ADVERTISEMENT

ഒരു പ്രവാസിയുടെ നൊമ്പരം ( അനുഭവം )

 

പതിവുപോലെ ഞാൻ ഇന്ന് സമയത്തിന് തന്നെ ഓഫീസിലേക്കു ഇറങ്ങി. ഇന്ന് തൗജീഹിൽ കുറച്ച് പണിയുണ്ട്. കുറച്ചു ജോലിക്കാരോട് അവിടെ ലേബറിന്റെ  ക്ലാസിന് എത്താൻ പറഞ്ഞിട്ടുണ്ട്. ക്ലാസ് കഴിഞ്ഞ് അതിന്റെ ഫീസ് അടച്ചതിനുശേഷമേ ഓഫീസിൽ പോകാൻ കഴിയൂ. 

 

ഞാൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. അപ്പോൾ തന്നെ കാറിലെ  എഫ്എം ഓൺആയി. ഇന്ത്യക്ക് പുറത്ത് ഒരുപക്ഷെ ഏറ്റവും കൂടുതൽ മലയാളം റേഡിയോ ചാനലുകൾ  ഉള്ളത് യു എ ഇ യിലായിരിക്കും എന്ന് തോന്നുന്നു. രാവിലെ എട്ടുമണിക്ക് വാർത്തയുടെ സമയമാണ് അത് അവസാനിക്കുന്നത് സ്പെഷ്യൽ ന്യൂസിലാണ്. കാലോചിതമായ നമ്മുടെ മനസ്സിനെ ചിന്തിപ്പിക്കുന്ന ഏതെങ്കിലും വാർത്താ അവലോകനമായിരുക്കും അതിൽ.

ഇന്ന് ഷാബുവിന്‌ പറയാനുണ്ടായിരുന്നത് അജ്മാനിൽ വന്ന് ജോലി നഷ്ടപ്പെട്ട നാല് മലയാളികളെ കുറിച്ചാണ്. രണ്ടുപേർ മെക്കാനിക്കിൽ ഡിപ്ലോമ ഉള്ളവർ രണ്ടു പേർ മെനിക്കൽ ജോലി ചെയ്ത് പരിചയം ഉള്ളവർ. പലരിൽനിന്നും കടം വാങ്ങിയും പണയം വെച്ചുമാണ് അവർ ഗൾഫ് സ്വപ്നം കണ്ട് ഇവിടെ എത്തിയത്. കുറച്ചുനാൾ പണിചെയ്താൽ കുടുംബത്തെ ഒന്ന് കരയ്ക്ക്‌ അടുപ്പിക്കാം എന്നായിരുന്നു ആഗ്രഹം. 

 

ഒരു മലയാളിയുടെ വർക്ക്‌ ഷോപ്പിലേക്ക് വന്ന അവർക്ക് തുടക്കത്തിൽ ശരിക്കും ശമ്പളം കിട്ടിയിരുന്നു. പിന്നീട് ശമ്പളം കിട്ടുന്നത് കുറേശെ വൈകാൻ തുടങ്ങി. ഇപ്പോൾ ആറുമാസമായി ശമ്പളം ഇല്ല. മാത്രമല്ല ഒരുദിവസം വർക്ക്‌ഷോപ്പിൽ എത്തിയപ്പോൾ വർക്ക്‌ഷോപ്പ് അടഞ്ഞുകിടക്കുന്നു. ഇവിടെ ആരും സഹായിക്കാനില്ല. വീടുവാടക കൊടുക്കാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടു. ഇനി എവിടേക്ക് പോകും എന്ന് അറിയില്ല. അവരുടെ ദയനീയത കണ്ട ഒരാൾ  ഷാബുവിനെ വിവരം അറിയിക്കുകയായിരുന്നു. റേഡിയോ കേൾക്കുന്ന ആരെങ്കിലും സഹായിക്കാൻ സഹായിക്കാൻ മുന്നോട്ട് വന്നാലോ എന്ന് കരുതി.

 

വാർത്ത തീരുന്നതിന് മുമ്പ് ഞാൻ മൻഖൂലിലെ തൗജിൽ എത്തി. കാറ് പാർക്ക് ചെയ്തു. ഫീസ് അടക്കാനുള്ള പേപ്പറുകൾ ശരിയാക്കുന്നതിന് ഇടക്ക് ഒരാൾ റോഡ്സൈഡിലൂടെ നടന്നുവരുന്നത് കണ്ടു. എന്റെ കാറിന്റെ അടുത്ത് എത്തിയപ്പോൾ ആംഗ്യം കാണിച്ചു എന്നോട് എന്തോ പറയാനുള്ള ഭാവത്തിൽ. മുഖത്ത് നോക്കിയപ്പോൾ കുറേനടന്ന് ക്ഷീണിച്ചപോലെ. കയ്യിൽ ഒരു ഫയലും ഡ്രൈവിംഗ് ലൈസൻസും ഉണ്ട്. 

ഞാൻ ഗ്ലാസ് താഴ്ത്തി. അപ്പോൾ മലയാളിയാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അതെ. അപ്പോൾ അയാൾ പറഞ്ഞു ഞാൻ വിസിറ്റിങ്ങിൽ ജോലി അന്വേഷിച്ചു വന്നതാണ്, വിസ കഴിയാറായി. ജോലി ഒന്നും ഇതുവരെ ശരിയായിട്ടില്ല. ഞാൻ ഖത്തറിലായിരുന്നു, ഖത്തറിലെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. കൊറോണക്കാലത്ത് ജോലിപോയി നാട്ടിൽ വന്നു, പിന്നെ അവിടേക്കു തിരിച്ച് പോകാൻ കഴിഞ്ഞില്ല. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഞാൻ ഇപ്പോൾ അജ്‌മാനിൽ ഒരു ഇൻറ്റർവ്യൂവിന് പോകുകയാണ്. എന്റെ കയ്യിൽ ആറ് ദിർഹം ഉണ്ട്, ഭക്ഷണം കഴിച്ചിട്ടില്ല, ബസ് സ്റ്റാൻഡിലേക്ക് പോകാൻ ടാക്സിക്ക് പൈസയില്ലാത്തതിനാൽ നടന്നാണ് പോകുന്നത്. ബസ്സിന്‌ അജ് മാനിലേക്ക് മുപ്പത് ദിർഹം വേണം. ഈ ജോലികൂടി കിട്ടിയില്ലെങ്കിൽ വെറും കയ്യോടെ ഞാൻ നാട്ടിൽ പോകേണ്ടിവരും. എന്റെ ഭാര്യയും മക്കളും പട്ടിണിയിലാണ്. ഞാൻ ഉടൻ പോക്കറ്റിൽ നിന്നും നൂറ് ദിർഹം എടുത്ത് കൊടുത്തു. അയാൾ അവിടെ നിന്നും കരയാൻ തുടങ്ങി. അയാൾ അത്ര പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. ഞാൻ ഒരുവിധം അയാളെ സമാധാനിപ്പിച്ചു. നിങ്ങൾ വേഗം പൊയ്‌ക്കോ ഈ ജോലി ശരിയാകുമെന്നു ഞാൻ പറഞ്ഞു.

 

അയാളുടെ ദയനീയ മുഖം കണ്ടപ്പോൾ പെട്ടെന്ന് അയാളിൽ എന്നെ തന്നെയാണ് ദർശിച്ചത്. എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത് ഖത്തറിൽ നിന്നാണ്. ഏകദേശം  മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുമ്പ് ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. ഒരുദിവസം ദോഹയിൽ വന്ന് റയാൻ ജദീദിലേക്ക് പോകാൻ വേണ്ടി ബസ് കയറാൻ വന്നു. പക്ഷേ ഞാൻ എത്തുന്നതിന് അല്പം മുമ്പ് ബസ് പുറപ്പെട്ടു. ഉച്ചയായിട്ടുണ്ട്, അടുത്ത ബസ് വൈകീട്ടാണ്. എന്റെ കൈയിൽ പത്ത് റിയാലേ ഉള്ളൂ . ഭക്ഷണം കഴിച്ചാൽ പിന്നെ ബസ്സിന്‌ പോകാൻ പൈസ ഉണ്ടാവില്ല. കാറിനുപോകാനുള്ള പൈസയും ഇല്ല. കൈ നീട്ടാനുള്ള മടികാരണം ഞാൻ നടക്കാൻ തീരുമാനിച്ചു. നല്ല ചൂടുള്ള ദിവസം, ഏകദേശം മൂന്നുനാല് കിലോമീറ്റർ നടന്നു കാണും. ഒരു ടാക്സി പെട്ടന്ന് എന്റെ അടുത്തുവന്നു നിർത്തി. ഗ്ലാസ്സ് താഴ്ത്തി കയറാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ എന്റെ വില്ലയിൽ താമസിക്കുന്ന ടാക്സി ഡ്രൈവർ അഷ്‌റഫ്.  ഞാൻ പറഞ്ഞു വേണ്ട ഞാൻ നടന്നോളാം. പക്ഷെ അയാൾ സമ്മതിച്ചില്ല, നിർബന്ധിച്ചു കാറിൽ കയറ്റി റൂമിൽ എത്തിച്ചു. ഞാൻ പോക്കറ്റിൽ കൈ ഇട്ടു പൈസ എടുക്കുമ്പോഴേക്കും എനിക്ക് വേറെ ഓട്ടം ഉണ്ടെന്ന് പറഞ്ഞു പോയി. 

 

ഒരു യാത്രക്കാരൻ ടാക്സിയിൽ കയറിയാൽ മീറ്റർ ഓണാക്കണം, ഞാൻ നോക്കിയപ്പോൾ മുപ്പത്തിയഞ്ച് റിയാൽ ആയിട്ടുണ്ട്, പിന്നീട് ഞാൻ ആ പൈസ കൊടുക്കാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും അയാൾ വാങ്ങിയില്ല. ഇന്നും അഷറഫിന്റെ മുഖം എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. ഞാൻ ഇന്ന് എന്റെ മുന്നിൽ വന്ന്‌ ഭവ്യതയോടെ സംസാരിച്ച ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ അത് ഞാൻ തന്നെയാണെന്ന് തോന്നി, എന്റെ ചെറുപ്പകാലവും ദോഹയും റയാനും എല്ലാം മറക്കാനാവാത്ത ഒരു നൊമ്പരമായി ഇന്നും നിലനിൽക്കുന്നു. പ്രതിസന്ധികൾ തരണംചെയ്യാൻ കഴിഞ്ഞവർക്ക്‌ ഒരു ദിവസം വിജയിക്കാൻ കഴിയും തീർച്ച. 

 

Content Summary: Memoir written by Abdul Naseer Chenthrapinni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com