ADVERTISEMENT

ജാനകി (കഥ)

 

ഡിയർ ജാനകി,

ഈ കത്തെഴുതുമ്പോൾ എനിക്കറിയാം നീ എന്നെ എത്ര മാത്രം വെറുക്കുന്നുണ്ടാകുമെന്ന്. ഈ നിമിഷം പോലെ ഓരോ നിമിഷവും ഞാൻ ആ എരിതീയിലേക്ക് എണ്ണ പകരുകയാണെന്നും എനിക്കറിയാം. എന്നാൽ നീ അറിയേണ്ടുന്ന ഒരു വസ്തുതയുണ്ട്. സിനിമയുടെ പുറത്ത് എനിക്കൊരു ലോകം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നീ മാത്രമായിരുന്നു. നീണ്ട 8 വർഷക്കാലം നമ്മൾക്ക് ചുറ്റുമുള്ളത് എല്ലാം മാറി. മണ്ണ് മാറി മനസ്സുകൾ മാറി എന്നിട്ടും നമ്മളിൽ മാത്രം മാറ്റം വന്നില്ല. നമ്മടെ ആദ്യത്തെ കണ്ടുമുട്ടൽ പോലെ മനോഹരമായിരുന്നു 2 വർഷം മുമ്പ് നിന്റെ കല്യാണ നാളുകളിൽ നടന്ന അവസാന കണ്ടുമുട്ടലും.

 

അന്ന് നിസ്സഹായയായി നീ എന്നെ നോക്കി നിന്നതും നിന്റെ കണ്ണുകളിൽ ദയനീയമായൊരു സഹായ അഭ്യർഥന തുളുമ്പി നിന്നതും ഞാൻ ഓർക്കുന്നു. ഇടക്ക് എപ്പഴോ നമ്മൾക്കിടയിൽ ഉടലെടുത്ത ചെറിയൊരു അഭിപ്രായവ്യത്യാസം അത് എന്നെ ഇവിടെയും നിന്നെ അവിടെയും തളച്ചിട്ടു. കൊടുത്ത വാക്കിൽ ഉറച്ച് നിന്ന് നീ അവനെ കല്യാണം കഴിച്ചപ്പോഴും ആത്മാർഥമായി ഞാൻ സന്തോഷിക്കുകയാണ് ചെയ്തത്. ഊരു തെണ്ടിയായ ഒരു സിനിമാക്കാരനെ കുറിച്ച്  ഓർത്ത് ജീവിതം പാഴാക്കാതിരിക്കാൻ നിനക്ക് ഒരു സുവർണ്ണാവസരം വന്നു കിട്ടി എന്ന ശുഭാപ്തി വിശ്വാസമായിരുന്നു എനിക്ക്. ഓർത്തെടുത്ത് ഓമനിച്ച് ആനന്ദം കൊള്ളാൻ നിന്റെ  ജീവിതം എങ്കിലും എനിക്ക് ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതും.

 

എന്നാൽ നീ എന്നെ എപ്പഴോ വെറുക്കാൻ തുടങ്ങിയിരുന്നു. കാണാൻ കൂട്ടാക്കാതെ മിണ്ടാൻ മെനക്കെടാതെ നീ എന്നിൽ നിന്നും ദ്രുതഗതിയിൽ ഓടി മറഞ്ഞു എങ്ങോട്ട്? എന്റെ സാന്നിധ്യം ഒഴിവാക്കാൻ ശ്രമിച്ചു എന്റെ  പേര് പോലും നിന്നെ അലോസരപ്പെടുത്തിയിരുന്നു. എന്നാൽ അപ്പോഴും എന്നോട് പറയാൻ എന്തോ ഒന്ന് നീ കാത്ത് വെച്ചിരുന്നു. മറ്റൊരു മനുഷ്യനോടും പറയാത്ത മറ്റാരും അറിയാത്ത ഒരു കാര്യം. ഒരുപക്ഷെ അത് ഞാൻ അറിയാതിരുന്നതാകാം എന്നോട് ഉള്ള നിന്റെ വെറുപ്പ് അനുദിനം വർധിക്കാൻ കാരണമായതും.

 

എന്നാൽ ഇപ്പോൾ എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട് എന്തായിരുന്നു നിന്നെ അത്രമേൽ പിടിച്ചുലച്ച നിന്നെ വേട്ടയാടിയിരുന്ന ആ രഹസ്യം എന്ന്. നിസ്സഹായയായി നീ എന്നെ മാത്രം കാത്തിരിക്കുന്നതിന്റെ പൊരുളും എനിക്ക് മനസിലായി. ഇത്രയും കാലം സഹിച്ചതിനും പൊറുത്തതിനും നിനക്ക് മോക്ഷം ലഭിക്കാൻ പോവുകയാണ്. ഇത് വായിക്കുന്ന മാത്രയിൽ നിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു പൊൻതിളക്കം തെളിയും എനിക്കറിയാം. ആ അസുലഭ മുഹൂർത്തത്തിൽ തന്നെ ഞാൻ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഇനിയുള്ള നിന്റെ ജീവിതം എന്റെ കൂടെ ആയിക്കൂടെ? അതിനുള്ള മറുപടി നിന്റെ കണ്ണുകൾ എനിക്ക് നൽകി കഴിഞ്ഞു. അതിനാൽ അതീവ ആനന്ദത്തോടെ ഞാൻ നിർത്തുന്നു.

എന്ന്  സ്വന്തം ഗോവർധൻ 

 

അവൻ കത്ത് പതിയെ മടക്കി പോക്കറ്റിൽ ഇട്ടു. പിന്നെ തന്റെ കണ്ണട ഊരി മേശപ്പുറത്ത് വെച്ചതിന് ശേഷം അവിടെ ഉണ്ടായിരുന്ന കുന്നോളം സിഗരറ്റ് പാക്കറ്റുകൾക്കും ഒഴിഞ്ഞ മദ്യ കുപ്പികൾക്കുമിടയിലൂടെ കൈ തപ്പി, ഒരു സിഗരറ്റ് കുറ്റി അവന്റെ കൈയിൽ ഒടക്കി. അതും കത്തിച്ച് വലിച്ച് അവൻ പതിയെ ബാൽക്കണിയിലേക്കിറങ്ങി ദൂരേക്ക് നോക്കി എന്തോ ചിന്തിച്ച് നിന്നു. മേശപ്പുറത്ത് ഒരു പഴയ പത്രത്തിന്റെ അകത്തെ താള് തുറന്ന് മടക്കി വെച്ചിരിക്കുന്നു. 

 

വാർത്താ തലക്കെട്ട്.

ഗാർഹിക പീഡനം, യുവതി ജീവനൊടുക്കി. ജാനകി 26 വയസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com