ADVERTISEMENT

മഞ്ഞുപോലെ (കഥ)

വളരെ ക്ഷീണിച്ചിട്ടാണ്  ഓഫീസിൽ നിന്നും ഇറങ്ങിയത്. എങ്ങനെയെങ്കിലും വേഗം വീട്ടിൽ എത്തണം. ബൈക്കിൽ കയറി. തണുത്ത കാറ്റു വീശി കൊണ്ടിരുന്നു. ഏയ്... പിന്നിൽ ഇരുന്നു ആരോ വിളിക്കുന്നതുപോലെ തോന്നി. ഒരു പെൺകുട്ടിയുടെ സ്വരം. ആരുടെയോ സാമിപ്യം തോന്നുന്നു. ഒരു വല്ലാത്ത സുഗന്ധം മൂടുന്നതായി തോന്നി. കുറച്ചു ദിവസമായി ഇത് തുടങ്ങിയിട്ട്. ആ സുഗന്ധത്തിനൊരു വല്ലാത്ത ലഹരി. അൽപ്പ സമയത്തിനകം ആ സുഗന്ധം ഇല്ലാതായി. വീട്ടിലെത്തി. വെറുതെ കട്ടിലിൽ കിടന്നു. ആരോ തന്നെ പിന്തുടരുന്നു. ആരായിരിക്കും? അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. വേഗം കഴിച്ചെന്നു വരുത്തി. റൂമിൽ കട്ടിലിലേക്കു കയറി. കണ്ണുകളടച്ചു ഉറങ്ങാൻ ശ്രമിച്ചു. ഉറക്കത്തിലേക്കു വഴുതി  വീണു കൊണ്ടിരുന്നു. ഏയ്... പിറകിൽ നിന്നാരോ വിളിച്ചു. ആദ്യമായി അവളെ കണ്ടു. ഒരു പുഞ്ചിരിയോടെ പതുക്കെ തന്റെ അരികിലേക്ക് നടന്നു വന്നു. വിടർന്ന കണ്ണുകളോടെ അവൾ കുറെ നേരം എന്റെ മുഖത്തേക്കു നോക്കി നിന്നു. ആ സുഗന്ധം വീണ്ടു എന്നെ മൂടി. പിന്നെ അവൾ എന്നെ കടന്നു പോയി. പതുക്കെ അപ്രത്യക്ഷമായി. ഞാൻ ഞെട്ടി ഉണർന്നു. ക്ലോക്കിൽ മണി മൂന്നടിച്ചു. ആ സുഗന്ധം മുറിയിലാകെ പരന്നിരുന്നു. 

രാവിലെ പതിവുപോലെ ഓഫീസിലേക്ക്. ആ സാമിപ്യം പിന്നെ ഉണ്ടായില്ല. അവളുടെ വേർപാട് എന്നെ വേട്ടയാടിയിരുന്നു. ദിവസങ്ങൾ കടന്നു പോയി. മനസിന്റെ ഒരു കോണിൽ അവൾ മായാതെ നിന്നു. ഓഫീസിൽ നിന്നു പതിവുപോലെ വീട്ടിലേക്ക്‌. ഏയ്.. അവളുടെ നേർത്ത ശബ്ദം. വീണ്ടും ആ സുഗന്ധം എന്നെ പൊതിഞ്ഞു. ഇത്തവണ അവളുടെ ശ്വാസ നിശ്വാസങ്ങൾ എന്റെ കഴുത്തിൽ സ്പർശിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെത്തി. ആ സുഗന്ധം ഇല്ലാതായിരുന്നു. ഭക്ഷണം കഴിച്ചു പതിവുപോലെ ഉറങ്ങാൻ കിടന്നു. അകലെ നിന്നു അവൾ വരുന്നത് ഞാൻ കണ്ടു. എന്റെ അടുത്തേക്ക് അവൾ എത്തി. ഇന്നെനിക്കു കാണണമെന്ന് തോന്നി. അതാണ് വന്നത്. വിടർന്ന കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. സുഗന്ധം വീണ്ടും എന്നെ ആലിംഗനം ചെയ്തു. പുഞ്ചിരിച്ചു കൊണ്ട് അവൾ കടന്നു പോയി. ഞാൻ ഉണർന്നു. ക്ലോക്കിൽ മണി മൂന്നടിച്ചു. മുറിയിൽ ആ സുഗന്ധം പരന്നിരുന്നു. വിരസമായ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. മനസ്സിൽ ഒരു വിങ്ങലായി അവൾ ഇരുന്നു. 

ഒരു അവധി ദിവസം. വണ്ടിയെടുത്തു വെറുതെ പുറത്തിറങ്ങി. ഏയ്... അവളുടെ ശബ്ദം. ആ സുഗന്ധം വീണ്ടും എന്നെ തേടിയെത്തി. അവളുടെ കരസ്പർശം ഞാനറിഞ്ഞു. ആ ചുണ്ടുകൾ എന്റെ കഴുത്തിൽ അമർന്നിരുന്നു. ബൈക്കിന്റെ നിയന്ത്രണം എന്റെ കൈയ്യിൽ അല്ലായിരുന്നു എന്ന് ഞാനറിഞ്ഞു. വീട്ടിലെത്തി ആഹാരം കഴിച്ചെന്നു വരുത്തി കിടക്കയിലേക്ക് വീണു. ഉറങ്ങാൻ ശ്രമിച്ചു. അവൾ നടന്നു വരുന്നത് കണ്ടു. എന്റെ അടുത്ത് വന്നു കുറെ നേരം എന്റെ കണ്ണുകളിലേക്കു നോക്കി നിന്നു. അവളുടെ സുഗന്ധം എന്നിലേക്ക്‌ പ്രവഹിച്ചു കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു. പിന്നെ മുന്നോട്ടാഞ്ഞു എന്റെ കവിളിൽ അമർത്തി ചുംബിച്ചു. എന്റെ കണ്ണുകളിലേക്കു നോക്കി വിതുമ്പലോടെ അവൾ പറഞ്ഞു. ഞാൻ പോകുകയാണ് ട്ടോ... ഇനി കാണില്ല. അൽപനേരം കൂടി എന്നെ നോക്കി നിന്നു. പിന്നെ എന്റെ കവിളിൽ തലോടി അവൾ കടന്നു പോയി. ദൂരേക്ക്.. ഒരു ബിന്ദുവായി അവൾ അപ്രത്യക്ഷയായി. ഞാൻ ഞെട്ടി ഉണർന്നു. ക്ലോക്കിൽ മണി മൂന്ന് എന്നറിയിച്ചു. ആ സുഗന്ധം മുറിയിൽ ഇല്ലായിരുന്നു. ഒരു മുജ്ജന്മ ബന്ധം പോലെ എന്റെ സമീപത്തേക്കു വന്ന ആ പെൺകുട്ടി ആരാണ്? അവൾ ഇനി എന്റെ മനസിൽ മാത്രമായി അവശേഷിക്കും എന്ന സത്യം എനിക്ക് മനസിലായി. തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റു അകത്തേക്ക് കയറി... ആശ്വസിപ്പിക്കാനെന്ന പോലെ...

Content Summary: Malayalam Short Story ' Manjupole ' written by Sathyan Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com