ADVERTISEMENT

കടലാഴങ്ങൾ തേടുമ്പോൾ (കഥ)

 

അന്നും ഞങ്ങള്‍ ജോലിയും കഴിഞ്ഞ് തെരുവോരങ്ങളിലൂടെ ബീച്ചിലേക്ക് നടന്നു. ഇടയ്ക്കുള്ളതാണ് ഈ യാത്ര. വെറുതേ കടലും നോക്കി ഇരിക്കലാണെങ്കിലും അവളുടെ സാന്നിധ്യം ഒരു സന്തോഷം നൽകുന്നുണ്ട്. കടൽക്കരയിലെ കല്ലുകളില്‍ ഒരേ ദിശയിലേക്ക് കണ്ണുംനട്ട് രണ്ട് സ്ഥലങ്ങളിലായി ഇരിക്കുക. അസ്തമയത്തിന് മുൻപ് തിരികെ മടങ്ങുക. ചില സായാഹ്നങ്ങൾ അങ്ങനെ ധന്യമാവാറുണ്ട്. "സമയമുണ്ടെങ്കിൽ വരാം. ഞാൻ അസ്തമയം കാണാൻ പോകുന്നു.." യാത്ര തുടങ്ങും മുൻപ് ഞങ്ങളിൽ ഒരാള്‍ ചോദിക്കും. ഒരുമിച്ചു നടക്കുമ്പോഴോ.. ആകാശം മുട്ടെ നിൽക്കുന്ന കടൽ നോക്കുമ്പോഴോ കാര്യമായി ഞങ്ങളൊന്നും സംസാരിക്കാറില്ല. പകുതി താഴ്ന്നു പോകുന്ന സൂര്യനെ കണ്ടാൽ അവൾ എഴുന്നേൽക്കും. ഞാനും. തിരികെ പോകാന്‍ സമയമായെന്ന് ആരോ ഉള്ളിൽ വിളിച്ചു പറയും. ബീച്ചിൽ കടല വിൽക്കുന്ന പയ്യൻ അന്നും ഞങ്ങളെ നോക്കി ചിരിച്ചു. അവന് ഞങ്ങളെ നല്ല പരിചയമാണ്. അവൻ അതിശയിച്ചു പോയിട്ടുണ്ടാകും. രണ്ടുപേർ ഇവിടെ വന്നിരുന്ന് മൂകമായി തിരിച്ചു പോകുന്നത് കണ്ടിട്ട്. ഇന്നെന്തോ  എനിക്ക് തിരിച്ചു ചിരിക്കാനായില്ല. മനസ്സില്‍ കുറിച്ചിട്ട ചില ചോദ്യങ്ങൾക്കുള്ളിലായിരുന്നു ഞാൻ. അവൾ പതിവുപോലെ ചിരിച്ചു. എല്ലാം പതിവാണ്. പിന്നെയെന്താണ് പതിവില്ലാത്തത്. ചിലപ്പോൾ എന്റെ മനസ്സ് ആയിരിക്കാം. എങ്ങനെയാണ് തുറന്നു പറയുക എന്നൊരു ആശയക്കുഴപ്പം എന്നെ വല്ലാതെ വലച്ചു. അവൾക്കത് മനസ്സിലായി കാണുമോ. അതോ മനസിലാവാത്ത പോലെ അഭിനയിക്കുകയാണോ.. ചിന്തകൾ തിരകളെ പോലെയായിരുന്നു. ഒന്നിനു പുറകെ ഒന്നായി വരുന്നെങ്കിലും എല്ലാം കരയെന്ന ലക്ഷ്യത്തിലേക്കാണ്. എന്തെങ്കിലും ഒന്ന് സംസാരിക്കണം എന്ന് എനിക്ക് തോന്നി. പക്ഷേ എങ്ങനെയാണ്..

 

"അനു.." പതിവില്ലാതെ ഞാൻ വിളിച്ചു. അവളെന്നെ നോക്കി, ചിരിച്ചു. "എന്ത് കൊണ്ടാണ് ഒരു തിരപോലും കരയിൽ നിൽക്കാതെ നനക്കുക മാത്രം ചെയ്ത് തിരിച്ചു പോകുന്നത്?" ഞാനെന്താണ് ചോദിച്ചതെന്നോ.. എന്താനാണ് ചോദിച്ചതെന്നോ എനിക്ക് മനസ്സിലായില്ല. അവൾ പിന്നെയും എന്നെ നോക്കി , ചിരിച്ചു. ഒരുപക്ഷെ എന്റെ അടങ്ങാത്ത കടൽ അവൾ അറിഞ്ഞു കാണുമോ... "ചിലപ്പോൾ തിരയെ കാത്തിരിക്കാന്‍ ആരെങ്കിലും ഈ ആഴങ്ങളിൽ ഉണ്ടായിരിക്കും.." അവൾ കടൽ നോക്കി പറ‍ഞ്ഞു. എനിക്കെന്തോ ആത്മവിശ്വാസം വന്നു. കൂടുതൽ സംസാരിക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന്. "എങ്കിൽ എന്തിനായിരിക്കാം, തിര പിന്നെയും പിന്നെയും കരയെ തേടി വരുന്നത്." "തിര..." അവളൊരു നെടുവീർപ്പിട്ട് എന്നെ നോക്കി. "തിര.. അവൾക്ക് ആശ്വാസം പകരുന്ന എന്തെങ്കിലും ഈ കരയിൽ കാണുമായിരിക്കും. അല്ലെങ്കിൽ തിരയുകയായിരിക്കും." അനു പറഞ്ഞത് എനിക്ക് സന്തോഷം നൽകി. അല്ലെങ്കിലും ഓഫീസിൽ ആയാലും എന്റെ ആശയങ്ങളോട് യോജിക്കാൻ അനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. രഹസ്യമായും പരസ്യമായും അവളത് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഞങ്ങൾ മാത്രമുള്ള നേരങ്ങളിൽ മൗനമായിരുന്നു. വാക്കുകൾ ഇല്ലാതെയല്ല, വാക്കുകൾക്കപ്പുറത്തെ വാചാലത മൗനമാണ് എന്ന് പറയുംപോലെ. എങ്ങും മൗനം. "ഈ ചുട്ടുപൊള്ളുന്ന വെയിലിൽ, കരയുന്ന കരയുടെ കണ്ണുനീർ ഒപ്പുവാനായിരിക്കും.." ഞാനത് പറഞ്ഞതും അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. മൗനം ബാധിച്ച അന്തരീക്ഷം പെട്ടെന്ന് മാറി, എങ്ങും ചുവപ്പ് പടർന്നു. ചുവന്ന പരവതാനിയിൽ മേഘങ്ങൾ വന്നു. അതിലൂടെ കിളികൾ പറന്നു. തിരകൾ കൂടുതൽ ആവേശത്തോടെ കരയിലേക്ക് ഉരുണ്ടുവന്നു.

 

"എടോ.. നിങ്ങളെന്റെ ടേസ്റ്റേ അല്ലാട്ടോ..." "അല്ലെങ്കിലും തന്റെ ടേസ്റ്റിന് നിൽക്കാൻ പാടാണ്." അവൾ ചിരിച്ചുകൊണ്ട് തന്നെ എന്നെ നോക്കി. പിന്നെ ചിരി മറഞ്ഞ് ഒരു ചുണ്ടനക്കം മാത്രമായി. അപ്പോഴും കണ്ണെടുക്കാതെ എന്നെ നോക്കി. ഞാനങ്ങനെ പറയാൻ കാരണമുണ്ട്. എന്റെ വിരസമായ ഓഫീസ് ജീവിതത്തിലേക്ക് അവൾ വന്നിട്ട് അധികമായില്ല. അതിനു ശേഷമാണ് എന്റെ ജോലിയോടുള്ള ആത്മാർഥത കൂടിയതും എനിക്ക് കൂടുതൽ ഊർജ്ജം ലഭിച്ചതും. എല്ലാവരോടും വളരെ പെട്ടെന്ന് തന്നെ അനു ഇണങ്ങി. ചിലപ്പോൾ ഒരേ രീതിയിൽ ചിന്തിക്കുന്നവരാണെന്ന് തോന്നിയത് കൊണ്ടാകാം. ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം വളർന്നതും ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചതും. സങ്കീർണമായ അവളുടെ കാത്തിരിപ്പുകളെ കുറിച്ചും അനു എന്നോട് പങ്കുവെച്ചിട്ടുണ്ട്. "ഞാൻ തന്നെ പറ്റി പറഞ്ഞിട്ടുണ്ട് അവനോട്. എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്ന്." "ഇനി അയാൾക്ക് അതൊരു ബുദ്ധിമുട്ടാവുമോ..?" "ഏയ്.. ആള് ഭയങ്കര പൊസസ്സീവ് ആണെങ്കിലും, എന്റെ ഈ ഒറ്റപ്പെടൽ നന്നായി അറിയാം. നന്നായി എന്ന് മാത്രമേ പറഞ്ഞുള്ളു." "വീട്ടുകാരുടെ സമ്മതത്തിന് കാത്തു നിൽക്കുന്നതെന്തിനാ. അതും ഈ കാലത്ത്. വയസ്സ് കൂടുകയാണ് നിങ്ങൾ രണ്ടാൾക്കും." "അറിയാം. പക്ഷെ അവരുടെ സമ്മതമില്ലാതെ ഇത് നടക്കില്ല." ഒരിക്കൽ അനു പറഞ്ഞപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു. അതിനോട് എനിക്ക് യോജിക്കാനായില്ല.

 

എന്ന് മുതലാണ് അവളോട് മനസ്സുകൊണ്ട് മറ്റൊരു വികാരം തോന്നി തുടങ്ങിയതെന്ന് എനിക്ക് അറിയില്ല. പലപ്പോഴും തുറന്നു പറയണം എന്ന് തോന്നിയെങ്കിലും എനിക്ക് ഉറപ്പായിരുന്നു അവൾക്കത് അറിയാമെന്ന്. പക്ഷേ ഇത്രയൊക്കെ എന്നോട് പറഞ്ഞിട്ടും ഞാനങ്ങനെ പെരുമാറിയാൽ അത് നല്ലതാവില്ലെന്ന ചിന്ത എന്നിലാകെ ഉണ്ടായിരുന്നു. "എത്രയെത്ര മുഖങ്ങളാണല്ലേ നമുക്ക് ചുറ്റും.. കരയുന്ന, ചിരിക്കുന്ന, സ്നേഹത്തിന്റെ വള്ളിപ്പടര്‍പ്പു പോലെ ഒരുവനെ പുണരുമ്പോഴും ശലഭങ്ങൾക്ക് തേൻ ചുരത്തുന്ന, ഒരു ശരീരത്തിൽ നിന്നും വിരിഞ്ഞു നിൽക്കുന്ന പല പല  മുഖങ്ങൾ.. ഭാവങ്ങൾ.." അവൾ പറഞ്ഞത് പൂർണ്ണമായും എനിക്ക് മനസ്സിലായില്ല. അല്ലെങ്കിലും അവൾ ആർക്കും പൂർണ്ണമായി പിടികൊടുക്കാറില്ല. ഒരിക്കൽ അവൾ പറഞ്ഞത് ഓർക്കുന്നു.. "അയാൾക്ക് എന്നെ കുറിച്ച് അറിയാത്തത് ഒന്നുമില്ല, എനിക്ക് തിരിച്ചും.. പക്ഷേ ഞങ്ങൾക്കിടയിൽ ആദ്യമാര് പിടികൊടുക്കുമെന്ന മത്സരമുണ്ട്. പൂർണ്ണമായി പറയാതെ അറിയുന്ന കാലം വരെ.." ശലഭമെന്ന് അവൾ വിശേഷിപ്പിച്ചത് എന്നെ ആയിരിക്കുമോ. മറുപടിയായി എനിക്കൊന്നും പറയാൻ തോന്നിയില്ല. വാക്കുകൾക്കിടയിൽ ഒളിപ്പിച്ച മുള്ളുകൾ എന്നെ വേദനിപ്പിച്ചോ..? വേദനിപ്പിച്ചിരിക്കാം, അതായിരിക്കാം പെട്ടെന്ന് ഞാൻ നിശബ്ദമായത്. ഞാൻ ഒരു കല്ലെടുത്ത് വെറുതെ കടലിലേക്ക് നീട്ടിയെറിഞ്ഞു. പാവം ആ കല്ലെന്ത് തെറ്റ് ചെയ്തു.

 

"താനെന്ത് വെളുപ്പാണ് മനുഷ്യാ.. എനിക്ക് വെളുത്തവരെ പണ്ടേ ഇഷ്ടല്ല.." നേരത്തെ പറഞ്ഞത് എന്നെ സാരമായി ബാധിച്ചു എന്ന് മനസ്സിലായത് കൊണ്ടോ എന്തോ അവൾ പിന്നെയും സംസാരിച്ചു തുടങ്ങി. "മാനുഫാക്ചറിങ് ഡിഫെക്ട്.." ഞാൻ ചിരിക്കാൻ ശ്രമിച്ചു. "ഏയ്.. ചുമ്മാ പറഞ്ഞതാട്ടോ. ഓഫീസിൽ അവരുടെ മുന്നിൽ എന്തെങ്കിലും കളിയാക്കാൻ പറയുന്നതല്ലാതെ.. മനസ്സിൽ ഒന്നും വെക്കേണ്ട.." "അപ്പോ വെളുപ്പ് ഇഷ്ടാണോ.." "ഇഷ്ടാണ്.. എന്റെ ചെക്കനെ ഇഷ്ടമുള്ളത്രയും ഇഷ്ടാണ്.. എല്ലാ നിറങ്ങളും.." അവളെന്നെ അറിയുന്നു. അതാകാം ചിലപ്പോൾ അദൃശ്യമായി ഒരു പ്രതിരോധം തീർക്കുന്നത്. അവൾ മണലിൽ അവന്റെ പേരെഴുതി മായ്ച്ചും പിന്നെയും എഴുതി. ഞാനവളുടെ പ്രവൃത്തി വെറുതെ നോക്കിയിരുന്നു. "അനു നീയൊരു കടലാണ്. എത്ര തന്ത്രപരമായിട്ടാണ് നീയെന്റെ ദുഃഖമണലുകൾ പിഴുതു കൊണ്ടു പോകുന്നതും കൃത്യമായ ഇടവേളകളിൽ തിരിച്ചു തന്ന് മടങ്ങി പോകുന്നതും. നീ ശരിക്കുമൊരു കടൽ തന്നെയാണ്." മണലിൽ ഇരുന്ന് മുട്ടു മടക്കി ഉയർത്തി, അതിന്മേൽ ഇരു കൈയും കൈയിൽ തല ചെരിച്ചു വെച്ചും അവളെന്നെ നോക്കി കൊണ്ടിരുന്നു. എനിക്ക് അവളിൽ നിന്നും കണ്ണെടുക്കാനെ ആയില്ല. ചിലപ്പോൾ അവളെന്റെ മനസ്സ് വായിക്കുകയായിരിക്കാം.

 

"ഇപ്പോ ന്താ മോന്റെ പ്രശ്നം.." എനിക്ക് അവളെ നേരിടാനുള്ള ഊർജ്ജം ഇല്ലാത്തപോലെ തോന്നി. നിനക്കറിവുള്ളതല്ലേ എന്നൊരു ചോദ്യം ഉള്ളിൽ നിന്നും വന്നെങ്കിലും വേണ്ടെന്ന് വച്ചു. "ചോദിക്കാൻ വിട്ടു. അവനെന്നാ വരുന്നത്." "വരും.. വരുമ്പോ നമുക്ക് ഒരുമിച്ചു ഇവിടെ ഇതുപോലെ വന്നിരിക്കണം.." എനിക്കെന്തോ ഒരു ഉൾക്കനൽ വയറ്റിൽ വീഴുന്ന പോലെ തോന്നി. ചിലപ്പോൾ അവൾ എല്ലാം അവനോട് പറഞ്ഞു കാണുമോ. എന്റെ മനസ്സിലുള്ളതെല്ലാം, അറിഞ്ഞതെല്ലാം.. പറഞ്ഞു കാണുമോ. എനിക്കെന്തോ വല്ലായ്മ തോന്നി. "ടെൻഷനായോ." "ഏയ്.. വരട്ടെ.. നമുക്കൊരു പാർട്ടി അറേഞ്ച് ചെയ്യാം." ഞാന്‍ എന്റെ വല്ലായ്മ മറക്കാൻ നോക്കി. സത്യത്തിൽ ഞാനെന്ത് മണ്ടനാണ്. എന്റെ മനസ്സ് അവളറിയുന്നു എന്ന തോന്നലിന്റെ അതേ നിമിഷത്തിൽ അവളോട് തന്നെ കള്ളം പറയുന്നു. "ഇത്രയും വർഷം.. ഇനിയുമെത്ര വർഷം.. ജീവിതം ഇങ്ങനെ കളയുവാനാണോ നിങ്ങളുടെ തീരുമാനം. സമ്മതം തരേണ്ടവരുടെ ജീവിതം പകുതിയിലധികം കഴിഞ്ഞിരിക്കുന്നു അനു. നിങ്ങൾ ഇതുവരെ ജീവിച്ചു തുടങ്ങിയതുമല്ല. മടുപ്പ് തോന്നുന്നില്ലേ.." അവള്‍ ഒന്നും മിണ്ടിയില്ല. പറഞ്ഞത് കൂടിപ്പോയോ എന്നെനിക്ക് തോന്നി. ചിരിച്ചിരുന്ന അവളുടെ മുഖത്ത് തെളിച്ചം പോയി. ആദ്യം കണ്ട അനുവേ അല്ലയിപ്പോൾ. ആദ്യം കാണുമ്പോഴുണ്ടായിരുന്ന പ്രസരിപ്പും തെളിച്ചവും എല്ലാം പോയിരിക്കുന്നു. കാർമേഘങ്ങള്‍ കലഹിച്ചപ്പോലെ അവളാകെ മാറി.

 

"അത് ഞങ്ങളുടെ തീരുമാനമാണ്." അവൾ പതിയെ പറഞ്ഞു. ചിലപ്പോള്‍ ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന തിരിച്ചറിവ് വന്നിരിക്കാം. മനസും ശരീരവും അകലുമ്പോൾ, ശരീരത്തിന്റെ ആവശ്യകതകൾ മനസിന് പരിഗണിക്കാതെ കഴിയില്ലല്ലോ. അവളെന്നെ പിന്നെയും അതേ നോട്ടം നോക്കി. ഒരു നിസ്സഹായതയുടെ പൊടിക്കാറ്റ് വെറുതെ വീശി കടന്നുപോയി. "എടോ ഒരു കാര്യം പറയട്ടെ.. എനിക്ക് തന്റെ അരികിൽ ഒരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട്. അതെന്നും ഉണ്ടാവണം." അതൊരു അപേക്ഷയാണെന്ന് എനിക്ക് തോന്നി. എന്റെ വികാരങ്ങളെ അവളിലേക്ക് അയക്കരുത് എന്ന അപേക്ഷ. "അനു നീയെങ്ങനെയാണോ എന്നോട്, അതായിരിക്കും തിരിച്ചു ഞാനും.." അത് പറഞ്ഞപ്പോൾ എനിക്കെന്തോ ശാന്തത തോന്നി. അടക്കി പിടിച്ചതെല്ലാം ഒഴിഞ്ഞപോലെ. ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു. അവൾ എഴുന്നേറ്റ് കടൽ തിരയിൽ കാല് നനച്ചു. കൂടെ ഞാനും നടന്നു.

 

"ഈ തിരയെ ഒരു നിമിഷമെങ്കിലും ഇതുപോലെ ചവിട്ടി തിരിച്ചുവിടാതെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ..! താൻ ആഗ്രഹിക്കുന്നില്ലേ?" "കഴിഞ്ഞിരുന്നു എങ്കിൽ..?" എന്റെ മറുചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. പെട്ടെന്ന് എന്റെ മുഖത്തു നിന്നും കണ്ണെടുത്ത് അവൾ തിരയിലൂടെ നടന്നു. എനിക്കറിയാമായിരുന്നു അവൾക്കുള്ളിൽ എന്താണെന്ന്. പക്ഷേ അതെന്തുകൊണ്ടാണ് എന്നും എനിക്ക് അറിയാമായിരുന്നു. ചില മൗനങ്ങൾ സമ്മതങ്ങളല്ലായെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. "ഒരുപക്ഷേ കഴിഞ്ഞിരുന്നു എങ്കില്‍ ഞാൻ തന്നെയിപ്പോൾ കെട്ടിപ്പിടിച്ചേനെ, നെറുകൊരു ചുംബനത്തിനായി നീട്ടിയേനെ. എന്റെ കാത്തിരിപ്പിന്റെ അവശതകൾ മുഴുവനും കരഞ്ഞു തീർത്തേനെ.." അവളത് പറയുമ്പോൾ മുഖത്തു വന്ന ഭാവം ഏതെന്നറിയാൻ എനിക്കായില്ല. അതൊരു നിരാശയാണോ, ആഗ്രഹമാണോ, ക്ഷണമാണോ, വിങ്ങലാണോ അതുമല്ലെങ്കിൽ ഒരു തലോടലിന്റെ കൊതികൊണ്ടാണോ.. അറിയില്ല. പക്ഷേ അവളുടെ കണ്ണുകൾ നിറയുകയോ, മുഖം ദുഃഖത്താൽ വീര്‍ക്കുകയോ ചെയ്തില്ല. എനിക്കവളെ ഇറുക്കെ പുണരണമെന്നും മുഖമാകെ തുരുതുരെ ഉമ്മ വെക്കണമെന്നും തോന്നി. ഈ തിരയൊരു നിമിഷം കരയിൽ നിലച്ചിരുന്നു എങ്കിൽ. അവളെ കാത്തിരിക്കുന്ന ആഴങ്ങളിലേക്ക് പോകാതെ ഒറ്റ നിമിഷം നിലച്ചിരുന്നു എങ്കിൽ. ഞാൻ വെറുതെ തിരകളെ ചവിട്ടിപ്പിടിക്കാൻ ശ്രമിച്ചു.

 

സമയമാകുന്നു. സൂര്യൻ പകുതി താഴ്ന്നപ്പോൾ ‍ഞങ്ങൾ തിരികെ പോകാനൊരുങ്ങി. അവളുടെ കൈയിൽ കെട്ടിയ സമയത്തെ ഓർത്ത് എനിക്ക് അസൂയ തോന്നി. ഇടക്കിടക്ക് നോക്കി കണ്ണുരുട്ടാതെ അവൾ സമയത്തെ എത്ര എളുപ്പമായിട്ടാണ് കൊണ്ടു നടക്കുന്നത്. "തനിക്ക് അറിയോ.. കരയിലേക്ക് അടുക്കുമ്പോഴേ തിരയുള്ളൂ. കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി ചെന്നാൽ എല്ലാം ശാന്തമാണ്. നിശബ്ദതയുടെ നിഗൂഢതയുടെ കടലിനെ അറിയാൻ ശ്രമിക്കൂ." "കടലിനെ എനിക്കറിയാം. ആഴവും. പക്ഷേ കടലിനോട് ചോദിക്കാതെ എനിക്കീ മുത്തുകൾ മുത്തിയെടുക്കേണ്ട.." എങ്ങു നിന്നോ വന്നൊരു ധൈര്യം എന്നെ കൊണ്ട് അങ്ങനെ പറയിപ്പിക്കുകയായിരുന്നു. അവളുടെ മുഖം പെട്ടെന്ന് ചുവക്കുകയും കണ്ണുകൾ ഒരിടത്ത് പിടിച്ചിടാന്‍ കഴിയാതെ ചലിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഈ നിമിഷം എന്തോ സംഭവിക്കാൻ പോകുന്നെന്ന് എനിക്ക് തോന്നി. "ആ മരം കണ്ടോ.. എത്ര മനോഹരമാണ് അതിന്റെ ചില്ലകൾ.. അത്രയും ആഴത്തിൽ വേരുകളുമുണ്ടാകും അല്ലേ.." "അതേ.." "മേലേക്കും താഴെ മണ്ണിലേക്ക് ആയിരം കൈവഴികളായി പിരിയുമ്പോഴും അവനെന്ന മരത്തിന്റെ ചുളിഞ്ഞ തൊലി തുളച്ചു നോക്കിയാൽ, സ്ഥായീഭാവമായി എന്റെ മുഖമുള്ള കാതലായിരിക്കും കാണുക." പറഞ്ഞു തീർന്നപ്പോൾ ഒരു തിരയവളുടെ കാലിൽ തഴുകി തിരിച്ചുപോയി. "ഹമ്മ്.." മറുപടിയായി എന്തെങ്കിലും പറയണം എന്നെനിക്ക് തോന്നി. "എങ്കിൽ ഞാനൊരു തോണി തുഴയുന്നു, ഈ കടലിന്റെ നീലിമയിലേക്കെത്താൻ, നിഗൂഢതയിലേക്കെത്തി നിശബ്ദമായി രഹസ്യമായി ഒളിച്ചു വെച്ച മുത്തുകൾ കോർത്തെടുക്കാൻ." പിരിയാൻ നേരം ഞാൻ പറഞ്ഞു. അവള്‍ പിന്നെയും എന്റെ കണ്ണുകളിലേക്ക് നോക്കി. ചിരിച്ചു. "നാളെ ഓഫീസില്‍ കാണാം.. ബൈ.." കൂടുതൽ ഒന്നും പറയാതെ അവൾ വഴിപിരിഞ്ഞു. തിരിഞ്ഞു നോക്കുമോ എന്നറിയാൻ ഞാൻ നിന്നെങ്കിലും അവൾ നോക്കിയില്ല. അവൾക്കെന്റെ മനസ്സ് അറിയാമല്ലോ. അനു.. നീയൊരു കടലാണ്. എത്ര തന്ത്രപരമായിട്ടാണ് നീയെന്റെ ദുഃഖമണലുകള്‍ പിഴുതു കൊണ്ടു പോകുന്നതും, കൃത്യമായ ഇടവേളകളിൽ തിരിച്ചു തന്ന് മടങ്ങി പോകുന്നതും.. നീ ശരിക്കുമൊരു കടൽ തന്നെയാണ്.. ഞാൻ മനസിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com