, മാഷ് അവനെ ചെരിച്ചു കിടത്തി.  കൂടി നിന്നവരോട് മാറി നിൽക്കാൻ പറഞ്ഞു. അന്നുമുതലാണ്, മാഷ് അവനെ അറിഞ്ഞത്. രോഗിയായതിന്റെ പേരിൽ അകറ്റി നിർത്തപ്പെട്ട മണിയൻ എന്ന സാധു പയ്യൻ. എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ്, ഏകനായി തീരേണ്ടിവന്ന ഒരുവന്റെ വേദന അവനിൽ മാഷ് കണ്ടു. തൊട്ടടുത്ത പടവിൽ ആരോ കുളിക്കാൻ വന്ന ശബ്ദം കേട്ടു. മാഷ് അവനെ ചേർത്ത് പിടിച്ചു. "മണിയാ... എല്ലാവരും ഒരുപോലെ ആവില്ലാ... ഓരോരുത്തർക്കും ഓരോ ജന്മനിയോഗം, കർമ്മ നിയോഗം.. പറയുന്നവർ പറയട്ടെ..." മാഷിന്റെ കൈകൾ മുക്തമാക്കി അവൻ എഴുന്നേറ്റു.

 

"ഇല്ല മാഷേ.... ജീവിതത്തെ പറ്റി ആലോചിക്കുമ്പോൾ ഭയം തോന്നുന്നു... ആരോരും തുണയില്ലാതെ എത്ര കാലം. എനിക്ക് ഈ ജീവിതത്തിൽ ഒന്നും സാധിക്കുമെന്ന് തോന്നുന്നില്ല .... ഇനി അടുത്ത ജന്മത്തിലാകാം." മാഷും എഴുന്നേറ്റു, അവന്റെ കൈ പിടിച്ചു. "നീ ചിതലുകളെ കണ്ടിട്ടില്ലേ.? വലുപ്പം കൊണ്ട് എത്ര നിസ്സാരമാണത്. പക്ഷേ കർമ്മമോ. ഭൂമിയിലെ സകല ചരാചരങ്ങളേയും മണ്ണോടു ചേർക്കാൻ ആ നിസ്സാരനാവും." മാഷ് അവന്റെ മുഖത്തേക്ക് തന്നെ നോക്കി. ക്ഷേത്രത്തിൽ നിന്നും ആ സമയം ശംഖനാദം മുഴങ്ങി. പന്തീരടിപൂജ കഴിഞ്ഞ്, ഭഗവതിയുടെ നടയടക്കുന്ന ശബ്ദം കേട്ടു. അൽപ്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം മാഷ് വീണ്ടും തുടർന്നു. "നിനക്കും നിന്റേതായ കടമകൾ ജീവിതത്തിൽ നിറവേറ്റാൻ ഉണ്ടാകും. ആരും നിസ്സാരരല്ല എന്ന് എല്ലാരും തിരിച്ചറിയുന്ന ഒരു ദിവസം വരും." മണിയന്റെ കണ്ണുകൾ ഈറനണിഞ്ഞു. മാഷ് അവനെ ചേർത്തുപിടിച്ചു.

 

രാമായണ ഈരടികൾ പാടി തീർത്ത് കാലം സമൃദ്ധിയുടെ തിരുമുറ്റത്ത് പൂക്കളമിടാൻ തുടങ്ങി. മഴ മാറി. ആകാശം തെളിഞ്ഞു. മകം പിറന്ന്, വയലിൽ, ഭൂമിയോട് മനുഷ്യൻ മത്സരിച്ചു. ഉഴുതമണ്ണിന്റെ ഗന്ധം വായുവിൽ നിറഞ്ഞു. ഞാറ്റു പാട്ടിന്റെ ഈരടികൾ കാറ്റിൽ ഊയലാടി. വിരസമായ ഒരു മധ്യാഹ്നത്തിൽ മണിയൻ പുറത്തേക്കിറങ്ങി. അലസമായി നടന്നു. ഇടവഴിയും പിന്നിട്ട് ക്ഷേത്ര മൈതാനത്തേക്ക് കയറി. അത്തം പിറന്നാൽ ക്ഷേത്ര അങ്കണത്തിൽ എന്നും പൂക്കളമിടും. മണിയന് അതിനോടൊന്നും താത്പര്യം ഇല്ല. എങ്കിലും, ഇരുന്നിരുന്ന് മടുത്താൽ അവൻ വെറുതെ പുറത്തേക്കിറങ്ങും. എല്ലായിടവും ഒന്ന് നടന്ന് കണ്ടു വരും. ആ നടത്തത്തിനിടയിൽ, എവിടെ നിന്നോ ഒരു നേർത്ത നിലവിളി അവന്റെ കാതുകളിൽ വീണു. അവൻ പരിഭ്രമിച്ചു. എവിടെ നിന്നാണ് അതു കേട്ടതെന്നറിയാൻ ശ്രദ്ധയോടെ കാതുകൾ കൂർപ്പിച്ചു. അപ്പോഴേക്കും വ്യക്തത കുറഞ്ഞ് ആ ശബ്ദം ഇല്ലാതായി. തോന്നിയതാവാം എന്ന ചിന്തയിൽ അവൻ വീണ്ടും നടന്നു. പക്ഷെ, അവന്റെ ഭയത്തെ വർധിപ്പിച്ച് വീണ്ടും ആ ശബ്ദം ഉയർന്നു കേട്ടു. അൽപ്പം ഉച്ചത്തിലായുള്ള ഒരു യുവതിയുടെ നിലവിളി. ഒന്ന് പകച്ചുവെങ്കിലും, ശബ്ദം കേട്ട ദിക്കിലേക്ക് അവൻ ഓടി. ക്ഷേത്ര മതിൽക്കെട്ടിനരികിലൂടെയുള്ള ആ ഓട്ടം പൊയ്കയുടെ തീരത്തെ ചവിട്ടുപടികളിൽ ചെന്നു നിന്നു. അവിടെ, പടികളിൽ കൂട്ടിയിട്ട കുറച്ച് വസ്ത്രങ്ങൾ കണ്ട് അവൻ ആശങ്കയിലായി. എന്താണ് സംഭവിച്ചത് എന്നറിയാതെ ചുറ്റും പരതി.

 

പൊയ്കയുടെ മധ്യത്തിലെ ഓളങ്ങൾ തുടിച്ചു. വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവുകൾക്കിടയിലൂടെ വളയിട്ട രണ്ടു കൈകളും, ഒരു യുവതിയുടെ വെപ്രാളപ്പെട്ട മുഖവും മുകളിലേക്ക് ഉയർന്ന് വന്നു. ഒരു നിമിഷത്തെ ഇടവേളയിൽ ജലത്തിലേക്ക് അത് താഴ്ന്നു പോയി. പടവുകളിൽ മൃദുവായി വന്നടിച്ച ഓളങ്ങൾ തിരികെ ഒഴുകി. 'ദമയന്തി' ചുണ്ടുകളിൽ നിന്ന് പുറത്തു വരാതെ ആ വാക്കുകൾ അവന്റെ ഉള്ളിലൊതുങ്ങി. മണിയൻ ഭയത്താൽ വിറച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അവൻ ചുറ്റുപാടും നോക്കി. ആരോരുമറിയാതെ മണിയൻ കൊണ്ടുനടന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു ദമയന്തി. ക്ഷേത്രത്തിലെ അടിച്ചു തളിക്കാരി ലക്ഷ്മിയുടെ മകൾ. കല്യാണപ്രായം കഴിഞ്ഞും, ജാതക ദോഷത്താൽ അവൾ നിന്നപ്പോഴും,  പറയാതെ മണിയൻ ഉള്ളിലൊതുക്കിയ ആ മോഹം. അസുഖക്കാരൻ എന്ന അപകർഷതാബോധത്തിന്റെ ഭാരം കൊണ്ട്, ആരുടെ മുന്നിലും പ്രത്യക്ഷപെടാതെ. ഉൾവലിഞ്ഞ ജീവിതത്തിൽ അവൻ മറക്കാൻ ശ്രമിച്ച ഒന്ന്. കടിഞ്ഞാണില്ലാതെ ചിന്തകൾ ചേക്കേറുമ്പോൾ മനസ്സിനെ എന്നും അവൻ പറഞ്ഞു പഠിപ്പിച്ചിരുന്ന ഒന്നുണ്ടായിരുന്നു. 'ഇതൊന്നും ആഗ്രഹിക്കാനോ സ്വപ്നം കാണാനോ ഉള്ള യോഗ്യത തനിക്ക് ഇല്ല' എന്ന്. ആ ദമയന്തിയാണ് അവനു മുന്നിൽ പൊയ്കയിൽ, ജീവനുവേണ്ടി !! മണിയന്റെ കണ്ണുകൾ പരിഭ്രമത്താൽ വിടർന്നു. ഹൃദയമിടിപ്പ് ഉയർന്നു. ഒരു സഹായത്തിനായി അവൻ നിലവിളിച്ചു. ആ ശബ്ദം പൊയ്കയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. ഒരുവട്ടം, ജലം നിറഞ്ഞ പടവുകളിലേക്കു അവൻ കാലുകൾ എടുത്തു വെച്ചിറങ്ങി. പിന്നെ ഭീതിയോടെ തിരിച്ചു കയറി. ഒരുപാട് ചിന്തകൾ നിമിഷം നേരം കൊണ്ട് അവന്റെ മനസ്സിലൂടെ പാഞ്ഞു. ഓപ്പോളും, സുന്ദരനും, വാസുവും, കുമാരനുമെല്ലാം അവന്റെ കണ്ണുകൾക്ക് മുന്നിലൂടെ മിന്നി മറഞ്ഞു. ഒരു വശത്ത്, അവസാന ശ്വാസത്തിലേക്ക് നീങ്ങുന്ന ദമയന്തി, മറുഭാഗത്ത് പരിഹാസ ശരങ്ങൾ മാത്രം ഏറ്റുവാങ്ങുന്ന തന്റെ ജീവിതം. ആർക്കും വേണ്ടാത്ത ഈ ജീവിതത്തേക്കാൾ സുന്ദരമാണ് മരണം എന്ന ചിന്ത ഒരുവേള അവനെ കീഴ്പെടുത്തി. ആ നിമിഷം പകപ്പു മാറി, പച്ചപ്പു നിറഞ്ഞ ജല സമൃദ്ധിയിലേക്ക് അവൻ എടുത്തു ചാടി. പൊയ്കയുടെ ഉപരിതലം ഓളങ്ങളിൽ അൽപ്പനേരം ഇളകി തുടിച്ചു. ഊളയിട്ട് മദ്ധ്യത്തിലേക്ക് അവൻ നീന്തിയടുത്തു.

 

കുറച്ചു നിമിഷങ്ങൾ പിന്നിട്ടു. പൊയ്കയിലെ ജലം വശങ്ങളിലേക്ക് ഇളകി, മണിയന്റെ ശിരസ്സ് മുകളിലേക്ക് ഉയർന്നു വന്നു. അവനോട് ചേർന്ന്, ദമയന്തിയുടെ മുഖവും തെളിഞ്ഞു. ഒരു കൈയിൽ അവളെ താങ്ങി, മറുകൈകൊണ്ട് മണിയൻ നീന്തി. ആമ്പൽ പൂവുകൾ അവർക്ക് വഴിമാറി കൊടുത്തു. ചവിട്ടുപടികളിലേക്ക് അവളെ വലിച്ചു കയറ്റി, കയറിനിന്നു കിതക്കുമ്പോൾ ശരീരം തളരുന്നപോലെ അവന് തോന്നി. മണിയൻ ചുറ്റും നോക്കി. അകലെ നിന്നും ഓടിയടുക്കുന്നവരുടെ കാലൊച്ചകളും ബഹളവും. ശ്വാസം എടുക്കാൻ അവൻ പ്രയാസപ്പെട്ടു. അവന്റെ കാഴ്ചകൾ മങ്ങി, കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു. പൊയ്കയും, ക്ഷേത്രവും, മരങ്ങളും അവനു ചുറ്റും കറങ്ങി. വിറയലോടെ ഒരു വശത്തേക്ക് അവൻ ചെരിഞ്ഞു. ചവിട്ടു പടികളിൽ തളർന്നു വീണ അവന്റെ ബോധം മറഞ്ഞു. ചുറ്റും അട്ടഹാസങ്ങൾ, പരിഹാസം നിറഞ്ഞ വാഴ്ത്താരികൾ. അമ്മ, ഓപ്പോൾ, വാസുദേവൻ തിരുമേനി, സരസ്വതി വാരസ്യാർ, വെളിച്ചപ്പാട് ശങ്കരൻ. അവരുടെ ചിരിയുടെ അലകൾ വായുവിൽ ഉയർന്ന് ഉയർന്ന് വന്നു. മണിയൻ ചെവികൾ പൊത്തി. കണ്ണുകൾ ചേർത്തടച്ചു. മുഖം മൂടിയണിഞ്ഞ ആരൊക്കെയോ അവനു ചുറ്റും നൃത്തം വെച്ചു. ഒരു വലിയ കനൽ കൂട്ടി, അതിലേക്കവനെ അവർ തള്ളി. അവന്റെ ദേഹമാസകലം ചുട്ടു പൊള്ളി. മാംസം വെന്തു പുകയുന്ന രൂക്ഷഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. ചുറ്റും വെള്ള പുതച്ച മാലാഖമാർ. അവർ അവനെ തഴുകി. കൈകാലുകളിൽ തടവി. നെറ്റിയിൽ തണുപ്പ് പടർന്നു. നനുത്ത മഞ്ഞു കണികകൾ കുളിരായ് പെയ്തിറങ്ങി.  

 

"മണ്യേ ....മണ്യേ" ആരോ വിളിച്ചു. അവൻ കണ്ണുകൾ തുറന്നു. മങ്ങിയ കാഴ്ചകളിൽ പരിചയമില്ലാത്ത മുഖങ്ങൾ കണ്ടു. "ഇപ്പൊ ഓക്കേ ആയീല്ലോ. ഇനി അൽപ്പം എന്തേലും കൊടുക്കാം." അവൻ ചുറ്റുപാടും നോക്കി. വെള്ള വിരിച്ച കട്ടിലിലാണ് താൻ കിടക്കുന്നത് എന്നവൻ അറിഞ്ഞു. മുന്നിൽ നിൽക്കുന്ന അമ്മയെ അവൻ കണ്ടു. ഓപ്പോളെ കണ്ടു. ഈറനണിഞ്ഞ അവരുടെ മുഖങ്ങൾ കണ്ടു. "മണിയൻ എണീക്കുന്നതും കാത്ത് ഇവിടെ ഒരാൾ നിൽപ്പുണ്ട്" സാവിത്രിയമ്മയോട് ചേർന്ന് നിന്ന കുമാരൻ പറഞ്ഞു. മണിയൻ തല ചെരിച്ച് നോക്കി. 'ദമയന്തി... ഇവൾ രക്ഷപ്പെട്ടോ..' അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. "മണിയൻ ചെന്നില്ലാരുന്നെ ഇപ്പൊ ഇവൾ ഈ ഭൂമിയിൽ കാണില്ലാർന്നു....അല്ലെ മാഷേ. പഞ്ചായത്ത് പ്രസിഡന്റ് ദാമോദരൻ അരവിന്ദൻ മാഷിനോട് ചോദിച്ചു. ദമയന്തി മണിയനോട് ചേർന്ന് കട്ടിലിൽ ഇരുന്നു. അവന്റെ വലതു കരം പിടിച്ചു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. അശ്രുകണങ്ങൾ കവിളിലൂടെ ഒഴുകി ഇറങ്ങി. "നമുക്ക് മണിയന് ഒരു സ്വീകരണം കൊടുക്കണ്ടേ. പഞ്ചായത്തുവക. എന്താ സാവിത്രിയമ്മേ. പിന്നെ, ധീരതയ്ക്കുള്ള അവാർഡിന് പ്രസിഡന്റിന് ഒരു അപേക്ഷയും വക്കാം .. ന്താ..." ദാമോദരൻ പറഞ്ഞ് എല്ലാവരുടെയും മുഖത്തേക്ക് നോക്കി. അരവിന്ദൻ മാഷ് മണിയനെ നോക്കി പുഞ്ചിരിച്ചു. മണിയൻ തിരിച്ചും. ദമയന്തി മണിയന്റെ കരം ഒന്നുകൂടി മുറുകെ പിടിച്ച്‌ തന്നോട് ചേർത്തു. അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. ആ ചിരി മണിയനിലേക്കും പടർന്നു. അവരുടെ കണ്ണുകൾ പരസ്പരം ചേർന്നു. ആ നോട്ടത്തിലൂടെ ഒരായിരം കഥകൾ അവർ കൈമാറി. "ഇത്തവണ അത്തം കറുത്തില്ല. തിരുവോണവും കറുക്കില്ല. ഈ ചിങ്ങം നമുക്ക് ആഘോഷമാണ്." ആരോ പറഞ്ഞു. എല്ലാവരും ചിരിച്ചു.

 

പൊയ്കയിലെ കുഞ്ഞോളങ്ങളെ തഴുകി ചെറിയ കാറ്റ് വീശി. ആ കാറ്റിൽ ആമ്പൽ മൊട്ടുകൾ തലയാട്ടി. വണ്ടുകൾ കൂമ്പിയടഞ്ഞ മൊട്ടുകൾക്ക് ചുറ്റും വട്ടമിട്ടു പറന്നു, അവയെ ചുംബിച്ചു. ആ സ്പർശത്തിൽ മൊട്ടുകൾ വിടർന്ന് പൂവുകൾ തെളിഞ്ഞു. പൊയ്കയിലെ ഓളങ്ങൾ നാണത്തോടെ ഇളകിയാടി. എല്ലാറ്റിനും സാക്ഷിയായ ആദിത്യൻ ഭൂമിയെ നോക്കി ചിരിച്ചു. പുൽനാമ്പുകൾ തലയാട്ടി ആദിത്യകിരണങ്ങളെ ഒളികണ്ണിട്ടു നോക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com