ADVERTISEMENT

ലേഖനം 

 

വേദപാഠം ഒൻപതാം  ക്ലാസ്സിൽ കുട്ടികളുടെ ഡയറിയിൽ അറ്റെൻഡൻസ് രേഖപ്പെടുത്തുന്ന സമയം. ഒരു കുട്ടി എന്റെ അരികിൽ വന്നു. "ടീച്ചറേ, ഒരു കാര്യം പറയട്ടെ" അവന്റെ ചോദ്യം കേട്ടതും ഞാൻ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. "ടീച്ചറെ, ഐ ലവ് യൂ..' അവന്റെ വാചകം കേട്ടതും ക്ലാസ് ഒന്നടങ്കം ചിരിച്ചു. പേന താഴെ വെച്ച് ഞാനും അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഐ ടൂ ലവ് യൂ...' ക്ലാസ്സിലെ ചിരിയുടെ ഗ്രാഫ് ഉയർന്നതുകൊണ്ടാവും അവൻ പെട്ടെന്ന് പറഞ്ഞു "ടീച്ചറേ, ഒന്നും തോന്നരുത് ട്ട.." "ഇല്ലെടാ,  ഒന്നും തോന്നില്ല. നീ പോയി അവിടെയിരി." ഞാനവന്റെ തോളിൽതട്ടി. അവൻ ചിരിച്ചുകൊണ്ട് ചാടിത്തുള്ളി അവന്റെ സീറ്റിലേക്ക് മടങ്ങി. ജീവിതത്തിൽ ഓർത്തുവെക്കാൻ ഒരു കുഞ്ഞു സമ്മാനിച്ച ഒരു കുഞ്ഞു നിമിഷം. അവനിഷ്ടമുള്ള ടീച്ചറോട് അവന്റെ ഇഷ്ടം അറിയിക്കാൻ അവൻ മടിച്ചില്ല എന്നതാണ് അവന്റെ മഹത്വം. ഉള്ളിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാൻ മടിക്കുന്നവരാണ് നമ്മിലേറെ. "ടീച്ചറേ, ടീച്ചർ ആയതുകൊണ്ട ഞാൻ ഈ ക്ലാസിൽ വരുന്നത്" എന്നു മറ്റൊരു കുട്ടി പറഞ്ഞ മറ്റൊരു നിമിഷം. ആ കുഞ്ഞു നിമിഷങ്ങൾ എന്റെയുള്ളിൽ തീർത്ത ഒരു കുഞ്ഞുസ്വർഗമുണ്ട്. ഈ ലോകത്തിൽ ഒരു സമ്പത്തും എനിക്കില്ല. ബാങ്ക് ബാലൻസില്ല. ഞാനായിട്ട് ഒന്നും  ഉണ്ടാക്കിയിട്ടില്ല. പക്ഷേ ആ നിമിഷം ഞാൻ  സമ്പന്നയായിരുന്നു. ഈ ലോകത്തിൽ ആരെക്കാളും അതിസമ്പന്ന. എത്രയോ മണിക്കൂറുകൾ കടന്നുപോകുന്നു. എത്രയോ പേരുമായി നമ്മൾ സംവദിക്കുന്നു. അവരിൽ എത്രപേരോടാണ് നമുക്ക് ഐ ലവ് യൂ എന്നു പറയുവാൻ ആവുക..? അഗാധമായ സ്നേഹം തോന്നുക? 

 

ക്ലാസ്സിലെ കുട്ടികളോട് ഒരിക്കൽ പറഞ്ഞ ടാസ്‌ക് ഇതായിരുന്നു.'നിങ്ങളുടെ മാതാപിതാക്കളെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കണം.' ഉടൻ ഒരു കുട്ടി ചാടി എഴുന്നേറ്റുപറഞ്ഞു. "എനിക്ക് ഓർമവെച്ച നാൾ മുതൽ അപ്പൻ പണിക്ക് പോകും മുൻപേ  അമ്മക്കും എനിക്കും അനിയത്തിക്കും ഉമ്മ തരും." മൂന്നാലു കുട്ടികളും ഇതേ ഉത്തരം ഏറ്റുപറഞ്ഞു. എന്തൊരു ലോകമായിരിക്കും അത്..!! സ്നേഹം കൊണ്ടു പൊതിഞ്ഞ ആ കൂട്ടിൽ നിന്നും ഏത് കുഞ്ഞിനാണ് പറന്നുപോകാൻ തോന്നുക. ചിറകുകൾ വിടർത്തി ഏത് ലോകത്തിലേയ്ക്ക് അവൻ ഉയർന്നു പറന്നാലും തളരുന്ന നിമിഷം അവനു താങ്ങായി ഒരു സ്നേഹക്കൂടുണ്ട് എന്ന വിശ്വാസത്തിന്റെ ബലം ആഴങ്ങളിൽ ആണ്ടു പോകാതെ അവനെ താങ്ങി നിർത്തില്ലേ!! സ്നേഹത്തെ കുറിച്ച് യുട്യൂബിൽ കേട്ട ഒരു കാഴ്ച്ചപ്പാടും ഇതായിരുന്നു. ഐ ലവ് യൂ എന്നു പറയുക ബിഗ് ടാസ്‌കാണ്‌. ഉള്ളിൽ നുരഞ്ഞു പതയാതെ മനസ്സ് കൊണ്ട് അകൽച്ചയുള്ളയാളോട് എങ്ങിനാണ് മുഖത്തു നോക്കി അത് പറയാൻ സാധിക്കുക? 

 

മറ്റൊരിടത്തും സ്നേഹമായിരുന്നു വിഷയം. വേദിയിൽ അല്ലാതെ, ഒരു കുഞ്ഞു വീടിന്റെ മുറ്റത്ത് സഭാപിതാവായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ചുറ്റും കൂടിയ നാട്ടിൻ പുറത്തെ കുറച്ചുപേർ അദേഹത്തെ കേൾക്കാനുണ്ടായിരുന്നു. സരസമായ ഭാഷയിൽ സമകാലീനസംഭവങ്ങളെ കോർത്തിണക്കി അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. സ്ത്രീകൾ അട്ടഹാസം മുഴക്കുകയും പുരുഷന്മാർ ചെറുപുഞ്ചിരിയിൽ അതെല്ലാം ആസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ മാതാപിതാക്കളെ നോക്കി അദ്ദേഹം ചോദിച്ചു. "നിങ്ങൾ നിങ്ങളുടെ മക്കളോട് ഐ ലവ് യൂ പറയാറുണ്ടോ? അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ അവരെ ആലിംഗനം ചെയ്യാറുണ്ടോ?" പ്രായമുള്ള സ്ത്രീകൾ നാണത്തോടെ ചിരിക്കുമ്പോഴും അദ്ദേഹം തുടർന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു മാൻകിടാവേ എന്നുള്ള പക്വതയില്ലാത്ത പ്രണയം മൂലം ചതിക്കുഴിയിൽ വീഴും മുൻപേ മക്കളെ ചേർത്തു നിർത്തി ഇടക്കിടെ അവരുടെ മുഖത്തു നോക്കിപറയണം. "നീ എന്റെ മുത്തല്ലേ ...ന്ന്. നീയാണ് ഞങ്ങളുടെ ലോകം ന്ന്.." മുന്തിരിവള്ളികൾ തളിർത്തപ്പോൾ ഒരു ലോകം തന്നെ മാറി മറിഞ്ഞത് നാം കണ്ടതാണ്. സ്നേഹത്തിന്റെ ഭാഷ അത്രയേറെ സുന്ദരമായത് കൊണ്ടാവാം സ്നേഹമുള്ളവരുടെ ലോകത്തുനിന്നും മാറി നിൽക്കാൻ നമുക്ക് സാധിക്കാത്തത്. അടർന്ന് പോകുമ്പോഴും തെന്നി നീങ്ങുമ്പോഴും ഉള്ളിലെ കനൽ എരിയുന്നത്. 

 

ഒടുവിലായി നടന്ന ഒരു സംഭവം കൂടെ പറയട്ടെ, ഒരു വലിയ ചടങ്ങിന്റെ ഇടയിൽ ഒരു ചെറുപ്പക്കാരൻ അവിടെയുള്ള ബന്ധുക്കളെയും സ്നേഹിതരെയും ഓടിനടന്ന്  ആലിംഗനം ചെയ്യുന്നത് കണ്ട ഒരു പന്ത്രണ്ട് വയസ്സുകാരൻ ആ ചെറുപ്പക്കാരനോട് ചോദിച്ചത് "എങ്ങനെയാണ് ചേട്ടാ ചേട്ടന്  എല്ലാവരെയും ചേർത്തു പിടിക്കാൻ സാധിക്കുന്നത്?" ചെറുപ്പക്കാരൻ മറുപടി നൽകി, "ഉള്ളിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കേണ്ടടാ.." കുട്ടി ഉടൻ മറുപടി പറഞ്ഞു "എനിക്ക് കിട്ടാത്ത സ്നേഹത്തെ ഞാൻ എങ്ങനെ കൊടുക്കാനാണ് ചേട്ടോ... എന്നെക്കൊണ്ട് പറ്റില്ല." അവൻ കൈകൾകെട്ടി പിന്നെ അനങ്ങാതെ നിന്നു. അവന്റെ ആ മൗനത്തിൽ ഒരു കാർമേഘം പെയ്യാൻ ഒരുങ്ങിനിന്നിരുന്നു. ഒതുക്കിവെച്ച കാർമേഘങ്ങൾ കൂടി വരുന്ന കാലമാണ്. ഭയക്കണം !! എങ്കിലും  പക്ഷേ എനിക്ക് പറയാനുള്ളത് സ്നേഹത്തിന്റെ കഥയാണ്. സ്നേഹത്തിന്റെ ഭാഷ്യം ആയതുകൊണ്ടാവാം പറഞ്ഞു മടുക്കുന്നില്ല. വെറുപ്പും വിദ്വേഷവും സ്നേഹശൂന്യതയും കൊല്ലും കൊലവിളിയും നടക്കുന്ന ഈ ലോകത്ത് എന്റെ സ്നേഹാക്ഷരങ്ങൾക്ക് പുച്ഛം കൽപിക്കുന്നവരുണ്ടാകാം. പക്ഷേ ഈ സ്നേഹത്തിന്റെ ഈ പാനപാത്രത്തിൽ നിന്നും രുചി അറിഞ്ഞവർ ആരും ഈ ലഹരി വിട്ടു പോകില്ല. ഈ ഞാനും പോകില്ല. ഗുരുവായ യേശു പോലും തന്റെ പ്രിയപ്പെട്ട ശിഷ്യനോട് മൂന്ന് തവണ  ചോദിച്ചു. നീ എന്നെ സ്നേഹിക്കുന്നുവോ? നമ്മളും ആഗ്രഹിക്കുന്നില്ലേ പലപ്പോഴായി പലരിൽ നിന്നും ആ ശിഷ്യന്റെ മറുപടി. ഉവ്വ്.. ഞാൻ നിന്നെ സ്നേഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com