ADVERTISEMENT

ഇന്നലെ രാത്രിയാണ്

എന്‍റെ മറവികളുടെ

താക്കോലുകളെനിക്ക്

മഴ സമ്മാനിച്ചത്‌.

ഇടിമുഴക്കങ്ങളും

മിന്നല്‍മരങ്ങളും

മനസ്സിന്‍റെ ജാലകങ്ങളില്‍

ഒരു വ്യാളിപോലെ

ഇഴഞ്ഞുപുളഞ്ഞു.
 

മഴത്തിളക്കങ്ങളില്‍

ഓലമേഞ്ഞ വീടും

റാന്തല്‍ അണഞ്ഞുപോയ

ഒരു കുഞ്ഞുമുറിയും

പാതി തകര്‍ന്ന

കിളിക്കൂടുപോലെ

ചിതറിക്കിടന്നു.

കിഴുക്കാംതൂക്കായ

പാറക്കെട്ടുകളില്‍

കള്ളിചെടികള്‍

നിറവും നനവുമില്ലാതെ

മരിച്ചുകിടന്നു.
 

ഉണങ്ങിക്കരിഞ്ഞ

ഇല്ലിക്കാടുകളില്‍

കാട്ടുകുളക്കോഴികള്‍

അലമുറയിട്ടു പിടഞ്ഞു.

എന്നോ കീറിയെറിഞ്ഞ

പാഠപുസ്തകപ്പേജുകള്‍

അക്ഷരങ്ങള്‍ വേര്‍പെട്ട്

കരിയിലകള്‍ക്കിടയില്‍

ശാപമോക്ഷം കാത്തുകിടന്നു.
 

പായല്‍മൂടിയകുളത്തില്‍

മുങ്ങിമരിക്കാന്‍ കഴിയാതെ

നീന്തലറിയാത്ത രണ്ടുകരങ്ങള്‍

ആകാശങ്ങളിലേക്ക്

ഉയരുന്നത് കണ്ടുനിന്നു.

കെണിയിലകപ്പെട്ട

ഗര്‍ഭിണിയായ കാട്ടുമുയല്‍

അടികൊണ്ടുപിടയുന്നത്

നിര്‍വികാരനായ് നോക്കിനിന്നു.
 

പാതിചത്ത പാമ്പുകള്‍

പ്രതികാരം തീര്‍ക്കാന്‍

വരുന്ന വീഥികളില്‍

നിരായുധനായ് കാത്തിരുന്നു.

മഴ നിലയ്ക്കുകയാണ്

മരിച്ച ഓര്‍മ്മകള്‍

വാതിലുകള്‍ പൂട്ടി

മറവിയുടെ പുതപ്പണിഞ്ഞ്

മഴ വെള്ളത്തിലൂടെ

അകന്നകന്നുപോകുന്നു.

Content Summary: Malayalam Poem ' Maarappu' written by Sony Karaikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com