ADVERTISEMENT

കഷായം (കഥ)

 

അന്ന് ഓഫീസിൽ നല്ല ജോലിതിരക്കുള്ള ദിവസമായിരുന്നു. ആദ്യം അവൾ വിളിച്ചത് ശ്രദ്ധയിൽപ്പെട്ടില്ല. വീണ്ടും വിളിച്ചപ്പോൾ സ്മാർട്ട് ഫോണിന്റെ സ്‌ക്രീനിൽ ആലീസ് എന്ന പേര് വടിവൊത്ത അക്ഷരത്തിൽ തെളിഞ്ഞു വന്നു. കുറേക്കാലമായി അവൾ വിളിക്കാറില്ല. അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാറുമില്ല. ഇന്നെന്താണാവോ വിളിച്ചത്. ആകാംക്ഷയോടെ അയാൾ ഫോണെടുത്തു. അപ്പുറത്ത് എന്നും അയാൾ കേൾക്കാനിഷ്ടപ്പെട്ട ഇമ്പമുള്ള ശബ്ദത്തിൽ അവൾ മൊഴിഞ്ഞു. 'പിന്നെ... ഇന്ന് വൈകിട്ട് കാണണം. ഞാൻ കാത്തിരിക്കും.' അയാളുടെ ഹൃദയമിടിപ്പ് കൂടി. ഒരു നഷ്ട പ്രണയത്തിന് വീണ്ടും തീ പിടിക്കുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സായി ജോലി കിട്ടി വന്നപ്പോൾ മുതൽ അവളുടെ ലോക്കൽ രക്ഷാധികാരി അയാളായിരുന്നു. അത് ഒരു പ്രണയമായി വളരുമെന്ന് ഒരിക്കലും കരുതിയതല്ല. നെഹ്റു പാർക്കിലും ലോധി ഗാർഡനിലുമെല്ലാം ചിലവഴിച്ച ആ മധുര ദിനങ്ങൾ അയാളുടെ ഓർമ്മകളിൽ വീണ്ടും നുരഞ്ഞു.

 

ഒന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ അവൾ അയാളെ പ്രതീക്ഷിച്ചു കൊണ്ട് കാത്തുനിൽപ്പുണ്ടായിരുന്നു. കുറേക്കാലത്തിനു ശേഷമുള്ള ആ കൂടിക്കാഴ്ചയിൽ  അവർ പരസ്പരം നോക്കിയിരുന്നതല്ലാതെ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. 'അനി... എനിക്കൊരു ഉപകാരം ചെയ്യണം.' മുഖവുരയില്ലാതെ അവൾ പറഞ്ഞു തുടങ്ങി. 'എന്റെ വിവാഹം ഉറപ്പിച്ചു. യു കെ യിലേക്ക് പോകുന്നതിനു മുൻപ് ഒന്നുകൂടി കാണണമെന്ന് തോന്നി. അനി കഴിഞ്ഞതെല്ലാം മറക്കണം. ലാപ്ടോപ്പിലും സ്മാർട്ട് ഫോണിലും ഉള്ള നമ്മുടെ സ്വകാര്യനിമിഷങ്ങളുടെ എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്യണം. ചെയ്യില്ലേ?' അവൾ യാചനയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് ഭാവമാറ്റമൊന്നും കാണാതായപ്പോൾ അവൾ പറഞ്ഞു. 'ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അനിയെ എനിക്കറിയില്ലേ.' അവൾ പ്രതീക്ഷയോടെ വീണ്ടും അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.

 

ഒന്നും ഉരിയാടാതെ അയാൾ എഴുന്നേറ്റു. ഗോവണിയിറങ്ങുമ്പോൾ അയാൾക്ക് വല്ലാത്ത ഒരുതരം വിമ്മിട്ടം അനുഭവപ്പെട്ടു. ചെന്നപാടെ അവൾ സ്നേഹപൂർവ്വം തന്ന ആ തണുത്ത ജ്യൂസിന് ഒരു കഷായത്തിന്റെ ചവർപ്പുണ്ടായിരുന്നോ? അയാൾക്ക് ഉറക്കെ ഒന്ന് ഓക്കാനിക്കണമെന്നു തോന്നി.
 

 

Content Summary: Malayalam Short Story ' Kashayam ' written by K. P. Ajithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com