ADVERTISEMENT

കാത്തിരിപ്പ് (കഥ)

 

പതിവ് പോലെ ദേവി എന്നെയും കാത്ത് ഗുൽമോഹറിൻ ചുവട്ടിലിരിക്കുന്നുണ്ടായിരുന്നു. നമ്മളിങ്ങനെ പ്രണയിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഗുൽമോഹറിന് അല്ലാതെ മറ്റാർക്കും ഈ കലാലയത്തിൽ നമ്മൾ പ്രണയത്തിലാണെന്ന് അറിയില്ല..! ചിലപ്പോൾ ഗുൽമോഹറിനും സംശയം മാത്രമേ ഉണ്ടാവുകയുള്ളു. കാരണം അവൾ പോലും കേൾക്കാതിരിക്കാൻ അത്രയും പതുക്കെയാണ് നമ്മൾ സംസാരിച്ചിരുന്നത്. പലപ്പോഴായി ദേവി തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. 'ഒരു കലാലയത്തിൽ ഒരാനയെ വരെ ഒളിപ്പിക്കാം, പക്ഷെ പ്രണയം മൂന്നാമത് ഒരാൾ അറിയാതെ ഒളിപ്പിക്കാനാണ് പാട്..!' ഞാൻ ദേവിയോട് ചേർന്നിരുന്നു. ആദ്യമായി ദേവിയോട് പേടിച്ച് പേടിച്ച് ഞാൻ ഒരു കാര്യം പറയാൻ പോവുകയായിരുന്നു. "ഇന്നവൾ വന്നിരുന്നു." അറിഞ്ഞിട്ടും അറിയാത്ത പോലെ അവൾ ചോദിച്ചു "ആര്?" അക്ഷരങ്ങൾ ഇടറാതെ ഞാൻ മറുപടി പറഞ്ഞു. "ജാൻവി" "ഹും" ദേവിയൊന്ന് മൂളി. ഞാൻ എന്റെ തന്നെ ഒരു കഥയിലെ സംഭാഷണം കടമെടുത്തു. "ഹും എന്ന് വെച്ചാൽ ഒരാളെ നമ്മൾ ഒഴിവാക്കുകയാണ്. അല്ലെങ്കിൽ അത്രമേൽ പ്രിയപ്പെട്ട ഒരാളോട് നമ്മുടെ പരിഭവം കാണിക്കുകയാണ്." ദേവി അത് കേൾക്കാത്ത പോലെ "എന്നിട്ടെന്ത് പറഞ്ഞു..?" തൊണ്ട ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച് ഞാൻ പറഞ്ഞു "എന്നെ ഇഷ്ടമാണെന്ന്..!" "എന്നിട്ട് നീയെന്ത് പറഞ്ഞു" മഴക്കാലത്ത് വെള്ളം നിറഞ്ഞ വയലിലെ വരമ്പുകൾ പൊട്ടാതെ പിടിച്ച് നിൽക്കാൻ കഷ്ടപ്പെടുന്നത് പോലെ ദേവിയുടെ കൺപോളകൾ കഷ്ടപ്പെടുന്നതായി കണ്ട് ഞാൻ പെട്ടെന്ന് മറുപടി നൽകി. "ദേവിയെപ്പറ്റി പറഞ്ഞു" പറഞ്ഞ് തീരും മുൻപ് അവളെന്റെ നെഞ്ചിലേക്ക് വീണിരുന്നു. അവളെന്നെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു. കണ്ണുനീർ തുടച്ചുകൊണ്ട് അവൾ എഴുന്നേറ്റ് ഗുൽമോഹറിനോട് പറഞ്ഞു. "പ്രിയപ്പെട്ട ഗുൽമോഹർ, ഇതെന്റെ നിരഞ്ജനും, നിരഞ്ജന്റെ ഞാനുമാണ്..!" ദേവി നടന്നകലുമ്പോഴേക്കും എന്റെയുള്ളിൽ ചെറിയ കുറ്റബോധം വന്നുതുടങ്ങിയിരുന്നു. കളവൊന്നും പറഞ്ഞില്ല. എങ്കിലും സത്യങ്ങൾ എല്ലാം പറഞ്ഞില്ലലോ..!

 

രണ്ടാം വർഷ മലയാളം ക്ലാസിൽ വോട്ട് അഭ്യർഥന നടത്തി ഇറങ്ങാൻ നേരമാണ് നിരഞ്ജൻ എന്ന വിളി കേട്ടത്..! അതെ ജാൻവി..! "ഉച്ചയ്ക്ക് ഒരുമണിക്ക് കാന്റീന് പിറകിലുള്ള ഗുൽമോഹറിൻ ചുവട്ടിൽ വരണം." എന്തേ എന്ന് ചോദിക്കുന്നതിന് മുൻപ് അവൾ പറഞ്ഞ് അവസാനിപ്പിച്ച് തിരികെ പോയി. അവളെന്ത് പറയും എന്നതിലും കൂടുതലായി എന്നെ അസ്വസ്ഥനാക്കിയത് അവൾ വരാൻ പറഞ്ഞ സ്ഥലമായിരുന്നു. ഈ കലാലയത്തിൽ അധികമാരും ചെന്നിരിക്കാത്തിടം, ഞാൻ പോലും ദേവിയുടെ കൂടെയല്ലാതെ മറ്റൊരാളുടെ കൂടെ അവിടെ പോയിട്ടില്ല. എന്നാലും അവളെന്തിന് ആ സ്ഥലം തിരഞ്ഞെടുത്തു..? ജാൻവി... കഞ്ഞിയും കറിയും വെച്ച് നടന്നത് മുതൽ കൂടെ കൂടിയവളാണ്. ഒരു മണിയാകും നേരം ഞാൻ കാന്റീന് പിറകിലോട്ട് നടന്നു. ജാൻവി എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. മുഖവുരയില്ലാതെ അവൾ എന്നോടുള്ള പ്രണയം തുറന്ന് പറഞ്ഞു. എനിക്ക് അവളോട് പറയാൻ വാക്കുകൾ കിട്ടാതെ വന്നു. "ജാൻവി...ഞാൻ...!" ഞാൻ പറഞ്ഞ് തീരും മുൻപ് ജാൻവി ഇടപെട്ടു. "വേണ്ട.. താൻ കഷ്ടപ്പെടണ്ട.. ഞാൻ മറ്റൊരു കാര്യം ചോദിക്കാം. നിരഞ്ജനും ദേവിയും തമ്മിൽ പ്രണയത്തിലാണോ." ഞാനാദ്യമായി അവളുടെ മുൻപിൽ പതറിപ്പോവുകയായിരുന്നു. എന്നാലും ഇവളെങ്ങനെ ഇതറിഞ്ഞു എന്ന് എനിക്കറിയണമായിരുന്നു. "അതെ രണ്ട് വർഷമായി.. പക്ഷെ നീയെങ്ങനെ ഇതറിഞ്ഞു" ഞാൻ അവളോട് ചോദിച്ചു. "ഈ ഗുൽമോഹർ പറഞ്ഞു" വളരെ നിസാരമായവൾ പറഞ്ഞ് തീർത്തു. അടുത്ത ചോദ്യം വരുന്നതിന് മുൻപ് അവൾ ആ വിഷയം മാറ്റി മറ്റൊരു ചോദ്യം ചോദിച്ചു "നിരഞ്ജൻ.. ഞാൻ കാത്തിരിക്കട്ടെ." "എത്ര നാൾ ജാൻവി" "ദേവി നിരഞ്ജനെയും നിരഞ്ജൻ ദേവിയെയും മറക്കും വരെ." അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എനിക്ക് അവളെയറിയാം അവളുടെ വാശിയെയും അവളുടെ ആഗ്രഹത്തെയും. അന്നാദ്യമായാണ് ഗുൽമോഹറിന്റെ ചുവട്ടിൽ നിന്നും സങ്കടത്തോടെ ഞാൻ നടന്നു നീങ്ങിയത്.

 

ജാൻവി പിന്നെ ആ വിഷയവുമായി നമ്മുടെ ഇടയിലേക്ക് വന്നതേയില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് ജാൻവി ശരിക്കും എന്നോട് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോയെന്ന്. കാരണം അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല എന്ന രീതിയിലാണ് ജാൻവി നമ്മളോട് പെരുമാറിയിരുന്നത്. അല്ലെങ്കിൽ പ്രണയിച്ച് നടക്കുന്ന നമ്മൾ അവളെ കണ്ടതേയില്ല എന്നും പറയാം. രണ്ട് പേര് പ്രണയത്തിലായാൽ ലോകം അവർക്ക് വേണ്ടിയാണ് ഉണരുന്നതും ചലിക്കുന്നതും ഉറങ്ങുന്നതും എന്ന് തോന്നിപ്പോകും ചിലപ്പോഴൊക്കെ..! വിവാഹത്തെക്കുറിച്ച് ദേവി പറഞ്ഞപ്പോഴൊക്കെ വളരെ ലാഘവത്തോടെയാണ് ഞാൻ മറുപടി നൽകിയിട്ടുള്ളത്. "പ്രണയം രണ്ടുപേരുടേത് മാത്രമാണ്. വിവാഹവും. വിവാഹം രണ്ടുപേരുടേത് മാത്രമല്ലാതാകുമ്പോഴാണ് പ്രശ്നം. നമ്മുടെ വിവാഹം നമ്മുടെ രണ്ടുപേരുടെയും മാത്രമല്ലേ.. പിന്നെന്താ.." അങ്ങനെയിരിക്കെ ഒരുദിവസം കണ്ട് മടങ്ങാൻ നേരം ദേവി ഒരു പ്രണയലേഖനം എനിക്ക് തന്നു. തുറന്ന് വായിക്കും വരെ അത് പ്രണയലേഖനമെന്ന് കരുതുകയും വായിച്ചതിന് ശേഷം അത് എന്റെ ആത്മഹത്യ കുറിപ്പാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിരിയാം... എന്നായിരുന്നു കൂടെ വലിച്ചു നീട്ടാത്ത ഒരൊറ്റ കാരണവും. പിൽക്കാലത്ത് ജാൻവി ആ കാരണത്തെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. "ലോകത്തുള്ള മറ്റെന്ത് കാരണമായിരുന്നാലും നിരഞ്ജൻ എന്ത് വിലകൊടുത്തും  ദേവിയെ സ്വന്തമാക്കുമായിരുന്നു."

 

ഒച്ച് ഇഴയുന്നത് പോലെ വർഷം അഞ്ച് കടന്നുപോയി. ഞാനും ജാൻവിയും പാരലൽ കോളേജുകളിൽ ക്ലാസെടുത്ത് കത്തിക്കയറുന്ന കാലം. വിവാഹത്തോടെ മദ്രാസിലേക്ക് മാറിയ ദേവിയെ കുറിച്ച് ആകെ അറിയുന്നത് അണ്ണാ നഗറിലെ പബ്ലിക് സ്കൂളിൽ അധ്യാപികയായി, കുടുംബമായി, അമ്മയായി സന്തോഷത്തോടെ കഴിയുന്നു എന്നത് മാത്രമാണ്. അത് തന്നെ കേട്ടറിവ് മാത്രമാണ് എത്രത്തോളം സത്യമാണെന്ന് ആർക്കറിയാം. ഞാനും ജാൻവിയും തൊട്ടടുത്ത ക്ലാസുകളിൽ ക്ലാസെടുക്കുമ്പോഴൊക്കെ ജാൻവി കവിത ചൊല്ലുന്നത് ഞാൻ ശ്രദ്ധിക്കും. അവളുടെ കവിതകൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു.  ദേവിയുടെ മുടിയോളം ചിലപ്പോഴൊക്കെ ഞാൻ ജാൻവിയുടെ കവിതകളെ ആസ്വദിച്ചിരുന്നു. അന്ന് വൈകുന്നേരം ഞാനും ജാൻവിയും കുറേ കാലങ്ങൾക്ക് ശേഷം ഒരുമിച്ചൊരു ചായ കുടിക്കാൻ തീരുമാനിച്ചു. കുമാരേട്ടന്റെ ചായ ഊതി ഊതി കുടിച്ചതല്ലാതെ നമ്മളൊന്നും മിണ്ടിയില്ല. വാക്കുകളില്ലാതാവുന്ന ജാൻവിയെ അധികം ഞാൻ കണ്ടിട്ടേയില്ല. "ജാൻവി...നീയെന്ത് ഓർക്കുകയാ..? " അവൾ  എവിടെ നിന്നോ ഇറങ്ങി വന്ന് മറുപടി സുന്ദരമായി പറഞ്ഞൊതുക്കി "നിരഞ്ജൻ താനിന്നലേ എഴുതിയില്ലേ, ഏറ്റവും കൂടുതൽ കഥകൾ അറിയുക ചായയ്ക്കായിരിക്കണം...! ഒരു ചായ കുടിച്ച് തീരും മുൻപ് എന്തോരം കഥകളാണ് നാം പറഞ്ഞ് തീർക്കുന്നത്." അവളെന്നെ കളിയാക്കിയതാണെന്ന് മനസിലായെങ്കിലും ഞാൻ ചിരി കൊണ്ട് മാത്രം മറുപടി നൽകി. അവളത് വിടാൻ ഒരുക്കമായിരുന്നില്ല. "നിരഞ്ജൻ ഈ രണ്ട് ചായകൾക്കിടയിൽ ഒരക്ഷരം പോലും നമ്മൾ മിണ്ടിയില്ലലോ." "നമുക്കിടയിലെ മൗനം തന്നെയാണ് ഏറ്റവും വലിയ കഥ ജാൻവി" ദേവിക്ക് മുൻപിൽ മറുപടിയില്ലാതെ ഞാൻ നിന്നുപോയത് പോലെ ജാൻവി നിൽക്കുന്നത് ഞാൻ കണ്ടു. "വാ നമുക്ക് നടക്കാം..കോളേജ് വഴി പോകാം" അവളുടെ മൗനത്തെ കീറി മുറിച്ച് ഞാൻ പറഞ്ഞു.

 

വർഷങ്ങൾക്ക് ശേഷം നമ്മുടെ കലാലയം വഴി നമ്മൾ നടക്കുകയാണ്. ഗുൽമോഹറിന് താഴെ ഞാനും ജാൻവിയും ഇരുന്നു. എന്റെയും ജാൻവിയുടെയും ഗുൽമോഹറിന്റെയും നെഞ്ചിടിപ്പ് ആ കലാലയം മുഴുവൻ മുഴങ്ങുന്നതായി എനിക്ക് തോന്നി. ഒരുപക്ഷെ നമുക്ക് മൂന്ന്പേർക്കും അറിയാമായിരുന്നു ഇനിയെന്ത് സംഭവിക്കുമെന്ന് അതായിരിക്കണം നമ്മുടെ ഹൃദയങ്ങൾ ഒരേ താളത്തിൽ ഇടിച്ചത്. "നിരഞ്ജൻ ദേവി എന്തിനായിരുന്നു..?" അതെ നമ്മൾ പ്രതീക്ഷിച്ച ചോദ്യം. ഹൃദയമിടിപ്പുകളില്ലാത്ത കലാലയം അതായിരുന്നു ആ നിമിഷത്തെ എനിക്ക് വിശേഷിപ്പിക്കാനുണ്ടായത്. പതിയെ ഞാനെന്റെ പേഴ്സ് തുറന്ന് നാലായി മടക്കിവെച്ച കടലാസ്.. അല്ല ദേവി... ആ നാലായി മടക്കിവെക്കുന്ന കടലാസാണ് വർഷങ്ങളായി എനിക്ക് ദേവി. അത് ഞാൻ ജാൻവിക്ക് നൽകി. ജാൻവി അത് തുറക്കുമ്പോൾ തന്നെ ദേവിയുടെ മണം അവിടെ പടരുന്നുണ്ടായിരുന്നു. "നിരഞ്ജൻ എന്നെ മറക്കണം. എന്തൊക്കെ പറഞ്ഞാലും ഞാനൊരു നായരും നിരഞ്ജനൊരു തീയ്യനുമാണ്."

 

അത് നാലായി മടക്കി ജാൻവി എന്നെ തന്നെ ഏൽപ്പിച്ചുകൊണ്ട് ചോദിച്ചു. "ദേവി ഇങ്ങനെയെഴുതുമെന്ന് തോന്നുന്നുണ്ടോ നിരഞ്ജന്?" "ദേവിയാണ് തന്നത്" ഞാൻ അത്രമാത്രം പറഞ്ഞു. നമുക്കിടയിൽ കുറച്ച് നേരം നിശബ്ദത പടർന്നു. ആ നിശബ്ദതയെ വഴിമാറ്റാൻ ജാൻവി ചോദിച്ചു "തന്റെ രചനകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് അറിയോ നിരഞ്ജന്..?" ഞാൻ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ജാൻവി തന്നെ ഉത്തരവും പറഞ്ഞു "ജാതിയേതാണെന്ന് ചോദിച്ചാൽ അത് പറമ്പിലെ മരമല്ലേ എന്ന് പറയുന്ന തലമുറ വരണം." എനിക്ക് അവളെ നോക്കി ചിരിക്കണമെന്ന് തോന്നിയെങ്കിലും ശരീരവും മനസ്സും അതിന് വഴങ്ങിയില്ല. "എന്നെ ഞാനാക്കിയ വരികളാണ്.. പക്ഷെ എന്റെ ഏറ്റവും മികച്ച രചന ഞാൻ ഇനി എഴുതാൻ പോകുന്നതേയുള്ളു." "അതേതാ.. എനിക്ക് ആദ്യം വായിക്കാൻ തരുമോ..?" ജാൻവി നിശബ്ദതയിൽ നിന്നും ആകാംക്ഷയോടെ ചോദിച്ചു. "കഥയാണ്.. കാത്തിരിപ്പ്..! പൂർത്തിയാകാത്ത ഒരു കഥ. ആ പുസ്തകം നിനക്ക് ലഭിക്കുന്ന അന്ന് ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല. അതിന്റെ ഏറ്റവും ഒടുവിലായി കുറച്ച് പേജുകൾ ബാക്കിയുണ്ടാകും. ആ ഭാഗം നിനക്ക് ദേവി പറഞ്ഞ് തരും അന്ന് നീയത് പൂർത്തിയാക്കി എന്റെ പേരിൽ പുറത്തിറക്കണം." അങ്ങനെയിരിക്കെ കാത്തിരിപ്പ് എന്ന പുസ്തകത്തിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇനി കുറച്ച് ദിവസങ്ങൾക്കകം അത് ജാൻവിയുടെ കൈകളിലെത്തും. ഞാനിങ്ങനെ ചിരിച്ച് കിടക്കയാണ് ഒരുപാട് മനുഷ്യർക്കിടയിൽ..! "എടുക്കല്ലേ...ഒരാൾ കൂടി വരുന്നുണ്ട്" ആൾക്കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞു. അതെ...ദേവി..! വർഷങ്ങളായുള്ള എന്റെ കാത്തിരിപ്പ്‌. ദേവി  ഇതാ അരികിൽ വീണ്ടും വന്നിരിക്കുന്നു. ഇത്തിരി വൈകിയാണെങ്കിലും ചില കാത്തിരിപ്പുകൾ അവസാനിക്കും, ആ പ്രതീക്ഷ തന്നെയാണ് ഒരോ കാത്തിരിപ്പിന്റെയും ജീവൻ..!

 

ദിവസങ്ങൾ കടന്നുപോയി. ജാൻവിയും ദേവിയും നിരഞ്ജന്റെ മുറിയിലേക്ക് കടന്നു. കാത്തിരിപ്പ് എന്ന പുസ്തകം ജാൻവി എടുത്ത് ദേവിക്ക് നേരെ നീട്ടി. നിരഞ്ജൻ പൂർത്തായാക്കാതെ പോയ പുസ്തകത്തിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് നിരഞ്ജനോട് ചോദിച്ച അതേ ചോദ്യം ജാൻവി വീണ്ടും ആവർത്തിച്ചു. 'എന്തിനായിരുന്നു ദേവി..?' ദേവി മറുപടിയൊന്നും പറയാതെ ജനലഴികൾ പിടിച്ച് നിന്നു. ഇത്തിരി നേരത്തെ നിശബ്ദതയ്ക്ക് ശേഷം ജാൻവി തുടർന്നു. 'ദേവി എല്ലാം നേടി...നിരഞ്ജനാണ് ഒന്നുമില്ലാതെ... ജീവിതം പോലും ഇല്ലാതെ..' അധികം ചിന്തിക്കാതെ തന്നെ ദേവിയതിന് മറുപടി നൽകി 'ഞാൻ എന്ത് നേടിയാലും നിരഞ്ജനെ നേടിയില്ലലോ.. പിന്നെ ജീവിതം അതെനിക്കും ഉണ്ടായിരുന്നില്ലലോ... നിരഞ്ജന്റെ കൂടെയുള്ള ജീവിതം.' ജാൻവി നിരാശയോടെ, 'ഒരിക്കൽ ഞാൻ നിരഞ്ജനോട് പറഞ്ഞിട്ടുണ്ട് ലോകത്ത് മറ്റെന്ത് കാരണമായാലും ആ പ്രതിസന്ധികളൊക്കെ മറികടന്ന് നിരഞ്ജൻ ദേവിയെ സ്വന്തമാക്കിയേനെയെന്ന്.' ദേവി നിരഞ്ജന്റെ ഓർമ്മകൾ നിറയുന്ന കണ്ണുകളോടെ പറഞ്ഞു, 'അത് ഏറ്റവും നന്നായി അറിയുന്നത് എനിക്കാണ്, അതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു കാരണം തന്നെ പറഞ്ഞതും.' ദേവിയുടെ ശ്വാസത്തിന്റെ താളം ആ മുറിയിൽ പടർന്നിരിക്കുന്നു. ദേവി വീണ്ടും തുടർന്നു 'ജാൻവിക്ക് ഒരു കാര്യം അറിയോ.. ചില നേരത്ത് നമുക്ക് അത്രയേറെ പ്രിയപ്പെട്ട ഒരു മനുഷ്യനെയും നമ്മോട് ചേർന്ന് നിൽക്കുന്ന മറ്റ് മുഴുവൻ മനുഷ്യരെയും ഒരു ത്രാസിലിട്ട് തുലനം ചെയ്യുമ്പോൾ ഒരു ഭാഗം ഇത്തിരി താഴ്ന്ന് പോകുന്നത് ആ മനുഷ്യനോട്.. അല്ലെങ്കിൽ ആ മനുഷ്യരോടുള്ള സ്നേഹ കൂടുതൽ ആകണമെന്നില്ല, നമ്മൾ കടന്ന് പോകുന്ന അവസ്ഥകളുടെ പ്രതിഫലനം മാത്രമാണത്.' നിശബ്ദത തളംകെട്ടി നിന്ന കുറച്ച് നിമിഷങ്ങൾക്ക് ശേഷം ജാൻവി പുസ്തകത്തിന്റെ വിഷയത്തിലേക്ക് വന്നു 'കാത്തിരിപ്പിന്റെ അവസാനഭാഗത്ത് കുറച്ച് പേജുകൾ നിനക്കായി എഴുതാതെ ബാക്കി വെച്ചിട്ടുണ്ട് നീ വേണം ആ കഥ പൂർത്തിയാക്കാൻ' മറുപടിയൊന്നും പറയാതെ ദേവി നടന്നുപോയി.

 

ദിവസങ്ങൾക്ക് ശേഷം ഗുൽമോഹറിന്റെ ചുവട്ടിൽ ദേവിയെ കാത്തിരിക്കയായിരുന്നു ജാൻവി. ദേവി വന്നതും ആകാംക്ഷയോടെ ജാൻവി പുസ്തകത്തെ കുറിച്ച് അന്വേഷിച്ചു. 'കാത്തിരിപ്പ് എങ്ങനെ..?' 'എന്തോരം കാത്തിരിപ്പുകളാണല്ലേ...ഒരൊറ്റ കഥയിൽ... ഈ കഥയുടെ അവസാന അക്ഷരം വരെ ഞാനും കാത്തിരുന്നുപോയി നിരഞ്ജനും ജാൻവിയും ഒന്നുചേരാൻ... ഒരുപക്ഷെ ഈ കഥ വായിച്ചുതീർക്കുന്ന ചില മനുഷ്യരെങ്കിലും അതിന് വേണ്ടി കാത്തിരിക്കും.' ദേവി പറഞ്ഞു നിർത്തിയിട്ടും ജാൻവിയുടെ ആകാഷ തീർന്നില്ല. ജാൻവി വീണ്ടും ചോദിച്ചു 'കഥ പൂർത്തിയാക്കിയോ.' 'നിരഞ്ജന്റെ കഥ പൂർണമാണ് ജാൻവി, ഇനി ഒരു പക്ഷെ ഞാൻ എഴുതി തുടങ്ങിയാൽ നിരഞ്ജൻ എനിക്കായി നീക്കിവെച്ച പേജുകൾ മതിയാകാതെ വരും... അത്രയേറെ നീണ്ട ഒരു കാത്തിരിപ്പ് എനിക്കുമുണ്ട്. അത് പറഞ്ഞു തീർക്കാനാണ് ഞാൻ വന്നതും. പക്ഷെ പറയാതെ കേൾക്കാതെ നിരഞ്ജൻ പോയില്ലേ... ആ കാത്തിരിപ്പ് അവിടെ അവസാനിക്കട്ടെ പറയാതെ കേൾക്കാതെ എഴുതാതെ... ആരും വായിക്കാതെ..'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com