ADVERTISEMENT

മേരിയുടെ നഗരം (കഥ)

 

പാലാ, കർഷകന്റെയും കുരിശുപള്ളിയുടെയും നാട്. മേരിയുടെ നഗരം. ഇവിടെയായിരുന്നു കുഞ്ഞു മേരി ജനിച്ചതും വളർന്നതും. അവൾക്ക് വഴികാട്ടാൻ എന്നും ദൈവമാതാവായ മേരി കൂടെയുണ്ടായിരുന്നു. ഡിസംബർ 8 പാലാക്കാരുടെ ആഘോഷരാവ് ആണ്. ജൂബിലിത്തിരുനാൾ. കുരിശുപള്ളിക്കലെ ദൈവമാതാവ് മഹാറാണിയെ പോലെ നഗരം ചുറ്റി പ്രദക്ഷിണം വയ്ക്കും. പാലാ നഗരം മൊത്തം ആഘോഷത്തിമിർപ്പിൽ ആകും. വാദ്യമേളങ്ങൾ, ബാൻഡ് സെറ്റുകൾ, വെടിക്കെട്ടുകൾ, കണ്ടുമുട്ടലുകൾ, കലാപ്രകടനങ്ങൾ, അഭ്യാസികളുടെ പ്രകടനങ്ങൾ, സാഹസികർക്കു ഉള്ള വിരുന്നുകൾ, കപ്പയും ബീഫും അല്പം മദ്യവും ചേർന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ. അങ്ങനെയങ്ങനെ.. നിറഞ്ഞൊഴുകുന്ന മീനച്ചിലാറിന്റെ ചുണയും ചൂരുമുള്ള പെൺകുട്ടിയായിരുന്നു മേരി. അപ്പനും അമ്മയും 5 പെൺമക്കളും ചേർന്നതായിരുന്നു അവളുടെ കുടുംബം. മേരി മൂത്തത് ആയിരുന്നു. ഇന്നിപ്പോൾ അവർക്ക് വയസ്സ് ഏറെ ആയി കാണും. നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സുന്ദരിയായ കുഞ്ഞു മേരിയെ ആരും രണ്ടാമത് ഒന്നുകൂടി നോക്കാതിരിക്കില്ല. അവളുടെ ആ കഴിവുകൾ ഒക്കെയാണ് അവളെ ഒരു നാടക കലാകാരി ആക്കിയത്. ഇന്നു മേരി എവിടെയാണ്? മഗ്ദലന മറിയവും, ദൈവമാതാവും, സതിയും, സത്യവതിയും, സീതയും, പിന്നെ സമൂഹത്തിലെ ഒട്ടേറെ സ്ത്രീ ജന്മങ്ങളും ഒക്കെയായി വേദികളിൽ പകർന്നാടിയ ആ പാലാ മേരി എവിടെയാണ്? ഒരു പക്ഷേ അമ്മയും അമ്മൂമ്മയും ഒക്കെ ആയിട്ടുണ്ടാവും. പണ്ടത്തെ പഴയ നാടക പ്രവർത്തകർ പറഞ്ഞാണ് അവരെ കുറിച്ച് അറിഞ്ഞത്. പാലാ മേരിയെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും അവർക്കെല്ലാം നൂറുനാവാണ്. മേരി തട്ടിൽ കയറിയാൽ നാടകം ഒരു പടി ഉയർന്നു നിൽക്കും എന്നാണ് അവരുടെ എല്ലാം അഭിപ്രായം.

 

അഷറഫ് ഇക്ക ആദ്യമായി ഡയറക്ട് ചെയ്യുന്ന പുതിയ സിനിമയിൽ അഭിനയപ്രാധാന്യമുള്ള അമ്മ വേഷത്തിലേക്ക് ആളെ അന്വേഷിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പുതിയ മുഖം ആവട്ടെ എന്ന് അഭിപ്രായപ്പെട്ടത് താനാണ്. തന്നെപ്പോലെ അസിസ്റ്റന്റ് ഡയറക്ടർ ആയാലും മറ്റ് ആരായാലും എല്ലാവരുടെയും അഭിപ്രായം കേൾക്കുകയും കാതൽ ആണെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ആളാണ് അഷറഫ് ഇക്ക. പല പേരുകളും വന്നെങ്കിലും അവസാനം ചെന്നെത്തിയത് മേരിയിൽ ആണ്. ഒടുവിൽ മേരി ചേച്ചിയെ കണ്ടുപിടിച്ച് ഡേറ്റ് വാങ്ങിക്കേണ്ട ഉത്തരവാദിത്വം എന്നിൽ വന്നു പെട്ടു. കാരണം ഞങ്ങൾ ഒരേ നാട്ടുകാർ ആയിരുന്നു. ഒരേ നാട്ടുകാർ ആയിട്ടും ഇതുവരെയും ഞാൻ മേരി ചേച്ചിയെ കണ്ടിട്ടുണ്ടായില്ല. ആ കലാകാരി എവിടെയെന്ന് പലയിടത്തും അന്വേഷിച്ചു. പല നാടക പ്രവർത്തകരോടും. അവരുടെ കുടുംബം എവിടെ എന്നും അന്വേഷിച്ചു. ആർക്കും വലിയ വിവരമൊന്നുമില്ല. ഒടുവിൽ ഈ ജൂബിലിത്തിരുനാൾ കാലത്ത് അവർ ഇവിടെ എത്തും എന്ന് പ്രതീക്ഷിച്ചു. തിരുനാളിനോടനുബന്ധിച്ച് ഉള്ള നാടകോത്സവത്തിൽ പങ്കെടുക്കാൻ പഴയ നാടക കലാകാരിക്ക് വരാതിരിക്കാനാവില്ല എന്ന് ഊഹിച്ചു. ഒരു ഫോൺ നമ്പർ പോലും ബന്ധപ്പെടുവാൻ ഇല്ല. ആകെയുള്ളത് അവരുടെ ഒരു പഴയ ഫോട്ടോ മാത്രം. അങ്ങനെ ജൂബിലിത്തിരുനാളിന് പാലായിലെത്തി. പലയിടത്തും തിരക്കി നാടകോത്സവത്തിന്റെ വേദികളിൽ, സദസ്സുകളിൽ, ആൾക്കൂട്ടങ്ങൾക്കിടയിൽ, പെരുന്നാൾ കടകൾക്കിടയിൽ, പ്രദക്ഷിണവഴിയിൽ പലരോടും ചോദിച്ചു ആർക്കും നാടകക്കാരിയായ മേരിയെ അറിയില്ല. "വട്ടോത്തെ മേരി ചേടത്തി ആണോ?" "പുതുപ്പറമ്പിലെ മേരിചേച്ചി ആരിക്കും". "താന്നിക്കലെ മറിയാമ്മച്ചേടത്തി ആണോ?" പലരും പലരുടെ പേരും പറഞ്ഞു എനിക്ക് വേണ്ടത് ഏതെങ്കിലുമൊരു മേരിയെ ആയിരുന്നില്ല. 

 

രാവേറെ ഇരുട്ടി പ്രദക്ഷിണം തിരിച്ചു കുരിശുപള്ളിയിൽ എത്താറായി എങ്കിലും മേരി ചേച്ചിയെ കണ്ടുപിടിക്കാനായില്ല. എനിക്ക് ഏറെ വിഷമം ആയി. മറ്റൊരാളെ ആ വേഷത്തിലേക്ക് ഇനി കാസ്റ്റ് ചെയ്യണമെങ്കിൽ അതിനുള്ള ചർച്ച ഉടനെ തുടങ്ങണം എന്നു വരെ ആലോചിച്ചു. പ്രദക്ഷണം കുരിശു പള്ളിയിലേക്ക് തിരിച്ചു കയറുകയാണ്. ബാൻഡ് മേളങ്ങളും ചെണ്ടമേളവും ഉച്ചസ്ഥായിയിൽ ആയി. വെടിക്കെട്ടും കരിമരുന്ന് പ്രകടനവും പൊടിക്കുകയാണ്. ദൈവമാതാവ് മഹാറാണിയെപ്പോലെ തന്റെ കൊട്ടാരത്തിലേക്ക് തിരിച്ച് എഴുന്നള്ളുന്നു. ഒരു നിമിഷം കണ്ണടച്ചു നിന്നു. "അമ്മേ നിനക്ക് എല്ലാം അറിയാമല്ലോ... ഒരു വഴി കാണിച്ചു തരൂ..." കണ്ണുതുറന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ആ ആളെ കണ്ടത് "മേരി ചേച്ചി അല്ലേ?" ഒരുപക്ഷേ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത് ദൈവമാതാവ് തന്നെയായിരിക്കും. അല്ലെങ്കിലും പാലായിലെ നസ്രാണികളുടെ വീട്ടിൽ ഒരു മേരി എങ്കിലും ഉണ്ടാവാതെ വഴിയില്ല. അതുകൊണ്ട് ജാള്യത ഒന്നും തോന്നിയില്ല. "അതെ മേരിയാണ്. ആരാണ് മനസ്സിലായില്ലല്ലോ" "ഈ നാടകത്തിലൊക്കെ അഭിനയിച്ചുകൊണ്ടിരുന്ന പാലാ മേരി എന്ന മേരി ചേച്ചി..." "അതെ മോനെ" ആ നിമിഷം ഞാൻ ദൈവ മാതാവിനോട് നന്ദി പറഞ്ഞു. "ചേച്ചി ഞാൻ എബി. ചേച്ചിയെ കാണാൻ മാത്രമാണ് ഞാൻ പാലക്കാട് നിന്ന് ഇവിടെ വന്നത്. ചേച്ചിയുടെ കഥകൾ അറിയാൻ. ഒരു പഴയകാല നാടക കലാകാരിയുടെ" അപ്പോൾ അവരുടെ ആ ദൈന്യ മുഖത്ത് അതിശയത്തിന്റെ ഭാവങ്ങൾ മിന്നി മറയുന്നത് ഞാൻ കണ്ടു. പിന്നെ ഞാൻ അവരെയും കൂട്ടി കാറിനടുത്തേക്ക് നടന്നു. അവർ പതുക്കെ തന്റെ കഥ പറയാൻ തുടങ്ങി. കുഞ്ഞു മേരി പാലാ മേരി ആയതിന്റെയും തന്റെ ജീവിതത്തിന്റെയും  കഥ.

 

അഞ്ചു പെൺമക്കൾ ഉണ്ടായിരുന്ന തന്റെ വീട്ടിൽ ദാരിദ്ര്യത്തിന് പഞ്ഞം ഇല്ലായിരുന്നു. അപ്പൻ ഷാപ്പിലെ കണക്ക് എഴുത്തുകാരനായിരുന്നു. അപ്പൻ ഉള്ള കാലത്തോളം അല്ലലില്ലാതെ കഴിഞ്ഞുകൂടി. എന്നാൽ പൊടുന്നനെയുള്ള അപ്പന്റെ മരണം കുടുംബത്തിലെ താളം തെറ്റിച്ചു. താഴെയുള്ള അനിയത്തിമാർ, അമ്മച്ചി ഇവരുടെയൊക്കെ ഉത്തരവാദിത്വം തന്റെതാണെന്ന് മനസ്സിലാക്കി. അങ്ങനെയാണ് നാടക ട്രൂപ്പിൽ ചേരുന്നത്. ശമ്പളം ഒക്കെ തുച്ഛം ആയിരുന്നെങ്കിലും ജീവിക്കാൻ ഉതകുമായിരുന്നു. ആദ്യം പാലായിലെ തന്നെ ഒരു നാടക ട്രൂപ്പിൽ ആണ് കളിച്ചത്. പിന്നീട് പല ട്രൂപ്പുകളിലും കളിച്ചിട്ടുണ്ട്. പല നാടുകളിൽ... പല വേദികളിൽ പള്ളി പറമ്പുകളിൽ അമ്പലപ്പറമ്പുകളിൽ.... ബൈബിൾ നാടകങ്ങൾ, സാമൂഹ്യ നാടകങ്ങൾ, പ്രൊഫഷണൽ നാടകങ്ങൾ, പുരാണ നാടകങ്ങൾ അങ്ങനെ പലതിലും. നാടകത്തിൽ നായികയായി കാമുകിയായി ഭാര്യയായി അമ്മയായി അമ്മയിയമ്മയായി.... അങ്ങനെ പലതും ആയി. പക്ഷേ ജീവിതത്തിൽ മേരി ആരും ആയില്ല മോനെ... നാടകം ഒരേസമയം സങ്കടവും സന്തോഷവും തന്നിട്ടുണ്ട്. അനിയത്തിമാരെ എല്ലാം കെട്ടിച്ച് അയച്ചത് നാടകത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ്. പക്ഷേ ഒരാളുടെ പോലും കല്യാണം കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ല. അപ്പോഴെല്ലാം ഏതെങ്കിലും സ്ഥലത്ത് രണ്ടും മൂന്നും കളി ഉണ്ടാവും. ഒരിക്കൽ ഒരു വേദിയിൽ കയറാൻ നിൽക്കുമ്പോഴാണ് അമ്മ മരിച്ച വിവരം അറിയുന്നത്. ഒന്നു പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. ആ നിമിഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഡയറക്ടറുടെ മുഖം ഞാൻ അന്ന് കണ്ടു. വർഗ്ഗീസ് അച്ചായൻ ആയിരുന്നു അന്ന് ഡയറക്ടർ. പിന്നീട് ഞാൻ അദ്ദേഹത്തെ ആണ് വിവാഹം ചെയ്തത്. മുഖം തുടച്ച് ഞാൻ പറഞ്ഞു" അച്ചായൻ പേടിക്കണ്ട നാടകം മുടങ്ങില്ല. മേരി തട്ടിൽ കയറും." അന്നത്തെ പ്രകടനത്തിൽ പട്ടാളക്കാരനായ മകന്റെ ശവശരീരം നെഞ്ചോട് ചേർത്ത് കരയുന്ന തന്റെ കഥാപാത്രത്തിന് എന്നത്തേക്കാളും ശക്തിയുണ്ടായിരുന്നു എന്ന് പലരും പറഞ്ഞു. നെഞ്ചു പറിയുന്ന വേദനയോടെ അന്ന് ഞാൻ വേദിയിൽ കരയുകയായിരുന്നു. കാരണം ഒരമ്മയുടെ വില എന്തെന്ന് എനിക്കറിയാം. മാത്രമല്ല അവസാനകാലത്ത് ഒരു മകളുടെ കടമ നിറവേറ്റാൻ അവരുടെ അടുത്ത് ഒരിക്കൽ പോലും എനിക്ക് ഉണ്ടാകാൻ കഴിഞ്ഞില്ല. 

 

പിറ്റേന്ന് അമ്മയുടെ അടക്കം കൂടി വൈകിട്ടുള്ള കളി മുടങ്ങാതിരിക്കാൻ നെഞ്ചിലെ നെരിപ്പോടിനെ അടക്കി നിർത്തി അടുത്ത വേദിയിലേക്ക് വണ്ടി കയറി. നാട്ടുകാർ പലരും പലതും പറഞ്ഞു. ഉറ്റവർ പോലും. ഒന്നും കാര്യമാക്കിയില്ല. അന്നെല്ലാം ദൈവമാതാവ് കൂടെയുണ്ടായിരുന്നു. ഇന്നും. മേരി ചേച്ചിയുടെ കഥ ഞാനങ്ങനെ കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക് അവർ ചുമയ്ക്കുന്നുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടുന്നത് ആയി തോന്നി. ഞാൻ കാറിന്റെ ഏസിയുടെ തണുപ്പ് അൽപം കുറച്ച് ഇട്ടു. "ചേച്ചിയുടെ വിവാഹം എന്നായിരുന്നു? " അമ്മ മരിച്ചതിൽ പിന്നെ ഞാൻ ഒറ്റയ്ക്കായി. ആരുമില്ലെന്ന തോന്നൽ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അത് മനസ്സിലാക്കിയാവണം വർഗ്ഗീസ് അച്ചായൻ എന്നോട് ചോദിച്ചു ഞാൻ നിന്നെ കെട്ടട്ടെ എന്ന്. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഉവ്വ് എന്ന് ഉത്തരം പറയാൻ. എന്നെക്കാൾ 15 വയസ്സ് പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു നല്ല കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് റാന്നിയിൽ മറ്റൊരു ഭാര്യയും അതിൽ കുട്ടികളും ഉണ്ടായിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു എന്ന് ഒരിക്കലും ഞാൻ പറയില്ല. കാരണം അപ്പോൾ എനിക്ക് അദ്ദേഹം ഒരു തുണയും കരുതലും നൽകുകയായിരുന്നു. അദ്ദേഹം നല്ലൊരു ഭർത്താവായിരുന്നു. പക്ഷേ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായില്ല. ഏറെ കാലങ്ങൾക്ക് മുൻപ് അദ്ദേഹം മരിച്ചു പോയി. വീണ്ടും ഒറ്റപ്പെടലിന്റെ വേദന ഞാൻ അനുഭവിക്കാൻ തുടങ്ങി. അപ്പോഴെല്ലാം ദൈവമാതാവ് മാത്രമായിരുന്നു തുണ. പലരുടേയും സഹായങ്ങൾ കൊണ്ടാണ് ഏറെക്കാലം കഴിഞ്ഞത്. പിന്നീട് എപ്പോഴോ ഇളയ അനിയത്തിയുടെ മകൻ എന്നെ വന്ന് ഇങ്ങോട്ടേക്ക് അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോന്നു. പഴയ നാടകക്കാരി പാലാ മേരി ഇന്ന് ഇല്ല മോനെ. നാടകവേദികളിൽ നിന്നെല്ലാം ഇന്ന് പാലാ മേരി അകലെയാണ്. അന്നന്നു വേണ്ടുന്ന ആഹാരം എന്നും മുട്ടില്ലാതെ തമ്പുരാൻ തരുന്നുണ്ട്. താൻ മൂലം ആർക്കും ഒരു ദ്രോഹവും വരരുത് അതു മാത്രമേ ഉള്ളൂ ഇപ്പോൾ പ്രാർഥന. മേരി ചേച്ചി പറഞ്ഞു നിർത്തി.

 

"ചേച്ചി ഞാൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആണ് സിനിമയുടെ. ചേച്ചിയെ കുറിച്ച് പലരും പറഞ്ഞ് അറിഞ്ഞാണ് ഞാൻ കാണാൻ വന്നത് ഞങ്ങളുടെ പുതിയ ഒരു സിനിമയിൽ ചേച്ചിക്ക് ഒരു വേഷം അഭിനയിക്കാമോ? ദയവുചെയ്ത് പറ്റില്ല എന്ന് മാത്രം പറയരുത്." അവരുടെ മുഖത്ത് സമ്മിശ്ര വികാരങ്ങൾ മിന്നി മായുന്നത് ഞാൻ കണ്ടു. "അഭിനയിക്കാനോ? സിനിമയിലോ..? ഞാനോ? " അവർക്ക് വിശ്വസിക്കാനായില്ല എന്ന് തോന്നുന്നു. എങ്കിലും ആ കണ്ണുകളിലെ തിളക്കം സമ്മതം മൂളുന്നത് ആയി എനിക്ക് തോന്നി. ചേച്ചിയെ കണ്ടുപിടിക്കുക ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ സംഘടിപ്പിക്കുക ഇവ രണ്ടും ആയിരുന്നു ഇന്നത്തെ എന്റെ വരവിന്റെ  ഉദ്ദേശം. അത് രണ്ടും നടന്നു. നാടകോത്സവ വേദിയിൽ എല്ലാം ഞാൻ തിരഞ്ഞു. കാണാഞ്ഞപ്പോൾ ഏറെ വിഷമിച്ചു. ജൂബിലി പെരുന്നാളിന് ഈ മഹാ ജനസഞ്ചയത്തിൽ എവിടെ ചെന്ന് ഞാൻ മേരി ചേച്ചിയെ തിരയും എന്ന് പകച്ചു പോയി. പക്ഷേ എന്നെ ആ മേരി തന്നെ കാട്ടിത്തന്നു. അഭിനയം എന്റെ ചോറാണ് മോനെ. ഞാൻ വരാം. പിന്നെ ഇത് മേരിയുടെ നഗരമാണ്. ഇവിടെ വന്നവരാരും ആശ നഷ്ടപ്പെട്ടു പോയിട്ടില്ല. മോൻ വീട്ടിലോട്ടു വാ. നല്ല വാട്ടു കപ്പയും ബീഫും ഉണ്ട്. കഴിച്ചിട്ട് പോകാം. അവർ ഒരു അമ്മയുടെ സ്നേഹത്തോടെ പറഞ്ഞു. സമ്മതം മൂളി കൊണ്ട് ഞാൻ ആൾ തിരക്കിലൂടെ പതുക്കെ അവർ ചൂണ്ടിയ വഴിയിലൂടെ കാർ ചലിപ്പിച്ചു...

 

 

Content Summary: Malayalam Short Story ' Maryude Nagaram ' written by Atheesh P Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com