എനിക്കാ ഗന്ധം നുകരണം,
ഞാൻ പിച്ച വെച്ച ബാല്യത്തിൻ ഗന്ധം.
പഴമ ഉറങ്ങുന്ന തറവാടിൻ ഗന്ധം
മുത്തശ്ശിക്കഥയിലെ സ്നേഹ സുഗന്ധം.
കറ്റാർവാഴ ചേർത്തെൻ അമ്മ-
കാച്ചിയോരെണ്ണ തൻ ഗന്ധം.
വേലിപ്പടർപ്പിന്റെ ചാരത്തു നിൽക്കുന്ന,
കറുകയിലയുടെ തീക്ഷ്ണമാം ഗന്ധം.
കിഴക്കേ മുറ്റത്തെ തുളസിത്തറയിലെ
കൃഷ്ണതുളസിക്കതിരിന്റെ ഗന്ധം.
കല്ലിലുരച്ചു ചാലിച്ച ചന്ദനം,
കയ്യിൽ തിരുമ്മിമണക്കുന്ന ഗന്ധം.
തളിർ വാഴയിലയിലെ ചൂടുചോറിൻ ഗന്ധം നറുമണമൂറുന്ന നെയ്യിന്റെ ഗന്ധം
ശർക്കരപ്പാനിയിൽ അട ചേർന്ന് കുറുകിയ പ്രഥമന്റെ ഗന്ധം.
ചീന ഭരണിയിൽ ഉപ്പിൽ അലിഞ്ഞ മാങ്ങ തൻ ഗന്ധം.
നുകരാൻ കൊതിച്ച ഗന്ധങ്ങൾ- ഇന്നോർമ്മകൾ
ആ ശ്രീകോവിൽ ഇല്ലില്ല ഇന്നു,
കാലമാം കുത്തൊഴുക്കിൽ
ഒഴുകി മെല്ലെ ഒരു കടലാസു തോണിപോൽ.
ശേഷിപ്പിൻ നെരിപ്പോടിൽ അസ്ഥികൾ ചികയവേ,
തെക്കേ വരമ്പിലെ നന്ത്യാർവട്ടത്തിൽ,
സ്പർശിച്ചു തറവാടിൻ ആത്മാവിനെ ഞാൻ
അനിർവ്വചനീയമാം വാസനയോടെ.
നോവും മനസ്സുമായ് തിരികെ നടക്കവേ,
നെഞ്ചോടു ചേർത്തു ഞാനാ പൂങ്കൊടിയെ ,
പടർന്നു നിൽപ്പൂ അവളിന്നെൻ മുറ്റത്ത് ,
പച്ചിലമെത്തയിൽ വെള്ളരിപ്രാവ് പോൽ.
Content Summary: Malayalam Poem ' Aathmaav ' written by Deepa Govind