ADVERTISEMENT

നാടൻ ഇറച്ചി കറി (കഥ)

 

ഇടവക പള്ളീടെ സെമിത്തേരീടെ തൊട്ട് തെക്കുപുറത്താണ് പൈലി ചേട്ടന്റെ ദൈവസഹായം ഹോട്ടൽ ആൻഡ്‌ ടീ ഷോപ്പ്. ഹോട്ടൽ എന്നൊന്നും പറയാനില്ല. ഒരു ചെറിയ ചായക്കട. പൈലിചേട്ടൻ ആയകാലത്ത് ആളൊരു എണ്ണം പറഞ്ഞൊരു തരികിടയായിരുന്നു. അടിപിടിയും, കള്ളവാറ്റും, കഞ്ചാവിന്റെ ഇടപാടും എന്ന് വേണ്ട ഒരുമാതിരി എല്ലാ സൽപ്രവർത്തികളുടെയും സഞ്ചരിക്കുന്ന വിളനിലമായിരുന്നു മേൽപ്പടിയാൻ. പോലീസ് സ്റ്റേഷൻ സ്വന്തം അമ്മവീട് പോലെ കണ്ട് അവിടുള്ളവരെയെല്ലാം ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് കാണാൻ പൊയ്ക്കൊണ്ടിരുന്ന ഒരു പരമ മാന്യൻ. പക്ഷേ ആ സ്നേഹമൊന്നും പോലീസുകാർക്കില്ലാരുന്നു കേട്ടോ. കൈയ്യിൽ കിട്ടുമ്പോ കിട്ടുമ്പോ കേറി അങ്ങ് മേഞ്ഞു കളയും. അങ്ങനെ നാടായ നാട് മുഴുവൻ ഉള്ള പോലീസുകാരും മേഞ്ഞു മേഞ്ഞു ആ താഴ്‌വര വെറും മൊട്ടക്കുന്നായി മാറി. മൊട്ടക്കുന്നിന് കൂട്ടിന് നല്ല ഐഎസ്ഐ മാർക്ക്‌ ഉള്ള 916 ചുമയും ശ്വാസം മുട്ടും. അങ്ങനെ, ശാരീരികമായി വശപിശകായി തുടങ്ങിയപ്പോഴാ പൈലീടെ പെമ്പറന്നോത്തി മേരിയമ്മ, ഇടവക പള്ളീലെ പുതിയ വികാരി അച്ചനെ കണ്ട് പരാതി പറഞ്ഞത്. അച്ചൻ പൈലിയെ ഓടിച്ചിട്ട് പിടിച്ചു ഒന്ന് കുമ്പസാരിപ്പിച്ചു. അതോടെ പൈലി നന്നാവാൻ തീരുമാനിച്ചു. ആ തീരുമാനം നല്ലതിനായിരിക്കും എന്ന് തോന്നിയ അച്ചൻ നേരിട്ട് ഇടപെട്ട് പൈലിക്ക് ഒരു ചായക്കട ഇടാനുള്ള ലോണും മറ്റും ശരിയാക്കിക്കൊടുത്തു. അതും പോരാഞ്ഞു സെമിത്തേരിയോട് ചേർന്നുള്ള പള്ളിവക ഒരു കടയും തുച്ഛമായ വാടകയ്ക്ക് തരപ്പെടുത്തി കൊടുത്തു.

 

ആദ്യമൊക്കെ പൈലിച്ചേട്ടൻ ആത്മാർഥമായി പണിയെടുത്തു. പിന്നെ, പയ്യെ പയ്യെ കിട്ടുന്ന കാശ് വകമാറ്റാൻ തുടങ്ങി. വകമാറ്റിയതിന്, ആ വകയ്ക്ക് കൊള്ളാത്തോൻ വാട്ടീസടിച്ചു പിമ്പിരിയായി നാട് നീളെ നടന്നു. കടയിലേക്ക് സ്റ്റോക്ക് എടുക്കുന്നത് കുറഞ്ഞു വന്നു. ആരും കേറാതെ, ചായക്കട ഭാർഗവിനിലയം പോലെയായി. ആരെങ്കിലും വഴി തെറ്റി എങ്ങാനും വന്നാലായി. വന്നാലോ, പൈലിയുടെ വായി വെക്കാൻ പറ്റാത്ത ഭക്ഷണം കഴിച്ചു തെറിയും പറഞ്ഞെ പോകാറുള്ളായിരുന്നു. ചിലവിനനുസരിച്ചുള്ള വരവ് കുറഞ്ഞപ്പോഴാ പൈലിച്ചേട്ടന് ബോധോദയം ഉണ്ടായത്. അതും, നമ്മുടെ തുണ്ട്‌പറമ്പേൽ ഔതയുടെ മരിപ്പിന്റെ ചായയും പാർലേ ജി ബിസ്കറ്റും തിന്നോണ്ട് സെമിത്തേരിയേൽ നിക്കുമ്പോ. അന്ന് രാത്രി പൈലി വീടെത്തിയില്ല. പിറ്റേന്ന് രാവിലെ ദൈവസഹായം ടീഷോപ്പിൽ പുതിയൊരു ബോർഡ്‌ ഉയർന്നു.

 

"രണ്ട് പാലപ്പവും ഇറച്ചി കറി/റോസ്റ്റ് വെറും ഇരുപത് രൂപാ മാത്രം."

* ലിമിറ്റഡ് സ്റ്റോക്ക്

 

എന്റെ പൊന്ന് കൂടപ്പിറപ്പേ... വെറും ഇരുപത് രൂപയ്ക്ക് പാലപ്പവും ഇറച്ചി കറിയുമോ? ആരേലും വിശ്വസിക്കുമോ? പക്ഷേങ്കി, നാട്ടാര് വിശ്വസിച്ച്‌. വിശ്വസിച്ചവർ വിശ്വസിച്ചവർ ക്യൂ നിന്ന് മൂക്ക് മുട്ടെ തട്ടി വിട്ടു. ഒറ്റ ദിവസം കൊണ്ട് ആ നാട്ടിലെ മുഴുവൻ ആളുകളും വന്ന് ഇറച്ചി കറിയും തിന്ന് പ്ലേറ്റും നക്കി ഇരുപത് രൂപായും എണ്ണി കൊടുത്ത് സ്ഥലം വിട്ടു. അവരാരും ജീവിതത്തിൽ ഇത്രയും നല്ലൊരു ഇറച്ചി കറി തിന്നിട്ടില്ലെന്ന പ്രസ്താവന പൈലിയുടെ മുഖത്ത് 500 വാട്ടിന്റെ ബൾബ് കത്തിച്ച പോലെയാക്കി കളഞ്ഞു. ഇതൊന്നും ഇഷ്ടപ്പെടാഞ്ഞു ഒരാളുണ്ടായിരുന്നു ആ നാട്ടിൽ. കപ്യാര് മാത്തുക്കുട്ടി. പണി പള്ളിമണി അടിയാണേലും ആള് അറിയപ്പെടുന്നത് ഷെർലോക് മാത്തുക്കുട്ടി എന്നാ. എന്തും ഏതും പുള്ളിക്കോഴി ചികയണ പോലെ ചിക്കിചികഞ്ഞു കണ്ടുപിടിക്കാൻ ഒരു പ്രത്യേക സാമർഥ്യം തന്നെയുണ്ട് നമ്മുടെ ഷെർലോക്കിന്. പുള്ളിക്ക് പൈലിചേട്ടനോട് ലേശം കലിപ്പൊണ്ട് കേട്ടോ. പള്ളി പൈലിക്ക് വാടകയ്ക്ക് കൊടുത്ത കട മൂപ്പർ സ്വന്തം അളിയന് വേണ്ടി കണ്ടുവെച്ചിരുന്ന കടയായിരുന്നു. അളിയന്റെ വിഷയം അച്ചനോട് അവതരിപ്പിക്കുന്നതിന് മുന്നേ അച്ചൻ ആ കട പൈലിക്ക് കൊടുത്തു. അന്ന് തൊട്ടേ എങ്ങനേം ആ കട കൈവശപ്പെടുത്തണമെന്ന് ഷെർലോക് തീരുമാനിച്ചിരുന്നു. പൈലിയുടെ തലതിരിഞ്ഞ പോക്കിൽ ഏറെ സന്തോഷിച്ചിരുന്ന ഒരാളും ടിയാൻ തന്നെയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാ പൈലിയുടെ കടയിലെ ഇറച്ചി കറി ആദായ വിൽപന. മാത്തുകുട്ടിക്ക് പെരുവിരൽ തൊട്ടങ്ങോട്ട് പൊകഞ്ഞു കേറി. 20 രൂപാ ഭക്ഷണത്തിന്റെ ഗുട്ടൻസ് എങ്ങനേം കണ്ടെത്തണം. ചീപ്പ്‌, എന്നാൽ ഹൈ ക്വാളിറ്റി ഇറച്ചി കിട്ടുന്നത് എവിടെ നിന്നായിരുന്നെന്നും അയാൾക്കറിയണമായിരുന്നു. അതിന് വേണ്ടി അയാൾ തക്കം പാർത്തിരുന്നു.

 

അങ്ങനെയിരിക്കെയാണ് പ്ലാമൂട്ടിൽ മനോജ്‌ മരിച്ചു പോയത്. ചെറുപ്പക്കാരൻ, സൽസ്വഭാവി. എവിടുന്നോ മോട്ടിച്ച കാശ് വെച്ച് ചീട്ടുകളിക്കുമ്പോ കഞ്ചാവ് ബീഡിയുടെ കാശിന്റെ കണക്ക് പറഞ്ഞു അടിയുണ്ടാക്കിയതിന്റെ പേരിൽ കൂടെയുള്ളവർ അയാളുടെ തലയിൽ കുപ്പിക്കടിച്ചതാ. ഡിം...!!! ആ സ്പോട്ടിൽ തന്നെ പടായി ചുമരേ കേറി. ചായക്കട അടുത്തായിരുന്ന കൊണ്ട് എല്ലാരും പൈലിച്ചേട്ടന്റെ കടേൽ കേറി ചായ കുടിച്ചാ പിരിഞ്ഞെ. മാത്തുകുട്ടിയും അച്ചനും ഉണ്ടായിരുന്നു ചായകുടിക്കാൻ. ചായ കുടിച്ചോണ്ടിരുന്നപ്പോഴാ, ക്യാഷ് കൗണ്ടറിന്റെ താഴെ ഒരു മൺവെട്ടി ഇരിക്കുന്നത് കണ്ടത്. മാത്തുക്കുട്ടി ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ വളരെ നൈസ് ആയി പൈലിച്ചേട്ടൻ ആ മൺവെട്ടി എടുത്തു അടുക്കളഭാഗത്ത് കൊണ്ട് പോയി വെച്ചു. അത് ഷെർലക്കിന് സംശയത്തിന് വക നൽകി. ചായക്കടേൽ മൺവെട്ടിക്കെന്ത് കാര്യമെന്ന് കണ്ടുപിടിച്ചിട്ടു തന്നെ മേൽ കാര്യം എന്ന് പുള്ളി അങ്ങ് തീരുമാനിച്ചു. സെമിത്തേരിയോട് ചേർന്നായിരുന്നു പള്ളിയുടെ മണി മേട. അതിന്റെ മുകളിലെ നിലയിൽ നിന്നാൽ പള്ളിയും പരിസരോം പിന്നെ അങ്ങ് ദൂരെ ചന്തമുക്ക് വരെയും കാണാം. ഈ വിവരം വ്യക്തമായി അറിയാവുന്ന നുമ്മടെ ഷെർലോക് വൈകുന്നേരത്തെ കൊന്ത നമസ്കാരം തീരുന്നത് വരെ കാത്തിരുന്നു. വികാരി അച്ചന് പനിയായിരുന്നത് കൊണ്ട് നേരത്തെ തന്നെ അത്താഴം കഴിച്ചു കിടന്നാരുന്നു. ഈ തക്കം നോക്കി ഷെർലോക് പയ്യെ മണിമാളികയുടെ മുകളിൽ കേറി പറ്റി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ ദൈവസഹായം ഹോട്ടലിലേക്ക് നോക്കി നത്തിനെ പോലെ കുത്തിയിരുന്നു. ഏകദേശം പത്ത് മണിയായപ്പോൾ പൈലിയുടെ പെമ്പിള മേരിയമ്മ ഹോട്ടലിന്റെ ഷട്ടർ ഇട്ടേച്ചും വീട്ടിലേക്ക് പോയി. ഹോട്ടലിന്റെ അടുക്കള വാതിൽ വഴി അരണ്ട വെളിച്ചം കാണുന്നുണ്ടായിരുന്നത് കൊണ്ട് പൈലി അകത്ത് തന്നെയുണ്ടെന്ന് മാത്തുകുട്ടിക്ക് മനസിലായി. ഇര പിടിക്കാൻ മരത്തിന്റെ മുകളിൽ പതുങ്ങി ഇരിക്കുന്ന പുള്ളിപുലിയെ പോലെ അയാൾ മണിമേടയിൽ പതുങ്ങി ഇരുന്നു.

 

സമയമാം രഥം പതിനൊന്നിൽ നിന്ന് പന്ത്രണ്ടിലേക്കും പിന്നെ ഒന്നിലേക്കും നിർത്താതെ ഓടി. ഇരുന്നിരുന്നു കണ്ണും കാലും മനസും മടുത്തപ്പോഴാ അറിയാതെ അയാൾ ഒന്ന് ഉറങ്ങി പോയി. ദൂരേ എവിടെയോ ഒരു കൂമന്റെ കരച്ചില് കേട്ടാണ് അയാൾ കണ്ണ് തുറന്നത്. ഹോട്ടലിന്റെ വാതിലിലൂടെ വെളിച്ചം അപ്പോഴും കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് ഭയാനകമായ ഒരു കാഴ്ച അയാൾ കണ്ടത്. മേലാസകലം ഇരുട്ടു മൂടിയ ഒരു രൂപം സെമിത്തേരിയിലൂടെ പയ്യെ പയ്യെ നീങ്ങുന്നു. ഒരു നിലവിളി മാതുകുട്ടിയുടെ തൊണ്ടകുഴിയിൽ കുരുങ്ങി അയാളെ ശ്വാസം മുട്ടിച്ചു. സെമിത്തേരിയിലെ ശവങ്ങൾ തിന്നാൻ വന്ന മറുതയാണോ അതോ തേരട്ട ഇട്ട് വാറ്റിയ ചാരായം അടിച്ചു തേരട്ട പോലെ വളഞ്ഞു ചത്ത് കിടന്ന വടക്കേ പറമ്പിൽ കറിയാച്ചൻ വാറ്റ് തിരക്കി വന്നതാണോ എന്ന് ആർക്കറിയാം. അത്യാവശ്യം നല്ല പോലെ പേടിച്ചെങ്കിലും ഒടുവിൽ ധൈര്യം കൈവിടാതെ മാത്തുക്കുട്ടി പയ്യെ മണിമേടയിൽ നിന്നിറങ്ങി പതുങ്ങി പതുങ്ങി സെമിത്തേരിയിലേക്ക് നടന്നു. കല്ലറകളുടെ അരികു പറ്റി ഇരുണ്ട രൂപം പോയത് പ്ലാമൂട്ടിൽ മനോജിന്റെ കല്ലറയിലേക്കായിരുന്നു. ഒരു കാട്ടുപൂച്ചയുടെ പാദപതനത്തോടെ മാത്തുകുട്ടിയും ആ രൂപത്തിന്റെ പുറകേ പോയി. പെട്ടെന്ന് ആ രൂപം ഒന്ന് തുമ്മി. പിന്നെ തലവഴി പുതച്ചിരുന്ന കരിമ്പടം താത്തി ഉടുത്തിരുന്ന കൈലിമുണ്ടേൽ മൂക്ക് ഒന്ന് തുടച്ചു. എന്നിട്ട് വീണ്ടും ആ കരിമ്പടം തല വഴി പുതച്ചു. മാത്തുകുട്ടിയുടെ ഉള്ളിൽ, ക്ഷീണം കൊണ്ട് ഉറക്കത്തിലായിരുന്ന ഷെർലോക്ക് ഹോംസ് കണ്ണ് തിരുമ്മി എണീറ്റു തന്റെ പൈപ്പ് എടുത്ത് ഒരിറക്ക് പൊക ഊതിവിട്ടു മൊത്തത്തിൽ ഉഷാറായി. ഷെർലോക് മാത്തുകുട്ടി മലയിൽ ഔത മാപ്പിളയുടെ മല പോലത്തെ കല്ലറയുടെ പുറകിൽ ഒളിച്ചു. "എടാ കള്ള മത്തങ്ങാതലയൻ മാങ്ങാണ്ടി മോനേ... ഇന്ന് നിന്റെ അന്ത്യം. അവനും അവന്റെ മറ്റടത്തെ പാലപ്പോം ഇറച്ചി കറിയും." ഷെർലോക് മനസ്സിൽ ഒരു ആത്മഗതാഗതം നടത്തി. എന്നിട്ട് നിലത്ത് കിടന്ന ഒരു ഒടിഞ്ഞ തടി കുരിശിന്റെ ഭാഗം എടുത്ത് കൈയിൽ പിടിച്ചു. നമ്മുടെ കഥാനായകൻ ഇതൊന്നും അറിയാതെ മനോജിന്റെ കുഴി മാന്താൻ തുടങ്ങിയിരുന്നു.

 

ഒടുവിൽ എന്തും വരട്ടെ എന്ന് ചിന്തിച്ചു മാത്തുകുട്ടി കൈയിലിരുന്ന കുരിശിന്റെ കഷ്ണവും കൊണ്ട് പൈലിയുടെ നേരേ ഒറ്റ ചാട്ടം. ആ തടി കഷ്ണം കൊണ്ട് പൈലിയുടെ തലമണ്ട അടിച്ചു പൊളിക്കുകയും അതിനു ശേഷം പള്ളിമണി നിർത്താതെ അടിച്ചു ആളുകളെ കൂട്ടുകയും അങ്ങനെ ശവങ്ങളുടെ ഇറച്ചി കൊണ്ട് കറി ഉണ്ടാക്കി നാട്ടുകാരെ തീറ്റിച്ച പൈലിയെ നാട്ടുകാർ തല്ലി കൊല്ലുകയും അങ്ങേർടെ കട മാത്തുകുട്ടിയുടെ അളിയന് തേങ്ങാകച്ചവടം നടത്താൻ കിട്ടുകയും ചെയ്തു എന്നായിരിക്കും എന്നെപോലെതന്നെ നിങ്ങളും വിചാരിച്ചു കാണുക. എന്നാൽ... സംഭവിച്ചത് മറ്റൊന്നാണ്. ഷെർലോക് കുരിശും പിടിച്ചു പൈലിച്ചേട്ടന്റെ നേരേ ചാടി ചെല്ലുന്നത് വരെ കാര്യങ്ങൾ എല്ലാം വെടിപ്പായി നടന്നു. പക്ഷേ ചാടി ചെന്ന ഷെർലോക് ചെന്ന് നിന്നത് പൈലിയുടെ കൈയിൽ ഉണ്ടായിരുന്ന കുറുവടിയുടെ അടുത്തേക്കായിരുന്നു. ഷെർലോക്കിന്റെ തിരുനെറ്റിയും കുറുവടിയും തമ്മിൽ ആത്മാർഥമായി കണ്ടുമുട്ടുകയും ആ കണ്ടുമുട്ടലിന്റെ ഫലമായി ഷെർലോക്കിന് നെറ്റിയിൽ ഒരു മുഴയും അബോധാവസ്ഥയും സമ്മാനമായി ലഭിക്കുകയുണ്ടായി. പ്രായത്തിന്റെ അസ്കിതകൾ ഒരുപാടുണ്ടായിരുന്നെങ്കിലും ആ മഹാപാപി പഴയ കളരിയാണെന്ന കാര്യം ഷെർലോക്കിനറിയില്ലായിരുന്നു. അറിഞ്ഞിരുന്നേലും വലിയ കാര്യമൊന്നും ഇല്ലായിരുന്നു. കാരണം, മാത്തുകുട്ടി തന്റെ പുറകേ സെമിത്തേരിയിലേക്ക് വരുമെന്ന് പൈലിച്ചേട്ടന് ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ തന്റെ ഹോട്ടലിലെത്തുന്നവർക്ക് നല്ല ഫ്രഷ് ഇറച്ചി കൊണ്ടുള്ള കറി കൊടുക്കണമെന്ന് അയാൾ ദൃഢ പ്രതിജ്ഞ എടുത്തിരുന്നു. അയാളുടെ ആ തീരുമാനം ശരിക്ക് ആഘോഷിച്ചത് നാട്ടിലെ എല്ലാ ഇറച്ചി പ്രേമികളുമായിരുന്നു. പക്ഷേ, ആ ഭാഗ്യം ഷെർലോക്ക് മാത്തുകുട്ടിക്ക് കിട്ടിയില്ല. കാരണം അയാളുടെ ഇറച്ചിയായിരുന്നല്ലോ നാട്ടുകാർ മുഴുവൻ തിന്നത്.

 

എന്തൊക്കെയാണേലും  പൈലിച്ചേട്ടൻ ഇപ്പൊ പൈലി മുതലാളിയാ. മാത്തുകുട്ടിയും മനോജും പിന്നെ സെമിത്തേരിയിൽ അടക്കപെടുന്ന പല ശവങ്ങളും ദൈവസഹായം ടീസ്റ്റാൾ ആൻഡ് ഹോട്ടലിന്റെ അടുക്കള കണ്ടു. അങ്ങനെ കൊറേ കാശ് ഒക്കെ കൈയ്യിൽ വന്നപ്പോൾ പുള്ളിക്കാരൻ ടൗണിൽ നല്ല ഒന്നാന്തരം വെജിറ്റേറിയൻ ഹോട്ടൽ അങ്ങ് തുടങ്ങി. നിങ്ങളെ പോലെ എനിക്കും ഒരു സംശയം ഉണ്ടായിരുന്നു. എന്താ ആരും ഷെർലോക്കിനെ അന്വേഷിക്കാഞ്ഞത് എന്ന്. അത് വേറൊന്നും കൊണ്ടല്ല. പുള്ളിക്കാരൻ ഒറ്റാംതടി ആയിരുന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാഞ്ഞ്. നാട്ടുകാരൊക്കെ കുറച്ചു നാളെ അയാളുടെ തിരോധനത്തെ കുറിച്ച് സംസാരിച്ചു. പിന്നെ മടുത്തപ്പോൾ അടുത്ത വിഷയത്തിലേക്ക് പോയി.
 

 

Content Summary: Malayalam Short Story ' Naadan Irachi Curry ' by Sebin Sebastian 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com