ADVERTISEMENT

കൃഷ്ണാ..,

നീയെന്നെയറിയുന്നില്ലെന്നോ...?!!

നിന്റെ ഭോഗങ്ങളുടെ അവശേഷിപ്പുകൾ  

നീളെ മയങ്ങി കിടക്കും വീഥികളിലെന്റെ

മരണമില്ലാത്ത ഭക്തിയുടെ നിറം

മരവിച്ചിരിക്കുന്നതു നീയറിയുന്നില്ലെന്നോ...?

കളഭ ചുംബനങ്ങൾ തിങ്ങിയ ശീതളതയിൽ  

കൊരുത്തിട്ടിരിക്കുന്നെന്റെ ഹൃദയമാല്യം

കൃഷ്ണാ.., നീ കാണുന്നില്ലെന്നോ...?

ശിശിരങ്ങൾ ഇലകൾ കൊഴിക്കുമ്പോഴും

വസന്തങ്ങൾ പൂക്കൾ പൊഴിക്കുമ്പോഴും

ഹേമന്തങ്ങൾ ദീപക്കാഴ്ചകളണക്കുമ്പോഴും

നിനക്കായുള്ള വർഷോത്സവങ്ങളെവീണ്ടും

മൺവീണയിൽ ശ്രുതി മീട്ടിയുണർത്തുന്നീ

രാജകോകിലത്തെ നീ കേൾക്കുന്നില്ലെന്നോ...?

 

എന്നിലെ മിടിപ്പ് നിലയ്ക്കാത്തതും

പുലർകാലങ്ങൾ മിഴികൾ തുറക്കുന്നതും

പകലറുതികൾ കാത്തിരിക്കുന്നതും

നീയിനിയും കവരാത്തയെന്റെ പ്രണയം

ഒരേയൊരു ചുംബനം കൊതിച്ചാണെന്ന്

ഏതു ഋതുവാണു നിന്നോടു പറയേണ്ടത്?

ഇരുൾപാതയകറ്റി നിന്റെ മടിത്തട്ടിൽ

ഇരുന്നിളംവെയിൽ കായുവാൻ,

പ്രണയമാകും നിന്റെ പൂമരത്തണലിൽ

പൊഴിയുമൊരു ഞാവൽപഴമാകുവാൻ,

പൈദാഹം കൊള്ളുമ്പോഴധരങ്ങളെ

പാഥേയമാക്കി പങ്കിട്ടു നുകരുവാൻ,

പകലോനകലുമ്പോൾ വഴിമാറും നിന്റെ

പ്രണയത്തിനു കർപ്പൂരമായി തെളിയുവാൻ,

ഇരുയിളയൊരിളയായിരുളിൽ പുതയുവാൻ

ഇനിയേതു ജന്മം ഞാൻ പൂകണം നാഥ...? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com