ADVERTISEMENT

അനോഘായിലെ പകൽ (കഥ)

ഹോട്ടൽ അനോഘാ ഇന്റർ നാഷണലിന്റെ റിസപ്ഷൻ കൗണ്ടറിന് നേരെ മുകളിലായിരുന്നു മാനേജറുടെ മുറി. അതിന്റെ ചില്ല് വാതിൽ തള്ളിത്തുറന്നു കൊണ്ട് അകത്ത് കടന്ന അറ്റൻഡർ ദേവേന്ദ്ര തെല്ല് പരിഭ്രമത്തോടെ പറഞ്ഞു "മാഡം, ഇന്ന് പുലർച്ചെ  നൂറ്റി ഇരുപത്തിയാറാം നമ്പർ റൂം വെക്കേറ്റ് ചെയ്തു പോയ ആ പുരുഷൻ വന്നിരിക്കുന്നു." ദേവേന്ദ്ര, മാനേജറുടെ മുഖത്ത് നിന്ന് ദൃഷ്ടിയെടുക്കാതെ നിൽക്കുകയാണ്. തന്റെ പ്രതികരണം ഹിതകരമാവില്ല എന്ന മുൻ ധാരണ അവനുണ്ടെന്ന്  വെളിപ്പെടുത്തുന്നതായിരുന്നു അവന്റെ നോട്ടം. സത്യത്തിൽ, അപ്പോൾ മാനേജർ ദീപികാ ഗുപ്ത എന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കു സ്വർഗ്ഗത്തിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞ രാത്രിയിൽ ആഡംബര കാറിൽ ഒരു സുന്ദരി പെണ്ണുമായി എത്തി റൂം അടച്ച് കൂടിയ അയാൾ പുലർച്ചെ അവളോടൊപ്പം റൂം വെക്കേറ്റ് ചെയ്തു പോയിരുന്നതാണ്. അയാളുടെയും അവളുടെയും വരവും താമസവും  ഭാര്യാ-ഭർത്താക്കന്മാർ എന്ന ഭാവത്തിലായിരുന്നു. ഏതോ ഒരാൾ ഓൺലൈനായിട്ടാണ് റൂം ബുക്ക് ചെയ്തിരുന്നത്. അതിൽ ഹസ്ബന്റ് ആന്റ് വൈഫ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആ പുരുഷനും സ്ത്രീയും എത്തിയ സമയം താൻ സ്ഥലത്തില്ലായിരുന്നുവെന്ന കാര്യം ദീപികയ്ക്ക് ഓർമ്മ വന്നു. ഹോട്ടൽ ജീവനക്കാരെല്ലാം അവരെ ഭാര്യാ-ഭർത്താക്കന്മാരായി കണ്ട് തന്നെയാണ് പരിചരിച്ചത്. രാവിലെ മടങ്ങുന്നത് വരെ തന്റേയും ധാരണ അത് തന്നെയായിരുന്നു. റൂം വെക്കേറ്റ് ചെയ്യാൻ വന്ന സമയം നേരിൽ കണ്ടപ്പോൾ  ഞെട്ടിപ്പോയി. ആ ഞെട്ടൽ തനിക്ക് മാത്രമായിരുന്നില്ല, അയാൾക്കുമുണ്ടായിരുന്നു എന്ന് അപ്പോഴത്തെ അയാളുടെ പെരുമാറ്റം വെളിപ്പെടുത്തിയിരുന്നു. പെട്ടെന്ന് സ്ഥലം വിടണമെന്ന ചിന്ത അയാളിൽ പ്രബലപ്പെട്ടിരുന്നു. ബാക്കി തുക ദേവേന്ദ്രയോട് എടുത്തു കൊള്ളാൻ പറഞ്ഞിട്ട് അയാൾ  തിടുക്കത്തിൽ റൂം വിട്ടു  പോകുകയായിരുന്നു. ഇപ്പോൾ തിരിച്ചു വരേണ്ട ആവശ്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും ദീപികാ ഗുപ്തക്ക് ഒട്ടും  പിടികിട്ടിയില്ല.

വിരല് കുത്താൻ സ്ഥലം നൽകിയ ഇടത്ത്, അയാൾ ഉരല് വെച്ചത് പോലെയായെന്ന്  ദീപികയ്ക്ക് തോന്നി. അങ്ങനെ ചിന്തിച്ചപ്പോൾ താൻ ഇരിക്കുന്ന വില പിടിപ്പുളള കസേര നഷ്ട സ്വപ്നങ്ങളുടെ ഇരിപ്പിടമായി അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി. കെട്ടടങ്ങി കഴിഞ്ഞിരുന്ന, മനസ്സിലെ കനൽ അയാൾ ഇന്ന് വീണ്ടും ഊതിത്തെളിയിച്ചിരിക്കുന്നു. അറിഞ്ഞോ, അറിയാതെയോ തന്നെ തീ തീറ്റിക്കുകയാണയാൾ. ഈ തിരിച്ചറിവിൽ അവളുടെ മനസ്സ് ചുറ്റിത്തിരിഞ്ഞു. ദീപികാ ഗുപ്ത, തന്റെ മുഖത്ത് വ്യാപിച്ചിരുന്ന ഗതകാല യാഥാർഥ്യങ്ങളുടെ കറുത്ത പ്രതലം വെളുപ്പിച്ച് വെടുപ്പാക്കാൻ പാടുപെട്ട് കൊണ്ട്, ശിരസ്സുയർത്തി ദേവേന്ദ്രയെ നോക്കി. അവന്റെ മുഖത്ത് ഹിതകരമല്ലാത്ത ചില ധാരണകൾ രൂപപ്പെടുന്നുണ്ടോ എന്ന് അവൾ സന്ദേഹിച്ചു. ദീപികാ ഗുപ്ത, ആകാംക്ഷയോടെ ദേവേന്ദ്രയോട് ചോദിച്ചു "അയാൾ എന്തിനാണ് ഇപ്പോൾ വന്നത്?" നിസ്സഹായനായിരുന്ന ദേവേന്ദ്ര  പറഞ്ഞു "അതറിയില്ല മാഡം." "എന്നാൽ നീ പോയി അയാളോട് കാര്യം തിരക്ക്." അവൻ ചില്ല് വാതിൽ തുറക്കാൻ തിരിയവേ അവൾ കൂട്ടിച്ചേർത്തു "ഹോട്ടലിൽ ഒരു രാത്രി ചിലവിട്ട കസ്റ്റമർ ആയിരുന്നു എന്ന് കരുതി തോന്നുമ്പോൾ വന്ന് മാനേജരെ കാണാനാവില്ല. ഇനി റൂമിന് വേണ്ടിയാണെങ്കിൽ റിസപ്ഷനിൽ ഇപ്പോൾ  ആളുണ്ടല്ലോ, അവിടെ ബന്ധപ്പെടാൻ പറഞ്ഞാൽ മതി. ഇങ്ങോട്ട് കടത്തിവിടേണ്ടതില്ല. അന്വേഷിച്ചിട്ട് നീ വേഗം വന്ന് എനിക്ക് റിപ്ലേ തരിക. എന്നിട്ട് കാണാൻ അനുമതി നൽകണമോ വേണ്ടയോ എന്ന് പറയാം." ദീപികാ ഗുപ്തക്ക് മറ്റ് പറയത്തക്ക തിരക്കുകൾ ഒന്നുമില്ലാതിരുന്നെങ്കിലും തിരക്ക് ഉള്ളതായി ഭാവിച്ച്, ചില പേപ്പറുകൾ പരിശോധിച്ചു കൊണ്ടായിരുന്നു അവളുടെ നിർദ്ദേശം. ദേവേന്ദ്ര, വിലകൂടിയ ഗ്രാനൈറ്റ് വിരിച്ച താഴേക്കുള്ള പടികളിൽ തീരെ ശബ്ദമുണ്ടാക്കാതെ കാലമർത്തി കടന്നു പോയപ്പോൾ ദീപികാ ഗുപ്ത ചിന്തിക്കുകയായിരുന്നു. ചിലപ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മിപ്പിച്ച് തന്റെ മനസ്സിനെ ആകാവുന്നത്ര തപിപ്പിക്കുവാനാവും അയാളുടെ തിരിച്ചു വരവ്. ചിലർ, ഒഴുകി കടലിൽ പതിച്ചാലും മതിവരാത്ത നദി പോലെയാണ്, തിരിച്ചൊഴുകി ഉത്‌ഭവസ്ഥാനത്തെത്താൻ വെമ്പുന്നുണ്ടാവും. അസാദ്ധ്യമാണെന്നറിയുമ്പോഴും സാധിച്ചെടുക്കാൻ ഒരു ശ്രമം നടത്തും.

ഏതാനും നിമിഷങ്ങൾക്കകം ദേവേന്ദ്ര വീണ്ടും പടികൾ കയറി വന്നു. അവൻ തന്നിൽ നിന്ന് എതിർപ്പ് ഉയരരുതെന്ന വിധം പതിച്ചു പറഞ്ഞു "അയാൾക്ക് മാഡത്തിനോട് എന്തോ പേഴ്സണലായി സംസാരിക്കണമെന്ന്..." അത് കേട്ടപ്പോൾ ദീപികാ ഗുപ്തയുടെ ഭാവം പെട്ടെന്ന് മാറി മറിഞ്ഞു. അവളിൽ ദേഷ്യം നുരഞ്ഞുയരാൻ തുടങ്ങിയിരുന്നു. അവൾ ശബ്ദമുയർത്തി ചോദിച്ചു "കാര്യം വെളിപ്പെടുത്താൻ നിനക്ക് ആവശ്യപ്പെട്ട് കൂടായിരുന്നോ?" മാഡം തന്നെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നതിൽ ദേവേന്ദ്രക്കും നീരസം തോന്നി. അവൻ വിശദീകരിച്ചു "ഞാനത് പറഞ്ഞപ്പോൾ, നീ പോടാ പുല്ലെ.... ഞാനത് നിന്റെ ബോസുമായി നേരിട്ട് പറഞ്ഞു കൊള്ളാം എന്ന് പറഞ്ഞു കൊണ്ടയാൾ എന്നോട് തട്ടിക്കയറുകയായിരുന്നു മാഡം." താഴത്തെയും മുകളിലത്തെയും നിലകൾക്കിടയിൽ തങ്ങി നിൽക്കുന്ന ധൂമകേതുവിനെ പോലെ നിന്ന ദേവേന്ദ്രയുടെ മുഖം മ്ലാനമായി തീരുന്നത് ദീപികാ ഗുപ്ത കണ്ടു. സാധാരണ കസ്റ്റമേഴ്സിനോട് താനിങ്ങനെ ഇടപെട്ടു കാണാത്തതു കൊണ്ടാവും തന്റെ ഭാവമാറ്റത്തിൽ അവൻ അത്ഭുതം കൂറുന്നുമുണ്ട്. താനും അയാളും തമ്മിലുണ്ടായിരുന്ന, ഇഴപൊട്ടിയ ജീവിതത്തിന്റെ മോശത്തരം ദേവേന്ദ്രക്ക് അറിയില്ലല്ലോ? ആ ചതുരംഗക്കളിയിലെ ഒരു ഇരയായി ഇവനെ മാറ്റുന്നത് അനുചിതമാണെന്ന് ദീപികയ്ക്ക് തോന്നി. വളരെയധികം വിഷമിച്ചു നിൽക്കുന്ന ദേവേന്ദ്രയെ തെല്ല് ആശ്വസിപ്പിച്ചു കൊണ്ട് അവൾ ആരാഞ്ഞു "ദേവേന്ദ്രാ, അയാൾ ഒറ്റയ്ക്കാണോ, അതോ കൂടെ ആ പെണ്ണുമുണ്ടോ? " അത് കേട്ടപ്പോൾ അവന് ആശ്വാസം വന്നത് പോലെ തോന്നി. അവൻ പറഞ്ഞു "ഇല്ല മാഡം, ആ പെണ്ണില്ല ഇപ്പോൾ. അയാൾ ഒറ്റയ്ക്കാണ്. തന്റെ ഔദ്യോഗിക കാറിലാണ് അയാൾ വന്നിരിക്കുന്നത്. ഡ്രൈവറുണ്ട്." കാലവർഷം കനപ്പെടുകയാണെന്ന് ദീപികയ്ക്ക് തോന്നി. ഇനി അത് ഒരു നദി കലങ്ങി മറിഞ്ഞ് ഒഴുകുന്നത് പോലെ, കരകളെ നക്കിയെടുത്ത് കൊണ്ട്  കുത്തി ഒഴുകുമെന്ന് ഉറപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു "എന്നാൽ നീ പോയി അയാളോട് വരാൻ പറയൂ." എന്തായാലും അയാൾ വരട്ടെ. ചിലപ്പോൾ അയാൾക്ക് മുമ്പിൽ കീഴടങ്ങി തീരേണ്ടി വന്നേക്കാം. അങ്ങനെ വന്നാലും സാരമില്ല. പോംവഴികൾ അടയുമ്പോഴുള്ള ഒരേയൊരു വഴിയാണല്ലോ കീഴടങ്ങൽ.

ഭഗത് മേനോൻ ചുണ്ടിൽ, കൃത്രിമമായി ചമച്ചുണ്ടാക്കിയ ഒരു മന്ദഹാസത്തോടെയായിരുന്നു മാനേജരുടെ മുറിയിലേക്ക് പ്രവേശിച്ചത്. അയാളിൽ നിന്ന് എന്ത് തരം പെരുമാറ്റമാണ് ഉണ്ടാവുക എന്നത് വ്യക്തമല്ലാത്തതിനാൽ ദീപികാ ഗുപ്ത കൂടുതൽ നയമൊന്നും കാണിക്കാൻ  പോയില്ല. ഇരിക്കാൻ പോലും അവൾ അയാളോട്  പറഞ്ഞില്ല. എങ്കിലും അയാൾ കസേരയിൽ അമർന്നിരിക്കവെ പറഞ്ഞു "മാനേജർ വലിയ ഗൗരവത്തിലാണെന്ന് തോന്നുന്നു." ദീപികാ ഗുപ്ത മറുപടിയൊന്നും കൊടുക്കാതെ അയാളെ വീക്ഷിച്ചപ്പോൾ അയാൾ തുടർന്നു "ഞാനിപ്പോൾ വന്നത് മാനേജറുടെ ചില തെറ്റിദ്ധാരണകൾ തിരുത്തുവാനാണ്." അയാളിൽ നിന്ന് നോട്ടമെടുക്കാതെ അവൾ ചോദിച്ചു "ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ട കാര്യങ്ങൾ ഇനി തിരുത്തിയിട്ട് എന്ത് കാര്യം?" അത് ഗൗനിക്കാതെ അയാൾ തുടർന്നു "എന്നോടൊപ്പം കഴിഞ്ഞ രാത്രിയിൽ റൂമിൽ ചിലവഴിച്ച പെണ്ണ് ആരാണെന്നാവും മാനേജർ ചിന്തിക്കുന്നത്, അല്ലേ?" അതറിയാൻ ഉള്ളാലെ ആഗ്രഹമുണ്ടായിരുന്ന അവൾ, കിട്ടിയ അവസരം പാഴാക്കാതെ പറഞ്ഞു "അത് നിങ്ങളുടെ കാമുകിയായിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു." ഭഗത് വ്യംഗ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു "എന്നാൽ അൽപം കൂടി കറക്ടായി ഉറപ്പിച്ചോളൂ, അത് എന്റെ കാമുകിയല്ല. അനന്യ - ഞാൻ മാറി മാറി ഉപയോഗിക്കുന്ന എന്റെ ധാരാളം വെപ്പാട്ടികളിൽ ഒരാൾ മാത്രമാണെന്ന്...." അത് പറയുമ്പോൾ അവന്റെ മുഖത്ത് തികച്ചും ക്രൂരമായ ഒരു ഹുങ്ക് കാണപ്പെട്ടു. "ഭഗത്, താങ്കളിപ്പോൾ എന്റെ ഹൃദയത്തെ ആഴത്തിൽ കുത്തിക്കീറി കൊണ്ടാണ് ഇത് പറയുന്നത് എന്നെങ്കിലും ഓർക്കണം." ദീപികയുടെ ഹൃദയം വൃണിതമായിരുന്നു. അത് തിരിച്ചറിഞ്ഞിരുന്ന അവന്റെ പെരുമാറ്റം അതൊട്ടും കാര്യമാക്കാതെയായിരുന്നു "സ്വന്തം നാട് വിട്ട് ഈ മഹാ നഗരത്തിൽ പഠിക്കാനെത്തി, സ്വന്തം  മിടുക്ക് കൊണ്ട് നേതാവായി തീർന്ന്, നിന്നെ ഒപ്പം കൂട്ടി കൊണ്ടു നടക്കുമ്പോൾ ഞാൻ കേവലം ഒരു പാർട്ടി പ്രവർത്തകൻ മാത്രമായിരുന്നു എന്ന വസ്തുത നീ വിസ്മരിക്കരുത്. പിന്നെ ഞാൻ എം എൽ എ യായി. എന്റെ സാമർഥ്യം കൊണ്ട് ഇപ്പോൾ മന്ത്രിയുമായി..." അയാൾ തന്റെ വളർച്ചയുടെ ഘട്ടങ്ങൾ അവൾക്ക് മുമ്പിൽ ചുരുക്കി പറഞ്ഞിട്ട് പ്രതികരണമറിയാൻ അവളെ ശ്രദ്ധിച്ചു. ദീപികയുടെ പ്രതികരണം പെട്ടെന്നായിരുന്നു "അതെ. നിങ്ങൾ വലിയവനായപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു അനാവശ്യ വസ്തുവായി തീർന്നു എന്നതല്ലേ ശരി?" ശീതീകരിച്ചതും കമനീയമായി അലങ്കരിച്ചതുമായ മുറിയുടെ ചില്ല് വാതിൽ അടഞ്ഞു കിടക്കുകയായിരുന്നുവെങ്കിലും പുറത്താരും കേൾക്കരുത് എന്നതിനാൽ ശബ്ദം താഴ്ത്തിയായിരുന്നു അവളുടെ ചോദ്യം. "അതെ, അത് തന്നെയാണ് ശരി." ഭഗത് മേനോൻ പറഞ്ഞിട്ട് ഊറി ചിരിച്ചു. 

ദീപികാ ഗുപ്തയുടെ മനസ്സ് ഒരു ചിത്രപടലമായപ്പോൾ, അതിൽ ഭൂതകാലത്തിലെ ഓർമ്മച്ചിത്രങ്ങൾ പലതും കറുപ്പും വെളുപ്പും ചിത്രങ്ങളായി രൂപപ്പെട്ടു വരികയായിരുന്നു. മുംബൈയിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജിൽ മാനേജ്മെന്റ് ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയ ഇതര സംസ്ഥാനക്കാരിയും പരിഷ്ക്കാരമൊന്നും തൊട്ടു തീണ്ടാത്തവളുമായ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്ന താൻ. കേരളത്തിൽ നിന്ന് അവിടെ പഠനത്തിന് വന്ന, ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന യുവാവായിരുന്നു അന്ന് ഭഗത്. തന്നേക്കാൾ മൂന്ന് വയസ്സ് പ്രായക്കൂടുതലുള്ള സുന്ദരനായ ചെറുപ്പക്കാരൻ. അയാളുടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്കുള്ള പ്രയാണത്തിലെ ചവിട്ടുപടിയായിരുന്നു താൻ. അയാളുടെ എല്ലാ ഉയർച്ചയുടെയും തുടക്കം താനായിരുന്നു. തന്റെ എല്ലാ തകർച്ചയുടെയും കാരണം അയാളും. ഇംഗ്ലീഷിൽ വാചാലമായി സംസാരിക്കാനും പ്രസംഗിക്കാനും, വ്യക്തിത്വം കൊണ്ട് ആരെയും ആകർഷിക്കാനും കഴിവുണ്ടായിരുന്ന ഭഗത് എത്ര വേഗമാണ് ക്യാമ്പസ്സിലെ ഹീറോയായി തീർന്നത്..? നന്നായി പാടുകയും നൃത്തം ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന അവൻ വിദ്യാർഥികൾക്ക് മാത്രമായിരുന്നില്ല, അധ്യാപകർക്കും പ്രിയങ്കരനായിയിരുന്നു. രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലാതിരുന്ന തന്നെ അയാൾ നിർബന്ധിച്ചായിരുന്നു മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. അവൻ ചെയർമാൻ സ്ഥാനത്തും. തങ്ങളുടെ കോളേജ് യൂണിയൻ നിലവിൽ വന്ന ശേഷം ഭഗതുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട്  അന്നേ വരെ താൻ, സ്വയം കരുതിയുറപ്പിച്ചിരുന്ന നിയന്ത്രണങ്ങൾ പലതും ലംഘിക്കപ്പെടുകയായിരുന്നു. പലപ്പോഴും ഹോട്ടൽ മുറികളിൽ താൻ ഭഗതിന്റെ കാമവെറി സഹിക്കേണ്ടതായി വന്നു. അതിന് പങ്കിടൽ എന്ന് പേര് കൊടുക്കാമോ? ആനന്ദലബ്ധിയിൽ അതാണ് സ്വർഗ്ഗം എന്ന് താൻ ധരിച്ചു പോയിരുന്ന ദിവസങ്ങളായിരുന്നു അന്ന് പലതും. "കൺഗ്രാജുലേഷൻസ് ഭഗത് ആന്റ് ദീപികാ. ദീപികാ ഒരു അമ്മയാവുകയാണ്." കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ദിവസങ്ങൾ ശേഷിക്കെ, നഗരത്തിലെ പ്രശസ്ത ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞ വാക്കുകൾ തന്നേ ഞെട്ടിച്ചിരുന്നു. അന്നത് ഭഗതിൽ നേരിയ ഭാവ വ്യതിയാനമേ വരുത്തിയുള്ളുവെന്നത് താനറിഞ്ഞു. "നമുക്ക് ഇപ്പോൾ കുട്ടികൾ വേണ്ട ദീപികേ, കുട്ടിയായാൽ പിന്നെ ലൈഫ് എൻജോയ്മെന്റ് നടക്കില്ല." ഹോസ്പിറ്റലിൽ നിന്ന് മടങ്ങവേ ഭഗത് പറഞ്ഞത് കേട്ട് ആദ്യം താൻ എതിർത്തെങ്കിലും വീട്ടുകാർക്ക് മുമ്പിൽ ഒറ്റപ്പെട്ടു പോകും എന്ന ഘട്ടത്തിൽ യോജിക്കേണ്ടി വരികയാണുണ്ടായത്. ഭഗതിന്റെ സുഹൃത്തായിരുന്ന മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥി ഡോ. നിർമ്മൽ ചാറ്റർജിയുടെ സഹായത്താൽ നടന്ന അബോർഷൻ തനിക്ക് പറ്റിയ രണ്ടാമത്തെ തെറ്റായിരുന്നു എന്ന്  തിരിച്ചറിഞ്ഞത് വൈകിയായിരുന്നു.

ഭഗതിന്റെ രാഷ്ട്രീയ വളർച്ചക്കനുസരിച്ച് അവന്റെ സമീപനങ്ങളിൽ വന്ന മാറ്റങ്ങൾ തന്നേ അമ്പരിപ്പിച്ചിരുന്നെങ്കിലും അവൻ തന്നേ പൂർണ്ണമായും തഴയുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഭഗത് തിരക്കുള്ള നേതാവായും എം എൽ എ യായും മാറിയപ്പോൾ തന്റെ മനസ്സ് അവന്റെ മാർഗ്ഗത്തിന് തടസ്സം നിന്നതുമില്ല. കണ്ണികൾ അറ്റുപോയ ബന്ധം വിളക്കി ചേർക്കാൻ താൻ ശ്രമിച്ചപ്പോഴൊക്കെ അവൻ അത് തന്ത്രപൂർവം അകത്തി കൊണ്ടേയിരുന്നു. ഇപ്പോൾ.... നിശബ്ദതയ്ക്ക് വിരാമിട്ടു കൊണ്ട് ഭഗത് മേനോൻ പറഞ്ഞു "നീയിപ്പോൾ ചിന്തിക്കുന്നത് നിന്നെ പലതും അനുസ്മരിപ്പിക്കാൻ ഞാൻ പിന്നേയും വന്നതിനെ കുറിച്ച് ആയിരിക്കും, അല്ലേ? സത്യത്തിൽ നീയാണ് ഈ ഹോട്ടലിന്റെ മാനേജർ എന്ന് എനിക്ക് അറിയില്ലായിരുന്നു. നിന്നെ പേടിച്ചിട്ടല്ല കേട്ടോ, മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നിൽ പുനർചിന്തകൾക്ക് അവസരമുണ്ടാക്കാതെ സ്ഥിരം പോകാറുള്ള ഹോട്ടലുകൾ തേടി പോയേനെ. ഒരു ചെയ്ഞ്ചിന് വേണ്ടിയായിരുന്നു ഇന്നലെ ഇവിടം തിരഞ്ഞെടുത്തത്." അവനത് വിശദീകരിച്ചപ്പോൾ ഭഗതിന്റെ ചിന്തകൾ എത്ര നിഷ്ഠൂരമായാണ് കടന്നു പോകുന്നതെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. "ഭഗത്ത്, എന്താണ് നിന്റെ ഉദ്ദേശം?" ദീപികാ ഗുപ്തയുടെ ഉയർന്ന് കേട്ട ശബ്ദം അവനെ ശരിക്കും അലോസരപ്പെടുത്തി കളഞ്ഞു. മുന്നിലകപ്പെട്ട ജീവിയെ കടന്നു പിടിക്കുന്ന സിംഹത്തെ പോലെ അവളുടെ കഴുത്തിൽ കടന്നു പിടിച്ച്, വിരലുകളാൽ അമർത്തി, പല്ലുകൾ ഞെരിച്ചു കൊണ്ട് അവൻ പറഞ്ഞു "ഞാനും നീയും തമ്മിലുണ്ടായിരുന്ന ബന്ധവും ഇന്നലെ ഇവിടെ നടന്നതുമൊക്കെ പുറമെ ആരെങ്കിലും അറിഞ്ഞാൽ നിന്നെ ഞാൻ..." ദീപികയുടെ കണ്ണുകൾ തള്ളിപ്പോയിരുന്നു. "ഓർത്തോ, അങ്ങനെന്തെങ്കിലും ഉണ്ടായാൽ നീ മാത്രമല്ല, നിന്റെ ഫോട്ടോ വെച്ച് കണ്ണീർ വാർക്കാൻ പോലും ഒരാളും ശേഷിച്ചിട്ടുണ്ടാവില്ല." അവൾ പിടഞ്ഞപ്പോഴായിരുന്നു അവൻ കൈകളെടുത്തത്. ചീറിയടിച്ച് പോകുന്നൊരു കാറ്റ് പോലെ ഭഗത് പടികൾ ചാടിയിറങ്ങി പോകുന്ന ശബ്ദം ഹോട്ടലിലാകെ പ്രകമ്പനമായി നിലകൊണ്ടു. ദീപികാ ഗുപ്ത തളർന്നവശയായി കസേരയിൽ ഇരിക്കവേ അവളുടെ ദൃഷ്ടിപഥത്തിന് ചുറ്റിലും ഒരു അധോലോകം വളർന്ന് അട്ടഹസിക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു. എല്ലാ സൃഷ്ടികളെയും കരാള ഹസ്തം വഴി അടക്കിയൊതുക്കി, നിയന്ത്രിച്ച്, നിലയ്ക്ക് നിർത്തിപ്പോകുന്നൊരു അധോലോകത്തിന്റെ അധിപതിയാണ് ഭഗത് മേനോൻ എന്ന സത്യം, ചില്ല് ജനാലയിലൂടെ പുറത്ത് പരന്ന് കാണപ്പെടുന്ന പകൽ വെളിച്ചം പോലെ അവൾ കണ്ടു.

Content Summary: Malayalam Short Story ' Anoghayile Pakal ' written by B. L. Pillai Kolichal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com